പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഫിദല്‍ കാസ്‌ട്രോയുടെ നിലപാടുകള്‍ ഏറ്റവും ശ്രദ്ധേയമായത് പലസ്തീന്‍ വിഷയത്തിലായിരുന്നു. പലസ്തീന്‍ ജനതയുടെ മോചനത്തിനായി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഫിദല്‍ അറബ് ഭരണാധികാരികളോട് ആവശ്യപ്പെട്ട് കൊണ്ടിരുന്നു. പലസ്തീന്‍ ജനത നേരിടുന്ന ഇസ്രായേല്‍ അക്രമങ്ങളെയും അവയ്ക്ക് അമേരിക്ക നല്‍കുന്ന ഒത്താശകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിവിധ അന്തരാഷ്ട്ര വേദികളില്‍ ഫിദല്‍ സ്വതന്ത്ര പലസ്തീനായി ശബ്ദമുയര്‍ത്തി. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറാഫത്തും ഫിദലും തമ്മില്‍ നിലനിന്നത് ഗാഢമായ ഒരു സൗഹൃദ ബന്ധമായിരുന്നു. പലസ്തീന്‍ ജനത നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്നും അതിനെ പിന്തുണക്കേണ്ടത് സ്വാതന്ത്ര്യ ബോധമുള്ള മുഴുവന്‍ മനുഷ്യരുടെയും ബാധ്യതയാണെന്നും ഫിദല്‍ അഭിപ്രായപ്പെട്ടു – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ പതിനൊന്നാം ഭാഗം
ചെങ്കടല്‍ കടന്ന വിപ്ലവ സൗഹൃദം, ഫിദല്‍ കാസ്‌ട്രോയും പശ്ചിമേഷ്യയും

പതിനൊന്ന്
“സാമ്രാജ്യത്വം ലോകത്തെ എത്രയൊക്കെ കീഴടക്കാന്‍ ശ്രമിച്ചാലും, സ്വാതന്ത്ര്യത്തിനായി പോരാടുന്ന ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ അവര്‍ക്ക് തോല്‍ക്കേണ്ടി വരും” – ഫിദല്‍ കാസ്‌ട്രോ
ക്യൂബന്‍ വിപ്ലവത്തിൻ്റെ അമരക്കാരനായ ഫിദല്‍ കാസ്‌ട്രോ വെറുമൊരു ലാറ്റിനമേരിക്കന്‍ നേതാവായിരുന്നില്ല. അങ്ങനെയൊരു പ്രതിച്ഛായ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല. ലാറ്റിനമേരിക്ക നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ വംശീയമായോ പ്രാദേശികമായോ ചുരുക്കിക്കാണാന്‍ കഴിയില്ല. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരുടെയും രാജ്യങ്ങളുടെയും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഒരു ലോകനേതാവായി അദ്ദേഹം മാറിയിരുന്നു.
ലോകത്തെവിടെയുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ആഗോള പ്രതീകമായിരുന്നു അദ്ദേഹം. കരീബിയന്‍ കടലിലെ ചെറിയൊരു ദ്വീപില്‍ ഒതുങ്ങി നിന്നില്ല, അദ്ദേഹത്തിൻ്റെ വിപ്ലവ കാഴ്ചപ്പാടുകള്‍. ലോകത്തിൻ്റെ ഏത് കോണില്‍ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായാലും അവിടെയൊക്കെയും വിപ്ലവകരമായ ഐക്യദാര്‍ഢ്യവുമായി ഫിദല്‍ എത്തിച്ചേര്‍ന്നു. അതില്‍ ഏറ്റവും സവിശേഷമായ ഒന്നായിരുന്നു പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായും അറബ് ലോകവുമായുമുള്ള ക്യൂബയുടെ ബന്ധം.

അമേരിക്കന്‍ സാമ്രാജ്യത്വത്തിൻ്റെ തന്ത്രപ്രധാനമായ മേല്‍ക്കോയ്മ നിലനില്‍ക്കുന്ന പശ്ചിമേഷ്യയില്‍, ഫിദല്‍ കാസ്‌ട്രോ കെട്ടിപ്പടുത്ത രാഷ്ട്രീയ സൗഹൃദങ്ങള്‍ ചരിത്രത്തില്‍ ശ്രദ്ധേയമായതാണ്. രാഷ്ട്രീയ നയതന്ത്രത്തിൻ്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന ബന്ധമായിരുന്നു ഫിദലും പശ്ചിമേഷ്യന്‍ നാടുകളുമായി നിലനിന്നത്.
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെയും അവിടത്തെ ഭരണകൂടങ്ങളെയും പതിറ്റാണ്ടുകളായി നിയന്ത്രിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളാണ്. അമേരിക്ക ഒരിക്കലും അറബ് രാഷ്ട്രങ്ങളെ തങ്ങളുടെ സുഹൃത്തുക്കളായി കണ്ടിട്ടില്ലായിരുന്നു. വംശീയമായ ഒരകല്‍ച്ച അമേരിക്ക എല്ലാകാലത്തും അറബ് ജനതയോട് പ്രകടിപ്പിച്ചിട്ടുണ്ട്. ചങ്ങാത്തതിൻ്റെ ഒരു മാന്യതയും ഈ രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക നല്‍കിയിട്ടില്ല. ഇന്നും അത് തന്നെയാണ് തുടരുന്നത്. എണ്ണ സമ്പന്നമായ ഈ മേഖലയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി ചൂഷണം ചെയ്യുക എന്നതായിരുന്നു വാഷിംഗ്ടണിൻ്റെ നയം.

പശ്ചിമേഷ്യന്‍ ഭരണാധികാരികളില്‍ ഭൂരിഭാഗവും അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ കീഴടങ്ങിയപ്പോള്‍, ഫിദല്‍ കാസ്‌ട്രോ അതിനെതിരെ ശക്തമായ നിലപാടെടുത്തു. ഒരു ജനതയുടെ സ്വതന്ത്രമായ അഭിലാഷങ്ങളെ അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് ബലി കൊടുക്കുന്നത് പോലെയായിരുന്നു ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങള്‍ പെരുമാറിയിരുന്നത്. പശ്ചിമേഷ്യയിലെ ജനങ്ങളെ അടിമകളാക്കാനും അവിടുത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാനുമുള്ള അമേരിക്കന്‍ ശ്രമങ്ങളെ ഫിദല്‍ നിരന്തരം തുറന്നു കാട്ടിക്കൊണ്ടിരിക്കുന്നു. പശ്ചിമേഷ്യയിലെ ജനങ്ങള്‍ അമേരിക്കന്‍ വിധേയത്വത്തിൻ്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഫിദല്‍ കാസ്‌ട്രോയുടെ നിലപാടുകള്‍ ഏറ്റവും ശ്രദ്ധേയമായത് പലസ്തീന്‍ വിഷയത്തിലായിരുന്നു. പലസ്തീന്‍ ജനതയുടെ മോചനത്തിനായി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഫിദല്‍ അറബ് ഭരണാധികാരികളോട് ആവശ്യപ്പെട്ട് കൊണ്ടിരുന്നു. പലസ്തീന്‍ ജനത നേരിടുന്ന ഇസ്രായേല്‍ അക്രമങ്ങളെയും അവയ്ക്ക് അമേരിക്ക നല്‍കുന്ന ഒത്താശകളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിവിധ അന്തരാഷ്ട്ര വേദികളില്‍ ഫിദല്‍ സ്വതന്ത്ര പലസ്തീനീനായി ശബ്ദമുയര്‍ത്തി.

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറാഫത്തും ഫിദലും തമ്മില്‍ നിലനിന്നത് ഗാഢമായ ഒരു സൗഹൃദ ബന്ധമായിരുന്നു. പലസ്തീന്‍ ജനത നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്നും അതിനെ പിന്തുണക്കേണ്ടത് സ്വാതന്ത്ര്യ ബോധമുള്ള മുഴുവന്‍ മനുഷ്യരുടെയും ബാധ്യതയാണെന്നും ഫിദല്‍ അഭിപ്രായപ്പെട്ടു. പലസ്തീൻ്റെ പോരാട്ടത്തെ ഔദ്യോഗികമായി ക്യൂബ അംഗീകരിക്കുകയും ചെയ്തു.
ഐക്യ രാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും പലസ്തീൻ്റെ അവകാശങ്ങള്‍ക്കായി ക്യൂബ ശക്തമായ ശബ്ദമുയര്‍ത്തി. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ ഒരു രാജ്യത്തിൻ്റെ ഔദ്യോഗിക നയത്തിനപ്പുറം മനുഷ്യത്വപരമായ കടമയായിട്ടാണ് ഫിദല്‍ കണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടിയാലോചനകള്‍ക്കായി യാസര്‍ അറഫാത്ത് പശ്ചിമേഷ്യന്‍ രാഷ്ട്ര നേതാക്കളെക്കാള്‍ ഫിദലിനെ കാണാനും ചര്‍ച്ച ചെയ്യാനുമായാണ് പോയിരുന്നതെന്നത് അവര്‍ തമ്മില്‍ നിലനിന്ന ബന്ധത്തിൻ്റെയും വിശ്വാസ്യതയുടെയും അടയാളങ്ങളാണ്.
1979 ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം പശ്ചിമേഷ്യയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ ഫിദല്‍ വളരെ താല്പര്യത്തോടെയാണ് വീക്ഷിച്ചത്. ഷായുടെ ഏകാധിപത്യ ഭരണകൂടത്തെ പുറത്താക്കിക്കൊണ്ട് ഇറാനില്‍ അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ആ മുന്നേറ്റത്തിന് ക്യൂബ പിന്തുണ നല്‍കി. അമേരിക്കയുടെ ഉപരോധങ്ങളെയും സാമ്പത്തിക നിയന്ത്രണങ്ങളെയും അതിജീവിച്ച ഇറാനുമായി ക്യൂബ നല്ല നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചു. ചേരിചേരാ പ്രസ്ഥാനത്തിൻ്റെ വേദികളില്‍ വെച്ച് ഇറാനുമായി കൂടുതല്‍ അടുക്കാനും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ പങ്കിടാനും ഫിദലിന് കഴിഞ്ഞു. അമേരിക്കയുടെ ഒറ്റപ്പെടുത്തല്‍ നയങ്ങളെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ പരസ്പര പിന്തുണയുണ്ടായിരുന്നു.

ജി.സി.സി രാഷ്ട്രങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളോടുള്ള ഫിദല്‍ കാസ്‌ട്രോയുടെ സമീപനം നയതന്ത്രത്തോടൊപ്പം സാമ്പത്തിക സഹകരണങ്ങള്‍ക്ക് കൂടി മുന്‍ഗണന നല്‍കുന്നതായിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ അറബ് ഐക്യത്തെ പിന്തുണച്ച കാസ്‌ട്രോ, ജി.സി.സി രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ക്യൂബയുടേത് സൈദ്ധാന്തികമായി കമ്മ്യൂണിസ്റ്റ് ഭരണകൂടമായിരുന്നെങ്കിലും, ജി.സി.സി രാജ്യങ്ങളിലെ മുസ്ലിം രാജാക്കന്മാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങളുമായോ യാഥാസ്ഥിതിക സര്‍ക്കാരുമായോ സഹകരിക്കാന്‍ അതൊരു തടസമായിരുന്നില്ല.
രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനിര്‍ത്തുന്ന നയതന്ത്രങ്ങള്‍ പ്രത്യയശാസ്ത്രപരമായ സംഘര്‍ഷങ്ങളിലേക്ക് പോകാന്‍ ഫിദല്‍ അനുവദിച്ചിരുന്നില്ല. ഇടതുപക്ഷം എന്ന ആശയത്തിൻ്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന സമീപനമാണ് ഫിദല്‍ പുലര്‍ത്തിയിരുന്നത്. ആരാണ് ശത്രുക്കളെന്നും എന്തിനെയാണ് പരാജയപ്പെടുത്തേണ്ടതെന്നും ആരോടാണ് പോരാടേണ്ടതെന്നും നന്നായി അറിയുന്ന ഒരു താത്വികൻ്റെ ചുമതലകളും ഫിദല്‍ നിര്‍വഹിച്ചു. വിയോജിപ്പുകളുടെ മുന്‍ഗണനാ ക്രമം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. എല്ലാ അറബ് രാജ്യങ്ങളുമായും അന്താരാഷ്ട്ര വേദികളില്‍ പരസ്പര ബഹുമാനത്തോടെയുള്ള ബന്ധം ഫിദല്‍ പുലര്‍ത്തി.

1990ല്‍ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍, ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബ ശക്തമായ നിലപാടാണെടുത്തത്. ഇറാഖിൻ്റെ നടപടിയെയും കുവൈറ്റിൻ്റെ മേലുള്ള അധിനിവേശത്തെയും ക്യൂബ പരസ്യമായി അപലപിക്കുകയും കുവൈറ്റിൻ്റെ പരമാധികാരത്തെ പിന്തുണയ്ക്കുകയും ചെയ്തു. ജി.സി.സി രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ ക്യൂബയുടെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം വലിയ പങ്കുവഹിച്ചു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ക്യൂബന്‍ മെഡിക്കല്‍ സംഘങ്ങളെ അയക്കുന്നത് പരസ്പരമുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ഒരു ഉപാധിയായിരുന്നു.
സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചയ്ക്ക് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ക്യൂബയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളും സഹായങ്ങളും വലിയ കരുത്ത് പകര്‍ന്നു. ഫിദല്‍ പശ്ചിമേഷ്യയുമായി പുലര്‍ത്തിയ സൗഹാര്‍ദ്ദവും സഹകരണങ്ങളും ഈ ഘട്ടത്തില്‍ ക്യൂബയ്ക്ക് ജീവശ്വാസം പോലെ ഉപകാരപ്പെട്ടു. അമേരിക്കന്‍ ഉപരോധങ്ങളെയും ശീതയുദ്ധകാലത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങളെയും പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം ക്യൂബയ്ക്ക് ഒരു മുതല്‍ക്കൂട്ടായി മാറുകയായിരുന്നു.

ഫിദല്‍ കാസ്‌ട്രോ പശ്ചിമേഷ്യയുമായി പുലര്‍ത്തിയ ബന്ധം നയതന്ത്ര സൗഹൃദങ്ങള്‍ക്കപ്പുറം ആശയപരമായ വലിയൊരു മുന്നേറ്റം കൂടിയായിരുന്നു. സാമ്രാജ്യത്വത്തിൻ്റെ ഉരുക്കുമുട്ടലുകള്‍ക്കിടയിലും അറബ് ജനതയ്ക്ക് പ്രതീക്ഷയുടെ നേര്‍ത്ത വെളിച്ചം പകരാന്‍ ഫിദലിന് കഴിഞ്ഞു. സാമ്രാജ്യത്വം എത്ര കീഴടക്കാന്‍ ശ്രമിച്ചാലും ചേര്‍ന്നു നിന്നുള്ള പ്രക്ഷോഭം ഒരു ജനതയെ പരാജയപ്പെടുത്തില്ല എന്ന ഫിദലിൻ്റെ പ്രഖ്യാപനം പശ്ചിമേഷ്യന്‍ ജനതയോടുള്ള അദ്ദേഹത്തിൻ്റെ ആഹ്വാനം കൂടിയായിരുന്നു. ഇത് വെറുമൊരു വാക്കല്ലായിരുന്നു. ഫിദല്‍ കാസ്‌ട്രോ പശ്ചിമേഷ്യന്‍ ജനതയ്ക്ക് നല്‍കിയ ഉറപ്പായിരുന്നു അത്.
അറബ് ലോകത്തെ ജനങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിൻ്റെ അടിമത്തത്തില്‍ നിന്ന് മോചിതരാകണമെന്നും സ്വന്തം വിഭവങ്ങളുടെ അവകാശികള്‍ അവരാകണമെന്നും ഫിദല്‍ ആഗ്രഹിച്ചു. ആ ആഗ്രഹത്തിൻ്റെ പേരില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്രകളാണ് പതിപ്പിച്ചത്. വിപ്ലവത്തിൻ്റെ ചെങ്കടല്‍ കടന്നെത്തിയ ആ സൗഹൃദം പുതിയൊരു ചരിത്രഗാഥയെയായിരുന്നു രചിച്ചത്.







