ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി ആഗോള രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ചു. ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് ലോകത്തിലെ വന്‍ശക്തികളെ പോലും തങ്ങളുടെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ കഴിയുമെന്ന് ഈ പ്രതിസന്ധി തെളിയിച്ചു. ഈ സംഭവത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെ സ്വഭാവം തന്നെ മാറി. ഇരുരാജ്യങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനും ആണവായുധ നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കാനും തുടങ്ങി. ക്യൂബയാകട്ടെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ആഗോള പ്രതീകമായി മാറി – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ ഏഴാം ഭാഗം
ലോകരാഷ്ട്രീയത്തെ നിർണയിച്ച ക്യൂബൻ മിസൈൽ പ്രതിസന്ധി

ഏഴ്
1962 ഒക്ടോബര്‍ മാസം. ലോകചരിത്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന പതിമൂന്ന് ദിവസങ്ങളിലൂടെയാണ് ലോകം അന്ന് കടന്നുപോയത്. വിപ്ലവാനന്തരം ക്യൂബ സോവിയറ്റ് യൂണിയനുമായി ഗാഢമായ ഒരു സൗഹൃദം സ്ഥാപിച്ചിരുന്നു. അമേരിക്ക ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ ക്യൂബക്ക് അത് അനിവാര്യമായിരുന്നു. പക്ഷേ കൂനിന്മേല്‍ കുരുവെന്ന പോലെ അത് അമേരിക്കയെ കൂടുതല്‍ രോഷാകുലരാക്കി. രണ്ട് പക്ഷങ്ങളിലായി ലോകം ധ്രുവീകരിക്കപ്പെട്ട് നിന്ന നാളുകളായിരുന്നു അത്.
പരസ്പരം അതിജയിക്കാനായി അമേരിക്കയും സോവിയറ്റ് യൂണിയനും കിടമത്സരം നടത്തിക്കൊണ്ടിരുന്നു. ചെറുരാജ്യങ്ങളെ തങ്ങളുടെ ചേരിയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ രണ്ട് രാജ്യങ്ങളും ശ്രമിച്ചു. സോവിയറ്റ് യൂണിയനെ സംബന്ധിച്ചേടത്തോളം അമേരിക്കയുടെ തൊട്ട് ചാരെയായി കിടക്കുന്ന ക്യൂബയുമായുള്ള ബന്ധം തന്ത്രപ്രധാനമായിരുന്നു. ആ പശ്ചാത്തലത്തിലാണ് ക്യൂബയില്‍ സോവിയറ്റ് യൂണിയന്‍ രഹസ്യമായി ആണവ മിസൈലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്.

എന്നാല്‍ അമേരിക്കന്‍ നിരീക്ഷണ വിമാനങ്ങള്‍ അതിനുള്ള തെളിവുകള്‍ കണ്ടെത്തി. ഇത് അമേരിക്കയെ വിറപ്പിക്കാന്‍ പോന്നതായിരുന്നു. അമേരിക്കന്‍ തീരത്തുനിന്നു വെറും തൊണ്ണൂറ് മൈല്‍ മാത്രം അകലെ സോവിയറ്റ് ആണവ മിസൈലുകള്‍ എത്തുന്നത് അമേരിക്കയുടെ സുരക്ഷക്ക് ചരിത്രത്തിലില്ലാത്ത വിധം കനത്ത വെല്ലുവിളിയായി മാറി.
അമേരിക്ക തുര്‍ക്കിയിലും ഇറ്റലിയിലും സോവിയറ്റ് യൂണിയനെ ലക്ഷ്യമിട്ട് നേരത്തെ ആണവ മിസൈലുകള്‍ സ്ഥാപിച്ചിരുന്നു. ഇത് സോവിയറ്റ് യൂണിയനെ പ്രകോപിപ്പിച്ചു. ഇതിന് മറുപടിയായാണ് സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ക്യൂബയില്‍ രഹസ്യമായി ആണവ മിസൈലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. സംഘര്‍ഷം കനത്തതോടെ അമേരിക്കന്‍ പ്രസിഡൻ്റ് ജോണ്‍ എഫ്. കെന്നഡി ക്യൂബക്ക് മേല്‍ നാവിക ഉപരോധം പ്രഖ്യാപിച്ചു.

സോവിയറ്റ് കപ്പലുകള്‍ ക്യൂബയിലേക്ക് മിസൈലുകളുമായി വരുന്നത് തടയാന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ കടലില്‍ നിലയുറപ്പിച്ചു. അമേരിക്കന്‍ കപ്പലുകളെ സോവിയറ്റ് കപ്പലുകള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ അത് നേരിട്ടുള്ള ഒരു ആണവ യുദ്ധത്തിന് തിരികൊളുത്തുന്ന ഒരു സാഹചര്യം ലോക രാഷ്ട്രീയത്തില്‍ സൃഷ്ടിക്കപ്പെട്ടു.
രണ്ട് കൂട്ടരും വിട്ടു വീഴ്ചക്ക് തയ്യാറാകാതെ ശാഠ്യതയോടെ നിന്നു. ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക്, അതും ആണവ യുദ്ധത്തിലേക്ക് ലോകത്തെ മുഴുവന്‍ തള്ളിയിടുന്ന വിധം രൂക്ഷമായിരുന്നു ആ പ്രതിസന്ധി. സോവിയറ്റ് യൂണിയൻ്റെ നേതാവായ നികിത ക്രൂഷ്‌ചേവും അമേരിക്കന്‍ പ്രസിഡൻ്റും തമ്മിലുള്ള വാശിയേറിയ ആ പോരാട്ടം ഭൂമിയെ തന്നെ ഒരു സ്‌ഫോടനത്തിൻ്റെ വക്കിലെത്തിച്ചു. ലോകത്തിലെ കോടിക്കണക്കിന് മനുഷ്യര്‍ തങ്ങളുടെ അവസാന നിമിഷങ്ങളാണെന്ന് കരുതി ഭയന്നു വിറച്ചു നിന്ന കാലമായിരുന്നു അത്.

ഫിദല്‍ കാസ്‌ട്രോയുടെ നിലപാടുകളിലാണ് ലോകം അന്ന് പ്രതീക്ഷയര്‍പ്പിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫിദല്‍ കാസ്‌ട്രോയുടെ നിലപാടുകള്‍ അതീവ നിര്‍ണ്ണായകമായിരുന്നു. ക്യൂബയുടെ മേല്‍ അമേരിക്ക എപ്പോള്‍ വേണമെങ്കിലും ഒരു സമ്പൂര്‍ണ്ണ സൈനികാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കാസ്‌ട്രോ വളരെ മുന്നേ തന്നെ മനസ്സിലാക്കിയിരുന്നു. തൻ്റെ രാജ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നു. അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു നയതന്ത്രമാണ് ഫിദല്‍ ആഗ്രഹിച്ചിരുന്നത്. അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ അടിയറവ് പറയാന്‍ ഫിദല്‍ തയ്യാറായില്ല. തൻ്റെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തിൻ്റെ പരമാധികാരത്തിനും വേണ്ടി ജീവന്‍ ത്യജിക്കാനും തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അമേരിക്ക തങ്ങളെ ആക്രമിക്കുകയാണെങ്കില്‍ ക്യൂബയില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കണമെന്ന് കാസ്‌ട്രോ സോവിയറ്റ് നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. അമേരിക്കന്‍ സാമ്രാജ്യത്വത്തിൻ്റെ കടന്നുകയറ്റത്തെ തടയാന്‍ ഇത് മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നീട് ഏറെ പ്രസിദ്ധമായി മാറിയ ഒരു കത്ത് ഫിദല്‍ സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവിന് അയച്ചു.
അമേരിക്ക ക്യൂബയെ ആക്രമിച്ചാല്‍ സോവിയറ്റ് യൂണിയന്‍ ആദ്യമായി അമേരിക്കക്കെതിരെ ആണവാക്രമണം നടത്തണം എന്നായിരുന്നു ആ കത്തിൻ്റെ സാരം. ലോകത്തിൻ്റെ സമാധാനത്തെക്കുറിച്ച് ലോക നേതാക്കള്‍ അദ്ദേഹത്തോട് ആശങ്കയറിയിച്ചപ്പോള്‍ ക്യൂബയുടെ സംരക്ഷണവും സ്വാസ്ഥ്യവും ബലി കൊടുത്ത് കൊണ്ടുള്ള ഒരു ലോക സമാധാനത്തില്‍ താന്‍ വിശ്വസിക്കുന്നില്ല എന്ന നിലപാടാണ് ഫിദല്‍ പുലര്‍ത്തിയത്. ക്യൂബയെ ആക്രമിക്കാനോ ആക്രമിക്കാതിരിക്കാനോ പറ്റാത്ത ഒരു പ്രതിസന്ധി ഇത് അമേരിക്കക്ക് മുന്നിലുണ്ടാക്കി. ക്യൂബയെന്ന ഒരു കൊച്ച് രാജ്യത്തിന് മുന്നില്‍ ഗത്യന്തരമില്ലാതെ വഴങ്ങിക്കൊടുക്കുന്നത് അമേരിക്കയെ സംബന്ധിച്ചേടത്തോളം അചിന്ത്യമായ ഒരു കാര്യമായിരുന്നു.

ഫിദല്‍ കാസ്‌ട്രോയുടെ ഉറച്ച നിലപാട് സോവിയറ്റ് യൂണിയനെയും ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. പരസ്പരമുള്ള ആക്രമണത്തേക്കാള്‍ പ്രതിരോധത്തിലാണ് അന്ന് വരെ അമേരിക്കയും സോവിയറ്റ് യൂണിയനും ശ്രദ്ധ ചെലുത്തിയിരുന്നത്. പരസ്പരം വിശ്വാസമില്ലാത്ത ഒരു പ്രശ്‌നമായിരുന്നു ലോക ശക്തികള്‍ക്ക് മുന്നിലുണ്ടായിരുന്നത്. എതിരാളി തങ്ങളേക്കാള്‍ മുകളിലാകാതെ നോക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നത്.
ഇതിനിടയിലാണ് തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കയെ ക്യൂബന്‍ മണ്ണില്‍ നിന്ന് തിരിച്ചാക്രമിക്കാന്‍ ക്യൂബ സോവിയറ്റ് യൂണിയനിന്മേല്‍ നിര്‍ബന്ധം ചെലുത്തുന്നത്. വാസ്തവത്തില്‍ അമേരിക്കയെ അങ്ങോട്ട് കയറി ആക്രമിക്കുക എന്നത് സോവിയറ്റ് യൂണിയൻ്റെ അജണ്ടയിലുണ്ടായിരുന്നില്ല. ക്യൂബ മുന്നോട്ട് വെച്ച ശക്തമായ ഈ നിലപാടാണ് സോവിയറ്റ് യൂണിയനെ ഒരു വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. ക്യൂബയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ എങ്ങനെ പെരുമാറുമെന്ന് നിശ്ചയമില്ലാതെ അമേരിക്കയും ആശങ്കയിലായിരുന്നു. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ സോവിയറ്റ് യൂണിയനും ഏറെ ആഗ്രഹിച്ചിരുന്നു.

അമേരിക്കയും സോവിയറ്റ് യൂണിയനും രഹസ്യമായി നടത്തിയ നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്നാണ് ഒടുവില്‍ മിസൈല്‍ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടത്. ക്യൂബയില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ മിസൈലുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. പകരം ക്യൂബയെ അമേരിക്ക ആക്രമിക്കില്ലെന്നും തുര്‍ക്കിയില്‍ സ്ഥാപിച്ചിരുന്ന തങ്ങളുടെ മിസൈലുകള്‍ സോവിയറ്റ് യൂണിയന് നേരെ തിരിക്കില്ലെന്നും അമേരിക്ക സോവിയറ്റ് യൂണിയന് ഉറപ്പുനല്‍കി.
ലോകം ഒരു ആണവ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നതില്‍ സമാധാനിച്ചെങ്കിലും ഫിദല്‍ കാസ്‌ട്രോ ഈ തീരുമാനത്തില്‍ അതൃപ്തനായിരുന്നു. ക്യൂബയുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെ സോവിയറ്റ് യൂണിയന്‍ ഏകപക്ഷീയമായി മിസൈലുകള്‍ പിന്‍വലിച്ചത് ക്യൂബന്‍ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി അദ്ദേഹം കണ്ടു. എങ്കിലും പ്രതിസന്ധിഘട്ടങ്ങളില്‍ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ക്യൂബ ഒരു നിര്‍ണ്ണായക ശക്തിയായി വളര്‍ന്നു എന്നതിൻ്റെ തെളിവായിരുന്നു ഈ സംഭവം.

തങ്ങളെ അറിയിക്കാതെ സോവിയറ്റ് യൂണിയന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയതില്‍ ഫിദല്‍ കാസ്‌ട്രോ സോവിയറ്റ് യൂണിയനെതിരേ രൂക്ഷമായി പ്രതികരിച്ചെങ്കിലും ക്യൂബ സോഷ്യലിസ്റ്റ് ചേരിയില്‍ തന്നെ ഉറച്ചുനിന്നു. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി ആഗോള രാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ചു. ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് ലോകത്തിലെ വന്‍ശക്തികളെ പോലും തങ്ങളുടെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ കഴിയുമെന്ന് ഈ പ്രതിസന്ധി തെളിയിച്ചു. ഈ സംഭവത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിൻ്റെ സ്വഭാവം തന്നെ മാറി. ഇരുരാജ്യങ്ങളും നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനും ആണവായുധ നിയന്ത്രണത്തെക്കുറിച്ച് ചിന്തിക്കാനും തുടങ്ങി. ക്യൂബയാകട്ടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ആഗോള പ്രതീകമായി മാറി.
ലോകത്തെ വന്‍ശക്തികളല്ലാത്ത രാജ്യങ്ങള്‍ക്ക് ക്യൂബയുടെ നിലപാട് വലിയൊരു പാഠമായിരുന്നു. വന്‍ശക്തികളുടെ കിട മത്സരത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനത്തിൻ്റെ പരിമിതികള്‍ അവര്‍ക്ക് ബോധ്യമായി. വന്‍ശക്തികളുടെ ഈ ആധിപത്യ പ്രവണതയില്‍ നിന്ന് മാറിനില്‍ക്കാനും ഇരു ബ്ലോക്കുകളുടെയും ശീതയുദ്ധ രാഷ്ട്രീയത്തില്‍ കക്ഷിയാകാതിരിക്കാനും ചെറു രാജ്യങ്ങള്‍ കൂടുതല്‍ താല്‍പ്പര്യമെടുത്തു.

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ പ്രസക്തിയും ആവശ്യകതയും ഈ കാലഘട്ടത്തില്‍ വളരെയധികം വര്‍ദ്ധിച്ചു. ഭാവിയില്‍ ഇതുപോലെയുള്ള അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് വാഷിംഗ്ടണിനെയും മോസ്‌കോയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക ആശയവിനിമയ സംവിധാനമായ ഹോട്ട്‌ലൈന്‍ പോലും നിലവില്‍ വന്നത്. ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ എപ്പോഴും തലയുയര്‍ത്തിയാണ് നിന്നത്. ഓരോ ചെറിയ രാജ്യങ്ങള്‍ക്കും സ്വന്തം അസ്തിത്വമുണ്ടെന്നും അത് വളരെ പ്രധാനപ്പെട്ടതാണെന്നും ചെറിയ രാജ്യങ്ങള്‍ക്ക് സ്വയം വിശ്വസിക്കാന്‍ ഫിദല്‍ കാസ്‌ട്രോ ഒരു കാരണമായി.
ലോകത്തെ അനേകം രാജ്യങ്ങളുടെ നേതാക്കള്‍ ഫിദല്‍ കാസ്‌ട്രോയുമായി ഒരു സൗഹൃദം ആഗ്രഹിച്ചു. പലരും സ്വന്തം പ്രതിസന്ധികള്‍ക്ക് പരിഹാരം ആരായുന്ന നല്ലൊരു സുഹൃത്തായി ഫിദലിനെ കരുതി. ഓരോ ഭരണാധികാരിയും ഫിദലില്‍ മാതൃക കണ്ടു. ഇങ്ങനെ കുറെയേറെ കാരണങ്ങള്‍ കൊണ്ട് ചെറിയൊരു രാജ്യത്തിന് വലിയ സാമ്രാജ്യത്വ ശക്തികളെ എങ്ങനെ ചെറുത്തു തോല്‍പ്പിക്കാം എന്നതിൻ്റെ ചരിത്രപാഠമായി 1962ലെ മിസൈല്‍ പ്രതിസന്ധിയും ക്യൂബ എന്ന രാജ്യവും ഫിദല്‍ കാസ്‌ട്രോ എന്ന ഭരണാധികാരിയും എന്നും സ്മരിക്കപ്പെടുന്നു.







