ഭരണകൂടങ്ങൾ എപ്പോഴും പ്രതിഷേധങ്ങളെ നേരിടുന്നത് ബലപ്രയോഗങ്ങൾ കൊണ്ടുമാത്രമല്ല, ഭാഷ കൊണ്ടുകൂടിയാണ്. മുൻപ് “അർബൻ നക്സൽ” എന്ന പദം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇടതുപക്ഷ ശബ്ദങ്ങളെയും ക്രിമിനലൈസ് ചെയ്തതുപോലെ ഇന്ന് തൊഴിലില്ലാത്തതും ഓൺലൈനിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതുമായ യുവാക്കളെ “കൂറകൾ” എന്ന് വിശേഷിപ്പിക്കുന്നത് വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിൻ്റെ തുടർച്ചയാണ് – ജഗദീഷ് വില്ലോടി എഴുതുന്നു
ചീഞ്ഞുനാറുന്ന സിസ്റ്റത്തിൽ അതിജീവിക്കുന്ന പാറ്റകൾ

സിസ്റ്റമാകെ കൂറകൾക്ക് (Cockroaches) പിന്നാലെയാണ്. ഏതു വിധേയേനയും നശിപ്പിക്കാൻ ആണ് ശ്രമം. പക്ഷേ തല മുറിച്ചിട്ടാലും ഒരാഴ്ച വരെ ജീവിക്കുന്ന കൂട്ടരാണ് കൂറകൾ എന്ന് അവർക്കറിയില്ലല്ലോ! ശരീരത്തിലുള്ള ചെറിയ ദ്വാരങ്ങൾ (spiracles) വഴിയാണ് കൂറകൾ ശ്വസിക്കുന്നത്. അവസാനം വിശപ്പ് കൊണ്ടാണ് അവ മരിക്കുന്നതും!
വിശപ്പ് തന്നെയാണ് ഇവിടെയും പ്രശ്നം. ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index) 102-ാം സ്ഥാനത്തുള്ള ഇന്ത്യയിലെ യുവാക്കൾ തെരുവിലിറങ്ങിയാൽ നശീകരണശേഷി കണക്കാക്കാൻ പോലും കഴിയില്ല. നേപ്പാളിൽ തെരുവിലിറങ്ങിയ ജെൻ-സി വെറും 48 മണിക്കൂറുകൾ കൊണ്ടാണ് നാടും തെരുവും കത്തിച്ച് പ്രധാനമന്ത്രിയെ രാജിവെപ്പിച്ചത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രാഷ്ട്രീയ പ്രതിഭാസമായി ജെൻ-സി പ്രക്ഷോഭം മാറുകയാണ്. കെനിയ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മൊറോക്കോ, മഡഗാസ്കർ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, പെറു, ഫ്രാൻസ് —എന്നിങ്ങനെ വ്യത്യസ്ത ഭൂഖണ്ഡങ്ങളും വ്യത്യസ്ത ഭാഷകളിലും ഒരൊറ്റ ചോദ്യമാണ് ഉയരുന്നത്. ഞങ്ങളുടെ വിശപ്പ് ആരുടെ തിരഞ്ഞെടുപ്പാണ് ? വേൾഡ് കപ്പിന് 5 ബില്യൺ ഡോളർ ചെലവഴിക്കുന്ന മൊറോക്കോ മുതൽ ജൈവവൈവിധ്യത്തിൻ്റെ സ്വർഗ്ഗമെന്ന് വിശേഷണമുള്ള മഡഗാസ്കറിൽ വരെ ജെൻ-സി തെരുവിലുണ്ട്.
ഇന്ത്യയിലെ സമര ചരിത്രം പരിശോധിക്കുമ്പോൾ, 1970കളിലെ കടുത്ത സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് സമരപരമ്പരകൾ പ്രത്യേകിച്ച് ഗുജറാത്തിലെ നവനിർമ്മാണ് ആന്ദോളൻ, ബിഹാർ ഛാത്ര സംഘർഷ് സമിതി എന്നിവ ഉയർത്തിയ പ്രക്ഷോഭങ്ങൾ ജയപ്രകാശ് നാരായണൻ സമര നേതൃത്വം ഏറ്റെടുത്തതോടെ രാജ്യം അടിയന്തരാവസ്ഥയിൽ വരെ എത്തി. ഇതാണ് ബിജെപിയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ രാഷ്ട്രീയ സാഹചര്യം ഇന്ത്യയിൽ സൃഷ്ടിച്ചത്.

നിലവിലെ ഇന്ത്യൻ സാഹചര്യവും ഒട്ടും വ്യത്യസ്തമല്ല. മാധ്യമസ്വാതന്ത്ര്യരംഗത്ത് 180ൽ 157ാം സ്ഥാനത്തുള്ള ഇന്ത്യയിലെ തെറ്റിദ്ധരിപ്പിക്കുന്ന കാലഘട്ടത്തിൽ സത്യം പറയുന്നത് വിപ്ലവം തന്നെയാണ്. സത്യം പറയുന്നവരെ നേരിടാൻ ഭരണകൂടം ഉപയോഗിക്കുന്ന രാഷ്ട്രീയ ഉപാധികൾ ജനാധിപത്യ വിശ്വാസികളിൽ ഭയാശങ്ക ഉയർത്തുന്നത് സ്വാഭാവികം.
പാർക്കിൻസൺ രോഗ ബാധിതനായി കൈവിറച്ച് ഭക്ഷണം കഴിക്കാൻ കഴിയാതെ, വെള്ളം കുടിക്കാൻ ഒരു സ്ട്രോ ചോദിച്ചതു പോലും നിഷേധിച്ച് 84 വയസ്സിൽ ഫാദർ സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടപ്പോൾ പരാജയപ്പെട്ടത് ജനാധിപത്യവും വിജയിച്ചത് ഭരണകൂട ഉപാധികളും ആയിരുന്നു. ജനാധിപത്യ ഭരണകൂടം സമ്മതം ഉൽപ്പാദിപ്പിക്കാനുള്ള സ്ഥാപനമാകുമ്പോൾ, UAPA അതിൻ്റെ നഗ്നമായ മുഖമാണ് എന്നതാണ് യാഥാർത്ഥ്യം.

ഝാർഖണ്ഡിലെ ആദിവാസികളുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ച സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ളവരെ, പ്രത്യേകിച്ച് ഇടതുപക്ഷ കാഴ്ചപ്പാടുള്ളവരെ വിശേഷിപ്പിക്കാൻ ഒരു രാഷ്ട്രീയ ആയുധം എന്ന നിലയിൽ ഉപയോഗിച്ച പദമായിരുന്നു അർബൻ നക്സൽ (Urban Naxal). ദേശീയത എന്ന വാദത്തിന് കരുത്ത് പകരാൻ ബിജെപി ഒരു ഫ്യുവൽ എന്ന നിലയിൽ അർബൻ നക്സൽ വാദത്തെ ഉപയോഗപ്പെടുത്തി.
അർബൻ നക്സൽ എന്ന് മുദ്രകുത്തി അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്നവരെ നിശബ്ദമാക്കാൻ അവരെ ക്രിമിനലുകൾ ആയി ജയിലിൽ അടക്കാൻ വേണ്ടി UAPA പോലുള്ള കരി നിയമങ്ങൾ ഭരണകൂടം അതിനായി ഉപയോഗിച്ചു.

കോക്രോച്ച് ജനത പാർട്ടിക്കെതിരെയും (CJP) ബിജെപി ആദ്യം ഉപയോഗിച്ച രാഷ്ട്രീയ ആയുധം അവർ രാഷ്ട്രത്തിന് എതിരാണ് എന്ന പ്രചരണമായിരുന്നു. ഇത് വളരെ കരുതിക്കൂട്ടിയുള്ള നീക്കമാണ്. ദേശസ്നേഹികളെ ഒപ്പം നിർത്താനുള്ള എളുപ്പവഴിയാണ് തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കൽ.
ഭരണകൂടങ്ങൾ പ്രതിഷേധങ്ങളെ നേരിടുന്നത് ബലപ്രയോഗങ്ങൾ കൊണ്ടുമാത്രമല്ല ഭാഷ കൊണ്ടുകൂടിയാണ്. മുൻപ് അർബൻ നക്സൽ എന്ന പദം ഉപയോഗിച്ച് മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഇടതുപക്ഷ ശബ്ദങ്ങളെയും ക്രിമിനലൈസ് ചെയ്തതുപോലെ ഇന്ന് തൊഴിലില്ലാത്ത, ഓൺലൈനിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്ന യുവാക്കളെ കൂറകൾ എന്ന് വിളിക്കുന്നത് വിയോജിപ്പുകളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ തന്ത്രത്തിൻ്റെ തുടർച്ചയാണ്.
അധികാരഘടനകൾക്ക് ഭയം വിശപ്പല്ല. ആ വിശപ്പിൻ്റെ രാഷ്ട്രീയ കാരണങ്ങളെ തിരിച്ചറിയുന്ന ബോധ്യമാണ്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മയെ ഘടനാപരമായ സാമ്പത്തിക പരാജയമായി കാണാതെ വ്യക്തിപരമായ പരാജയമായി ചിത്രീകരിക്കുകയും സാമൂഹിക അസമത്വത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുന്നു.

പക്ഷേ അപമാനിക്കപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും രോഷം സംഘടിത രാഷ്ട്രീയ ബോധ്യമായി മാറുന്ന നിമിഷത്തിലാണ് ഭരണകൂടത്തിന് യഥാർത്ഥ പ്രതിസന്ധി ആരംഭിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശർമ തൊഴിലില്ലാത്ത യുവാക്കളെ കോക്രോച്ചുകൾ എന്ന് വിളിച്ചതിന് കാലങ്ങൾക്കു മുൻപേ ഇതേ കാര്യം ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് അൻ്റോണിയോ ഗ്രാംഷിയാണ്.
‘കുലീന വർഗ്ഗത്തിന് പാർശ്വവത്കരിക്കപ്പെട്ടവർ എപ്പോഴും അപരിഷ്കൃതരും രോഗഗ്രസ്തരും ആണ്’ (To a social elite, the components of subaltern groups always have something barbaric and pathological about them – Prison Notebooks: Antonio Gramsci) എന്ന ഗ്രാംഷിയുടെ വിലയിരുത്തൽ നിലവിലെ സാഹചര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.

ഇതാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഉന്നത വർഗ്ഗത്തിന് തൊഴിലില്ലാത്ത, ഓൺലൈനിൽ സമയം ചെലവഴിക്കുന്ന യുവതലമുറയെ കൂറകളായി തോന്നിയതിൻ്റെ പശ്ചാത്തലം. അതിനെതിരെയുള്ള പ്രതിഷേധാഗ്നിയാണ് സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനത പാർട്ടിക്കുള്ള (CJP) പിന്തുണയായി പടർന്നുകയറുന്നത്.
ഇത് ഭരണവർഗത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ഇത് ഭരണകൂടത്തിൻ്റെ അടിത്തറ ഇളക്കാൻ പര്യാപ്തമാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരെ ദേശവിരുദ്ധരായും അരാഷ്ട്രീയവാദികളുമായി മുദ്രകുത്തി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്.

കോക്രോച്ച് ജനത പാർട്ടിയുടെ രോഷം ആധികാരികമാണ്. പക്ഷേ രോഷം മാത്രം മതിയോ എന്നതാണ് ചോദ്യം.
വൈകാരികതയുടെയും (Spontaneity) യാഥാർത്ഥ്യബോധമുള്ള നേതൃത്വത്തിൻ്റെയും (Conscious leadership) വ്യത്യാസം 1974ൽ ജയപ്രകാശ് നാരായണിലൂടെ രാജ്യം കണ്ടതാണ്. ഗ്രാംഷി പറഞ്ഞതുപോലെ ഭരണവർഗ്ഗം അധികാരം നിലനിർത്തുന്നത് ബലപ്രയോഗം (Coercion) കൊണ്ട് മാത്രമല്ല. ആശയാധിപത്യം കൊണ്ട് കൂടിയാണ്. ഇവിടെ ദേശീയത എന്ന ആയുധം ഉപയോഗിച്ചാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന വൈറൽ മൂവ്മെൻ്റിനെ ഭരണകൂടം നേരിടുന്നത്.
തുടക്കത്തിൽ ഭരണകൂടത്തെ അനുകൂലിക്കുന്നവർ ഓൺലൈനിൽ പണിയൊന്നുമില്ലാതെ ഇരിക്കുന്നവരുടെ മുന്നേറ്റം എന്ന് പരിഹസിച്ച് അവഗണിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ മുന്നേറ്റമായി മാറിയതോടെ അവരെ കീഴാളരാക്കി മാറ്റിക്കൊണ്ട് സമൂഹത്തിൻ്റെ രോഗകാരണമായി അവരെ അടയാളപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ യഥാർത്ഥത്തിൽ കൂറകൾ ഇവിടെ രോഗലക്ഷണമാണ്.
നിലവിലെ വൈറൽ മൂവ്മെൻ്റ് കൊണ്ട് മാറ്റങ്ങൾ ഉണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതിനായി ഘടനയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയ ഭാഷകൂടി അനിവാര്യമാണ്. അവിടെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തി.

വൈറൽ രോഷത്തിന് ഒരു ദിശ കൊടുക്കുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ ഇവിടുത്തെ ചരിത്രപരമായ ദൗത്യം. തൊഴിലില്ലായ്മ വ്യക്തിയുടെ പരാജയമല്ല ഒരു വ്യവസ്ഥയുടെ തിരഞ്ഞെടുപ്പാണ് എന്ന് സ്ഥാപിക്കാൻ കഴിഞ്ഞാൽ ഈ മുന്നേറ്റത്തിൻ്റെ ദിശ മാറും.
തല മുറിച്ചിട്ടാലും ഒരാഴ്ച ജീവിക്കുന്ന കൂറകൾ അവസാനം വിശപ്പ് കൊണ്ടാണ് മരിക്കുന്നത്. ആ വിശപ്പ് ആരുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് കൊണ്ടാണ് ഉണ്ടാകുന്നത് എന്ന ബോധ്യമാണ് (consciousness) ഒരു വൈറൽ മുന്നേറ്റത്തെ ഒരു യഥാർഥ മാറ്റത്തിൻ്റെ ചാലകശക്തിയാക്കി മാറ്റുക







