1955ൽ ആണ് ഫിദല്‍ കാസ്ട്രോയും ഏണെസ്റ്റോ ചെഗുവേരയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്യൂബന്‍ ഭരണാധികാരി ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ സമരം നയിച്ച് സ്വയം നാടുകടത്തപ്പെട്ട് മെക്സിക്കോയില്‍ എത്തിയതായിരുന്നു ഫിദല്‍. അക്കാലത്ത് അര്‍ജൻ്റീനയില്‍ നിന്നുള്ള ഒരു യുവ ഡോക്ടര്‍, ലാറ്റിനമേരിക്കയിലുടനീളം താന്‍ കണ്ട, മനുഷ്യരിലെ ദാരിദ്ര്യവും ഭരണകൂടത്തിൻ്റെയും ജന്മിത്വത്തിൻ്റെയും ചൂഷണവും നല്കിയ അസ്വസ്ഥതകളുമായി അലഞ്ഞു തിരിയുകയായിരുന്നു.
ഫിദലിൻ്റെ ഇളയ സഹോദരന് റൗള്‍ കാസ്ട്രോയായിരുന്നു ഉള്ളില്‍ വിപ്ലവ ബോധത്തിൻ്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉറങ്ങുന്ന ഈ രണ്ട് മനുഷ്യരെ കൂട്ടിമുട്ടിച്ചത്. ചരിത്രപരമായ ഒരു ദൗത്യമായിരുന്നു അന്ന് റൗള്‍ ചെയ്തത് – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്ട്രോയുടെ ജീവചരിത്ര പരമ്പരയുടെ എട്ടാം ഭാഗം
ചെ ഗുവേരയും ഫിദലും, സൗഹൃദത്തിൻ്റെ സമര ഗോപുരങ്ങള്‍

എട്ട്
ചരിത്രത്തിൻ്റെ ഗതിമാറ്റിയ ചില സൗഹൃദങ്ങളുണ്ട്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ചില സൗഹൃദങ്ങള്‍. മാര്‍ക്സിനെയും എംഗല്‍സിനെയും പോലെ, അബ്രഹാം ലിങ്കനെയും വില്യം സ്യൂവാര്ഡിനെയും പോലെ, മഹാത്മാഗാന്ധിയെയും ടാഗോറിനെയും പോലെ അമൂല്യമായ ചില സൗഹൃദങ്ങള്‍. ആശയങ്ങളുടെ കൊടുങ്കാറ്റില്‍ പരസ്പരം താങ്ങായി മാറി, ഒടുവില്‍ ലോകത്തിൻ്റെ തന്നെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിപ്പണിത അത്തരം സൗഹൃദങ്ങളില്‍ ഏറ്റവും തിളക്കമുള്ള ഒന്നാണ് ഫിദല്‍ കാസ്ട്രോയുടെയും എണെസ്റ്റോ ചെ ഗുവേരയുടെയും ബന്ധം.
മെക്സിക്കോയിലെ തെരുവുകളില്‍ യാദൃശ്ചികമായി കണ്ടുമുട്ടിയ ആ രണ്ട് വിപ്ലവകാരികള്‍, ലോക ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഇതിഹാസത്തിന് തുടക്കമിടുകയായിരുന്നു. പ്രത്യയശാസ്ത്രപരമായ കടുപ്പമേറിയ വായനകളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അവരുടെ ബന്ധം. മനുഷ്യ സ്നേഹത്തിൻ്റേയും വിപ്ലവ സ്വപ്നങ്ങളുടെയും ചൂടറിഞ്ഞ, അഗ്നിതുല്യം പവിത്രമായ ഒരു കൂട്ട് കൂടലായിരുന്നു അത്.

1955ലെ ഒരു രാത്രി. മെക്സിക്കോ സിറ്റിയിലെ ഒരു ചെറിയ അപ്പാര്‍ട്ട്മെൻ്റാണ് രംഗം. അവിടെ വെച്ചാണ് ഫിദല്‍ കാസ്ട്രോയും ഏണെസ്റ്റോ ചെഗുവേരയും ആദ്യമായി കണ്ടുമുട്ടുന്നത്. ക്യൂബന്‍ ഭരണാധികാരി ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനെതിരെ സമരം നയിച്ച് സ്വയം നാടുകടത്തപ്പെട്ട് മെക്സിക്കോയില്‍ എത്തിയതായിരുന്നു ഫിദല്‍. അക്കാലത്ത് അര്‍ജൻ്റീനയില്‍ നിന്നുള്ള ഒരു യുവ ഡോക്ടര്‍, ലാറ്റിനമേരിക്കയിലുടനീളം താന്‍ കണ്ട, മനുഷ്യരിലെ ദാരിദ്ര്യവും ഭരണകൂടത്തിൻ്റെയും ജന്മിത്വത്തിൻ്റെയും ചൂഷണവും നല്കിയ അസ്വസ്ഥതകളുമായി അലഞ്ഞു തിരിയുകയായിരുന്നു.
ഫിദലിൻ്റെ ഇളയ സഹോദരന് റൗള്‍ കാസ്ട്രോയായിരുന്നു ഉള്ളില്‍ വിപ്ലവ ബോധത്തിൻ്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉറങ്ങുന്ന ഈ രണ്ട് മനുഷ്യരെ കൂട്ടിമുട്ടിച്ചത്. ചരിത്രപരമായ ഒരു ദൗത്യമാണ് റൗള്‍ ചെയ്തത്. രണ്ട് പേരും തമ്മിലുള്ള ആദ്യത്തെ സംഭാഷണം തന്നെ മണിക്കൂറുകളോളം നീണ്ടുനിന്നു. ലാറ്റിന്‍ അമേരിക്കയുടെ ദുരിത പൂര്‍ണ്ണമായ അവസ്ഥകളെക്കുറിച്ചും സാമ്രാജ്യത്വ ചൂഷണത്തെക്കുറിച്ചും ഇരുവര്‍ക്കും ഒരേ കാഴ്ചപ്പാടായിരുന്നു.

തൻ്റെ ദീര്‍ഘമായ മോട്ടോര്‍ സൈക്കിള്‍ യാത്രയുടെ അനുഭവങ്ങള്‍ ചെ പറഞ്ഞ് കൊണ്ടിരുന്നു. ഫിദലിൻ്റെ അടിയുറച്ച ആത്മവിശ്വാസവും ക്യൂബയെ മോചിപ്പിക്കാനുള്ള ദൃഢനിശ്ചയവും ചെയെ അഗാധമായി സ്വാധീനിച്ചു. ആ രാത്രി അവസാനിച്ചപ്പോഴേക്കും, ആ അര്ജൻ്റീനക്കാരന് ഡോക്ടര്‍ ഫിദലിൻ്റെ ഗ്രാന്മ കപ്പലില്‍ ക്യൂബയിലേക്ക് യാത്ര തിരിക്കുന്ന വിപ്ലവ സൈന്യത്തിലെ ഒരംഗമായി മാറിക്കഴിഞ്ഞിരുന്നു.
1956 ഡിസംബറില്‍ ക്യൂബന്‍ തീരത്തിറങ്ങിയ വിപ്ലവകാരികള്‍ സിയറ മാസ്ട്ര മലനിരകളില്‍ അനുഭവിച്ച ദുസ്സഹമായ ജീവിതം ഫിദലിൻ്റെയും ചെ യുടെയും സൗഹൃദത്തിൻ്റെ ആഴം കൂട്ടിയ പരീക്ഷണ ഘട്ടമായിരുന്നു. വിശപ്പും രോഗങ്ങളും തോല്‍പ്പിക്കാന്‍ ശ്രമിച്ച ആ നാളുകളില്‍ പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്ന ഒരു ഡോക്ടറായും തോക്കുയര്‍ത്തി പൊരുതുന്ന ഒരു പോരാളിയായും ചെ, ഫിദലിൻ്റെ വലംകൈയായി മാറി. ചെ യുടെ ഈ അര്‍പ്പണബോധം കണ്ട് ഫിദല്‍ അദ്ദേഹത്തെ തൻ്റെ സൈന്യത്തിലെ ആദ്യത്തെ കമാന്‍ഡറായി പ്രഖ്യാപിച്ചു.

സിയറ മാസ്ട്രയിലെ വരണ്ടുണങ്ങിയ പാറക്കൂട്ടങ്ങളില്‍ വെച്ചാണ് ക്യൂബന്‍ വിപ്ലവത്തിൻ്റെ യഥാര്‍ത്ഥമായ വിജയഗാഥ രചിക്കപ്പെട്ടത്. 1959ല്‍ ബാറ്റിസ്റ്റ ഭരണകൂടത്തെ പുറത്താക്കിക്കൊണ്ട് ക്യൂബന്‍ വിപ്ലവം വിജയം വരിച്ചപ്പോള്‍, ഫിദലും ചെ യും പുതിയൊരു രാജ്യത്തിൻ്റെ ചുമതല ഏറ്റെടുത്തു. നാഷണല്‍ ബാങ്ക് പ്രസിഡൻ്റായും വ്യവസായ മന്ത്രിയായും ചെ പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ക്യൂബയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാന്‍ ഇരുവരും കഠിനാധ്വാനം ചെയ്തു.
ഫിദലും ചെയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം നിലനിന്നത് അവരുടെ ആശയപരമായ ഐക്യത്തിലായിരുന്നു. ഫിദലിൻ്റെയും ചെഗുവേരയുടെയും സൗഹൃദത്തിൻ്റെ അടിത്തറ വ്യക്തിപരമായ താല്പ്പര്യങ്ങളായിരുന്നില്ല. ചൂഷിതരായ ജനതയ്ക്കു വേണ്ടിയുള്ള വിപ്ലവം തുടിച്ച് നില്ക്കുന്ന ആശയങ്ങളായിരുന്നു ആ ബന്ധത്തിൻ്റെ ആഴവും സൗന്ദര്യവും. ഫിദല്‍ ഒരു മികച്ച തന്ത്രജ്ഞനും ക്യൂബന്‍ ദേശീയ വിപ്ലവത്തിൻ്റെ മുന്‍നിര പോരാളിയുമായിരുന്നപ്പോള്, ചെ സോഷ്യലിസത്തിലും മാര്‍ക്സിസ്റ്റ് ചിന്തകളിലും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ്കാരനായിരുന്നു.

ചെ യിലൂടെയാണ് ഫിദല്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായി വളരുന്നതെങ്കിലും ഫിദലിൻ്റെ രാഷ്ട്രീയ തന്ത്രജ്ഞതയെയും സോഷ്യലിസ്റ്റ് ബോധത്തെയും ചെ എന്നും ആരാധിച്ചിരുന്നു. ഫിദല്‍ കാസ്ട്രോ ഒരു രാഷ്ട്രീയ തന്ത്രജ്ഞനും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു. എന്നാല്‍ ചെഗുവേരയാകട്ടെ ഒതുങ്ങി നില്ക്കാന് ഇഷ്ടപ്പെടാത്ത, എപ്പോഴും ലോകത്തിൻ്റെ ഏതോ കോണില്‍ വിപ്ലവത്തിൻ്റെ തീപ്പന്തവുമേന്തി നടക്കാന്‍ ആഗ്രഹിച്ച ഒരു കാല്പനികനായ വിപ്ലവകാരിയായിരുന്നു.
അഭിപ്രായ വ്യത്യാസങ്ങളുണ്ടായ ഘട്ടങ്ങളില്‍ പോലും അവര്‍ തമ്മിലുള്ള പരസ്പര ബഹുമാനം ഒരിക്കലും കുറഞ്ഞില്ല. തങ്ങളുടെ വ്യക്തിപരമായ സ്വപ്നങ്ങളേക്കാള് വലുതാണ് തങ്ങള്‍ ലക്ഷ്യമിടുന്ന ജനതയുടെ സ്വാതന്ത്ര്യമെന്ന് ഇരുവരും തിരിച്ചറിഞ്ഞിരുന്നു. ക്യൂബന്‍ വിജയം പൂര്‍ത്തിയായി അധികാരം കൈവന്നപ്പോഴും, തോഴനായ ചെഗുവേരയെ തൻ്റെ ആത്മാര്‍ത്ഥ സുഹൃത്തായി ഫിദല്‍ എന്നും ഹൃദയത്തില്‍ സൂക്ഷിച്ചു. ക്യൂബ വിട്ട് ആഫ്രിക്കയിലേക്കും ബൊളീവിയയിലേക്കും ചെഗുവേര പുതിയ വിപ്ലവ യാത്രകള്‍ നടത്തിയപ്പോഴും ഫിദലിൻ്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ക്യൂബന്‍ വിപ്ലവ വിജയം ഒരു രാജ്യത്തിൻ്റെ മാത്രം മോചനമല്ല, മറിച്ച് സാമ്രാജ്യത്വത്തിനെതിരെയുള്ള ലാറ്റിന്‍ അമേരിക്കയുടെ മുഴുവന്‍ മുന്നേറ്റത്തിൻ്റെ തുടക്കമാണെന്ന് ഇരുവരും ഉറച്ചു വിശ്വസിച്ചു. അധികാരമോ സുഖലോലുപതയോ അല്ല, ജനങ്ങളുടെ മോചനമായിരുന്നു രണ്ട് പേരുടെയും പ്രഥമ ലക്ഷ്യം. എന്നാല്‍ ഒരു രാജ്യത്തിൻ്റെ അതിരുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല ചെ യുടെ വിപ്ലവസ്വപ്നങ്ങള്‍. ലാറ്റിന്‍ അമേരിക്കയിലാകമാനം പടര്‍ന്നു പിടിച്ചിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാടാന്‍ അദ്ദേഹം വെമ്പല്‍ കൊണ്ടു.
വിപ്ലവ വിജയത്തിന് ശേഷം ക്യൂബയില്‍ ചില പ്രധാനപ്പെട്ട പദവികള്‍ വഹിച്ചെങ്കിലും, അധികാരത്തിൻ്റെ മോഹങ്ങളില്ലാതെ പുതിയ പോര്‍ക്കളങ്ങള്‍ തേടി പോകാന്‍ ചെ തയ്യാറായത് ഈ ആശയപരമായ സത്യസന്ധതയുടെ തെളിവാണ്. ഫിദല്‍ ഈ തീരുമാനത്തെ ഏറെ വേദനയോടെയാണെങ്കിലും മാനിച്ചു. ക്യൂബന്‍ ജനതയുടെ എക്കാലത്തെയും ആദരവുള്ള നായകനായിരിക്കുമ്പോഴും, ലോകത്തിൻ്റെ മറ്റ് കോണുകളിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ചെ ക്യൂബ വിട്ടു പുറത്തിറങ്ങി.

ആഫ്രിക്കയിലും തുടര്‍ന്ന് ബൊളീവിയന്‍ വനങ്ങളിലും ചെ നടത്തിയ വിപ്ലവ ശ്രമങ്ങള്‍ക്ക് ഫിദലിൻ്റെയും ക്യൂബയുടെയും നിശബ്ദമായ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. 1967ല്‍ ബൊളീവിയയിലെ വനാന്തരങ്ങളില്‍ വെച്ച് ചെ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഫിദലിനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തു കളഞ്ഞു. ചെഗുവേരയുടെ വിയോഗം ഫിദലിനെ സംബന്ധിച്ചിടത്തോളം പരിഹാരമില്ലാത്ത ഒരു ആഘാതമായിരുന്നു. ചെഗുവേര കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഫിദല്‍ അനുഭവിച്ച വേദന ചരിത്രത്തിൻ്റെ ഭാഗമാണ്.
ക്യൂബന്‍ ജനതയോട് ഫിദല്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇരുവരുടെയും സൗഹൃദത്തിൻ്റെ ആഴം വിളിച്ചോതുന്നതായിരുന്നു. ക്യൂബയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ട് ഫിദല്‍ നടത്തിയ പ്രസംഗം ചരിത്രത്തില്‍ മായാത്ത ഒന്നാണ്. ചെഗുവേര മരണശേഷവും ഫിദലിൻ്റേയും ക്യൂബയുടെയും ഹൃദയങ്ങളില്‍ ജീവിച്ചു. അധികാരം വെടിഞ്ഞ് വിപ്ലവത്തിൻ്റെ വഴികളിലൂടെ മാത്രം സഞ്ചരിച്ച ചെഗുവേരയും, പുതിയൊരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ ഭരണാധികാരിയായി മാറിയ ഫിദലും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ ഒരിക്കലും മായാത്ത ഒരു വിപ്ലവ കാവ്യമായി ഇന്നും നിലനില്ക്കുന്നു.

ചെ ഗുവേരയുടെ ഭൗതിക ശരീരം വിട്ടുപിരിഞ്ഞെങ്കിലും, അദ്ദേഹത്തിൻ്റെ ആത്മാവും ചിന്തകളും ഫിദല്‍ കാസ്ട്രോയിലൂടെ ലോകമെമ്പാടുമുള്ള വിപ്ലവകാരികളില്‍ ജീവിച്ചു പോന്നു. ഫിദലിൻ്റെ ദീര്‍ഘവീക്ഷണവും ചെ യുടെ വിപ്ലവ ജ്വാലയും ചേര്‍ന്നപ്പോള്‍ അത് ലോക ചരിത്രത്തില്‍ പടുത്തുയര്‍ത്തിയത് തോല്‍പ്പിക്കാനാവാത്ത പ്രത്യാശയുടെ ഒരു സമര ഗോപുരത്തെയായിരുന്നു. കാലമെത്ര കഴിഞ്ഞാലും, സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കഥ പറയുന്നിടങ്ങളിലെല്ലാം ഫിദല്‍ കാസ്ട്രോയുടെയും ഏണസ്റ്റോ ചെ ഗുവേരയുടെയും പേരുകള്‍ അനശ്വരമായി നിലനില്ക്കും







