വിരുദ്ധാശയങ്ങളുടെ സംഘർഷം പേറുന്ന ഇന്ത്യ

ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറും ഇന്ത്യയെ ഒരു ഉദ്ദേശ്യപൂർവ്വമായ കൂട്ടായ്മയായി കണ്ടപ്പോൾ, സവർക്കറും ഗോൾവാൾക്കറും അതിനെ ഒരു വംശീയ സ്വത്വമായി ചുരുക്കിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും ഇന്ത്യയിൽ തുടരുന്ന സാംസ്കാരിക, രാഷ്ട്രീയ സംഘർഷങ്ങളുടെ വേരുകൾ ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഈ വൈരുധ്യത്തിലാണ് കിടക്കുന്നത്. മിത്തുകളെയും ചരിത്രത്തെയും സമർത്ഥമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഹിന്ദുത്വ ദേശീയതയുടെ കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും മേൽ ഏൽപിച്ച് കൊണ്ടിരിക്കുന്ന എല്ലാ പരിക്കുകളുടെയും സൈദ്ധാന്തിക കാരണക്കാർ സവർക്കറും ഗോൾവാൾക്കറും തന്നെയാണ്.

ന്ത്യൻ സ്വാതന്ത്ര്യ സമരം വിദേശാധിപത്യത്തിൽ നിന്നുള്ള മോചനത്തിനായി നടത്തിയ വെറുമൊരു പോരാട്ടം മാത്രമായിരുന്നില്ല. ഇന്ത്യ എന്ന രാജ്യം എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നുമുള്ള വിരുദ്ധ കാഴ്ചപ്പാടുകളുടെ സംഘർഷം കൂടിയായിരുന്നു അത്. സ്വാതന്ത്ര്യ ലബ്ധിയോടടുക്കും തോറും ഈ സംഘർഷം മൂർച്ഛിച്ച് കൊണ്ടിരുന്നു. ഈ സംഘർഷങ്ങൾ പല ദേശീയ നേതാക്കളിലും ദിശാപരമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ആധുനിക ലോക ക്രമത്തിൻ്റെ മൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും ഉൾക്കൊണ്ട് മുന്നോട്ട് പോകണമോ അതോ പാരമ്പര്യം, പൗരാണികം എന്നൊക്കെ വിളിക്കുന്ന ഒരു ഭൂതകാലത്തിലേക്ക് പിന്നോട്ട് പോകണമോ എന്നതായിരുന്നു രാജ്യത്തിന് മുന്നിലുള്ള പ്രതിസന്ധി. ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയവർ ഒരുവശത്ത് മതേതരവും ജനാധിപത്യപരവുമായ ബഹുസ്വരതയെ ഉയർത്തിപ്പിടിച്ചപ്പോൾ മറുവശത്ത് സാംസ്കാരികവും വംശീയവുമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുത്വ ദേശീയതയെന്ന മറ്റൊരു ബദലാണ് മുന്നോട്ടു വെക്കപ്പെട്ടത്. ഒന്ന് മുന്നോട്ട് പോകുവാനും മറ്റൊന്ന് ഭൂതകാലത്തേക്ക് മടങ്ങിപ്പോകുവാനും ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചത്. ഇന്ത്യയുടെ ദേശീയ സങ്കല്പങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ബഹുതല സ്പർശിയായ എല്ലാ വൈരുദ്ധ്യങ്ങളും ഈ രണ്ട് അടിത്തറകളെ ആശ്രയിച്ചാണ് ഇന്നും നിലനിൽക്കുന്നത്.

ഗാന്ധി, നെഹ്റു, അംബേദ്കർ

ഇന്ത്യ എന്ന ആധുനിക ദേശരാഷ്ട്ര സങ്കൽപം രൂപപ്പെടുന്നതിൽ ദാർശനികമായും പ്രായോഗികമായും പങ്ക് വഹിച്ചവരുടെ പട്ടിക മൂന്നാക്കി ചുരുക്കിയാൽ അത് ഗാന്ധിയും നെഹ്റുവും അംബേദ്കറുമാണ്. അവരാണ് ​ആധുനിക ഇന്ത്യൻ ദേശീയതയുടെ ശില്പികൾ. കാഴ്ചപ്പാടുകളിൽ ഭിന്നരരായിരുന്നെങ്കിലും ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ സ്വീകരിക്കേണ്ട ദിശയെ സംബന്ധിച്ച് അവർ ഏകാഭിപ്രായക്കാരായിരുന്നു.

ഗാന്ധി, നെഹ്റു, അംബേദ്കർ

ജനാധിപത്യപരവും മതേതരവും ആധുനികവുമായ ഒരു പൊതുസമൂഹമെന്ന ലക്ഷ്യത്തിൽ അവർ യോജിച്ചു. ഗാന്ധിയുടെ ദേശീയത അഹിംസയിലും സർവ്വധർമ്മ സമഭാവനയിലും ഊന്നിയതായിരുന്നു. കേവലം രാഷ്ട്രീയ സ്വാതന്ത്ര്യമായിരുന്നില്ല അദ്ദേഹത്തിൻ്റെ ലക്ഷ്യം. സ്വരാജ് എന്നാണ് അദ്ദേഹം സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യൻ്റെ ഉന്നമനവും മതസൗഹാർദ്ദവുമായിരുന്നു സ്വരാജ് കൊണ്ട് അദ്ദേഹം ലക്ഷ്യം വെച്ചത്. ഗ്രാമസ്വരാജിലൂടെ അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ബഹുസ്വരമായ ഒരു കൂട്ടായ്മയായിരുന്നു.

ഗാന്ധിജിയുടെ ദേശീയത മതനിരപേക്ഷമായിരുന്നെങ്കിലും അത് മതപരമായ മൂല്യങ്ങളിൽ വിശ്വസിക്കുന്നത് കൂടിയായിരുന്നു. ഗ്രാമസ്വരാജിലും അഹിംസയിലും വിശ്വസിച്ച ഗാന്ധിജി ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് കരുതി. ജാതിയോ മതമോ സാംസ്കാരികമായ സവിശേഷതകളോ പരിഗണിക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും തുല്യാവകാശങ്ങൾ നൽകുന്നതുമായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ. ഹിന്ദുവും ഹിന്ദുത്വയും തമ്മിലുള്ള ദാർശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങൾ ഗാന്ധി സ്വന്തം ജീവിതം കൊണ്ട് ഇന്ത്യൻ ജനതക്ക് ബോധ്യമാക്കിക്കൊടുത്തു.

ഹിന്ദുത്വ എന്നത് മതത്തെ രാഷ്ട്രീയ ആയുധമാക്കുമ്പോൾ അതിനെ അതിശക്തമായി നിരാകരിക്കുകയും മതത്തെ സഹിഷ്ണുതയുടെയും സ്നേഹത്തിൻ്റെയും ഉപകരണമായി ഉയർത്തിപ്പിടിക്കുകയുമാണ് ഗാന്ധി ചെയ്തത്. ഗാന്ധിജിയുടെ രാമരാജ്യമെന്നത് എല്ലാ മതസ്ഥർക്കും ഒരേപോലെ ജീവിക്കാൻ കഴിയുന്ന ഒരിടമായിരുന്നു. അല്ലാതെ ഒരു ഹിന്ദു ദൈവത്തിൻ്റെയോ ഹിന്ദുക്കൾക്ക് മാത്രമുള്ളതോ ആയിരുന്നില്ല ആ രാജ്യ സങ്കല്പം. ഒരു വശത്ത് രാമരാജ്യം സ്വപ്നം കണ്ട ഗാന്ധി മറ്റൊരിടത്ത് ഖലീഫ ഉമറിൻ്റെ ഭരണമാണ് തൻ്റെ സങ്കല്പമെന്ന് എഴുതുകയും ചെയ്തു. ഇത് വൈരുദ്ധ്യമല്ല. മറിച്ച് പുരാണത്തിലും ചരിത്രത്തിലും അദ്ദേഹം വായിച്ച നീതിയുക്തമായ ഭരണങ്ങളെ സങ്കല്പവൽക്കരിച്ച രണ്ട് പ്രയോഗങ്ങൾ മാത്രമായിരുന്നു അത്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി കരുതി

ജീവിതത്തിലും ദർശനത്തിലും പുലർത്തിയ ആധുനികതയാണ് നെഹ്റുവിൻ്റെ ദേശ സങ്കല്പങ്ങളിലും പ്രതിഫലിച്ചത്. ശാസ്ത്രീയ വീക്ഷണവും മതേതരത്വവുമായിരുന്നു നെഹ്‌റുവിൻ്റെ ദേശീയ സങ്കല്പത്തിൻ്റെ ആധാരശിലകൾ. മതത്തെ രാഷ്ട്രീയാധികാരത്തിൽ നിന്ന് വേർതിരിച്ചു കാണാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യ ഒരു ആധുനിക, വ്യാവസായിക, ജനാധിപത്യ രാഷ്ട്രമായി മാറണമെന്നും പുരാതനമായ സാംസ്കാരിക തുടർച്ചകളെ ആധുനികതയുടെ വെളിച്ചത്തിൽ പുനർനിർമ്മിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. നെഹ്റുവിൻ്റെ ദേശീയത യുക്തിയിലും ശാസ്ത്രീയ മനോഭാവത്തിലും അധിഷ്ഠിതമായിരുന്നു.

മതം രാഷ്ട്രീയത്തിൽ ഇടപെടുന്നത് അപകടകരമാണെന്ന് വിശ്വസിച്ച അദ്ദേഹം ഒരു സോഷ്യലിസ്റ്റ് ഇന്ത്യയെയാണ് സ്വപ്നം കണ്ടത്. ബഹുസ്വരതയെ മുന്നിൽ വെച്ചുകൊണ്ടുള്ള ഒരു മതേതര ദേശീയതയിലായിരുന്നു നെഹ്റു ഇന്ത്യയെന്ന രാജ്യത്തിൻ്റെ കരുത്തും നിലനിൽപും കണ്ടത്. അന്ധവിശ്വാസങ്ങളിൽ നിന്നും വർഗീയതയിൽ നിന്നും മുക്തമായ ഒരു ഭാരതമായിരുന്നു നെഹ്റുവിൻ്റെ ലക്ഷ്യം. ഹിന്ദുത്വ ഉയർത്തുന്ന ഒരേ രാജ്യം, ഒരേ സംസ്കാരം, ഒരേ ഭാഷ എന്ന മുദ്രാവാക്യത്തിൻ്റ അപകടത്തെ പറ്റി അദ്ദേഹം ജനതയെ ബോധവത്കരിച്ചു. ബഹുസ്വരവും മതേതരവുമായ സങ്കല്പങ്ങളെ മുന്നിൽ വെച്ചാണ് നെഹ്റു ഹിന്ദുത്വയുടെ ദേശീയതാ സങ്കല്പങ്ങളെ നേരിട്ടത്. ഇന്ത്യയെന്നാൽ പല സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംഗമ സ്ഥാനമാണെന്നും അതിനെ ഒരൊറ്റ ചട്ടക്കൂട്ടിലേക്ക് ഒതുക്കാൻ കഴിയില്ലെന്നും നെഹ്റു ഇന്ത്യൻ ജനതയെ നിരന്തരമായി ഉദ്ബോധനം നടത്താൻ ശ്രമിച്ച് കൊണ്ടിരുന്നു.

ഒരു സോഷ്യലിസ്റ്റ് ഇന്ത്യയെയാണ് നെഹ്റു സ്വപ്നം കണ്ടത്

അംബേദ്‌കർ ദേശീയതയെ കണ്ടത് സാമൂഹിക നീതിയുടെ കണ്ണിലൂടെയാണ്. ജീവിത യാഥാർത്ഥ്യങ്ങളിലൂടെയും സാമൂഹിക അനുഭവങ്ങളിലൂടെയും രൂപപ്പെട്ട ചിന്തയെയും ബോധങ്ങളെയും മുൻ നിർത്തിയാണ് അദ്ദേഹം ദേശ സങ്കല്പത്തെ രൂപപ്പെടുത്തിയത്. ജാതിയെന്ന സാമൂഹിക യാഥാർഥ്യം മനുഷ്യരെ തമ്മിൽ വിഭജിക്കുന്ന മതിലുകളാണെന്നും ജാതി സങ്കല്പങ്ങളെ നിരാകരിക്കാത്ത ദേശീയത മനുഷ്യത്വ വിരുദ്ധമാണെന്നും അദ്ദേഹം വിശ്വസിച്ചു.

ജാതിവ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ഒരു യഥാർത്ഥ രാഷ്ട്രം അസാധ്യമാണെന്ന് അദ്ദേഹം വാദിച്ചു. തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും യാഥാർഥ്യമാക്കുന്ന ഭരണഘടനയിലൂടെ മാത്രമേ ഇന്ത്യയെന്ന രാഷ്ട്രത്തിന് നിലനിൽപ്പുള്ളൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സാമൂഹിക നീതിക്കും സമത്വത്തിനും മുൻഗണന നൽകിയ അംബേദ്കർ വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടനയേയും അടിസ്ഥാനമാക്കിയുള്ള ഒരു ദേശീയതയെയാണ് മുന്നോട്ട് വെച്ചത്. ജാതിയില്ലാത്ത, തുല്യതയുള്ള ഒരു സമൂഹ സൃഷ്ടിയായിരുന്നു അദ്ദേഹത്തിന്റെ ദേശീയതാ സങ്കല്പത്തിൻ്റെ കാതൽ.

അംബേദ്കർ

ഹിന്ദുത്വയുടെ അടിസ്ഥാനപരമായ സാമൂഹിക ശ്രേണീബദ്ധതയെ അംബേദ്കർ നിശിതമായി ചോദ്യം ചെയ്തു. ജാതിവ്യവസ്ഥയെ നിലനിർത്തുന്ന ഏതൊരു ദേശീയ സങ്കല്പവും ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ഹിന്ദുത്വ ഉയർത്തുന്ന സവർണ്ണാധിപത്യപരമായ ദേശീയതയ്ക്കെതിരെ, ഭരണഘടനാപരമായ അവകാശങ്ങളിലൂടെ ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദമാണ് അദ്ദേഹം ഉയർത്തിയത്.

സവർക്കറും ഗോൾവാൾക്കറും

ഇന്ത്യൻ ദേശീയതയെ മതാത്മകവും വംശീയവുമാക്കി പുനരവതരിപ്പിക്കാനും ഗാന്ധിയും നെഹ്റുവും അംബേദ്കറും മുന്നോട്ട് വെച്ച രാഷ്ട്ര മൂല്യങ്ങൾക്ക് നേർ വിരുദ്ധമായ ഒരു ദേശീയത സങ്കല്പത്തെ വളർത്തിയെടുക്കാനുമായി പണിയെടുത്ത രണ്ട് സൈദ്ധാന്തികരായാണ് വിനായക ദാമോദർദാസ് സവർക്കറെയും മാധവ് സദാശിവ ഗോൾവാൾക്കറെയും ആധുനിക ചരിത്രം രേഖപ്പെടുത്തുന്നത്. സാംസ്കാരിക ദേശീയതയുടെ വേരുകൾ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ആഴ്ത്തിയിറക്കപ്പെട്ടത് വി ഡി സവർക്കാരുടെയും ഗുരുജി ഗോൾവാൾക്കറുടെയും സൈദ്ധാന്തിക വ്യാഖ്യാനങ്ങളിലൂടെയാണ്. രാഷ്ട്രീയ യാഥാർത്ഥ്യങ്ങളേക്കാൾ സൈദ്ധാന്തിക കാല്പനികതകളെയാണ് ദേശീയതയെന്ന മേൽവിലാസത്തോടെ ഇവർ പ്രസരിപ്പിച്ചത്.

എംഎസ് ഗോൾവാൾക്കർ

മതേതര കാഴ്ചപ്പാടുകൾക്ക് ബദലായി, മാനവികതയേക്കാൾ ഉപരിയായി സംസ്കാരത്തെയും ബഹുസ്വരതയെക്കാൾ വംശത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ദേശീയ സങ്കല്പം ഇവർ വികസിപ്പിച്ചു. ആരാണ് ഹിന്ദു എന്ന ഗ്രന്ഥത്തിലൂടെ സവർക്കർ ദേശീയതയെ പുനർനിർവചിച്ചു. അത് വരെ നില നിന്ന ദേശീയത ബോധങ്ങളെ മുഴുവൻ പരിക്കേൽപിക്കുന്നതും ഒരു ജനത എന്ന വിശ്വാസത്തിൽ ഒന്നിച്ച് നിന്ന ജനങ്ങളെ വിഭജിക്കുന്നതുമായിരുന്നു സവർക്കറുടെ സിദ്ധാന്തങ്ങൾ. ഇന്ത്യയെ പിതൃഭൂമി എന്നും പുണ്യഭൂമി എന്നും ഒരേസമയം കാണുന്നവർക്ക് മാത്രമേ ഈ രാജ്യത്ത് പൗരന്മാരാകാൻ അർഹതയുള്ളൂവെന്ന് അദ്ദേഹം വാദിച്ചു.

ഇത് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയുമടക്കമുള്ള അനേകരെ ദേശീയതയിൽ നിന്ന് പുറത്താക്കുന്ന ഒരു സിദ്ധാന്തമായിയിരുന്നു. മുസ്ലീം ലീഗ് പാക്കിസ്ഥാൻ വാദം ഉയർത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ട് വ്യത്യസ്ത ജനതകളാണെന്ന് സവർക്കർ വാദിച്ചിരുന്നു. 1937ലെ അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ അദ്ദേഹം ഇത് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. മതത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കണം എന്ന ആശയത്തിന് ഇത് ബൗദ്ധികമായ പിന്തുണ നൽകി. മതം, ഭാഷ, സംസ്കാരം എന്നിവയിൽ വൈവിധ്യം പുലർത്തുന്ന ഒരു വലിയ സമൂഹത്തെ ഒരേ മതപരമായ ചട്ടക്കൂട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിലൂടെ പുതുതായി രൂപപ്പെട്ട ഇന്ത്യ എന്ന ദേശ രാഷ്ട്രത്തിൻ്റെ ഭാവിയിലേക്ക് എക്കാലത്തേക്കുമായി ചിന്ദ്രതയുടെ കനൽ വാരിയിടുകയാണ് യഥാർത്ഥത്തിൽ സവർക്കർ ചെയ്തത്.

വിഡി സവർക്കർ

​സവർക്കറുടെ ആശയങ്ങളെ കൂടുതൽ തീവ്രമാക്കിയതും അതിന് പ്രായോഗിക വഴികൾ നിശ്ചയിച്ചതും ഗോൾവാൾക്കറായിരുന്നു. വിചാരധാര എന്ന ഗ്രന്ഥത്തിലൂടെ സാംസ്കാരിക ദേശീയതയെ അദ്ദേഹം വംശീയ മേധാവിത്വവുമായി കൂട്ടിയിണക്കി. ജർമ്മനിയിലെ നാസി മാതൃകകളെയാണ് ദേശീയത സങ്കല്പങ്ങൾക്കായി ഗോൾവാൾക്കർ അവലംബിച്ചത്. അവയെ പരോക്ഷമായി പ്രകീർത്തിച്ചുകൊണ്ട് ഭൂരിപക്ഷ സംസ്കാരത്തെ രാഷ്ട്രത്തിൻ്റെ ഏക സ്വത്വമായി അദ്ദേഹം അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ സംസ്കാരത്തിന് കീഴ്‌പ്പെട്ട് ജീവിക്കണമെന്നും, അല്ലെങ്കിൽ പൗരത്വം ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഒരു രാഷ്ട്രം രൂപപ്പെടാൻ അഞ്ച് ഘടകങ്ങൾ അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ഭൂമിശാസ്ത്രം, വംശം, മതം, സംസ്കാരം, ഭാഷ എന്നീ അഞ്ച് ഘടകങ്ങളും ഒരുമിച്ച് ചേരുന്നിടത്ത് മാത്രമേ യഥാർത്ഥ രാഷ്ട്രം ജനിക്കുന്നുള്ളൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. ഭൂരിപക്ഷ മതത്തെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചുള്ള ഈ നിർവചനമാണ് മതനിരപേക്ഷമായ ഇന്ത്യയിൽ മറ്റു വിഭാഗങ്ങളെ പുറത്തുള്ളവർ എന്നൊരു കള്ളിയിലേക്ക് മാറ്റാനുള്ള മാനദണ്ഡത്തെ ആദ്യമായി സൃഷ്ടിച്ചത്. ആധുനിക ലോക ക്രമം ഒരു രാഷ്ട്രത്തെ വ്യാഖ്യാനിക്കുന്നതിൻ്റെ നേർ വിരുദ്ധമായ ദിശയിലായിരുന്നു ഈ വ്യാഖ്യാനം. ഒപ്പം, മനുഷ്യരെ വിഭജിക്കുകയും ശത്രുക്കളാക്കുകയും ചെയ്യുന്ന അതിരൂക്ഷമായ സൈദ്ധാന്തിക അപകടം കൂടിയായിരുന്നു ഗോൾവാൾക്കറിൻ്റെ ഈ നിരീക്ഷണം.

ഗോൾവാൾക്കറുടെ വിചാരധാര

മതേതരവും മതാത്മകവുമായ ​ഈ രണ്ട് ധാരകൾ തമ്മിലുള്ള നിരന്തരമായ സംവാദമാണ് രാജ്യം ഇന്നും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നം. വീക്ഷണങ്ങളും നിലപാടുകളും കൊണ്ട് ആഭ്യന്തരമായി നവീകരിക്കാനും ആധുനിക ലോകക്രമത്തിൻ്റെ നെറുകയിലേക്ക് ഓടിക്കയറാനുമുള്ള ത്വര ഒരു ഭാഗത്തും, സ്വാതന്ത്ര്യാനന്തരം രാജ്യം ഓടിക്കയറിയ എല്ലാ നേട്ടങ്ങളെയും കീഴ്മേൽ മറിക്കുന്ന നിലയിലുള്ള ചരിത്ര വിരുദ്ധതയും വംശീയമായ വിഭജന ത്വരയും മറുഭാഗത്തുമായി ഈ വടം വലി തുടരുകയാണ്.

ഗാന്ധിയും നെഹ്‌റുവും അംബേദ്‌കറും ഇന്ത്യയെ ഒരു ഉദ്ദേശ്യപൂർവ്വമായ കൂട്ടായ്മയായി കണ്ടപ്പോൾ, സവർക്കറും ഗോൾവാൾക്കറും അതിനെ ഒരു വംശീയ സ്വത്വമായി ചുരുക്കിക്കെട്ടാനാണ് ശ്രമിച്ചത്. ഇന്നും ഇന്ത്യയിൽ തുടരുന്ന സാംസ്കാരിക, രാഷ്ട്രീയ സംഘർഷങ്ങളുടെ വേരുകൾ ഈ രണ്ട് ചിന്താധാരകൾ തമ്മിലുള്ള അടിസ്ഥാനപരമായ ഈ വൈരുധ്യത്തിലാണ് കിടക്കുന്നത്. മിത്തുകളെയും ചരിത്രത്തെയും സമർത്ഥമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഹിന്ദുത്വ ദേശീയതയുടെ കടന്നുകയറ്റം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും മേൽ ഏൽപിച്ച് കൊണ്ടിരിക്കുന്ന എല്ലാ പരിക്കുകളുടെയും സൈദ്ധാന്തിക കാരണക്കാർ സവർക്കറും ഗോൾവാൾക്കറും തന്നെയാണ്.

​വിഭജനവും ദേശീയതാ സങ്കൽപ്പങ്ങളുടെ പരീക്ഷണങ്ങളും

​1947ലെ ഇന്ത്യാ വിഭജനം കേവലമായ ഒരു ഭൂമിശാസ്ത്ര വേർപിരിയലായിരുന്നില്ലെന്നും അത് ഇന്ത്യയുടെ ദേശീയതയെക്കുറിച്ചുള്ള രണ്ട് വിരുദ്ധ ചിന്താധാരകൾ തമ്മിലുള്ള അന്തിമമായ ഏറ്റുമുട്ടലായിരുന്നുവെന്നും നാം മനസിലാക്കി. മതമല്ല ദേശീയതയുടെ അടിസ്ഥാനം എന്ന് വിശ്വസിച്ചവരും, മതമാണ് ദേശീയതയെ നിർണ്ണയിക്കുന്നത് എന്ന് വാദിച്ചവരും തമ്മിലുള്ള സംഘർഷത്തിൻ്റ അനന്തര ഫലം കൂടിയായിരുന്നു യഥാർത്ഥത്തിൽ ഈ വിഭജനം. വിഭജനത്തിലൂടെ ഇന്ത്യ എത്തിച്ചേർന്നത് രക്തരൂഷിതമായ ഒരു വഴിത്തിരിവിലേക്കായിരുന്നു. ​അതിലൊന്ന് മതേതര ദേശീയതക്കേറ്റ തിരിച്ചടിയാണ്. ​ഗാന്ധിജിക്കും നെഹ്‌റുവിനും വിഭജനം ഒരു പരാജയമായിരുന്നു. അവർ സ്വപ്നം കണ്ട മതവൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഏകീകൃത ഇന്ത്യയെന്ന സങ്കല്പത്തിന് വിഭജനം വലിയ ആഘാതമേൽപ്പിച്ചു.

ഇന്ത്യാവിഭജന കാലത്തെ ഒരു ചിത്രം

വിഭജനത്തിന് ശേഷവും ഇന്ത്യയെ ഒരു മതേതര രാഷ്ട്രമായി നിലനിർത്താൻ നെഹ്‌റു പാടുപെട്ടപ്പോൾ, ഗാന്ധിജി തൻ്റെ അവസാന നിമിഷങ്ങൾ വരെ മതസൗഹാർദ്ദത്തിനായി ജീവൻ നൽകി നിലകൊണ്ടു. സവർക്കറേയും ഗോൾവാൾക്കറേയും സംബന്ധിച്ചേടത്തോളം ഇന്ത്യ വിഭജനം ആശയപരമായി വലിയൊരു വിജയമായിരുന്നു. മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന മുസ്ലീം ലീഗിൻ്റെ വാദം വാസ്തവത്തിൽ സവർക്കറുടെ ഹിന്ദുത്വ സിദ്ധാന്തത്തിന് സാധൂകരണം നൽകുകയായിരുന്നു. മതപരമായ സ്വത്വത്തിൽ ഊന്നിയ ഒരു രാഷ്ട്രം ആവശ്യമാണ് എന്ന ഹിന്ദുത്വവാദികളുടെ വാദത്തിന് വിഭജനം ഒരു തെളിവായി മാറി. മുസ്ലിങ്ങൾക്ക് രാജ്യമായെങ്കിൽ അവശേഷിച്ചത് ഹിന്ദുക്കൾക്ക് നൽകണമെന്നായിരുന്നു പിന്നീട് അവരുടെ വാദം.

വിഭജനത്തിനുശേഷം ഇന്ത്യയിൽ അവശേഷിച്ച മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംബന്ധിച്ചിടത്തോളം, ഗോൾവാൾക്കറുടെ ചിന്തകൾ ഭയാനകമായ ഒരു ഭാവിയാണ് അവരുടെ മുന്നിൽ അവശേഷിപ്പിച്ചത്. ഭൂരിപക്ഷ സംസ്കാരത്തെ രാഷ്ട്രത്തിൻ്റെ ഏക അസ്തിത്വമായി കാണുന്നവർക്ക്, ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ രണ്ടാംതരം പൗരന്മാർ മാത്രമായിരുന്നു. ഹിന്ദു മഹാ സഭയും മുസ്ലിം ലീഗും ഉയർത്തിയ ദ്വിരാഷ്ട്ര സിദ്ധാന്തം മതപരമായ വിദ്വേഷത്തിന് വളംവെച്ചു നൽകിയപ്പോൾ, അതിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം ജനാധിപത്യപരമായ മതേതരത്വം മാത്രമാണെന്ന് ഗാന്ധിയും നെഹ്റുവും മനസിലാക്കി.

അംബേദ്കർ വളരെ വ്യക്തമായൊരു നിലപാടാണ് സ്വീകരിച്ചത്. മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാതിയും മതവും രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായാൽ ജനാധിപത്യം തകരുമെന്ന് അദ്ദേഹം ജനങ്ങളെ ബോധവൽക്കരിച്ചു. ഭരണഘടനയുടെ നിർമ്മാണത്തിലൂടെ മതപരമായ സ്വത്വങ്ങളേക്കാൾ വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും മുൻഗണന നൽകുന്ന ഒരു നവീന ഇന്ത്യയെ രൂപപ്പെടുത്താനായിരുന്നു അദ്ദേഹത്തിൻ്റ എല്ലാ ശ്രമങ്ങളും. ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും സുരക്ഷ രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പ് നൽകുമെന്നാണ് അദ്ദേഹം വിശ്വസിച്ചത്.

​വിഭജനം എന്നത് ഇന്ത്യൻ ദേശീയതയുടെ ചരിത്രത്തിൽ ഒരു മുറിപ്പാടായി ഇന്നും അവശേഷിക്കുകയാണ്. ആ മുറിവിനെ ഉണക്കുന്നതിന് പകരം, അതിനെ വീണ്ടും കീറിമുറിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന പ്രവണതക്കാണ് സമകാലിക ഹിന്ദുത്വ ദേശീയത അതി തീവ്രമായി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ആവിഷ്കരിച്ച ചരിത്ര വിരുദ്ധവും മാനവിക വിരുദ്ധവുമായ ഒരു വംശീയ സിദ്ധാന്തത്തെ ദേശീയത എന്ന പേരിൽ ഇന്നും കൊണ്ട് നടക്കാനും അതിൽ അഭിമാനം കൊള്ളാനും സംഘപരിവാറിന് സാധിക്കുന്നത് ഇന്ത്യ എന്ന ആധുനിക, മതേതര, ജനാധിപത്യ രാജ്യത്തിൻ്റെയും അതിലെ ജനങ്ങളുടെയും കൂട്ടായ പരാജയം തന്നെയാണ്.

രാജ്യം അതിൻ്റെ ചരിത്രത്തിൻ്റെ പല ഘട്ടങ്ങളിലും ചെറുത്ത് തോൽപിച്ച ഒരു വിധ്വംസക പ്രത്യയശാസ്ത്രവും അതിൻ്റെ വികലമായ ദേശീയത സങ്കല്പങ്ങളും വർത്തമാന കാലത്ത് ശക്തിപ്പെടുന്നുവെങ്കിൽ ഇക്കാലത്തെ ജനത എന്ന നിലയിൽ രാജ്യത്ത് ഇന്ന് ജീവിക്കുന്ന ഓരോ മനുഷ്യനും അതിൻ്റെ ഉത്തരവാദിത്വമുണ്ട്. ഗാന്ധിയും നെഹ്‌റുവും അംബേദ്കറും വിഭജനത്തിന് ശേഷം പണിതുയർത്തിയ മതേതര ഇന്ത്യ എന്ന യാഥാർത്ഥ്യത്തെ അപമാനിക്കാനും അപ നിർമിക്കാനുമായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളേക്കാൾ രൂക്ഷമായ മറ്റൊരു പ്രതിസന്ധിയും വർത്തമാന കാല ഇന്ത്യ നേരിടുന്നില്ല എന്നതാണ് ഇന്ന് നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ യാഥാർഥ്യം.

എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *