സത്യാനന്തര സതീശകാലം, സംഘപരിവാർ ഡീലിൻ്റെ പരിണാമ ചരിത്രം

1943മുതൽ 1973ൽ മരിക്കുന്നത് വരെ എല്ലാ വർഷവും ഗോൾവാൾക്കർ കേരളം സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാന ലക്ഷ്യമായിരുന്നു, മൂന്ന് ആഭ്യന്തര ശത്രുക്കളുടെയും – മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യുണിസ്റ്റുകാർ – വിളനിലമായ കേരളം. കോഴിക്കോട് കേന്ദ്രീകരിച്ച് ചില വർഗീയ കലാപശ്രമങ്ങൾ ഈ ഘട്ടത്തിൽ നടത്തിയെങ്കിലും ഉത്തരേന്ത്യയിലേത് പോലെ വിഭജനം എളുപ്പമല്ലെന്നും തൊഴിലാളികളുടെ കൈത്തഴമ്പ് ഒരു മയവുമില്ലാത്തതാണെന്നും സംഘം തിരിച്ചറിഞ്ഞു. 1951 ജനുവരി 4ന് എൻഎസ്എസ് സ്ഥാപക നേതാവായ മന്നത്ത് പത്മനാഭനും കോൺഗ്രസ് നേതാവായ ആർ. ശങ്കറും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1952 നവംബര്‍ 14ന് സര്‍സംഘചാലക് ഗോൾവാൾക്കറെ കൊല്ലം ഹിന്ദുമഹാമണ്ഡലം ഓഫീസില്‍ മന്നവും ശങ്കറും ചേര്‍ന്ന് സ്വീകരിച്ചു. 1953 ഡിസംബറില്‍ ബോംബെയില്‍ നടന്ന ഭാരതീയ ജനസംഘം വാര്‍ഷിക സമ്മേളനത്തില്‍ ആര്‍.ശങ്കര്‍ പങ്കെടുക്കുകയുണ്ടായി. എന്നാൽ ആന്തരിക വൈരുധ്യങ്ങൾ മൂലം ഈ സംഘടന പൊളിഞ്ഞെങ്കിലും കേരള രാഷ്ട്രീയത്തിൽ ആർ എസ് എസ് നേരിട്ട് ഇടപെടാൻ ഇതോടെ ആരംഭിച്ചു. “സംഘപരിവാർ ഭീതി” തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പ്രചാരണായുധമായ കാലത്ത് കേരളത്തിലെ സംഘപരിവാറിൻ്റെ വളർച്ചയെയും അതിൻ്റെ വർഗ്ഗ അടിത്തറയെയും തെളിവുകളുടെ വെളിച്ചത്തിൽ പരിശോധിക്കുന്ന ലേഖനം.

കേരളത്തിൽ വേണ്ടത്ര ചർച്ചചെയ്യപ്പെടാതെ പോയ ഒന്നാണ് കേരളത്തിലെ സംഘപരിവാറിന്റെ വളർച്ചയുടെ ചരിത്രവും അതിന്റെ രാഷ്ട്രീയ സാമ്പത്തിക അടിത്തറയും. അതുകൊണ്ടുതന്നെ കേരളത്തിലെ സംഘപരിവാറിന്റെ വളർച്ചയുടെ കാരണങ്ങളായി ഓരോ വിഭാഗവും അവരവരുടെ വീക്ഷണകോണിൽ ഉള്ള വസ്തുതകൾ അവതരിപ്പിക്കുകയും അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്. “സംഘപരിവാർ ഭീതി” തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുള്ളത് യുഡിഎഫ് ആണ്. അതിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് വിഡി സതീശനും സംഘവും ഉന്നയിക്കുന്ന “ഡീൽ ” ആരോപണം. ഈ സാഹചര്യത്തിൽ കേരളത്തിലെ സംഘപരിവാറിന്റെ വളർച്ചയെയും അതിന്റെ വർഗ്ഗ അടിത്തറയെയും സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു സമഗ്രമായ പഠനമേ അല്ല ഇത്. മറിച്ച് ചില നിരീക്ഷണങ്ങൾ മാത്രമാണ്. കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ഈ മേഖലയിൽ ഉണ്ടാകട്ടെ. കേരള ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2021 വരെ കേരളത്തിൽ 990 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും – 539 പേർ – സിപിഎം പ്രവർത്തകരാണ്. അതിൽ മഹാഭൂരിപക്ഷത്തേയും കൊലപ്പെടുത്തിയതാകട്ടെ ആർഎസ്എസും. അങ്ങനെയുള്ള ആർഎസ്എസുമായി സിപിഎം ഡീൽ ഉണ്ടാക്കുമെന്നു പോലും പ്രചരിപ്പിക്കാൻ കഴിയുന്ന സത്യാനന്തര സതീശകാലത്താണ് നാം ജീവിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ചില ഓർമകളെ എത്തിപ്പിടിക്കാനുള്ള എളിയശ്രമം മാത്രമാണിത്.

സംഘപരിവാർ ഭീതി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുള്ളത് യുഡിഎഫ് ആണ്

അവിഭക്ത ഇന്ത്യ മുഴുവൻ നടന്നു കണ്ടിട്ടും വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത് ഈ കേരളത്തെയാണ് (അന്നത്തെ മലബാറിനെ). അത്രമാത്രം രൂഢമൂലമായിരുന്ന കേരളത്തിലെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയെ തകർക്കാനുള്ള സമരങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബഹുഭൂരിപക്ഷത്തിന്റെ പാർട്ടിയാക്കി മാറ്റിയത്. കൃഷിഭൂമി കർഷകന് എന്ന് മുദ്രാവാക്യം ഉയർത്തിയ ജന്മിത്ത വിരുദ്ധ സമരങ്ങൾ സ്വാഭാവികമായും കേരളത്തിലെ ഫ്യൂഡൽ ഭൂവുടമാ വിഭാഗത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരാക്കി. ഇതിനോടൊപ്പം ഉണ്ടായ തൊഴിലാളി വർഗ മുന്നേറ്റങ്ങൾ, ക്ഷേത്ര പ്രവേശനം, വഴിനടക്കൽ സമരങ്ങൾ, ജാതിവിരുദ്ധ സമരങ്ങൾ എല്ലാം ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഫ്യൂഡൽ തറവാടി ഹിന്ദുക്കളുടെ ആജീവനാന്ത ശത്രുവാക്കി മാറ്റി.

ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ

ഇതിനെ ഊട്ടിയുറപ്പിച്ചതാകട്ടെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്കരണം, കുടിയൊഴിപ്പിക്കൽ നിരോധനം, വിദ്യാഭ്യാസ ബില്ല് ഒക്കെയായിരുന്നു. ഇതോടെ ഒരുതരം പകയോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നേരിടാനുള്ള ശ്രമമാണ് ഫ്യൂഡൽ തറവാടികൾ നടത്തിയത്. ഇന്നും അത്തരക്കാരുടെ കുടുംബങ്ങൾ തലമുറതലമുറ കൈമാറി ഇഎംഎസ് വിരോധവും കമ്മ്യൂണിസ്റ്റ് വെറുപ്പും കൊണ്ട് നടക്കുന്നത് യാദൃശ്ചികമല്ല. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ ‘സുവർണ ഭൂതകാലത്തെ’ തകർത്ത് കേരളത്തെ നശിപ്പിച്ച കമ്മ്യൂണിസ്റ്റുകാർ എന്ന വീക്ഷണമാണ് ഇത്തരക്കാർക്കുള്ളത്. എക്കാലത്തും ഇത്തരക്കാരുടെ രാഷ്ട്രീയ ആശ്രയം കോൺഗ്രസ് പാർട്ടിയും സാധ്യമായ ഇടങ്ങളിൽ സംഘപരിവാറും ആയിരുന്നു.

ആർ എസ് എസ് കേരളത്തിൽ

1942ലാണ് മൂന്ന് ആർ എസ് എസ് പ്രചാരകർ മഹാരഷ്ട്രയിൽ നിന്നും ഹിന്ദുത്വ പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ അവർ പ്രചാരണം ആരംഭിച്ചു. ദെത്തോപാന്ഥ് തേങ്ടിയെ മലബാറിലേക്കും മധുകർ ഓക്കിനെ തിരുവിതാംകൂറിലേക്കും പുരുഷോത്തം ചിൻചൊൽക്കറിനെ കൊച്ചിയിലേക്കും അയക്കുന്നത് ഗോൾവാൾക്കർ നേരിട്ടാണ്. ആദ്യഘട്ടങ്ങളിൽ പ്രധാനമായും മൊബിലൈസ് ചെയ്യാൻ ശ്രമിച്ചത് അന്യഭാഷാ ബ്രാഹ്മണരെയും, അന്നത്തെ ബോംബെയിൽ നിന്നും (ഗുജറാത്ത് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്നും) വന്ന കച്ചവടക്കാരെയും ആയിരുന്നു. ഒപ്പം നേരത്തെ സൂചിപ്പിച്ച ഫ്യൂഡൽ തറവാടികളുടെ രക്ഷാകർത്തൃത്വവും ഇക്കൂട്ടർക്ക് കിട്ടി. 1946ൽ ആദ്യബാച്ച് സംഘപ്രചാരകർ പി. കുമാരന്റെ നേതൃത്വത്തിൽ കൊച്ചിയിൽ പുറത്തു വന്നു.

1943 മുതൽ 1973ൽ മരിക്കുന്നത് വരെ എല്ലാ വർഷവും ഗോൾവാൾക്കർ കേരളം സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായിരുന്നു, മൂന്ന് ആഭ്യന്തര ശത്രുക്കളുടെയും – മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യുണിസ്റ്റുകാർ – വിളനിലമായ കേരളം. കോഴിക്കോട് കേന്ദ്രീകരിച്ച് ചില വർഗീയ കലാപശ്രമങ്ങൾ ഈ ഘട്ടത്തിൽ നടത്തിയെങ്കിലും ഉത്തരേന്ത്യയിലേത് പോലെ വിഭജനം എളുപ്പമല്ലെന്നും തൊഴിലാളികളുടെ കൈത്തഴമ്പ് ഒരു മയവുമില്ലാത്തതാണെന്നും സംഘം തിരിച്ചറിഞ്ഞു.

ഗോൾവാൾക്കറുടെ പ്രധാന ലക്ഷ്യമായിരുന്നു കേരളം

ഗാന്ധിവധത്തിനു പിന്നാലെ 1948 ഫെബ്രുവരിയിൽ തലശേരിയിലെ തിരുവങ്ങാട് രാമസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് ആർ എസ് എസ്സുകാർ നടത്തിയിരുന്ന ശാഖ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ എൻ ഈ ബൽറാമിന്റെ നേതൃത്വത്തിൽ റെയ്ഡ് ചെയ്യുകയും ആയുധങ്ങൾ കണ്ടെത്തുകയും ചെയ്തു. ഗാന്ധി വധത്തിനു ശേഷം ആർ എസ് എസിനെതിരെ ഉണ്ടായ കടുത്ത എതിർപ്പിനെ ലഘൂകരിക്കാനായി തിരുവനന്തപുരത്ത് ഗോൾവാൾക്കറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തെ കമ്മ്യൂണിസ്റ്റ് ചെറുപ്പക്കാർ ആക്രമിച്ച സംഭവം പിന്നീട് പി പരമേശ്വരനും ഓർത്തെടുക്കുന്നു. അതായത് ആരംഭകാലം മുതൽ ആർ എസ് എസ് കേരളത്തിൽ മുഖ്യശത്രുവായി കണ്ടതും പോരടിച്ചതും കമ്മ്യൂണിസ്റ്റുകാരോടായിരുന്നു എന്നതാണ് ചരിത്രം.

ഹിന്ദു മഹാ മണ്ഡലം

ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ രണ്ട് പ്രബല ഹിന്ദു ജാതിസംഘടനകളുടെ ഐക്യത്തിലൂടെയേ ഒരു ഹിന്ദു മുന്നേറ്റം സാധ്യമാകൂ എന്ന് സംഘപരിവാർ തിരിച്ചറിയുന്നതും അത് ലക്ഷ്യമിട്ട് 1952ൽ ഹിന്ദു മഹാ മണ്ഡലം സ്ഥാപിക്കുന്നതിന് ആർഎസ്എസ് മുൻകൈ എടുക്കുന്നതും.

മന്നത്ത് പത്മനാഭനും ആർ. ശങ്കറും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

1951 ജനുവരി 4ന് എൻഎസ്എസ് സ്ഥാപക നേതാവായ മന്നത്ത് പത്മനാഭനും കോൺഗ്രസ് നേതാവായ ആർ. ശങ്കറും തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1952 നവംബര്‍ 14ന് സര്‍സംഘചാലക് ഗോൾവാൾക്കറെ കൊല്ലം ഹിന്ദുമഹാമണ്ഡലം ഓഫീസില്‍ മന്നവും ശങ്കറും ചേര്‍ന്ന് സ്വീകരിച്ചു. 1953 ഡിസംബറില്‍ ബോംബെയില്‍ നടന്ന ഭാരതീയ ജനസംഘം വാര്‍ഷിക സമ്മേളനത്തില്‍ ആര്‍.ശങ്കര്‍ പങ്കെടുക്കുകയുണ്ടായി. എന്നാൽ ആന്തരിക വൈരുധ്യങ്ങൾ മൂലം ഈ സംഘടന പൊളിഞ്ഞെങ്കിലും കേരള രാഷ്ട്രീയത്തിൽ ആർ എസ് എസ് നേരിട്ട് ഇടപെടാൻ ഇതോടെ ആരംഭിച്ചു.

വിമോചനസമരവും ആർഎസ്എസും

കേരള ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധവും പിന്തിരിപ്പനുമായ സമരമായിരുന്നു ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായി കോൺഗ്രസ് നേതൃത്വത്തിൽ അരങ്ങേറിയ വിമോചന സമരം. ജാതി-മത ഫ്യൂഡൽ സാമുദായിക ശക്തികൾക്ക് നിയന്ത്രിക്കാൻ തക്കവിധം കേരള രാഷ്ട്രീയത്തെ മലീമസമാക്കി എന്നതായിരുന്നു ആ സമരത്തിന്റെ ആത്യന്തിക ഫലം. അന്ന് ആർഎസ്എസ് പറയത്തക്ക സംഘടിത ശേഷിയായി കേരളത്തിൽ മാറിയിരുന്നില്ലെങ്കിലും കേരളത്തിലെ “ഹിന്ദു സംഘാടനത്തിന്റെ” തുടക്കം വിമോചന സമരത്തിലാണ്. ഇന്നിപ്പോൾ വേദിയിൽ ഒരുമിച്ചിരുന്ന ചിത്രങ്ങളാണല്ലോ കേരളത്തിലെ ചർച്ച – ഒരുപക്ഷേ ഒരു ചിത്രം അന്ന് ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ സവിശേഷമായ ശ്രദ്ധ ആകർഷിച്ചേനെ – കോട്ടയം തിരുനക്കര മൈതാനത്ത് ഗോൾവാൾക്കറുടെ നിർദ്ദേശപ്രകാരം വിമോചന സമര പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ ചിത്രം.

വിമോചനസമര കാലത്തെ ഒരു ചിത്രം

കേരളത്തിലെ ഫ്യൂഡൽ സമുദായ തറവാടികൾക്ക് ഒരേ സമയം കോൺഗ്രസും ആർഎസ്എസും ആയി നിൽക്കാമെന്നും ആത്യന്തികമായി കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് തങ്ങളുടെ രാഷ്ട്രീയമാകേണ്ടതെന്നുമുള്ള ‘തിരിച്ചറിവുണ്ടാകുന്നത്’ വിമോചന സമരത്തിലൂടെയാണ്. അതുവരെ ജാതി വിഭാഗങ്ങളായി വെള്ളം കേറാ അറകളായി തിരിഞ്ഞു നിന്നിരുന്ന വിവിധ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതും വിശാലമായ ഒരു ഹിന്ദു ഐക്യം സാധ്യമാക്കിയതും ഈ വിമോചന സമരമാണ്. 1959 ജൂലൈ 31ന് ഇഎംഎസ് മന്ത്രിസഭയെ നെഹ്‌റു പിരിച്ചുവിട്ടു. ആർഎസ്എസ് ആ ദിനം “വിജയ ദിവസം” ആയി ആഘോഷിച്ചു. കേരളത്തിലെ ആദ്യ കോ-ലീ-ബി പരീക്ഷണം നടക്കുന്നത് വിമോചന സമരത്തിന് ശേഷം നടന്ന 1960ലെ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ ഇഎംഎസിനെതിരെ ആയിരുന്നു. ആർഎസ്എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായ നേരിട്ട് പട്ടാമ്പിയിലെത്തി ജനസംഘത്തിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയും കോൺഗ്രസ് സ്ഥാനാർഥിയായ രാഘവൻ നായർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

1960കളോടെ ആർഎസ്എസ് കേരളത്തിലെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തി. തറവാടി – ബ്രാഹ്മണ വിഭാഗങ്ങളിൽ നിന്നും താഴെത്തട്ടിലേക്ക് കൂടെ പ്രവർത്തനം വ്യാപിപ്പിച്ചു. പ്രധാനമായും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ, ആദിവാസി വിഭാഗങ്ങൾ എന്നിവരിൽ ഇടപെടാനായി പ്രചാരകരെ നിയോഗിച്ചു. തീരദേശങ്ങളിലെ ദരിദ്ര ചുറ്റുപാടുകളിൽ തിങ്ങി ജീവിക്കുന്ന മനുഷ്യരുടെ ദൈനംദിന ജീവിതങ്ങളിലെ പ്രതിസന്ധികളെപോലും മതപരമായ പ്രശ്‍നങ്ങളാക്കി വഷളാക്കി മുതലെടുപ്പ് തുടങ്ങി. ഇന്നത്തെ ലവ് ജിഹാദ് കഥയുടെ ആദ്യപതിപ്പായ ”ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റുന്ന മുസ്‌ലിം” നരേറ്റിവ് ആദ്യം പ്രയോഗിക്കുന്നത് ഈ മേഖലകളിലാണ്. ഒപ്പം തിരുവിതാംകൂർ ഭാഗത്തെ തീരദേശങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളെ മുഴുവൻ മതപരിവർത്തന ശ്രമങ്ങളായി അവതരിപ്പിക്കുന്നതും അതിനെതിരായി ഹിന്ദു മത്സ്യത്തൊഴിലാളികളുടെ ഒരു ഐക്യനിര ഉണ്ടാകുന്നതും ഈ കാലയളവിലാണ്.

കന്യാകുമാരിയിലെ വിവേകാനന്ദ പറ

കടലോര മേഖലയിലെ ഇടപെടലിന്റെ ഏറ്റവും പ്രധാന ഉദാഹരണമായിരുന്നു കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമയുടെ നിർമാണവും അതിനോടപ്പം നടന്ന വർഗീയധ്രുവീകരണവും. പ്രതിമാ നിർമാണത്തിന്റെ ചുമതലയുണ്ടായിരുന്ന ഏക്നാഥ് റാനഡെ പിന്നീട് ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട് “ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും , ഡി എം കെ നേതാവായ കരുണാനിധി ഉൾപ്പെടെ, പ്രതിമയ്ക്ക് ഫണ്ട് നൽകിയപ്പോൾ ഞങ്ങളെ കേൾക്കാൻ പോലും തയ്യാറാകാത്ത ഒരേ ഒരാൾ ഇ എം എസ് ആയിരുന്നു”. കന്യാകുമാരിയിൽ ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരായ വർഗീയ മുന്നേറ്റമായി ഈ പ്രതിമാ നിർമാണം മാറി അതിന് നേതൃത്വം നൽകിയ സംഘപ്രവർത്തകർ കോഴിക്കോട് വെള്ളയിൽ നിന്നുള്ള മത്സ്യതൊഴിലാളികളായിരുന്നു.

മലപ്പുറം ജില്ലയും തളിക്ഷേത്രവും

1967ൽ സിപിഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ കേരളത്തിൽ അധികാരത്തിൽ വന്നു. അതുവരെ എല്ലാവരും അധികാരത്തിൽ നിന്നും അകറ്റി നിർത്തിയിരുന്ന മുസ്ലീം ലീഗിന് ആദ്യമായി മന്ത്രിസ്ഥാനം ലഭിക്കുന്നത് ഈ സർക്കാരിലാണ്. ഇതിനെ ഒരു വർഗീയധ്രുവീകരണ അവസരമായി കോൺഗ്രസ് ഉപയോഗിച്ചു, അതിനുള്ള എല്ലാ ആശയ പിന്തുണയും പിന്നീട് നേതൃത്വവും നൽകിയത് ആർഎസ്എസ് ആയിരുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘം “മാപ്പിളസ്ഥൻ വിരുദ്ധ ദിനം” ആചരിച്ചു. 1969 മാർച്ച്‌ ആറിന് തിരുവന്തപുരം വിജെടി ഹാളിൽ ചേർന്ന മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ കൺവെൻഷൻ എബി വജ്പോയി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ രക്ഷധികാരി “കേരള ഗാന്ധി” കെ കേളപ്പൻ ആയിരുന്നു. കോൺഗ്രസും മലപ്പുറം ജില്ലാ രൂപീകരണത്തിന് എതിരായിരുന്നു. 1921-ലെ മലബാർ കലാപത്തെ വർഗീയലഹളയായി മുദ്രകുത്തിയ കോൺഗ്രസ്, ജനസംഘത്തോടൊപ്പം ചേർന്ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെയും ശക്തിയുക്തം എതിർത്തു. കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദും എം.പി ഗംഗാധരനും വഴിക്കടവിൽ നിന്നും പൊന്നാനിയിൽ നിന്നും ജില്ലാ രൂപീകരണത്തിനെതിരെ രണ്ടു ജാഥകൾക്ക് നേതൃത്വം നൽകി. അവർ മലപ്പുറം ജില്ലാ രൂപീകരണത്തെ ”കുട്ടിപ്പാക്കിസ്ഥാൻ” സൃഷ്ടിക്കപ്പെടുന്നു എന്ന മട്ടിലാണ് പ്രചരിപ്പിച്ചത്. കോൺഗ്രസ്സിന്റെയും ജനസംഘത്തിന്റെയും എതിർപ്പുകളെയും വർഗീയ പ്രചാരണങ്ങളെയും മറികടന്ന് 1969 ജൂൺ 16 ന് മലപ്പുറം ജില്ല രൂപീകൃതമായി.

മലപ്പുറം ജില്ലാ വിരുദ്ധ ആക്ഷൻ കമ്മിറ്റി യുടെ രക്ഷധികാരി “കേരള ഗാന്ധി” കെ കേളപ്പൻ ആയിരുന്നു

ഇതേ ഘട്ടത്തിലാണ് അങ്ങാടിപ്പുറം തളി ക്ഷേത്ര സമരവും നടക്കുന്നത്. തളിക്ഷേത്ര സമരമാണ് ഒരർത്ഥത്തിൽ മലബാറിൽ ആദ്യമായി കോൺഗ്രസും ആർഎസ്എസ്സും സംയുക്തമായി നയിച്ചു വിജയിച്ച സമരവും. ക്ഷേത്ര പുനരുദ്ധാരണ പ്രസ്ഥാനങ്ങളിലൂടെ വളരുക എന്ന ആർഎസ്എസ്സിന്റെ സ്ട്രാറ്റജി കേരളത്തിൽ വേര് പിടിക്കുന്നതും ഇതേ സമരത്തിലൂടെ തന്നെ. 1966ല്‍ കോഴിക്കോട് കേന്ദ്രമാക്കി ‘മലബാര്‍ പ്രദേശ് ക്ഷേത്രസംരക്ഷണ സമിതി എന്ന സംഘടനക്ക് കേളപ്പൻ രൂപം നല്‍കിയിരുന്നു. കേരളത്തിൽ ഏത് തകർന്ന ക്ഷേത്രവും ടിപ്പു തകർത്തതാണ് എന്നൊരു നരേറ്റീവ്‌ സൃഷ്ടിക്കാനും അതിലൂടെ ക്ഷേത്രപുനരുദ്ധാരണം ഒരു മുസ്ലീം വിരുദ്ധ രാഷ്ട്രീയ ഇടപെടൽ കൂടിയാണെന്ന് സ്ഥാപിക്കാനും ആർഎസ്എസ് ശ്രമിച്ചിരുന്നു. അങ്ങാടിപ്പുറം തളിയിൽ കാട് കയറിക്കിടന്നിരുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയിലെ ‘ശിവലിംഗം’ ടിപ്പു തകർത്ത ക്ഷേത്രാവശിഷ്ടമാണെന്നും അത് പുനരുദ്ധാരണം ചെയ്യണമെന്നും കേളപ്പന്റെ നേതൃത്വത്തിൽ സംഘപരിവാർ ആവശ്യപ്പെട്ടു. ഭജന, നവരാത്രി ഭജന തുടങ്ങിയ സ്ഥിരം പരിപാടികൾ ആരംഭിച്ചു. വലിയരീതിയിലുള്ള വർഗീയ പ്രചാരണവും അക്രമവും ആരംഭിച്ചതോടെ ഇഎംഎസ് സർക്കാർ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മന്ത്രിയായ ഇമ്പിച്ചിബാവ സ്ഥലം സന്ദർശിക്കുകയും പുരാവസ്തു വകുപ്പിനോട് സ്ഥലം ഏറ്റെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് സർക്കാർ ആ ഭൂമിക്കു ചുറ്റും മതിൽ കെട്ടാൻ ആരംഭിച്ചു.

തളിക്ഷേത്ര സമരമാണ് മലബാറിൽ കോൺഗ്രസും ആർഎസ്എസും സംയുക്തമായി നയിച്ചു വിജയിച്ച ആദ്യസമരം

എന്നാൽ സമരം കൂടുതൽ അക്രമാസക്തമായി. മതിൽകെട്ടാൻ സിമന്റ് കൊണ്ടുവന്ന ലോറി സംഘപരിവാർ പ്രവർത്തകർ കത്തിച്ചു. മൂന്നു തവണ കോൺഗ്രസ്സ് എംഎൽഎയും, എഐസിസി അംഗവും രാജ്യസഭാ അംഗവുമായിരുന്ന ലീലാ ദാമോദരമേനോൻ ആയിരുന്നു സമരത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ നേതൃത്വം. സ്ത്രീകൾ തന്നെ നേരിട്ട് വിമോചന സമര മാതൃകയിൽ അക്രമസമരങ്ങൾക്ക് നേതൃത്വം നൽകി. സ്ത്രീകൾ മതിൽ തകർത്ത് അകത്തു കയറി ഭജന ആരംഭിച്ചു. തുടർന്ന് വിഷയം കോടതിയിൽ എത്തുകയും കോടതി “വിശ്വാസികൾക്ക് അനുകൂലമായി വിധിക്കുകയും” ചെയ്തു. എന്നാൽ ഈ സമരം മലബാറിൽ വിമോചനസമരത്തിനു ശേഷം പരസ്യമായ മുസ്ലീം വിരുദ്ധ-കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിക്ക് രൂപം നൽകുന്നതിൽ വിജയിച്ചു. അതിന്റെ മുന്നണിപ്പോരാളികളാകട്ടെ കോൺഗ്രസും ജനസംഘവും ആയിരുന്നു.

ഗണേഷ് ബീഡിയും ദിനേശ് ബീഡിയും

മംഗലാപുരം കേന്ദ്രമാക്കി ഗാഡസാരസ്വത ബ്രാഹ്മണരായ രഘുരാമ പ്രഭുവും മാധവ ഷേണായിയും ചേർന്ന് നടത്തിയിരുന്ന സ്ഥാപനമായിരുന്നു മംഗളൂരു ഗണേഷ് ബീഡി. ഇതിന്റെ ബീഡിതെറുപ്പ് ഫാക്ടറികൾ പ്രധാനമായും കണ്ണൂരിൽ ആയിരുന്നു. ഗോൾവാൾക്കറുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ആർഎസ്എസുകാരായിരുന്നു ഈ രണ്ടു മുതലാലാളിമാരും. കണ്ണൂരിലെ ബീഡി തൊഴിലാളികളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനും വേതനത്തിനുമായി തൊഴിലാളികൾ സമരങ്ങൾ ആരംഭിക്കുകയും ചെയ്തു. പാർലമെന്റിൽ സഖാവ് എകെജി വിഷയം ഉന്നയിച്ചതിനെ തുടർന്ന് 1966ൽ ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ആക്ട് കേന്ദ്ര സർക്കാർ പാസാക്കി. 1967ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇഎംഎസ് സർക്കാർ ഈ നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിയതോടെ തൊഴിലാളികളെ വെല്ലുവിളിച്ച് ഗണേഷ് ബീഡി കണ്ണൂരിലെ പ്രവർത്തനം അവസാനിപ്പിച്ച് നിയമം നടപ്പിലാക്കാത്ത മംഗലാപുരത്തേക്ക് മാറി. 12000 ബീഡി തെറുപ്പ് തൊഴിലാളികൾ പട്ടിണിയിലായി. എന്നാൽ ബീഡി തെറുപ്പ് തൊഴിലാളികളെ കിട്ടാതായതോടെ ഗോൾവാൾക്കറുടെ നിർദേശത്താൽ ആർഎസ്എസ് നേരിട്ട് ഗണേഷ് ബീഡി തെറുപ്പ് കേന്ദ്രങ്ങൾ കണ്ണൂരിൽ തുടങ്ങാൻ ആരംഭിച്ചു. വിഭവങ്ങൾ ഗണേഷ് ബീഡി കമ്പനി നൽകും ബീഡി തെറുത്ത് നൽകാൻ ആർ എസ് എസ് നിയന്ത്രിത സംഘങ്ങൾ എന്നതായിരുന്നു കരാർ.

എന്നാൽ ഭൂരിഭാഗം തൊഴിലാളികളും ഇതിൽ ചേരാൻ തയ്യാറായില്ല. അങ്ങിനെയാണ് കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഗണേഷ് ബീഡിക്ക് ബദലായി ദിനേശ് ബീഡി സഹകരണ സംഘം ആരംഭിക്കുന്നത്. ഈ തൊഴിലാളികളെ ആക്രമിച്ചും ദിനേശ് ബീഡി തെറുപ്പ് കേന്ദ്രങ്ങൾക്ക് ബോംബെറിഞ്ഞുമാണ് കണ്ണൂരിൽ സംഘപരിവാർ അക്രമപരമ്പരകൾ ആരംഭിക്കുന്നത്. തലശേരിയിലെ മുതിർന്ന പാർട്ടി നേതാവായിരുന്ന ആർ. രാഘവൻ ഉൾപ്പെടെയുള്ളവർ ചെട്ടിപ്പീടികയിൽ വെച്ച് ആക്രമിക്കപ്പെട്ടു. മുകുന്ദ് തിയറ്ററിൽ സിനിമക്ക് പോകുന്നവരോ, ചെട്ടിപ്പീടിക വഴി പോകുന്നവരോ ആയ കമ്മ്യൂണിസ്റ്റ് നേതാക്കളെയും തൊഴിലാളികളെയും ആക്രമിക്കുക എന്നത് പതിവായി. ഈ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് വാടിക്കൽ രാമകൃഷ്‌ണൻ എന്ന ആർഎസ്എസ് ‘മുഖ്യ ശിക്ഷക്’ ആയിരുന്നു. 1969 ഏപ്രിൽ 28ന് വൈകീട്ട് വിദ്യാർത്ഥി നേതാവായിരുന്ന പതിനാറു വയസുകാരൻ കോടിയേരി ബാലകൃഷ്ണനെ ഇതേ സംഘം ഗുരുതരമായി ആക്രമിച്ചു. അന്ന് രാത്രി നടന്ന പ്രതിരോധത്തിൽ വാടിക്കൽ രാമകൃഷണൻ കൊല്ലപ്പെട്ടു. എന്നാൽ വാടിക്കൽ രാമകൃഷ്‌ണൻ കൊല്ലപ്പെടുന്നതിനും കൃത്യം ഒരു കൊല്ലം മുൻപ് 1968 ഏപ്രിൽ 29ന് മാവൂർ ഗ്വാളിയോർ റയോൺസിലെ കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവായിരുന്ന പിപി സുലൈമാനെ ആർഎസ്എസ്സുകാർ പതിയിരുന്നു വെട്ടിക്കൊന്നു. അതായിരുന്നു കേരളത്തിലെ ആദ്യ ആർഎസ്എസ് കൊലപാതകം.

മിച്ചഭൂമി സമരവും ആർ എസ് എസ്സും

കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുന്നതിനും മിച്ചഭൂമി കണ്ടെത്തുന്നതിനും ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കാർഷികബന്ധ ബിൽ 1957ലെ ഇഎംഎസ് സർക്കാർ കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പേ സർക്കാരിനെ പിരിച്ചുവിട്ടു. 1967ൽ വീണ്ടും അധികാരത്തിലേറിയ ഇഎംഎസ് സർക്കാർ ജന്മിത്തം അവസാനിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമവും സർക്കാരിനെ അട്ടിമറിച്ചതുമൂലം നടപ്പാക്കാനായില്ല. പാർലമെന്ററി സംവിധാനത്തിലൂടെ ഈ നിയമങ്ങൾ നടപ്പാക്കാൻ കഴിയില്ല എന്നു വന്നപ്പോൾ അതിനുപുറത്ത് സമര മാർഗങ്ങളിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) രൂപം നൽകി. 1969 ഡിസംബർ 14ന് ആലപ്പുഴയിലെ അറവുകാട് മൈതാനത്ത് അഞ്ചുലക്ഷം പേരെ പങ്കെടുപ്പിച്ച് നടന്ന വമ്പിച്ച കർഷക – കർഷകത്തൊഴിലാളി റാലിയോടെയായിരുന്നു തുടക്കം. ആ മഹാസമ്മേളനത്തിൽ എ കെ ജി നയപ്രഖ്യാപനരേഖ അവതരിപ്പിച്ചു.

എകെജി

‘‘കേരള സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയാലും ഇല്ലെങ്കിലും ബില്ല് നിയമമായി പ്രഖ്യാപിച്ച് നടപ്പിൽ വരുത്തും’’ എന്ന എകെജിയുടെ പ്രഖ്യാപനം ആവേശത്തോടെ സമരവളണ്ടിയർമാർ സ്വീകരിച്ചു. തുടർന്ന് പത്ത് സെന്റ് വളച്ചുകെട്ടി സമരം, മിച്ചഭൂമി സമരം തുടങ്ങി സമരത്തിന്റെ രൂപവും ഭാവവും മാറി. കേരള ചരിത്രത്തിൽ കോൺഗ്രസ്സും ആർഎസ്എസ്സിന്റെ ആയുധ പരിശീലനം നേടിയ ഗുണ്ടകളും ഒരുവശത്തും കർഷകത്തൊഴിലാളി യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വളണ്ടിയർമാരും ചെറുകിട കർഷകരും മറുവശത്തുമായി നടന്ന സായുധ സംഘട്ടനത്തിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ജന്മിമാരുടെ ഭൂമി സംരക്ഷിക്കാൻ രംഗത്തിറങ്ങിയ ആർഎസ്എസ് ഗുണ്ടകളുടെ ആക്രമണത്തിൽ 32 പേരാണ് കേരളത്തിൽ ഈ കാലയളവിൽ രക്തസാക്ഷികളായത്. കോൺഗ്രസ്സ് – ആർഎസ്എസ് -ലീഗ് മുന്നണിയായി ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ സഖ്യത്തിന് രൂപം നൽകുകയായിരുന്നു ഈ കാലയളവ്.

അടിയന്തിരാവസ്ഥ

അടിയന്തിരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ അർധഫാഷിസ്റ്റ് വാഴ്ചയുടെ ദിനങ്ങളായിരുന്നു. ലക്ഷക്കണക്കിന് പ്രതിപക്ഷ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു, വാർത്തകൾ സെൻസർ ചെയ്യപ്പെട്ടു, മുതലാളിത്ത മാധ്യമങ്ങൾ കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞു, എല്ലാ വിമത സ്വരങ്ങളും നിശബ്ദമാക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് ജയപ്രകാശ് നാരായണൻ പ്രതിപക്ഷ സംഘടനകളെ മുഴുവൻ ഏകോപിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങുന്നത്. ജയപ്രകാശ് നാരായണന്റെ ആഹ്വാനപ്രകാരം സംഘടനാ കോൺഗ്രസ്സ്, ഭാരതീയ ജനസംഘ്, ഭാരതീയ ലോക്ദൾ (ഭാരതീയ ക്രാന്തി പാർട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, സ്വതന്ത്ര പാർട്ടി, ഉത്കൽ കോൺഗ്രസ്സ് എന്നിവ ലയിച്ച് 1977ൽ ലോക്ദൾ ആയി), സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികളും ഇന്ദിരയോട് വിയോജിച്ച കോൺഗ്രസ്സ് നേതാക്കളും ചേർന്ന് ജനതാ പാർട്ടി എന്ന ഒറ്റ പാർട്ടിയായി പ്രവർത്തിക്കാൻ ആരംഭിച്ചു. ആർഎസ്എസ്സിനെ സംബന്ധിച്ചിടത്തോളം അടിയന്തിരാവസ്ഥാ കാലത്തെ നിരോധനം മറികടക്കാനുള്ള ഒരു മാർഗം എന്ന നിലക്ക് കൂടിയാണ് ഭാരതീയ ജനസംഘത്തെ പിരിച്ചു വിട്ട് ജനതാ പാർട്ടിയിൽ ലയിച്ചത്. എന്നാൽ സിപിഎം ആകട്ടെ നിരോധനം വകവെക്കാതെ ജനങ്ങൾക്കിടയിലുള്ള പ്രവർത്തനവുമായി മുന്നോട്ട് പോയി. ഈ സാഹചര്യത്തിലാണ് 1977ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ജനതാ പാർട്ടിയുടെ പ്രവർത്തകർ എന്ന നിലക്കാണ് പഴയ ജനസംഘം പ്രവർത്തകർ കോൺഗ്രസ്സിനെതിരായി മത്സരിച്ച സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തിയത്.

ജനതാ പാർട്ടിയുടെ പ്രധാനമന്ത്രി മൊറാർജി ദേശായി

ഈ വസ്തുതയെയാണ് സതീശനും സംഘവും ജനസംഘത്തിന്റെ പിന്തുണ എന്ന് ആവർത്തിച്ച് നുണപറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ആരംഭിച്ച് രണ്ടു വർഷത്തിനിടയിൽ തന്നെ ജനതാപാർട്ടിക്കകത്ത് ആന്തരിക വൈരുധ്യങ്ങൾ രൂക്ഷമായി. ആർഎസ്എസ്സിൽ ജനതാ പാർട്ടി പ്രവർത്തകർക്ക് പ്രവർത്തിക്കാമോ എന്ന ചോദ്യം അതിനകത്തെ സോഷ്യലിസ്റ്റുകൾ ഉയർത്തി. അങ്ങിനെ ഏതാണ്ട് രണ്ടു വർഷം കൊണ്ടുതന്നെ ആ സംവിധാനം പൊളിഞ്ഞു. രാജ് നാരായൺ വിഭാഗം ആർഎസ്എസ്സിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർത്ത് ജനത പാർട്ടി (സെകുലർ) രൂപീകരിച്ചു. 1980ൽ പാർലമെന്റിലേക്കും കേരള നിയമസഭയിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടന്നു. അന്ന് ആർഎസ്എസ് ഉൾപ്പെടുന്ന ജനതാ പാർട്ടി യുഡിഎഫിന്റെ ഭാഗമായി എൽഡിഎഫിനെതിരെ മത്സരിച്ചു. ലോകസഭയിലേക്ക് മൂന്നു സീറ്റിലാണ് ജനതാ പാർട്ടി മത്സരിച്ചത്. കാസർഗോഡ് ഒ. രാജഗോപാലും വടകരയിൽ അരങ്ങിൽ ശ്രീധരനും ആലപ്പുഴയിൽ ഓമനാ പിള്ളയും യുഡിഎഫിനുവേണ്ടി മത്സരിച്ചു. മൂന്നിടത്തും വിജയം സിപിഎമ്മിനായിരുന്നു. നിയമസഭയിലേക്കാകട്ടെ ജനതാ പാർട്ടിക്ക് വേണ്ടി എടക്കാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ. സുധാകരൻ മത്സരിച്ചു തോറ്റു.

ഹിന്ദുത്വ വളർച്ചയുടെ എൺപതുകൾ

എൺപതുകൾ ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയുടെ കാലമായിരുന്നു. നെഹ്രൂവിയൻ സമ്പദ്‌വ്യവസ്ഥയുടെ പരിമിതികളും , കോൺഗ്രസ്സിന്റെ ബൂർഷ്വാ ഭൂവുടമാ പക്ഷപാതിത്വങ്ങളും ഹരിത വിപ്ലവത്തിന് ശേഷം നാട്ടിൻപുറങ്ങളിൽ ഉണ്ടായ പുത്തൻ ജന്മിവർഗ്ഗവും എല്ലാം ചേർന്ന് കോൺഗ്രസ്സിന്റെ അധികാരക്കുത്തകയെ സംസ്ഥാനങ്ങളിൽ തകർത്തു തുടങ്ങി. ഇതിനെ പരിഹരിക്കാനായി കോൺഗ്രസ്സ് ചെയ്തത് ഹിന്ദുത്വ വർഗീയതയെ പരസ്യമായി കൂട്ടുപിടിക്കുകയായിരുന്നു. പഞ്ചാബിലും ആസാമിലും ഇന്ദിരാ ഗാന്ധിയായിരുന്നു ഹൈന്ദവ വർഗീയതയെ പ്രോത്സാഹിപ്പിച്ചത്. ഇന്ദിരയുടെ മരണശേഷം രാജീവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഷാബാനു കേസിലെ സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം മതപൗരോഹിത്യം രംഗത്ത് വന്നപ്പോൾ അവർക്കനുകൂലമായി പാർലമെന്റിൽ നിയമം അവതരിപ്പിച്ചത് ഇന്ത്യയിലെ ഹൈന്ദവ തീവ്രവാദികൾ രാഷ്ട്രീയ ആയുധമാക്കി.

പഞ്ചാബിലും ആസാമിലും ഇന്ദിരാഗാന്ധി ഹൈന്ദവ വർഗീയതയെ പ്രോത്സാഹിപ്പിച്ചു. രാജീവും സമാന നിലപാട് സ്വീകരിച്ചു.

താരതമ്യേന ഒരു പ്രാദേശിക വിഷയമായിരുന്ന ബാബറി മസ്ജിദ് പ്രശ്നം ഒരു പാൻ ഇന്ത്യാ വിഷയമായി ഉയർത്തപ്പെട്ടു. ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികൾക്ക് ആരാധനക്കായി തുറന്നുകൊടുത്തത് ആ പക്ഷത്തെയും രാജീവ് പ്രീണിപ്പിച്ചു. ഇതേകാലയളവിൽ തന്നെയാണ് ഹാഷിംപുര പോലുള്ള ഭരണകൂട കൊലപാതകങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായി അരങ്ങേറുന്നത്. 1989ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രചാരണം രാജീവ് ആരംഭിക്കുന്നത് അയോധ്യയിൽ വെച്ചാണ്. ‘ഇന്ത്യയെ രാമരാജ്യമാക്കാനുള്ള തന്റെ അശ്വമേധം അയോധ്യയുടെ പുണ്യഭൂമിയിൽ നിന്നാരംഭിക്കുന്നു’ എന്നായിരുന്നു രാജീവ് പ്രഖ്യാപിച്ചത്.

വിശാല ഹിന്ദു സമ്മേളനം

കേരളത്തിലും ഈ അവസരം നല്ലരീതിയിൽ വിനിയോഗിക്കാൻ സംഘപരിവാറിനായി. 1982 ഏപ്രിൽ 4,5 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്ന വിശാല ഹിന്ദുസമ്മേളനത്തിൽ ഏകദേശം 5 ലക്ഷം ആളുകൾ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. ആർഎസ്എസ് നേരിട്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ മുഖ്യ സംഘാടകൻ കെ. ഭാസ്കർ റാവു ആയിരുന്നു. ഈ സമ്മേളനത്തിലാണ് കർക്കിടകമാസം രാമായണമാസമായി ആചരിക്കാനുള്ള ആഹ്വാനം ആർഎസ്എസ് നടത്തുന്നത്. ഒരു വിധം എല്ലാ ജാതി സംഘടനകളെയും ഈ സമ്മേളനവുമായി അടുപ്പിച്ച് നിർത്താനും ഹിന്ദു വർഗീയതയ്ക്ക് ഒരു പുതിയ ഉണർവ്വ് നൽകാനും സമ്മേളനത്തിനായി. സമ്മേളനം വലിയ വർഗീയധ്രുവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് വർഗീയ കലാപം നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ വർഗീയവാദികൾക്ക് അനുകൂലമായ നിലപാടെടുക്കുകയാണ് അന്നത്തെ യുഡിഎഫ് സർക്കാർ ചെയ്തത്.

നിലക്കൽ സമരം

1983 മാര്‍ച്ച് 29ന് നിലക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെ കേരള ഫാമിംഗ് കോര്‍പ്പറേഷന്റെ (കെഎഫ്‌സി) ഭൂമിയില്‍ ഒരു കുരിശ് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടുത്ത ദിവസം പമ്പാവാലി പള്ളിയുടെ വികാരിയായ ഫാദര്‍ മാത്യു അന്ത്യാകുളവും രണ്ട് ജീപ്പുകളിലായെത്തിയ അനുയായികളും കുരിശ് കണ്ടെത്തിയ സ്ഥലത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡ് സ്ഥാപിക്കുകയും പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും ചെയ്തു. സെന്റ് തോമസ് നിര്‍മ്മിച്ച ഒരു പള്ളിയുടേതാണ് ആ കുരിശ് എന്നായിരുന്നു അവരുടെ വാദം. ഇതൊരവസരമായി കണ്ട ആർഎസ്എസ് ക്ഷേത്ര പരിസരത്ത് പള്ളി പണിയരുത് എന്ന ആവശ്യവുമായി രംഗത്തിറങ്ങി.

നിലക്കൽ സമരകാലത്തെ ഒരു ചിത്രം

ഏറ്റവും മോശമായ രീതിയിലാണ് ഈ വിഷയത്തെ അന്നത്തെ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്തത്. 1983 മേയ് 19ന് മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലയ്ക്കലില്‍ പള്ളി പണിയാനായി ഒരു ഹെക്ടര്‍ ഭൂമി സഭയ്ക്ക് അനുവദിച്ചു. സർക്കാർ തീരുമാനം ആർഎസ്എസ്സിന് ഊർജ്ജം പകർന്നു. വിവിധ മേഖലകളിൽ നിന്നുള്ള ഹിന്ദു സംഘടനകൾ സമരവുമായി രംഗത്തെത്തി. കേരളത്തിലാകെ ഒരു ഹിന്ദു – ക്രിസ്ത്യൻ സംഘർഷാന്തരീക്ഷം സൃഷ്ടിക്കാൻ അവർക്കായി. ഏപ്രിൽ മുതൽ ജൂൺ വരെ നിലയ്ക്കലിലേക്ക് നാമജപ യാത്രകൾ, മാർച്ചുകൾ, സമരങ്ങൾ നടന്നു. പൊലീസ് ലാത്തിച്ചാർച്ച്, ടിയർഗ്യാസ്, വെടിവെപ്പ് എന്നിവയ്ക്കിടയിൽ ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. ആർഎസ്എസ് ആഗ്രഹിച്ചതുപോലെ തന്നെ ഒരു വൈകാരിക അന്തരീക്ഷം സർക്കാർ സൃഷ്ടിച്ചു നൽകി. സെപ്തംബർ മാസത്തിൽ നടന്ന ചർച്ചയിൽ നാല് കിലോമീറ്റർ അകലേക്ക് പള്ളി മാറ്റി സ്ഥാപിക്കാമെന്ന് ക്രൈസ്തവ നേതാക്കൾ ഉറപ്പു നൽകിയതോടെ സമരം അവസാനിച്ചു. ഹിന്ദു സംഘടനകൾ ഇത് വലിയ വിജയമായി ആഘോഷിച്ചു.

കോ-ലീ-ബി സഖ്യം

1991ൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ 13 ജില്ലകളിലും ഇടതുപക്ഷം വൻവിജയം നേടി. ഈ ആത്മവിശ്വാസത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം കേരള നിയമസഭയിലേക്കും മത്സരിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം ഇടതുപക്ഷത്തിനെതിരെ ഉടലെടുക്കുന്നത്. ബേപ്പൂരിൽ ആർഎസ്‌എസ്‌ നേതാവും ബാലഗോകുലം സംസ്ഥാന രക്ഷാധികാരിയുമായിരുന്ന ഡോ. കെ. മാധവൻകുട്ടിയും വടകരയിൽ ആർഎസ്എസ് സഹയാത്രികനായിരുന്ന അഡ്വ. രത്നസിംഗും കോ-ലീ-ബി സ്ഥാനാർഥികളായി രംഗത്ത് വന്നു. ബേപ്പൂർ സീറ്റിൽ ഉമ്മർ പാണ്ടികശാല ലീഗ് സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിച്ച ശേഷമാണ് അദ്ദേഹത്തെ പിൻവലിച്ച് ‘മാധവൻകുട്ടി ഞങ്ങളുടെ കുട്ടിയാണ്’ എന്ന് ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്.

കെപി ഉണ്ണികൃഷ്ണൻ

നൂറിലധികം യോഗങ്ങളിൽ ശിഹാബ് തങ്ങൾ നേരിട്ട് പങ്കെടുത്ത് മാധവൻകുട്ടിക്ക് വോട്ടഭ്യർത്ഥിച്ചു. പക്ഷെ രണ്ടിടത്തും സഖ്യം ദയനീയമായി പരാജയപ്പെട്ടു. ബേപ്പൂരിൽ ടികെ ഹംസയും വടകരയിൽ കെപി ഉണ്ണികൃഷ്ണനും വൻഭൂരിപക്ഷത്തിൽ വിജയിച്ചു. പിന്നീട് കെജി മാരാർ തന്റെ ആത്മകഥയായ ‘രാഷ്ട്രീയത്തിലെ സ്നേഹസാഗരം’ എന്ന പുസ്തകത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിൽ ബേപ്പൂരും വടകരയും കൂടാതെ ഇരുപത് മണ്ഡലങ്ങളിൽ ഈ സഖ്യം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി.

ഒന്നാം പ്രതി: സിറാജുന്നീസ, 11 വയസ്സ്

1991 ഡിസംബർ 11ന് മുരളി മനോഹർ ജോഷിയുടെ “ഏകതാ യാത്ര” കന്യാകുമാരിയിൽ നിന്നും ആരംഭിച്ചു. ഈ യാത്രയ്ക്ക് പത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ച് സ്വീകരണം ഒരുക്കാൻ എല്ലാ സഹായവും അന്നത്തെ യുഡിഎഫ് സർക്കാർ ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ രൂക്ഷമായ വർഗീയ ധ്രുവീകരണത്തിനും സംഘർഷങ്ങൾക്കുമാണ് കേരളം സാക്ഷ്യം വഹിച്ചത്. ഏകതാ യാത്ര പാലക്കാട് ജില്ലയിലൂടെ കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തു. തുടർന്ന് നടന്ന വെടിവെപ്പിൽ 11 വയസ്സുകാരിയായ സിറാജുന്നീസ കൊല്ലപ്പെട്ടു. എന്നാൽ 300 പേരുടെ ആൾക്കൂട്ടത്തെ നയിച്ച് വരുന്നതിനിടയിലാണ് സിറാജുന്നീസക്ക് വെടിയേറ്റതെന്നും സിറാജുന്നീസ ഒന്നാം പ്രതി ആണെന്നുമായിരുന്നു അന്നത്തെ കേരളാ പോലീസിന്റെ എഫ്ഐആർ.

1992 ജൂലൈ മാസത്തിൽ പൂന്തുറയിൽ നടന്ന വർഗീയ കലാപത്തിൽ ആറു പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സേവക് സംഘ് എന്ന പേരിൽ മദനി ആരംഭിച്ച തീവ്രവാദ സംഘടനയും അപ്പുറത്ത് ആർഎസ്എസ്സും എന്ന രീതിയിൽ സംഘർഷങ്ങൾ രൂക്ഷമായി. അതേ വർഷം ആഗസ്തിൽ നടന്ന ബോംബേറിൽ മദനിക്ക് കാലുകൾ നഷ്ടമായി. കേരളത്തിൽ 1992ൽ മാത്രം വർഗീയ കലാപങ്ങളിൽ 20 മുതൽ 25 വരെ പേര് മരണപെട്ടതായി കണക്കാക്കപ്പെടുന്നു. അതി രൂക്ഷമായ വിമർശനങ്ങൾക്കാണ് യു ഡി എഫ് കാലത്തെ പോലീസ് അന്ന് വിധേയരായത്. ആ വർഷം ഡിസംബർ ആറിന് ആർഎസ്എസ് ഭീകരവാദികൾ ബാബരി മസ്ജിദ് തകർത്തു. 1995ൽ ശബരിമല മേൽശാന്തി നിലക്കൽ പള്ളി സന്ദർശിച്ചു , ചരിത്രത്തിലാദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആ മേൽശാന്തിയെ പള്ളി സന്ദർശിച്ചതിന് സസ്‌പെൻഡ് ചെയ്തു. കേരള ചരിത്രത്തിൽ എപ്പോഴൊക്കെ യു ഡി എഫ് അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം ഇരുപക്ഷത്തുമുള്ള മതമൗലികതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യം നൽകിയിരുന്നു. അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമായിരുന്നു 1991-96 കാലത്തെ യു ഡി എഫ് സർക്കാർ.

കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു

2001 ൽ ഈന്തുള്ളതിൽ ബിനുവിന്റെ ശവശരീരത്തിൽ ചവിട്ടിയാണ് യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുന്നത്. അധികാരത്തിൽ വന്നതുമുതൽ വർഗീയ ശക്തികളോട് മൃദുസമീപനമാണ് ആ സർക്കാർ സ്വീകരിച്ചത്. അതിന്റെ ഫലമായി 2002 ജനുവരിയിൽ മാറാട് നടന്ന കലാപത്തിൽ ഇരു വിഭാഗത്തിൽ നിന്നുമായി അഞ്ചു പേരും തുടർന്ന് 2003 ൽ കൂട്ടക്കൊലയിൽ 8 പേരും കൊല്ലപ്പെട്ടു. കേരളചരിതത്തിലെ തന്നെ ഏറ്റവും വലിയ വർഗീയ സംഘട്ടനത്തിന് മാറാടിനെ ഇട്ടു നൽകിയത് അന്നത്തെ ആന്റണി സർക്കാരിന്റെ നിസ്സംഗതയും കഴിവുകേടും ഇരുപക്ഷത്തെയും ഒരേ പോലെ പ്രീണിപ്പിക്കാനുള്ള ശ്രമവുമായിരുന്നു. അന്വേഷണകമ്മീഷൻ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനമാണ് പോലീസ് നേരിട്ടത്. ഇതേ കാലത്ത് നടന്ന മറ്റൊരു വർഗീയ അഴിഞ്ഞാട്ടമായിരുന്നു കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ മാമ്പഴക്കാട് കോളനിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയ മദർതെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസ് അംഗങ്ങളായ കന്യാസ്ത്രീകളെ ആർ എസ് എസ് ക്രിമിനലുകൾ ക്രൂരമായി ആക്രമിച്ചത്. എന്നാൽ കുറ്റപത്രത്തിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം പരാമർശിക്കാൻ പോലും പോലീസ് തയ്യാറായില്ല. പ്രതികൾക്കനുകൂലമായി നൽകിയ റിപ്പോർട്ടിന്റെ ബലത്തിൽ മുഴുവൻ പ്രതികളും ഈ കേസിൽ രക്ഷപ്പെട്ടു.

2011 ൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ഊമ്മൻചാണ്ടി സർക്കാരും ആർ എസ് എസ് ഡീലുകളിൽ ഒട്ടും പിറകിൽ ആയിരുന്നില്ല . 2003 ൽ കോഴിക്കോട് മുതലക്കുളം മൈതാനത്ത് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റായിരുന്ന പ്രവീൺ തൊഗാഡിയ നടത്തിയ വർഗീയ പ്രസംഗത്തിനെതിരെ കേരള പോലീസ് കേസെടുത്തിരുന്നു. ഒപ്പം കുമ്മനം രാജശേഖരനും ഇതിൽ പ്രതിയായിരുന്നു. എന്നാൽ ഉമ്മൻ‌ചാണ്ടി സർക്കാർ ഈ രണ്ടുപേർക്കും എതിരെയുള്ള കേസ് പിൻവലിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച എ ബി വി പി പ്രവർത്തകർക്കെതിരായ കേസും ഉമ്മൻ ചാണ്ടി സർക്കാർ ഈ കാലയളവിൽ പിൻവലിച്ചിരുന്നു. ഇത്തരം ഡീലുകളിലൂടെയാണ് കേരളത്തിൽ ആദ്യമായി നേമത്തും പിന്നീട് തൃശൂരും താമര വിരിയുന്നതും മറ്റത്തൂർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്നും അത്തരം ഡീലുകൾ പരസ്യമായിത്തന്നെ നടക്കുന്നതും. സമീപകാല അനുഭവങ്ങൾ നമ്മുടെ അനുഭവത്തിൽ ഉള്ളതിനാൽ വിസ്താരഭയം കൊണ്ട് അവയെല്ലാം ഇവിടെ എഴുതുന്നില്ല.

ഉമ്മൻ ചാണ്ടി

2014ൽ അധികാരത്തിലെത്തിയ മോഡി ഒരു പുത്തൻ ഹിന്ദുത്വ – കോർപ്പറേറ്റ് രാഷ്ട്രീയത്തിന് ഇന്ത്യയിൽ രൂപം നൽകി. ഒരേ സമയം ഇന്ത്യയിലെ എണ്ണംപറഞ്ഞ കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ മാർക്കറ്റിലും പ്രകൃതി വിഭവങ്ങളിലും സമ്പൂർണമായ അധീശത്വം നൽകുകയും അങ്ങിനെ ലഭിക്കുന്ന ധനവും വിഭവങ്ങളും തങ്ങളുടെ രാഷ്ട്രീയ വികാസത്തിനും അധികാര സംരക്ഷണത്തിനും ഉപയോഗിക്കുക എന്ന തന്ത്രം. അതിന്റെ ഏറ്റവും പ്രധാന ഭാഗമായിരുന്നു ഇന്ത്യയിലെ വാർത്താ മാധ്യമങ്ങളെ സമ്പൂർണമായി കോർപ്പറേറ്റ് നിയന്ത്രണത്തിലാക്കി ‘മോഡിഫൈ’ ചെയ്യുക എന്നത്. ഇന്ത്യയിൽ ഹിന്ദുത്വ- കോർപ്പറേറ്റ് അച്ചുതണ്ട് നടപ്പിലാക്കുന്ന വികസന കാഴ്ചപ്പാടിന് കടകവിരുദ്ധമായ ജനകീയ വികസന കാഴ്ചപ്പാടാണ് കേരളത്തിൽ കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷം നടപ്പാക്കുന്നത്. “ദേർ ഈസ് നോ ആൾട്ടർനേറ്റീവ്” എന്ന പാടിപ്പതിഞ്ഞ നവലിബറൽ മുദ്രാവാക്യത്തിന് ബദലായി “ദേർ ഈസ് എ ലെഫ്റ്റ് ആൾട്ടർനേറ്റീവ് ” എന്ന് ലോകം മുഴുവൻ കേരളത്തെ നോക്കി പറയാൻ ആരംഭിച്ചിരിക്കുന്നു.
അതുകൊണ്ടു തന്നെ അത്തരം ഒരു ബദലിനെ തകർക്കുക എന്നത് വലതുപക്ഷത്തിന്റെ അടിയന്തിര ആവശ്യമാണ് , അതിൽ ഏറ്റവും പ്രധാനം ഫാഷിസത്തിനെതിരായ പോരാട്ടത്തിലെ കമ്മ്യൂണിസ്റ്റ്കാരുടെ ലെഗസിയെയും ആത്മാർത്ഥതയെയും സംശയത്തിന്റെ നിഴലിൽ നിർത്തുക എന്നതാണ്. അതാണ് കനഗോലുവിന്റെ ബുദ്ധിയിൽ വിരിഞ്ഞ ഡീൽ ആരോപണങ്ങൾ. പക്ഷെ കനഗോലുവിന് സ്ഥലം മാറിപ്പോയി ഇത് രാഷ്ട്രീയപ്രബുദ്ധമായ കേരളമാണ്.

റഫറൻസ്

  1. the saffron siege – നിധീഷ് ജെ വില്ലാട്ട് – കാരവാൻ മാസിക
  2. കേസരി വിവിധ ലക്കങ്ങൾ
  3. ചിന്ത വിവിധ ലക്കങ്ങൾ
    4.The Liberation Struggle and the Dismissal of the First Communist Ministry in Kerala : ഡോ. അജയൻ തങ്കപ്പൻ നായർ
  4. നിലക്കൽ സമരം – സിജു വി മധു – ഇന്ത്യാ ടുഡേ
  5. Judicial probes: History shows governments seldom care : ചന്ദ്രകാന്ത് വിശ്വനാഥ് – ഇന്ത്യൻ എക്സ്പ്രസ്സ്
  6. Marad, where time mended the chasms: ആഭാ രവീന്ദ്രൻ – ദി ഹിന്ദു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *