പ്ലായ ജിറോണ്‍ ആക്രമണത്തിന് തൊട്ടുമുമ്പാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ വിപ്ലവത്തിൻ്റെ സോഷ്യലിസ്റ്റ് സ്വഭാവം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആക്രമണത്തിലെ വിജയത്തിന് ശേഷം ഈ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ വേരോട്ടമുണ്ടായി. അമേരിക്കയുടെ മേധാവിത്വത്തിനേറ്റ ഈ തിരിച്ചടിയോടെ അമേരിക്കയുടെ പ്രതികാരവാഞ്ച പതിന്മടങ്ങ് ഇരട്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയെ പ്രതിരോധിക്കാന്‍ ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടത് ക്യൂബന്‍ ജനതയുടെ മനോവീര്യത്തെ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ക്യൂബന്‍ ദേശീയ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്ലായ ജിറോണ്‍ സംഭവം – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്ട്രോയുടെ ജീവചരിത്ര പരമ്പരയുടെ ആറാം ഭാഗം
പ്ലായ ജിറോണ്‍: സാമ്രാജ്യത്വത്തിനേറ്റ ആദ്യ തിരിച്ചടി

ആറ്
കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങിയ ആശയസംഹിതകളെ കടുത്ത എതിര്‍പ്പോടെ മാത്രം നോക്കിക്കണ്ടിരുന്ന വലതുപക്ഷ പാശ്ചാത്യന്‍ ശക്തികള്‍ക്ക് ക്യൂബ എന്ന രാഷ്ട്രത്തോട് അസഹിഷ്ണുത തോന്നിയത് സ്വഭാവികം മാത്രമായിരുന്നു. ലോകരാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഒരു കൊച്ച് ദ്വീപ് രാജ്യം വളരുന്നത് തടയുക എന്നത് സാമ്രാജ്യത്വ ശക്തികളുടെ ഒരാവശ്യമായി മാറി. അതിനായി പല വിധത്തിലുള്ള ആസൂത്രണങ്ങളും ഒരുങ്ങുകയായിരുന്നു.
അതിൻ്റെ ഭാഗമായാണ് 1961 ഏപ്രിലില്‍ പ്ലായ ജിറോണില്‍ ചില സംഭവങ്ങള്‍ അരങ്ങേറിയത്. ലാറ്റിനമേരിക്കയുടെ മണ്ണില്‍ സാമ്രാജ്യത്വ ശക്തികള്‍ക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായിരുന്നു അത്. ക്യൂബയുടെ തെക്കന്‍ തീരത്തുള്ള സിയാഗ റെപാത എന്ന ചതുപ്പുനില പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ചരിത്രപ്രധാനമായ കടല്‍ത്തീരമാണ് പ്ലായ ജിറോണ്‍ അഥവാ ബേ ഓഫ് പിഗ്‌സ്. ക്യൂബന്‍ വിപ്ലവത്തിൻ്റെ ഗതിയെത്തന്നെ മാറ്റിയെഴുതിയ ഒരു സംഭവമായാണ് പ്ലായ ജിറോണ്‍ നടപടികളെ ചരിത്രം നോക്കിക്കാണുന്നത്. ഫിദല്‍ കാസ്‌ട്രോയുടെ തന്ത്രപരമായ നീക്കങ്ങളുടെയും ജനകീയ പ്രതിരോധത്തിൻ്റെയും ഒരു സുവര്‍ണ്ണ അധ്യായം കൂടിയായിരുന്നു അത്.

1959ല്‍ ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവ സേന ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ക്യൂബയിലെ അമേരിക്കന്‍ കുത്തകകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും കൃഷിയിടങ്ങളും ദേശസാല്‍ക്കരിക്കപ്പെട്ടത് അമേരിക്കയെ പ്രകോപിപ്പിച്ചു. തങ്ങളുടെ മൂക്കിനു താഴെ ഒരു സോഷ്യലിസ്റ്റ് രാജ്യം വളരുന്നത് അമേരിക്കന്‍ ഭരണകൂടത്തിൻ്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.
ക്യൂബന്‍ വിപ്ലവത്തെ എങ്ങനെയെങ്കിലും തകര്‍ക്കുന്നതിനായി സാധ്യമാകുന്ന എല്ലാ വഴികളും അമേരിക്ക അന്വേഷിച്ച് തുടങ്ങി. സാമ്രാജ്യത്വ കൂട്ട് കക്ഷികളുടെ പിന്തുണയും ഇക്കാര്യത്തില്‍ അമേരിക്കക്ക് ലഭിച്ചിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, പടിഞ്ഞാറന്‍ ജര്‍മ്മനി തുടങ്ങിയ പ്രമുഖ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രാഷ്ട്രീയമായും നയപരമായും അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളെ പിന്തുണച്ചവരാണ്. തങ്ങളുടെ രാജ്യങ്ങളിലേക്കും വിപ്ലവ ചിന്തകള്‍ പടരുമെന്ന് ഭയന്ന അക്കാലത്തെ ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങള്‍ അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒപ്പമുണ്ടായിരുന്നു. ഫിദല്‍ കാസ്‌ട്രോയെയും ചെ ഗുവേരയെയും പോലുള്ളവരുടെ വിപ്ലവ മുന്നേറ്റങ്ങളെ ചെറുക്കാന്‍ ഈ രാജ്യങ്ങള്‍ അമേരിക്കയുമായി രഹസ്യമായും പരസ്യമായും സഹകരിച്ചു.

ഇതൊക്കെ രാഷ്ട്രീയമായി നടക്കുമ്പോള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ ക്യൂബയ്‌ക്കെതിരെ വലിയൊരു പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവരെയും കുറ്റവാളികളെയും ഫിദല്‍ കാസ്‌ട്രോയുടെ എതിരാളികളെയും സംഘടിപ്പിച്ച് ഒരു രഹസ്യ സൈന്യത്തിന് സി.ഐ.എ രൂപം നല്‍കി. അവര്‍ക്ക് രഹസ്യമായി പരിശീലനങ്ങളും നല്‍കി. ഫിദല്‍ കാസ്‌ട്രോയെ പോരാട്ടത്തിലൂടെ പരാജയപ്പെടുത്താനും ക്യൂബയെ പിടിച്ചടക്കാനും ലക്ഷ്യമിട്ടുള്ള ഒരു പ്രവര്‍ത്തനമായിരുന്നു ഇത്.
1961 ഏപ്രില്‍ 17ന് പുലര്‍ച്ചെ അമേരിക്കന്‍ പിന്തുണയോടെയുള്ള അക്രമി സംഘം ക്യൂബയുടെ തെക്കന്‍ തീരത്തുള്ള പ്ലായ ജിറോണ്‍ അഥവാ ബേ ഓഫ് പിഗ്‌സില്‍ കപ്പലുകളിലും വിമാനങ്ങളിലുമായി വന്നിറങ്ങി. ക്യൂബന്‍ വിപ്ലവ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വിപ്ലവത്തെ വിപ്ലവം കൊണ്ട് തകര്‍ക്കുക എന്നതായിരുന്നു അമേരിക്കയുടെ പദ്ധതി. ബ്രിഗേഡ് 2506 എന്നറിയപ്പെട്ട, ഏകദേശം 1500ഓളം വരുന്ന പരിശീലനം ലഭിച്ച സേനാംഗങ്ങളാണ് ക്യൂബയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. സോഷ്യലിസ്റ്റ് ക്യൂബയും ഫിദല്‍ കാസ്‌ട്രോയും ഇതോടെ ഇല്ലാതാകുമെന്ന് സാമ്രാജ്യത്വ ലോകം വിധിയെഴുതി.

സി.ഐ.എയുടെ കണക്കുകൂട്ടലുകളെ പൂര്‍ണമായും തെറ്റിക്കുന്നതായിരുന്നു ക്യൂബന്‍ ജനതയുടെ പ്രതിരോധം. ആക്രമണ വിവരം അറിഞ്ഞയുടന്‍ ഫിദല്‍ കാസ്‌ട്രോ നേരിട്ട് യുദ്ധമുഖത്തേക്ക് പുറപ്പെട്ടു. തൻ്റെ മിലിറ്ററി യൂണിറ്റുകള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് പ്രതിരോധ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ ഫിദല്‍ തയ്യാറായി. തൻ്റെ രാജ്യത്തിൻ്റെ യഥാര്‍ത്ഥ ശത്രുക്കള്‍ ആരാണെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. ക്യൂബയിലെ ജനങ്ങളോട് പ്രതിരോധത്തിനായി തയാറാകാനും രാജ്യത്തെ സംരക്ഷിക്കാന്‍ തനിക്കൊപ്പം ചേരാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പുതിയ ക്യൂബയെ സംരക്ഷിക്കാന്‍ എന്ത് ചെയ്യാനും ജനങ്ങള്‍ തയാറായിരുന്നു. ക്യൂബയിലെ തൊഴിലാളികളും കര്‍ഷകരും മിലിഷ്യ അംഗങ്ങളും ഒരേ മനസ്സോടെ ആയുധമെടുത്ത് രാജ്യരക്ഷയ്ക്കായി രംഗത്തിറങ്ങി. കേവലം 72 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ പിന്തുണയോടെ എത്തിയ അക്രമി സംഘത്തെ ക്യൂബന്‍ സൈന്യം പൂര്‍ണ്ണമായി വളഞ്ഞു തോല്‍പ്പിച്ചു. നൂറുകണക്കിന് പേര്‍ പിടിയിലാവുകയും അമേരിക്കയുടെ പ്ലാന്‍ പൂര്‍ണ്ണമായി പരാജയപ്പെടുകയും ചെയ്തു. ഈ വിജയം ക്യൂബന്‍ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു, അമേരിക്കക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയും. സാമ്രാജ്യത്വത്തിൻ്റെ വന്‍ശക്തിയായ അമേരിക്കയെ നേരിട്ട് തോല്‍പ്പിക്കാന്‍ കഴിയും എന്ന് ക്യൂബ തെളിയിച്ചു.

പ്ലായ ജിറോണ്‍ ആക്രമണത്തിന് തൊട്ടുമുമ്പാണ് ഫിദല്‍ കാസ്‌ട്രോ ക്യൂബന്‍ വിപ്ലവത്തിൻ്റെ സോഷ്യലിസ്റ്റ് സ്വഭാവം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആക്രമണത്തിലെ വിജയത്തിന് ശേഷം ഈ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ വേരോട്ടമുണ്ടായി. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടുവെന്ന നിലയിലായിരുന്നു അമേരിക്ക. അമേരിക്കയുടെ മേധാവിത്വത്തിനേറ്റ ഈ തിരിച്ചടിയോടെ അമേരിക്കയുടെ പ്രതികാരവാഞ്ച പതിന്മടങ്ങ് ഇരട്ടിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയെ പ്രതിരോധിക്കാന്‍ ചെറിയൊരു ദ്വീപ് രാഷ്ട്രത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടത് ക്യൂബന്‍ ജനതയുടെ മനോവീര്യം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ക്യൂബന്‍ ദേശീയ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്ലായ ജിറോണ്‍ സംഭവം.
ക്യൂബയിലെ ഇടപെടല്‍ പരാജയപ്പെട്ടത് അമേരിക്കക്ക് ആഗോളതലത്തില്‍ വലിയ നാണക്കേടാണ് സമ്മാനിച്ചത്. ഞങ്ങള്‍ ആര്‍ക്ക് മുന്നിലും തോല്‍ക്കില്ല എന്ന് വീമ്പിളക്കിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയാണ് ഒരു കുഞ്ഞുരാജ്യത്തിന് മുന്നില്‍ നാണം കെട്ട് തോറ്റത്. ക്യൂബയുടെ പരമാധികാരത്തിന് മുന്നില്‍ അമേരിക്കന്‍ ശക്തി നിഷ്പ്രഭമായി. അന്നത്തെ അമേരിക്കന്‍ പ്രസിഡൻ്റായിരുന്ന ജോണ്‍ എഫ്. കെന്നഡിക്ക് ഇത് വലിയൊരു രാഷ്ട്രീയ തിരിച്ചടിയായി. സ്വന്തം രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും കെന്നഡി ഭരണകൂടം പരിഹാസ്യരായി.

ഈ വിജയത്തോടെ ക്യൂബന്‍ ജനതയുടെ മനസ്സില്‍ ഫിദല്‍ കാസ്‌ട്രോയുടെയും വിപ്ലവത്തിൻ്റെയും വേരുകള്‍ കൂടുതല്‍ ആഴത്തില്‍ പതിയാനുള്ള ഒരവസരം കൂടിയൊരുങ്ങി. അമേരിക്ക എത്രത്തോളം ക്യൂബയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവോ, അവിടത്തെ ജനങ്ങള്‍ അത്രത്തോളം ഭരണകൂടത്തിന് ചുറ്റും കൂടുതല്‍ ശക്തമായി അണിനിരക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
ഈ ആക്രമണവും അതിൻ്റെ പരാജയവും അമേരിക്കക്കും ക്യൂബക്കുമിടയിലെ ഒരു പ്രശ്‌നം മാത്രമായല്ല പിന്നീട് പരിണമിച്ചത്. അന്നത്തെ ലോക രാഷ്ട്രീയത്തിൻ്റെ ഘടനയില്‍ തന്നെ വലിയ പ്രതിഫലനങ്ങളുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞു. തൻ്റെ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി ക്യൂബ കൂടുതല്‍ ഉറച്ച സോഷ്യലിസ്റ്റ് നിലപാടുകളിലേക്ക് നീങ്ങുകയും സോവിയറ്റ് യൂണിയനുമായി കൂടുതല്‍ അടുക്കുകയും ചെയ്തത് ശീതയുദ്ധത്തിൻ്റെ സമവാക്യങ്ങളെ മാറ്റിമറിച്ചു. അനേകം ചെറു രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ പക്ഷത്തെ ഉപേക്ഷിച്ച് പക്ഷരഹിതരാകാനോ സോവിയറ്റ് പക്ഷത്തേക്ക് ചേരാനോ കാരണമായ രാഷ്ട്രീയ ബോധ്യങ്ങളെ രൂപപ്പെടുത്താന്‍ ക്യൂബ ഒരു നിമിത്തമായി.

സാമ്പത്തികമായും സൈനികമായും എത്ര വലിയ ശക്തിയാണെങ്കിലും, ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇച്ഛാശക്തിയെയും ചെറുത്തുനില്‍പ്പിനെയും അടിച്ചമര്‍ത്താന്‍ ആയുധങ്ങള്‍ക്കും പണത്തിനും മാത്രം കഴിയില്ല എന്നതിൻ്റെ ഏറ്റവും മികച്ച തെളിവായി പ്ലായ ജിറോണ്‍ പോരാട്ടം മാറി. യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വത്തിൻ്റെ അഹങ്കാരത്തിന്മേല്‍ ക്യൂബന്‍ ജനത നേടിയ ആത്മാഭിമാനത്തിൻ്റെ ചരിത്ര വിജയമായിരുന്നു അത്. ലാറ്റിനമേരിക്കയില്‍ ഉടനീളമുള്ള വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് വലിയൊരു പ്രചോദനമായി ഈ വിജയം മാറി. സാമ്രാജ്യത്വത്തിൻ്റെ അധീശത്വത്തെ ചോദ്യം ചെയ്യാന്‍ കഴിയും എന്നതിൻ്റെ പ്രതീകമായി ക്യൂബ മാറി.
പ്ലായ ജിറോണിലെ വിജയം ലോകത്തോടുള്ള സോഷ്യലിസ്റ്റ് ക്യൂബയുടെ ഒരു സന്ദേശമായിരുന്നു. ഫിദല്‍ കാസ്‌ട്രോയുടെ ദീര്‍ഘവീക്ഷണത്തിൻ്റേയും ക്യൂബന്‍ ജനതയുടെ വിപ്ലവവീര്യത്തിൻ്റെ അപരാജിത സ്വഭാവത്തിൻ്റെയും ഏറ്റവും വലിയ സന്ദേശം.







