രാജ്യത്തെ ആഭ്യന്തരമായി ശിഥിലീകരിക്കാനുള്ള നീക്കങ്ങളോരോന്നും ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ഫിദല്‍ കാസ്‌ട്രോയെ വധിക്കാനുള്ള ഗൂഢാലോചനകളും മറ്റൊരു ഭാഗത്ത് അമേരിക്ക നടത്തിക്കൊണ്ടിരുന്നു. ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ നടത്തിയ വധശ്രമങ്ങളുടെ എണ്ണം നൂറ് കടന്നിരുന്നു. പക്ഷെ ഒന്നും ഫലവത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു മനുഷ്യനെ വധിക്കാനായി ഇത്രയധികം പരിശ്രമങ്ങള്‍ നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. പുറത്ത് പറയാന്‍ പറ്റാത്ത വിധം നാണം കെട്ട മാര്‍ഗങ്ങള്‍ പോലും അമേരിക്ക ഇതിനായി ആസൂത്രണം ചെയ്തു. നിരന്തരമായി ചുരുട്ട് വലിച്ചിരുന്ന ഫിദലിനെ ചുരുട്ടുകള്‍ വഴി കൊല്ലാനുള്ള പദ്ധതികള്‍ പോലും അമേരിക്ക പരീക്ഷിച്ചു. അവയില്‍ ചിലത് കുപ്രസിദ്ധമായതാണ് – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ ഒമ്പതാം ഭാഗം
അമേരിക്കന്‍ ഉപരോധവും വധശ്രമങ്ങളും

ഒമ്പത്
“ഒരു രാജ്യത്തെ പട്ടിണിക്കിട്ട് കീഴടക്കാം എന്ന് കരുതുന്നത് മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്” – ഫിദല്‍ കാസ്‌ട്രോ
സമഗ്രാധിപത്യത്തിൻ്റെയും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുടെയും മുന്നില്‍ തലകുനിക്കാതെ, സ്വന്തം ജനതയുടെ അഭിമാനവും പരമാധികാരവും സംരക്ഷിക്കാന്‍ ഒരു രാജ്യം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൻ്റെ ചരിത്രമാണ് ക്യൂബ എന്ന രാജ്യത്തിൻ്റേത്. ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാത തെരഞ്ഞെടുത്തതോടെ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിൻ്റെ കടുത്ത വെല്ലുവിളികളെയാണ് ക്യൂബയ്ക്ക് നേരിടേണ്ടി വന്നത്.
ദശകങ്ങള്‍ നീണ്ട ഈ ഉപരോധം ക്യൂബന്‍ ജനതയുടെ ജീവിതത്തിൻ്റെ സര്‍വ്വതലങ്ങളിലും സ്പര്‍ശിച്ചെങ്കിലും അതിജീവനം എന്ന വാക്കിൻ്റെ യഥാര്‍ത്ഥ അര്‍ത്ഥം ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു ആ രാജ്യവും അതിൻ്റെ നേതാവും. സാധ്യമാകുന്ന എല്ലാ വഴികളുമുപയോഗിച്ച് അമേരിക്ക ക്യൂബയെ ഇല്ലാതാക്കാന്‍ നടത്തിയ ഓരോ നീക്കങ്ങള്‍ക്കും ലോകം സാക്ഷിയായിരുന്നു.

അമേരിക്കയുടെ പക അതിൻ്റെ പരമകാഷ്ഠയിലായിരുന്നു. ലോകത്ത് ഒരു രാജ്യവും മറ്റൊരു രാജ്യത്തോട് ചെയ്തിട്ടില്ലാത്ത വിധം നീചവും ജുഗുപ്‌സാവഹവുമായ നീക്കങ്ങളാണ് അമേരിക്ക ക്യൂബക്ക് മേല്‍ നടത്തിക്കൊണ്ടിരുന്നത്. പഞ്ചസാര കയറ്റുമതിക്കും മറ്റ് വാണിജ്യ ഇടപാടുകള്‍ക്കും മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ഉപരോധം ക്യൂബന്‍ സമ്പദ് വ്യവസ്ഥയെ അടിമുടി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ചില പ്രശ്‌നങ്ങളൊക്കെ നിലനിന്നിരുന്നെങ്കിലും സോവിയറ്റ് യൂണിയനായിരുന്നു ക്യൂബയുടെ വലിയൊരാശ്രയം. സോവിയറ്റ് യൂണിയൻ്റെ തകര്‍ച്ചയോടെ ക്യൂബയുടെ വിപണിയും ഇന്ധന സ്രോതസ്സുകളും ഒറ്റയടിക്ക് നിലച്ചു.
ചരിത്രത്തില്‍ പ്രത്യേക കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ കടുത്ത പട്ടിണിയെയും ഊര്‍ജ്ജ പ്രതിസന്ധിയെയും നേരിട്ടു. വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഗതാഗതം സ്തംഭിച്ചു. മരുന്നുകളും ഭക്ഷണവുമില്ലാതെ ജനങ്ങള്‍ വലഞ്ഞു. ക്യൂബന്‍ വിപ്ലവത്തെ മുട്ടുകുത്തിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തിയ കരുതിക്കൂട്ടിയുള്ള നടപടികളായിരുന്നു ഇവയെല്ലാം. ഇതെല്ലാം അനുഭവിക്കുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരിയെ വെറുത്ത് ഒരു മാറ്റത്തിനായി ആഗ്രഹിക്കുമെന്നാണ് അമേരിക്ക കണക്ക് കൂട്ടിയത്.

രാജ്യത്തെ ആഭ്യന്തരമായി ശിഥിലീകരിക്കാനുള്ള നീക്കങ്ങളോരോന്നും ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ഫിദല്‍ കാസ്‌ട്രോയെ വധിക്കാനുള്ള ഗൂഢാലോചനകളും മറ്റൊരു ഭാഗത്ത് അമേരിക്ക നടത്തിക്കൊണ്ടിരുന്നു. ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ നടത്തിയ വധശ്രമങ്ങളുടെ എണ്ണം നൂറ് കടന്നിരുന്നു. പക്ഷെ ഒന്നും ഫലവത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു മനുഷ്യനെ വധിക്കാനായി ഇത്രയധികം പരിശ്രമങ്ങള്‍ നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. പുറത്ത് പറയാന്‍ പറ്റാത്ത വിധം നാണം കെട്ട മാര്‍ഗങ്ങള്‍ പോലും അമേരിക്ക ഇതിനായി ആസൂത്രണം ചെയ്തു. നിരന്തരമായി ചുരുട്ട് വലിച്ചിരുന്ന ഫിദലിനെ ചുരുട്ടുകള്‍ വഴി കൊല്ലാനുള്ള പദ്ധതികള്‍ പോലും അമേരിക്ക പരീക്ഷിച്ചു. അവയില്‍ ചിലത് കുപ്രസിദ്ധമായതാണ്.
ഫിദല്‍ പതിവായി വലിക്കുന്ന ചുരുട്ടുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക എന്നതായിരുന്നു ആദ്യത്തെ പ്രധാന പദ്ധതി. വലിയ സന്നാഹങ്ങളൊരുക്കി അതിനുള്ള പദ്ധതികള്‍ സി.ഐ.എ ആവിഷ്‌കരിച്ചു. അദ്ദേഹം ചുരുട്ട് കത്തിച്ച് വലിക്കാന്‍ തുടങ്ങുമ്പോള്‍ പൊട്ടിത്തെറിച്ച് മരണം സംഭവിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് സി.ഐ.എ പ്ലാന്‍ ചെയ്തത്.

കാസ്‌ട്രോയുടെ ജീവനെടുക്കാന്‍ അതിമാരകമായ വിഷമടങ്ങിയ ചുരുട്ടുകള്‍ ഉപയോഗിക്കുക എന്നതായിരുന്നു മറ്റൊരു വഴി. ബോട്ടുലിനം ടോക്‌സിന്‍ പോലുള്ള അതിശക്തമായ വിഷവസ്തുക്കള്‍ ചുരുട്ടില്‍ പുരട്ടി നല്‍കാനായിരുന്നു തീരുമാനം. ഒരു വലി മാത്രം മതിയാകും കാസ്‌ട്രോ മരണമടയാനെന്ന് സി.ഐ.എ കണക്കുകൂട്ടിയെങ്കിലും ഈ ചുരുട്ടുകള്‍ അദ്ദേഹത്തിൻ്റെ കൈകളില്‍ സുരക്ഷിതമായി എത്തിക്കാന്‍ അവര്‍ക്കായില്ല.
ചുരുട്ടുകള്‍ക്ക് പുറമെ, കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ സമാനതകളില്ലാത്ത മറ്റ് പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടുണ്ട്. കാസ്‌ട്രോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ചോക്ലേറ്റ് മില്‍ക്ക് ഷേക്കില്‍ മാരകമായ വിഷം ചേര്‍ത്ത് കൊല്ലാന്‍ നടത്തിയ ശ്രമം ഇതിലൊന്നായിരുന്നു. ഇതും പരാജയപ്പെട്ടു. കടലില്‍ നീന്താന്‍ ഇഷ്ടപ്പെടുന്ന കാസ്‌ട്രോയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍, അദ്ദേഹം മുങ്ങാറുള്ള സ്ഥലത്ത് വര്‍ണ്ണാഭമായതും എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞതുമായ വലിയ കടല്‍ ഷെല്ലുകള്‍ സ്ഥാപിക്കാന്‍ സി.ഐ.എ പദ്ധതിയിട്ടിരുന്നു.

കാസ്‌ട്രോയുടെ മുന്‍ കാമുകിയായ മരിറ്റ ലോറെന്‍സിനെ ഉപയോഗിച്ച് അദ്ദേഹത്തിൻ്റെ ഭക്ഷണത്തില്‍ വിഷഗുളിക കലര്‍ത്തി നല്‍കാന്‍ സി.ഐ.എ ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം കാസ്‌ട്രോയോടുള്ള സ്‌നേഹം മൂലം അവര്‍ ആ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. ഇതെല്ലാമുള്‍പ്പെടെ ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ നൂറിലധികം പദ്ധതികള്‍ അമേരിക്ക ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. എന്നാല്‍ ഇവയെല്ലാം പരാജയപ്പെടുത്താന്‍ അദ്ദേഹം സ്വയം പുലര്‍ത്തിയ ജാഗ്രത കൊണ്ടും അദ്ദേഹത്തിൻ്റെ സുരക്ഷാ വിഭാഗത്തിൻ്റെ ബുദ്ധിപരമായ നീക്കങ്ങള്‍ കൊണ്ടും സാധിച്ചു. വധിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫിദലിൻ്റെ ആകാരത്തില്‍ മാറ്റം വരുത്താനോ അംഗഭംഗം വരുത്തി ദുര്‍ബലപ്പെടുത്താനോ ഉള്ള നീക്കങ്ങള്‍ പോലും സി.ഐ.എ നടത്തി.
നീണ്ട, ഗാംഭീര്യമുള്ള താടിയായിരുന്നു ഫിദല്‍ കാസ്‌ട്രോയുടെ രൂപത്തിൻ്റെ ആകര്‍ഷണീയത. അതില്ലാതാക്കി അദ്ദേഹത്തെ മാനസികമായി ദുര്‍ബലപ്പെടുത്താനുള്ള പണി വരെ സി ഐ എ അന്വേഷിച്ചു. താടി കൊഴിയുന്നതിനായി ബാഗിലുളള വസ്തുക്കളില്‍ തന്ത്രപരമായി രാസവസ്തുക്കള്‍ പുരട്ടുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ കാസ്‌ട്രോയുടെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കാരണം ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

വധ ശ്രമങ്ങളെല്ലാം വിഫലമായതോടെ ഉപരോധത്തിൻ്റെ വഴികള്‍ കര്‍ക്കശമാക്കാനും രാജ്യത്തിൻ്റെ ആത്മവീര്യം ഇല്ലാതാക്കാനുമുള്ള വഴികളാണ് പിന്നീട് അമേരിക്ക നോക്കിയത്. സോവിയറ്റ് യൂണിയൻ്റെ പതന ശേഷം കാര്യങ്ങള്‍ അമേരിക്കക്ക് എളുപ്പമായിരുന്നു. നാല് ഭാഗത്ത് നിന്നും ഉപരോധങ്ങള്‍ കൊണ്ട് ക്യൂബയെ അമേരിക്ക വരിഞ്ഞ് മുറുക്കി. സാമ്പത്തികമായി ശ്വാസം മുട്ടിക്കപ്പെട്ടപ്പോഴും ഫിദല്‍ കാസ്‌ട്രോയുടെയും ക്യൂബന്‍ ജനതയുടെയും ആത്മവീര്യം തകര്‍ക്കാന്‍ ഉപരോധത്തിനായില്ല. പ്രതിസന്ധികളെ നേരിടാന്‍ സമൂഹം ഒറ്റക്കെട്ടായി അണിനിരന്നു.
ക്യൂബന്‍ അതിജീവനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത കടുത്ത പ്രതിസന്ധികള്‍ക്കിടയിലും അവര്‍ തങ്ങളുടെ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ കൈവിട്ടില്ല എന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി എന്നിവ പൗരന്മാര്‍ക്ക് സൗജന്യമായി ഉറപ്പാക്കുന്നതില്‍ ഭരണകൂടം ഒരിക്കലും പിന്നോട്ട് പോയില്ല. മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയുന്നതിന് പകരം സമത്വത്തിലും ഐക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെയാണ് ഫിദല്‍ പടുത്തുയര്‍ത്തിയത്. അമേരിക്കന്‍ ഉപരോധത്തിൻ്റെ ഇരുണ്ട നാളുകള്‍ ക്യൂബന്‍ ജനതയുടെ ത്യാഗത്തിൻ്റെയും ഇച്ഛാശക്തിയുടെയും പരീക്ഷണം കൂടിയായിരുന്നു. പ്രതിസന്ധികളെ വിജയമാക്കി മാറ്റിയ ആ പോരാട്ടം കൊച്ചുകൊച്ചു രാജ്യങ്ങള്‍ക്കും സാമ്രാജ്യത്വ ശക്തികളെ ചെറുത്തുനില്‍ക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ചരിത്രപാഠമാണ്.

1961-ലെ പ്ലായ ജറോണ്‍ പരാജയത്തിന് ശേഷം പ്രസിഡൻ്റ് ജോണ്‍ എഫ്. കെന്നഡിയുടെ ഭരണകാലത്ത് ആസൂത്രണം ചെയ്ത ഏറ്റവും വലിയ രഹസ്യ പദ്ധതിയായിരുന്നു ‘ഓപ്പറേഷന്‍ മംഗൂസ്’. ക്യൂബന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബന്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കി രാജ്യത്ത് ആഭ്യന്തര കലാപങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും അട്ടിമറികളും നടത്താന്‍ സി.ഐ.എ ഇതിലൂടെ ചുക്കാന്‍ പിടിച്ചു.
മൃഗസംരക്ഷണവും തകര്‍ക്കാന്‍ സി.ഐ.എ ജൈവായുധങ്ങള്‍ ഉപയോഗിച്ചതായി പിന്നീട് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ക്യൂബയിലെ പന്നികളില്‍ ആഫ്രിക്കന്‍ സൈവന്‍ ഫീവര്‍ പോലുള്ള മാരക രോഗങ്ങള്‍ മനപ്പൂര്‍വ്വം പരത്തിയത് ഇതിൻ്റെ ഭാഗമായിരുന്നു. ഇത് ക്യൂബന്‍ ജനതയെ കടുത്ത പട്ടിണിയിലേക്കും പ്രതിസന്ധിയിലേക്കും തള്ളിവിട്ടു. ക്യൂബയെ സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ക്യൂബയുമായുള്ള എല്ലാത്തരം വ്യാപാരബന്ധങ്ങളും അമേരിക്ക വിച്ഛേദിക്കുകയും മറ്റ് രാജ്യങ്ങള്‍ ക്യൂബയുമായി കച്ചവടം ചെയ്യുന്നത് തടയാന്‍ നയപരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ചെയ്തു. ക്യൂബന്‍ സമ്പദ് വ്യവസ്ഥയെ ശ്വാസംമുട്ടിക്കുകയായിരുന്നു ഇതിൻ്റെ ലക്ഷ്യം.

ക്യൂബയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നമായ പഞ്ചസാര കൃഷിയെയും മറ്റ് കാര്‍ഷിക മേഖലകളെയും നശിപ്പിക്കാന്‍ സി.ഐ.എ കൃത്രിമമായി കീടങ്ങളെയും രോഗാണുക്കളെയും ക്യൂബയിലേക്ക് ഒഴുക്കിവിട്ടു. ക്യൂബന്‍ ജനത സര്‍ക്കാരിനെതിരെ തിരിയുന്നതിനായി രാജ്യത്ത് ഭക്ഷ്യക്ഷാമവും അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും കൃത്രിമമായി സൃഷ്ടിക്കാനും ശ്രമിച്ചു. അമേരിക്കയുടെ മനുഷ്യത്വ വിരുദ്ധമായ കാര്‍ഷിക ഉപരോധങ്ങളെ മറികടക്കാനായി നഗരകൃഷിക്കും ജൈവകൃഷി രീതികള്‍ക്കും ക്യൂബയില്‍ തുടക്കമിട്ടു. മലമടക്കുകളില്‍ തട്ട് തട്ടായി കൃഷി വിപുലീകരിച്ചു. ആഭ്യന്തരമായ ഉല്‍പാദനത്തിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുക എന്നതായിരുന്നു ഫിദല്‍ വിഭാവനം ചെയ്തത്. ലഭ്യമായ ചെറിയ ഭൂപ്രദേശങ്ങളില്‍ പോലും ജനങ്ങള്‍ കൂട്ടമായി കൃഷിയിറക്കി പട്ടിണിയെ പ്രതിരോധിച്ചു.
സാമ്പത്തിക ഞെരുക്കത്തിനിടയിലും ബയോടെക്‌നോളജി, വൈദ്യശാസ്ത്ര രംഗങ്ങളില്‍ ക്യൂബ വന്‍ കുതിച്ചുചാട്ടം നടത്തി. സ്വന്തമായി വാക്‌സിനുകളും മരുന്നുകളും വികസിപ്പിച്ചെടുത്ത അവര്‍ ആതുരസേവന രംഗത്ത് ലോകത്തിന് മാതൃകയായി. ഉപരോധം മൂലം ലോകത്തുനിന്ന് ഒറ്റപ്പെട്ട ക്യൂബ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ അയച്ചുകൊണ്ട് മാനുഷിക മൂല്യങ്ങളിലൂടെ അന്താരാഷ്ട്ര പിന്തുണ നേടി.

രാജ്യത്തേക്കുള്ള ഇന്ധന ഇറക്കുമതിയും വാഹന ഇറക്കുമതിയും അമേരിക്ക തടഞ്ഞപ്പോള്‍ സൈക്കിളുകള്‍ ഇറക്കുമതി ചെയ്ത് പൗരന്മാര്‍ക്ക് നല്‍കി ചെറു യാത്രകളെ ഇന്ധനമുക്തമാക്കി മാറ്റാന്‍ ഫിദല്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഓരോ ഉപരോധങ്ങള്‍ക്കും ഓരോ മറുപടി ഉരുളക്കുപ്പേരി പോലെ ഫിദല്‍ നല്‍കിക്കൊണ്ടിരുന്നു. ഇത് അമേരിക്കയെന്ന സാമ്രാജ്യത്വ ഭീമനെ ഭയക്കാതെ ജീവിക്കാന്‍ കഴിയുന്ന ഒരാത്മവിശ്വാസം ക്യൂബന്‍ ജനതയിലുണ്ടാക്കി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ ഒ.എ.എസില്‍ നിന്ന് ക്യൂബയെ പുറത്താക്കാനും മറ്റ് രാജ്യങ്ങളുമായി നയബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് ക്യൂബയെ ഒറ്റപ്പെടുത്താനും അമേരിക്ക നിരന്തരം നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിക്കൊശണ്ടിരുന്നു. ഈ ശക്തമായ പ്രതിസന്ധികളെയും അമേരിക്കന്‍ ഉപരോധങ്ങളെയും അതിജീവിച്ചാണ് ക്യൂബന്‍ വിപ്ലവം ഇന്നും നിലനില്‍ക്കുന്നത്.







