യൂറോപ്പിലെ പ്രക്ഷോഭങ്ങള്‍ നവഫാസിസത്തിനെതിരെയുള്ള ഇടതുപക്ഷത്തിൻ്റെ മുന്നേറ്റത്തെയും കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. അപ്പോഴും ഇസ്ലാമിസ്റ്റുകളാണ് പ്രതിഷേധത്തിനു പിന്നിലെന്ന നരേഷന്‍ സൃഷ്ടിക്കാൻ ട്രംപും മക്രോണും പ്രൊപ്പഗാണ്ട നടത്തുന്നുണ്ട്. ഇന്ത്യയിലും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും നടത്തിക്കൊണ്ടിരിക്കുന്ന സമരം 40 വര്‍ഷമായി അടിച്ചേൽപ്പിക്കപ്പെട്ട നവലിബറലിസത്തിനും തീവ്രവലതുപക്ഷത്തിനുമെതിരായ സാര്‍വദേശീയ പ്രതിരോധങ്ങളുടെ ഭാഗമായി തന്നെ വായിക്കപ്പെടണം.
ഫാസിസത്തിനെതിരെ ലോകം പോരാടുന്നു

നിയോലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും അതുണ്ടാക്കിയ ദുരിതങ്ങളും കൊണ്ട് വഴിമുട്ടിയ ജനങ്ങളുടെ പ്രതിരോധവും വലതുപക്ഷ ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധവുമാണ് യൂറോപ്പിൽ പടരുന്ന ജനകീയപ്രക്ഷോഭങ്ങളിൽ പ്രതിഫലിപ്പിക്കുന്നത്. സൈന്യം ഉൾപ്പടെയുള്ള മര്‍ദ്ദക സംവിധാനങ്ങളെ അഴിച്ചുവിട്ട് സമരത്തെ അടിച്ചമര്‍ത്താൻ ഭരണകൂടങ്ങൾ ശ്രമിക്കുന്നു. തെരുവിലിറങ്ങിയ ജെന്‍സി-ആല്‍ഫ തലമുറക്കൊപ്പം വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും തൊഴിലില്ലായ്മക്കുമെതിരെ തൊഴിലാളികളും കര്‍ഷകരും കൂടി രംഗത്തിറങ്ങിയതോടെ ഫ്രാന്‍സ് മുതല്‍ അര്‍ജൻ്റീന വരെ പ്രക്ഷോഭമുഖരിതമായി.
പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ഇമ്മാനുവല്‍ മാക്രോണിൻ്റെ നീക്കങ്ങള്‍ക്കെതിരെയും പ്രക്ഷോഭകരെ ഇസ്ലാമിസ്റ്റുകളെന്നും ജിഹാദികളെന്നും മുദ്രകുത്തി വംശീയവിദ്വേഷം പടര്‍ത്തുന്ന തീവ്ര വലതുപക്ഷത്തിനെതിരെയും തൊഴിലാളി യൂണിയനുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഫ്രാന്‍സിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ ഉള്‍പ്പെടെ അഞ്ച് ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.

1990കളോടെ ഗതിവേഗമാര്‍ജ്ജിച്ച നവലിബറല്‍ നയങ്ങളും ആഗോളവത്കരണ പദ്ധതികളും സ്വകാര്യവല്‍ക്കരണവുമാണ് യൂറോപ്പിനെയും ലോകത്തെയും ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചത്. വിദ്യാഭ്യാസമുള്‍പ്പെടെയുള്ള സാമൂഹ്യ, സേവന, ക്ഷേമ മേഖലകളെ ചെലവുചുരുക്കല്‍ നയങ്ങൾ തകര്‍ത്തുകളഞ്ഞു. ഇപ്പോൾ തെരുവിലിറങ്ങിയവർ ആഗോള ഫിനാന്‍സ് മൂലധനത്തിൻ്റെ അധിപന്മാരെ പ്രകോപിതരാക്കിയിരിക്കിയിട്ടുണ്ട്. സമരങ്ങള്‍ക്ക് പിന്നിൽ ഇസ്ലാമിസ്റ്റുകളും ജിഹാദികളുമാണെന്ന ട്രംപിൻ്റെ അധിക്ഷേപ-വംശീയവിദ്വേഷ പ്രസ്താവന കാണിക്കുന്നത് അതാണ്.
ഇറ്റലിയിൽ വിലക്കയറ്റത്തിനും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനുമെതിരെ ആയിരങ്ങൾ ബോളോഗ്‌നയിലും മിലാനിലും സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നു. സൈന്യത്തെ ഇറക്കി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് ഇറ്റലിയിലും ഭരണകൂടം ശ്രമിക്കുന്നത്. യൂറോപ്പിൽ പടരുന്ന സമരങ്ങളുടെ അനുരണനങ്ങള്‍ യു.എസിലേക്കും പടരുകയാണ്. പ്രതിഷേധക്കാർ ട്രംപിനെയും യൂറോപ്യന്‍ ഭരണകൂടങ്ങളെയും വിറപ്പിച്ചിരിക്കുന്നു.

ലോകമൊന്നാകെ നിയോലിബറല്‍ ഭരണകൂടങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണെന്നു പറയാം. ഇന്ത്യയില്‍ ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിച്ച മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭം അലയടിക്കുന്ന അതേ സന്ദര്‍ഭത്തിലാണ് ഈ രാജ്യങ്ങളിലൊക്കെ ആളുകൾ ഭരണകൂടങ്ങളെ വെല്ലുവിളിക്കുന്നത്.
യൂറോപ്പിലെ പ്രക്ഷോഭങ്ങള്‍ തുടങ്ങിയത് ഫ്രാൻസിലാണ്. വിദ്യാഭ്യാസമേഖലയെ തകര്‍ത്ത ഇമ്മാനുവൽ മക്രോൺ സർക്കാരിൻ്റെ നയങ്ങൾക്കെതിരെയാണ് അത് തുടങ്ങിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നതെന്നത് ഇമ്മാനുവല്‍ മാക്രോണിനെയും മെറിന്‍ലെ പെനിനെപോലുള്ള തീവ്ര വലതുപക്ഷവാദികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പാരീസില്‍ മാത്രം 1,10,000 പേര്‍ തെരുവിലിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രി ലോറന്‍ നൂനസ് പറയുന്നത്. ലിമോജസ്സിലെ ചരിത്രപ്രസിദ്ധമായ ടൗണ്‍ഹാളിന് പ്രക്ഷോഭകര്‍ തീയിട്ടുവെന്നും അക്രമണങ്ങളെ അടിച്ചമര്‍ത്തുമെന്നും ലോറന്‍ നൂനസ് പറയുന്നു. ആയിരക്കണക്കിന് പ്രക്ഷോഭകരെ ഫ്രഞ്ച് പോലീസ് അറസ്റ്റുചെയ്ത് തടങ്കില്‍വെച്ചിരിക്കുന്നു. ഫ്രാന്‍സില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടയിലാണ് പോര്‍ച്ചുഗലിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

വിദ്യാഭ്യാസ ഫീസും യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍ ഫീസും വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് പോർച്ചുഗലിൽ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടങ്ങിയത്. 2017 മുതല്‍ ലിസ്ബണിലും പോര്‍ച്ചുഗല്‍ നഗരങ്ങളിലാകെയും വസ്തുവിലയും വാടകയും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളെയും യുവാക്കളെയും കുറഞ്ഞ വരുമാനക്കാരെയും ഇത് കടുത്ത പ്രതിസന്ധിയിലാക്കി. വിലക്കയറ്റത്തിനനുസരിച്ച് വേതനവര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല അനുദിനം വേതനം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ചെലവുചുരുക്കല്‍ നയങ്ങളും വിലക്കയറ്റവും ബെല്‍ജിയത്തിൽ ജനങ്ങളുടെ ജീവിതം തന്നെ അസാധ്യമാക്കി. ബ്രസല്‍സിലും ലീജിലും പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. സമരത്തെ അടിച്ചമര്‍ത്താൻ സര്‍ക്കാര്‍ പോലീസിനെയും സേനകളെയും അഴിച്ചുവിട്ടു. യൂണിവേഴ്സിറ്റികളുടെ മോശം സ്ഥിതിയും കൂടിവരുന്ന വിദ്യാഭ്യാസ ചെലവും സര്‍ക്കാർ സാമ്പത്തികസഹായം നിഷേധിച്ചതുമാണ് അല്‍ബേനിയയിൽ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിനിറങ്ങാൻ പ്രേരിപ്പിച്ചത്.

അമേരിക്കയിലും ട്രംപിൻ്റെ തീവ്ര സാമ്പത്തിക നയങ്ങള്‍ക്കും വംശീയതക്കുമെതിരായ ജനവികാരമാണ് അലയടിക്കുന്നത്. ട്രംപ് വിരുദ്ധരുടെ നോ കിംഗ്സ് നെറ്റ് വർക്ക് അമേരിക്കയിലുടനീളം വന്‍ റാലികളാണ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയഭേദമന്യേ ട്രംപിൻ്റെ ഭരണത്തില്‍ അതൃപ്തിയുള്ള എല്ലാവിഭാഗം മനുഷ്യരും രണ്ടു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ വാഷിങ്ടൺ ഡിസിയിലും അറ്റ്ലാൻ്റയിലും അരങ്ങേറുന്ന വൻ റാലികള്‍.
അര്‍ജൻ്റീനയില്‍ ഉന്നതവിദ്യാഭ്യാസ ഫണ്ടുകള്‍ വെട്ടിക്കുറച്ച പ്രസിഡൻ്റ് ഹാവിയര്‍ മിലയുടെ നടപടിക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. നഗരങ്ങളില്‍ വന്‍ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. ബ്യൂണേഴ്സ് അയേഴ്സില്‍ പ്രതിഷേധക്കാരും പോലീസും ശക്തമായി ഏറ്റുമുട്ടി. വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളും പ്രതിഷേധിച്ചു. സർവകലാശാലകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന 2025ലെ നിയമം പാലിക്കണമെന്ന കോടതി നിര്‍ദ്ദേശത്തെ കാറ്റിൽ പറത്തിയാണ് ഹാവിയർ മിലയുടെ സര്‍ക്കാര്‍ വിദ്യാഭ്യാസ ചെലവ് വെട്ടിക്കുറച്ചത്.

ബ്രസീലിലും ശക്തമായ വിദ്യാര്‍ത്ഥി യുവജന പ്രക്ഷോഭങ്ങൾ അരങ്ങേറുകയാണ്. പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയും തീവ്രവലതുപക്ഷക്കാരനുമായ ഫ്ലാവിയോ ബോള്‍സോനാരോക്കെതിരെ നഗരങ്ങളിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമാര്‍ച്ചുകള്‍ നടത്തുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിലെ ഫണ്ടുകള്‍ വെട്ടിക്കുക്കുന്നതിനെതിരെ പ്രതിഷേധങ്ങളുയരുന്നു.
മാര്‍ഗരറ്റ് താച്ചറുടെയും റൊണാള്‍ഡ് റീഗൻ്റെയും വഴിയേ നവലിബറലിസം നടപ്പാക്കിയ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. മെറിന്‍ലെ പെനിനെ പോലുള്ള തീവ്രവലതുപക്ഷക്കാരുമായി കൈകോർത്ത് മാക്രോണ്‍ നടപ്പാക്കിയ കുടിയേറ്റവിരുദ്ധനിയമം ഉള്‍പ്പെടെ ഉണ്ടാക്കിയ വംശീയ ചേരിതിരിവുകളും തൊഴിലാളി വിരുദ്ധതയുമാണ് ഫ്രഞ്ച് സമൂഹത്തെ പ്രതിസന്ധിയിലേക്കും സംഘര്‍ഷങ്ങളിലേക്കും തള്ളിവിട്ടത്.

യൂറോപ്പിലെ പ്രക്ഷോഭങ്ങള്‍ നവഫാസിസത്തിനെതിരെയുള്ള ഇടതുപക്ഷത്തിൻ്റെ മുന്നേറ്റത്തെയും കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. അപ്പോഴും ഇസ്ലാമിസ്റ്റുകളാണ് പ്രതിഷേധത്തിനു പിന്നിലെന്ന നരേഷന്‍ സൃഷ്ടിക്കാൻ ട്രംപും മക്രോണും പ്രൊപ്പഗാണ്ട നടത്തുന്നുണ്ട്. ഇന്ത്യയിലും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും നടത്തിക്കൊണ്ടിരിക്കുന്ന സമരം 40 വര്‍ഷമായി അടിച്ചേൽപ്പിക്കപ്പെട്ട നവലിബറലിസത്തിനും തീവ്രവലതുപക്ഷത്തിനുമെതിരായ സാര്‍വദേശീയ പ്രതിരോധങ്ങളുടെ ഭാഗമായി തന്നെ വായിക്കപ്പെടണം.







