ഫ്രിഡ കാലോ, ഒരു ചിത്രകലാപ്രതിഭയുടെ കമ്യൂണിസ്റ്റ് ജീവിതം

മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയംഗവും ചിത്രകാരനുമായിരുന്ന ഡീഗോ റിവേറയായിരുന്നു ഫ്രിഡയുടെ ജീവിത പങ്കാളി. 1930 മുതല്‍ 1933 വരെയുള്ള കാലയളവില്‍ ഡീഗോ റിവേറയും ഫ്രിഡ കാലോയും അമേരിക്കന്‍ ഐക്യനാടുകളിലായിരുന്നു താമസം. ഈ കാലഘട്ടം ഫ്രിഡയുടെ രാഷ്ട്രീയ ധാരണകളെ കൂടുതല്‍ അഗാധമായി പുതുക്കിപ്പണിത ഘട്ടം കൂടിയായിരുന്നു. മഹാമാന്ദ്യത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ അമേരിക്കന്‍ മണ്ണില്‍വെച്ചുതന്നെ ഫ്രിഡ നേരിട്ടുകാണുകയും അനുഭവിക്കുകയുമായിരുന്നു.

വിപ്ലവമാണ് ജീവിക്കാനുള്ള ഒരേയൊരു പ്രചോദനം
-ഫ്രിഡ കാലോ

ശാരീരിക വേദനകളുടെ കൊടും യാതനകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു മെക്സിക്കന്‍ ചിത്രകാരിയും കമ്യൂണിസ്റ്റുമായിരുന്ന ഫ്രിഡ കാലോയുടെ ജീവിതം ആദ്യാവസാനം വരെ നിലകൊണ്ടത്. സ്വന്തം വേദനകളെയും പീഢാനുഭവങ്ങളെയും കലാപ്രവര്‍ത്തനത്തിൻ്റെ തീക്ഷ്ണാവിഷ്കാരങ്ങളിലൂടെയും കമ്യൂണിസ്റ്റ് ദൃഢതയിലൂടെയുമായിരുന്നു അവര്‍ നിരന്തരം അതിജീവിച്ചത്. അവര്‍ കേവലമൊരു ചിത്രകാരിയോ ഫെമിനിസ്റ്റോ ആയിരുന്നില്ല. എന്നാല്‍ മുഖ്യധാരയില്‍ ഫ്രിഡ കാലോ ഇപ്പോള്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അങ്ങനെ മാത്രമാണ്.

കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും അടിയുറച്ച ബോധ്യങ്ങളില്‍നിന്നും ഫ്രിഡയുടെ ജീവിതത്തെ മറച്ചുപിടിക്കുകയാണ് അതിനുപിന്നിലെ രാഷ്ട്രീയം. പോപ്പ് കള്‍ച്ചറിലെ താരമായും ബാര്‍ബീ പാവകളിലെ ചിത്രങ്ങളായും സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലെ ആലേഖനങ്ങളായും ഫ്രിഡ കാലോയുടെ ജീവിതത്തെ മാര്‍ക്കറ്റ് ചെയ്യാനാണ് നവലിബറല്‍ മുതലാളിത്തം ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫ്രിഡ കാലോയുടെ രാഷ്ട്രീയ ജീവിതത്തെയും നിലപാടുകളെയും വീണ്ടെടുക്കുക എന്നത് അതിപ്രധാനമായ ഒരു രാഷ്ട്രീയ കര്‍ത്തവ്യം കൂടിയാണ്. യഥാര്‍ത്ഥത്തില്‍ സ്വന്തം രാജ്യത്തിന്‍റെ ചരിത്രത്തിന്‍റെ സൂക്ഷ്മതകളെയും സ്വന്തം രാഷ്ട്രീയബോധ്യങ്ങളുടെ വിശാലതയെയും ചിത്രകലയുടെ അനന്തമായ ക്യാന്‍വാസിലേക്ക് ആവാഹിക്കുകയായിരുന്നു ഫ്രിഡ കാലോ. അതില്‍ തീര്‍ച്ചയായിട്ടും അരുടെ ശരീരവേദനകളുടെ കൊടും യാതനകളും യഥേഷ്ടം കടന്നുവരുന്നുണ്ട്.

ഫ്രിഡ കാലോ

മെക്സിക്കോയെ അടക്കിവാണുകൊണ്ടിരുന്ന പോര്‍ഫിരിയോ ഡയസ് എന്ന ഏകാധിപതിക്കെതിരെ 1910-ല്‍ മെക്സിക്കോയില്‍ അതിശക്തമായ ഒരു രാഷ്ട്രീയ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നുണ്ട്. പത്തുവര്‍ഷം നീണ്ടുനിന്ന പോരാട്ടമായി അത് വളരുകയായിരുന്നു. മെക്സിക്കോയിലെ കര്‍ഷകരും തദ്ദേശീയ ജനതയുമായിരുന്നു ആ വിപ്ലവത്തെ മുന്നോട്ടുനയിച്ചത്. എമീലിയാനോ സപാറ്റയും പാഞ്ചോ വില്ലയും വിപ്ലവപ്പോരാളികളായി മുന്നണിയിലേയ്ക്ക് ഉയര്‍ന്നുവന്നു. കര്‍ഷകരുടെയും തദ്ദേശീയരുടെയും വിപ്ലവപ്പോരാട്ടങ്ങള്‍ക്കൊപ്പം തൊഴിലാളികളും അണിചേര്‍ന്നു. ഭൂമിയുടെ മേലുള്ള അവകാശത്തിനുവേണ്ടിയും ഭൂമിയുടെ തുല്യവിതരണത്തിനുവേണ്ടിയും ആ വിപ്ലവം നിലകൊണ്ടു. അങ്ങനെ മെക്സിക്കോ പുതിയ തരത്തിലുള്ള ഒരു ദേശരാഷ്ട്രമായി നിലകൊള്ളാനാരംഭിച്ചു.

പുതിയൊരു ദേശീയ പ്രത്യയശാസ്ത്രവും ഉയര്‍ന്നുവന്നു. അത് ഏറിയകൂറും മെക്സിക്കോയിലെ തദ്ദേശീയ ജനതയുടെ വേരുകളിലേയ്ക്കാണ് ആഴ്ന്നിറങ്ങിയത്. വളരെ സങ്കീര്‍ണമായ ഈയൊരു മെക്സിക്കന്‍ രാഷ്ട്രീയ ഭൂമികയില്‍നിന്നും പുതിയതരത്തിലുള്ള ചിത്രകലാരൂപങ്ങളും ഉയര്‍ന്നുവന്നു. ചുവര്‍ചിത്രങ്ങളുടെ ക്യാന്‍വാസുകള്‍ പൊതുഇടങ്ങളെ സംവാദാത്മകമാക്കി. സാമ്രാജ്യത്വവിരുദ്ധതയുടെയും ദേശീയ സ്വത്വത്തിന്‍റെയും പ്രതീകങ്ങളായി ആ ചിത്രങ്ങള്‍ നിലകൊണ്ടു. പുതിയ ചിത്രകലാപ്രസ്ഥാനങ്ങളും രൂപം കൊണ്ടു.

പാഞ്ചോ വില്ല

1917-ലായിരുന്നു സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി മെക്സിക്കോയില്‍ സ്ഥാപിതമാകുന്നത്. ഈ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടിയാണ് 1919-ല്‍ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായിത്തീര്‍ന്നത്. മെക്സിക്കന്‍ വിപ്ലവത്തിലൂടെ വികസിതമായിത്തീര്‍ന്ന പുരോഗമന ഇടതുപക്ഷ ധാരയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിയുടെ അടിത്തറയായി വര്‍ത്തിച്ചത്. മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തില്‍ മുഖ്യ പങ്കു വഹിച്ചതാകട്ടെ ഇന്ത്യന്‍ വിപ്ലവകാരിയായ എം എന്‍ റോയിയായിരുന്നു എന്നത് മറ്റൊരു ചരിത്രം!

1907 ജൂലൈ 6-നായിരുന്നു മെക്സിക്കോ സിറ്റിയിലെ കൊയാകാന്‍ എന്ന സ്ഥലത്ത് ഫ്രിഡ കാലോ ജനിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ പോളിയോയുടെ വൈറസുകള്‍ ഫ്രിഡയുടെ ഒരു കാലിനെ തളര്‍ത്തിക്കളഞ്ഞു. പതിനാറാമത്തെ വയസ്സില്‍ വലിയൊരു കാറപകടം സംഭവിച്ചു. ഫ്രിഡയുടെ നട്ടെല്ല് പൊട്ടിത്തകർന്നു. എല്ലുകള്‍ പലതായി നുറുങ്ങി. ഒരു ഇരുമ്പുകമ്പി ലൈംഗികാവയവത്തെയും കുത്തിപ്പിളര്‍ന്നുകൊണ്ട് ശരീരത്തിനുള്ളിലേയ്ക്ക് തുളച്ചുകയറി. പിന്നീടുള്ള ജീവിതം നിരന്തരമായ വൈദ്യശാസ്ത്ര ഇടപെടലുകളുടേതായിത്തീര്‍ന്നു. സഹിക്കാനാവാത്ത കൊടും വേദനകളുടെ നാളുകളായിരുന്നു ഫ്രിഡയുടെ ജീവിതത്തെ പിന്നീട് വരവേറ്റത്. എന്നാല്‍ എല്ലാ വേദനകളെയും അതിജീവിക്കാനുള്ള അസാമാന്യമായ ഉള്‍ക്കരുത്തിന്‍റെ ബലത്തിലായിരുന്നു ഫ്രിഡയുടെ ജീവിതം മുന്നോട്ടുനീങ്ങിയത്.

ഫ്രിഡ കാലോ, സെൽഫ് പോർട്രെയ്റ്റ്

വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തില്‍ പഠനത്തില്‍ സമര്‍ത്ഥയായിരുന്നു ഫ്രിഡ. മെക്സിക്കോ സിറ്റിയിലെ ഏറ്റവും ഉന്നതമായ ഹൈസ്കൂളിലായിരുന്നു ഫ്രിഡയുടെ പഠനം. 1922-ല്‍ പതിനാലാമത്തെ വയസ്സിലായിരുന്നു ഫ്രിഡ ആ സ്കൂളില്‍ എത്തിച്ചേര്‍ന്നത്. ജീവശാസ്ത്രമായിരുന്നു ഇഷ്ടവിഷയം. ഒരു ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. അതോടൊപ്പം സ്പാനിഷും ഇംഗ്ലീഷും ജര്‍മ്മനും നന്നായി പഠിച്ചു. മെക്സിക്കന്‍ വിപ്ലവത്തിന്‍റെ അലയൊലികള്‍ ആ തലമുറയിലെ യുവമനസ്സുകളിലേക്കും അരിച്ചിറങ്ങിക്കൊണ്ടിരുന്നു.

ക്യാമ്പസിനുള്ളിലെ ഒരു റാഡിക്കല്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ ഫ്രിഡയും അംഗമായിച്ചേര്‍ന്നു. മാര്‍ക്സും ലെനിനും ഹെഗലും കാന്‍റും റൂസ്സോയും റഷ്യന്‍ സാഹിത്യവും മെക്സിക്കന്‍ കഥകളും വിദ്യാര്‍ത്ഥികളുടെ സിരകളിലൂടെ ഒഴുകിക്കൊണ്ടിരുന്നു. മെക്സിക്കന്‍ വിപ്ലവത്തിന്‍റെ പുത്രിയായിട്ടായിരുന്നു ഫ്രിഡ സ്വയം അടയാളപ്പെടുത്തിയത്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും തദ്ദേശീയ ജനതയുടെയും താല്‍പര്യങ്ങള്‍ക്കൊപ്പമായിരുന്നു ഫ്രിഡയെന്ന വിദ്യാര്‍ത്ഥിനി നിലകൊണ്ടത്. യാഥാസ്ഥിതിക വീക്ഷണം പുലര്‍ത്തിയിരുന്ന വരേണ്യവിദ്യാര്‍ത്ഥികളോട് കടുത്ത രീതിയിലുള്ള തര്‍ക്കങ്ങളും സംവാദങ്ങളും നിത്യസംഭവങ്ങളായിത്തീർന്നു.

ലിയോൺ ട്രോട്സ്കിയോടൊപ്പം ഫ്രിഡ കാലോ

വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ ഈയൊരു ആശയ- പ്രായോഗിക പരിസരങ്ങളിലൂടെയായിരുന്നു ഒരു സോഷ്യലിസ്റ്റായും പിന്നീട് ഒരു മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റായും ഫ്രിഡ മാറിത്തീരുന്നത്. പതിനാറാമത്തെ വയസ്സില്‍ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ യുവജനവിഭാഗത്തില്‍ അംഗമായും ചേര്‍ന്നു. തുടർന്ന് ഇരുപതുകളുടെ ആരംഭത്തില്‍തന്നെ, 1928-ല്‍ ഫ്രിഡ കാലോ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിത്തീര്‍ന്നു. അന്ന് കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടിരുന്നു എന്ന കാര്യവും മറക്കരുത്. പാര്‍ടിക്കുള്ളില്‍ വളരെ ആക്ടീവായ ഒരു പ്രവര്‍ത്തകയായി അവര്‍ നിലകൊണ്ടു. പാര്‍ടിക്കുവേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു; സമ്മേളനങ്ങളിൽല്‍ പങ്കെടുത്തു; തൊഴിലാളി യൂണിയന്‍ റാലികള്‍ നയിച്ചു. എന്നാല്‍ 1929-ല്‍ ഫ്രിദ കാലോയെ പാര്‍ടിയില്‍നിന്നും പുറത്താക്കുന്നുണ്ട്. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളിലെ ഇടതുവിമതരെ രാഷ്ട്രീയമായി പിന്തുണച്ചതിന്‍റെ പേരിലായിരുന്നു പാര്‍ടിയില്‍നിന്നും പുറത്തുപോകേണ്ടിവന്നത്. എന്നാല്‍ തെറ്റ് സ്വയം മനസ്സിലായതിനെ തുടര്‍ന്ന് 1948-ല്‍ അവർ വീണ്ടും പാര്‍ടിയില്‍ ചേര്‍ന്നു.

ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കന്‍ സാമ്രാജ്യത്വം അണുബോംബുകള്‍ വര്‍ഷിച്ചതിനെതിരെ അതിശക്തമായി ഫ്രിഡ പ്രതികരിച്ചു. സമാധാന പ്രസ്ഥാനങ്ങളിലും പങ്കാളിയായി. സോവിയറ്റ് യൂണിയനും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മൂന്നാം ലോകരാജ്യങ്ങളിലെ കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും എതിരെയുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ശീതയുദ്ധസന്നാഹങ്ങളെ ആദ്യഘട്ടം മുതല്‍തന്നെ ഫ്രിഡ തിരിച്ചറിയുന്നുണ്ട്. ആണവായുധ നിരായുധീകരണത്തിനുവേണ്ടി സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തില്‍ 1950-ല്‍ കൊണ്ടുവന്ന സ്റ്റോക്ക്ഹോം പ്രമേയത്തിനനുകൂലമായുള്ള ഒപ്പുശേഖരണ പ്രവര്‍ത്തനത്തില്‍ ഒരു പാര്‍ടി മെമ്പറെന്ന നിലയില്‍ ഫ്രിഡയും സജീവമായി പങ്കുചേര്‍ന്നു. അമേരിക്കയുടെ “ആണവനയതന്ത്രത്തി”നെതിരെയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ പ്രായോഗിക പ്രവര്‍ത്തനമായിരുന്നു അത്.

ഫ്രിഡയുടെ ആരോഗ്യാവസ്ഥ കൂടുതല്‍ വേദനാജനകമായിക്കൊണ്ടിരുന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ എല്ലാ പരിപാടികളിലും അവര്‍ക്ക് പങ്കാളിയാകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പാര്‍ടിയോടുള്ള അവരുടെ കൂറും പ്രതിബദ്ധതയും കൂടുതല്‍ തീക്ഷ്ണമായിത്തീരുകയാണുണ്ടായത്. അവസാന കാലത്തെ ചിത്രങ്ങള്‍ അതിന്‍റെ ഏറ്റവും വലിയ ആവിഷ്കാരങ്ങളായിരുന്നു. 1951-ലെ ഒരു ഡയറിക്കുറിപ്പില്‍ ഫ്രിഡ ഇങ്ങനെ എഴുതുന്നു: എന്‍റെ ആരോഗ്യം അനുവദിക്കുന്ന തരത്തില്‍ എന്നെക്കൊണ്ടാവുന്നതെല്ലാം വിപ്ലവത്തിനുവേണ്ടി പങ്കുവെക്കാൻ എന്‍റെ എല്ലാ ശക്തിയുമുപയോഗിച്ച് ഞാന്‍ പോരാടിക്കൊണ്ടിരിക്കും. എന്‍റെ ജീവിതം ഇപ്പോഴും തുടരാനുള്ള യഥാര്‍ത്ഥ കാരണം വിപ്ലവത്തോടുള്ള ആ അഭിലാഷമാണ്.

മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയംഗവും പ്രശസ്ത ചിത്രകാരനുമായിരുന്ന ഡീഗോ റിവേറയായിരുന്നു ഫ്രിഡ കാലോയുടെ ജീവിത പങ്കാളി. അവര്‍ തമ്മില്‍ ഇരുപത് വയസ്സിലധികം പ്രായവ്യത്യാസവുമുണ്ടായിരുന്നു. 1929-ലായിരുന്നു വിവാഹം. 1930 മുതല്‍ 1933 വരെയുള്ള കാലയളവില്‍ ഡീഗോ റിവേറയും ഫ്രിദ കാലോയും അമേരിക്കന്‍ ഐക്യനാടുകളിലായിരുന്നു താമസിച്ചിരുന്നത്. ഈ കാലഘട്ടം ഫ്രിഡയുടെ രാഷ്ട്രീയ ധാരണകളെ കൂടുതല്‍ അഗാധമായി പുതുക്കിപ്പണിത ഘട്ടം കൂടിയായിരുന്നു. മഹാമാന്ദ്യത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങള്‍ അമേരിക്കന്‍ മണ്ണില്‍വെച്ചുതന്നെ ഫ്രിദ നേരിട്ടുകാണുകയും അനുഭവിക്കുകയുമായിരുന്നു.

ഫ്രിഡ കാലോയും ഡീഗോ റിവേറയും

മഹാമാന്ദ്യത്തിന്‍റെ മാത്രമല്ല; കറുത്തവര്‍ക്കെതിരെയുള്ള വെള്ളക്കാരുടെ ജിംക്രോ വംശവെറിയന്‍ നിയമങ്ങളുടെ പ്രയോഗ ഭീകരതയും കണ്‍മുന്നില്‍ തെളിഞ്ഞുനിന്നു. ദാരിദ്ര്യവും പട്ടിണിയും വംശവെറിയുമായിരുന്നു എങ്ങും. മധ്യകാലഘട്ടത്തിന്‍റെ പ്രാകൃതാവസ്ഥയിലായിരുന്നു അമേരിക്ക. അന്നത്തെ അവസ്ഥാവിശേഷത്തെ ഫ്രിഡ ഇങ്ങനെ സംഗ്രഹിക്കുന്നു: “ഇവിടത്തെ വര്യേണര്‍ക്ക് സാധാരണ മനുഷ്യരോട് പുച്ഛമാണ്. ഈ പണക്കാരോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ട്. പതിനായിരക്കണക്കിന് മനുഷ്യര്‍ കടുത്ത ദുരിതങ്ങളിലൂടെയാണ് ഇവിടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കഴിക്കാന്‍ ആഹാരമോ ഒന്നു തലചായ്ക്കാന്‍ ഒരിടമോ അവര്‍ക്കില്ല. എന്നാല്‍ ഇവിടത്തെ സമ്പന്നര്‍ രാപകലില്ലാതെ തിമിര്‍ത്തുരസിച്ചുകൊണ്ടിരിക്കുന്നു. അതേസമയം പതിനായിരങ്ങള്‍ ഒരു നേരത്തെ ഭക്ഷണംപോലുമില്ലാതെ വിശന്നുമരിച്ചുകൊണ്ടിരിക്കുന്നു.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്‍റെ ഘട്ടത്തില്‍ (1936-1939) ഫാസിസ്റ്റ് – വിരുദ്ധ പോരാളികള്‍ക്കുവേണ്ടി ഫണ്ട് കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഫ്രിഡയും സജീവമായി പങ്കുകൊണ്ടു. മെക്സിക്കോയില്‍ അഭയം തേടിയ സ്പാനിഷ് റിപ്പബ്ലിക്കന്‍ അഭയാര്‍ത്ഥികള്‍ക്കാവശ്യമായ സഹായങ്ങളെത്തിച്ചുകൊടുക്കുന്നതിലും ഫ്രിഡ മുന്നില്‍നിന്നു. ഫാസിസ്റ്റ് വിരുദ്ധതയുടെ കൊടിയടയാളമായിരുന്നു ഫ്രിദയുടെ ജീവിതം.

1954-ലായിരുന്നു ഫ്രിഡ കാലോ തന്‍റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ ചിത്രത്തിന് ജന്മം നല്‍കുന്നത്. “അസുഖബാധിതര്‍ക്ക് മാര്‍ക്സിസം ആരോഗ്യം പ്രദാനം ചെയ്യുന്നു” (Marxism will Give Health to the Sick) എന്നായിരുന്നു ചിത്രത്തിന് നല്‍കിയ പേര്. ചിത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ഇതായിരുന്നു: ഭൂമിയില്‍ സമാധാനം; എന്തുകൊണ്ടെന്നാല്‍ രോഗികളെയും ക്രിമിനല്‍ യാങ്കി മുതലാളിത്തം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നവരെയും മാര്‍ക്സിസ്റ്റ് ശാസ്ത്രം രക്ഷപ്പെടുത്തും (Peace on Earth so the Marxist Science may have the Sick and those Oppressed by Criminal Yankee Capitalism). സ്വന്തം രോഗപീഡകളെ കമ്യൂണിസവുമായുള്ള തന്‍റെ തീവ്രബന്ധപരിസരങ്ങളിലേയ്ക്ക് ഈ ചിത്രത്തിലൂടെ കൂടുതല്‍ പ്രതീകാത്മകമായി ഫ്രിദ കാലോ ചേര്‍ത്തുവയ്ക്കുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ഒരു ഗ്രന്ഥം ഫ്രിദയുടെ കൈക്കുള്ളിലുണ്ട്.

Marxism will Give Health to the Sick

കൂടുതല്‍ വലിപ്പമാര്‍ന്ന മറ്റ് കൈകള്‍ ഫ്രിഡയുടെ ശരീരത്തെയും ഉയര്‍ത്തിയെടുക്കുന്നു. തലചായ്ക്കാന്‍ മാര്‍ക്സിസമുള്ളപ്പോള്‍ തന്‍റെ വേദനകളുടെ എല്ലാ കെട്ടുപാടുകളില്‍നിന്നും അവര്‍ വിമുക്തയാവുകയാണ്. ചിത്രത്തിന്‍റെ ഒരു ഭാഗത്ത് സമാധാനത്തിന്‍റെ ചിഹ്നരൂപമായ വെള്ളരിപ്രാവ് ഭൂമിക്കുമേല്‍ പറന്നുനില്‍ക്കുന്നു. മറുഭാഗത്ത് കാൾ മാര്‍ക്സിന്‍റെ രൂപം യാങ്കി മുതലാളിത്തത്തിന്‍റെ ചിഹ്നരൂപമായ കഴുകന്‍റെ കഴുത്തുഞെരിക്കുന്നു. ഈ തീക്ഷ്ണമായ രാഷ്ട്രീയചിത്രം മുന്നോട്ടുവയ്ക്കുന്ന സൂക്ഷ്മമായ സന്ദേശം ഇതാണ്: മാര്‍ക്സിസം ഫ്രിഡയുടെ വേദനകളെ സുഖപ്പെടുത്തുന്നു; അതോടൊപ്പം ലോകത്തിന്‍റെ എല്ലാ വേദനകളെയും.

സോവിയറ്റ് കമ്യൂണിസ്റ്റ് വിപ്ലവകാരിയും ഫാസിസ്റ്റ് വിരുദ്ധപ്പോരാളിയുമായിരുന്ന ജോസഫ് സ്റ്റാലിന്‍ 1953 മാര്‍ച്ച് 5-നായിരുന്നു നിര്യാതനായത്. സ്റ്റാലിന് ആദരമര്‍പ്പിച്ചുകൊണ്ട് സ്റ്റാലിന്‍റെ മരണശേഷം ഫ്രിഡ വരച്ച അതിമനോഹരമായ പോര്‍ട്രെയിറ്റായിരുന്നു “ദി ഗ്രേറ്റ് ലീഡര്‍” എന്ന ചിത്രം. കമ്യൂണിസത്തോടും സ്റ്റാലിനോടുമുള്ള തന്‍റെ രാഷ്ട്രീയ പ്രതിബദ്ധതയെ ഫ്രിഡ കാലോ ഇങ്ങനെ അടയാളപ്പെടുത്തുന്നു:

“ഇന്നു ഞാന്‍ ഒറ്റയ്ക്കല്ല; മറ്റൊരു കാലത്തും ഇങ്ങനെ ഉണ്ടായിട്ടില്ല. ഇരുപത്തിയഞ്ച് വര്‍ഷമായി ഞാനൊരു കമ്യൂണിസ്റ്റുകാരിയാണ്. എനിക്കതിന്‍റെ ഉത്ഭവകേന്ദ്രമറിയാം, പുരാതനമായ വേരുകളറിയാം. എന്‍റെ രാജ്യത്തിന്‍റെയും ഇവിടത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളുടെയും ചരിത്രം ഞാന്‍ വായിച്ചിട്ടുണ്ട്. ഈ നാടിന്‍റെ സാമ്പത്തികവും വര്‍ഗപരവുമായ വൈരുദ്ധ്യങ്ങള്‍ എനിക്കറിയാം. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, മാവോ എന്നിവരുടെ വൈരുദ്ധ്യാത്മക ഭൗതികവാദം ഞാന്‍ വ്യക്തമായി മനസ്സിലാക്കുന്നു. പുതിയ കമ്യൂണിസ്റ്റ് ലോകത്തിന്‍റെ തൂണുകളായി ഞാന്‍ അവരെ ആദരിക്കുന്നു. ട്രോട്സ്കി മെക്സിക്കോയിലെത്തിയപ്പോള്‍ത്തന്നെ അദ്ദേഹത്തിന്‍റെ പിഴവ് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഞാന്‍ ഒരിക്കലും ട്രോട്സ്കിയിസ്റ്റായിരുന്നില്ല. പക്ഷെ ആ സമയത്ത്, 1940-ല്‍ ഞാന്‍ (വ്യക്തിപരമായി) ഡീഗോ റിവേറയുടെ സുഹൃത്തായിരുന്നു. അതൊരു രാഷ്ട്രീയമായ പിഴവ് ആയിരുന്നു. പക്ഷേ ഞാന്‍ ആറുവയസ്സു മുതല്‍തന്നെ രോഗബാധിതയായിരുന്നു എന്നും ജീവിതത്തിന്‍റെ വളരെ കുറച്ചുകാലം മാത്രമേ ഞാന്‍ ആരോഗ്യവതിയായിരുന്നുള്ളൂ എന്നുമുള്ള വസ്തുത നിങ്ങള്‍ കണക്കിലെടുക്കണം. ഇപ്പോള്‍, 1953ല്‍, ഇരുപത്തിരണ്ട് ശസ്ത്രക്രിയകള്‍ക്കുശേഷം ആശ്വാസം തോന്നുന്ന ഈ വേളയില്‍ ഇനിയുള്ളകാലം കൂടുതല്‍ നന്നായി എനിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയെ സഹായിക്കാനാകുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഒരു തൊഴിലാളിയല്ല; ഒരു കലാകാരി മാത്രമാണ്. എന്നാല്‍ നിരുപാധികം കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിനൊപ്പം ഞാന്‍ നിലകൊള്ളും”

1954-ലായിരുന്നു അമേരിക്കന്‍ സാമ്രാജ്യത്വ ഏജന്‍സിയായ സിഐഎ, ഗ്വാട്ടിമാലയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ സൈനികമായി അട്ടിമറിക്കുന്നത്. ഗ്വാട്ടിമാലയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്‍റായിരുന്നു ജേക്കബോ അര്‍ബെന്‍സ്. ഗ്വാട്ടിമാലയില്‍ അമേരിക്കന്‍ കുത്തകകമ്പനിയായ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ അധീനതയില്‍ തരിശുകിടന്ന ഭൂമിയെ ഭൂരഹിത കര്‍ഷകര്‍ക്കുവേണ്ടി വിതരണം ചെയ്തത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കാരണം ഗ്വാട്ടിമാലയെ അമേരിക്ക കണ്ടിരുന്നത് അമേരിക്കയുടെ വാഴത്തോട്ടമെന്ന നിലയിലായിരുന്നു.

ജേക്കബോ അര്‍ബെന്‍സ്

സാമൂഹ്യ സുരക്ഷാ നിയമങ്ങളും തൊഴിലവകാശങ്ങളും ജേക്കബോ അര്‍ബെന്‍സിന്‍റെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. കമ്യൂണിസ്റ്റുകാരോട് അര്‍ബെന്‍സ് സഹിഷ്ണുത കാട്ടിയതും അമേരിക്കയെ ചൊടിപ്പിച്ചു. അര്‍ബെന്‍സിനെ ഭരണത്തില്‍നിന്നും അട്ടിമറിക്കുകയും കാസ്റ്റിലോ അര്‍മാസ് എന്ന പട്ടാള ഏകാധിപതിയെ പകരം പ്രതിഷ്ഠിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെയും ജനാധിപത്യവാദികളെയും ഗ്വാട്ടിമാലയില്‍ കൂട്ടക്കൊല ചെയ്തു. അമേരിക്കയുടെ അതിഭീകരമായ ഈ ജനാധിപത്യക്കശാപ്പിനെതിരെ മെക്സിക്കോയില്‍ പതിനായിരക്കണക്കിന് മനുഷ്യരാണ് തെരുവില്‍ പ്രതിഷേധിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശം പോലും വകവെയ്ക്കാതെ ഒരു വീല്‍ചെയറില്‍ ഫ്രിദയും ആ പ്രതിഷേധാഗ്നിയില്‍ അണിചേര്‍ന്നു. പിന്നെ പതിനൊന്ന് ദിവസങ്ങള്‍ കൂടി മാത്രമേ ആ മഹാവനിത ജീവിച്ചിരുന്നുള്ളൂ.

1954 ജൂലൈ 13-ന് പ്രതിബദ്ധതയുടെ ആ സമരസാക്ഷ്യം മരണത്തിന് കീഴടങ്ങി. മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രക്തപതാക പുതപ്പിച്ച ആ ഭൗതികശരീരത്തെ നൂറുകണക്കിന് സഖാക്കള്‍ അനുഗമിച്ചു. എല്ലാ ശാരീരിക വേദനകളെയും ഉള്ളിലൊതുക്കി കലാകാരിയായും കമ്യൂണിസ്റ്റായും ധീരതയോടെ പൊരുതിനിന്ന ആ വിപ്ലവവനിതയുടെ ഓര്‍മകള്‍ ഒരു പൊള്ളുന്ന ആവേശമായി എക്കാലവും പൊരുതുന്ന മനുഷ്യര്‍ക്കുമുന്നില്‍ നിറഞ്ഞുനില്‍ക്കും.

പി.എസ് പൂഴനാട്

പി.എസ് പൂഴനാട്

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം. ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ്റെ മുഖമാസിക എംപ്ലോയീസ് ഫോറം അസോസിയേറ്റഡ് എഡിറ്റർ. ലോകദർശനങ്ങൾ: ചാർവാകൻ മുതൽ മാർക്സ് വരെ, മാർക്സ് വീണ്ടും മാർക്സ: സമകാലിക വായനകൾ, ജനങ്ങൾക്കുവേണ്ടി മരിച്ചുവീഴാം: മാൽക്കം എക്സും പോരാളികളും, റെഡ് ആഫ്രിക്ക എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *