സങ്കാരിസ്റ്റ് അജണ്ടയുടെ പ്രാഥമിക വശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ സഹേൽ മേഖലയിലെ കർഷകരും ഇടയന്മാരും ഇന്ന് ഇത്ര ആഴത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു. സംഘർഷങ്ങളായി വളർന്ന ചില വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു – പ്രത്യേകിച്ച് ബുർക്കിനാ ഫാസോയുടെ വടക്കൻ ഭാഗങ്ങളിൽ. മാലി, നൈജർ, പിന്നീട് വടക്കൻ നൈജീരിയ, ഘാന എന്നിവയ്ക്ക് ബുർക്കിനാ ഫാസോയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാമായിരുന്നു – ട്രൈക്കോണ്ടിനെൻ്റൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഈ വർഷത്തെ പതിനെട്ടാമത് ന്യൂസ് ലെറ്ററിൻ്റെ സ്വതന്ത്ര പരിഭാഷ
സങ്കാര കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആഫ്രിക്കയുടെ ഗതി എന്താകുമായിരുന്നു ?

1987 ഒക്ടോബർ 15ന് ബുർക്കിനാ ഫാസോയുടെ നേതാവ് തോമസ് സങ്കാരയും അദ്ദേഹത്തിൻ്റെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഈ അക്ഷന്തവ്യമായ ചെയ്തിയുടെ പിന്നിലാരാണെന്നതിനെക്കുറിച്ച് അന്ന് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നതായി എനിക്ക് നല്ല ഓർമ്മയുണ്ട്. സങ്കാരയുടെ നേരെ നോക്കാൻ പോലും ധൈര്യമില്ലാതിരുന്ന കൊലയാളികൾ പിന്നിൽ നിന്നാണദ്ദേഹത്തെ വെടിവെച്ചത്. സങ്കാരയുടെ ശരീരത്തിലേക്ക് തുരുതുരെ വെടിയുതിർത്ത അവർ തുടർന്ന് അദ്ദേഹത്തിനൊപ്പം യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്നവരെയും ലക്ഷ്യം വെച്ചു.

താമസിയാതെ സങ്കാരയുടെ കൂട്ടാളികളിൽ ഒരാളായ ബ്ലൈസ് കൊംപോറെ അട്ടിമറിയെ ന്യായീകരിച്ച് രംഗത്തെത്തി. ഫ്രാൻസുമായും ഫ്രാൻസിൻ്റെ അടുത്ത സഖ്യകക്ഷിയായ ഐവറി കോസ്റ്റുമായും ഉള്ള ബന്ധത്തിനു ഭീഷണിയായി സങ്കാരെ മാറിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം. മുപ്പത്തിയഞ്ച് വർഷങ്ങൾക്കപ്പുറം, ഒരു ജനകീയ കലാപം കൊംപോറെയെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹത്തെ സങ്കാരയുടെ കൊലപാതകത്തിലെ പങ്കാളിത്തത്തിൻ്റെ പേരിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. എങ്കിലും ഫ്രാൻസിൻ്റേത് പോലുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ പങ്കിനെക്കുറിച്ച് അന്വേഷണമൊന്നും നടന്നില്ല. എന്തുകൊണ്ടാണ് സങ്കാര സത്യത്തിൽ കൊല്ലപ്പെട്ടത്?
1982 നവംബറിൽ സായെ സെർബോയെ അട്ടിമറിച്ചതിനുശേഷം അധികാരത്തിൽ വന്ന പ്രസിഡന്റ് ജീൻ-ബാപ്റ്റിസ്റ്റ് ഔഡ്രാഗോയുടെ കീഴിൽ, 1983 ജനുവരിയിൽ, അന്ന് റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി തോമസ് സങ്കാര (1949–1987) നിയമിതനായി. തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താനുള്ള സെർബോയുടെ ശ്രമങ്ങളെത്തുടർന്ന് കമ്യൂണിസ്റ്റ് ഓഫീസേഴ്സ് ഗ്രൂപ്പിൻ്റെ ഭാഗമായിരുന്ന സൈനിക നേതൃത്തിലെ തോമസ് സങ്കാര ഉൾപ്പെട്ട ഒരുകൂട്ടം യുവാക്കൾ ഔഡ്രാഗോവിനെ അധികാരത്തിലെത്താൻ സഹായിക്കുകയായിരുന്നു. തുടർന്ന്, ഔഡ്രാഗോ തൻ്റെ പ്രധാന മന്ത്രിയായി സങ്കാരയെ തെരഞ്ഞെടുത്തു. ഔഡ്രാഗോയും സങ്കാരയും തീർത്തും ലളിതമായ ജീവിതം നയിച്ചു.

എന്തിനു, ജോലിസ്ഥലത്തേക്ക് സൈക്കിളിൽ സഞ്ചരിക്കുന്നയാളായിരുന്നു യുവ പ്രധാനമന്ത്രി. ഈ ബന്ധം ഏറെ നാൾ നീണ്ടില്ല. അധികാര സ്ഥാനങ്ങളിൽ നിന്നും കമ്യൂണിസ്റ്റ് ഓഫീസേർസ് ഗ്രൂപ്പിനെ നീക്കം ചെയ്യണമെന്ന ഫ്രാൻസിൻ്റെ താല്പര്യത്തിനൊപ്പമായിരുന്നു ഔഡ്രാഗോ. അവരുടെ ആധികാരികമായ സാന്നിധ്യത്തിൽ അസ്വസ്ഥമായ ഔഡ്രാഗോ തുടർന്ന് സങ്കാരയെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും മറ്റുള്ളവരെ പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. ഇതിന് മറുപടിയായി, യുവ കൊംപോറെ 1983 ഓഗസ്റ്റ് 4 ന് അട്ടിമറിക്ക് നേതൃത്വം നൽകി. അത് സങ്കാരയെ മോചിപ്പിക്കുകയും അധികാരത്തിലെത്തിക്കുകയും ചെയ്തു. സങ്കാരയും കൊംപോറെയും റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ടയുടെ ചുമതല ഏറ്റെടുത്തു. സങ്കാര ആ നാടിനെ ബുർക്കിനാ ഫാസോ (ഉന്നതശീർഷരായ മനുഷ്യരുടെ നാട്) എന്ന് പുനർനാമകരണം ചെയ്തു.
1987 ൽ തോമസ് സങ്കാര അട്ടിമറിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തില്ലായിരുന്നുവെങ്കിൽ ബുർക്കിനാ ഫാസോയിലെ ജനങ്ങൾക്ക് എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടാകുമായിരുന്നെന്ന് മനസിലാക്കാൻ സങ്കാരയുടെ ഭരണത്തിൻ്റെ അജണ്ടകളിലേക്കൊന്ന് എത്തിനോക്കിയാൽ മാത്രം മതി. ബുർക്കിനാബെ വിപ്ലവത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വശം വിപ്ലവത്തെ സംരക്ഷിക്കാനുള്ള സമിതികളിലൂടെ (കമ്മറ്റീസ് ഫോർ ദ ഡിഫൻസ് ഓഫ് ദ റവല്യൂഷൻ) തങ്ങളുടെ രാജ്യം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനത്തിലേക്ക് ജനങ്ങളെ അണിനിരത്തിയതായിരുന്നു. ഇത് ക്യൂബയുടെ അനുഭവത്തിൽ നിന്നും പകർത്തിയ കാഴ്ചപ്പാടാണ്. ഈ സമിതികളിലൂടെയാണ് ജനങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് സങ്കാരയുടെ ഗവണ്മെൻ്റ് മനസിലാക്കുകയും ജനങ്ങൾക്കായി പദ്ധതികൾ വികസിപ്പിക്കുകയും അവ നടപ്പിലാക്കുകയും ചെയ്തത്. മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ തന്നെയായിരുന്നു അവർക്ക് മുന്നിലുണ്ടായിരുന്ന മുഖ്യവിഷയങ്ങളും. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ പരമാധികാരം, വൈദ്യുതി, വീട്, ശുദ്ധജലം, ഓവുചാലുകൾ, മാന്യമായ ജീവിതോപാദി, സംസ്കാരികമായ അവസരങ്ങൾ, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവ. ഇവയെല്ലാം തന്നെ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്.

മാർക്സിസത്തിലേക്ക് ആകർഷകനായ ഉടനെ യുവാവായ സങ്കാര ആദ്യം അന്വേഷിച്ചത് ജനങ്ങളെ ക്ലേശങ്ങളിൽ നിന്നും എങ്ങനെ മോചിപ്പിക്കാമെന്നായിരുന്നു. സൈന്യത്തിലും സർക്കാരിലും അദ്ദേഹം നടത്തിയ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ തന്നെയാണ് അതിനുള്ള ഉത്തരം ഉരിത്തിരിഞ്ഞതും. തങ്ങളുടെ അസംസ്കൃത വസ്തുക്കൾക്ക് മേലുള്ള ദേശീയ പരമാധികാരം ബുർക്കിനാ ഫാസോ വിനിയോഗിക്കണം (മുഖ്യമായും സ്വർണം), ബുർക്കിനാബെ ജനങ്ങളുടെ ആധുനിക ജീവിതത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനായി ദേശീയ സമ്പത്തിനെ ഉപയോഗിക്കണം (ഗതാഗതം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം, മാലിന്യ നിർമാർജ്ജനം), ഒപ്പം ജനങ്ങളുടെ ആത്മബോധത്തെ തകർക്കുന്നതിനു പകരം കരുത്തുറ്റതാക്കുന്ന പ്രാദേശികവും ഭൂഖണ്ഡപരവും സാർവദേശീയവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കണം. സങ്കാര മുൻകൈയെടുത്ത ജനാധിപത്യപരവും ജനകീയവുമായ വിപ്ലവത്തിൻ്റെ അടിസ്ഥാനം ഇതായിരുന്നു. അദ്ദേഹത്തിൻ്റെ കൊലപാതകത്തിനു ശേഷം അത് സങ്കാരിസ്റ്റ് സമീപനം എന്ന് അറിയപ്പെടാൻ തുടങ്ങി.
ട്രൈക്കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ നിന്നുള്ള ഏറ്റവും ഒടുവിലെ പഠനം സഹേൽ മേഖലയിലെ വർഗസമരത്തെയും പാരിസ്ഥിതിക ദുരന്തങ്ങളെയും സംബന്ധിച്ചതാണ്. സഹാറ മരുഭൂമിയും അതിനു താഴെ ബുർക്കിനാ ഫാസോ ഉൾക്കൊള്ളുന്ന സഹേലും വലിയ പാരിസ്ഥിതിക ദുരന്തത്തിൻ്റെ പിടിയിലാണെന്ന് ആ പഠനം വരച്ചുകാട്ടുന്നുണ്ട്. പ്രക്ഷുബ്ദമായ കാലാവസ്ഥാ ക്രമങ്ങൾ മൃഗ പരിപാലനത്തെയും കൃഷിയെയും തടസ്സപ്പെടുത്തുന്നു. ആ പ്രദേശമാണെങ്കിൽ നിലവിൽ തന്നെ വിഘടനവാദപരവും തീവ്ര മതാത്മകവുമായ സമരങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഒരിടവുമാണ്. ലിബിയക്കെതിരായ യുഎസ്-ഫ്രഞ്ച്-നാറ്റോ യുദ്ധത്തിൻ്റെ കെടുതികൾ അൽജീരിയ മുതൽ താഴെ നൈജീരിയ വരെ വടക്കേ ആഫ്രിക്കയിലെ രാഷ്ട്രീയ വൈരുദ്ധ്യങ്ങളെയാകെ ആളിക്കത്തിച്ചു.

കാലാവസ്ഥാ ദുരന്തങ്ങൾ മൂലം വിഭവങ്ങൾക്കായുള്ള പഴയ സംഘർഷങ്ങൾ വർദ്ധിച്ചു. ഇപ്പോൾ ജമാഅത്ത് നസർ അൽ-ഇസ്ലാം വാൾ-മുസ്ലിമീൻ (ഇസ്ലാമിനെയും മുസ്ലീങ്ങളെയും പിന്തുണയ്ക്കുന്ന ഗ്രൂപ്പ്) ഉം ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റും കടന്നുവന്നതോടെ അത് വീണ്ടും രൂക്ഷമായി. മാലി മുതൽ ചാഡ് വരെയുള്ള സഹേൽ മേഖലയിലെ രാജ്യങ്ങളുടെ വലിയൊരു ഭാഗം ഈ ഗ്രൂപ്പുകളുടെ പിടിയിലാണ്, അവരുമായി യോജിക്കാത്ത ആളുകളോട് ക്രൂരമായാണ് അവരുടെ പെരുമാറ്റം.
ബുർക്കിനാ ഫാസോവിലും (2022) മാലിയിലും (2020, 21) നൈജറിലും (2023) നടന്ന അട്ടിമറികളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് അവിടങ്ങളിലെ സർക്കാരുകളുടെ തീവ്രമായ ഫ്രഞ്ച് ആഭിമുഖ്യവും ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്കോ വികസനത്തിനോ യാതൊരു ശ്രദ്ധയും നൽകാത്തതുമായിരുന്നു. സമാനമായ പേരുകളുള്ള പ്ലാറ്റ്ഫോമുകളായിരുന്നു അട്ടിമറികളെല്ലാം നയിച്ചത് – Patriotic Movement for Safeguard and Restoration (ബുർക്കിനാ ഫാസോ), National Committee for the Salvation of the People (മാലി), and National Council for the Safeguard of the Homeland (നൈജർ). 2023 സെപ്തംബറിൽ ഈ മൂന്ന് രാജ്യങ്ങളിലെയും സർക്കാരുകൾ ഒത്തുചേർന്ന് സഹേൽ രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചു. പലതരം വെല്ലുവിളികളാണ് അവർക്ക് നേരിടേണ്ടി വരുന്നത്; സാമ്രാജ്യത്വവും അതിൻ്റെ പ്രാദേശിക സഖ്യകക്ഷികളും, പാരിസ്ഥിതിക ദുരിതങ്ങൾ, അവരുടെ തന്നെ സമൂഹങ്ങളിലെ വർഗസമരങ്ങൾ.

സഹേൽ രാജ്യങ്ങളിൽ കാലാവസ്ഥാദുരന്തത്തിന്റെ ആഘാതം എങ്ങനെയായിരുന്നുവെന്നാണ് ട്രൈക്കോണ്ടിനെൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഏറ്റവും പുതിയ ഡോസിയർ പഠിക്കുന്നത്. ആ മേഖലയിലെ വർഗ വൈരുദ്ധ്യങ്ങളുടെ വിലയിരുത്തലിലൂടെ – പ്രത്യേകിച്ച് മാലിയുടെയും സുഡാന്റെയും ഉദാഹരണങ്ങൾ ഉപയോഗിച്ച് – അവയെ പരിശോധിക്കുകയാണ്. ഈ പഠനം തയ്യാറാക്കുമ്പോഴാണ് സങ്കാരയുടെ പരിസ്ഥിതിവാദത്തെക്കുറിച്ചും അദ്ദേഹത്തിനും ബുർക്കിനബേയ്ക്കും ആ അജണ്ട നടപ്പിലാക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ രാജ്യത്തും ആ മേഖലയിലാകെയും ആഫ്രിക്കയ്ക്ക് പൊതുവായും എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരുമായിരുന്നുവെന്നതിനെക്കുറിച്ചും ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. സങ്കാരയുടെ അജണ്ടകൾ ചുരുക്കത്തിൽ ഇവയാണ്:
- ഭൂമിക്കു മേലുള്ള കൊളോണിയൽ നശീകരണത്തിൻ്റെ ഒരു ഉൽപ്പന്നമാണ് പരിസ്ഥിതിയുടെ നാശവും. അതിനാൽ അതിനുള്ള മറുമരുന്ന് ദേശീയവും പ്രാദേശികവുമായ പരിസ്ഥിതി മാനേജ്മെന്റാണ്. പ്രകൃതിയെ അതിൻ്റെ നിലനിൽപ്പിനെക്കുറിച്ച് ആലോചിക്കാതെ നശിപ്പിക്കാനുള്ള ഒരു അസംസ്കൃത വസ്തുവായി കണക്കാക്കരുത്. കുറ്റിക്കാടുകൾക്ക് തീയിടൽ, അനിയന്ത്രിതമായ മരംമുറിക്കൽ, അലഞ്ഞുതിരിയുന്ന വളർത്തുമൃഗങ്ങൾ എന്നീ പ്രശ്നങ്ങൾ മറികടക്കാൻ 1985-ൽ സങ്കാര മൂന്ന് സമരങ്ങൾ (ലെസ് ട്രോയിസ് ലുട്ടെസ്) ആരംഭിച്ചു. ഇവയിൽ ഓരോന്നും ഒരു പ്രത്യേക തരം പാരിസ്ഥിതിക തകർച്ചയെ ചെറുക്കാൻ ലക്ഷ്യം വച്ചുള്ളതായിരുന്നു. കാട്ടുതീയും മരംമുറിക്കലും വനനശീകരണം ത്വരിതപ്പെടുത്തി. അതേസമയം കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ ഭരണകാലത്ത് പൊതു ഭൂ മാനേജ്‌മെന്റ് സംവിധാനങ്ങളെ തകർക്കുകയും അതിൻ്റെ ഫലമായി വളർത്തുമൃഗങ്ങളുടെ അനിയന്ത്രിതമായ അലച്ചിൽ മണ്ണൊലിപ്പിനും മരുഭൂവൽക്കരണത്തിനും കാരണമാവുകയും ചെയ്തു. ഇത്തരത്തിൽ കൊളോണിയൽ ഭരണം സൃഷ്ടിച്ചതും ആഴമേറിയതുമായ പാരിസ്ഥിതിക തകർച്ചയെ മറികടക്കാൻ ഉദ്ദേശിച്ചുള്ള നടപടികളായിരുന്നു മേൽ സൂചിപ്പിച്ചത്. ഭൂമിയെ കൂട്ടായ ജീവിതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നതിനുപകരം ഒരു ഖനന വിഭവമായായിരുന്നു കണക്കാക്കിയിരുന്നത്. അതേസമയം, ‘ഒരു ഗ്രാമം, ഒരു ചെറുവനം’, ‘ഒരു സ്കൂൾ, ഒരു ചെറുവനം’ എന്നീ വൃക്ഷത്തൈ നടീൽ കാമ്പെയ്‌നുകൾ വൃക്ഷങ്ങളുടെ വ്യാപനം പുനഃസ്ഥാപിക്കുന്നതിനും മരുഭൂവൽക്കരണം തടയുന്നതിനും ഗ്രാമ-സ്കൂൾ തലങ്ങളിൽ പരിസ്ഥിതി ഉത്തരവാദിത്തം വളർത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരുന്നു. ഒരു ഗ്രാമം, ഒരു ചെറുവനം പദ്ധതി 2019 ൽ ബ്രസീലിലെ ഭൂരഹിത തൊഴിലാളി പ്രസ്ഥാനത്തിന് (എം എസ് ടി) ഒരു ദശകത്തിനുള്ളിൽ 100 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ദേശീയ വൃക്ഷത്തൈ നടീൽ പദ്ധതി തയ്യാറാക്കാൻ പ്രചോദനം നൽകി.
- ഭക്ഷണത്തിനായി വിപണിയെ ആശ്രയിക്കേണ്ടി വരുന്നതും ഭക്ഷണം ഉത്പാദിപ്പിക്കാൻ ആവശ്യമായ വിഭവങ്ങളുടെ അഭാവം (ഉദാഹരണത്തിന് ഭൂമി) മൂലവുമാണ് പട്ടിണിയുണ്ടാകുന്നത്. അതിനാൽ തന്നെ ഭക്ഷ്യസഹായത്തേക്കാൾ കൂടുതൽ സങ്കാര വാദിച്ചത് കാർഷിക പരിഷ്കരണത്തിനും ഗ്രാമവികസനത്തിനും വേണ്ടിയായിരുന്നു. മെച്ചപ്പെട്ട സംഘാടനത്തിലൂടെയും ആധുനിക സാങ്കേതിക വിദ്യകളിലൂടെയും തൊഴിൽ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, പ്രാദേശിക സ്പെഷ്യലൈസേഷനോടെ വൈവിധ്യമാർന്ന കൃഷി വികസിപ്പിക്കുക, കർഷകരെ അടിച്ചമർത്തുന്ന സാമൂഹിക-സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതാക്കുക, വ്യാവസായിക വികസനത്തിന്റെ മുഖ്യസ്ഥാനം കൃഷിയാക്കുക എന്നിവയാണ് സങ്കാരയുടെ കാർഷിക പരിഷ്കരണത്തിന്റെ ലക്ഷ്യം. ഭൂമിയും ധാതുസമ്പത്തും ദേശസാൽക്കരിക്കുക, പ്രധാനമായും ഭൂമി വിതരണത്തിലുള്ള നിയന്ത്രണം ദുർബലപ്പെടുത്തുക, കപ്പം തൊഴിലുകൾ നിർത്തലാക്കുക, ജലസേചനം വിപുലീകരിക്കുക തുടങ്ങിയവയിലേക്കും വിപ്ലവസർക്കാർ നീങ്ങി.
- ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കർഷകരുടെ ജീവിതത്തെ അങ്ങേയറ്റം ദുസ്സഹമാക്കി. ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതീകരണം വർധിപ്പിക്കാൻ സങ്കാര ആഗ്രഹിച്ചത് അവിടത്തെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാത്രമായിരുന്നില്ല ഒപ്പം മികച്ച പാചക സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ കൂടിയായിരുന്നു. പാചകം ചെയ്യാനുള്ള വിറകിനായി മരങ്ങൾ ക്രൂരമായി വെട്ടിനശിപ്പിക്കുന്നത് തടയാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. എന്നാൽ 2023–2024 ൽ പോലും 5.49% ഗ്രാമീണർക്ക് മാത്രം വൈദ്യുതി സൗകര്യമുള്ള ഒരു രാജ്യത്ത് ഇത് പരിഹരിക്കപ്പെടാത്ത ചോദ്യമായി തുടരുകയാണ്. മഴവെള്ളം ജലസംഭരണികളിലേക്ക് ശേഖരിക്കുകയും പിന്നീട് ചെറിയ തോടുകളിലൂടെ മികച്ച രീതിയിൽ ഒഴുക്കിവിടാൻ പാകത്തിലുള്ള പ്രാദേശിക ജലസേചന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും സങ്കാരയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു.
- അവസാനമായി, തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം പ്രാദേശിക സമൂഹങ്ങൾക്ക് കൈമാറുകയും വിഭവങ്ങളുടെ മാനേജ്മെൻ്റ് ജനങ്ങളുടെ മേൽനോട്ടത്തിലാക്കുകയും ചെയ്യുകയെന്നതായിരുന്നു കമ്മറ്റി ഫോർ ദ ഡിഫൻസ് ഓഫ് ദ റവല്യൂഷൻ്റെയും സങ്കാരിസ്റ്റ് പ്രക്രിയയുടെയും രീതി. അന്താരാഷ്ട്ര എൻ ജി ഓകളോ എന്തിന് കേന്ദ്ര സർക്കാരോ വഴിയായിരുന്നില്ല അത്തരം പ്രക്രിയകൾ നടന്നിരുന്നതെന്ന് സാരം.

സങ്കാരിസ്റ്റ് അജണ്ടയുടെ ഈ പ്രാഥമിക വശങ്ങൾ നടപ്പിലാക്കിയിരുന്നെങ്കിൽ സഹേൽ മേഖലയിലെ കർഷകരും ഇടയന്മാരും ഇന്ന് ഇത്ര ആഴത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരില്ലായിരുന്നു. സംഘർഷങ്ങളായി വളർന്ന ചില വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു – പ്രത്യേകിച്ച് ബുർക്കിനാ ഫാസോയുടെ വടക്കൻ ഭാഗങ്ങളിൽ. മാലി, നൈജർ, പിന്നീട് വടക്കൻ നൈജീരിയ, ഘാന എന്നിവയ്ക്ക് ബുർക്കിനാ ഫാസോയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാമായിരുന്നു.
പരിഭാഷ : നിതീഷ് നാരായണൻ







