കേരളത്തെ ഇരുട്ടിലാക്കിയത് ആര്?

നിലവിലെ വൈദ്യുതി പ്രതിസന്ധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന് സമ്മാനിക്കാൻ പോകുന്നത്. വൈദ്യുതിയുടെ ലഭ്യതക്കുറവും ഉയർന്ന നിരക്കും കേരളത്തിലെ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വലിയ നിലയിൽ ചെറുകിട വ്യവസായങ്ങൾ കേരളത്തിൽ ആരംഭിച്ചിരുന്നു. കേരളത്തിൻ്റെ തനത് വരുമാനത്തെ വർദ്ധിപ്പിക്കാൻ ഇവ വലിയ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വൈദ്യുതി പ്രതിസന്ധി മൂലം പൂർണ്ണമായി നിശ്ചലമാകാൻ സാധ്യതയുണ്ട്.

രു മന്ത്രിസഭ മാറുന്നതോടെ ഒരു സംസ്ഥാനത്തിൻ്റെ ഭരണം എങ്ങനെയാണ് താറുമാറാകുന്നത് എന്നതിൻ്റെ ഏറ്റവും വലിയ തെളിവായി മാറുകയാണ് കേരളത്തിൻ്റെ വൈദ്യുതി വകുപ്പ്. എൽ ഡി എഫ് മാറി യുഡിഎഫ് വന്നതോടെ നാട് ഇരുട്ടിലായിരിക്കുന്നു. മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കെഎസ്ഇബി ഒപ്പിട്ട ഒരു വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയത് കൊണ്ടാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയെന്നാണ് വൈദ്യുതി മന്ത്രിയുടെയും സർക്കാറിൻ്റെയും മറുപടികൾ. ഇതിൽ വലിയ ഒരു തമാശയുണ്ട്. സ്വന്തം മൂട്ടിലേക്ക് തന്നെ ഉണ്ട തറക്കുന്ന സെൽഫ് ഫയറിങ്ങാണ് മന്ത്രി നടത്തിയിരിക്കുന്നത്.

എങ്കിൽ പിന്നെ ഇത്ര നാളും എന്തുകൊണ്ട് ഈ പ്രശ്നമുണ്ടായില്ല എന്നും മുൻ എൽഡിഎഫ് സർക്കാരിന് ഈ പ്രശ്നത്തെ എങ്ങനെ വഷളാകാതെ മാനേജ് ചെയ്ത് കൊണ്ട് പോകാൻ പറ്റിയെന്നും, കേൾക്കുന്നവർക്ക് സംശയമുണ്ടാകുന്ന ഒരു മറുപടിയാണ് മന്ത്രി പറയുന്നത്. മാത്രമല്ല, ഈ പറയപ്പെടുന്ന കരാർ നിലവിൽ വന്നിട്ടും പവർകട്ടോ ലോഡ് ഷെഡ്ഡിംഗോ ഒഴിവാക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.

ഇനി എന്താണ് ഈ പറയുന്ന കരാർ? ആരാണ് അത് റദ്ദാക്കിയത്? എന്തിനാണ് റദ്ദാക്കിയത്? അതും കൂടി പരിശോധിക്കാം.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്താണ് 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭ്യമാക്കാൻ കരാർ ഒപ്പിട്ടത്. ഈ കരാർ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നതായിരുന്നു എന്നാണ് യുഡിഎഫിൻ്റെ വാദം.

വൈദ്യുത മന്ത്രി സണ്ണി ജോസഫ്

അനേകം കാരണങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് ഈ കരാറിന് എതിരായിരുന്നു. എന്നിട്ടും കരാർ ഒപ്പിട്ടു. പക്ഷേ തുടർന്ന് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ നിലവിലുള്ള കരാറിനെ ഏകപക്ഷീയമായി റദ്ദാക്കായില്ല. പകരം ഒരു സംവിധാനം ഉണ്ടാക്കാതെ കരാർ റദ്ദാക്കിയാൽ സംസ്ഥാനത്തിൻ്റെ വൈദ്യുതാവശ്യങ്ങൾക്ക് തടസമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് എൽഡിഎഫ് സർക്കാർ ഇതിൽ തൊടാഞ്ഞത്. എന്നാൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി വാങ്ങാതെയായിരുന്നു യുഡിഎഫ് സർക്കാർ ഈ കരാർ ഒപ്പിട്ടിരുന്നത്. അതൊരു വീഴ്ചയും നിയമപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതുമായിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി കരാർ റദ്ദ് ചെയ്യാനുള്ള തീരുമാനമെടുക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്.

കരാർ റദ്ദായതോടെ സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധിയാണുണ്ടായത്. ഈ പ്രതിസന്ധി പരിഹരിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ വലിയ ശ്രമം നടത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കരാർ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളായിരുന്നു. കരാർ റദ്ദാക്കിയ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് കാണിച്ച് സർക്കാർ റെഗുലേറ്ററി കമ്മീഷനെ സമീപിക്കുകയും കരാർ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിൻ്റെ ഇടപെടലിനെത്തുടർന്ന് കരാർ പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മീഷൻ ഉപാധികളോടെ അനുമതി നൽകിയെങ്കിലും അപ്പോഴേക്കും വൈദ്യുതി നിരക്കിൽ വലിയ വർദ്ധനവുണ്ടായതിനാൽ കമ്പനികൾ കരാറിൽ നിന്ന് പിന്മാറി. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കാതെ കരാറുണ്ടാക്കിയ യുഡിഎഫ് ഗവൺമെൻ്റ് തന്നെയാണ് സത്യത്തിൽ ആ കരാറിനെ തകർത്തത്.

പിണറായി വിജയൻ

​കരാർ റദ്ദാക്കപ്പെട്ടതോടെ ഇനിയെന്ത് എന്നൊരു ചോദ്യം എൽഡിഎഫ് മന്ത്രിസഭയ്ക്ക് മുന്നിലുണ്ടായി. നാട് ഇരുട്ടിലാകാതിരിക്കാൻ വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമുണ്ടായി. ആ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് പരിഹാരമുണ്ടാക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ കാണിച്ച ഇച്ഛാശക്തിയാണ് പവർകട്ടും ലോഡ് ഷെഡിംഗുമില്ലാത്ത പത്ത് വർഷങ്ങൾ കേരളത്തിൽ സാധ്യമാക്കിയത്. ഓരോ വർഷവും കേരളത്തിൻ്റെ വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഭാവിയെ മുൻ കൂട്ടി കണ്ട് അനേകം പദ്ധതികളാണ് എൽ ഡി എഫ് സർക്കാർ അന്ന് സജ്ജമാക്കിയത്. വിവിധ പദ്ധതികളിലൂടെ ​2092 മെഗാവാട്ട് അധിക ഉൽപ്പാദന ശേഷി കൈവരിച്ചും പതിനായിരം കോടി രൂപയുടെ ട്രാൻസ്‌ഗ്രിഡ് പദ്ധതി, എടമൺ-കൊച്ചി പവർ ഹൈവേ തുടങ്ങിയ വൻ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തിയും വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഉപഭോഗത്തെ ഭരണ വൈദഗ്ധ്യം കൊണ്ട് പരിഹരിച്ചുമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട് പോയത്. ഈ വൈദഗ്ധ്യം തുടർന്ന് കൊണ്ട് പോകാൻ യുഡിഎഫ് സംവിധാനത്തിന് കഴിയാത്തതാണ് നിലവിലെ വൈദ്യുത പ്രതിസന്ധിയുടെ കാരണം. ഇത് മറച്ച് വെക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമാണ് റദ്ദായ ഒരു പഴയ കരാറിൻ്റെ കഥ പറഞ്ഞും അതിൻ്റെ ഉത്തരവാദിത്വം എൽഡിഎഫിൻ്റെ ചുമലിലിട്ടും മന്ത്രി ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ജൂൺ ജൂലൈ മാസങ്ങളിൽ സംസ്ഥാനത്തിൻ്റെ അവസ്ഥ ഇതാണെങ്കിൽ ഭയാനകമായ ഒരു വേനൽക്കാലമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന കാര്യമുറപ്പാണ്. മഴ സുലഭമായ ഈ കാലങ്ങളിൽ തന്നെ കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞിരിക്കുന്നു എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. മുന്നോട്ട് പോകുന്തോറും ഈ സർക്കാരിന് എങ്ങനെ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യാൻ സാധിക്കും? വലിയൊരു ചോദ്യമാണ് നമുക്ക് മുന്നിലുള്ളത്. യഥാർത്ഥത്തിൽ ഇത് വൈദ്യുതി വകുപ്പിൻ്റെ മാത്രം പ്രതിസന്ധിയല്ല. കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സംസ്ഥാനത്തിൻ്റെ എല്ലാ മേഖലകളും വൻ കുതിപ്പാണ് കേരളം നടത്തിയത്. ഒന്നാം സർക്കാരിനോട് മത്സരിച്ചെന്ന പോലെ എൽ ഡി എഫിൻ്റെ തന്നെ രണ്ടാം സർക്കാർ കാര്യങ്ങളെ ഏറെ മുന്നോട്ട് കൊണ്ട് പോയിരുന്നു. പല മേഖലകളിലും രാജ്യത്തെ ഒന്നാം സ്ഥാനം കേരളം നേടുകയും ചെയ്തിട്ടുണ്ടായിരുന്നു. അതൊക്കെ ഒരു മിനിമം ലെവലിൽ തുടർന്ന് പോകണമെങ്കിൽ പോകും വലിയ ഭരണ മികവ് പ്രകടിപ്പിച്ചേ മതിയാകൂ.

മുഖ്യമന്ത്രി വിഡി സതീശൻ

കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടത് പോലെയുള്ള ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന് അത് സാധ്യമാക്കാൻ പറ്റുന്നില്ല എന്നതാണ് സംസ്ഥാനത്തിൻ്റെ പ്രതിസന്ധികളുടെ യഥാർത്ഥ കാരണം. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രചാരണ തന്ത്രങ്ങളൊരുക്കി യുഡിഎഫിനെ കോട്ട കെട്ടി സംരക്ഷിച്ച കോർപറേറ്റ് പ്രചാരണ വിദഗ്ധരൊക്കെ പ്രതിഫലവും വാങ്ങി സംസ്ഥാനത്ത് നിന്ന് വണ്ടി വിട്ട് കഴിഞ്ഞു. മൂന്നരക്കോടി ജനങ്ങളുള്ള ഒരു സംസ്ഥാനത്തിൻ്റെ ഭരണമെന്ന നടുക്കടലിലാണ് യുഡിഎഫ് ഇപ്പോഴുള്ളത്. ഓരോ വകുപ്പുകളും മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട് ചക്രശ്വാസം വലിച്ച് തുടങ്ങിയിരിക്കുന്നു. പെൻഷനുകൾ മുടങ്ങിയിരിക്കുന്നു. ശമ്പളം മുടങ്ങാൻ തുടങ്ങിയിരിക്കുന്നു. ക്ഷേമ പദ്ധതികൾ അവതാളത്തിലായിരിക്കുന്നു. വികസന പദ്ധതികൾക്ക് പണമില്ലാതെ നിർത്തി വെക്കേണ്ടി വരുന്ന ഗതികേടിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

കേന്ദ്രത്തിന് മുന്നിൽ സാഷ്ടാംഗം കീഴടങ്ങി പരമാവധി ഫണ്ട് ലഭ്യമാക്കുക എന്ന ഒരേയൊരു എളുപ്പവഴി മാത്രമാണ് നിലവിലെ മുഖ്യമന്ത്രി കാണുന്നതെന്നാണ് അദ്ദേഹത്തിൻ്റെ നടപടികൾ വ്യക്തമാക്കുന്നത്. കേന്ദ്രത്തിൻ്റെ അന്യായമായ തിട്ടൂരങ്ങൾക്ക് മുന്നിൽ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം നടത്തിക്കൊണ്ടാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ വികസന പാതയിൽ സംസ്ഥാനത്തെ നയിച്ചത്. ഒരു രൂപയുടെ പോലും പെൻഷൻ കുടിശിഖകയില്ലാതെയും മറ്റ് ബാധ്യതകളില്ലാതെയും ആറായിരം കോടി രൂപ ഖജനാവിൽ ബാക്കി വെച്ച് കൊണ്ടാണ് കഴിഞ്ഞ സർക്കാർ പടിയിറങ്ങിയത്.

കേന്ദ്രത്തിന് മുന്നിൽ സാഷ്ടാംഗം കീഴടങ്ങി ഫണ്ട് ലഭ്യമാക്കുക എന്ന എളുപ്പവഴി മാത്രമാണ് മുഖ്യമന്ത്രി കാണുന്നത്

വിവിധ മേഖലകളെ ശാക്തീകരിച്ചും ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിച്ച് നികുതി വരുമാനം ലഭ്യമാക്കിയും തനത് വരുമാന സ്രോതസ്സുകളെ ശാക്തീകരിച്ചുമാണ് എൽ ഡി എഫ് സർക്കാർ സാമ്പത്തികമായി പിടിച്ച് നിന്നത്. വലിയ ആസൂത്രണവും അധ്വാനവുമാണ് അന്ന് സർക്കാർ കാണിച്ചത്. അതിനുള്ള ത്രാണിയോ പ്രാപ്തിയോ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിനുണ്ടാകില്ല എന്നത് വ്യക്തമാണ്. അതൊക്കെ മനസിലാക്കിയാകണം കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് മുന്നിൽ ഒരു നല്ല കുട്ടിയാകാൻ കേരളത്തിൻ്റെ മുഖ്യമന്ത്രി ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

വൈദ്യുതി വിഷയത്തിലേക്ക് തന്നെ വീണ്ടും വരാം. നിലവിലെ വൈദ്യുതി പ്രതിസന്ധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന് സമ്മാനിക്കാൻ പോകുന്നത്. വൈദ്യുതിയുടെ ലഭ്യതക്കുറവും ഉയർന്ന നിരക്കും കേരളത്തിലെ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വലിയ നിലയിൽ ചെറുകിട വ്യവസായങ്ങൾ കേരളത്തിൽ ആരംഭിച്ചിരുന്നു. കേരളത്തിൻ്റെ തനത് വരുമാനത്തെ വർദ്ധിപ്പിക്കാൻ ഇവ വലിയ സംഭാവനകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം ചെറുകിട-ഇടത്തരം വ്യവസായങ്ങൾ വൈദ്യുതി പ്രതിസന്ധി മൂലം പൂർണ്ണമായി നിശ്ചലമാകാൻ സാധ്യതയുണ്ട്.

വൈദ്യുതിയുടെ ലഭ്യതക്കുറവ് കേരളത്തിലെ വ്യവസായ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്

ഇത് തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും നിക്ഷേപകരെ കേരളത്തിൽ നിന്ന് അകറ്റുകയും ചെയ്യും. വൈദ്യുതി ഉപഭോഗം വർദ്ധിക്കുമെന്ന് വ്യക്തമായിരുന്നിട്ടും, അതിനനുസരിച്ചുള്ള കരുതലുകൾ എടുക്കാൻ സർക്കാർ തയ്യാറായില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂല കാരണം. അല്പം വൈദ്യുതി താത്കാലികമായി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിസന്ധി വരുമ്പോഴും യഥാർത്ഥമായ പ്രശ്നങ്ങൾ മനസിലാക്കാതെയും ശാശ്വതമായ പരിഹാരങ്ങൾ കാണാതെയും താൽക്കാലികമായ പരിഹാരങ്ങൾക്ക് ശ്രമിക്കുന്നത് പനിക്ക് പാരസെറ്റാമോൾ ചികിത്സ നൽകുന്നത് പോലെ മാത്രമാണ്.

ഇപ്പോഴത്തെ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ, കേരളം കടുത്ത ഊർജ്ജ ക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. ഭരണകൂടത്തിൻ്റെ ഇച്ഛാശക്തിയില്ലായ്മ ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുക മാത്രമേയുള്ളൂ. ഭരണകൂടം തങ്ങളുടെ പിടിപ്പുകേട് പ്രതിപക്ഷത്തിൻ്റെ തലയിൽ കെട്ടിവെക്കുന്നതിന് പകരം ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്. വൈദ്യുതി എന്നത് കേവലമൊരു സൗകര്യമല്ല, മറിച്ച് സംസ്ഥാനത്തിൻ്റെ വികസനത്തിൻ്റെ അടിസ്ഥാനശിലയാണ്. അത് തകരാൻ അനുവദിക്കുന്നത് വലിയ സാമൂഹിക വിപത്തായിരിക്കും.

എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *