സോഷ്യലിസ്റ്റ് ക്യൂബയുടെ നിര്‍മ്മിതി വിഭാവനം ചെയ്യപ്പെട്ടത് കേവലം സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞ ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പായിരുന്നു അത്. അമേരിക്കയുടെ ശക്തമായ ഉപരോധങ്ങളെയും ഭീഷണികളെയും അതിജീവിച്ച്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി എന്നിവയില്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു രാഷ്ട്രം പടുത്തുയര്‍ത്താന്‍ ഫിദല്‍ കാസ്‌ട്രോയ്ക്ക് കഴിഞ്ഞു.- ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയുടെ ജീവചരിത്ര പരമ്പരയുടെ അഞ്ചാം ഭാഗം
സോഷ്യലിസ്റ്റ് ക്യൂബ അണിഞ്ഞൊരുങ്ങുന്നു

അഞ്ച്
1959 ജനുവരി ഒന്നിൻ്റെ ക്യൂബന്‍ വിപ്ലവം വിജയം കണ്ടതോടെ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ക്രൂരമായ ഏകാധിപത്യ ഭരണം അവസാനിച്ചു. എന്നാല്‍ ഫിദല്‍ കാസ്‌ട്രോയുടെ മുന്നില്‍ അതിനേക്കാള്‍ വലിയൊരു ദൗത്യമുണ്ടായിരുന്നു – തകര്‍ന്നടിഞ്ഞ ഒരു രാജ്യത്തെയും വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ട ഒരു ജനതയെയും നവീകരിക്കുക.
ക്യൂബയുടെ ഭരണം പിടിച്ചെടുക്കലായിരുന്നില്ല ആത്യന്തികമായി വിപ്ലവത്തിൻ്റെ ലക്ഷ്യം. പുതിയൊരു രാജ്യത്തെയും പുതിയൊരു സമൂഹത്തെയും പുതിയ മനുഷ്യരെയും വാര്‍ത്തെടുക്കാനുള്ള ഒരു സോഷ്യലിസ്റ്റ് സ്വപ്നത്തിൻ്റെ തുടക്കമായിരുന്നു അത്. അമേരിക്കന്‍ മുതലാളിത്തത്തിൻ്റെയും വിദേശ കമ്പനികളുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്ന ക്യൂബയെ ജനക്ഷേമത്തിലൂന്നിയ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാതയിലേക്ക് നയിക്കാനുള്ള ദൗത്യമാണ് ഫിദല്‍ ഏറ്റെടുത്തത്.

കമ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ നടന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പോലെയായിരുന്നില്ല ക്യൂബയുടെ സാമൂഹിക സാഹചര്യം. ക്യൂബയുടെ മണ്ണ് പോലും അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. വിപ്ലവത്തിന് മുമ്പ് ക്യൂബയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയെല്ലാം അമേരിക്കന്‍ കുത്തക കമ്പനികളുടെയും ഏതാനും ചില ജന്മികളുടെയും കൈകളിലായിരുന്നു. സാധാരണക്കാരായ കര്‍ഷകര്‍ സ്വന്തം മണ്ണില്‍ അടിമകളെപ്പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു.
ഈ അനീതിക്ക് വിരാമമിട്ട് കൊണ്ട്, ഭരണമേറ്റയുടന്‍ ഫിദല്‍ നടപ്പിലാക്കിയ പ്രധാന ചുവടുവെപ്പായിരുന്നു കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍. വിദേശികളുടെയും തദ്ദേശീയരായ സമ്പന്നരുടെയും കൈവശമുണ്ടായിരുന്ന കൂറ്റന്‍ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അധ്വാനിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ദരിദ്രരായ കര്‍ഷകര്‍ക്കും പാട്ടക്കാര്‍ക്കുമായി ഈ ഭൂമി വീതിച്ചു നല്‍കി. അമേരിക്കന്‍ കുത്തകകള്‍ക്ക് കനത്ത തിരിച്ചടിയായ ഈ നീക്കത്തിലൂടെ, രാജ്യത്തിൻ്റെ കാര്‍ഷിക വിഭവങ്ങള്‍ ക്യൂബന്‍ ജനതയുടെ വിശപ്പകറ്റാന്‍ ഉപയോഗിച്ചു തുടങ്ങി.

പോരാടി നേടിയ സ്വാതന്ത്ര്യം ഒരു ജനതക്ക് അനുഭവിക്കണമെങ്കില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടാകണമെന്നായിരുന്നു ഫിദല്‍ കാസ്‌ട്രോയുടെ കാഴ്ചപ്പാട്. അറിവില്ലാത്ത ഒരു ജനതയ്ക്ക് സ്വാതന്ത്ര്യം ആസ്വദിക്കാനാവില്ല എന്ന് ക്യൂബന്‍ ജനതയെ അദ്ദേഹം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ക്യൂബന്‍ ജനങ്ങളില്‍ ഭൂരിപക്ഷവും എഴുത്തും വായനയും സ്വായത്തമാക്കിയിട്ടില്ലാത്തവരായിരുന്നു. അവരെ മുഴുവന്‍ സാക്ഷരാക്കുക എന്ന ദൗത്യമാണ് ആദ്യമായി ഫിദല്‍ ഏറ്റെടുത്തത്. വലിയ പദ്ധതികളാണ് അതിനായി ആവിഷ്‌കരിക്കപ്പെട്ടത്. ലോക ചരിത്രത്തിലെ ഏറ്റവും വിപ്ലവാത്മകമായ ഒരു സാക്ഷരത യജ്ഞത്തിനാണ് ക്യൂബ ഇതിലൂടെ സാക്ഷിയായത്. കരിമ്പ് പാടങ്ങളിലും കൃഷിത്തോട്ടങ്ങളിലുമായി ജീവിതം തീര്‍ന്ന് പൊയ്‌ക്കൊണ്ടിരുന്ന മഹാഭൂരിപക്ഷം വരുന്ന ക്യൂബക്കാര്‍ക്കും അതൊരു അവിശ്വസനീയമായ ലക്ഷ്യമായി തോന്നി.

രാജ്യത്തെ വിദ്യാസമ്പന്നരോടും വിദ്യാര്‍ത്ഥികളോടും സാക്ഷരതാ യജ്ഞത്തിൻ്റെ പോരാളികളാകാന്‍ ഫിദല്‍ കാസ്‌ട്രോ അഭ്യര്‍ത്ഥിച്ചു. ഫിദലിൻ്റെ ആഹ്വാനം സ്വീകരിച്ച് പതിനായിരക്കണക്കിന് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളും അധ്യാപകരായി ഗ്രാമങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. റാന്തല്‍ വിളക്കുകളുടെ വെളിച്ചത്തില്‍, കരിമ്പിന്‍ തോട്ടങ്ങളിലും ലാറ്റിനമേരിക്കന്‍ കുടിലുകളിലും വച്ച് അവര്‍ സാധാരണക്കാരെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. വിപ്ലവത്തിൻ്റെ മറ്റൊരു പതിപ്പ് ആയിരുന്നു അത്.
ലോകം കൗതുകത്തോടെ നോക്കിയ, ഇച്ഛാശക്തി കൊണ്ട് മാത്രം ഒരു ഭരണാധികാരി ഏറ്റെടുത്ത ദൗത്യമായിരുന്നു അത്. വെറും ഒരു വര്‍ഷം കൊണ്ട് ക്യൂബയിലെ നിരക്ഷരത പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടു. അറിവ് ഏതാനും പ്രഭുക്കന്മാരുടെ മാത്രം കുത്തകയല്ലെന്നും അത് പാവപ്പെട്ടവൻ്റെ അവകാശമാണെന്നും ക്യൂബ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു. ഈ വിജയ മാതൃകയുടെ ചുവട് പിടിച്ചാണ് ലോകത്തെ അനേകം രാജ്യങ്ങളില്‍ പിന്നീട് സാക്ഷരതാ വിപ്ലവങ്ങള്‍ നടന്നത്.

വിപ്ലവാനന്തരം ക്യൂബക്ക് മുന്നില്‍ ഗുരുതരമായ മറ്റൊരു പ്രതിസന്ധി കൂടി ഉടലെടുത്തു. വിപ്ലവത്തിനു ശേഷം ക്യൂബയിലുണ്ടായിരുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും അമേരിക്കയിലേക്ക് പലായനം ചെയ്തിരുന്നു. വിപ്ലവത്തിന് മുന്‍പ് ഏകദേശം ആറായിരത്തോളം ഡോക്ടര്‍മാരായിരുന്നു ക്യൂബയിലുണ്ടായിരുന്നത്. ഇതില്‍ പകുതിയോളം പേരും അമേരിക്കയിലേക്ക് കടന്ന് കളഞ്ഞു. മുതലാളിത്ത രാജ്യങ്ങളില്‍ ആരോഗ്യം പണം കൊടുത്ത് വാങ്ങേണ്ട ഒരു ചരക്കായിരുന്നുവെങ്കില്‍, സോഷ്യലിസ്റ്റ് ക്യൂബയില്‍ അത് ഓരോ പൗരൻ്റെയും പ്രാഥമിക അവകാശമായിരിക്കണമെന്നായിരുന്നു ഫിദല്‍ കാസ്‌ട്രോയുടെ നിലപാട്. ഇത് പല ഡോക്ടര്‍മാര്‍ക്കും സ്വീകാര്യമായിരുന്നില്ല.
വിപ്ലവത്തിന് മുന്‍പ് ക്യൂബയിലെ ഭൂരിഭാഗം ഡോക്ടര്‍മാരും ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ളവരും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്നവരുമായിരുന്നു. സമ്പന്നരുടെ മാത്രം സേവകരായിരുന്ന അവര്‍, ഫിദല്‍ കാസ്‌ട്രോയുടെ സോഷ്യലിസ്റ്റ് നയങ്ങളിലൂടെ സ്വകാര്യ പ്രാക്ടീസിനും വന്‍കിട സമ്പാദ്യത്തിനുമുണ്ടായ നിയന്ത്രണങ്ങളെ എതിര്‍ത്തു. അതിനെ ഒരവസരമാക്കി മാറ്റാനായി പണിയെടുത്ത മറ്റ് ചിലര്‍ കൂടിയുണ്ടായിരുന്നു.

തങ്ങളുടെ സമീപത്തുള്ള ഒരു കൊച്ചു രാജ്യത്ത് അരങ്ങേറുന്നതൊക്കെ അമേരിക്ക ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ടായിരുന്നു. പുതിയ ക്യൂബ അമേരിക്കക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. ക്യൂബയിലെ ആരോഗ്യ രംഗത്തെയാണ് പ്രധാനമായും അമേരിക്ക ലാക്കാക്കിയത്. അവിടെ നിന്നുള്ള വിദഗ്ദ്ധരായ ഡോക്ടര്‍മാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പ്രത്യേക ഇളവുകളും കുടിയേറ്റ അനുകൂല നയങ്ങളും നടപ്പിലാക്കി. ഇത് സാമ്പത്തികമായി മെച്ചപ്പെട്ട ജീവിതം തേടി നാടുവിടാന്‍ ഡോക്ടര്‍മാര്‍ക്ക് പ്രേരണയായി.
ഡോക്ടര്‍മാരുടെ ഈ കൂട്ടപ്പലായനത്തില്‍ ഫിദല്‍ പതറിയില്ല. പലരും ഉപദേശിച്ചെങ്കിലും അവരെ തിരിച്ചുവിളിക്കാനോ അവര്‍ക്ക് മുന്നില്‍ വാഗ്ദാനങ്ങള്‍ വെക്കാനോ അദ്ദേഹം തുനിഞ്ഞില്ല. പകരം ഫലവത്തായ പരിഹാരങ്ങളെക്കുറിച്ച് ആലോചിച്ചു. ആരോഗ്യ രംഗത്തെ പ്രതിസന്ധിയെ ഒരു പുതിയ അവസരമാക്കി അദ്ദേഹം മാറ്റി. സാധാരണ ജനങ്ങള്‍ക്ക് ആരോഗ്യ സേവനം ഉറപ്പാക്കാന്‍ അദ്ദേഹം യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനുള്ള പദ്ധതികളാരംഭിച്ചു. ഒരിക്കല്‍ തങ്ങളും ഒരു ഡോക്ടറാകും എന്ന് സങ്കല്പിക്കാന്‍ പോലും കഴിയാത്ത വിധം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പോയ കുട്ടികളെ കണ്ടെത്തി സമ്പൂര്‍ണമായും സൗജന്യമായി അവര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനുള്ള ഒരു പദ്ധതിയാണ് ഫിദല്‍ രാജ്യത്ത് നടപ്പിലാക്കിയത്. അവര്‍ക്ക് വേണ്ടി ലോകോത്തര നിലവാരമുള്ള മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തിൻ്റെ ആരോഗ്യരംഗത്തെ ഉടച്ച് വാര്‍ക്കും വിധം കര്‍മ്മശേഷിയും ഇച്ഛാശക്തിയും ഒത്ത് ചേര്‍ന്ന ഡോക്ടര്‍മാരുടെ ഒരു വലിയ കൂട്ടായ്മയെ തന്നെ രൂപപ്പെടുത്താന്‍ ഫിദലിന് സാധിച്ചു. ക്യൂബയിലെ ആരോഗ്യരംഗം മനോഹരമായ ഒരു വസന്തകാലത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തുടനീളം സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കാന്‍ ഫിദല്‍ കാസ്‌ട്രോക്ക് സാധിച്ചു. പതിയെപ്പതിയെ ക്യൂബ ലോകത്തിന് മുന്നില്‍ ഒരത്ഭുതമാകുകയായിരുന്നു. രാജ്യത്തിനുള്ളിലേക്ക് മാത്രമല്ല, ലോകത്തിൻ്റെ നാനാഭാഗത്തേക്ക് കൂടിയാണ് ഫിദല്‍ കാസ്‌ട്രോയുടെ ഭിഷഗ്വര സംഘം ഇറങ്ങിച്ചെന്നത്. ലോകത്തെ നോക്കി തൻ്റെ ഭിഷഗ്വര സംഘത്തെ ചൂണ്ടിക്കാണിച്ച് കൊണ്ട് ഫിദല്‍ പ്രഖ്യാപിച്ചു.
‘ഇതാ നോക്കൂ, ഇവരാണ് ക്യൂബയുടെ പ്രതിനിധികള്‍, ഞങ്ങള്‍ സൈന്യത്തിനെയല്ല വെള്ളക്കുപ്പായമിട്ട ഡോക്ടര്‍മാരെയാണ് ലോകത്തിലേക്ക് അയക്കുന്നത്.’

ലോകത്തെ ദുരന്ത ബാധിത മേഖലകളിലെല്ലാം ഫിദലിൻ്റെ വെള്ളക്കുപ്പായക്കാര്‍ പ്രതീക്ഷയുടെ തുരുത്തുകളായി കടന്ന് ചെല്ലാന്‍ തുടങ്ങി. പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകം ക്യൂബന്‍ വൈദ്യ സംഘത്തിൻ്റെ വരവും കാത്തിരിക്കുന്ന സാഹചര്യമുണ്ടായി. ഇന്നും ലോകത്തിൻ്റെ ഏത് കോണില്‍ ദുരന്തമുണ്ടായാലും സന്നദ്ധ സേവനവുമായി ആദ്യം ഓടിയെത്തുന്നത് ക്യൂബന്‍ ഡോക്ടര്‍മാരാണ്. ഇതെല്ലാം സാധ്യമാക്കിയത് മനുഷ്യരോട് കരുതലും നീതിയോട് മാത്രം കൂറും കൈമുതലായ ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരിയുടെ കാഴ്ചപ്പാടുകള്‍ കൊണ്ട് മാത്രമായിരുന്നു.
അമേരിക്കന്‍ ഐക്യനാടുകളുടെ തൊട്ടടുത്തു കിടക്കുന്ന ഒരു ചെറിയ ദ്വീപുരാഷ്ട്രം തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്നത് വാഷിംഗ്ടണിനെ ചൊടിപ്പിച്ചു. അമേരിക്ക ക്യൂബക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏല്‍പ്പിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഫിദല്‍ കാസ്‌ട്രോ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞില്ല. അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളും ശുദ്ധീകരണശാലകളും വ്യവസായങ്ങളും ദേശസാല്‍ക്കരിച്ചു കൊണ്ടാണ് ഫിദല്‍ ഇതിനെ നേരിട്ടത്.

1961ല്‍ കാസ്‌ട്രോ ക്യൂബയെ ഔദ്യോഗികമായി ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിച്ചു. ലാഭക്കൊതിയും വ്യക്തികേന്ദ്രീകൃത ചിന്തകളും നിറഞ്ഞ മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്ന് വേറിട്ട് സമത്വത്തിലും സഹകരണത്തിലും ഊന്നിയ ഒരു സോഷ്യലിസ്റ്റ് പാതയിലേക്ക് ക്യൂബ മാറി. വലിയൊരു സ്വപ്നത്തിൻ്റെ തുടക്കമായിരുന്നു അത്.
സോഷ്യലിസ്റ്റ് ക്യൂബയുടെ നിര്‍മ്മിതി വിഭാവനം ചെയ്യപ്പെട്ടത് കേവലം സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളായി അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞ ഒരു ജനതയുടെ ആത്മാഭിമാനത്തിൻ്റെ വീണ്ടെടുപ്പായിരുന്നു അത്. അമേരിക്കയുടെ ശക്തമായ ഉപരോധങ്ങളെയും ഭീഷണികളെയും അതിജീവിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി എന്നിവയില്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു രാഷ്ട്രം പടുത്തുയര്‍ത്താന്‍ ഫിദല്‍ കാസ്‌ട്രോയ്ക്ക് കഴിഞ്ഞു. വിഭവങ്ങള്‍ കുറവാണെങ്കിലും മാനവികതയ്ക്ക് മുന്‍ഗണന നല്‍കിയാല്‍ ഒരു ഭരണകൂടത്തിന് ഒരു നാടിനെ എങ്ങനെ പുനര്‍നിര്‍മിക്കാമെന്ന് ക്യൂബ ലോകത്തിന് തെളിയിച്ച് കൊടുക്കുകയായിരുന്നു.
Author
-
View all postsഎഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.







