”ഫിദലിൻ്റെ സ്കൂൾ വിദ്യാഭ്യാസകാലം തികച്ചും സംഭവ ബഹുലമായിരുന്നു. വിശ്രമമില്ലാത്ത ഊർജ്ജവും എന്തിലും ഒന്നാമനാകാനുള്ള വാശിയുമായിരുന്നു കുട്ടിയായ ഫിദലിൻ്റെ മുഖമുദ്ര. പുസ്തകപ്പുഴുവായ കായിക താരമെന്നാണ് ഫിദലിനെ സ്കൂളിൽ വിളിച്ചിരുന്നത്. കാരണം, പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങിയിരുന്ന കുട്ടിയായിരുന്നു ഫിദൽ. അക്കാദമിക കാര്യങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം മണിക്കൂറുകളോളം ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും വായിച്ചുതീർക്കുമായിരുന്നു. പ്രത്യേകിച്ച്, ക്യൂബൻ സ്വാതന്ത്ര്യസമര സേനാനിയായ ഹോസെ മാർട്ടിയുടെ കൃതികളും ആശയങ്ങളും ഇളം പ്രായത്തിൽ തന്നെ ഫിദലിൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു” – ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ജീവചരിത്രം. എംഎസ് ഷൈജു എഴുതുന്ന പരമ്പരയുടെ ഒന്നാം ഭാഗം
ഫിദൽ കാസ്ട്രോ ; ചക്രവാളങ്ങളെ തീപിടിപ്പിച്ച ചുവന്ന നക്ഷത്രം

ഒന്ന്
കരിമ്പ് പാടങ്ങളിലെ ബാല്യം
ക്യൂബയുടെ കരിമ്പുപാടങ്ങൾക്ക് മീതെ വിപ്ലവത്തിൻ്റെ ചെങ്കൊടി പാറിപ്പറക്കും മുമ്പുള്ള കാലം. കരീബിയൻ കടൽക്കാറ്റിൻ്റെ ഉപ്പുരസം കലർന്ന ഒരു കൊച്ച് ഗ്രാമത്തിൽ ഒരു പിഞ്ചുബാലൻ അവൻ്റെ അമ്മയുടെ മടിയിൽ തലവെച്ച് സങ്കടം പൊഴിച്ച് കിടന്നു. അമ്മ അവൻ്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. അവൻ്റെ ചുറ്റുമുള്ള മനുഷ്യരുടെ സങ്കടങ്ങളും വേദനകളുമായിരുന്നു അവൻ അമ്മയോട് പറഞ്ഞ് കൊണ്ടിരുന്നത്. അമ്മ അവനെ കേട്ട് കൊണ്ടിരുന്നു. അവൻ്റെ ആവലാതികൾക്ക് അവൾ സമാധാനം പറഞ്ഞു കൊണ്ടിരുന്നു. അമ്മയുടെ മടിയിൽ തല വെച്ച് അവൻ സ്വപ്നങ്ങളുടെ വലിയൊരു ലോകം പണിയുകയായിരുന്നു. കരിമ്പ് പാടങ്ങളാൽ പച്ചപ്പരവതാനി വിരിച്ച ബിരാൻ എന്ന ആ കൊച്ച് ക്യൂബൻ ഗ്രാമത്തിന് മുകളിൽ എരിഞ്ഞ് കൊണ്ടിരുന്ന സൂര്യനെ വെല്ലുന്ന ഒരു അഗ്നിഗോളം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണ് ആ കുട്ടിക്കാലം കടന്നുപോയത്. അന്യൻ്റെ ആവലാതികൾക്ക് മുമ്പിൽ കണ്ണീർ പൊഴിച്ച അവൻ്റെ പേര് ഫിദൽ കാസ്ട്രോ എന്നായിരുന്നു. ഒരു സാധാരണ ബാല്യത്തിൻ്റെ അതിരുകൾ ഭേദിച്ച്, ചരിത്രത്തിൻ്റെ ഗതിമാറ്റിയെഴുതാൻ നിയോഗിക്കപ്പെട്ട ഒരു യുഗപുരുഷൻ്റെ ആദ്യ ചുവടുകൾ പിറവിയെടുത്തത് അവിടെയാണ്.
ക്യൂബയുടെ ചരിത്രത്തിലെ ഒരു യുഗാരംഭമാണ് കാസ്ട്രോ എന്ന വിപ്ലവകാരിയുടെ ജനനം. ലോകത്തിൻ്റെ വിപ്ലവ പോരാട്ട വീഥികളിൽ ജ്വലന ശക്തിയുടെ അളവുകോലായി മാറിയ ഫിദൽ കാസ്ട്രോയുടെ ജീവിതം ആകസ്മികതകളിൽ നിന്ന് ഉടലെടുത്തതായിരുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിൽ നിന്നോ രാഷ്ട്രീയ പാഠശാലയിൽ നിന്നോ മാത്രമുണ്ടായതുമല്ല അത്. ഒരു മനുഷ്യൻ്റെ ജൈവികമായ നീതിബോധം മാനവികമായും സ്വാതന്ത്ര്യബോധത്തോടെയും വളർന്ന് വന്നതിൻ്റെ സ്വഭാവികമായ ഉൽപ്പന്നമായിരുന്നു ഫിദൽ കാസ്ട്രോ. കരീബിയൻ കടലിലെ കൊച്ച് ദ്വീപായ ക്യൂബയുടെ മണ്ണിലും ചരിത്രത്തിലും ആഴത്തിൽ വേരോടിയ തീക്ഷ്ണമായ അനുഭവങ്ങളിൽ നിന്നും അന്നത്തെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളിൽ നിന്നുമാണ് വിപ്ലവത്തിൻ്റെ ആ കനലുകൾ എരിഞ്ഞു തുടങ്ങിയത്. നീതിക്കും തുല്യതക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഏതറ്റം വരെ പോകുന്നതും കാലം കൊണ്ട് സാധൂകരിക്കപ്പെടുന്ന ന്യായമാണെന്ന് വിശ്വസിച്ച മനുഷ്യസ്നേഹിയായ വിപ്ലവകാരി എന്നാണ് ലോകം ഫിദൽ കാസ്ട്രോയെ രേഖപ്പെടുത്തിയിരിക്കുന്നത്.

1926 ആഗസ്റ്റ് 13-ന് ക്യൂബയിലെ ഓറിയെൻ്റൽ പ്രവിശ്യയിലെ ബിരാൻ എന്ന ഗ്രാമത്തിൽ ഒരു സമ്പന്ന തോട്ടമുടമയുടെ മകനായിട്ടാണ് ഫിദൽ അലഹാന്ദ്രോ കാസ്ട്രോ റൂസ് ജനിച്ചത്. സ്പെയിനിൽ നിന്ന് കുടിയേറിയ അദ്ദേഹത്തിൻ്റെ പിതാവ് ആഞ്ചൽ കാസ്ട്രോ കരിമ്പ് തോട്ടങ്ങളുടെ ഉടമയായിരുന്നു. അതിലൂടെ വലിയൊരു സമ്പത്തും അദ്ദേഹം കെട്ടിപ്പടുത്തിരുന്നു. അത് കൊണ്ട് തന്നെ ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമായി ദാരിദ്ര്യമുക്തമായ ഒരു ബാല്യമായിരുന്നു ഫിദലിൻ്റേത്. സാമൂഹികമായ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ ചുറ്റുപാടുകളിലായിരുന്നു ഫിദൽ ജനിച്ചത്. പിതാവിൻ്റെ തന്നെ ഫാമിലെ ജോലിക്കാരിയായിരുന്ന ലീന റൂസാണ് ഫിദലിൻ്റെ മാതാവ്. പിന്നീട് കാസ്ട്രോ കുടുംബത്തിൻ്റെ നെടുംതൂണായി മാറിയ ലീനയാണ് ഫിദൽ കാസ്ട്രോയെന്ന ഉരുക്കു മനുഷ്യൻ്റെ അടിത്തറയൊരുക്കിയത്. യാഥാസ്ഥിതിക സമൂഹത്തിൻ്റെ കണ്ണുരുട്ടലുകളെയും കൽപനകളെയും അതിജീവിച്ച ആ അമ്മ, കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് തൻ്റെ മകന് പകർന്നുനൽകിയത്. ഫിദലിൻ്റെ സ്വഭാവ രൂപീകരണത്തിൽ അമ്മയുടെ ഈ ആത്മധൈര്യം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
സാമ്പത്തികമായി മെച്ചപ്പെട്ട ചുറ്റുപാടുകളിൽ വളർന്നുവെങ്കിലും, ഗ്രാമീണ ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളും സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരോടുള്ള അടുപ്പവുമാണ് ഫിദലിൻ്റെ ബാല്യത്തെ രൂപപ്പെടുത്തിയത്. ബിരാനിലെ തോട്ടങ്ങളിൽ പണിയെടുത്ത ദരിദ്രരായ തൊഴിലാളികളും തദ്ദേശീയരായ ജനങ്ങളും അനുഭവിച്ച ദുരിതങ്ങൾ ആ കൊച്ചു കുട്ടിയുടെ മനസ്സിൽ മായാത്ത മുദ്രകൾ പതിപ്പിച്ചു. സമൂഹത്തിലെ അസമത്വങ്ങളെക്കുറിച്ച് ആദ്യമായി ചിന്തിക്കാൻ ആ ബാല്യകാല കാഴ്ചകൾ അദ്ദേഹത്തിന് പ്രേരണയായി. ക്യൂബൻ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഏതൊരാളും അനുഭവിക്കുന്നതായിരുന്നു അക്കാലത്തെ സാമൂഹിക അസമത്വങ്ങൾ. വീട്ടിലെ സമ്പത്തിൻ്റെ മാനദണ്ഡത്തിൽ കുട്ടികൾ വെവ്വേറെയായി പരിഗണിക്കപ്പെടുന്നതിൻ്റെ യുക്തി ഫിദലിന് ബോധ്യമായതേയില്ല. നാം ജീവിക്കുന്ന സാമൂഹിക ഘടനയിൽ അപാകതകളുണ്ട് എന്ന് ബാല്യത്തിലേ തിരിച്ചറിയാൻ കഴിയുന്ന സാഹചര്യങ്ങളായിരുന്നു ചുറ്റുമുണ്ടായിരുന്നത്.

ബിരാനിലെ ഒരു പ്രാദേശിക വിദ്യാലയത്തിലാണ് ഫിദൽ പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ചത്. തുടർന്ന് സാൻ്റിയാഗോ ഡി ക്യൂബയിലെയും ഹവാനയിലെയും ജെസ്യൂട്ട് പാതിരിമാർ നടത്തുന്ന കർശനമായ ചിട്ടകളുള്ള ബോർഡിംഗ് സ്കൂളുകളിലായിരുന്നു ഫിദലിൻ്റെ തുടർ പഠനങ്ങൾ. പഠന കാലയളവിൽ കായിക താല്പര്യവും അപാരമായ ഓർമ്മശക്തിയും നേതൃശേഷിയും പ്രകടമാക്കിയ ഒരു വിദ്യാർത്ഥിയായിരുന്നു ഫിദൽ. പഠനത്തിൽ മാത്രമല്ല, ബേസ്ബോൾ ഉൾപ്പെടെയുള്ള കളികളിലും അദ്ദേഹം തൻ്റെ മിടുക്ക് തെളിയിച്ചു. അനീതിയോട് ചെറുത്ത് നില്പ് നടത്താനുള്ള ഫിദലിൻ്റെ മനോഭാവം ബാല്യ കാലത്ത് തന്നെ രൂപപ്പെട്ടിരുന്നു. അടിച്ചമർത്തലുകളെ ചെറുക്കാനും സ്വന്തം അഭിപ്രായങ്ങൾ ധൈര്യത്തോടെ വിളിച്ചുപറയാനുമുള്ള ശീലം സ്കൂൾ കാലഘട്ടത്തിൽ തന്നെ പ്രകടമായിരുന്നു. നീതി നിഷേധങ്ങൾക്കെതിരെ പ്രതികരിക്കുക എന്ന വാശി അദ്ദേഹത്തിൻ്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നത് പോലെയായിരുന്നു.
ഏകദേശം പത്താം വയസ്സിൽ ഫിദൽ നടത്തിയ ഒരു സാഹസികമായ ഇടപെടൽ അക്കാലത്ത് തന്നെ പുലർത്തിയ ആത്മവിശ്വാസത്തിൻ്റെ തെളിവാണ്. തോട്ടത്തിൽ തൊഴിലാളികൾ അനുഭവിച്ച കടുത്ത ചിട്ടകളും തൊഴിലാളികൾക്ക് അതുണ്ടാക്കിയ ബുദ്ധിമുട്ടുകളും ഫിദലിനെ ചെറുപ്പത്തിലേ അസ്വസ്ഥനാക്കിയിരുന്നു. ക്യൂബയുടെ സ്വതന്ത്രമായ നിലനില്പിന് മേൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്കെതിരിൽ ക്യൂബൻ യുവത്വം അമർഷം കൊണ്ട കാലമായിരുന്നു അത്. മുതിർന്നവർ നടത്തുന്ന ചർച്ചകളും അഭിപ്രായങ്ങളുമൊക്കെ ശ്രദ്ധാപൂർവം വീക്ഷിക്കുന്ന സ്വഭാവം ബാല്യത്തിൽ തന്നെ ഫിദൽ പുലർത്തിയിരുന്നു. അത് വഴി അക്കാലത്ത് അമേരിക്കൻ ഡോളറിൻ്റെ ആധിപത്യവും ക്യൂബൻ സമ്പദ്വ്യവസ്ഥയിലെ അമേരിക്കൻ ഇടപെടലുകളും കുട്ടിയായ ഫിദലിൻ്റെ ശ്രദ്ധയിലും പെട്ടിരുന്നു.
ഇക്കാലയളവിലാണ് ബാലനായ ഫിദൽ ഇംഗ്ലീഷിൽ ഒരു കത്തെഴുതി അമേരിക്കൻ പ്രസിഡൻ്റായ ഫ്രാങ്ക്ളിൻ റൂസ്വെൽറ്റിന് അയക്കുന്നത്. ക്യൂബയിലെ അമേരിക്കൻ കമ്പനികൾ തങ്ങളുടെ തോട്ടത്തിൽ നിന്ന് വലിയ തോതിൽ കരിമ്പ് വാങ്ങാറുണ്ടെങ്കിലും, തങ്ങൾക്ക് ഒരിക്കലും ഒരു പച്ച ഡോളർ നോട്ട് കാണാൻ കഴിഞ്ഞിട്ടില്ലെന്നും, അതിനാൽ അമേരിക്കൻ സർക്കാരിൻ്റെ പത്ത് ഡോളറിൻ്റെ ഒരു നോട്ട് തനിക്ക് അയച്ച് തരണമെന്നുമായിരുന്നു ആ കത്തിലെ ആവശ്യം. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ആ കത്ത് ഫിദൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആ കത്തിന് വൈറ്റ് ഹൗസിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. എങ്കിലും, പത്താം വയസ്സിൽ അമേരിക്കൻ പ്രസിഡൻ്റിന് നേരിട്ട് കത്തയക്കാൻ തയ്യാറായ ഫിദലിൻ്റെ ആത്മവിശ്വാസം വിദ്യാലയത്തിലും പുറത്തും അദ്ദേഹത്തിന് വലിയ പ്രശംസ നേടിക്കൊടുത്തു. അനീതിക്കെതിരെ നിലപാട് സ്വീകരിക്കുന്ന അദ്ദേഹത്തിൻ്റെ നേതൃപാടവത്തിൻ്റെ ആദ്യത്തെ സൂചനയായിരുന്നു അത്.

ഫിദലിൻ്റെ സ്കൂൾ വിദ്യാഭ്യാസകാലം തികച്ചും സംഭവ ബഹുലമായിരുന്നു. വിശ്രമമില്ലാത്ത ഊർജ്ജവും എന്തിലും ഒന്നാമനാകാനുള്ള വാശിയുമായിരുന്നു കുട്ടിയായ ഫിദലിൻ്റെ മുഖമുദ്ര. പുസ്തകപ്പുഴുവായ കായിക താരമെന്നാണ് ഫിദലിനെ സ്കൂളിൽ വിളിച്ചിരുന്നത്. കാരണം, പഠനത്തിലും കായികരംഗത്തും ഒരുപോലെ തിളങ്ങിയിരുന്ന കുട്ടിയായിരുന്നു ഫിദൽ. അക്കാദമിക കാര്യങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം മണിക്കൂറുകളോളം ചരിത്ര പുസ്തകങ്ങളും ജീവചരിത്രങ്ങളും വായിച്ചുതീർക്കുമായിരുന്നു. പ്രത്യേകിച്ച്, ക്യൂബൻ സ്വാതന്ത്ര്യസമര സേനാനിയായ ഹോസെ മാർട്ടിയുടെ കൃതികളും ആശയങ്ങളും ഇളം പ്രായത്തിൽ തന്നെ ഫിദലിൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു.
ഫിദൽ കാസ്ട്രോ തൻ്റെ യൗവനത്തിലേക്ക് കടക്കുന്ന കാലഘട്ടം ക്യൂബയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രക്ഷുബ്ധമായിരുന്നു. നാമമാത്രമായ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും ക്യൂബൻ ഗവൺമെൻ്റുകൾ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കളിപ്പാവകളായി മാറിയ കാലമായിരുന്നു അത്. ക്യൂബയുടെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ കരിമ്പ് തോട്ടങ്ങളും പഞ്ചസാര വ്യവസായങ്ങളും അമേരിക്കൻ കുത്തകകളുടെ കൈകളിൽ ഒതുങ്ങി. രാജ്യത്തെ ജനങ്ങൾ തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം വലയുമ്പോൾ ഭരണാധികാരികൾ അമേരിക്കൻ താല്പര്യങ്ങൾക്ക് അടിപ്പെട്ട് കോടികൾ കൊള്ളയടിച്ച് സുഖലോലുപരായി വാണു. ജനങ്ങളുടെ മൗലികാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും, ഫാഷിസ്റ്റ് പ്രവണതകൾ ഭരണകൂടം നടപ്പിലാക്കുകയും ചെയ്തു. ഈ സാമൂഹിക യാഥാർത്ഥ്യങ്ങൾ ക്യൂബൻ ജനതയുടെ മനസ്സിൽ പ്രതിഷേധത്തിൻ്റെ കനലുകൾ കോരിയിട്ടു.

1945-ൽ ഹവാന സർവ്വകലാശാലയിൽ നിയമ പഠനത്തിനായി ചേർന്നതോടെയാണ് ഫിദലിൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ യഥാർത്ഥ ഘട്ടം ആരംഭിക്കുന്നത്. യൂണിവേഴ്സിറ്റി കാമ്പസ് അക്കാലത്ത് ക്യൂബൻ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു. അഴിമതിക്കും സാമ്രാജ്യത്വത്തിനും എതിരെ ശബ്ദമുയർത്തിയ വിവിധ വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ ഫിദൽ സജീവമായി പങ്കെടുത്തു. ഇക്കാലത്താണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിപ്ലവ ചരിത്രങ്ങളും മാർക്സിയൻ ചിന്തകളും ക്യൂബൻ ദേശീയ നായകനായ ഹോസെ മാർട്ടിയുടെ ആശയങ്ങളും അദ്ദേഹത്തെ വല്ലാതെ സ്വാധീനിക്കുന്നത്.

അടിച്ചമർത്തപ്പെടുന്ന മനുഷ്യരുടെ അവകാശങ്ങൾക്കായി പോരാടേണ്ടത് തൻ്റെ കൂടി ചുമതലയായി അദ്ദേഹത്തിന് തോന്നി. അന്നത്തെ ക്യൂബൻ പശ്ചാത്തലത്തിൽ സായുധമായ ചെറുത്ത് നിൽപ്പിനായി അടിസ്ഥാന വർഗ്ഗം തയാറാകുകയായിരുന്നു. ഒരു തീപ്പൊരി വീണാൽ ആളിപ്പടരുന്നത് പോലെ ഒരു പ്രക്ഷോഭത്തിനായി ക്യൂബൻ തെരുവുകൾ ദാഹിച്ചു. ഒരു രാജ്യത്തെ ജനങ്ങൾ കൊടിയ ചൂഷണത്തിന് ഇരയാകുമ്പോൾ, സായുധ ചെറുത്തുനിൽപ്പ് അവരുടെ ജന്മാവകാശമായി മാറുന്നു എന്ന തിരിച്ചറിവിലേക്ക് ഫിദലും എത്തിച്ചേർന്നു. അനീതിയോട് സന്ധി ചെയ്യാത്ത ആ മനസ്സിൽ, ക്യൂബയെ വിദേശാധിപത്യത്തിൽ നിന്നും അഴിമതിയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യം രൂപം കൊള്ളുകയായിരുന്നു. അവിടെ നിന്നാണ് ഒരു സാധാരണ വിദ്യാർത്ഥിയിൽ നിന്ന് ചരിത്രം മാറ്റിയെഴുതാൻ പോന്ന ഒരു വിപ്ലവകാരിയിലേക്കുള്ള വഴികളിലേക്ക് ഫിദൽ കാസ്ട്രോയുടെ ആദ്യ ചുവടുകൾ പതിഞ്ഞ് തുടങ്ങുന്നത്.







