എങ്ങനെയാണ് തൊഴിലാളി വർഗബോധം രൂപപ്പെടുന്നതെന്നും അതിന് നേതൃത്വമുണ്ടാകുന്നതെന്നും ജനസമാന്യത്തിൻ്റെ നേതാവായി ഉയരുന്നതെന്നും, തൊഴിലാളി വർഗരാഷ്ട്രീയത്തേയും ജാതിവിരുദ്ധ സമരത്തേയും എങ്ങനെ ചേർത്ത് പോരാടാമെന്നും പഠിപ്പിക്കുന്ന ഒരുജ്ജ്വല പാഠമാണ് ആലപ്പുഴയുടെ തൊഴിലാളി വർഗ ചരിത്രം. തൊഴിലാളി വർഗം ആശയപരമായ് മാത്രമല്ല, കായികമായും ചൂഷിതരുടെ വിപ്ലവത്തിന്ന് നേതൃത്വം നൽകിയ ഇന്ത്യയുടെ സമരേതിഹാസമാണ് പുന്നപ്ര വയലാർ.
പുന്നപ്ര വയലാർ; ഇന്ത്യൻ രക്തരൂക്ഷിത വിപ്ലവം

വർഗസമരത്തെ തൊഴിലാളി വർഗം ദേശീയ പ്രസ്ഥാനത്തോട് കണ്ണി ചേർത്ത രക്തചരിത്രമാണ് പുന്നപ്ര വയലാർ സമരം. ഉയർന്ന രാഷ്ട്രീയ ബോധവും ത്യാഗ സന്നദ്ധതയും കൊണ്ട് ഇന്നാട്ടിലെ തൊഴിലാളികളും കർഷകരും കൂലിപ്പണിക്കാരും കേരളത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പടുത്തുയർത്തിയ ഉജ്വല കഥയുടെ തുടക്കം.
അധികാരത്തിൻ്റെ യന്ത്രത്തോക്കുകളെ, ചെറ്റക്കുടിലിൻ്റെ വാരി വലിച്ചൂരി കുന്തമാക്കി നേരിട്ട ആ വീരചരിത്രത്തിന് 80 വർഷങ്ങൾ തികയുകയാണ്. കേരളത്തിൻ്റെ ആ ഒക്ടോബർ വിപ്ലവത്തിന് പറയാനുള്ളതും രക്തരൂക്ഷിതമായ പോരാട്ട കഥയാണ്.

ആലപ്പുഴ വിജനമായ ഒരു ചതുപ്പ് നിലമായിരുന്നു. കയർ വ്യവസായവും ഡച്ച് പിന്മാറ്റത്തിനു ശേഷം തുറമുഖ നഗരത്തിലേക്കുള്ള വളർച്ചയും ആലപ്പുഴയിൽ പുത്തൻകൂറ്റ് മുതലാളിമാരെയുണ്ടാക്കി. തൊഴിലാളികളെ ആകർഷിക്കാനും അനുസരണയും അച്ചടക്കവുമുള്ളവരാക്കി പണിയെടുപ്പിക്കാനും സരോപദേശക സ്വഭാവത്തിൽ ഈ മുതലാളിമാർ തന്നെ യൂണിയനുകളുണ്ടാക്കി.
അധികം വൈകാതെ തന്നെ പുത്തൻ മുതലാളിമാരുടെ ചൂഷണ സ്വഭാവം പുത്തനായിരുന്ന തൊഴിലാളികളും തിരിച്ചറിഞ്ഞു.
യൂണിയനെ ഭയക്കാതെ അവർ തൊഴിലവകാശ സമരങ്ങൾക്ക് തുടക്കമിട്ടു. തൊഴിലാളികൾ തന്നെ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു. വൈക്കത്തു നിന്ന് തൊഴിലാളിയായി ആലപ്പുഴയിലെത്തിയ പി കൃഷ്ണപിള്ള അങ്ങനെ നേതാവായി. സംഘടനയുണ്ടായി. തൊഴിൽ ചൂഷണത്തോടെന്ന പോലെ ജന്മിമാരുടെ ജാതി ചൂഷണത്തോടും കൃഷ്ണപിള്ളയുടെ സംഘടനയിലെ മനുഷ്യർ ജീവൻകൊടുത്തു പോരാടിക്കൊണ്ടിരുന്നു. വർഗ സമരം മുളപൊട്ടി.

വർഷം 1946. ദിവാൻ ഭരണമവസാനിപ്പിച്ച് ഉത്തരവാദിത്വഭരണം വേണമെന്നാവശ്യപ്പെട്ട് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന സമരത്തെ ഒത്തുതീർപ്പാക്കുന്നതിൽ ദിവാൻ വിജയിച്ചിരുന്നു. 1946ൽ വീണ്ടും ഈ ആവശ്യമുയർന്നപ്പോൾ പ്രസിഡൻഷ്യൽ മോഡൽ ഭരണമെന്ന ആശയം ദിവാൻ മുന്നോട്ടു വച്ചു. കോൺഗ്രസിലെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിന് ഇത് പരീക്ഷിക്കാം എന്ന അഭിപ്രായമായിരുന്നു. രാജ്യം സ്വതന്ത്ര്യത്തിൻ്റെ പുലരിയിലേക്ക് നീങ്ങുന്ന വേളയിൽ ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപ്പെട്ട് സ്വതന്ത്ര തിരുവിതാംകൂർ സ്ഥാപിക്കുകയായിരുന്നു ദിവാൻ്റെ യഥാർത്ഥ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ ഒരു യുവനിര തീരുമാനത്തെ എതിർത്തു. കമ്യൂണിസ്റ്റ് പാർട്ടി അർത്ഥശങ്കകൾക്ക് ഇടയില്ലാതെ പ്രഖ്യാപിച്ചു
‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’
ദിവാനെതിരായി സമരപ്രഖ്യാപനമുണ്ടായി. വിപ്ലവ റഷ്യയിലെ സോവിയറ്റുകളെപ്പോലെ ആലപ്പുഴയിലെ 54 വാർഡുകളിലായി രൂപീകരിക്കപ്പെട്ട ട്രേഡ് കൗൺസിലുകളുണ്ടായി. സമര വോളൻ്റിയർമാരുടെ ക്യാമ്പുകളുമുണ്ടായി. ജന്മിമാരും ഗുണ്ടകളും പൊലീസും ചേർന്ന് തൊഴിലാളികൾക്കും യൂണിയൻ പ്രവർത്തകർക്കും എതിരെ നടത്തിയിരുന്ന ക്രൂര അതിക്രമങ്ങളിൽനിന്ന് രക്ഷനേടാൻ ഈ അടിസ്ഥാന വർഗ മനുഷ്യർ ഒരുമിച്ച് താമിസിച്ച് തുടങ്ങിയിരുന്നു. ഈ ക്യമ്പുകൾ തന്നെയാണ് സമരക്യാമ്പുകളായി മാറിയതെന്നും മറ്റൊരു ചരിത്രം.

സമരം തടയാൻ ദിവാനും പണി തുടങ്ങി. പട്ടാള നിയമം പ്രഖ്യാപിക്കപ്പെട്ടു. ആകാശത്ത് നിന്ന് അറിയിപ്പ് വന്നു. മാരകായുധങ്ങൾ കൊണ്ടുനടക്കരുത്, കൂട്ടംകൂടരുത്, പ്രസംഗവും പ്രകടനവും നടത്തരുത് – ഉത്തരവിൻ്റെ പകർപ്പുകൾ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പറന്നു നടന്നു. ഒക്ടോബർ 22ന് പണിമുടക്ക് ആരംഭിച്ചു, 23നും പണിമുടക്ക് തുടർന്നു.
ഒക്ടോബർ 24, തുലാം 7
പുന്നപ്രയിലെ പുതിയതായി ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിട്ട് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചിരുന്നു. മൂന്ന് ജാഥകളായി പതിനായിരത്തോളം തൊഴിലാളികൾ ഉച്ചയോടെ പൊലീസ്ക്യാമ്പ് വളഞ്ഞു. ഇൻസ്പെക്ടർ വേലായുധൻ നാടാരുമായി സമര നേതാക്കളായ പി.കെ. ചന്ദ്രാനന്ദനും എ.ആർ. ശ്രീധരനും വാഗ്വാദത്തിലേർപ്പെടുന്നതിനിടെ ആദ്യ വെടിയൊച്ച പൊട്ടി. സമരക്കാർ വാരിക്കുന്തം കൊണ്ട് പൊലീസിനെ ആക്രമിച്ചു. വെടിയുണ്ട തീർന്നപ്പോൾ പൊലീസ് വീടിനുള്ളിലേക്കു പിൻവാങ്ങി. പുതിയ തിര നിറച്ച് ജനാലകൾ വഴി പൊലീസ് സമരക്കാർക്കു നേരെ വെടിയുതിർത്തു. കുന്തംകൊണ്ട് വീടിനുള്ളിൽ മറഞ്ഞിരിക്കുന്നവരെ ആക്രമിക്കാനാകില്ലായെന്ന സ്ഥിതിയുണ്ടായപ്പോൾ കിട്ടിയ തോക്കുകളും പരിക്കേറ്റുകിടന്ന ഒട്ടേറെ പേരുമായി സമരയോദ്ധാക്കൾ പിൻവാങ്ങി.

വെടിയുണ്ടകളും ബയണറ്റുകളും കൊണ്ട് ചീറ്റിയ 35 ഓളം രക്തസാക്ഷികളുടെ രക്തം പുന്നപ്രയുടെ ചൊരിമണലിൽ തളംകെട്ടി.
ഇൻസ്പെക്ടർ വേലായുധൻ നാടാർ അടക്കം മൂന്നു പൊലീസുകാർ വെട്ടും കുത്തുമേറ്റു മരിച്ചു. രാത്രിയോടെ പൊലീസ് ക്യാമ്പിലെത്തിയ ദിവാൻ്റെ പട്ടാളം മരിക്കാതെ ബാക്കിയായിരുന്നവരെ തോക്കിൻ്റെ പാത്തികൊണ്ട് അടിച്ചുകൊന്നു. പിറ്റേന്ന് ശവശരീരങ്ങൾ വലിയചുടുകാട്ടിൽ കൊണ്ടുപോയി കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. അടുത്ത ദിവസങ്ങളിൽ കാട്ടൂർ, മാരാരിക്കുളം രക്തസാക്ഷികളെയും ഇവിടെകൊണ്ടിട്ടാണ് ദഹിപ്പിച്ചത്.
ഒക്ടോബർ 25ന് മാരാരിക്കുളത്ത് നടന്ന പട്ടാള ആക്രമണത്തിൽ 15ഓളം സമരഭടന്മാർ രക്തസാക്ഷികളായി. ഒളതലയിലും മേനാശേരിയിലും നടന്ന ആക്രമണത്തിൽ നൂറ്റൻപതോളം സമരഭടന്മാർ കൊല്ലപ്പെട്ടെന്നാണു കണക്കുകൾ. ഏറ്റവും കൂടുതൽ സമര സേനാനികൾക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നത് വയലാറ്റിലായിരുന്നു. ഒക്ടോബർ 27ന് വയലാറിലെ തൊഴിലാളി ക്യാമ്പുകൾ ലക്ഷ്യമാക്കി കായലിലൂടെ അവരെത്തി. ബോട്ടുകളിൽ നിന്ന് നാനൂറോളം പേർ കരക്കിറങ്ങി.
റൈഫിളുകൾക്ക് പകരം യന്ത്രത്തോക്കുകളായിരുന്നു വയലാറ്റിൽ പ്രയോഗിച്ചത്. അതിനെ വാരിക്കുന്തവും ഇരുമ്പുവടികളും വെട്ടുകത്തിയും കയ്യിൽ കിട്ടിയതെല്ലാം ആയുധമാക്കി തൊഴിലാളികൾ നേരിട്ടു. ബുള്ളറ്റുകൾകൊണ്ട് തീരാതെ പരിക്കേറ്റുകിടന്നവരെ വീണ്ടും വെടിവച്ചും ബയണറ്റ് ചാർജ് ചെയ്തും മർദിച്ചും കൊലപ്പെടുത്തി. അടുത്ത ദിവസം തിരിച്ചെത്തി മൃതദേഹങ്ങൾ രണ്ട് കുളങ്ങളിലേക്ക് വലിച്ചെറിഞ്ഞു. കുളം മൃതദേഹം കൊണ്ട് കൂമ്പാരമായി. മണ്ണിട്ടുമൂടി. അതൊരു കുന്നായി. 180-നും 250-നും അടുത്ത് സമരഭടന്മാർ രക്തസാക്ഷികളായി. 600 വരെ മരണ സംഖ്യ പറയപ്പെടുന്നുണ്ട്.

ഇന്നും അടിമ-തൊഴിലാളി വർഗത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി ജീവൻ ത്യജിച്ച പുന്നപ്ര-വയലാർ-മാരാരിക്കുളം രക്ത സാക്ഷികളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ശേഷം തൊഴിലാളി ക്യാമ്പുകൾ പിരിച്ചുവിട്ടു. നേതാക്കൾ അറസ്റ്റുചെയ്യപ്പെട്ടു. ഏറെപ്പേർ ഒളിവിൽപ്പോയി. ബാക്കിയുള്ളവർ വേട്ടയാടപ്പെട്ടു. പുന്നപ്ര-വയലാർ സമരം ഒരാഴ്ചകൊണ്ട് അടിച്ചമർത്തപ്പെട്ടു. സമരം പിൻവലിക്കപ്പെട്ടു. പിന്നാലെ പട്ടാള ഭരണവും.
ശേഷമെന്തുണ്ടായി? ഭീകരമായ അടിച്ചമർത്തലിൽ നിന്നും കൂട്ടക്കുരുതിയിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അരനൂറ്റാണ്ട് കാലത്തേക്കെങ്കിലും ഉയിർത്തെഴുന്നേൽക്കില്ലെന്ന് എതിരാളികൾ കരുതി. സമരപോരാട്ടത്തിൻ്റെ ഒന്നാം വാർഷികത്തിൽ 1947 ഒക്ടോബർ 23ന് രണ്ട് പ്രകടനങ്ങൾ ആലപ്പുഴ നഗരമധ്യത്തിൽ, കിടങ്ങാംപറമ്പിൽ സംഗമിച്ചു. 50000 പേരുടെ പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. പുന്നപ്രയിലും വയലാറിലും തങ്ങൾക്കായി മരിച്ചവർക്കു വേണ്ടി അവിടെ കൂടിയവർ തൊണ്ടപൊട്ടി മുദ്രാവാക്യങ്ങൾ വിളിച്ച് അഭിവാദ്യങ്ങളർപ്പിച്ചു.

പുന്നപ്ര വയലാർ രക്സാക്ഷികളും പോരാളികളും ജീവരക്തം കൊടുത്ത് ചവിട്ടിയുറപ്പിച്ച മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നു.
ഭയവും ശങ്കകളുമുപേക്ഷിച്ച് ജനങ്ങൾ കൂടുതൽ കൂടുതൽ കമ്യൂണിസ്റ്റായി. ഒപ്പം മലബാറിലെ കാർഷിക കലാപങ്ങളും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ ദേശീയ പ്രസ്ഥാന നേതൃത്വങ്ങളിലേക്കുയർത്തി. 10 വർഷങ്ങൾക്കിപ്പുറം കേരളത്തിൽ പി കൃഷ്ണപിള്ളയുടെ പാർട്ടി സർക്കാരുണ്ടാക്കി. കമ്യൂണിസ്റ്റ് കേരളമുണ്ടായി.
എങ്ങനെയാണ് തൊഴിലാളി വർഗബോധം രൂപപ്പെടുന്നതെന്നും അതിന് നേതൃത്വമുണ്ടാകുന്നതെന്നും ജനസമാന്യത്തിൻ്റെ നേതാവായി ഉയരുന്നതെന്നും, തൊഴിലാളി വർഗരാഷ്ട്രീയത്തേയും ജാതിവിരുദ്ധ സമരത്തേയും എങ്ങനെ ചേർത്ത് പോരാടാമെന്നും പഠിപ്പിക്കുന്ന ഒരുജ്ജ്വല പാഠമാണ് ആലപ്പുഴയുടെ തൊഴിലാളി വർഗ ചരിത്രം. തൊഴിലാളി വർഗം ആശയപരമായ് മാത്രമല്ല, കായികമായും ചൂഷിതരുടെ വിപ്ലവത്തിന്ന് നേതൃത്വം നൽകിയ ഇന്ത്യയുടെ സമരേതിഹാസമാണ് പുന്നപ്ര വയലാർ.







