ഇത് വെറും മൂന്ന് സീറ്റിൻ്റെ കഥയല്ല. ഒരു ആശയം അധികാരത്തിലേക്ക് കയറിവരുന്നതിൻ്റെ കഥയാണ്. ന്യൂയോർക്ക് നഗരത്തിൻ്റെ രാഷ്ട്രീയം പതിറ്റാണ്ടുകളായി നിയന്ത്രിച്ചത് റിയൽ എസ്റ്റേറ്റും വാൾസ്ട്രീറ്റും പഴയ രാഷ്ട്രീയ ക്ലബ്ബുകളുമായിരുന്നു. ആ ഓർഡറിനെയാണ് മംദാനിയും സംഘവും ഇപ്പോൾ തകർത്തത്. ഒരു ടീമിനെ ഒരുമിച്ചുകൂട്ടി, വ്യക്തമായ ഒരു അജണ്ട മുന്നോട്ടുവെച്ച്, സ്ഥാപിത ശക്തികളെയും അവരുടെ ഏറ്റവും വലിയ പണസ്രോതസ്സിനെയും അവർ തോൽപ്പിച്ചു – അരുന്ധതി ബി എഴുതുന്നു
കിംഗ് മേക്കർ മംദാനി

ഒരു യുവ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് അമേരിക്കൻ രാഷ്ട്രീയത്തിൻ്റെ ഗതി മാറ്റിയെഴുതുകയാണ്. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദനി (Zohran Mamdani) — ഒരു വർഷം മുമ്പ് വരെ ആരും ഗൗരവത്തിലെടുക്കാതിരുന്ന ഒരു പേര് — ഇന്ന് രാജ്യത്തെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മുന്നേറ്റത്തിൻ്റെ ഏറ്റവും തിളക്കമുള്ള മുഖമാണ്. തൻ്റെ മേയർ വിജയം ഒരു യാദൃച്ഛികതയല്ലെന്ന് 2026 ജൂൺ 23-ന് അദ്ദേഹം തെളിയിച്ചു. പിന്തുണച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളെയും വിജയത്തിലെത്തിച്ച്, ഡെമോക്രാറ്റിക് പാർട്ടിക്ക് ഒരു തലമുറയായി അന്യമായിരുന്ന ഒരു പദവി മംദാനി സ്വന്തമാക്കി — വിജയങ്ങളെ സ്വാധീനിക്കുന്ന ഒരു ഡെമോക്രാറ്റിക് നേതാവ്. ഈ ഇലക്ഷൻ ഫലത്തെക്കുറിച്ചുള്ള വാർത്താവിശകലനങ്ങളിലെ വിശേഷണം ഒന്നായിരുന്നു — ‘ഭൂകമ്പസമാനം’

തൂത്തുവാരിയ മൂന്ന് സീറ്റുകൾ ബ്രാഡ് ലാൻഡർ (Brad Lander) NY-10-ൽ ഡാൻ ഗോൾഡ്മാനെ 30 പോയിൻ്റിലധികം ഭൂരിപക്ഷത്തിൽ തകർത്തു — ഇസ്രായേൽ വിഷയത്തിൽ കേന്ദ്രീകരിച്ച പോരാട്ടം. ക്ലെയർ വാൽഡെസ് (Claire Valdez) — ആദ്യ ടേം അസംബ്ലി അംഗവും DSA പ്രവർത്തകയും —അൻ്റോണിയോ റെയ്നോസോയെ പരാജയപ്പെടുത്തി. മംദാനിയില്ലാതെ വാൽഡെസ് മിക്കവാറും ജയിക്കില്ലായിരുന്നു. ഏറ്റവും വലിയ അട്ടിമറി വിജയം ദാരാലിസ അവില ഷെവലിയറുടേതായിരുന്നു (Darializa Avila Chevalier). ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത, കൊളംബിയ സർവകലാശാലയിലെ പലസ്തീൻ അനുകൂല സമരത്തിൻ്റെ നേതാവായിരുന്ന 32-കാരി, അപ്പർ മാൻഹട്ടൻ-ബ്രോങ്ക്സ് ഉൾപ്പെടുന്ന NY-13-ൽ അഞ്ചുതവണ ജയിച്ച ഹിസ്പാനിക് കോക്കസ് ചെയർമാൻ അഡ്രിയാനോ എസ്പെയ്യാത്തിനെ (Adriano Espaillat) 49.3% vs 46% എന്ന നിലയിൽ വീഴ്ത്തി. അന്ത്യഘട്ടത്തിൽ എതിരാളികൾ ‘ഹെയ്തിക്കാരി’ എന്ന് മുദ്രകുത്തിയ വംശീയ ആക്രമണവും ഫലിച്ചില്ല.
കോൺഗ്രസിലൊതുങ്ങാത്ത തരംഗം
ഈ മൂന്ന് കോൺഗ്രസ് വിജയങ്ങൾ ഈ മുന്നേറ്റത്തിൻ്റെ ഏറ്റവും ദൃശ്യമായ ഭാഗം മാത്രമാണ്. ഈ സ്ഥാനാർത്ഥികളെ പിന്തുണച്ച ‘ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക’ (DSA) പിന്തുണച്ച സ്ഥാനാർത്ഥികൾ കോൺഗ്രസിൽ മാത്രമല്ല, സംസ്ഥാന സെനറ്റിലും സംസ്ഥാന അസംബ്ലിയിലും വിജയിച്ചു — ചിലയിടത്ത് നിലവിലെ അംഗങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടുതന്നെ. പ്രത്യേകിച്ച് ക്വീൻസിൽ. NY Focus-ൻ്റെ റിപ്പോർട്ട് പ്രകാരം ആൽബനിയിൽ DSA-ക്ക് ആറോ അതിലധികമോ പുതിയ സീറ്റുകൾ ലഭിക്കാനിടയുണ്ട്.

ഇതിൽ ഏറ്റവും ശ്രദ്ധേയം ആബെർ കവാസ് (Aber Kawas): ക്വീൻസിലെ 12-ാം സെനറ്റ് സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച അവർ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പലസ്തീൻ-അമേരിക്കൻ വനിതയും ആദ്യ മുസ്ലിം വനിതയും ആണ്. ഇസ്രായേലി കുടിയേറ്റങ്ങൾക്കുള്ള ന്യൂയോർക്ക് ധനസഹായം തടയാൻ ലക്ഷ്യമിടുന്ന ‘Not On Our Dime!’ ക്യാമ്പെയിൻ മംദാനിക്കൊപ്പം സ്ഥാപിച്ചവരിൽ ഒരാളാണ് അവർ—അതായത്, ഇസ്രായേൽ വിഷയം ഈ താഴേത്തട്ടിലെ തരംഗത്തിലുടനീളവും പ്രകടമായിരുന്നു.
സോഷ്യലിസ്റ്റ് വാഗ്ദാനത്തിൻ്റെ ബലത്തിൽ
വിജയിച്ച സ്ഥാനാർത്ഥികളെല്ലാം മത്സരിച്ചത് ഒരേ വ്യക്തമായ സോഷ്യലിസ്റ്റ് വാഗ്ദാനങ്ങളിലാണ്. ആറാഴ്ച പ്രായം മുതൽ അഞ്ച് വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ശിശുപരിപാലനം, സൗജന്യ ബസ് യാത്ര, വാടക വർധന മരവിപ്പിക്കൽ, സർക്കാർ ഉടമസ്ഥതയിലുള്ള പാർപ്പിടങ്ങളുടെ വിപുലീകരണം — ജീവിതച്ചെലവ് താങ്ങാനാവുന്നതാക്കുക എന്നതായിരുന്നു അവരുടെ പൊതുവായ മുദ്രാവാക്യം. ഇതിനെല്ലാം പണം എവിടെനിന്ന് എന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഒന്നുതന്നെയായിരുന്നു: അതിസമ്പന്നർക്കും വൻകിട കമ്പനികൾക്കും നികുതി വർധിപ്പിക്കുക.

ഈ ആഭ്യന്തര വാഗ്ദാനങ്ങൾക്കൊപ്പം, ധീരമായ ഒരു വിദേശനയ നിലപാടും അവർ പങ്കിടുന്നു—സയണിസത്തിനെതിരെ പോരാടുമെന്ന പ്രഖ്യാപിത പ്രതിജ്ഞ. ഇസ്രായേലിനുള്ള യുഎസ് സൈനികസഹായം അവസാനിപ്പിക്കുക, ഇസ്രായേലി കുടിയേറ്റങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും ന്യൂയോർക്കിൽനിന്നുള്ള ധനസഹായം തടയുക, പലസ്തീൻ അവകാശങ്ങൾക്കായി തുറന്ന് നിലകൊള്ളുക —ഇതെല്ലാം അവരുടെ പ്രചാരണത്തിൻ്റെ കേന്ദ്രഭാഗമായിരുന്നു. വർഷങ്ങളായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, ഇത്തരം ആശയങ്ങൾ ജനപ്രിയമാണോ എന്നതായിരുന്നില്ല, അവ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും, സയണിസത്തെ വെല്ലുവിളിച്ചാലും ജയിക്കാമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു. ഇത്തവണ അവർ അത് സാധിച്ചു.
വഴി മാറി നടക്കുന്ന മംദാനി
സാധാരണ മേയർമാർ കോൺഗ്രസ് പ്രൈമറികളിൽനിന്ന് അകലം പാലിക്കും — അവർക്ക് അതിൽ നിന്നും രാഷ്ട്രീയ നേട്ടം കുറവാണ്. മംദാനിയാകട്ടെ മുന്നിട്ടിറങ്ങി, സ്ഥാനാർത്ഥികളെ കണ്ടെത്തി, അവർക്കൊപ്പം പ്രചാരണം നടത്തി. ഈ നിരയെ തൻ്റെ ‘ടീം’ എന്ന് ബ്രാൻഡ് ചെയ്തു. കാര്യമായ വ്യക്തിലാഭമില്ലാതെ ഇത്രയും റിസ്കെടുത്തത് വിശാലമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രസ്ഥാനം സൃഷ്ടിച്ചെടുക്കാനാണെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹത്തിന് അമേരിക്കൻ പ്രസിഡൻ്റാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ, ഒരർത്ഥത്തിൽ അമേരിക്കൻ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ നേതാവാകൻ അദ്ദേഹം സ്വതന്ത്രനാണ്.
AIPAC-ഉം ഇസ്രയേൽ ലോബിയും
ഈ മത്സരങ്ങളെല്ലാം രണ്ട് കാതലായ വിഷയങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു — ആഭ്യന്തരതലത്തിൽ ജീവിതച്ചെലവ്, വിദേശനയത്തിൽ ഇസ്രായേൽ. ഇതാണ് ഈ ഫലത്തെ ദേശീയ പ്രതിഭാസമാക്കുന്നത്. ഏതാണ്ട് ഒരു ദശാബ്ദമായി AIPAC-യുടെ പണം ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തിന്മേലുള്ള ഒരു വീറ്റോ ആയിരുന്നു. ജൂൺ 23-ന് ആ ഭീഷണി തകർന്നു.
എസ്പെയ്യാത്തിന് അനുകൂലമായി ഏതാണ്ട് 70 ലക്ഷം ഡോളർ ചെലവഴിക്കപ്പെട്ടു — അവില ഷെവലിയറുടെ പക്ഷം സ്വരൂപിച്ചതിൻ്റെ ഇരട്ടിയിലധികം. ഈ തിരഞ്ഞെടുപ്പിൽ മാത്രം AIPAC നേരിട്ട് എസ്പെയ്യാത്തിന് 1,45,000 ഡോളറിലധികം നൽകി. ഇതിൽ ഏറിയ പങ്കും BOLD America പോലുള്ള PAC-കളിലൂടെയാണ് ഒഴുകിയത്. ആരാണ് പണം നൽകിയതെന്ന് തിരഞ്ഞെടുപ്പ് കഴിയുംവരെ ആർക്കും അറിയില്ലായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും AIPAC സ്ഥാനാർത്ഥി പരാജയപ്പെട്ടു.

ഇസ്രയേലിനോടുള്ള അനുകൂല നിലപാട് കാരണം സീറ്റ് നഷ്ടപ്പെട്ട ആദ്യ കോൺഗ്രസ് അംഗമാണ് ഗോൾഡ്മാൻ എന്ന് പല വിശകലനങ്ങളും വിലയിരുത്തുന്നു. പോളിങ് അവസാനിച്ച് വെറും നാല് മിനിറ്റിനകം അദ്ദേഹത്തിൻ്റെ പരാജയം പ്രഖ്യാപിക്കാനായത്ര വ്യക്തമായിരുന്നു ആ തോൽവി. ശ്രദ്ധേയമായ കാര്യം: ഗോൾഡ്മാൻ്റെയും എസ്പെയ്യാത്തിൻ്റെയും ഏറ്റവും വലിയ ഫണ്ട് ദാതാവ് AIPAC ആയിരുന്നു. ഒരുകാലത്ത് അവരെ സംരക്ഷിച്ച ആ പിന്തുണ ഇപ്പോൾ അവർക്കൊരു ബാധ്യതയായി മാറിയിരിക്കുന്നു.
ഇസ്രായേൽ അനുകൂല രാഷ്ട്രീയവുമായുള്ള ഈ വിള്ളൽ പ്രൈമറികൾക്കും മുമ്പേ പ്രകടമായിരുന്നു. 1964-നു ശേഷം ഇസ്രായേൽ ഡേ പരേഡിൽ പങ്കെടുക്കാത്ത ആദ്യ ന്യൂയോർക്ക് മേയറായി മംദാനി മാറി — കോച്ച് മുതൽ ആഡംസ് വരെ, 61 വർഷം ഓരോ മേയറും പങ്കെടുത്ത ഒരു പരേഡ്. ഇസ്രായേൽ അനുകൂല സംഘടനകളും ചില ജൂത നേതാക്കളും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ‘വംശഹത്യ നടത്തുന്ന ഒരു സർക്കാരിനോടുള്ള ഐക്യദാർഢ്യം ഒരു ജനവിഭാഗത്തോടുള്ള ഐക്യദാർഢ്യമല്ല’ എന്നായിരുന്നു മംദാനിയുടെ വിശദീകരണം. ജൂതനായ ലാൻഡറും പരേഡിൽനിന്ന് വിട്ടുനിന്നു.
ഇത് ന്യൂയോർക്കിൻ്റെ മാത്രം പ്രതിഭാസമല്ല: ടെക്സസ്, അരിസോണ ഡെമോക്രാറ്റുകളിൽ 76% വീതവും ന്യൂയോർക്ക് സംസ്ഥാനത്ത് 70%-ഉം ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് കരുതുന്നുണ്ട് (IMEU പോളിസി പ്രോജക്ട്). ദേശീയതലത്തിൽ ഡെമോക്രാറ്റിക് പ്രൈമറി വോട്ടർമാരിൽ 71% അടുത്ത പ്രസിഡൻ്റ് സ്ഥാനാർത്ഥി ഇസ്രയേലിനുള്ള ആയുധവിതരണം നിർത്തണമെന്ന് ആഗ്രഹിക്കുന്നു; ന്യൂയോർക്ക് ടൈംസ് സർവേ പ്രകാരം 45-ന് താഴെയുള്ള റിപ്പബ്ലിക്കൻമാരിൽ 63%-ഉം സൈനികസഹായം നിർത്തണമെന്ന പക്ഷത്താണ്.
ഇസ്രായേലിന് ചില ആയുധങ്ങൾ വിൽക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഹൗസിൽ അവതരിപ്പിച്ച ബില്ലാണ് ‘Block the Bombs Act’. ഭൂരിഭാഗം ഡെമോക്രാറ്റിക് വോട്ടർമാരും ഇത് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഹൗസിലെ ഡെമോക്രാറ്റിക് അംഗങ്ങളിൽ ഏകദേശം മൂന്നിലൊന്ന് പേർ മാത്രമേ ഈ ബില്ലിന് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളൂ — അതായത്, വോട്ടർമാർ ആഗ്രഹിക്കുന്നതും അവരുടെ നേതാക്കൾ ചെയ്യാൻ തയ്യാറാകുന്നതും തമ്മിൽ വലിയ അന്തരമുണ്ട്.

ഇത് വെറും മൂന്ന് സീറ്റിൻ്റെ കഥയല്ല. ഒരു ആശയം അധികാരത്തിലേക്ക് കയറിവരുന്നതിൻ്റെ കഥയാണ്. ന്യൂയോർക്ക് നഗരത്തിൻ്റെ രാഷ്ട്രീയം പതിറ്റാണ്ടുകളായി നിയന്ത്രിച്ചത് റിയൽ എസ്റ്റേറ്റും വാൾസ്ട്രീറ്റും പഴയ രാഷ്ട്രീയ ക്ലബ്ബുകളുമായിരുന്നു. ആ ഓർഡറിനെയാണ് മംദാനിയും സംഘവും ഇപ്പോൾ തകർത്തത്. ഒരു ടീമിനെ ഒരുമിച്ചുകൂട്ടി, വ്യക്തമായ ഒരു അജണ്ട മുന്നോട്ടുവെച്ച്, സ്ഥാപിത ശക്തികളെയും അവരുടെ ഏറ്റവും വലിയ പണസ്രോതസ്സിനെയും അവർ തോൽപ്പിച്ചു.
ഈ വിജയം എത്ര വലുതായിരുന്നു? പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പരിഹാസത്തോടെ എഴുതി: “Mayor Mamdani pulled through 3 solid Communists, and has received loud and universal applause from the Fake News Media. Congratulations Mr. Mayor!” ഒരു മേയറുടെ മുന്നേറ്റം അമേരിക്കൻ പ്രസിഡൻ്റിന് അവഗണിക്കാനായില്ല. അത്രയും വലുതായിരുന്നു അതിൻ്റെ അലയൊലി.

പക്ഷേ, ഈ മത്സരങ്ങളെല്ലാം നടന്നത് ഉറച്ച ഡെമോക്രാറ്റിക് മണ്ഡലങ്ങളിലാണ്. അവിടെ പ്രൈമറി ജയിച്ചാൽ നവംബറിലെ ജയം ഏതാണ്ട് ഉറപ്പാണ്. ഈ തരംഗം അത്ര എളുപ്പമല്ലാത്ത മണ്ഡലങ്ങളിലേക്കും എത്തുമോ? അതാണ് യഥാർത്ഥ പരീക്ഷണം.
എങ്കിലും ഒന്ന് വ്യക്തമാണ്, അമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ പണബലത്തെ — AIPACനെ —യും, ഇസ്രായേലിനെ വിമർശിക്കരുത് എന്ന വർഷങ്ങൾ പഴക്കമുള്ള അലിഖിത നിയമത്തെയും ഒരേസമയം വെല്ലുവിളിച്ച്, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾ വർഷങ്ങൾക്കിടെ നടത്തിയ ഏറ്റവും ഉറച്ച പ്രഖ്യാപനമായിരുന്നു ജൂൺ 23. മംദാനി അത് രണ്ട് വാക്കിൽ പറഞ്ഞു: “It’s not just a question of electing more Democrats. It’s a question of electing better Democrats”
ആധാരം: NPR, NBC News, The Nation, Al Jazeera, JTA, City & State NY, Queens Eagle, Jerusalem Post, Norwood News, amNewYork, NYT — 2026 ജൂൺ റിപ്പോർട്ടിങ്. പോളിങ് കണക്കുകൾ IMEU പോളിസി പ്രോജക്ട് (അഭിഭാഷക സംഘടന) വക; NYT സർവേ







