മൊൺകാഡാ ആക്രമണം, ഒരു പുതിയ തുടക്കം

മൊണ്‍കാഡാ ബാരക്, സാൻ്റിയാഗോ ഡി ക്യൂബയിലെ രണ്ടാമത്തെ വലിയ സൈനിക ക്യാമ്പായിരുന്നു. അതിനെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കാനും, തുടര്‍ന്ന് ജനങ്ങളെ പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ ഒരു വിപ്ലവത്തിന് തിരികൊളുത്താനുമായിരുന്നു ഫിദലിൻ്റെയും അനുയായികളുടെയും പദ്ധതി. ഏകദേശം 135ഓളം വിപ്ലവകാരികള്‍ ഈ ധീരമായ ദൗത്യത്തില്‍ പങ്കെടുത്തു. എന്നാല്‍, കര്‍ശനമായ സൈനിക സുരക്ഷയും അപ്രതീക്ഷിതമായ ചില തടസ്സങ്ങളും കാരണം ആക്രമണം പരാജയപ്പെട്ടു. സൈനിക ശക്തിയില്‍ ഏറെ മുന്നിലായിരുന്ന ബാറ്റിസ്റ്റയുടെ സൈന്യത്തിൻ്റെ പ്രതിരോധത്തിന് മുന്നില്‍ വിപ്ലവകാരികള്‍ക്ക് പിന്തിരിയേണ്ടി വന്നു – ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ജീവചരിത്ര പരമ്പരയുടെ രണ്ടാം ഭാഗം

രണ്ട്

“എന്നെക്കുറിച്ച് എന്തുവേണമെങ്കിലും നിങ്ങള്‍ വിധിച്ചോളൂ, അതൊരു പ്രശ്‌നമല്ല; പക്ഷേ ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കും” – ഫിദല്‍ കാസ്‌ട്രോ (സാൻ്റിയാഗോ ഡി ക്യൂബ കോടതിയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

ക്യൂബന്‍ ചരിത്രത്തില്‍ മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവ ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവായി മാറിയ തീയതിയാണ് 1953 ജൂലൈ 26. ക്യൂബയെ അടക്കി ഭരിക്കാന്‍ വ്യഗ്രത കൊണ്ട ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടത്തിൻ്റെ അടിത്തറയിളക്കിയ, ക്യൂബന്‍ വിപ്ലവത്തിൻ്റെ ആദ്യത്തെ തീപ്പൊരിയായി മാറിയ മൊണ്‍കാഡാ ബാരക് ആക്രമണത്തിൻ്റെ ഓര്‍മയാണ് ഈ തീയതി. ഇതിൻ്റെ പശ്ചാത്തലവും അതിൻ്റെ തുടര്‍ച്ചയായ, ചരിത്രപ്രസിദ്ധമായ കോടതി വിചാരണയുമാണ് ഫിദല്‍ കാസ്‌ട്രോയെന്ന വിപ്ലവകാരിയെ ലോകത്തിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്.

ഫുൽജെൻസിയോ ബാറ്റിസ്റ്റ (ഇടതു വശത്ത്)

1952 മാര്‍ച്ചില്‍ ക്യൂബന്‍ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനായി രാജ്യം തയ്യാറാകുകയായിരുന്നു. അതിൻ്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ജനറല്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന മുന്‍ പട്ടാള മേധാവി രാജ്യത്ത് ഒരു സൈനിക അട്ടിമറി നടത്തി അധികാരം പിടിച്ചെടുത്തു. 1952ല്‍ നടക്കാനിരുന്ന തിരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കുമെന്ന് ഉറപ്പായതാണ് ജനറല്‍ ബാറ്റിസ്റ്റയെ പട്ടാള അട്ടിമറിക്ക് പ്രേരിപ്പിച്ചത്. അങ്ങനെ 1952 മാര്‍ച്ച് 10ന് ബാറ്റിസ്റ്റ അധികാരം പിടിച്ചെടുക്കുകയും ക്യൂബയിലെ ജനാധിപത്യ കാലഘട്ടത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ബാറ്റിസ്റ്റയുടെ അധികാരത്തിൻ്റെ ഉരുക്ക് മുഷ്ടിയില്‍ ക്യൂബ മുഴുവനും വിറങ്ങലിച്ചു. ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍പ്പറത്തിയ ബാറ്റിസ്റ്റ, ഭരണഘടനയെ റദ്ദാക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഒരു നയം നടപ്പിലാക്കുകയും ചെയ്തു. രാജ്യത്തെ അമേരിക്കയുടെ വിധേയ രാഷ്ട്രമാക്കാനാണ് അയാള്‍ ശ്രമിച്ചത്. അട്ടിമറിക്ക് അമേരിക്കയുടെ പിന്തുണ ലഭിക്കുകയും ചെയ്തു. ബാറ്റിസ്റ്റയുടെ ഭരണത്തോടെ രാജ്യത്ത് അഴിമതിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും പെരുകി. സാധാരണക്കാരായ ക്യൂബന്‍ ജനതയുടെ ജീവിതം ദുസ്സഹമായി മാറി.

ഈ അടിച്ചമര്‍ത്തലിനെതിരെ ക്യൂബയുടെ വിവിധ ഭാഗങ്ങളില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ബാറ്റിസ്റ്റയുടെ ഉരുക്ക് മുഷ്ടിയില്‍ അത്തരം പ്രക്ഷോഭങ്ങള്‍ ചതഞ്ഞരഞ്ഞു. സമരക്കാര്‍ കൊന്നൊടുക്കപ്പെട്ടു. രാജ്യത്തെ വീണ്ടെടുക്കാനുള്ള സമാധാനപരമായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് സായുധ സമരത്തിൻ്റെ സാധ്യതകളെപ്പറ്റി പ്രക്ഷോഭകാരികള്‍ അന്വേഷിച്ച് തുടങ്ങുന്നത്. നിഷ്ഠൂരനായ ബാറ്റിസ്റ്റക്കെതിരെയുള്ള സായുധ മുന്നേറ്റത്തിന് പലരും അറച്ച് നിന്നു. ചെറുപ്പക്കാരനായ ഒരു അഭിഭാഷകനും രാഷ്ട്രീയ ചിന്തകനുമായ ഫിദല്‍ കാസ്‌ട്രോ സായുധ സമരത്തിലൂടെയേ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു. പ്രക്ഷോഭത്തെ നയിക്കാനുള്ള ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. ദേശസ്‌നേഹികളായ ഒരു യുവനിരയെ അദ്ദേഹം ഒന്നിപ്പിച്ചു. സായുധ സമരമെന്ന ആശയത്തില്‍ അവര്‍ മുന്നോട്ട് പോയി. ഒളിവിലിരുന്ന് രഹസ്യമായി മൂവ്‌മെൻ്റ് എന്ന പേരില്‍ അവരൊരു വിപ്ലവ സേനയെ രൂപീകരിച്ചു.

യുവാവായ ഫിദൽ കാസ്ട്രോ

മൊണ്‍കാഡാ ബാരക്, സാൻ്റിയാഗോ ഡി ക്യൂബയിലെ രണ്ടാമത്തെ വലിയ സൈനിക ക്യാമ്പായിരുന്നു. അതിനെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കാനും, തുടര്‍ന്ന് ജനങ്ങളെ പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ ഒരു വിപ്ലവത്തിന് തിരികൊളുത്താനുമായിരുന്നു ഫിദലിൻ്റെയും അനുയായികളുടെയും പദ്ധതി. ഏകദേശം 135ഓളം വിപ്ലവകാരികള്‍ ഈ ധീരമായ ദൗത്യത്തില്‍ പങ്കെടുത്തു. എന്നാല്‍, കര്‍ശനമായ സൈനിക സുരക്ഷയും അപ്രതീക്ഷിതമായ ചില തടസ്സങ്ങളും കാരണം ആക്രമണം പരാജയപ്പെട്ടു. സൈനിക ശക്തിയില്‍ ഏറെ മുന്നിലായിരുന്ന ബാറ്റിസ്റ്റയുടെ സൈന്യത്തിൻ്റെ പ്രതിരോധത്തിന് മുന്നില്‍ വിപ്ലവകാരികള്‍ക്ക് പിന്തിരിയേണ്ടി വന്നു. ആ ദൗത്യം പരാജയപ്പെട്ടു.

ആക്രമണത്തില്‍ പങ്കെടുത്ത പലരും സംഭവ സ്ഥലത്തുവെച്ചുതന്നെ ക്രൂരമായി കൊല്ലപ്പെട്ടു. ഫിദല്‍ കാസ്‌ട്രോയും കൂട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും പിന്നീടവരും അറസ്റ്റ് ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ ആ മുന്നേറ്റം പരാജയത്തില്‍ കലാശിച്ചു. മൊണ്‍കാഡാ ആക്രമണം സൈനികമായി പരാജയമായിരുന്നുവെങ്കിലും അത് ക്യൂബന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ രാഷ്ട്രീയ സാംസ്‌കാരിക മുന്നേറ്റത്തിൻ്റെ തുടക്കത്തിനുള്ള കാരണമായിരുന്നു. അനീതിക്കെതിരെ രാജ്യത്തെ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് നടത്തിയ വിപ്ലവ നീക്കം ക്യൂബയിലെ യുവജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. വാസ്തവത്തില്‍ ക്യൂബന്‍ ജനതയുടെ മനസ്സില്‍ വിപ്ലവത്തിൻ്റെ വിത്തുപാകിയത് മൂവ്‌മെൻ്റിൻ്റെ ഈ പരാജയമായിരുന്നു.

മൊൺകാഡാ ബാരക് (Image/thoughtco.com)

അറസ്റ്റിലായ ഫിദല്‍ കാസ്‌ട്രോയെ പിന്നീട് വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കി. പരിചയ സമ്പന്നനായ ഒരു അഭിഭാഷകന്‍ കൂടിയായ ഫിദല്‍ തൻ്റെ വക്കീല്‍ കുപ്പായമണിഞ്ഞുകൊണ്ട് കോടതിയില്‍ സ്വയം വാദിക്കാന്‍ തീരുമാനിച്ചു. അതൊരു നിയമപരമായ പ്രതിരോധം മാത്രമായിരുന്നില്ല. ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ ജനകീയ കോടതിയില്‍ ഉയര്‍ന്ന ശക്തമായ കുറ്റപത്രമായിരുന്നു ഫിദല്‍ കാസ്‌ട്രോയുടെ വാദങ്ങള്‍. ക്യൂബയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭരണകൂടത്തോട് പറയാനുള്ള കാര്യങ്ങളായിരുന്നു കോടതി മുറിയില്‍ നിന്ന് ഫിദല്‍ ഉറക്കെ പറഞ്ഞത്. സാൻ്റിയാഗോ ഡി ക്യൂബയിലെ ചെറിയ കോടതി മുറിയില്‍ വെച്ചാണ് ഫിദല്‍ തൻ്റെ വിഖ്യാതമായ ‘ചരിത്രം എന്നെ കുറ്റവിമുക്തനാക്കും’ എന്ന പ്രസംഗം നടത്തിയത്. നാല് മണിക്കൂറോളം നീണ്ടുനിന്ന ആ പ്രസംഗത്തില്‍ അദ്ദേഹം ക്യൂബന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തി. രാജ്യത്തെ ദാരിദ്ര്യം, നിരക്ഷരത, ആരോഗ്യരംഗത്തെ തകര്‍ച്ച, ഭൂരഹിതരായ കര്‍ഷകരുടെ അവസ്ഥ എന്നിവ അദ്ദേഹം കണക്കുകള്‍ നിരത്തി അവതരിപ്പിച്ചു. തന്നെ അറസ്റ്റ് ചെയ്ത ഭരണകൂടം നിയമവിരുദ്ധമായതാണ് എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്.

ബാറ്റിസ്റ്റ അധികാരത്തില്‍ വന്നത് ഭരണഘടനയെ അട്ടിമറിച്ചുകൊണ്ടാണെന്നും, അതിനാല്‍ ആ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നത് നിയമവിരുദ്ധമല്ലെന്നും അദ്ദേഹം വാദിച്ചു. സ്വാതന്ത്ര്യം, സാമൂഹിക നീതി, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ക്യൂബയെ അദ്ദേഹം വിഭാവനം ചെയ്തു. യഥാര്‍ത്ഥത്തില്‍ കോടതി മുറിയില്‍ ന്യായാധിപനോട് നടത്തിയ ഒരു സംഭാഷണമായിരുന്നില്ല അത്. ക്യൂബന്‍ ജനത അനുഭവിക്കുന്ന അനീതികളും അടിമത്തവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും താന്‍ നടത്തിയ മുന്നേറ്റത്തിന്റെ നൈതികത ലോകത്തെ ബോധ്യപ്പെടുത്താനുമാണ് ഫിദല്‍ കാസ്‌ട്രോ ശ്രമിച്ചത്. തന്റെ വിചാരണയ്ക്കിടെ ഫിദല്‍ നടത്തിയ ഈ പ്രസംഗം പിന്നീട് രഹസ്യമായി അച്ചടിച്ച് രാജ്യത്തുടനീളം വിതരണം ചെയ്യപ്പെട്ടു. ഇത് ക്യൂബന്‍ ജനതയെ വലിയ രീതിയില്‍ സ്വാധീനിക്കുകയും ഫിദല്‍ കാസ്‌ട്രോയെയും കൂട്ടുകാരെയും ദേശീയ നായകന്മാരായി മാറ്റുകയും ചെയ്തു.

കാസ്ട്രോയെ അറസ്റ്റു ചെയ്യുന്നു

വിചാരണക്ക് ശേഷം കോടതി ഫിദല്‍ലിന് 15 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും, അദ്ദേഹത്തെ കുപ്രസിദ്ധമായ ഐല്‍ ഓഫ് പൈന്‍സിലെ ജയിലിലേക്കയക്കുകയും ചെയ്തു. ജയില്‍വാസക്കാലത്തും അദ്ദേഹം വെറുതെയിരുന്നില്ല. നിരന്തരമായ വായനയിലൂടെയും രാഷ്ട്രീയ പഠനങ്ങളിലൂടെയും അദ്ദേഹം തൻ്റെ ആശയങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുന്നു. ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബാറ്റിസ്റ്റ സര്‍ക്കാര്‍ 1955ല്‍ പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി. ഫിദല്‍ മോചിതനായി. എന്നാല്‍ ക്യൂബയില്‍ തന്നെ തുടരുന്നത് അപകടകരമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം മെക്‌സിക്കോയിലേക്ക് പ്രവര്‍ത്തന രംഗം മാറ്റി. അവിടെവെച്ചാണ് ഫിദല്‍ കാസ്‌ട്രോ എന്ന വിപ്ലവകാരി ചെ ഗുവേരയെന്ന അചഞ്ചലനായ പോരാളിയെ കണ്ടുമുട്ടുന്നതും ക്യൂബയുടെ വിപ്ലവ ചരിത്രത്തില്‍ നക്ഷത്രാങ്കിതമായ വീരേതിഹാസങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതും.

ക്യൂബന്‍ വിപ്ലവത്തിൻ്റെ ഒരു ചരിത്രഘട്ടമായ ഗ്രാന്‍മ കപ്പല്‍ യാത്രയ്ക്കും സായുധ പോരാട്ടത്തിനുമുള്ള പദ്ധതികള്‍ക്ക് അവര്‍ രണ്ട് പേരും ചേര്‍ന്ന് രൂപം നല്‍കി. മൊണ്‍കാഡാ ബാരക് ആക്രമണവും അതിനെത്തുടര്‍ന്നുള്ള വിചാരണയും ഫിദല്‍ കാസ്‌ട്രോയുടെ ജീവിതത്തിലെ വലിയൊരു വഴിതിരിവായിരുന്നു. അത് പരാജയത്തില്‍ കലാശിച്ചെങ്കിലും, ക്യൂബന്‍ മണ്ണില്‍ മാറ്റത്തിൻ്റെ വിത്തുകള്‍ പാകാന്‍ ആ സംഭവത്തിന് സാധിച്ചു. ചരിത്രം എന്നെ കുറ്റവിമുക്തനാക്കും എന്ന അദ്ദേഹത്തിൻ്റെ വാക്കുകള്‍ പിന്നീട് വന്ന ഓരോ ക്യൂബന്‍ വിപ്ലവകാരിക്കും ആവേശമായി മാറി. അങ്ങനെ ഒരു പരാജയത്തിൻ്റെ ചാരത്തുനിന്നാണ് ക്യൂബയുടെ പുതിയ ചരിത്രത്തിലേക്കുള്ള പ്രയാണം പിറവിയെടുക്കുന്നത്

(തുടരും)

എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *