മലമടക്കുകളില്‍ നിന്ന് ഹവാനയിലേക്ക്

പത്ത് കൊല്ലത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും ഒടുവില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ധീരരായ സഖാക്കളുടെയും മുന്നില്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടം അടിയറവ് പറഞ്ഞു. സിയറ മാസ്ട്ര മലനിരകളില്‍ നിന്ന് ആരംഭിച്ച പോരാട്ടം ഒരു ചെറിയ അരുവി പുഴയായി മാറി ഒടുവില്‍ സമുദ്രത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ ക്യൂബ മുഴുവന്‍ അലകള്‍ തീര്‍ത്ത ജനകീയ മുന്നേറ്റത്തിൻ്റെ സാഗരമായി മാറി. അഴിമതിയും കൊള്ളയും കൊണ്ട് പൊറുതിമുട്ടിയ ക്യൂബന്‍ ജനത ഫിദലിൻ്റെ വിപ്ലവ സേനയായ ‘ജൂലൈ 26 മൂവ്മെൻ്റിന്’ പിന്നില്‍ ഉറച്ചുനിന്നു. ക്യൂബന്‍ മണ്ണ് ഏകാധിപത്യത്തിൻ്റെ കാല്‍ക്കീഴില്‍ നിന്നും മോചിപ്പിക്കപ്പെട്ടു – ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ജീവചരിത്ര പരമ്പരയുടെ നാലാം ഭാഗം

നാല്

1959 ജനുവരിയിലെ ഒരു പുലരി. ക്യൂബയുടെ തലസ്ഥാനമായ ഹവാന ആവേശത്തിൻ്റെ അലകളിലാണ്. ആകാശത്ത് കരിമരുന്നിൻ്റെ വെളിച്ചം. തെരുവുകളില്‍ ആഹ്ലാദത്തിൻ്റെയും പ്രതീക്ഷയുടെയും തിരമാലകള്‍. അബാലവൃദ്ധം ജനങ്ങളും ആഘോഷത്തോടെ തെരുവിലുണ്ട്. ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിയുടെ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞ് പുതിയൊരു ക്യൂബ പിറന്നിരിക്കുന്നതിൻ്റെ ആഘോഷമാണ് എവിടെയും.

ക്യൂബ അതിൻ്റെ വിപ്ലവ നായകനായ ഫിദല്‍ കാസ്‌ട്രോയെ ഹര്‍ഷാരവത്തോടെ സ്വീകരിക്കാനായി സജ്ജമായി നില്‍ക്കുകയാണ്. ഇതൊക്കെയാണെങ്കിലും ഹവാനയിലെ ഈ വിജയകിരീടത്തിലേക്ക് ഫിദല്‍ കാസ്‌ട്രോ എന്ന വിപ്ലവകാരിയും കൂട്ടുകാരും നടന്നുതീര്‍ത്ത വഴി അത്ര എളുപ്പമുള്ളതായിരുന്നില്ല. അതൊരു സിനിമാക്കഥയെ വെല്ലുന്ന സാഹസികതയായിരുന്നു.

ഫിദൽ കാസ്ട്രോ

ഫിദല്‍ കാസ്‌ട്രോയുടെയും സംഘത്തിൻ്റെയും ബുദ്ധിയും തന്ത്രവും ഒത്തിണങ്ങിയ നീക്കങ്ങളാണ് സൈനിക ശക്തിയില്‍ കരുത്തുണ്ടായിരുന്ന ബാറ്റിസ്റ്റ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞ് ഹവാന പിടിച്ചെടുക്കാന്‍ അവര്‍ക്ക് വഴിയൊരുക്കിയത്. മലനിരകളില്‍ വസിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ പിന്തുണയില്ലാതെ ഈ ഗറില്ലാ മുറകള്‍ക്ക് വിജയിക്കാന്‍ കഴിയില്ലായിരുന്നു. ആദ്യമൊക്കെ നാട്ടുകാരുടെ പിന്തുണ കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. എന്നാല്‍ വിപ്ലവകാരികള്‍ നാട്ടുകാരെ ഉപദ്രവിക്കില്ലെന്നും പാവങ്ങളെ സഹായിക്കാനാണ് അവര്‍ വന്നതെന്നും അറിഞ്ഞതോടെ ഗ്രാമീണര്‍ അവരുടെ കൂട്ടുകാരായി.

മലനിരകളിലെ ഗ്രാമീണരുടെയും കര്‍ഷകരുടെയും ഇടയില്‍ സ്വാധീനം ഉറപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വിപ്ലവകാരികള്‍ തിരിച്ചറിഞ്ഞിരുന്നു. മലനിരകള്‍ക്ക് ചുറ്റും തിങ്ങിപ്പാര്‍ക്കുന്ന മനുഷ്യര്‍ ക്യൂബന്‍ ഭരണാധികാരികളുടെ ചൂഷണങ്ങളുടെ ഏറ്റവും അടിത്തട്ടിലായിരുന്നു. അവരുടെ അധ്വാനങ്ങളിലായിരുന്നു ഭരണകൂടം നിലനിന്നത്. തങ്ങളുടെ ലക്ഷ്യം അവരുടെ ജീവിതാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കല്‍ കൂടിയാണെന്ന് അവരെ ബോധ്യപ്പെടുത്തലായിരുന്നു വിപ്ലവകാരികളുടെ ആദ്യ പരിശ്രമം. അവര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഫിദല്‍ ഉറപ്പാക്കി. ഈ ജനകീയ പിന്തുണയാണ് സൈന്യത്തൻ്റെ രഹസ്യ നീക്കങ്ങള്‍ ചോര്‍ത്തിയറിയാനും വിപ്ലവകാരികള്‍ക്ക് കരുത്താകാനും സഹായിച്ചത്.

സൈനികമായി വളരെ ശക്തവും അമേരിക്കയുടെ ആധുനികമായ ആയുധങ്ങളാല്‍ സജ്ജവുമായ ബാറ്റിസ്റ്റയുടെ സേനയെ തോല്‍പ്പിക്കാന്‍ വളരെ സൂക്ഷ്മമായ തന്ത്രങ്ങളാണ് അവര്‍ മെനഞ്ഞെടുത്തത്. സിയറ മാസ്ട്ര മലനിരകള്‍ കേന്ദ്രീകരിച്ച് ഫിദലും ചെ ഗുവേരയും കാമിലോ സിയെന്‍ഫ്യൂഗോസും റൗളും ഉള്‍പ്പെടെയുള്ളവര്‍ ശത്രുസൈന്യത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഗറില്ലാ യുദ്ധമുറകളായിരുന്നു ആവിഷ്‌കരിച്ചത്. ഒരു മുന്‍ മാതൃകയുമില്ലാത്ത ശൈലിയായിരുന്നു അവരുടേത്. മലമുകളിലെ വിപ്ലവകാരികളുടെ ജീവിതം രസകരവും അതേസമയം ദുസ്സഹവുമായിരുന്നു. ഒരു വിപ്ലവത്തിനായി സജ്ജരായി നില്‍ക്കുന്ന സംഘത്തിൻ്റെ പിരിമുറുക്കങ്ങളോടെയല്ല, ഒരു പിക്‌നിക് സംഘത്തിൻ്റെ ഉല്ലാസ മനോഭാവത്തോടെയാണ് വിപ്ലവകാരികള്‍ പോരാട്ടങ്ങള്‍ക്കായി സജ്ജരായത്.

ക്യൂബന്‍ വിപ്ലവത്തിൻ്റെ ഗതിമാറ്റിയ സിയറ മാസ്ട്ര മലനിരകളിലെ ഒളിവുകാലം വെറുമൊരു പോരാട്ടക്കഥ മാത്രമല്ല, അതില്‍ അതിജീവനത്തിൻ്റെ കൗതുകങ്ങളും ചെറുചിരികള്‍ സമ്മാനിക്കുന്ന ഒട്ടനവധി സംഭവങ്ങളുമുണ്ട്. വെറും പന്ത്രണ്ടുപേരുമായി കാടുകയറിയ ഫിദല്‍ കാസ്‌ട്രോയും കൂട്ടുകാരും നേരിട്ട ആ പ്രതിസന്ധികളും അതിനിടയിലെ രസകരമായ ഓര്‍മ്മകളും അനേകമായിരുന്നു.

ഒരു പോരാളിയായിരുന്നുവെങ്കിലും ചെഗുവേര കടുത്ത ആസ്ത്മ രോഗി കൂടിയായിരുന്നു. കാട്ടിലൂടെയുള്ള കഠിനമായ നടത്തവും കയറ്റങ്ങളും അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇടയ്ക്കിടെ ശ്വാസം മുട്ടുമ്പോള്‍ കൂട്ടുകാര്‍ക്ക് അദ്ദേഹത്തെയും ചുമന്ന് നടക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ, വനയാത്രയ്ക്കിടയില്‍ ചെഗുവേരയുടെ കണ്ണട ഒടിഞ്ഞുപോയത് വലിയൊരു തമാശക്കുള്ള വിഭവവുമായി മാറി. വെളിച്ചക്കുറവുള്ള കാട്ടില്‍ ഒടിഞ്ഞ കണ്ണടയുമായി നടക്കാനാവാതെ അദ്ദേഹം ബുദ്ധിമുട്ടിയപ്പോള്‍ ഫിദല്‍ അദ്ദേഹത്തെ തമാശരൂപേണ കളിയാക്കാറുണ്ടായിരുന്നു. പലപ്പോഴും ഒടിഞ്ഞും റിപ്പയര്‍ ചെയ്തും ചെ കൊണ്ട് നടന്ന കണ്ണടക്ക് കള്ളക്കണ്ണട എന്നൊരു ഇരട്ടപ്പേരും വീണിരുന്നു.

കാട്ടിലിരുന്നപ്പോഴും ഫിദല്‍ ലോകത്തെ പലപ്പോഴും ഞെട്ടിച്ച് കൊണ്ടിരുന്നു. വിമതന്‍ എന്ന് പേരിട്ട് ഒരു ചെറിയ പത്രം അവര്‍ കാട്ടില്‍ വെച്ച് അച്ചടിച്ച് നാട്ടിലേക്ക് വിതരണം ചെയ്തു. വിപ്ലവകാരികള്‍ ഈ പത്രത്തിലൂടെ ക്യൂബന്‍ ജനതയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. ഇതിനെയൊന്നും പ്രതിരോധിക്കാനാകാതെ ബാറ്റിസ്റ്റയുടെ ഭരണകൂടം കുഴങ്ങി. സിയറ മാസ്ട്രയിലെ ഒരു വലിയ മരത്തിന് മുകളിലായി ഒരു റേഡിയോ നിലയവും അവര്‍ പ്രവര്‍ത്തിപ്പിച്ചു. സിഗരറ്റ് വലിക്കുന്നതില്‍ വലിയ കമ്പമുണ്ടായിരുന്ന ഫിഡല്‍ റേഡിയോയിലൂടെ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പ് വരെ ക്യൂബന്‍ ചുരുട്ട് വലിക്കുന്നത് പതിവായിരുന്നു. പലപ്പോഴും പ്രസംഗത്തിൻ്റെ ഇടയില്‍ അദ്ദേഹം പുകവിട്ടുകൊണ്ട് വാക്കുകള്‍ക്കായി ചെറിയ ഇടവേളകളെടുക്കുമ്പോള്‍ റേഡിയോ കേട്ടിരുന്ന ക്യൂബന്‍ ജനത മനസ്സിലാക്കി – അത് ഫിഡല്‍ തന്നെയാണ്, അദ്ദേഹം സുരക്ഷിതനായി മലമുകളിലുണ്ടെന്ന്. ചുരുട്ടിൻ്റെ മണവും കാറ്റിൻ്റെ ശബ്ദവും ആ മലനിരകളില്‍ നിന്ന് വിപ്ലവത്തിൻ്റെ ശബ്ദമായി ലോകമെങ്ങും എത്തി.

ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിൻ്റെ മാധ്യമപ്രവര്‍ത്തകനായ ഹെര്‍ബര്‍ട്ട് മാത്യൂസ് രഹസ്യമായി സിയേറ മാസ്ട്രയിലെത്തി ഫിദലിനെ അഭിമുഖം ചെയ്തത് ഈ കാലത്താണ്. ഫിദല്‍ മരിച്ചുപോയെന്ന് കരുതിയിരുന്ന ലോകം കാട്ടിലെ ആ കൊച്ചുകൂടാരത്തില്‍ നിന്ന് ഒരു ചുരുട്ടുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഫിദലിനെ കണ്ട് അത്ഭുതപ്പെട്ടു. ആ അഭിമുഖമാണ് ഫിദലിനെയും ക്യൂബന്‍ വിപ്ലവത്തെയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കിയത്.

ക്യൂബയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ കരിമ്പ് വിളവെടുപ്പ് സ്തംഭിപ്പിക്കാനും നഗരങ്ങളിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെടുത്താനും വിപ്ലവകാരികള്‍ക്ക് സാധിച്ചു. ബാറ്റിസ്റ്റ സര്‍ക്കാരിൻ്റെ സാമ്പത്തികാടിത്തറ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമീണ മേഖലകളില്‍ സമ്പൂര്‍ണ്ണ സമരങ്ങള്‍ അവര്‍ സംഘടിപ്പിച്ചു. വിപ്ലവത്തിൻ്റെ ഏറ്റവും നിര്‍ണ്ണായകമായ പോരാട്ടം നടന്നത് ക്യൂബയുടെ മധ്യഭാഗത്തുള്ള സാൻ്റാ ക്ലാര എന്ന നഗരത്തിലാണ്. ചെഗുവേരയുടെയും കാമിലോയുടെയും നേതൃത്വത്തിലുള്ള വിപ്ലവ സൈന്യം ബാറ്റിസ്റ്റയുടെ ആയുധങ്ങളും സൈനികരുമായി വന്ന കവചിത ട്രെയിന്‍ തടഞ്ഞ് തകര്‍ത്തു. ഈ തന്ത്രപ്രധാന വിജയം ബാറ്റിസ്റ്റയുടെ സൈന്യത്തിൻ്റെ നട്ടെല്ലൊടിച്ചു. മനോവീര്യം തകര്‍ന്ന സൈന്യം സിയറ മാസ്ട്രയില്‍ നിന്ന് വടക്കന്‍ പ്രവിശ്യകളിലേക്കും ഒടുവില്‍ തലസ്ഥാനമായ ഹവാനയിലേക്കും പിന്‍വാങ്ങി.

ന്യൂയോര്‍ക്ക് ടൈംസ് ലേഖകൻ ഹെര്‍ബര്‍ട്ട് മാത്യൂസിനൊപ്പം ഫിദല്‍ കാസ്‌ട്രോ

സൈനികരോട് അനുഭാവത്തോടെയാണ് ഫിദലും സംഘവും പെരുമാറിയത്. വിപ്ലവ സേന മുന്നേറിയപ്പോള്‍ ബാറ്റിസ്റ്റയുടെ പട്ടാളക്കാരുടെ മനോവീര്യം പൂര്‍ണ്ണമായും തകര്‍ന്നു. പലയിടത്തും സൈനികര്‍ യുദ്ധം ചെയ്യാന്‍ പോലും തയ്യാറാകാതെ കീഴടങ്ങി. സൈനിക പരാജയം ഉറപ്പായതോടെ 1959 ജനുവരി ഒന്നിന് പുലര്‍ച്ചെ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റ അധികാരം ഉപേക്ഷിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്ക് പലായനം ചെയ്തു.

തുടര്‍ന്ന് ഫിദല്‍ കാസ്‌ട്രോയുടെയും സൈന്യത്തിൻ്റെയും നേതൃത്വത്തില്‍ കാരവന്‍ ഓഫ് വിക്ടറി എന്ന വിജയയാത്രയായി ലക്ഷക്കണക്കിന് ജനങ്ങളുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെ അവര്‍ ഹവാനയിലേക്ക് പ്രവേശിച്ചു. ഏകാധിപത്യത്തിനെതിരെ ജനങ്ങളെ അണിനിരത്തിയും കൃത്യമായ സൈനിക തന്ത്രങ്ങളിലൂടെയുമുള്ള രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിലാണ് ഫിദല്‍ കാസ്‌ട്രോയും സംഘവും ക്യൂബയെ അമേരിക്കന്‍ അനുകൂല ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചത്.

‘കാരവന്‍ ഓഫ് വിക്ടറി’ വിജയാഘോഷത്തിൽ കാസ്ട്രോയും ചെയും

പത്ത് കൊല്ലത്തോളം നീണ്ട കൊടും പീഡനങ്ങള്‍ക്കും ഭയപ്പാടുകള്‍ക്കും ഒടുവില്‍ ഫിദല്‍ കാസ്‌ട്രോയുടെയും ധീരരായ സഖാക്കളുടെയും മുന്നില്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണകൂടം അടിയറവ് പറഞ്ഞു. സിയറ മാസ്ട്ര മലനിരകളില്‍ നിന്ന് ആരംഭിച്ച പോരാട്ടം ഒരു ചെറിയ അരുവി പുഴയായി മാറി ഒടുവില്‍ സമുദ്രത്തിലേക്ക് ചെന്ന് ചേരുന്നത് പോലെ ക്യൂബ മുഴുവന്‍ അലകള്‍ തീര്‍ത്ത ജനകീയ മുന്നേറ്റത്തിൻ്റെ സാഗരമായി മാറി. അഴിമതിയും കൊള്ളയും കൊണ്ട് പൊറുതിമുട്ടിയ ക്യൂബന്‍ ജനത ഫിദലിൻ്റെ വിപ്ലവ സേനയായ ‘ജൂലൈ 26 മൂവ്മെൻ്റിന്’ പിന്നില്‍ ഉറച്ചുനിന്നു. ക്യൂബന്‍ മണ്ണ് ഏകാധിപത്യത്തിൻ്റെ കാല്‍ക്കീഴില്‍ നിന്നും മോചിപ്പിക്കപ്പെട്ടു.

ഫിദല്‍ കാസ്‌ട്രോയുടെ കാരവന്‍ യാത്ര ഒരാഴ്ചയോളം നീണ്ടുനിന്നു. ഈ യാത്രയിലുടനീളം ആവേശഭരിതരായ ലക്ഷക്കണക്കിന് ജനങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാന്‍ റോഡരികില്‍ തടിച്ചുകൂടിയത്. വിപ്ലവകാരികളുടെ നെഞ്ചിലെ ചൂടും മനസിലെ ധൈര്യവും ഏറ്റുവാങ്ങി രാജ്യത്തിൻ്റെ തലസ്ഥാനമായ ഹവാനയിലേക്ക് ഫിദല്‍ വണ്ടിയിറങ്ങിയത് ഒരു പുതിയ യുഗത്തിൻ്റെ തുടര്‍ച്ചയായിരുന്നു. ടാങ്കുകളിലും ട്രക്കുകളിലും വിജയ പതാകയേന്തിയെത്തിയ വിപ്ലവകാരികളെ കണ്ണീരോടെയും ആര്‍പ്പുവിളികളോടെയുമാണ് ഹവാനയിലെ ജനങ്ങള്‍ വരവേറ്റത്. 1959 ജനുവരിയില്‍ ഹവാനയിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിദല്‍ കാസ്‌ട്രോ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. “സഖാക്കളേ, ഇത് തുടക്കമാണ്, അവസാനമല്ല. നാളെ മുതൽ കാര്യങ്ങൾ കൂടുതൽ കഠിനമായിരിക്കും. എങ്കിലും നമുക്ക് ഒന്നിച്ച് വിജയിക്കാം”

അടിച്ചമര്‍ത്തപ്പെട്ടവൻ്റെയും സാധാരണക്കാരൻ്റെയും ശബ്ദം ഭരണകൂടത്തിൻ്റെ സിരാകേന്ദ്രങ്ങളിലേക്കെത്തിയ ആ ദിവസം ക്യൂബയുടെ ചക്രവാളത്തില്‍ ഒരു ഒരു പുതിയ സൂര്യന്‍ കൂടി ഉദിക്കുകയായിരുന്നു. അനീതിക്കും അസമത്വത്തിനുമെതിരെ സ്വന്തം നീതി ബോധത്തെ പോരാട്ടമാക്കി മാറ്റിയ ഒരു ചുവന്ന നക്ഷത്രം. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിൻ്റെയും സ്വയംനിര്‍ണ്ണയാവകാശത്തിൻ്റെയും പ്രതീകമായി ആ നക്ഷത്രം ലോകത്തിൻ്റെ നെറുകയില്‍ തലയുയര്‍ത്തി നിന്നു.

Author

  • എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

    View all posts
എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *