ലോകത്തെയാകെ ഭരിക്കാന്‍ തക്കവണ്ണമുള്ള വിപ്ലവബോധത്തെ ഉള്ളില്‍ കൊണ്ട് നടന്ന ഒരു ഭരണാധികാരിയായിരുന്നിട്ടും ആഡംബരങ്ങളോ വലിയ കൊട്ടാരങ്ങളോ ഫിദല്‍ കാസ്‌ട്രോയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല. ഒരു സാധാരണ ക്യൂബന്‍ പൗരനെപ്പോലെ ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
പുസ്തകങ്ങള്‍ വായിക്കുന്നതിനും, കൃഷിക്കും, ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനുമാണ് തന്റെ സമയത്തിലധികവും അദ്ദേഹം മാറ്റിവെച്ചത്. പദവികളോ ആഡംബരമോ അല്ല, ജനങ്ങളുടെ വിപ്ലവബോധവും ആശയങ്ങളുമാണ് പ്രധാനം എന്നതായിരുന്നു ഫിദലിന്റെ നിലപാട്. തന്റെ വിപ്ലവ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് റിട്ടയര്‍മെന്റിനു ശേഷവും ക്യൂബന്‍ ജനതയുടെ രാഷ്ട്രീയ ആത്മാവിന്റെ വഴികാട്ടിയായി അദ്ദേഹം ജീവിച്ചു – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ പതിമൂന്നാം ഭാഗം
ഫിദൽ എന്ന പച്ച മനുഷ്യനും അധികാര കൈമാറ്റവും

പതിമൂന്ന്
ക്യൂബയെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തിൻ്റെ ആള്‍രൂപമായിരുന്നു ഫിദല്‍ കാസ്‌ട്രോ എന്ന പേര്. ഒരു വ്യക്തിയായല്ല ഫിദലിനെ ക്യൂബന്‍ ജനത ഏറ്റെടുത്തത്. ക്യൂബ എന്ന രാജ്യത്തിൻ്റെ ആത്മാഭിമാനത്തിൻ്റെയും സ്വാതന്ത്ര്യ ബോധത്തിൻ്റെയും പ്രതിബിംബത്തെയാണ് ഫിദലില്‍ അവര്‍ കണ്ടത്. സാമ്രാജ്യത്വത്തിൻ്റെ കണ്‍മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്ന ആ ചരിത്രപുരുഷൻ്റെ ജീവിതം പെട്ടെന്നവസാനിക്കുന്ന ഒന്നായിരുന്നില്ല. അദ്ദേഹത്തിൻ്റെ ജീവിതം ഒരു യുഗത്തിൻ്റെ പതുക്കെയുള്ള പരിണാമമായിരുന്നു. എത്ര ആത്മബലമുള്ള മനുഷ്യനും പ്രകൃതിയുടെ പരിണാമ പ്രക്രിയക്ക് വിധേയമായേ മതിയാകൂ. ശരീരത്തിൻ്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയെങ്കിലും ഉള്ളിലെ വിപ്ലവത്തിൻ്റെ അഗ്നി ഫിദല്‍ കാസ്‌ട്രോയുടെ കണ്ണുകളില്‍ അവസാന ശ്വാസം വരെയും എരിഞ്ഞു നിന്നിരുന്നു.
അധികാരത്തിൻ്റെ സുഖലോലുപതകളേക്കാള്‍ വിപ്ലവത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയായിരുന്നു ഫിദലിൻ്റെ കരുത്ത്. ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫിദലിൻ്റെ സഹജമായ കരുത്തിന് ശാരീരികമായ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. ദീര്‍ഘകാലത്തെ കഠിനാധ്വാനവും ഉറക്കമില്ലാത്ത രാവുകളും ഒരു മനുഷ്യശരീരത്തില്‍ വരുത്തി വെക്കാവുന്ന ക്ഷീണമെല്ലാം അദ്ദേഹത്തെയും ബാധിച്ചിരുന്നു. 2006ല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു.

ലോകം മുഴുവന്‍ അന്ന് ക്യൂബയിലേക്ക് കണ്ണ് നട്ടു. ക്യൂബന്‍ ജനതയുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ നെഞ്ചിടിപ്പ് നിലച്ച നിമിഷമായിരുന്നു അത്. എന്നാല്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ സ്വന്തം ആരോഗ്യത്തേക്കാള്‍ രാജ്യത്തിൻ്റെ സുസ്ഥിരതയ്ക്കാണ് ഫിദല്‍ പ്രാധാന്യം നല്‍കിയത്. വിപ്ലവ പ്രസ്ഥാനം യാതൊരുവിധ അസ്ഥിരതയ്ക്കും അടിപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിൻ്റെ ഭാഗമായി തൻ്റെ സഹപ്രവര്‍ത്തകനും സഹോദരനുമായ റൗള്‍ കാസ്‌ട്രോയ്ക്ക് ഭരണച്ചുമതലകള്‍ കൈമാറാന്‍ അദ്ദേഹം തയ്യാറായി. വ്യക്തിപരമായ അധികാരത്തോടുള്ള ആർത്തിയായിരുന്നില്ല, താന്‍ വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് ക്യൂബയുടെ ഭാവി സുരക്ഷിതമാക്കുക എന്നതായിരുന്നു ഫിദലിൻ്റെ ലക്ഷ്യം.
ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ക്യൂബയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കാസ്‌ട്രോ സഹോദരന്മാരായ ഫിദലും റൗളും തമ്മിലുള്ള ബന്ധം രക്തബന്ധത്തിനപ്പുറം ഗാഢമായ ആദര്‍ശപരവും വിപ്ലവത്തിൻ്റെ പ്രത്യയശാസ്ത്രപരമായ തുടിപ്പുകള്‍ നില നില്‍ക്കുന്നതുമായിരുന്നു. ഇരുവര്‍ക്കുമിടയില്‍ ശക്തമായ ആത്മബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ, അവരുടെ ഭരണശൈലിയിലും വ്യക്തിത്വത്തിലും പ്രകടമായ വ്യത്യാസങ്ങളുമുണ്ടായിരുന്നു.
ക്യൂബന്‍ വിപ്ലവത്തിൻ്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരും. 1953ലെ മോണ്‍കാഡ ബാരക്ക് ആക്രമണം, ഗ്രാന്‍മ കപ്പലിലെ യാത്ര, സിയറ മാസ്ട്രയിലെ ഗറില്ലാ യുദ്ധം എന്നിവയിലെല്ലാം ഫിദലിൻ്റെ വിശ്വസ്തനായ പോരാളിയായിരുന്നു റൗള്‍.

രാഷ്ട്രീയത്തില്‍ ഫിദല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ റൗള്‍ എപ്പോഴും അദ്ദേഹത്തിൻ്റെ കരുത്തുറ്റ നിഴലായി ഒപ്പം നിന്നു. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ലക്ഷ്യങ്ങളില്‍ ഇരുവരും പൂര്‍ണ്ണമായും ഒരേ താളത്തിലായിരുന്നു. ഫിദലിന്റെ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലും ക്യൂബയുടെ സോഷ്യലിസ്റ്റ് അടിത്തറ സംരക്ഷിക്കുന്നതിലും റൗള്‍ കാസ്‌ട്രോ ഫിദലിന് ഏറ്റവും വിശ്വസ്തനായ പിന്‍ഗാമിയായി മാറി. ഫിദല്‍ തൻ്റെ ജീവിതകാലത്ത് ക്യൂബയുടെ പരമാധികാരം റൗളില്‍ പൂര്‍ണ്ണമായും ഏല്‍പിച്ചു.
ഇരുവരുടെയും വ്യക്തിത്വത്തിലും ഭാരണാധികാരികള്‍ എന്ന നിലയിലുള്ള സമീപനത്തിലും പ്രകടമായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഫിദല്‍ കാസ്‌ട്രോ കരിസ്മാറ്റിക് ആയ ഒരു ജനകീയ നേതാവായിരുന്നു. മണിക്കൂറുകള്‍ നീളുന്ന വികാര തീവ്രമായ പ്രസംഗങ്ങളിലൂടെ ജനങ്ങളെ ആവേശം കൊള്ളിക്കാനും പ്രചോദിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ലോകത്തെല്ലായിടത്തും ഫിദലിനെ സ്വന്തം ആത്മാവില്‍ തന്നെ കുടിയിരുത്തിയ കോടിക്കണക്കിന് മനുഷ്യരുണ്ടായിരുന്നു. ഒരേ സമയം വിപ്ലവകാരി എന്ന നിലയിലും വലിയൊരു ജനക്കൂട്ടത്തെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന വാഗ്മി എന്ന നിലയിലുമാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ക്യൂബയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ഫിദല്‍ കാസ്‌ട്രോയുടെ വ്യക്തി പ്രഭാവം.

എന്നാല്‍ റൗള്‍ തീര്‍ത്തും വ്യത്യസ്തനായിരുന്നു. ശാന്തനും പ്രായോഗികവാദിയുമായിരുന്നു റൗള്‍. വികാര പ്രകടനങ്ങള്‍ക്കപ്പുറം കാര്യക്ഷമതയ്ക്കും ഭരണപരമായ പ്രായോഗികതയ്ക്കും അദ്ദേഹം മുന്‍ഗണന നല്‍കി. മാധ്യമങ്ങളുടെ വെളിച്ചത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിൻ്റേത്. ക്യൂബന്‍ വിപ്ലവത്തിന് ചൂടും ചൂരും പകര്‍ന്നത് ഫിദല്‍ കാസ്‌ട്രോയുടെ വിപ്ലവജ്വാലയായിരുന്നെങ്കില്‍, ആ വിപ്ലവത്തെ കാലത്തിനനുസരിച്ച് നിലനിര്‍ത്താനും പ്രായോഗിക മാറ്റങ്ങള്‍ വരുത്താനും സഹായിച്ചത് റൗള്‍ കാസ്‌ട്രോയുടെ ശാന്തവും കഠിനവുമായ ഭരണ ശൈലിയായിരുന്നു. ഈ രണ്ടു വ്യത്യസ്ത ശൈലികളുടെ സംയോജനമാണ് ദശാബ്ദങ്ങളോളം ക്യൂബയെ പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിച്ചത്.
ഫിദലില്‍ നിന്നും റൗളിലേക്കുള്ള അധികാരമാറ്റം ക്യൂബന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു അധ്യായമായിരുന്നു. ഫിദല്‍ കാസ്‌ട്രോ അടിത്തറയിട്ട വിപ്ലവ നയങ്ങളില്‍ നിന്നും സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ രാജ്യം മുന്നോട്ട് നയിക്കാന്‍ സദാ ജാഗരൂഗനായിരുന്നു റൗള്‍ കാസ്‌ട്രോ. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ആശയപരമായ ഐക്യവും സൗഹൃദവും അധികാര കൈമാറ്റം സമാധാനപരവും സുഗമവുമാക്കി മാറ്റി.

അധികാര ഔദ്യോഗിക പദവികളില്‍ നിന്ന് ഫിദല്‍ കാസ്‌ട്രോ പടിയിറങ്ങിയെങ്കിലും, അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ നിന്നോ ആശയപരമായ പോരാട്ടങ്ങളില്‍ നിന്നോ പിന്മാറിയില്ല. പ്രായം ഏല്‍പിക്കുന്ന പരിക്കുകള്‍ തൻ്റെ കര്‍ത്തവ്യങ്ങളെ ബാധിച്ച് തുടങ്ങിയെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറി എന്ന പദവും മറ്റ് ഔദ്യോഗിക പദവികളും അദ്ദേഹം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് തൻ്റെ ചിന്തകളിലൂടെ അദ്ദേഹം ലോക രാഷ്ട്രീയത്തില്‍ ഇടപെട്ട് കൊണ്ടിരുന്നു. ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും മുതലാളിത്ത രാജ്യങ്ങളിലും സംഭവിക്കുന്ന മാറ്റങ്ങളെ അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരുന്നു.
റിഫ്‌ലെക്ഷന്‍സ് ഓഫ് ഫിദല്‍ എന്ന പേരില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സാമ്രാജ്യത്വ നയങ്ങള്‍ക്കും മുതലാളിത്ത ചൂഷണങ്ങള്‍ക്കുമെതിരെ അദ്ദേഹം തൻ്റെ തൂലിക പടവാളാക്കി മാറ്റി. പ്രായവും രോഗവും അദ്ദേഹത്തിൻ്റെ ശരീരത്തെ ഏറെ തളര്‍ത്തിയെങ്കിലും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുടെ മനസ്സും ആശയങ്ങളും ചെറുപ്പത്തിൻ്റെ ചുറുചുറുക്കോടെ തന്നെ നിലകൊണ്ടു. അധികാരമില്ലാത്ത ഒരു സാധാരണ പൗരനായി ജീവിച്ചപ്പോഴും ക്യൂബന്‍ ജനതയുടെ ഹൃദയത്തിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഫിദല്‍ തന്നെയായിരുന്നു.

ലോകത്തെയാകെ ഭരിക്കാന്‍ തക്കവണ്ണമുള്ള വിപ്ലവബോധത്തെ ഉള്ളില്‍ കൊണ്ട് നടന്ന ഒരു ഭരണാധികാരിയായിരുന്നിട്ടും ആഡംബരങ്ങളോ വലിയ കൊട്ടാരങ്ങളോ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല. ഒരു സാധാരണ ക്യൂബന്‍ പൗരനെപ്പോലെ ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
പുസ്തകങ്ങള്‍ വായിക്കുന്നതിനും, കൃഷിക്കും, ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിനുമാണ് തൻ്റെ സമയത്തിലധികവും അദ്ദേഹം മാറ്റിവെച്ചത്.
പദവികളോ ആഡംബരമോ അല്ല, ജനങ്ങളുടെ വിപ്ലവബോധവും ആശയങ്ങളുമാണ് പ്രധാനം എന്നതായിരുന്നു ഫിദലിൻ്റെ നിലപാട്. തൻ്റെ വിപ്ലവ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് റിട്ടയര്‍മെൻ്റിനു ശേഷവും ക്യൂബന്‍ ജനതയുടെ രാഷ്ട്രീയ ആത്മാവിൻ്റെ വഴികാട്ടിയായി അദ്ദേഹം ജീവിച്ചു. അധികാരം നഷ്ടപ്പെടുമെന്നോ കൈവിട്ട് പോകുമെന്നോ ഭയന്ന് അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സമകാലിക രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നില്‍, അധികാരം ഒരു പദവിയല്ലെന്നും അത് ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തം മാത്രമാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു ഫിദല്‍ കാസ്‌ട്രോ.
Author
-
View all postsഎഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.







