ജമാഅത്ത് ഹിന്ദുത്വയും കേരളവും

ഇടതുപക്ഷ രാഷ്ട്രീയത്തിനും മതനിരപേക്ഷതക്കും നിർണായക സ്വാധീനമുള്ള കേരളത്തിൽ ഒരു ഇസ്ലാമിക മുദ്രാവാക്യത്തിന് വലിയ സ്വീകാര്യത കിട്ടില്ലെന്ന്‌ ജമാഅത്തെ ഇസ്ലാമിക്കറിയാം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് വർഗത്തെ അടർത്തി മാറ്റിയ ഒരു ‘ഇസ്ലാമിക ജനകീയതയെ’ (Islamist populism) പകരം വെക്കാനാണ് കേരളത്തിൽ ജമാഅത്തെ ഇസ്ലാമി പ്രത്യേകിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ആഗോളതലത്തിൽ തന്നെ സ്വീകാര്യതയുള്ള ഉത്തരാധുനിക നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഒരു രൂപമായാണ് അത് കേരളത്തിൽ പ്രവർത്തിക്കുന്നതും. വിഷയങ്ങളെ പരിഹരിക്കാനോ മുറിച്ചുകടക്കാനോ (transcend) പ്രശ്നങ്ങളുടെ വേരിലേക്ക് പോകാനോ താല്പര്യമില്ലാത്ത പ്രതിഷേധ രാഷ്ട്രീയമാണ് അതിൻ്റെ മുഖമുദ്ര.

1973 ലാണ് ഇസ്മത് ചുഗ്തായിയുടെ കഥയെ ആസ്പദമാക്കി എം.എസ് സത്യു സംവിധാനം ചെയ്ത ‘ഗരം ഹവാ’ എന്ന സിനിമ പുറത്തിറങ്ങുന്നത്. വിഭജനാനന്തരം ഇന്ത്യയിൽ തുടരുന്ന സലിം മിർസയും കുടുംബവും നേരിടേണ്ടി വരുന്ന സാമൂഹികമായ ഒറ്റപെടുത്തലും ഭ്രഷ്‌ടും തൊഴിൽ നിഷേധവുമുൾപ്പെടെയുള്ള അവസ്ഥകളാണ് സിനിമയുടെ കാതൽ. ഇന്ത്യയിൽ തുടരാനാവില്ലെന്ന തിരിച്ചറിവിൽ പാകിസ്താനിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടിയിൽ യാത്രയാകുന്ന കുടുംബം വഴിൽ വെച്ച് ചെങ്കൊടിയേന്തിയ തൊഴിലാളികൾ നടത്തുന്ന പ്രകടനം കാണുന്നതും അവർ ആ പ്രകടനത്തിൻ്റെ ഭാഗമായിത്തീരുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

2004 മുതലെങ്കിലും വലിയതോതിൽ ഇടതുപക്ഷത്തേക്ക് അടുത്ത കേരളത്തിലെ മുസ്‌ലിം മതന്യൂനപക്ഷം വലിയ തോതിൽ ഇടതുപക്ഷത്തുനിന്നും അകന്ന തെരഞ്ഞെടുപ്പുകളായിരുന്നു കേരളത്തിൽ നടന്ന കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകൾ. ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ കനത്ത തോൽവിയാണ് മുസ്‌ലിം സ്വാധീന പ്രദേശങ്ങളിൽ ഇടതുപക്ഷത്തിനുണ്ടായത്. തെരഞ്ഞെടുപ്പിന് ശേഷം വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളും വിശകലനങ്ങളും ഈ വിഷയത്തിൽ ഉണ്ടാകുന്നുണ്ട്. മിക്കവയുടെയും ഉള്ളടക്കം പാർട്ടി നേതൃത്വത്തിലെ വ്യക്തികളെയോ ചില സംഭവങ്ങളെയോ ഇടപെടലുകളെയോ ഒക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിശകലനങ്ങളാണ്.

‘ഗരം ഹവാ’ സിനിമയിൽ നിന്ന്

സാമൂഹിക മാധ്യമകാലത്ത് എല്ലാ പ്രശ്നങ്ങൾക്കുമുള്ള  ഉത്തരം ഉടനടി ലഭിക്കുന്നതും ഒറ്റവാക്കിൽ പറയാൻ കഴിയുന്നതുമായിരിക്കണം. അതുകൊണ്ടു തന്നെ ഏതെങ്കിലും നേതാവിലോ, പ്രസ്താവനയിലോ, സംഭവത്തിലോ ഒക്കെ ചുരുക്കി വിശകലനത്തെ അവസാനിപ്പിക്കാനും ലളിതവൽക്കരിക്കാനുമാണ് വിശിഷ്യാ വലതുപക്ഷ മാധ്യമങ്ങളും ലിബറൽ ചിന്തകരും ശ്രമിക്കുന്നത്.

എന്നാൽ മാർക്സിസത്തിൻ്റെ രീതിശാസ്ത്രം അത്ര ലളിതമല്ല. സമൂഹത്തിൻ്റെ സങ്കീർണതകളിൽ നിന്നാണ് അത് ആരംഭിക്കുന്നത്, അതുകൊണ്ടുതന്നെ വസ്തുനിഷ്ഠ സാഹചര്യത്തെ ചരിത്രപരമായും വൈരുദ്ധ്യാത്മകമായും സമീപിച്ചുകൊണ്ടേ മാർക്സിസ്റ്റുകൾക്ക് വിശകലനം സാധ്യമാകൂ. തൊണ്ണൂറുകളുടെ പാതിയിൽ  ഇ എം എസ് തന്നെ ഉന്നയിച്ച ഒരു പ്രശ്നമായിരുന്നു ‘എന്തുകൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങളിലേക്ക് വിശിഷ്യാ അവരിലെ തൊഴിലാളി വർഗ്ഗത്തിലേക്ക് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് കടന്നു ചെല്ലാൻ കഴിയാത്തത് ?’ എന്നത്. പുതിയ സാഹചര്യത്തിൽ വീണ്ടും ഇടതുപക്ഷം സജീവമായി ചർച്ചയിലേക്ക് ഉയർത്തേണ്ട ഒരു വിഷയമാണ് ഇത്. 

എൺപതുകൾക്ക് ശേഷം ഇന്ത്യയിൽ ഹിന്ദുത്വ വർഗീയതയ്ക്ക് ഉണ്ടായ വളർച്ച ഭരണകൂടത്തെ തന്നെ പിടിച്ചടക്കുന്ന പ്രതിവിപ്ലവഘട്ടത്തിലേക്ക് എത്തുന്നത് 2014 ലാണ്. ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന് നേരെയും ഇന്ത്യയിലെ വിവിധ സ്വത്വ ന്യൂനപക്ഷങ്ങൾക്ക് നേരെയും നവലിബറൽ ഹിന്ദുത്വ സഖ്യം അതിൻ്റെ ബുൾഡോസർരാജ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യാഴവട്ടമാണ് നമുക്ക് മുന്നിൽ കടന്നുപോകുന്നത്.

നവലിബറൽ  മുതലാളിത്തം അതിന്റെ ജീവിതഘട്ടത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് ലോകമെമ്പാടും കടന്നു പോകുന്നത്. അതിനെതിരായി ഉയർന്നു വരുന്ന ജനരോഷത്തെ സ്വത്വപരമായി വിഘടിപ്പിച്ചു കളയാനുള്ള ഉപാധികൂടിയാണ് ഇന്ത്യയിലെ തീവ്രവലതുപക്ഷത്തിന്റെ വർഗീയ രാഷ്ട്രീയം. അതിനായി പ്രത്യേകിച്ച്  ഇന്ത്യയിലെ  മുസ്‌ലീം , ദളിത് വിഭാഗങ്ങൾക്കെതിരെ കേന്ദ്രീകൃതമായ അതിക്രമങ്ങൾക്കാണ് രാജ്യം ഈ കാലയളവിൽ സാക്ഷ്യം വഹിച്ചത്.

ഗോരക്ഷകർ എന്ന പേരിൽ സംഘപരിവാറിൻ്റെ ക്രിമിനൽ സംഘങ്ങൾ രാജ്യമെമ്പാടും അഴിഞ്ഞാടി, മുഹമ്മദ് അഖ്ലാഖ്, പെഹ്‌ലു ഖാൻ, തബ്റേസ് അൻസാരി, ജുനൈദ്, നാസിർ തുടങ്ങി നിരവധി മനുഷ്യർ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എല്ലാകാലത്തും സംഘപരിവാർ രാഷ്ട്രീയം വളർന്നത് വർഗീയ കലാപങ്ങളിലൂടെയാണ്. ഡൽഹി, മുസാഫർ നഗർ , നൂഹ് തുടങ്ങിയ മേഖലകളിലെല്ലാം ഏകപക്ഷീയമായ മുസ്‌ലിം വിരുദ്ധ കലാപങ്ങൾക്കാണ് സർക്കാരുകൾ ചൂട്ടുപിടിച്ചത്. ഇതിനൊപ്പമാണ് ഉത്തർപ്രദേശിൽ നിന്നും സവിശേഷമായ ഒരു പുതിയ തീവ്രവാദ ആയുധം അജയ് ബിഷ്ട് വികസിപ്പിച്ചെടുത്തത്. തങ്ങൾക്ക് വെറുപ്പുള്ള സകലമനുഷ്യരുടേയും സ്ഥാപനങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുക എന്നതാണ് അത്.

ഉത്തരേന്ത്യയിലെ ഹിന്ദുത്വ – റിയൽ എസ്റ്റേറ്റ് ലോബി ഇത് തങ്ങൾക്ക് സ്വാധീനമുള്ള സകല മേഖലകളിലേക്കും വ്യാപിപ്പിച്ചു. മിക്കയിടത്തും ഇരകളായതാകട്ടെ പലപ്പോഴും ചേരികളിൽ നിവസിക്കുന്ന ഏറ്റവും ദരിദ്രരായ മുസ്ലീം ജനവിഭാഗങ്ങളും ദളിതരും. ഇതോടൊപ്പമാണ് ചരിത്രത്തിലാദ്യമായി പൗരത്വത്തിന് മതം ആധാരമാക്കുന്ന പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്ട്രറും കൊണ്ടുവരുന്നത്. മുസ്ലിം ജനവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് കീഴെ കുഴിമാന്താനുള്ള ഏജൻസിയായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഈ സർക്കാർ മാറ്റി. ഗ്യാൻവാപി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങളെ കുഴിച്ചു നോക്കുകയാണ് ഇപ്പോൾ എ.എസ്.ഐ.

തങ്ങൾക്ക് വെറുപ്പുള്ള സകലമനുഷ്യരുടേയും സ്ഥാപനങ്ങളും വീടുകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയാണ് സംഘപരിവാർ രാഷ്ട്രീയം

മദ്രസ്സാ നിയന്ത്രണം, ഹിജാബ് നിരോധനം, മുസ്ലീം വിവാഹമോചനത്തിനുള്ള ജയിൽ ശിക്ഷ  തുടങ്ങിയ ഏകപക്ഷീയമായ നിയമങ്ങളെ സാമുദായികമായി അടിച്ചേല്പിക്കപ്പെടുന്നത്. ഈ അവസ്ഥകളെ ആളിക്കത്തിക്കാൻ ഓരോ ദിവസവും ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കോളാമ്പി മൈക്കുകൾ പുറപ്പെടുവിക്കുന്ന വെറുപ്പിൻ്റെ പ്രസംഗങ്ങളും ഗോദി മാധ്യമങ്ങളുടെ വെറുപ്പ് നിർമാണ ഫാക്ടറികളും സജീവമായി രംഗത്തുമുണ്ട്.

തീർച്ചയായും മതേതരചേരിയിലുള്ള മുഴുവൻ മനുഷ്യരെയും ആശങ്കപ്പെടുത്തുന്നതാണ് മുകളിൽ സൂചിപ്പിച്ചതും അല്ലാതെയുമുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അക്രമണോത്സുകത. പക്ഷെ അതിനപ്പുറത്ത് ഒരു ശരാശരി മുസ്ലിമിന് സ്വത്വപരമായ ഒരു ഐക്യപ്പെടൽ മേൽപ്പറഞ്ഞ അക്രമങ്ങളിലെ ഇരകളോട് സ്വാഭാവികമായും ഉണ്ടാകും. കേരളത്തിലെ അവസ്ഥ പൊതു ഇന്ത്യനവസ്ഥയിൽ നിന്ന് വിഭിന്നമാണ്‌ – ഇവിടെ ശക്തമായ ഒരു മതനിരപേക്ഷ ഇടതുപക്ഷ ചേരി ഉണ്ടെന്നത് യാഥാർഥ്യമാണെങ്കിൽ പോലും മേൽസൂചിപ്പിച്ച അക്രമങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഇവിടെയും ഉണ്ടാകാം എന്നും തൻ്റെ മതപരമായ സ്വത്വം തനിക്കെതിരെയുള്ള ആക്രമണത്തിന് കാരണമായേക്കാമെന്നും സ്വാഭാവികമായി വിശ്വസിക്കാൻ ഏത് ന്യൂനപക്ഷ മത വിശ്വാസിക്കും ന്യായമായ കാരണങ്ങൾ കേരളത്തിലും ഉണ്ടാകാം. ഇവിടെയാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ – പ്രത്യേകിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ – ലീഗ് അണികളെ ഉപയോഗിച്ച് നടത്തിയ ഇടതുപക്ഷ വിരുദ്ധ ഹേറ്റ് ക്യാംപെയിൻ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിർണായകമായത്.

വോട്ടർപട്ടിക ക്രമപ്പെടുത്താനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആർ സർവേ മിക്കയിടത്തും പൗരത്വ ബില്ല് നടപ്പിലാക്കാൻ ഉള്ള പിണറായി സർക്കാറിൻ്റെ മുന്നൊരുക്കം എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടു. സ്വാഭാവികമായും കേരള സർക്കാർ ഉദ്യോഗസ്ഥർ സർവേക്ക് വന്നതും അവരുടെ ജോലിഭാരം മൂലം പലരും കർക്കശമായ നിലപാടെടുത്തതും പൗരത്വ ബില്ല് നടപ്പിലാക്കാനുള്ള ആദ്യപടി എന്ന നിലയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ലെങ്കിൽ പട്ടികയിൽ നിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെട്ടേക്കാം’ എന്ന് പോലും പ്രചരിപ്പിച്ചു.

എന്നാൽ ഇടതുപക്ഷമാകട്ടെ 2021 നൽകിയ ആത്മവിശ്വാസത്തിൻ്റെയും ‘വികസനം വോട്ടാകും’ എന്ന മിഥ്യാധാരണയുടെയും, അടിത്തട്ടിലെ സംഘടനാ ശക്തിക്കുണ്ടായ കുറവിൻ്റെയും കാരണങ്ങൾ കൊണ്ട് ഈ വെറുപ്പിൻ്റെ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ വിജയിച്ചുമില്ല. ഇതോടൊപ്പമാണ് വെള്ളാപ്പളിയുടെ പ്രസ്താവനകൾ, കാർയാത്ര, പിഎം ശ്രീ പോലുള്ള വിഷയങ്ങളിലെ പാളിച്ചകൾ വലിയതോതിൽ ‘ഇടതു ഹിന്ദുത്വ’ എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെട്ടത്.

ചുരുക്കി പറഞ്ഞാൽ സംഘപരിവാറിനോ കേന്ദ്രസർക്കാരിനോ എതിരായി ഉയരേണ്ട ജനരോഷത്തെ വളരെ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രത്യേകിച്ച് ഭരണത്തലവനായ പിണറായി വിജയനെതിരെ തിരിച്ചു വിടുന്നതിൽ യു ഡി എഫ് വിജയിച്ചു. ഈ പ്രോപഗണ്ടാ യുദ്ധത്തിന് യുഡിഎഫിനെ  പ്രാപ്തരാക്കിയ പ്രധാന ഘടകങ്ങളിലൊന്ന് യുഡിഎഫിൻ്റെ അനൗപചാരിക ഘടകകക്ഷി എന്ന നിലയിൽ ജമാഅത്തെ ഇസ്ലാമിയുടെ ആശയനിർമാണ സാധ്യതയും അത് പ്രചരിപ്പിക്കാനുള്ള ലീഗിൻ്റെ സംഘടനാശേഷിയുമാണ്.

ഒരർത്ഥത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ  കേരളത്തിൻ്റെ പോരാട്ടങ്ങളെ ഭാവിയിലും പിന്നിൽ നിന്ന് കുത്താൻ ശേഷിയുള്ള അപകടകരമായ ഒരു കൂട്ടുകെട്ടാണിത്. അതുകൊണ്ടുതന്നെ അതിന്റെ ചരിത്രവും രാഷ്ട്രീയസാമ്പത്തികാടിത്തറയും ഇടതുപക്ഷം പഠനവിധേയമാക്കേണ്ടതുണ്ട്.

പികെ കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ

ലീഗ് രൂപീകരണവും കമ്മ്യുണിസ്റ്റ് വിരുദ്ധതയും

1906 ഡിസംബർ 30ന് ധാക്കയിൽ രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ മുസ്ലിം ലീഗിൻ്റെ മലബാർ ജില്ലാഘടകം കണ്ണൂരിൽ വെച്ച് രൂപീകരിക്കപ്പെടുന്നത് 1936 മെയ്‌ 21ന് മാത്രമാണ്. കട്ടക്കാട്ട് അഹമ്മദ് കുഞ്ഞി ഹാജിയും 20 പേരും പങ്കെടുത്ത യോഗം തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കാൻ തീരുമാനിച്ചു. അറക്കൽ സുൽത്താൻ അബ്ദുറഹ്മാൻ അലി രാജയായിരുന്നു മലബാർ ഘടകത്തിൻ്റെ ആദ്യ പ്രസിഡൻ്റ്, 1931-35 വർഷങ്ങളിൽ തലശ്ശേരി നഗരസഭാംഗമായിരുന്ന. ഹാജി അബ്ദു സത്താർ സേട്ടായിരുന്നു ജനറൽ സെക്രട്ടറി. സിപി മമ്മുകേയി, കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജി തുടങ്ങി ഭൂജന്മിമാരും, വൻകിട വ്യാപാരികളുമായ അതിസമ്പന്നർക്കായിരുന്നു തുടക്കം മുതലേ ലീഗിൻ്റെ നേതൃത്വം. സ്വാതന്ത്ര്യാനന്തരം 1948 മാർച്ച്‌ 10ന് മദ്രാസ്സിലെ രാജാജി ഹാളിൽ ചേർന്ന കൺവെൻഷനിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് രൂപീകരിക്കപ്പെടുകയും ഖാഇദെ മില്ലത്ത് മുഹമ്മദ്‌ ഇസ്മയിൽ സാഹിബ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വിഭജനത്തിൻ്റെ ചോരപ്പുഴ കണ്ട പലരും മുസ്ലിം ലീഗ് പുനരുജ്ജീവിപ്പിച്ചതിൽ പ്രതിഷേധിച്ച് സംഘടന വിട്ടു പോയി. മലബാറിൽ വിപി ഹസ്സൻ കോയ എം.എൽ.എ സ്ഥാനം രാജി വെച്ചു. മലബാർ ജില്ലാ പ്രസിഡൻ്റ് ആയിരുന്ന സത്താർ സേട്ട് പാക്കിസ്ഥാനിലേക്ക് കുടിയേറിയത് ലീഗിന് കടുത്ത ആഘാതമായി. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1956 നവംബർ 18ന് എറണാകുളത്ത് ചേർന്ന പ്രതിനിധി സമ്മേളനം ബാഫഖി തങ്ങൾ പ്രസിഡൻ്റ് ആയും കെഎം സീതി സെക്രട്ടറി ആയും മുസ്ലിം ലീഗ് കേരള ഘടകം രൂപീകരിച്ചു.

മലബാർ കലാപത്തിന് ശേഷം കോൺഗ്രസ്‌ സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടുകളുടെ ഉച്ചസ്ഥായിയിലാണ് അതു വരെ തലശ്ശേരിയിലെ ധനാഢ്യരുടേയും, വക്കീലന്മാരുടെയും, വൻകിട കച്ചവടക്കാരുടെയും സംഘം മാത്രമായിരുന്ന ലീഗിന് ദക്ഷിണ മലബാറിലേക്കും, ഉൾഗ്രാമങ്ങളിലേക്കും വളരാനവസരം കിട്ടിയത്. ലീഗ് സംസ്ഥാന ഘടകം രൂപികരിക്കപെട്ട ശേഷം ജനറൽ സെക്രട്ടറി സീതി സാഹിബ് “മുസ്ലിം ലീഗ് എന്ത്, എന്തിന് ?” എന്ന പേരിൽ ഒരു സർക്കുലർ ശാഖകൾക്ക് അയച്ചുകൊടുത്തു. ലീഗ് ചരിത്രത്തിൽ നിർണ്ണായകമായ ആ സർക്കുലർ ഇങ്ങനെ പറയുന്നു

കെഎം സീതി സാഹിബ്

“മുസ്ലിം ലീഗിന്റെ അഭാവത്തിൽ മുസ്ലിംങ്ങൾ പലരും കമ്യൂണിസ്റ്റ് ആദിയായ പാർട്ടികളിൽ ചേർന്ന് പോയതും, ലീഗിൻ്റെ സംഘടന വന്നതോട് കൂടി അവരിൽ ഒരു വലിയ വിഭാഗം ലീഗിൽ ചേരുക വഴി ഇസ്ലാമിൻ്റെ വൃത്തത്തിലേക്ക് വീണ്ടും വന്നതും ലീഗിൻ്റെ അത്യാവശ്യകത സന്ദേഹമന്യേ തെളിയിച്ചിരിക്കുന്നു”

ഈ ചരിത്ര സന്ദർഭത്തിൽ പൊന്നാനി ഒരു വ്യതിരിക്തതയായി നിന്നു. ഒരു പക്ഷേ ഇന്നും പാഠങ്ങൾ മുന്നോട്ട് വെക്കുന്ന ഒരു മാതൃക. 1939ൽ പൊന്നാനിയിലെ ബീഡി തൊഴിലാളികൾ ഐതിഹാസികമായ ഒരു സമരം നടത്തി. തൊഴിലാളികളിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. അന്നവർ പൊന്നാനിയുടെ തെരുവിൽ ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിച്ചു

ജോലി വിയർപ്പുകൾ മാറും മുമ്പേ /

കൂലി കൊടുക്കണമെന്നരുൾ ചെയ്തോൻ /

കൊല്ലാക്കൊലകളെതിർക്കും നബി/

സല്ലല്ലാഹു അലൈഹിവസല്ലം /

ഇങ്കലാബ് സിന്ദാബാദ്”

കമ്പനി ഉടമകളായ മുസ്ലീങ്ങളും, ഹിന്ദു ജന്മിമാരും സമരത്തെ ക്രൂരമായി നേരിട്ടു. പ്രവർത്തകർ ജയിലിലടക്കപ്പെട്ടു. പൊന്നാനിയുടെ ചരിത്രത്തിലാദ്യമായി മുസ്ലീം സ്ത്രീകൾ തെരുവിലിറങ്ങി സമരം ചെയ്തു.

കമ്പനി പൂട്ടി കമ്പനി ഉടമ /

കുമ്പ നിറച്ചു സുഖിച്ചീടുമ്പോൾ /

ബീഡി തെരച്ചു തെരച്ചിഹ നിത്യം /

വീട് പുലർത്തും തൊഴിലാളികളോ/

പട്ടണ നടുവിൽ പണിയില്ലാതെ /

പട്ടികളെ പോലുഴലീടുന്നു /

എങ്ങിനെ പോക്കും വീടുകൾ ഞങ്ങൾ /

എങ്ങിനെ പോക്കും റംസാൻ കാലം”

1921നും 1957നും ഇടയിൽ മലബാറിൻ്റെ മണ്ണിൽ നടന്ന എടുത്തു പറയാവുന്ന തൊഴിലാളി മുന്നേറ്റങ്ങളിലൊന്നായിരുന്നു പൊന്നാനി സമരം. യാന്ത്രിക വർഗ്ഗ രാഷ്ട്രീയത്തിനും കേവല സ്വത്വവാദത്തിനും വിരുദ്ധമായി നടന്ന ഈ മുന്നേറ്റമാണ് പൊന്നാനിയുടെ മണ്ണിൽ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിനു അടിത്തറ പാകിയത്‌.

ഭൂപ്രമാണി-കച്ചവട സാമുദായിക നേതൃത്വവും തൊഴിലാളിവർഗ്ഗ അണികളും എന്ന വൈരുദ്ധ്യം ആരംഭ കാലം മുതൽ തന്നെ ലീഗിൻ്റെ മുഖമുദ്രയായിരുന്നു. എന്നാൽ കലാപാനന്തരം സൃഷ്ടിക്കപെട്ട സാമുദായിക ഐക്യവും ഒരു സമ്മർദ്ദ ശക്തി എന്ന നിലയിൽ ഇടതു-വലതു സർക്കാരുകളിൽ നിന്ന് നേടിയെടുത്ത വിഭവങ്ങളും മുൻനിർത്തി മുന്നോട്ടു പോയ ലീഗിൻ്റെ പ്രത്യയശാസ്ത്ര നിലപാടുകളിൽ ഗണ്യമായ മാറ്റം വരുന്നത് എഴുപതുകളിലാണ്‌. ഭൂപരിഷ്കരണത്തിൻ്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് വർഗ്ഗ താല്പര്യങ്ങളിലുണ്ടായ വൈരുദ്ധ്യമാണ് 1967 ലെ ഇടതു – ലീഗ് ഏച്ചുകെട്ടലിനു അന്ത്യം കുറിച്ചത്.

ഇഎംഎസ്

എണ്ണഡോളറിൻ്റെ സ്ഥാപനത്തോടെ സാമ്രാജ്യത്വം മധ്യേഷ്യയിൽ പിടിമുറുക്കുകയും, വർദ്ധിച്ചുവരുന്ന ‘ഇസ്ലാമിക സോഷ്യലിസത്തിൻ്റെ സ്വാധീനം തകർക്കുന്നതിനായി ‘ഇസ്ലാമിക പോപ്പായി’ സൗദി ഭരണകൂടത്തെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. ഈജിപ്ത് മുതൽ ഇന്തോനേഷ്യ വരെ വ്യാപിച്ച ഇസ്ലാമിക സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾ ഇല്ലാതാവുകയും പെട്രോ ഡോളർ ചാരിറ്റിയുടെ അടിസ്ഥാനത്തിൽ തികച്ചും സാമ്രാജ്യത്വ മുതലാളിത്ത വിധേയമായ ഒരു പുത്തൻ സാമുദായിക രാഷ്ട്രീയം ഉയർന്നു വരികയും ചെയ്തു. വിമോചന പോരാട്ടങ്ങളിൽ സഖ്യ കക്ഷികളായിരുന്ന ഇടതു പക്ഷം നിരീശ്വരവാദികളായി ശത്രുപക്ഷത്ത് അവരോധിക്കപെട്ടു.

മുസ്ലീംലീഗ് വിശകലനത്തിനുള്ള എറ്റവും നല്ല ഉപാധി ഗ്രാംഷിയുടെ അധീശത്വ സങ്കല്പമാണ്. വ്യക്തി ജീവിതത്തിലെ ‘സ്വാധീനവും’ ( force ) ബൗദ്ധികവും ധാർമ്മികവുമായ നേതൃത്വവും(intellectual and moral leadership) വഴി അധീശവർഗ്ഗത്തിന് തങ്ങൾ മൊത്തം സമുദായത്തിൻ്റെ താല്പര്യ സംരക്ഷകരാണെന്ന പൊതു ബോധം സൃഷ്ടിക്കാനും അങ്ങനെ വർഗ്ഗാതീതമായ ഒരൈക്യം കെട്ടിപ്പെടുക്കാനും കഴിയുന്നു.

മോഡേൺ പ്രിൻസിൽ ഗ്രാംഷി ചൂണ്ടിക്കാട്ടുന്ന സമഗ്രാധിപത്യ പാർട്ടിയുടെ പ്രവണതകൾ ശ്രദ്ധേയമാണ്. അധീശപരമായ ഒരു പൊതുബോധത്തെ സൃഷ്ടിക്കുകയും അതുവഴി പാർട്ടി നേതൃത്വത്തിൻ്റെ വർഗ്ഗ താല്പര്യത്തെ സമൂഹത്തിന്റെ പൊതു താല്പര്യമായി മുന്നോട്ട് വെക്കുകയും ചെയ്യുന്നത പ്രവണത ലീഗിനും ബാധകമാണ്.

ചരിത്രപരമായ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസവും മറ്റ് സാമൂഹിക മൂലധനങ്ങളും നിഷേധിക്കപ്പെട്ടവരാണ് കേരളത്തിലെ ഭൂരിപക്ഷം മുസ്ലീങ്ങളും. വയനാട്ടിലെ തോട്ടം തൊഴിലാളികളും, തീരദേശത്തെ മത്സ്യ തൊഴിലാളികളും, ചെറുകിട ഉത്പാദകരും കച്ചവടക്കാരും, തൊഴിലാളി പ്രവാസികളും എല്ലാമടങ്ങുന്നവർ. ഇവരാണ് ലീഗിൻ്റെ അണികളിൽ ബഹുഭൂരിപക്ഷവും എന്നാൽ നേതൃത്വമാകട്ടെ മുൻ സൂചിപ്പിച്ച പോലെ ഭൂപ്രമാണി– വൻകിട കച്ചവടക്കാരോ, ഗൾഫ് കുടിയേറ്റത്തിലൂടെ അതിസമ്പന്നരായ ഒരു ചെറു വിഭാഗത്തിൻ്റെയോ പ്രതിനിധികളാണ്.

മേൽ സൂചിപ്പിച്ച അണികൾ നവലിബറൽ സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള ഇരകളാണ്. എന്നാൽ നേതൃത്വമാകട്ടെ ഈ നയങ്ങളുടെ ഗുണഭോക്താക്കളും. ഈ വൈരുദ്ധ്യത്തെ ലീഗ് നേരിടുന്നത് എഴുപതുകൾ മുതൽ പെട്രോ ഡോളറിൻ്റെ കരുത്തിൽ വഹാബിസം മുന്നോട്ട് വെച്ച ചാരിറ്റിയുടെ അതേ സാധ്യതകൾ ഉപയോഗിച്ചും, ജീവിത പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം വൈയക്തിക തലത്തിൽ ഉണ്ടായ ധാർമിക ശോഷണമാണെന്ന പൊതു ബോധം സൃഷ്ടിച്ചുമാണ്. അങ്ങനെ ഒരേ സമയം ലീഗിലൂടെ ഇഹലോകത്തെ ചാരിറ്റിയും പരലോകത്തെ സ്വർഗ്ഗവും അണികൾക്ക് ലഭ്യമാകുന്നു.

തൊണ്ണൂറുകൾ മുതൽ തുടരുന്ന നവലിബറൽ കടന്നാക്രമണം എറ്റവുമധികം ബാധിച്ചത് മേൽസൂചിപ്പിച്ച വിധം തോട്ടം തൊഴിലാളികളും, തീരദേശത്തെ മത്സ്യ തൊഴിലാളികളും, ചെറുകിട ഉത്പാദകരും കച്ചവടക്കാരും, തൊഴിലാളി പ്രവാസികളും അടങ്ങുന്ന ലീഗിൻ്റെ അണികളെ കൂടിയാണ്. എന്നിട്ടും ഇക്കാലമത്രയും ഈ വിഷയത്തെ കുറിച്ച് ഒരു നിലപാടെടുക്കാൻ പോലും ലീഗ് തയാറായിട്ടില്ലെന്ന് മാത്രമല്ല അധികാരത്തിൽ വരുമ്പോഴൊക്കെ നവലിബറൽ നയങ്ങളുടെ പ്രധാന വക്താക്കളും നടത്തിപ്പുകാരുമായി ലീഗ് മാറുകയും ചെയ്യുന്നു.

സി എച്ച് സെൻ്റർ, കെ.എം.സി.സി, യത്തീം ഖാനകൾ, ശിഹാബ് തങ്ങളുടെ പേരിലുള്ള നൂറു കണക്കിനു സംഘടനകൾ എന്നിവയിലൂടെ ‘പ്രതീക്ഷ നഷ്ടപ്പെട്ട സമൂഹത്തിനു മുന്നിൽ പ്രതീക്ഷയായി’ എത്താൻ ലീഗിന് കഴിയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ഭവന നിർമാണം തുടങ്ങിയ നിരവധി പദ്ധതികൾ ചാരിറ്റിയായി എറ്റെടുത്തു നടത്തുന്ന ലീഗ് ചോദ്യം ചെയ്യപ്പെടാത്ത വിധേയത്തമാണ് അണികളിൽ സൃഷ്ടിക്കുന്നത്. ഭൂരിപക്ഷം പള്ളി കമ്മിറ്റികളും നിയന്ത്രിക്കുന്നതിലൂടെ ഒരു ശരാശരി മുസ്ലീമിൻ്റെ ജനനം മുതൽ മരണം വരെ ഉടനീളം ഇടപെടാൻ ലീഗിന് കഴിയുന്നു. (അതുകൊണ്ടാകും യഥാർത്ഥ പാർട്ടി ഗ്രാമങ്ങൾ മലപ്പുറത്താണെന്ന് പണ്ടൊരു ജേണലിസ്റ്റ് എഴുതിയത്)

നവലിബറൽ കാലത്ത് സകല ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നുമുള്ള സ്റ്റേറ്റിൻ്റെ പിന്മാറ്റം ഈ ചാരിറ്റി രാഷ്ട്രീയത്തിന് വലിയ സാധ്യതയാണ് തുറന്നു കൊടുക്കുന്നത്. അതുകൊണ്ടാണ് കേരളത്തിൻ്റെ പൊതു ആരോഗ്യ മേഖലയെ തകർത്തു തരിപ്പണമാക്കിയ യു.ഡി.എഫ് ഭരണത്തിൻ്റെ ഭാഗമാകുമ്പോൾ തന്നെ ആരോഗ്യ രംഗത്തെ മുഖ്യ ചാരിറ്റി പ്രവർത്തകരായി മാറാനും ലീഗിന് കഴിയുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും വീട് ലഭിക്കുമായിരുന്ന ഇ.എം.എസ് ഭവന പദ്ധതി തകർത്ത അതേ ലീഗ് തന്നെ ബൈത്തുർറഹ്മയുടെ ചാരിറ്റിയുമായി വീടുണ്ടാക്കാൻ ഇറങ്ങുന്നത്. ഇങ്ങനെ ഒരേ സമയം സാമൂഹിക സുരക്ഷാ പദ്ധതികളെ തകർക്കുന്ന നയത്തിൻ്റെ നടത്തിപ്പുകാരായും അതേ സമയം അങ്ങിനെ ഓരം ചേർക്കപ്പെട്ടവരുടെ മുന്നിൽ ചാരിറ്റിയായും ലീഗ് എത്തുന്നു.

അധീശത്വം എന്നത് സ്വാഭാവികമോ സ്വയം പ്രേരിതമോ അല്ല അത് നിലനിർത്താൻ നിരന്തരമായ ‘ഇടപെടലുകൾ’ കൂടിയേ മതിയാകൂ. പ്രത്യേകിച്ച് സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന കാലങ്ങളിൽ. ലീഗിൻ്റെ ഈ ‘ഇടപെടലാണ്’ ധാർമ്മികതയുടെ പാഠങ്ങളായി അണികളിൽ എത്തിക്കുന്ന മത പ്രഭാഷണങ്ങൾ. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളുടെയും അടിസ്ഥാനം വ്യക്തിപരമായ ധാർമ്മികതയിൽ / മതബോധത്തിൽ വന്ന കുറവാണെന്നും അത് തിരിച്ചു പിടിച്ച് സ്വർഗ്ഗം നേടുകയാണ്‌ വേണ്ടതെന്നും നിരന്തരമായ മത പ്രഭാഷണങ്ങളിലൂടെ സ്ഥാപിച്ചെടുക്കപ്പെടുന്നു.

കേരളത്തിലിപ്പോൾ നടക്കുന്ന ഏറ്റവും പ്രധാന ബൗദ്ധിക ഇടപെടൽ ഗ്രാമ ഗ്രാമാന്തരങ്ങൾ തോറും നടത്തപ്പെടുന്ന ഈ മത പ്രഭാഷണങ്ങളാണ്. വിലക്കയറ്റവും, വിളനാശവും, തൊഴിലില്ലായ്മയും, ആരോഗ്യ പ്രശ്നങ്ങളും, ഉയർന്ന ഫീസും മുതൽ ബീഫ് കഴിച്ചാൽ കൊല്ലപ്പെടുന്നത് വരെ മതബോധത്തിൽ വന്ന കുറവ് കൊണ്ടാണെന്ന് ഈ പ്രഭാഷണങ്ങളിൽ സ്ഥാപിക്കപ്പെടും. വ്യവസ്ഥയും ചൂഷകരും ചർച്ചയിലെവിടെയും വരുകയുമില്ല.

ഇങ്ങനെ നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായ ലീഗിന് അതേ നയങ്ങളുടെ പ്രായോജകരായ സംഘപരിവാരിനോടുള്ളത് അടവുപരമായ ശത്രുത മാത്രമാണ്. ലീഗിനെ സംബന്ധിച്ചിടുത്തോളം ഹിന്ദുത്വ ഫാഷിസമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് ഭീതി പടർത്തി വോട്ടുനേടാനുള്ള പ്രയോഗം മാത്രമാണ്. തങ്ങളുടെ വർഗ്ഗ താല്പര്യങ്ങളെ ഹനിക്കാത്തിടത്തോളം ലീഗിന് ഫാഷിസമെന്നത് ‘പുലി വരുന്നേ കഥയിലെ പുലി മാത്രമാണ്’. അതുകൊണ്ടാണ് പഞ്ചായത്ത് മുതൽ പാർലമെൻ്റ് വരെ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറുമായി കൂട്ടുകൂടാൻ ലീഗ് മടിക്കാത്തതും മുഖ്യ ശത്രുവായി ഇടതുപക്ഷത്തെ ഉയർത്തിക്കാണിക്കുന്നതും.

ജമാഅത്തെ ഇസ്‌ലാമി – നഞ്ചെന്തിന് നാനാഴി

പത്താൻകോട്ടിലെ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ ആസ്ഥാനത്ത് നിന്നും പഠിച്ചിറങ്ങിയ വിപി മുഹമ്മാദാലി 1944 ൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു. 1948ലാണ് വളാഞ്ചേരിയിലും, കോഴിക്കോട്ടും ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ലീഗിൻ്റെ രാഷ്ട്രീയ നിലപാടുകളും ജിന്നയോടുള്ള ജമാഅത്തിൻ്റെ ശത്രുതയും കേരളത്തിലെ ജമാഅത്തും ലീഗും ആദ്യഘട്ടത്തിൽ തന്നെ ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതിന് കാരണമായി. 1948 ആഗസ്ത് 21ന് കോഴിക്കോട് ചേർന്ന വിശേഷാൽ സമ്മേളനത്തിൽ വെച്ച് വളാഞ്ചേരി ആസ്ഥാനമാക്കി ഒരു ഓഫീസ് പ്രവർത്തനം ആരംഭിക്കാനും ഖയ്യിം (സെക്രട്ടറി ) ആയി വിപി മുഹമ്മദലിയെ നിയമിക്കാനും പ്രബോധനം മാസിക പ്രവർത്തനം ആരംഭിക്കാനും തീരുമാനിച്ചു. 12 അംഗ ശൂറയെയും സമ്മേളനം തെരഞ്ഞെടുത്തു.

വിപി മുഹമ്മദാലി

ഉത്തരേന്ത്യൻ – കാശ്മീർ ഘടകങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിൻ്റെ സവിശേഷമായ സാഹചര്യത്തിൽ ഇവിടുത്തെ ബൗദ്ധിക മേഖലയിൽ ഇടപെടാനും സ്വാധീനമുറപ്പിക്കാനുമാണ് ജമാഅത്തെ ഇസ്ലാമി ആദ്യമേ ശ്രമിച്ചത്. 1969 ലെ അവരുടെ സംസ്ഥാന സമ്മേളനത്തിൽ വലിയതോതിൽ സ്ത്രീകളെ ഉൾപ്പെടെ പങ്കെടുപ്പിക്കാനും പിടി ഭാസ്കരപ്പണിക്കർ, എൻ വി കൃഷ്ണവാര്യർ, ബിഷപ്പ് പത്രോണി തുടങ്ങിയവരെ പങ്കെടുപ്പിച്ച് തങ്ങളുടെ പുരോഗമന മുഖംമൂടി ദൃഢപ്പെടുത്തനും അവർ ശ്രമിച്ചു. 1983ൽ ചേർന്ന ദഅവത്ത് നഗർ സമ്മേളനത്തിൽ സുകുമാർ അഴീക്കോട്, എന്‍.പി. മുഹമ്മദ്, എം.പി.മന്മദൻ, അബ്ദുല്ല അടിയാര്‍, സേട്ടു സാഹിബ്, ടി.ഒ.ബാവ, മൂര്‍ക്കോത്ത് കുഞ്ഞപ്പ, ഡോ. മാര്‍ അപ്രേം മുതലയാവര്‍ പങ്കെടുത്തു. ഇങ്ങനെ ഒരു ‘സാംസ്കാരിക സംഘടന’ എന്ന ആർഎസ്എസിൻ്റെ അതേ മുഖംമൂടി കേരളത്തിൽ സമർത്ഥമായി പ്രയോഗിക്കാൻ തുടക്കം മുതൽ ജമാഅത്തും ശ്രമിച്ചു.

എൺപതുകളോടെ കേരളത്തിൽ സജീവമായ ഗൾഫ് സ്വാധീനം രാഷ്ട്രീയ ഇസ്ലാമിന്‌ കേരളത്തിൽ പുതിയ സ്വീകാര്യത നൽകി. സോവിയറ്റ് യുണിയനെതിരായ മുജാഹിദ്ദീൻ ജിഹാദിനെ കേരളത്തിലെ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായ വികാരമാക്കി തിരിച്ചു വിടാൻ ജമാഅത്ത് ശ്രമിച്ചു. എൺപതുകളിൽ ഇന്ത്യയിൽ ശക്തി പ്രാപിച്ച ഹിന്ദുത്വ  രാഷ്ട്രീയവും അവർക്ക് സഹായകരമായി. ശരിയത്ത് വിവാദകാലത്താണ്  ജമാഅത്തെ ഇസ്ലാമി കേരളത്തിൻ്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ നിർണായക സ്വാധീനം നേടുന്നത്.

1984ൽ ഡിവൈഎഫ്ഐ സമ്മേളനത്തിൽ ചരിത്രകാരൻ ഇർഫാൻ ഹബീബ് നടത്തിയ ശരിയത്ത് വിമർശനമാണ് കേരളത്തിൽ ശരിയത്ത് വിവാദത്തിന് തുടക്കം കുറിക്കുന്നത്. ഇ എം എസ് ഈ നിലപാടിനെ പിന്തുണച്ചു വന്നതോടെ മുസ്ലിം മതപൗരോഹിത്യം അദ്ദേഹത്തിനെതിരെ കടുത്ത എതിർപ്പുമായി രംഗത്ത് വന്നു. ഷാഹ്ബാനു കേസിൻ്റെ വിധിയോടെ ഈ വിവാദം കേരളത്തിൽ ആളിക്കത്തി. കേരളീയ സാമുദായിക രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാനുള്ള സുവർണാവസരമായി ജമാഅത്തെ ഇസ്ലാമി ഈ വിവാദത്തെ ഉപയോഗിച്ചു.

ഇർഫാൻ ഹബീബ്

ശരീഅത്ത് വിവാദ പശ്ചാത്തലത്തില്‍ വ്യത്യസ്ത ആശയ ഗതിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരളത്തിലുടനീളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.  ‘ശരിയത്ത് പതിപ്പ് ‘ ഉൾപ്പെടെ പുറത്തിറക്കി ഈ വിവാദത്തിലെ ബൗദ്ധിക നേതൃത്വമാകാൻ ജമാഅത്ത് ശ്രമിച്ചു. മുൻപുണ്ടായിരുന്ന അഭിപ്രായഭിന്നതകൾ മറന്ന് ജമാഅത്തിനൊപ്പം അണിനിരക്കാൻ മുസ്ലിം സംഘടനകളും തയ്യാറായി. അഖിലേന്ത്യാ ലീഗും മുസ്ലിം ലീഗും ഒന്നിക്കുന്നതിനും ഇത് അവസരമൊരുക്കി. എന്നാൽ പരമ്പരാഗത സുന്നികളിലെ ഒരു വിഭാഗം ഈ അപകടം അന്നേ തിരിച്ചറിഞ്ഞു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗങ്ങൾക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ ജമാഅത്തെ ഇസ്ലാമിക്കൊപ്പം വേദി പങ്കിട്ട സമസ്ത ജനറൽ സെക്രട്ടറി ഇ കെ അബൂബക്കർ മുസ്‍ലിയാർക്കെതിരെ എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലെ വിഭാഗം പ്രതിഷേധിക്കുകയും, ഇത് സമസ്തയുടെ പിളർപ്പിലേക്ക് നയിക്കുകയും ചെയ്തു.

ശരിയത്ത് വിവാദത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താവ് ജമാഅത്തെ ഇസ്ലാമിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് മുസ്ലിം സംഘടനകൾ ഒരുക്കിയ വേദികളിൽ ശരിയത്തിനൊപ്പം തങ്ങളുടെ രാഷ്ട്രീയവും പ്രചരിപ്പിക്കാൻ ജമാഅത്തിനായി. സമസ്തയിലുണ്ടായ പിളർപ്പിൻ്റെ ഭാഗമായി സുന്നി ജനവിഭാഗങ്ങളിലുണ്ടായ ആശയക്കുഴപ്പവും നിരാശയും ജമാഅത്ത് മുതലെടുത്തു. ഈ ഘട്ടത്തിൽ തന്നെയാണ് നിഷ്പക്ഷതയുടെ പ്രച്ഛന്നവേഷത്തിൽ ‘മാധ്യമം’ ദിനപത്രവും കേരളത്തിൽ ആരംഭിക്കുന്നത്. പികെ ബാലകൃഷ്ണനെ പോലെ സ്വീകാര്യനായ ഒരാളെ പത്രാധിപരാക്കിയും ലിബറൽ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളുമായി മാധ്യമത്തിന് സാവധാനം കേരളത്തിലെ നിർണായക സ്ഥാനം നേടാനായി.

മാധ്യമം – സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ്

സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ തൊണ്ണൂറുകളിൽ വ്യാപകമായ ഉത്തരാധുനിക രാഷ്ട്രീയത്തെ കേരളത്തിൻ്റെ മണ്ണിൽ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു ജമാഅത്തെ ഇസ്ലാമി. മതേതരത്വം, ജനാധിപത്യം, ദേശീയത, മാർക്സിസം തുടങ്ങിയ ആശയങ്ങളോട് ജമാഅത്തെ ഇസ്ലാമിക്കുണ്ടായിരുന്ന എതിർപ്പിനെ ഇതേ ‘ബൃഹദാഖ്യാന’ ആശയങ്ങളോടുള്ള ഉത്തരാധുനികതയുടെ എതിർപ്പുമായി കൂട്ടിച്ചേർക്കാൻ അവർക്കായി. ഇന്ത്യൻ മതേതരത്വ സങ്കൽപം തീർച്ചയായും പ്രശ്നവത്കരിക്കേണ്ടതുണ്ട്. പക്ഷെ അത് കൂടുതൽ മെച്ചപ്പെട്ട ഒരു മതേതര സങ്കൽപ്പത്തിന് വേണ്ടിയാകണം. പകരം മതേതരത്വത്തെ തന്നെ നിഷേധിക്കുന്ന വിധം അതിനെ അപനിർമ്മിക്കുന്ന സമീപനമാണ് ജമാഅത്തെ ഇസ്ലാമിയും അവരുടെ പോഷക സംഘടനകളും ചെയ്തത്. 

മതേതരത്വത്തെ ‘സെക്കുലറിസം’ എന്ന് ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധിജീവികളും സംഘപരിവാറുകാരും ഒരേപോലെ വിശേഷിപ്പിക്കുന്നത് യാദൃശ്ചികമല്ല. എല്ലാ പരിമിതികൾക്കകത്തും ഇന്ത്യൻ മതേതരത്വത്തിൻ്റെ വിശ്വാസ്യത തകർക്കുന്നത് മതരാഷ്ട്രവാദികൾക്ക് ഗുണം ചെയ്യും എന്ന് ഇരുകൂട്ടർക്കും നന്നായറിയാം.

കേരളീയ ബൗദ്ധിക വ്യവഹാരത്തിൽ ഇടതുപക്ഷത്തിനുണ്ടായിരുന്ന മേൽക്കോയ്മ തകർക്കാൻ ഒരു ഉത്തരാധുനിക ഇടതുപക്ഷത്തെ പകരം വെക്കുകയായിരുന്നു മാധ്യമം വാരികയിലൂടെ  ജമാഅത്തെ ഇസ്ലാമി. പരിസ്ഥിതി, വികസനം, ഹിന്ദുത്വ തുടങ്ങിയവയുടെ വിമർശനാത്മക പാഠങ്ങളുമായി മാധ്യമം വാരിക അതിനു നേതൃത്വം നൽകി. സ്ത്രീപ്രശ്നം, ഭിന്ന ലൈംഗികത, രാഷ്ട്രീയ ഇസ്ലാം, തുടങ്ങി തങ്ങൾക്ക് യാഥാസ്ഥിതിക നിലപാടുള്ള വിഷയങ്ങളിലെല്ലാം അർത്ഥഗർഭമായ മൗനം മാധ്യമം പാലിച്ചു. ഉത്തരാധുനിക നവസാമൂഹിക പ്രസ്ഥാനങ്ങളുടെയും, മാർക്സിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെയും ജിഹ്വയായി മാറാൻ അവർക്ക് കഴിഞ്ഞു.

മാധ്യമം വാരികയിലൂടെ സൃഷ്ടിക്കപ്പെട്ട ആശയ പരിസരത്തിൻ്റെ സംഘടനാ രൂപമായിരുന്നു 2003ൽ പ്രവർത്തനം ആരംഭിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ്. ഏത് വികസന പ്രവർത്തനത്തിലും പാരിസ്ഥിതികവും സാമൂഹികവുമായ ചില വിലകൾ നൽകേണ്ടി വരും. അതിനെ അടർത്തിയെടുത്ത് ഭീതിയും, ആശങ്കയും സൃഷ്ടിക്കുന്ന സമരരൂപങ്ങൾക്ക് നേതൃത്വം നൽകുക എന്ന നയമാണ് സോളിഡാരിറ്റി പ്രധാനമായും അവലബിച്ചത്. മാലിന്യ സംസ്കരണ പ്രശ്നം, വികസന പദ്ധതികളുമായി ബന്ധപ്പെട്ട കുടിയൊഴിക്കലുകൾ, ആദിവാസി–ദളിത് പ്രശ്‍നങ്ങൾ, തുടങ്ങിയവയെല്ലാം വിശാലമായ സാമൂഹിക സന്ദർഭത്തിൽ നിന്നടർത്തിമാറ്റി ഒറ്റപ്പെട്ട ലഘു ആഖ്യാനങ്ങളായി ആണ് അവതരിപ്പിക്കപ്പെട്ടത്. ജാതി പ്രശ്നത്തെ അഭിസംബോധന ചെയ്തപ്പോഴൊക്കെ മുസ്ലിം സമുദായത്തിനകത്തെ വേർതിരിവുകളെയും ജാതീയതയെയും കുറിച്ച് മൗനം പാലിക്കാൻ ശ്രമിച്ചു.

സമീപകാലത്ത് ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ പോഷക സംഘടനകളും നവലിബറൽ നയങ്ങൾ, മുതലാളിത്തം, സാമ്രാജ്യത്വം എന്നിവയുടെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ‘മുതലാളിത്തവുമില്ല സോഷ്യലിസവുമില്ല അതിൻ്റെ മധ്യമാർഗമാണ് നമുക്ക് വേണ്ടത്’ എന്ന മൗദൂദിയുടെ വാചാടോപ (rhetoric) നിലപാടിന് വിരുദ്ധമായ ഒന്നായി ഇത് അനുഭവപ്പെടാം. ഇന്ത്യൻ കൊളോണിയലിസത്തോടുള്ള മൗദൂദിയുടെ വിമർശനം അത് ഇന്ത്യൻ സാമൂഹത്തിൽ ഏൽപ്പിക്കുന്ന ചൂഷണം കൊണ്ടായിരുന്നില്ല മറിച്ച് ധാർമികവും മൂല്യപരവുമായ തിന്മകളായ സ്ത്രീസ്വാതന്ത്ര്യം, മതേതരത്വം, ദേശീയത തുടങ്ങിയവ ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ കൊളോണിയലിസത്തോടുള്ള എതിർപ്പായിരുന്നു അതിനു പിന്നിൽ. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ദരിദ്ര ജീവിതത്തിനു കാരണം മതപരവും സാംസ്കാരികവുമായ ഇസ്ലാമിക മൂല്യങ്ങളുടെ നിരാകരണം മൂലമാണെന്ന് മൗദൂദി വാദിച്ചു. ജമാഅത്തെ ഇസ്ലാമിയും പോഷക സംഘടനകളും ഇപ്പോൾ നടത്തുന്ന മുതലാളിത്ത വിമർശനവും ഈ നിലപാടിൽ നിന്ന് ഏറെ വിഭിന്നമല്ലെന്നു കാണാം.

മൗദൂദി

അഫ്ഗാൻ സോവിയറ്റ് യുദ്ധകാലത്ത് അമേരിക്കൻ സാമ്രാജ്യത്തെ പരസ്യമായി പിന്താങ്ങിയ ജമാഅത്തുകൾ സാമ്രാജ്യത്വ വിമർശനം ഏറ്റെടുക്കുന്നത് അമേരിക്കയുടെ അറബ് അധിനിവേശത്തിനു ശേഷമാണ്. അവരെ സംബന്ധിച്ചടുത്തോളം സാമ്രാജ്യത്വം എന്നത് അമേരിക്കൻ സാമ്രാജ്യത്വമാണ്. ഇസ്ലാമിനെതിരായ അമേരിക്കയുടെ അതിക്രമമായാണ് അവർ അമേരിക്കൻ സാമ്രാജ്യത്വത്തെ കാണുന്നത്. മുതലാളിത്തം നവലിബറലിസം തുടങ്ങിയവയോടുള്ള വിമർശനമാകട്ടെ വർഗ്ഗപരമല്ല മറിച്ച് സാംസ്കാരികമാണ്. മുതലാളിത്തത്തെ പാശ്ചാത്യ സംസ്കാരം എന്ന നിലക്കാണ് ജമാഅത്തെ ഇസ്ലാമി അഭിസംബോധന ചെയ്യുന്നത്. പാശ്ചാത്യ ആധുനികതയെ ‘ജാഹിലിയ്യാ’ (ignorance) ആയും പകരം ഇസ്ലാമിക ആധുനികതയെ ബദൽ ആയും ജമാഅത്തെ ഇസ്ലാമി കാണുന്നു.

“മുതലാളിത്തം സാമ്പത്തിക വളർച്ചയെയും, മൂലധനത്തെയും മനുഷ്യന് മുന്നിൽ പ്രതിഷ്‌ഠിക്കുന്നു. ഇസ്ലാമാകട്ടെ മനുഷ്യനും  മനുഷ്യത്വത്തിനും മുഖ്യപരിഗണന നൽകുന്നു”… “പ്രവാചക പാഠങ്ങൾ ഉപഭോഗ സംസ്കാരത്തിൻ്റെയും പരിസ്ഥിതിയുടെയും പ്രശ്നങ്ങൾ പരിഹരിക്കും”  ഒറ്റവായനയിൽ തന്നെ വാചാടോപം എന്ന് മനസ്സിലാക്കാവുന്ന ഒരു ബദൽ ആണ് മുതലാളിത്തത്തിന് പകരമായി ജമാഅത്തെ ഇസ്ലാമിക്ക് വെക്കാനുള്ളത്. നിലവിലെ സാമൂഹികാവസ്ഥയോട് പ്രതികരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നിങ്ങൾ പകരം വെക്കാനുദ്ദേശിക്കുന്ന സാമൂഹികവ്യവസ്ഥയെ കുറിച്ചുള്ള സങ്കൽപ്പങ്ങളും. അവിടെ ഒരു വ്യക്തതയും ജമാഅത്തെ ഇസ്ലാമിക്കില്ല. മൗദൂദി തന്നെ മുന്നോട്ട് വെച്ച ഇസ്ലാമിക ലോക സങ്കല്പം തന്നെയാണ് ജമാഅത്ത് ഇന്നും തുടരുന്നത്. അവരുടെ നയവും പരിപാടിയും ഇങ്ങനെ പറയുന്നു : “ഇന്നത്തെ ദേശീയാവസ്ഥയിൽ ഇന്ത്യയ്ക്കും ഇവിടുത്തെ ബഹുജനങ്ങൾക്കും മുന്നിലുള്ള ഒരേയൊരു ബദൽ ഇസ്ലാം മാത്രമാണ്” – പുറമേക്ക് എന്ത് ബഹുജന ഐക്യനിര പറഞ്ഞാലും ഉള്ളിൽ ഇസ്ലാമിക ലോകം തന്നെയാണുള്ളതെന്നു വ്യക്തം.

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ആധികാരികമായ പഠനങ്ങൾ നടത്തിയ മെയ്ദുൾ ഇസ്‌ലാം തൻ്റെ പുസ്തകത്തിൽ ഒരുകാര്യം സൂചിപ്പിക്കുന്നു. ഇന്ത്യ മുഴുവനും ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടും കേരളത്തിലെ ജമാഅത്തും പോഷകസംഘടനകളും മാത്രമാണ് പരിസ്ഥിതി, മുതലാളിത്തം, സാമ്രാജ്യത്വം തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്നതെന്ന്.

മെയ്ദുൾ ഇസ്ലാം

ഇടതുപക്ഷ രാഷ്ട്രീയത്തിനും മതനിരപേക്ഷതക്കും നിർണായക സ്വാധീനമുള്ള കേരളത്തിൽ ഒരു ഇസ്ലാമിക മുദ്രാവാക്യത്തിന് വലിയ സ്വീകാര്യത കിട്ടില്ലെന്ന്‌ ജമാഅത്തെ ഇസ്ലാമിക്കറിയാം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് വർഗത്തെ അടർത്തി മാറ്റിയ ഒരു ‘ഇസ്ലാമിക ജനകീയതയെ’ (Islamist populism) പകരം വെക്കാനാണ് കേരളത്തിൽ ജമാഅത്തെ ഇസ്ലാമി പ്രത്യേകിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ആഗോളതലത്തിൽ തന്നെ സ്വീകാര്യതയുള്ള ഉത്തരാധുനിക നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഒരു രൂപമായാണ് അത് കേരളത്തിൽ പ്രവർത്തിക്കുന്നതും. വിഷയങ്ങളെ പരിഹരിക്കാനോ മുറിച്ചുകടക്കാനോ (transcend) പ്രശ്നങ്ങളുടെ വേരിലേക്ക് പോകാനോ താല്പര്യമില്ലാത്ത പ്രതിഷേധ രാഷ്ട്രീയമാണ് അതിൻ്റെ മുഖമുദ്ര.

തൊണ്ണൂറുകളുടെ അവസാനത്തോടെ ആഗോളതലത്തിൽ തന്നെ സർവകലാശാലകളിൽ വർഗ്ഗവിശകലനത്തിന് സ്വീകാര്യത കുറയുകയും നവലിബറൽ തൊഴിൽ വിപണിക്കനുഗുണമായ ഉത്തരാധുനിക വ്യവഹാരങ്ങൾക്ക് വൻതോതിൽ പ്രോത്സാഹനവും സ്വീകാര്യതയും ലഭിക്കുകയും ചെയ്തു. ഇന്ത്യൻ സർവകലാശാലകളിലെ ഈ അന്തരീക്ഷത്തെ സമർത്ഥമായി ഉപഗോഗിച്ച ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻ്റ് ഇസ്ലാമിക് ഓർഗനൈസേഷൻ ആണ്. മൗദുദി ഉയർത്തിയ ‘മതേതര –ദേശീയതാ –ജനാധിപത്യ‘ നിരാകരണത്തെ ഉത്തരാധുനികതയുടെ ബൃഹദാഖ്യാന വിമർശനങ്ങളുമായി കൂട്ടിച്ചേർക്കാൻ എസ്.ഐ.ഒയ്ക്ക് കഴിഞ്ഞു. മതേതരത്വം“സെക്കുലറിസ“മാകുന്നത് ഹിന്ദുത്വ തീവ്രവാദികൾക്ക് മാത്രമല്ല എസ്.ഐ.ഒ ബുദ്ധിജീവികൾക്ക് കൂടിയാണ്.

എസ്ഐഒയുടെ ഒരു പ്രകടനം

ഇന്ത്യൻ കലാലയങ്ങളിൽ എബി വി പിയുമായി സംഘർഷങ്ങൾക്ക് നിൽക്കാത്ത എസ്.ഐ.ഒ യുടെ മുഖ്യശത്രു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രത്യേകിച്ച് എസ്.എഫ്.ഐ ആണ് എന്ന് കാണാം. ബ്രാഹ്മണിക്കൽ ലെഫ്റ്റ്, മാപ്ലാവ് തുടങ്ങിയ ചാപ്പകൾ ഇടതുപക്ഷ വിദ്യാർത്ഥികൾക്കെതിരെ നിരന്തരമായി പ്രയോഗിക്കുകയും ഉത്തരാധുനിക ജാർഗണുകളിൽ പൊതിഞ്ഞ് ഇസ്ലാമിക യാഥാസ്ഥിതികത്വത്തെ വെള്ളപൂശുകയും ചെയ്യുക എന്നതാണ് എസ്ഐഒയുടെ രീതി. കേന്ദ്ര സർവകലാശാലകളിൽ അതിവിപ്ലവത്തിൻ്റെ വാചാടോപങ്ങളിൽ രമിക്കുന്ന എസ്ഐഒയുടെ കേന്ദ്ര നേതൃത്വം പക്ഷേ പലപ്പോഴും സ്വന്തം രാഷ്ട്രീയം പുറത്തുകാണിച്ചു.

സംഘപരിവാറിനൊപ്പം തന്നെ 1940കൾ മുതൽ കേരളത്തിൽ ചുവടുറപ്പിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ  ശ്രമങ്ങളിൽ ഏറ്റവും വിജയകരമായ അധ്യായമായിരുന്നു കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരെ യുഡിഎഫിൻ്റെ ആശയരൂപീകരണ സംവിധാനമായി മാറാൻ അവർക്കു കഴിഞ്ഞത്. രാത്രി സി ദാവൂദും സംഘവും ഇരുട്ടുമുറിയിൽ പറയുന്ന അർദ്ധസത്യങ്ങളും അസത്യങ്ങളും തൊട്ടടുത്ത ദിവസം യുഡിഎഫിൻ്റെ മാധ്യമ സംഘവും വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും ഏറ്റെടുക്കുന്ന അവസ്ഥ കേരളത്തിൽ സംജാതമായി. ഈ ആശയങ്ങളെ നാടുനീളെ പ്രചരിപ്പിക്കുന്നതിന് ലീഗിൻ്റെ സംഘടനാശക്തിയും ഉപയോഗിക്കപ്പെട്ടു.

സി ദാവൂദ്

എന്നാൽ ഈ കൂട്ടുകെട്ട് കേരളത്തിൻ്റെ മതേതര സമൂഹത്തിന് ഏൽപ്പിക്കുന്ന ആഘാതം കേരളം കാണാനിരിക്കുന്നതേയുള്ളു. ഇപ്പോൾ തന്നെ മൂന്നു സീറ്റുകൊണ്ടും കേരളം ഭരിക്കാമെന്ന് സംഘപരിവാർ തെളിയിച്ചിരിക്കുകയാണ്. സമ്പൂർണമായ വർഗീയവിഭജനത്തിലൂടെ കേരളത്തിലെ ഇടതുപക്ഷത്തെ ക്ഷയിപ്പിക്കാമെന്നും അങ്ങനെ ആത്യന്തികമായി ബംഗാളിൽ പരീക്ഷിച്ചു വിജയിച്ചതുപോലെ “സംഘപരിവാറിന്  കേരളത്തിൻ്റെ ഭരണവും രാഷ്ട്രീയവും താലത്തിൽ വെച്ച് നീട്ടാം ” എന്നുമാണ് ഈ കൂട്ടർ ധരിക്കുന്നത്. അതിനെതിരെ ജാഗ്രത പുലർത്തുക എന്നതാണ് ഈഎംഎസ്സിൻ്റെ സ്മരണയുണർത്തുന്ന ഈ വേളയിൽ നമുക്ക് ചെയ്യാനുള്ളത്.

Author

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *