ഗ്ലോബല്‍ സൗത്തിൻ്റെ ശബ്ദം

1979ല്‍ യു.എന്‍ പൊതുസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. വികസ്വര രാജ്യങ്ങളുടെ ദാരിദ്ര്യത്തിന് കാരണം അവരുടെ കഴിവുകേടല്ല, മറിച്ച് മുതലാളിത്ത രാജ്യങ്ങളുടെ ചൂഷണമാണെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. ആയുധ മത്സരത്തിന് ചെലവഴിക്കുന്ന പണത്തിൻ്റെ ഒരു ഭാഗം ലോകത്തിലെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചേരിചേരാ പ്രസ്ഥാനത്തിലൂടെയും ഐക്യരാഷ്ട്രസഭയിലെ ഇടപെടലുകളിലൂടെയും ഫിദല്‍ കാസ്‌ട്രോ ലോകരാഷ്ട്രീയത്തിൻ്റെ ഗതിമാറ്റിമറിച്ചു. ലളിതമായ ജീവിതശൈലിയിലൂടെയും സന്ധിയില്ലാത്ത നിലപാടുകളിലൂടെയും അദ്ദേഹം വികസ്വര ലോകത്തിൻ്റെ എക്കാലത്തെയും വലിയ ശബ്ദമായി മാറി – ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്ട്രോയുടെ ജീവചരിത്ര പരമ്പരയുടെ പത്താം ഭാഗം

പത്ത്

‘ബോംബുകള്‍ നിര്‍മ്മിക്കുന്നത് നിങ്ങള്‍ നിര്‍ത്തൂ. പകരം പട്ടിണി കിടക്കുന്ന മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കൂ. യുദ്ധത്തിന് നല്‍കുന്ന പണം ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കൂ.‘ – ഫിദല്‍ കാസ്‌ട്രോയുടെ ഐക്യരാഷ്ട്ര സഭാ പ്രസംഗത്തില്‍ നിന്ന്

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട ശീതയുദ്ധ കാലത്ത് ലോകം സോവിയറ്റ് യൂണിയൻ്റെ നേതൃത്വത്തിലുള്ള ചേരിയും അമേരിക്കയുടെ നേതൃത്വത്തിലുള്ള ചേരിയുമായി വിഭജിക്കപ്പെട്ടിരുന്നു. ഇത് രണ്ടും കൂടാതെ ചേരി ചേരാ പ്രസ്ഥാനം എന്നൊരു പക്ഷവും കൂടി ക്രമേണ ഉടലെടുത്തു. രണ്ട് ചേരികളിലും പെടാതെ, സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ ആഗ്രഹിച്ച വികസ്വര രാജ്യങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു ചേരിചേരാ പ്രസ്ഥാനം.

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ആദ്യകാല സമ്മേളനങ്ങളില്‍ നിന്ന്

തുടക്കത്തില്‍ ചില പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിലായിരുന്ന ഈ പ്രസ്ഥാനത്തെ യഥാര്‍ത്ഥ സാമ്രാജ്യത്വ വിരുദ്ധ വേദിയാക്കി മാറ്റുന്നതില്‍ ഫിദല്‍ കാസ്‌ട്രോ നിര്‍ണായക പങ്കുവഹിച്ചു. ലോക സാഹചര്യങ്ങള്‍ ക്യൂബയെ സോവിയറ്റ് പക്ഷത്ത് നിന്ന് മെല്ലെ മെല്ലെ അകറ്റിക്കൊണ്ടിരുന്നു. ശക്തമായ അമേരിക്കന്‍ വിരുദ്ധതയും സോവിയറ്റ് യൂണിയനുമായി മികച്ച ബന്ധവും പുലര്‍ത്തുമ്പോഴും ഒരു പക്ഷരഹിതമായ നിലപാടാണ് തങ്ങളുടേത് പോലെയുള്ള രാജ്യങ്ങള്‍ക്ക് അനുയോജ്യമെന്ന രാഷ്ട്രീയ നിലപാടിലേക്ക് ഫിദല്‍ എത്തിച്ചേര്‍ന്നിരുന്നു. രാഷ്ട്രീയമായ ചില തിരിച്ചറിവുകള്‍ അങ്ങനെയൊരു തീരുമാനത്തിലേക്ക് ഫിദലിനെ എത്തിക്കുകയായിരുന്നു.

സോവിയറ്റ് യൂണിയന്‍ ക്യൂബയ്ക്ക് നല്‍കിയത് സൈനിക സഹായമല്ലെന്നും സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലഭിച്ച ജീവശ്വാസമാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ചേരിചേരാ നയം ലോകത്തെ വികസ്വര രാഷ്ട്രങ്ങള്‍ക്ക് സ്വീകാര്യമാകുന്നതിന് പിന്നില്‍ ഫിദലിൻ്റെ നിലപാടുകള്‍ക്ക് വലിയ പങ്കുണ്ടായി. ചേരിചേരല്‍ എന്നാല്‍ സാമ്രാജ്യത്വത്തോടും കൊളോണിയലിസത്തോടും നിഷ്പക്ഷത പാലിക്കലല്ലെന്നും, അവയ്‌ക്കെതിരെ നിരന്തരം പോരാടലാണെന്നും ഫിദല്‍ കാസ്‌ട്രോ ലോക രാജ്യങ്ങളെ ബോധവല്‍ക്കരിച്ചു.

ഒരു തരത്തില്‍ പറഞ്ഞാല്‍ ചേരി ചേരായ്മയില്‍ ഒരു സങ്കീര്‍ണതയുണ്ടായിരുന്നു. നേര്‍ക്ക് നേരെ ഒരു ചേരിയിലെയും അംഗങ്ങളായില്ലെങ്കിലും ഏതെങ്കിലും ഒരു ചേരിയോട് അനുഭാവം പുലര്‍ത്താതെ നിലനില്‍ക്കാന്‍ പറ്റാത്ത ഒരു സന്ദിഗ്ധാവസ്ഥ എല്ലാ വികസ്വര രാജ്യങ്ങള്‍ക്ക് മുന്നിലുമുണ്ടായിരുന്നു.

വിദേശ നയങ്ങള്‍, ആയുധ കരാറുകള്‍, പ്രതിരോധ ബന്ധങ്ങള്‍, സാങ്കേതിക സഹായങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ സോവിയറ്റ് യൂണിയനുമായി സഹകരിക്കുന്ന ഒരു ശൈലിയാണ് ചേരി ചേരാ രാഷ്ട്രങ്ങള്‍ പൊതുവേ പുലര്‍ത്തിയത്. അങ്ങനെയല്ലാത്ത ചില രാജ്യങ്ങളും ആ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരെല്ലാം ചേര്‍ന്ന വികസ്വര രാഷ്ട്രങ്ങളെയാണ് മൂന്നാം ലോക രാഷ്ട്രങ്ങളെന്നും ഗ്ലോബല്‍ സൗത്തെന്നുമൊക്കെ പിന്നീട് വിളിക്കപ്പെട്ടത്.

ഹവാനയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ഉച്ചകോടിയുടെ അധ്യക്ഷനായി കാസ്‌ട്രോ

1979ല്‍ ഹവാനയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ആറാമത് ഉച്ചകോടിയുടെ അധ്യക്ഷപദവി ഫിദല്‍ ഏറ്റെടുത്തതോടെ പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധം ലഭിച്ചു. അമേരിക്കയുടെ ലാറ്റിന്‍ അമേരിക്കന്‍ നയങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനും സാമ്രാജ്യത്വ വിരുദ്ധ ഐക്യം ഊട്ടിയുറപ്പിക്കാനും ഹവാന ഉച്ചകോടി വേദിയായി. വികസ്വര രാജ്യങ്ങളുടെ പൊതുശത്രു അമേരിക്കന്‍ സാമ്രാജ്യത്വമാണെന്നും, സാമ്പത്തിക അസമത്വത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്നും ലോകത്തെ വികസ്വര രാഷ്ട്രങ്ങളോട് ഫിദല്‍ ആഹ്വാനം ചെയ്തു.

രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം കൊണ്ട് ഒരു രാജ്യത്തിന് സ്വതന്ത്രമാകാന്‍ കഴിയില്ലെന്നും, കൊളോണിയലിസത്തിൻ്റെ സാമ്പത്തികമായ കീഴ്‌പ്പെടുത്തലില്‍ നിന്ന് കൂടി സ്വാതന്ത്ര്യം ലഭിച്ചാലേ രാഷ്ട്രീയ സ്വാതന്ത്ര്യം പൂര്‍ണമാകൂ എന്നുമാണ് ഫിദല്‍ വികസ്വര രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. സാമ്പത്തികമായ കീഴടക്കലില്‍ നിന്ന് മുക്തി നേടിയാല്‍ മാത്രമേ യഥാര്‍ത്ഥ വികസനം സാധ്യമാകൂ എന്നും ഫിദല്‍ വിശ്വസിച്ചു. ഇതിനായി അദ്ദേഹം മുന്നോട്ടുവെച്ച ആശയമാണ് പുതിയ ‘അന്താരാഷ്ട്ര സാമ്പത്തിക ക്രമം’ (New International Economic Order – NIEO). വികസ്വര രാജ്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ ഇതിലൂടെ അദ്ദേഹം അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചു.

വികസ്വര രാജ്യങ്ങളുടെ മുന്നിലുള്ള വലിയൊരു പ്രശ്‌നം വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായുള്ള കടമെടുപ്പായിരുന്നു. അത് വലിയൊരു കെണിയായി രാജ്യങ്ങളെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു. വിദേശ ബാങ്കുകള്‍ക്കും വന്‍കിട ശക്തികള്‍ക്കും നല്‍കേണ്ടിവരുന്ന ഭീമമായ കടവും അതിൻ്റെ പലിശയും ആ രാജ്യങ്ങളുടെ വികസനത്തെ പിന്നോട്ട് വലിച്ച് കൊണ്ടിരുന്നു. ഈ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതൊരു സമ്മര്‍ദ്ദമായി മുന്നോട്ട് വെക്കാനുള്ള പദ്ധതികള്‍ക്ക് ഫിദല്‍ രൂപം കൊടുത്തു.

വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് വിലയിടിക്കുകയും, പാശ്ചാത്യ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുകയും ചെയ്യുന്ന രീതിക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍, ആയുധങ്ങള്‍ക്കായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്ന മുതലാളിത്ത വ്യവസ്ഥയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

യു.എന്‍ പൊതുസഭയില്‍ പ്രസംഗിക്കുന്ന കാസ്‌ട്രോ

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും മറ്റ് ആഗോള വേദികളിലും ഫിദല്‍ കാസ്‌ട്രോ നടത്തിയ പ്രസംഗങ്ങള്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് പേടിസ്വപ്നമായിരുന്നു. ഒലിവ് പച്ച നിറത്തിലുള്ള ക്യൂബന്‍ സൈനിക യൂണിഫോമില്‍ ഐക്യരാഷ്ട്രസഭയുടെ മൈക്ക് സ്റ്റാന്‍ഡിലെത്തിയ ഫിദല്‍, ലോകത്തിലെ വന്‍ശക്തികളുടെ കപടമുഖം അക്കമിട്ടു നിരത്തി.

1979ല്‍ യു.എന്‍ പൊതുസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. വികസ്വര രാജ്യങ്ങളുടെ ദാരിദ്ര്യത്തിന് കാരണം അവരുടെ കഴിവുകേടല്ല, മറിച്ച് മുതലാളിത്ത രാജ്യങ്ങളുടെ ചൂഷണമാണെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. ആയുധ മത്സരത്തിന് ചെലവഴിക്കുന്ന പണത്തിൻ്റെ ഒരു ഭാഗം ലോകത്തിലെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചേരിചേരാ പ്രസ്ഥാനത്തിലൂടെയും ഐക്യരാഷ്ട്രസഭയിലെ ഇടപെടലുകളിലൂടെയും ഫിദല്‍ കാസ്‌ട്രോ ലോകരാഷ്ട്രീയത്തിൻ്റെ ഗതിമാറ്റിമറിച്ചു. ലളിതമായ ജീവിതശൈലിയിലൂടെയും സന്ധിയില്ലാത്ത നിലപാടുകളിലൂടെയും അദ്ദേഹം വികസ്വര ലോകത്തിൻ്റെ എക്കാലത്തെയും വലിയ ശബ്ദമായി മാറി.

നെല്‍സണ്‍ മണ്ടേലക്കൊപ്പം കാസ്‌ട്രോയും

ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കും ആഫ്രിക്കന്‍ വിമോചന പ്രസ്ഥാനങ്ങള്‍ക്കും ഫിദല്‍ നല്‍കിയ പിന്തുണ ചരിത്രത്തിൻ്റെ ഭാഗമാണ്. ആഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേല പോലും ഫിദല്‍ കാസ്‌ട്രോയെ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായും ആവേശമായുമാണ് കണ്ടിരുന്നത്. ക്യൂബന്‍ സൈനികര്‍ ആഫ്രിക്കന്‍ മണ്ണില്‍ സാമ്രാജ്യത്വത്തിനെതിരെ ജീവന്‍ നല്‍കി പോരാടിയത് ഈ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

ഇന്ത്യയോടും ഇന്ത്യയുടെ ചേരിചേരാ നയത്തോടും ഫിദലിന് വളരെ ആഴത്തിലുള്ള ബന്ധവും ആദരവുമുണ്ടായിരുന്നു. ശീതയുദ്ധ കാലത്തെ ചേരിചേരാ പ്രസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും നിര്‍ണായക പങ്കുവഹിച്ചപ്പോള്‍, പരസ്പര സഹകരണത്തിൻ്റെ ശക്തമായ ഒരടിത്തറയാണ് കാസ്‌ട്രോ പടുത്തുയര്‍ത്തിയത്.

ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം ഫിദല്‍ കാസ്‌ട്രോ

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിൻ്റെ ചേരിചേരാ ആശയങ്ങളെ കാസ്‌ട്രോ എപ്പോഴും പ്രശംസിച്ചിരുന്നു. ലോകരാഷ്ട്രങ്ങള്‍ അമേരിക്കയുടെയോ സോവിയറ്റ് യൂണിയൻ്റെയോ ചേരികളില്‍ ചേരാന്‍ നിര്‍ബന്ധിതരായ കാലത്ത്, ഇന്ത്യ സ്വതന്ത്രമായ ഒരു വിദേശനയം രൂപീകരിച്ചതിനെ അദ്ദേഹം ഒരു വിപ്ലവകരമായ ചുവടുവെപ്പായി കണ്ടു.

ഒരു പക്ഷെ അദ്ദേഹമതിനെ ഒരു മാതൃകയായി പോലും കണ്ടിരുന്നു. 1960 ജനുവരി 12-നാണ് ഇന്ത്യയും ക്യൂബയും ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളെയും വെല്ലുവിളികളെയും ക്യൂബ നേരിട്ട ഘട്ടങ്ങളില്‍ ഇന്ത്യ ക്യൂബയ്ക്ക് രാഷ്ട്രീയ തലത്തില്‍ പിന്തുണ നല്‍കി. അതുപോലെ ഐക്യരാഷ്ട്രസഭയിലും മറ്റ് ആഗോള വേദികളിലും ഇന്ത്യയുടെ ചേരിചേരാ നിലപാടുകള്‍ക്ക് ക്യൂബയുടെ ഭാഗത്തുനിന്നും സ്ഥിരമായ പിന്തുണയുണ്ടായിരുന്നു.

ഡൽഹിയിൽ നടന്ന ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ഏഴാമത് ഉച്ചകോടിയില്‍ ഫിഡല്‍ കാസ്‌ട്രോ

ചുരുക്കത്തില്‍, ചേരിചേരാ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും സാമ്രാജ്യത്വ വിരുദ്ധ ചേരി കെട്ടിപ്പടുക്കുന്നതിലും ഇന്ത്യയും ക്യൂബയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ ഫിദല്‍ കാസ്‌ട്രോ നിര്‍ണായകമായ പങ്കുവഹിച്ചു. നെഹ്‌റുവിന് ശേഷവും ഇന്ത്യന്‍ നേതൃത്വത്തോട് ഫിദല്‍ കാസ്‌ട്രോ എപ്പോഴും വലിയ ബഹുമാനം പുലര്‍ത്തിയിരുന്നു. ഇന്ദിരാ ഗാന്ധിയുമായും ഫിദല്‍ മികച്ച നയതന്ത്ര ബന്ധം സൂക്ഷിച്ചിരുന്നു.

1983ല്‍ ഡല്‍ഹിയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫിദല്‍ കാസ്‌ട്രോ ഇന്ത്യയിലെത്തി. ഡല്‍ഹി ഉച്ചകോടിയില്‍ പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന് സംസാരിക്കാന്‍ അവസരം വൈകിയതുമായി ബന്ധപ്പെട്ട് അസംതൃപ്തനായ അറഫാത്തിനെ അനുനയപ്പിച്ച് വേദിയില്‍ നിര്‍ത്തിയത് ഫിദല്‍ കാസ്‌ട്രോയായിരുന്നു. ഇത് ആ സമ്മേളനത്തില്‍ ഇന്ത്യയും ക്യൂബയും തമ്മിലുണ്ടായിരുന്ന പരസ്പര വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തും ഫിദല്‍ കാസ്‌ട്രോയും

ഗ്ലോബല്‍ സൗത്തിലെ ആശയ സ്ഥിരതയുള്ളതും ആശ്രയിക്കാന്‍ പറ്റുന്നതുമായ ഒരു നേതാവെന്ന മേല്‍വിലാസത്തിലേക്ക് ഫിദല്‍ കാസ്‌ട്രോ വേഗം വളര്‍ന്നു. സൗഹാര്‍ദ്ദം പുലര്‍ത്തേണ്ടയിടങ്ങളില്‍ ഒരു മികച്ച സുഹൃത്തായും കര്‍ക്കശനാകേണ്ടയിടങ്ങളില്‍ കണിശക്കാരനായ ഒരു ഭരണാധികാരിയായും പെരുമാറാന്‍ ഫിദലിന് കഴിഞ്ഞിരുന്നു. അതിൻ്റെ കാരണം, ഫിദല്‍ കാസ്‌ട്രോ വെറുമൊരു ഭരണാധികാരി മാത്രമായിരുന്നില്ലയെന്നതാണ്.

ചൂഷിതരായ കോടിക്കണക്കിന് മനുഷ്യരുടെ അവകാശങ്ങള്‍ക്കുവേണ്ടി ആഗോള വേദിയില്‍ പടപൊരുതിയ അജയ്യനായ ഒരു വിപ്ലവ സൂര്യനായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള നീതിബോധമുള്ള ജനങ്ങളുടെ ഹൃദയങ്ങളില്‍ ആ ശബ്ദം ഇന്നും അലയടിക്കുന്നതിൻ്റെ കാരണമിതാണ്.

എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *