ലോകത്തെ മാറ്റിമറിച്ച ഒരു കൂടിക്കാഴ്ച

ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഇരുവരും തമ്മില്‍ മണിക്കൂറുകളോളം രാഷ്ട്രീയവും ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളും ചര്‍ച്ച ചെയ്തു. ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബന്‍ മോചന പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിപ്ലവത്തോടുള്ള ആത്മാര്‍ത്ഥതയും ചെ ഗുവേരയെ ആകര്‍ഷിച്ചു. അനീതിക്കെതിരെ പോരാടാനുള്ള ഉറച്ച മനസുള്ള ഫിദല്‍ കാസ്‌ട്രോയെന്ന വിപ്ലവകാരിയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ഉറപ്പിച്ചത് ചെഗുവേരയായിരുന്നു. മാര്‍ക്സും ഏംഗല്‍സും വിഭാവനം ചെയ്ത ചൂഷണമുക്തമായ ഒരു സാമൂഹിക ക്രമത്തിൻ്റെ സാക്ഷാത്കാരത്തിനായുള്ള അഭിവാഞ്ച ആ സൗഹൃദത്തെ ആഴമുള്ളതാക്കി മാറ്റി.

മൂന്ന്

മോണ്‍കാഡ ബാറക്ക് ആക്രമണത്തിന് ശേഷമുള്ള തടവ് ജീവിതവും തുടര്‍ന്നുള്ള മോചനവും ഫിദലിനെ കൂടുതല്‍ ലക്ഷ്യബോധമുള്ളവനാക്കി. പതിയെപ്പതിയെ പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു അദ്ദേഹം. പരാജയപ്പെട്ടതോടെ എല്ലാം പാതി വഴിയിലുപേക്ഷിച്ച് മടങ്ങിപ്പോകുകയായിരുന്നില്ല. പരാജയത്തിൻ്റെ കാരണങ്ങള്‍ പഠിച്ച് വീണ്ടും പോരാട്ടത്തിനായി അദ്ദേഹം മനസിനെ തയ്യാറാക്കിക്കൊണ്ടിരുന്നു.

മെക്സിക്കോയുടെ കാലാവസ്ഥ പോലെ ഫിദലിനുള്ളിലെ വിപ്ലവകാരിയും ചൂട് പിടിച്ചു കൊണ്ടിരുന്നു. മെക്‌സിക്കോയുടെ മണ്ണ്, വിപ്ലവ ബോധത്തിൻ്റെ അഗ്നിയെ ആളിക്കത്തിക്കാന്‍ ശേഷിയുള്ളതായിരുന്നു. അവിടെവെച്ചാണ് ലോകത്തിൻ്റെ വിപ്ലവ ബോധത്തിൻ്റെ ഗതിയെത്തന്നെ അടിമുടി മാറ്റിമറിച്ച മഹത്തായ ആ കൂടിക്കാഴ്ച സംഭവിക്കുന്നത് – അര്‍ജൻ്റീനയില്‍ നിന്നുള്ള യുവ ഡോക്ടറായ ഏണെസ്റ്റോ ചെ ഗുവേരയുമായുള്ള ഫിദലിൻ്റെ സമാഗമം.

ഫിദല്‍ കാസ്‌ട്രോയും ഏണെസ്റ്റോ ചെ ഗുവേരയും

അര്‍ജൻ്റീനയില്‍ നിന്ന് വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ ദീര്‍ഘമായ മോട്ടോര്‍സൈക്കിള്‍ യാത്രാനുഭവങ്ങളിലൂടെയാണ് ചെ ഗുവേര രാഷ്ട്രീയമായി ഉണര്‍ന്ന് വന്നത്. ഗ്വാട്ടിമാലയിലെ ഭരണകൂടത്തെ സി.ഐ.എ പിന്തുണയോടെ അട്ടിമറിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം നേരില്‍ കണ്ടു. അധികാരമുള്ള രാജ്യങ്ങള്‍ എല്ലാ നീതിയെയും കാറ്റില്‍പ്പറത്തി സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഭരണകൂടങ്ങളെ വാഴിക്കുന്നതും താഴെയിറക്കുന്നതും അദ്ദേഹം കണ്ടു. ഈ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു ചെ ഗുവേരയില്‍ സാമ്രാജ്യത്വ വിരുദ്ധ ചിന്തകള്‍ ശക്തിപ്പെടുത്തിയത്. മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ അദ്ദേഹത്തില്‍ ആഴത്തില്‍ സ്വാധീനമുണ്ടാക്കി. അക്കാലത്തെ അരക്ഷിതമായ സാഹചര്യങ്ങളില്‍ നിന്ന് സുരക്ഷിതത്വം തേടി ചെ ഗുവേരയും മെക്സിക്കോയില്‍ എത്തിച്ചേര്‍ന്നു.

മെക്സിക്കോ സിറ്റിയിലെ എമ്പരാന്‍ തെരുവിലുള്ള ക്യൂബന്‍ വിപ്ലവകാരികളുടെ ഒത്തുകൂടല്‍ കേന്ദ്രത്തില്‍ വെച്ചാണ് ഫിദലും ചെ ഗുവേരയും ആദ്യമായി കണ്ടുമുട്ടുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും കാല്പനികമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. ഫിദലിൻ്റെ ഇളയ സഹോദരനായ റൗള്‍ കാസ്‌ട്രോ ഇതിനോടകം തന്നെ ചെ ഗുവേരയുമായി സൗഹൃദത്തിലായിരുന്നു. റൗളാണ് ഫിദലിനെയും ചെയെയും തമ്മില്‍ കൂട്ടിമുട്ടിച്ചത്.

ചെ ഗുവേര ഫിദലിനും റൗള്‍ കാസ്‌ട്രോയ്ക്കുമൊപ്പം

ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഇരുവരും തമ്മില്‍ മണിക്കൂറുകളോളം രാഷ്ട്രീയവും ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളും ചര്‍ച്ച ചെയ്തു. ഫിദല്‍ കാസ്‌ട്രോയുടെ ക്യൂബന്‍ മോചന പദ്ധതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിപ്ലവത്തോടുള്ള ആത്മാര്‍ത്ഥതയും ചെ ഗുവേരയെ ആകര്‍ഷിച്ചു. അനീതിക്കെതിരെ പോരാടാനുള്ള ഉറച്ച മനസുള്ള ഫിദല്‍ കാസ്‌ട്രോയെന്ന വിപ്ലവകാരിയെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ഉറപ്പിച്ചത് ചെഗുവേരയായിരുന്നു. മാര്‍ക്സും ഏംഗല്‍സും വിഭാവനം ചെയ്ത ചൂഷണമുക്തമായ ഒരു സാമൂഹിക ക്രമത്തിൻ്റെ സാക്ഷാത്കാരത്തിനായുള്ള അഭിവാഞ്ച ആ സൗഹൃദത്തെ ആഴമുള്ളതാക്കി മാറ്റി.

ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും വലിയൊരു കൊടുങ്കാറ്റ് തന്നെയായി ആ സൗഹൃദം മാറി. അപ്പോഴെല്ലാം മെക്സിക്കോയിലെ വെളിച്ചം കുറഞ്ഞ ഒളിത്താവളങ്ങളിലിരുന്ന് ഫിദല്‍ തൻ്റെ സൈന്യത്തെ രൂപപ്പെടുത്തുക കൂടിയായിരുന്നു. ആ സംഘം വളര്‍ന്നുകൊണ്ടിരുന്നു. നാടുകടത്തപ്പെട്ട ക്യൂബന്‍ ദേശസ്നേഹികള്‍ ഓരോരുത്തരായി ഫിദലിനൊപ്പം ഒത്തുകൂടി. അവര്‍ക്ക് ഓരോരുത്തര്‍ക്കും അദ്ദേഹത്തെ വിശ്വാസമായിരുന്നു. അന്തിമ വിജയം തങ്ങളുടേത് മാത്രമായിരിക്കുമെന്ന് ഉറച്ച വിശ്വാസം ഓരോ പോരാളിയുടെയും അന്തരംഗങ്ങളില്‍ മുഴങ്ങി.

ക്യൂബന്‍ ജനതയുടെ അഭിലാഷങ്ങളും സ്വാതന്ത്ര്യവും സഫലമാകുന്ന ഒരു നാളിനായി അവര്‍ കാത്തിരുന്നു. പോരാട്ടത്തിൻ്റെ പുതിയ വഴികള്‍ അവര്‍ പഠിച്ച് കൊണ്ടിരുന്നു. തോക്കിൻ്റെയും ആയുധങ്ങളുടെയും ഉപയോഗം മാത്രമല്ല, കാടുകളിലെ അതിജീവനവും ഗറില്ലാ യുദ്ധമുറകളും അവര്‍ അവിടെവെച്ച് പരിശീലിച്ചു. പണമില്ലായ്മയും പോലീസിൻ്റെ നിരീക്ഷണങ്ങളും അവരെ വേട്ടയാടിയെങ്കിലും സ്വാതന്ത്ര്യത്തോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശം എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ പാകത്തിലുള്ള ഇന്ധനമായി മാറി.

ചൂട് കാറ്റ് ആഞ്ഞ് വീശിക്കൊണ്ടിരിക്കുന്ന മെക്സിക്കോയുടെ തെരുവുകളില്‍ നിന്ന് കരീബിയന്‍ കടലിൻ്റെ പ്രക്ഷുബ്ധതയിലേക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഫിദല്‍ കാസ്‌ട്രോയുടെ മനസ്സില്‍ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ – സ്വതന്ത്ര ക്യൂബ. തൻ്റെ ജന്മ ദേശത്തെ ചൂഷണമുക്തമാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒരു ജന്മദൗത്യം പോലെ അദ്ദേഹം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. ഫിദലും ചെയും ചേര്‍ന്ന് വിപ്ലവത്തിൻ്റെ ഒരു രൂപരേഖ തയാറാക്കിയിരുന്നു. ചരിത്രത്തിൻ്റെ വിധിനിര്‍ണായകമായ ആ നിയോഗത്തിലേക്ക് കാലെടുത്തുവെച്ച ആ ദിവസങ്ങള്‍ ലാറ്റിനമേരിക്കന്‍ വിപ്ലവ ചരിത്രത്തിലെ ഏറ്റവും തീഷ്ണമായ ഏടുകളിലൊന്നാണ്. ജയില്‍വാസത്തിൻ്റെ കറുത്ത ദിനങ്ങളും നാടുകടത്തലിൻ്റെ അസ്വസ്ഥതകളും ഫിദലിൻ്റെയും സഹപോരാളികളുടെയും വീര്യത്തെ തകര്‍ക്കുകയല്ല ചെയ്തത്. ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള കരുത്തും വിപ്ലവബോധവും കൊണ്ട് അവരുടെ ഹൃദയങ്ങള്‍ ത്രസിച്ച് കൊണ്ടിരുന്നു.

1956 നവംബര്‍ 25-ന് രാത്രി. മെക്‌സിക്കോയിലെ ടക്‌സ്പാന്‍ നദിയില്‍ നിന്ന് ‘ഗ്രാന്‍മ’ എന്ന പഴയ മോട്ടോര്‍ ബോട്ട് പുറപ്പെട്ടു. വെറും ഇരുപത്തിയഞ്ച് മീറ്റര്‍ മാത്രം നീളമുള്ള ആ ചെറുയാനത്തില്‍ എണ്‍പത്തിരണ്ട് വിപ്ലവകാരികളും ആയുധങ്ങളും തിങ്ങി നിറഞ്ഞിരുന്നു. കടല്‍ക്ഷോഭവും കപ്പലിൻ്റെ തകരാറുകളും യാത്രയെ നരകതുല്യമാക്കി. യാത്ര തുടങ്ങിയത് മുതല്‍ തടസങ്ങള്‍ ഓരോന്നായി അവരെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു. ഏത് പ്രതിസന്ധിയിലും പതറാത്ത വിധം മനസും ശരീരവും ഒരുക്കിയെടുത്ത പോരാളികള്‍ക്ക് അതൊന്നും തടസ്സമായില്ല. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുള്ള ആ യാത്ര ക്യൂബന്‍ മണ്ണിലേക്ക് പുതിയൊരു പ്രഭാതത്തിൻ്റെ വരവറിയിക്കുന്നതായിരുന്നു.

ഗ്രാന്‍മയിൽ വന്നിറങ്ങുന്ന ക്യൂബൻ പോരാളികൾ

ഡിസംബര്‍ രണ്ടിന് ക്യൂബയുടെ കിഴക്കന്‍ തീരത്ത് ഗ്രാന്‍മ എത്തിച്ചേര്‍ന്നു. എന്നാല്‍ ബാറ്റിസ്റ്റ ഭരണകൂടത്തിൻ്റെ സൈന്യം നേരത്തെതന്നെ അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ കരുത്തോടെയാണ് സൈന്യം വിപ്ലവകാരികളെ നേരിട്ടത്. തീരത്ത് വെച്ചുണ്ടായ കനത്ത ഏറ്റുമുട്ടലില്‍ വിപ്ലവകാരികള്‍ പലയിടത്തേക്കുമായി ചിതറിത്തെറിച്ചു. പലരും കൊല്ലപ്പെട്ടു. മറ്റു ചിലര്‍ പിടിക്കപ്പെട്ടു. ഫിദലിൻ്റെ നേതൃത്വത്തില്‍ ശേഷിച്ച ഒരു ചെറിയ സംഘം ഗത്യന്തരമില്ലാതെ അടുത്തുള്ള സിയറ മാസ്ട്ര പര്‍വതനിരകളിലേക്ക് പിന്‍വാങ്ങി. ഒറ്റനോട്ടത്തില്‍ അതൊരു വലിയ പരാജയമായി തോന്നിയിരുന്നുവെങ്കിലും, മോണ്‍കാഡ ബാറക്ക് ആക്രമണത്തിന് ശേഷം സംഭവിച്ചത് പോലെ ചരിത്രം മറ്റൊന്നാണ് പോരാളികള്‍ക്കായി കരുതിവെച്ചിരുന്നത്.

ക്യൂബയുടെ തെക്കുകിഴക്കേ അറ്റത്തുള്ള സിയറ മാസ്ട്ര പര്‍വതനിരകള്‍ ദുര്‍ഘടമായ കാടുകളും ആഴത്തിലുള്ള മലയിടുക്കുകളും നിറഞ്ഞതാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അതൊരു മരണക്കുഴിയായിരുന്നുവെങ്കില്‍ ഫിദലിനും കൂട്ടര്‍ക്കും അതൊരു സുരക്ഷിത താവളവും പോരാട്ട ഭൂമിയുമായിരുന്നു. വെറും പന്ത്രണ്ടോളം തോക്കുകളുമായിട്ടാണ് ഫിദല്‍ ആ മലനിരകളില്‍ പൊരുതാന്‍ തുടങ്ങിയത്. ആ കാടുകള്‍ വിപ്ലവത്തിൻ്റെ കളിത്തൊട്ടിലായി മാറി. ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ അത്യാധുനിക ആയുധങ്ങളെയും വ്യോമാക്രമണങ്ങളെയും ഗറില്ലാ തന്ത്രങ്ങളുടെ തനിമയാര്‍ന്ന രീതികള്‍ കൊണ്ട് അവര്‍ നേരിട്ടു. ലോകത്ത് മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത അനേകം ഗറില്ലാ മാര്‍ഗങ്ങള്‍ ഫിദലും ചെ ഗുവേരയും ഫലപ്രദമായി നടപ്പിലാക്കി. വേഗത്തില്‍ ശത്രുവിൻ്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആക്രമണം നടത്തി കണ്‍ ചിമ്മുന്ന വേഗതയില്‍ രക്ഷപ്പെടുന്ന ഒരു തരം യുദ്ധതന്ത്രമായിരുന്നു സൈന്യത്തിനെതിരെ അവര്‍ പയറ്റിയത്. അതൊരു മികച്ച പദ്ധതിയായിരുന്നു.

സിയറ മാസ്ട്ര യുദ്ധത്തിലെ അതിജീവിതര്‍ക്കൊപ്പം ഫിദലും ചെയും

പര്‍വതനിരകളിലെ കഠിനമായ ജീവിതം പോരാളികളുടെ മനോബലത്തെ കൂടുതല്‍ ദൃഢമാക്കി. യഥാര്‍ത്ഥത്തില്‍ അത് ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴിതുറക്കല്‍ കൂടിയായിരുന്നു. സിയറ മാസ്ട്ര എന്നത് കേവലം ഒരു യുദ്ധമുഖം മാത്രമല്ലായിരുന്നു. അതൊരു സാമൂഹിക വിപ്ലവത്തിൻ്റെ തുടക്കം കൂടിയായിരുന്നു. കയ്യില്‍ ചുരുക്കം ചില തോക്കുകളും വളരെക്കുറഞ്ഞ അനുയായികളും മാത്രമായി സിയറ മാസ്ട്ര കാടുകളില്‍ അഭയം പ്രാപിച്ച ഫിദല്‍ കാസ്‌ട്രോ, കഠിനമായ പട്ടിണിയെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ചാണ് വിജയം വരിച്ചത്.

കാടുകളില്‍ കഴിഞ്ഞിരുന്ന കാലത്ത് പ്രാദേശിക കര്‍ഷകരുടെയും തൊഴിലാളികളുടെയും വലിയ പിന്തുണ നേടാന്‍ ഫിഡലിന് കഴിഞ്ഞു. അവരുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന വാഗ്ദാനം വിപ്ലവത്തെ ജനകീയമാക്കി. സിയറ മാസ്ട്രയുടെ കാടുകള്‍ ഫിദല്‍ കാസ്‌ട്രോയെ സംബന്ധിച്ചിടത്തോളം കേവലം ഒളിത്താവളം മാത്രമല്ലായിരുന്നു. അത് ക്യൂബന്‍ വിപ്ലവത്തിൻ്റെ കളിത്തൊട്ടിലും ലോക ഗറില്ലാ യുദ്ധത്തിൻ്റെ ചരിത്രത്തിലെ സുവര്‍ണ്ണ ഏടുമായിരുന്നു.

സിയറമാസ്ട്ര കാടുകളില്‍ ഫിദലും ചെയും

കാടുകളിലെ ആദിവാസികളും സാധാരണക്കാരായ കര്‍ഷകരും ആ വിപ്ലവകാരികള്‍ക്ക് അഭയവും ഭക്ഷണവും നല്‍കി. ഫിദലും സംഘവും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവര്‍ക്ക് വൈദ്യസഹായവും വിദ്യാഭ്യാസവും എത്തിക്കുകയും ചെയ്തു. ശത്രുവായ ബാറ്റിസ്റ്റ സര്‍ക്കാരിൻ്റെ കിരാത ഭരണത്തിനെതിരെ പൊരുതുന്ന ആ യോദ്ധാക്കള്‍, സാധാരണക്കാരുടെ കണ്ണില്‍ നീതിയുടെ കാവല്‍ക്കാരായി മാറി. മലമുകളില്‍ നിന്ന് റേഡിയോ റെബല്‍ഡെ എന്ന വിപ്ലവ റേഡിയോ നിലയം അവര്‍ പ്രവര്‍ത്തനക്ഷമമാക്കി. ആ ശബ്ദം ക്യൂബയുടെ ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്‍ന്നു. നഗരങ്ങളിലെ ജനങ്ങള്‍ സര്‍ക്കാരിൻ്റെ കള്ളങ്ങള്‍ തിരിച്ചറിഞ്ഞ് സിയറ മാസ്ട്രയിലെ കാടുകളിലേക്ക് നോട്ടമെറിഞ്ഞു. സിയറ മാസ്ട്രയുടെ കഠിനമായ പര്‍വതനിരകളില്‍ നിന്ന് മുഴങ്ങിയ ആ ചെറുത്തുനില്‍പ്പിൻ്റെ അലയൊലികള്‍ ക്യൂബയുടെ ചരിത്രഗതിയെ മാറ്റിമറിക്കുകയായിരുന്നു. കാടുകളുടെ നിഗൂഢതയില്‍ രൂപംകൊണ്ട ആ ഗറില്ലാ സൈന്യം അധികം വൈകാതെ ഹവാനയുടെ ഭരണസിരാകേന്ദ്രങ്ങളെ വിറപ്പിക്കുന്ന വലിയൊരു ജനകീയ മുന്നേറ്റമായി വളര്‍ന്നു പന്തലിച്ചു.

എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *