സാമ്രാജ്യത്വം ഇറാനിൽ വിതരണം ചെയ്യുന്ന സ്ത്രീസ്വാതന്ത്ര്യം

സ്ത്രീകൾക്ക് വിദ്യാഭ്യാസവും പുരോഗമനവും നൽകാൻ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇറാനിലെ ഒരു സ്കൂൾ കെട്ടിടം ആക്രമിച്ചപ്പോൾ മരിച്ചു വീണത് നിരപരാധികളായ 160 (ഔദ്യോഗിക കണക്ക്) പെൺകുഞ്ഞുങ്ങളാണ്. വരും തലമുറയിൽ പോലും ഒരു പെൺകുഞ്ഞ് അവശേഷിക്കാത്ത ഒരു ഇറാനിൽ ആർക്കാണ് സ്ത്രീസ്വാതന്ത്ര്യം ? – സംഗീത് കെ എഴുതുന്നു

യാതൊരു പ്രകോപനവുമില്ലാത ഒരു പരമാധികാര രാജ്യത്തിൻ്റെ രാഷ്ട്ര തലവനെ അന്താരാഷ്ട്ര അതിർത്തി നിയമങ്ങളെയാകെ വെല്ലുവിളിച്ച് അമേരിക്കയും ഇസ്രായേലും ചേർന്ന് കൊന്നിരിക്കുന്നു. നിരായുധരും നിരപരാധികളുമായ മനുഷ്യരെ ബോംബിട്ട് കൊന്നിരിക്കുന്നു.

തികച്ചും ഏകപക്ഷീയമായ ഈ അധിനിവേശത്തിലൂടെ ഒരു മേഖലയിലാകെ ആശങ്ക പടർത്തിയിരിക്കുന്നു. ആ ജനതയുടെ ജീവനും സ്വത്തും സമാധാനവും എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു.

മുൻപ് അമേരിക്ക ഇടപെട്ട് ജനാധിപത്യം പുന:സ്ഥാപിച്ച ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? എന്ത്‌ തരം ജനാധിപത്യമാണ് അവിടെയൊക്കെ പുലർന്നത് ?

എണ്ണയുൽപാദനത്തിനും വിപണനത്തിനുമുള്ള കുത്തക ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് തീറെഴുതിയ നിയമമൊഴിച്ച് മനുഷ്യർക്ക് ആവശ്യമായ എന്ത് നിയമമാണ് അവിടങ്ങളിൽ നടപ്പിലായത് ? വിടെ മരിച്ചു വീണ നിരപരാധികളായ തദ്ദേശീയ മനുഷ്യരുടെ ജീവന് എന്ത്‌ മറുപടിയാണ് ഇവർക്ക് പറഞ്ഞത് ?

‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന പ്രാകൃത ഗോത്ര നീതിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് നാം ഇന്ന് കാണുന്ന ലോക ക്രമം കെട്ടിഉയർത്തിയത്. നമ്മുടെ നാട്ടിലെ വിഭവങ്ങളും, മനുഷ്യ ശേഷിയും, രാഷ്ട്രീയവും, പരമാധികാരവും നമ്മുടേതായിത്തീർന്നിട്ട് ഏറെ കാലമൊന്നുമായിട്ടില്ല.

വിഭവങ്ങൾക്ക് വേണ്ടിയുള്ള യുദ്ധങ്ങളും, സാമ്രാജ്യത്വ അധിനിവേശങ്ങളും മനുഷ്യ വംശത്തിനൊന്നാകെ ദോഷം വരുത്തും എന്ന തിരിച്ചറിവാണ് രാഷ്ട്രങ്ങളുടെ പരമാധികാരത്തെ പരസ്പരം ബഹുമാനിക്കുന്ന ലോക ക്രമത്തിലേക്ക് നമ്മെ നയിച്ചത്.

അന്ന് തൊട്ട് ഇന്ന് വരെ ലോകം അംഗീകരിച്ചു പോരുന്ന പരസ്പരം ബഹുമാനത്തിൻ്റെ, രാഷ്ട്രീയ നീതിയുടെ ആ ലോകം നമ്മുടെ കണ്മുന്നിൽ പിച്ചിച്ചീന്തപ്പെടുമ്പോൾ അത് ചെയ്യുന്നവർക്കൊപ്പം നിൽക്കാതിരിക്കുക എന്നത് മനുഷ്യവംശത്തിൻ്റെയാകെ നിലനിൽപ്പിൻ്റെ സ്വാഭാവിക ചോയ്സാണ്.

സ്ത്രീകൾക്ക് വിദ്യാഭ്യാസവും പുരോഗമനവും നൽകാൻ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇറാനിലെ ഒരു സ്കൂൾ കെട്ടിടം ആക്രമിച്ചപ്പോൾ മരിച്ചു വീണത് നിരപരാധികളായ 160 (ഔദ്യോഗിക കണക്ക്) പെൺകുഞ്ഞുങ്ങളാണ്. വരും തലമുറയിൽ പോലും ഒരു പെൺകുഞ്ഞ് അവശേഷിക്കാത്ത ഒരു ഇറാനിൽ ആർക്കാണ് സ്ത്രീസ്വാതന്ത്ര്യം ?

മാനവരാശിക്ക് ഏതെങ്കിലും തരത്തിൽ ആണവായുധ ഭീഷണി നേരിടുന്നുണ്ടെങ്കിൽ അത് അമേരിക്കയുടേത് മാത്രമാണ്. ചരിത്രം ആ സത്യത്തിന് സാക്ഷ്യം പറയുന്നുണ്ട്.

യാതൊരു തത്വദീക്ഷയും ഇല്ലാതെ ആണവായുധങ്ങൾ നിർമ്മിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന ഇസ്രായേലും ലോകത്തു നടക്കുന്ന എല്ലാ യുദ്ധങ്ങൾക്കും ആയുധം നിർമ്മിച്ചു വിറ്റു കാശു പറ്റുന്ന അമേരിക്കയുമാണ് ‘എങ്ങാനും ആണവായുധം നിർമ്മിച്ചേക്കുമോ’ എന്ന ‘സംശയത്തി’ൽ ഇറാനെ സംഘം ചേർന്ന് ആക്രമിക്കുന്നത്.

ഇന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി കൈയടിക്കുന്നവർ മനസ്സിലാക്കുക നിങ്ങളുടെ നാടിൻ്റെ പരമാധികാരം നിലനിൽക്കാൻ ആകെ ഉള്ള കാരണം കുഴിച്ചെടുക്കാൻ അവർക്ക് ആവശ്യമുള്ളതൊന്നും തൽക്കാലം നമ്മുടെ ഭൂമിക്കടിയിൽ ഇല്ല എന്നത് മാത്രമാണ്.

സംഗീത് കെ

സംഗീത് കെ

ഭരണഘടനാ വിദഗ്ധൻ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *