മാർക്സിസത്തോട് സഹകരിക്കാൻ പറ്റാത്ത വിധം തീവ്രമായ മതവിശ്വാസങ്ങൾക്കെല്ലാം ഉറപ്പായും ജനാധിപത്യത്തെയും മതേതരത്വത്തെയുമടക്കം മറ്റെല്ലാ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കേണ്ടി വരും. മറിച്ച് പറഞ്ഞാൽ, അവയോടൊക്കെ സഹകരിക്കാൻ പറ്റുന്ന ഏത് മത വിശ്വാസിക്കും മാർക്സിസത്തോടും സഹകരിക്കാൻ പറ്റും. പറ്റില്ലെന്ന ശാഠ്യം മത വീക്ഷണമല്ല, മതം കൊണ്ട് മാർക്സിസത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ വീക്ഷണവും തീവ്രവാദം മാത്രമാണ് – എം എസ് ഷൈജു എഴുതുന്നു
മാർക്സും വിശ്വാസിയും തമ്മിൽ സൗഹാര്‍ദം പാടില്ലെന്നോ ?

മതവിശ്വാസികളുടെ കമ്മ്യൂണിസ്റ്റ് അനുഭാവത്തെ വിശ്വാസവുമായും മതവുമായും ബന്ധിപ്പിച്ച് പ്രശ്‌നവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ആശയങ്ങളോളം തന്നെ പഴക്കമുണ്ട്. പല കാലഘട്ടങ്ങളിലും തീവ്ര മതധാരകൾ ഉയർത്തിക്കൊണ്ട് വരികയും പരാജയപ്പെട്ട് പിൻവാങ്ങുകയും ചെയ്തിട്ടുള്ള ഒരു സംവാദ വിഷയമാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ മതവിരുദ്ധമാക്കാനുള്ള പ്രയത്നങ്ങൾ.
മിക്കപ്പോഴും മതത്തേക്കാൾ രാഷ്ട്രീയമായിരുന്നു ഇത്തരം സംവാദങ്ങളുടെ പിന്നിലെ യഥാർത്ഥമായ ആന്തരിക താത്പര്യങ്ങൾ. കമ്മ്യൂണിസ്റ്റ് വിരുദ്ധരായ രാഷ്ട്രീയ പക്ഷപാതികൾ മതത്തെ മറയാക്കി അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ രൂക്ഷമാക്കാനാണ് ഇത്തരം വിവാദങ്ങളെ ഓരോ കാലത്തും ഉപയോഗിച്ചിട്ടുള്ളത്. വിവാദങ്ങൾ ഉയർന്ന് വരുന്ന പശ്ചാത്തലങ്ങളെ പരിശോധിച്ചാൽ എളുപ്പം ബോധ്യപ്പെടുന്ന വിധം സുതാര്യമാണിത്.

ഒരു നൂറ്റാണ്ട് മുമ്പ് ക്രിസ്ത്യൻ മതാധാരകളായിരുന്നു ഈ വിവാദങ്ങളുടെയും സംവാദങ്ങളുടെയും പ്രയോജകർ. പിന്നീട് മറ്റ് പലരും അതേറ്റെടുത്തു. പുനഃസംവാദങ്ങളെ പോലും അപ്രസക്തമാക്കുന്ന നിലയിൽ ഒട്ടൊക്കെ അസ്തമിച്ച് പോയ ഈ പഴയ സംവാദങ്ങളുടെ ദ്രവിച്ച വേരുകൾ തിരഞ്ഞ് പിടിച്ച് ഇസ്ലാമിക പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രക്ഷേപണം ചെയ്യാനായുള്ള ഒരു മത, രാഷ്ട്രീയ ശ്രമം എൺപതുകളുടെ ഒടുവിൽ കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിൽ വീണ്ടും അരങ്ങേറിയിരുന്നു. എന്നാൽ ആരംഭ ശൂരത്വത്തിൽ നിന്ന് തെല്ലും മുന്നോട്ട് പോകാൻ കഴിയാത്ത വിധം ആശയപരമായി ദുർബലവും നിലവിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിൽ അപ്രസക്തവുമായാണ് ഈ സംവാദവും രേഖപ്പെടുത്തപ്പെട്ടത്.
ഒരു പ്രത്യയശാസ്ത്രത്തിൻ്റെ സ്വഭാവ ഗുണങ്ങൾ പരിശോധിക്കപ്പെടേണ്ടത് രണ്ട് തരത്തിലാണ്. ഒന്ന് അത് സ്വയം അവകാശപ്പെടുന്ന സൈദ്ധാന്തിക വാദങ്ങളും നിലപാടുകളും മുന്നിൽ വെച്ച്. രണ്ട്, അവ പ്രയോഗവൽകരിക്കാൻ ലഭിക്കുന്ന അവസരങ്ങളെ മുന്നിൽ വെച്ച്. അല്പം കൂടി വിശകലനം ചെയ്താൽ സാമൂഹികശാസ്ത്രപരമായും ചരിത്രപരമായും.
ഇതിൽ ഒന്നാമത്തെ കാര്യമെടുത്താൽ, കാറൽ മാർക്സ് മതങ്ങളെ സംബന്ധിച്ച് നടത്തിയ ഒരു വിശദീകരണത്തെ അപനിർമിച്ചാണ് മാർക്സിസവും മതങ്ങളും തമ്മിലെ ബന്ധം മാർക്സിയൻ വീക്ഷണ ധാരക്ക് പുറത്ത് നിരന്തരമായി വിശദീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഒരു തെറ്റായ വായന നിരന്തരം തെറ്റായി അവതരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്ന ആഖ്യാനമാണ് കാലങ്ങളായി അവർ മുന്നോട്ട് വെക്കുന്നത്. യഥാർത്ഥത്തിൽ ഒരു പ്രയോഗത്തെ തെറ്റായി വായിച്ച് രൂപപ്പെടുത്തിയതാണ് ആ ആഖ്യാനം. അത് ആവർത്തിച്ച് പറയുന്നത് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിൻ്റെ കൗശലമാണ്.

An Introduction to the Critique of Hegel’s Philosophy of Right എന്ന പുസ്തകത്തിലാണ്. Religion is the sigh of oppressed creatures; heart of heartless world and soul of sole less conditions എന്ന് മാർക്സ് നിരീക്ഷിക്കുന്നത്. അതിനു ശേഷമാണ് It is the opium of the people എന്ന വിഖ്യാതമായ പ്രയോഗം മാർക്സ് നടത്തുന്നത്. അത് ഒരിക്കലും മതത്തിനോ വിശ്വാസത്തിനോ എതിരായ യുദ്ധപ്രഖ്യാപനമേ അല്ലെന്ന് ആ പുസ്തകം വായിച്ചാൽ പൂർണമായും ബോധ്യപ്പെടും.
മതത്തെ മുൻ നിർത്തി അന്നത്തെ പ്രഷ്യൻ ഭരണകൂടം മനുഷ്യനെ രാഷ്ട്രീയമായി തളച്ചിടുന്നതിനെയാണ് മാർക്സ് വിമർശിച്ചത്. മതത്തെ വെറുപ്പുകൊണ്ട് തള്ളിക്കളയുകയല്ല മാർക്‌സ് ചെയ്തത്. പകരം, കഷ്ടപ്പാടുകൾ അനുഭവിക്കുന്ന മനുഷ്യൻ തൻ്റെ വേദന മറക്കാൻ കണ്ടെത്തുന്ന ഒരു ആശ്വാസമാണ് മതമെന്ന് നിരീക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്.
മർദ്ദിതരായ വർഗത്തിൻ്റെ നെടുവീർപ്പാണ് മതം എന്ന് മാർക്സ് വിശേഷിപ്പിച്ചത് എന്ത് കൊണ്ടാണ് എന്ന് വിശദീകരിക്കേണ്ടത് മാർക്സിസ്റ്റ് വിരുദ്ധരല്ല. അത്തരമൊരു ആശയക്കുഴപ്പമുണ്ടെങ്കിൽ അത് വിശദീകരിക്കേണ്ടത് മാർക്സിയൻ ധാര തന്നെയാണ്. ലഹരി വസ്തുവായ കറുപ്പിനെ വേദന സംഹാരിയായി ഉപയോഗിക്കുന്നത് പോലെ, ജീവിതത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളിൽ നിന്നും വേദനകളിൽ നിന്നും താൽക്കാലിക ആശ്വാസം നൽകുന്ന ഒന്നായിട്ടാണ് മതത്തെ മാർക്‌സ് കണ്ടത് എന്നാണ് മാർക്സിൻ്റെ വാക്കുകളെ വിശദീകരിച്ച് കൊണ്ട് മാർക്സിയൻ ചിന്തകർ വിശദീകരിച്ചത്.
മതം എന്നത് ഒരു തരം ചൂഷണോപാധിയാണെന്നും, അതിനാൽ മതവിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്ഥാനമില്ലെന്നാണ് കമ്മ്യൂണിസ്റ്റ് ആഖ്യാനമെന്നുമാണ് പ്രചരിപ്പിക്കുന്നത്. പരിപൂർണമായ ഒരു നുണ മാത്രമാണത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എക്കാലത്തും മതവിശ്വാസികളെയും അവിശ്വാസികളെയും ഒരേ വർഗലക്ഷ്യത്തിനായി ഒരുമിച്ച് നിർത്തിയിട്ടുള്ള ചരിത്രമാണുള്ളത്.
ചരിത്രപരമായ യാഥാർഥ്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നിലനിന്നിരുന്ന കാലഘട്ടം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ദശകങ്ങളാണ്. പ്രത്യേകിച്ച് 1960-കൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലഘട്ടം. ലോകത്തിൻ്റെ മൊത്തം ഭൂപ്രദേശത്തിൻ്റെ മൂന്നിലൊന്ന് ഇടതുപക്ഷ ഭരണകൂടങ്ങളായിരുന്നു നിയന്ത്രിച്ചിരുന്നത്. ഇന്ന് ചൈന, ക്യൂബ, വിയറ്റ്‌നാം, ലാവോസ്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഡെൻമാർക്ക്, സ്വീഡൻ, നോർവേ, ഫിൻലാൻഡ്, ഐസ്‌ലാൻഡ് തുടങ്ങിയ നോർഡിക് രാജ്യങ്ങളിലും ചിലി, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കാൻ രാജ്യങ്ങളിലുമാണ് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള പാർട്ടികളുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങൾ നിലനിൽക്കുന്നത്.
ഇവിടങ്ങളിൽ നിലനിന്നിട്ടുള്ള കമ്മ്യൂണിസ്റ്റ്, ഇസ്ലാം സൗഹാർദ്ദങ്ങൾക്ക് സവിശേഷമായ ചില ചരിത്ര പ്രാധാന്യങ്ങൾ തന്നെയുണ്ട്. മതാധിഷ്ഠിത ഭരണകൂടങ്ങൾക്ക് കീഴിൽ കഴിഞ്ഞിട്ടുള്ളതിനേക്കാൾ സൗഹാർദ്ദത്തിലും സഹവർത്തനത്തിലും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ മതധാരകൾ കഴിഞ്ഞിരുന്ന ചില ചരിത്രങ്ങൾ കൂടിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഇസ്‌ലാം മതവിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നൽകിയ പരിഗണനകളെക്കുറിച്ച് പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. സമകാലിക രാഷ്ട്രീയത്തിൽ എടുത്ത് പറയാവുന്ന ഉദാഹരണങ്ങളിലൊന്ന് ചൈനയിലെ ഹുയി മുസ്ലീങ്ങളാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ചരിത്രപരമായി മികച്ച ബന്ധമാണവർക്കുള്ളത്. അവരുടെ സാംസ്കാരികവും മതപരവുമായ പ്രത്യേകതകളെ പാർട്ടി അംഗീകരിക്കുകയും, അവരെ ഒരു ന്യൂനപക്ഷ വിഭാഗം എന്ന നിലയിൽ വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മധ്യേഷ്യൻ ചരിത്രത്തെയും സോവിയറ്റ് ഭരണത്തിന് കീഴിലെ ഇസ്‌ലാമിനെയും കുറിച്ച് ആഴത്തിൽ പഠിച്ച പ്രമുഖ ചരിത്രകാരനാണ് അദീബ് ഖാലിദ്.

അദ്ദേഹത്തിന്റെ ‘Islam after Communism’ എന്ന കൃതിയിൽ, സോവിയറ്റ് ഭരണകൂടം ഇസ്‌ലാമിനെ എങ്ങനെയാണ് പരിഗണിച്ചതെന്നും സാമൂഹികപരമായും വിദ്യാഭ്യാസപരമായും കടുത്ത പിന്നാക്കാവസ്ഥകളിൽ കഴിഞ്ഞിരുന്ന മുസ്ലിം ജനതയെ സാമൂഹികമായി എങ്ങനെയാണ് വളർത്തിക്കൊണ്ട് വന്നതെന്നും അനേകം തെളിവുകൾ നിരത്തി വിശദീകരിക്കുന്നുണ്ട്. മറ്റൊരു ചരിത്രകാരനായ എറൻ താസർ Soviet and Muslim എന്ന ശീർഷകത്തിലെ പഠനങ്ങളിലൂടെ ശ്രദ്ധേയനായ ഗവേഷകനാണ്.
സോവിയറ്റ് ഭരണകൂടവും മുസ്ലീം മതനേതൃത്വവും തമ്മിലുള്ള പരസ്പര സഹകരണത്തെക്കുറിച്ചും സോവിയറ്റ് ആധുനികവൽക്കരണ പദ്ധതികളിൽ മുസ്ലീങ്ങൾ പങ്കാളികളായതിനെക്കുറിച്ചും അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ മുസ്ലീങ്ങൾ ഇരകളായിരുന്നില്ല, മറിച്ച് ഭരണകൂടവുമായി പലവിധത്തിൽ സംവദിച്ചവരായിരുന്നു എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഒരു ഡസനിലേറെ വിഖ്യാതമായ ഗ്രന്ഥങ്ങൾ ഈ വിഷയത്തിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും മറ്റ് ലോകഭാഗങ്ങളിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളിലും ഇടതുപക്ഷ ഭരണകൂടങ്ങളിലും മുസ്ലിം ജനവിഭാഗങ്ങൾ നേടിയ മുന്നേറ്റങ്ങളെ ചരിത്രപരവും സാമൂഹികവുമായ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ചില പ്രത്യേകതകൾ കാണാം. ഈ രാജ്യങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ താരതമ്യേന കുറവാണെങ്കിലും, കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയ ചട്ടക്കൂടുകൾ അവർക്ക് നൽകിയ അവസരങ്ങൾ ശ്രദ്ധേയമായിരുന്നു. ക്യൂബയിൽ മുസ്ലിം ജനവിഭാഗം വളരെ ചെറിയൊരു ന്യൂനപക്ഷമാണ്. എന്നാൽ അവിടെയുള്ള ഇസ്ലാമിക് ലീഗ് ഓഫ് ക്യൂബ പോലുള്ള സംഘടനകൾക്ക് സർക്കാരിൻ്റെ അംഗീകാരത്തോടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. മതപരമായ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും, മറ്റ് മതപരമായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനും ഭരണകൂടം പിന്തുണ നൽകുന്നു.

വിയറ്റ്‌നാം സർക്കാർ മതത്തെ ഒരു സ്വകാര്യ കാര്യമായി കാണുമ്പോൾ തന്നെ, ചാം മുസ്ലീങ്ങളുടെ സാംസ്കാരികവും മതപരവുമായ സവിശേഷതകളെ ഒരു വംശീയ ന്യൂനപക്ഷമെന്ന നിലയിൽ സംരക്ഷിക്കുന്നു. ഇവർ അധിവസിക്കുന്ന പ്രദേശങ്ങളിൽ റോഡ്, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പ്രത്യേകമായ പ്രാധാന്യത്തോടെയാണ് എത്തിച്ചു നൽകിവിട്ടുള്ളത്. പള്ളി, മദ്രസ സംവിധാനങ്ങൾക്കൊപ്പം ആധുനിക സ്കൂളുകളിൽ വിദ്യാഭ്യാസം നേടാൻ സർക്കാർ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളിൽ മുസ്ലിം ജനവിഭാഗങ്ങൾ മുന്നേറിയതിൻ്റെ പിന്നിൽ ചില അടിസ്ഥാന കാരണങ്ങളുണ്ട്. അതിലൊന്ന് സെക്യുലറിസത്തിന്റെ സംരക്ഷണമാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ മതനിരപേക്ഷതയെ കർശനമായി നടപ്പിലാക്കുന്നവരാണ്. ഇത് മതപരമായ വിവേചനങ്ങളെ വലിയൊരു പരിധിവരെ ഇല്ലാതാക്കുന്നു. ഇസ്ലാമോ ഫോബിയ പോലുള്ള പ്രവണതകളെ വലിയ തോതിൽ തടയിടാനും ഇത്തരം ഭരണകൂടങ്ങൾക്ക് സാധിക്കാറുണ്ട്. മറ്റൊരു പ്രത്യേകതയായി കാണുന്നത് വർഗ്ഗപരമായ സമത്വമാണ്.
കമ്മ്യൂണിസത്തിൻ്റെ അടിസ്ഥാന തത്വമായ വർഗ്ഗസമത്വം നടപ്പിലാക്കുമ്പോൾ, മതത്തിൻ്റെ പേരിൽ വേർതിരിക്കപ്പെട്ടിരുന്ന അധ്വാന വർഗ്ഗം ഒരേ വേദിയിൽ വരുന്നു. ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വ സങ്കല്പവും കമ്മ്യൂണിസത്തിൻ്റെ സാമൂഹിക നീതിയും തമ്മിൽ ചില പോയിൻ്റുകളിൽ യോജിച്ചു പോകുന്നത് മുസ്ലിം വിഭാഗങ്ങൾക്ക് ഭരണകൂടവുമായി സഹകരിക്കാൻ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. ഇടത് പക്ഷ ഭരണകൂടങ്ങൾ ശക്തിയാർജിക്കുന്ന ഇടങ്ങളിലാണ് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസവും സാക്ഷരതാ നിരക്കും വളർച്ച പ്രാപിക്കുന്നത്. മിക്ക കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും സാക്ഷരതയ്ക്കും സ്ത്രീ വിദ്യാഭ്യാസത്തിനും നൽകുന്ന മുൻഗണന മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ത്യൻ പശ്ചാത്തലത്തിലെ കമ്മ്യുണിസ്റ്റ് – മുസ്‌ലിം സഹവർത്തനങ്ങൾ
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മതവിശ്വാസികൾ പാർട്ടിയുടെ മുൻനിരയിൽ പ്രവർത്തിച്ച അനേകം സന്ദർഭങ്ങൾ കാണാൻ സാധിക്കും. മതപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് സാമൂഹിക നീതിക്ക് വേണ്ടി നിലകൊണ്ട പലരും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി മാറിയത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ഉൾക്കൊള്ളാനുള്ള ശേഷിയെയാണ് കാണിക്കുന്നത്. പശ്ചിമ ബംഗാളിലും ദേശീയതലത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള നിരവധി നേതാക്കൾ ഉണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഭരണകാലത്ത് പല നേതാക്കളും സാധാരണ മുസ്ലിം കുടുംബങ്ങളിൽ നിന്ന് വന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ സ്വീകരിച്ച് ഉയർന്നു വന്നവരാണ്.
പശ്ചിമ ബംഗാളിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന സയ്യിദ് അഹമ്മദ് ഹഷ്മി മുസ്ലിം സമുദായത്തിൻ്റെ അവകാശങ്ങൾക്കായി വാദിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉറച്ചുനിന്ന നേതാവായിരുന്നു. മുസ്ലീം വിഭാഗങ്ങളെ വർഗ്ഗീയതയിൽ നിന്ന് മാറ്റിനിർത്തി വർഗ്ഗസമരത്തിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

മുഹമ്മദ് സലീം, അബ്ദുറസാഖ് മൊല്ല, ഹന്നാൻ മൊല്ല, സിയാവുൽ ആലം, സൈനുൽ ആബിദീൻ, മുഹമ്മദ് അമീൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ പലരും വർഗ്ഗസമരത്തിൻ്റെയും കർഷക, തൊഴിലാളി ഐക്യത്തിൻ്റെയും പാതയിലൂടെയാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ഉന്നത പദവികളിലേക്ക് എത്തിയത്. പശ്ചിമ ബംഗാളിലെ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പിലാക്കിയപ്പോൾ മുസ്ലിം കർഷകർക്ക് വലിയ തോതിൽ ഭൂമി ലഭിക്കുന്നതിനും അവർക്ക് രാഷ്ട്രീയമായി ശാക്തീകരണം ലഭിക്കുന്നതിനും ഇത്തരം നേതാക്കളുടെ നേതൃത്വം സഹായകമായിട്ടുണ്ട്. കേരളത്തിലും സമാനമായ ഒട്ടേറെ ഉദാഹരണങ്ങൾ പറയാനുണ്ട്.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഇക്കാലത്ത് വർഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഏറ്റവും വിശ്വസിക്കാൻ പറ്റുന്നതും ചേർന്ന് നിൽക്കാൻ സാധിക്കുന്നതും ഇടതുപക്ഷ പാർട്ടികൾ തന്നെയാണ്. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണങ്ങളെയും ഫാസിസ്റ്റ് പ്രവണതകളെയും നേരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ട്.
മതേതരത്വം എന്നത് മതന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഈ രാജ്യത്തിൻ്റെ തന്നെ നിലനിൽപ്പിൻ്റെ അടിസ്ഥാനമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുമ്പോൾ അതിനെ നിയമപരമായും തെരുവിലിറങ്ങിയും പ്രതിരോധിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് എപ്പോഴും മുൻപന്തിയിലുണ്ടാകുന്നത്. ഇതെല്ലാം സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആശയ ഘടനയും ഉള്ളടക്കവും ന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തുന്നതായത് കൊണ്ട് കൂടിയാണ്.
വീക്ഷണപരമായ വൈജാത്യങ്ങൾ
മാർക്സിസത്തിന് ചരിത്രപരവും ശാസ്ത്രബന്ധിയും സ്വതന്ത്രവുമായ ഒരു ലോകവീക്ഷണമുണ്ടെന്നത് സത്യമാണ്. അത് മതങ്ങൾ മുന്നോട്ട് വെക്കുന്ന ലോക വീക്ഷണവുമായി യോജിക്കുന്നതല്ലെന്നതും സത്യമാണ്. പക്ഷെ ഈ രണ്ട് സത്യപ്രസ്താവനകളും മാത്രം മുന്നിൽ വെച്ച് കൊണ്ട് വിലയിരുത്തേണ്ടതല്ല മാർക്സിസവും മതങ്ങളും തമ്മിൽ രൂപപ്പെടേണ്ട ഒരു രാഷ്ട്രീയ സൗഹാർദ്ദം. ഒന്നാമതായി നാം മനസിലാക്കേണ്ടത് മതങ്ങൾ മുന്നോട്ട് വെക്കുന്ന ലോക വീക്ഷണവുമായി വിയോജിക്കുന്ന ഒരേയൊരു പ്രസ്ഥാനമല്ല മാർക്സിസമെന്നാണ്. അല്പം കൂടി വ്യക്തമായി പറഞ്ഞാൽ മാർക്സിസമെന്നല്ല, ലോകത്തെ ഒരു ദർശനത്തിനും മറ്റൊന്നുമായി പൂർണമായും യോജിച്ച് പോകാൻ കഴിയില്ല, ഒരു ഭാഗത്ത് മതങ്ങളാകുമ്പോൾ പ്രത്യേകിച്ചും.
അത് കൊണ്ട് തന്നെ നമുക്ക് പരിശോധിക്കേണ്ടത് വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെ എത്രത്തോളം സഹവർത്തനം കമ്മ്യൂണിസവും മത വിശ്വാസികളും തമ്മിൽ സാധ്യമാകുമെന്നാണ്. കാരണം സഹവർത്തനം സാധ്യമാക്കുന്ന പ്രത്യശാസ്ത്രങ്ങൾക്ക് മാത്രമേ ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിൽ അതിജീവനം സാധ്യമാകുകയുള്ളൂ. ഒന്ന് രണ്ട് ഉദാഹരണം പറയുമ്പോൾ ഇത് വ്യക്തമാകും.

ദേശ രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് ശേഷം ലോകത്ത് സംഭവിച്ചിട്ടുള്ള ചില മാറ്റങ്ങളിൽ പ്രധാനമായത് മതങ്ങളുടെ മെരുങ്ങലായിരുന്നു. ലോകത്തിൻ്റെ സുശക്തമായ ഒരു അധികാര ഘടനയായാണ് ദേശരാഷ്ട്ര വ്യവസ്ഥിതി വികസിച്ച് വന്നത്. മതാധിഷ്ഠിതമായ ഭരണകൂടങ്ങൾ ഈ ഘടനക്ക് കീഴൊതുങ്ങിയതോടെ മതത്തിൻ്റെ അധികാര പ്രയോഗങ്ങൾ ദുർബലമായി വന്നു. ദേശരാഷ്ട്ര ഘടനയെ അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന ബോധ്യമാണ് സ്വന്തം ധർമ്മ സങ്കല്പങ്ങളെ നേർപ്പിക്കാനും ദേശരാഷ്ട്രം എന്ന ആശയത്തെ ഉൾക്കൊള്ളാനും മതങ്ങളെ പ്രേരിപ്പിച്ചത്, സെമിറ്റിക് മതങ്ങളെ പ്രത്യേകിച്ചും. ആധുനികതയായിരുന്നു ദേശാരാഷ്ട്ര ഘടനയുടെ പിറവിക്ക് നിദാനമായത്.
ആധുനികത ശാസ്ത്രത്തിൻ്റെ കൂടി സംഭാവനയാണ്. അത് കൊണ്ട് തന്നെ ശാസ്ത്രവും ശാസ്ത്ര വീക്ഷണവും ദേശരാഷ്ട്ര സങ്കല്പങ്ങളുടെയും ജനാധിപത്യ വീക്ഷണങ്ങളുടെയും ലോക വീക്ഷണമായി മാറി. പക്ഷേ ഇതിൽ നിന്നും ഘടക വിരുദ്ധമായതും സൃഷ്ടി വാദത്തിൽ ഊന്നിയതുമായ ഒരു ലോക വീക്ഷണമാണ് മതങ്ങൾ വെച്ച് പുലർത്തിയിരുന്നത്. ജീവിതം, പ്രപഞ്ചം, മനുഷ്യൻ, ധാർമ്മികത, ശരി, തെറ്റ് തുടങ്ങിയ വിഷയങ്ങളിൽ ഒരാൾ പുലർത്തുന്ന ഉറച്ച വിശ്വാസങ്ങളുടെ അടിസ്ഥാനത്തെയാണല്ലോ നാം ലോക വീക്ഷണം എന്ന് വിളിക്കുന്നത്.
ഒരുദാഹരണം പറഞ്ഞാൽ, മനുഷ്യൻ്റെ പിറവിയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് പുലർത്തുന്ന ബോധം മത വിരുദ്ധമായതാണ്. കാരണം ജനാധിപത്യത്തിൽ അധിഷ്ഠിതമായ ദേശരാഷ്ട്ര ഘടനയുടെ ലോക വീക്ഷണം ജീവപരിണാമം എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായതാണ്. മൂന്നര ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ വനാന്തരങ്ങളിൽ പരിണാമ പ്രക്രിയയിലൂടെ പിറവി കൊണ്ട മനുഷ്യ വർഗ്ഗം ഇന്നത്തെ നിലയിലേക്ക് വളർന്ന് വന്നതിൻ്റെ ചരിത്രത്തെയാണ് സ്റ്റേറ്റ് ജാതിമത ഭേദമന്യേ ഔദ്യോഗികമായി സ്വീകരിക്കുന്നതും പഠിപ്പിക്കുന്നതും.

ചരിത്രം, നരവംശ ശാസ്ത്രം, ജീൻ പഠനങ്ങൾ, ഫോസിൽ പഠനങ്ങൾ, സാംസ്കാരികമായ പടർച്ച, നാഗരികതകൾ എന്നിവയെ പഠിച്ചും വിശകലനം ചെയ്തും ശാസ്ത്രീയമായി രൂപപ്പെടുന്ന മനുഷ്യോത്പത്തിയും മതങ്ങൾ മുന്നോട്ട് വെക്കുന്ന മനുഷ്യോത്പ്പത്തിയും വ്യത്യസ്ത ധ്രുവങ്ങളിലാണുള്ളത്. സ്റ്റേറ്റിൻ്റെ ഈ മത വിരുദ്ധതയെ മുന്നിൽ വെച്ച് സ്റ്റേറ്റിനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ഇന്നത്തെ കാലത്ത് മത ധാരകൾ തയ്യാറാകാത്തത് ദേശരാഷ്ട്ര ഘടനയുടെ അധികാരത്തോട് പോരാടാനും അത് വഴി സംഘർഷാത്മകമാകാനും മതം തയ്യാറല്ലാത്തത് കൊണ്ടാണ്. പുതിയ സാമൂഹിക ക്രമത്തിൽ സഹവർത്തനത്തിൻ്റെയും സൗഹൃദത്തിൻ്റെയും എല്ലാ സാധ്യതകളെയും ഉൾക്കൊള്ളാനാണ് മതധാരകൾ ശീലിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായ വിശ്വാസങ്ങളിലെ വൈരുദ്ധ്യങ്ങൾ പോലും പ്രശ്‌നവൽക്കരിക്കാതെയും, അത്തരം തീവ്ര, പ്രശ്‌നവൽക്കരണ ശ്രമങ്ങളെ തള്ളിപ്പറഞ്ഞുമാണ് ദേശരാഷ്ട്ര ഘടനയുമായി യോജിച്ച് പോകാൻ മോഡറേറ്റ് മതധാരകൾക്ക് കഴിയുന്നത്.
ജനാധിപത്യം, മതേതരത്വം
ആധുനിക ദേശരാഷ്ട്ര സങ്കൽപ്പങ്ങളെ രൂപപ്പെടുത്തിയതിൽ മുഖ്യ പങ്ക് വഹിക്കുന്ന രണ്ട് ആശയങ്ങളാണ് ജനാധിപത്യവും മതേതരത്വവും. ജനാധിപത്യം ഒരു ജീവിത രീതിയും മതേതരത്വം അതിൻ്റെ ഒരു ആവിഷ്കാരവുമാണ്. മതാത്മകമായ ചരിത്ര പാരമ്പര്യമുള്ള ജന സമൂഹങ്ങളെ മതേതരരാക്കാനുള്ള ഒരു ദൗത്യം കൂടിയാണ് ജനാധിപത്യം നിർവഹിച്ചത്. ഒട്ടൊക്കെ വലിയ ശ്രമകരമായ ഒരു ദൗത്യമായിരുന്നു അത്. മതേതരത്വം പരിഷ്കൃതവും അംഗീകൃതവുമായ ഒരു സാമൂഹിക നിലപാടായി മതവിശ്വാസികൾ തന്നെ ഇന്ന് സ്വീകരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ അതിലൊരു വൈരുദ്ധ്യമുണ്ട്. കാരണം ഇസ്ലാം, ജൂത, ക്രിസ്ത്യൻ പോലെയുള്ള മതങ്ങളെ സംബന്ധിച്ച്, അവയാണ് ശരിയായ മതങ്ങളെന്നും അതിൽ വിശ്വസിക്കുന്നവരാണ് ഉന്നതരും വിജയികളുമായ മനുഷ്യരെന്നുമുള്ള വിശ്വാസമുള്ളവരാകണം അതിൻ്റെ അനുയായികൾ.
എന്നാൽ ആ വിശ്വാസത്തിന് ഘടക വിരുദ്ധമായതാണ് മതേതര വിശ്വാസം. ഒരു മതവും മറ്റൊരു മതത്തിനും മീതെയാണെന്നോ സ്ഥാനം കൊണ്ടോ പദവി കൊണ്ടോ ഒരു മതത്തിലെ വിശ്വാസി മറ്റൊരാളിൽ നിന്ന് സവിശേഷതയുള്ളയാളാണെന്നോ കരുതുവാൻ മതേതര കാഴ്ചപ്പാട് അനുവദിക്കുന്നില്ല. ദാർശനികമായ നോക്കിയാൽ, ജീവിതത്തിൻ്റെ എല്ലാ വിജയവും മതവിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന മതത്തിൻ്റെ ശ്രേഷ്ഠ വിശ്വാസ സങ്കല്പങ്ങളും അവയെ എല്ലാറ്റിനെയും തുല്യമായി മാത്രം കാണുന്ന മതേതരത്വ സിദ്ധാന്തങ്ങളും ഒത്ത് പോകുന്ന വീക്ഷണങ്ങളല്ല. എന്നിട്ടും ലോകത്തെ മഹാഭൂരിപക്ഷം വരുന്ന മതവിശ്വാസികൾ തങ്ങൾ മതേതരാണെന്നും മതേതരത്വം ഉന്നതമായ ഒരു മൂല്യമാണെന്നും അംഗീകരിക്കുന്നവരാണ്. ഇത് സാധ്യമാക്കുന്നത് സഹവർത്തനത്തിൻ്റെ രാഷ്ട്രീയ ബോധമാണ്.

ദൈവാധിപത്യം എന്ന ആശയത്തിന് നേർ വിപരീതമായ ഒരാശയമാണ് ജനാധിപത്യം. ദൈവത്തിൻ്റെ സർവാധിപത്യത്തെ ജനാധിപത്യം പ്രത്യക്ഷമായി നിരാകരിക്കുന്നു. ഇസ്ലാമിനെ സംബന്ധിച്ച് ശരിയും തെറ്റും നിർണയിക്കാനുള്ള അധികാരം ദൈവത്തിനാണ്. മനുഷ്യ ജീവിതത്തിൻ്റെ നിയമങ്ങൾ ദൈവം മുൻ നിശ്ചയ പ്രകാരം വിധിച്ച് കഴിഞ്ഞിരിക്കുന്നു. അത് വേദങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് ജീവിക്കുക മാത്രമാണ് മനുഷ്യർ ചെയ്യേണ്ടത്.
ഒരാളിൻ്റെയോ ഒരു സമൂഹത്തിൻ്റെയോ ഒരു രാഷ്ട്രത്തിൻ്റെയോ നിയമ സംഹിതകൾ രൂപപ്പെടേണ്ടത് വേദ തത്വങ്ങൾ അനുസരിച്ചായിരിക്കണം. മതത്തിൻ്റെ ഈ അടിസ്ഥാന തത്വങ്ങളെയാണ് നിയമ നിർമാണ സഭകളും ഭരണഘടനയുമൊക്കെ രൂപീകരിച്ച് ഭൂരിപക്ഷാഭിപ്രായത്തെ മുൻ നിർത്തി മനുഷ്യർ ജനാധിപത്യത്തിലൂടെ ലംഘിക്കുന്നതും വേദ തത്വങ്ങളെ മാനിക്കാതെ നിയമങ്ങൾ ഉണ്ടാക്കി അട്ടിമറിക്കുന്നതും. കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മുസ്‌ലിം മത വിശ്വാസികൾ അംഗത്വം എടുക്കുന്നതിനെയും മത തത്വങ്ങൾ ഉയർത്തി എതിർക്കുന്നവർ ഉന്നയിക്കുന്ന ന്യായങ്ങളെ മുന്നിൽ വെച്ച് പരിശോധിച്ചാൽ മത വിശ്വാസികൾക്ക് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളുമായും ഒരിക്കലും യോജിക്കാൻ കഴിയില്ല. അതും കടുത്ത മതവിരുദ്ധതയാണ്.
അതായത് മാർക്സിസത്തോട് സഹകരിക്കാൻ പറ്റാത്ത വിധം തീവ്രമായ മതവിശ്വാസങ്ങൾക്കെല്ലാം ഉറപ്പായും ജനാധിപത്യത്തെയും മതേതരത്വത്തെയുമടക്കം മറ്റെല്ലാ സാമൂഹിക പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കേണ്ടി വരും. മറിച്ച് പറഞ്ഞാൽ, അവയോടൊക്കെ സഹകരിക്കാൻ പറ്റുന്ന ഏത് മത വിശ്വാസിക്കും മാർക്സിസത്തോടും സഹകരിക്കാൻ പറ്റും. പറ്റില്ലെന്ന ശാഠ്യം മത വീക്ഷണമല്ല, മതം കൊണ്ട് മാർക്സിസത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ വീക്ഷണവും തീവ്രവാദം മാത്രമാണ്.
ചൂഷണം ചെയ്യപ്പെടുകയും വേട്ടയാടപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന മനുഷ്യരെ ചേർത്ത് പിടിക്കാൻ മാർക്സിസത്തിന് മതവിശ്വാസം പ്രശ്നമേയല്ല. മാർക്സിസത്തിൻ്റെ അടിസ്ഥാന ധാർമികത മാനവികതയിലും സാമൂഹിക നീതിയിലുമാണ് അധിഷ്ഠിതമായിട്ടുള്ളത്. ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുക, ചൂഷണരഹിതമായ ലോകം കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങൾ ലോകത്തിലെ മിക്ക മതങ്ങളുടെയും ആന്തരികമായ ധാർമികതയുമായി ഒത്തുപോകുന്നതാണ്. കമ്മ്യൂണിസം മുന്നോട്ട് വെക്കുന്ന സമത്വം എന്ന ആശയത്തെ മതപരമായ സാഹോദര്യവുമായി കൂട്ടിയിണക്കി പ്രവർത്തിക്കുന്ന അനേകം ആളുകൾ ഇന്നും പ്രസ്ഥാനത്തിനൊപ്പമുണ്ട്. മതത്തെ ഒരു വ്യക്തിപരമായ കാര്യമായി കണ്ട് സാമൂഹികമായ പുരോഗതിക്കായി ഒന്നിച്ചുനിൽക്കുക എന്നതാണ് ശരിയായ കമ്മ്യൂണിസ്റ്റ് ശൈലി.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ വേണ്ട യോഗ്യതയെന്നത് മതനിരാസമല്ല, മറിച്ച് വർഗസമരത്തിലുള്ള വിശ്വാസവും ചൂഷണരഹിതമായ ഒരു സമൂഹത്തിനായുള്ള പ്രതിബദ്ധതയുമാണ്. വിശ്വാസത്തെ പാർട്ടി നിരോധിക്കുന്നില്ല; മതപരമായ വർഗീയതയെയും തീവ്രവാദത്തെയുമാണ് പാർട്ടി എതിർക്കുന്നത്. അതുകൊണ്ടുതന്നെ, വിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് അകറ്റി നിർത്തുക എന്ന വാദം വർഗ ഐക്യത്തെ തകർക്കാനും പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും ഉദ്ദേശിച്ചുള്ള തെറ്റായ പ്രചാരണം മാത്രമാണ്.

കമ്മ്യൂണിസം മതത്തെ ഉന്മൂലനം ചെയ്യുകയല്ല, മറിച്ച് മതവും വിശ്വാസവും ഒരാളുടെ സ്വകാര്യമായ കാര്യമാണെന്ന് വിശ്വസിക്കുകയാണ് ചെയ്യുന്നത്. ഒരാൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. ആ അവകാശം ലംഘിക്കപ്പെടുന്നിടത്ത് വിശ്വാസികൾക്കൊപ്പം ചേർന്ന് നിൽക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കുമെന്ന് അനേകം തവണ തെളിയിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മതവിശ്വാസികളുടെ വിശ്വാസത്തെയല്ല എതിർക്കുന്നത്, മറിച്ച് വിശ്വാസത്തെ ചൂഷണത്തിനായോ വിഭജനത്തിനായോ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയാണ്.
മതവിശ്വാസിയായ ഒരു തൊഴിലാളിക്ക് കമ്മ്യൂണിസ്റ്റായി നിന്നുകൊണ്ട് തന്നെ തൻ്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ സാധിക്കും. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടം എല്ലാ മനുഷ്യരുടെയും കടമയാണെന്ന് കമ്മ്യൂണിസം ഉയർത്തിപ്പിടിക്കുന്നു. മതവിശ്വാസികളെ കമ്മ്യൂണിസ്റ്റ് പാർട്ടി ചേർത്തുപിടിക്കുന്നത്, അവരെ മാറ്റിനിർത്തുന്ന വർഗ്ഗീയ ശക്തികളിൽ നിന്ന് രക്ഷിക്കാനാണ്. ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് പ്രവണതകളെ എതിർക്കുക എന്നത് കമ്മ്യൂണിസ്റ്റുകളുടെ ചരിത്രപരമായ കടമയാണ്.
കമ്മ്യൂണിസ്റ്റ് ധാരയും മൂല്യങ്ങളും
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ കമ്മ്യൂണിസ്റ്റുകളുടെ പോരാട്ടം കേരളത്തിൻ്റെ സാമൂഹ്യ വളർച്ചയെ വലിയ നിലയിൽ സ്വാധീനിച്ചിട്ടുണ്ട്. അവ ഏതെങ്കിലും മതത്തിന് എതിരല്ല, മറിച്ച് അടിച്ചമർത്തപ്പെട്ടവർക്ക് ആധുനികമായ ബോധം നൽകാനാണ്.മതപരമായ അനാചാരങ്ങളെ വിമർശിക്കുമ്പോൾ അത് വിശ്വാസികളെ അവഹേളിക്കലല്ല, മറിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കലാണ്.
അടിസ്ഥാനപരമായി കമ്മ്യൂണിസം ഊന്നൽ നൽകുന്നത് മനുഷ്യ സ്നേഹത്തിനാണ്. വഴികൾ രണ്ടാണെങ്കിലും അടിച്ചമർത്തപ്പെട്ട മനുഷ്യന് മുന്നിൽ ജീവിക്കാനുള്ള പ്രതീക്ഷയും ആശ്വാസവും നൽകുന്നവയാണ് മതങ്ങളും കമ്മ്യൂണിസവും. പ്രത്യേകിച്ച് ഇസ്‌ലാം, ക്രിസ്ത്യൻ മതങ്ങൾ. പട്ടിണി കിടക്കുന്നവർക്ക് ആഹാരം കൊടുക്കണമെന്ന് പറയുന്ന മതവും എന്ത് കൊണ്ട് ചില മനുഷ്യർ മാത്രം പട്ടിണിയിൽ അകപ്പെട്ട് പോകുന്നുവെന്ന ചോദ്യമുയർത്തുന്ന കമ്മ്യൂണിസവും ഒന്നല്ലെങ്കിലും മനുഷ്യരിലെ പട്ടിണി മാറണമെന്നും അവർക്കിടയിൽ ചൂഷണം നടക്കരുതെന്നുമുള്ള വിഷയത്തിൽ തുല്യ നിലപാടുകാരാണവർ. എന്നാൽ ഒരു കൂട്ടർ ഇതൊന്നും പരിഗണിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ മതവിരുദ്ധമെന്ന ചാപ്പ കൊണ്ട് അകറ്റി നിർത്താൻ ശ്രമിക്കുന്നത് മതമെന്ന പേരിൽ ഉള്ളിൽ കൊണ്ട് നടക്കുന്ന രാഷ്ട്രീയ വെറിയും തീവ്ര നിലപാടുകളും കൊണ്ട് മാത്രമാണ്.







