അരക്ഷിതരായവരുടെ ഒരു പുതിയ ‘വർഗം’ വരുന്നു

സ്വാഭാവിക ജനകീയ ഉയിർത്തെഴുന്നേൽപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ലെനിൻ ഉപയോഗിച്ച “school of war” എന്ന ആശയത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് CJPയും സൃഷ്ടിച്ചത്. സംഘടിക്കാനും, പൊതുസ്ഥലം കൈവശപ്പെടുത്താനും, ഭരണകൂടത്തെ അതിൻ്റെ പരാജയങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിക്കാനും വലിയൊരു ജനവിഭാഗം ആദ്യമായി പഠിക്കുന്ന രാഷ്ട്രീയാനുഭവം. ആ പാഠം ഒരു ആവശ്യത്തിൻ്റെ വിജയംകൊണ്ട് അവസാനിച്ചുപോകുന്നുമില്ല.

ന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച പ്രതിഷേധ സമരം യതാർത്ഥത്തിൽ ആരംഭിച്ചത് ഒരു ക്ലാസ് മുറിയിലായിരുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ, തകർന്നുപോയ ഒരു ക്ലാസ് മുറിയുടെ അവശിഷ്ടങ്ങളിലായിരുന്നു. ചോദ്യപേപ്പർ ചോർച്ചകൾ, റദ്ദാക്കപ്പെട്ട പരീക്ഷകൾ, NEET സംവിധാനത്തെ വഞ്ചിച്ച ബ്യൂറോക്രസി – ഇതെല്ലാം ഒരു തലമുറയെ അസ്വസ്ഥതയിലേക്കു മാത്രമല്ല നയിച്ചത് ഒരു പ്രത്യേക ക്ലാസിൻ്റെ രാഷ്ട്രീയവൽക്കരണത്തിലേക്കു കൂടിയായിരുന്നു.

സാമൂഹിക ഉയർച്ചയിലേക്കുള്ള അവസാന ഗോവണിയായി പരീക്ഷാഹാളിനെ കണ്ടിരുന്ന ഒരു തലമുറയുടെ കാൽക്കീഴിൽ നിന്ന് ആ ഗോവണി വലിച്ചുമാറ്റപ്പെട്ടപ്പോൾ എന്താണ് സംഭവിച്ചത് എന്നിടത്താണ് CJPയെ മനസ്സിലാക്കാനുള്ള ആദ്യ വഴി. മറ്റൊരു തരത്തിൽ, വിദ്യാഭ്യാസ സംവിധാനത്തിലൂടെ സാധ്യമാകേണ്ടിയിരുന്ന Class mobility തകർന്നുവീണിരിക്കുകയാണ്.

പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്ന സിജെപി നേതാവ് അഭിജീത്ത് ദീപ്കെ

ഇവിടെയാണ് വർഗം (Class) എന്ന ആശയത്തിന് ആദ്യ അർത്ഥം ലഭിക്കുന്നത്.
പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ഇടമായിരുന്ന ക്ലാസ് മുറി എന്ന സ്ഥലം ഇന്ന് രോഷത്തിൻ്റെയും നിരാശയുടെയും രാഷ്ട്രീയവൽക്കരണത്തിൻ്റെയും ഇടമായിരിക്കുന്നു. എന്നാൽ Class എന്നതിന് ഇതിലും ആഴമുള്ള രണ്ടാമത്തെ അർത്ഥമുണ്ട്: രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു Class

CJPയിലെ ഭൂരിഭാഗം യുവാക്കളും പരമ്പരാഗത മാർക്സിസ്റ്റ് അർത്ഥത്തിൽ തൊഴിൽശക്തി വിറ്റു ജീവിക്കുന്ന തൊഴിലാളികളല്ല. അവർ മുതലാളിമാരുമല്ല. താഴ്ന്ന മധ്യവർഗ്ഗ കുടുംബങ്ങളിലെ കുട്ടികളാണ് അവർ. വർഷങ്ങളായുള്ള ത്യാഗം, കടം വാങ്ങി കണ്ടെത്തിയ ട്യൂഷൻ ഫീസ്, മാറ്റിവെച്ച ഉപഭോഗം തുടങ്ങിയവയെല്ലാം സുരക്ഷിതമായ ഭാവി നൽകുമെന്ന ഒരൊറ്റ വിശ്വാസത്തിൻ്റെ പുറത്ത് ഒരു മെഡിക്കൽ/എഞ്ചിനീയറിംഗ് സീറ്റിൽ നിക്ഷേപിച്ച കുടുംബങ്ങളിലെ കുട്ടികൾ.

അവർ ബൂർഷ്വാസിയും (bourgeoisie) അല്ല തൊഴിലാളിവർഗവുമല്ല (proletariat) അല്ല. ഭാവിയിൽ ഏതെങ്കിലും ഒരു സാമൂഹിക സ്ഥാനത്തേക്ക് എത്തിച്ചേരാൻ മത്സരിക്കുന്ന വിദ്യാർത്ഥികൾ മാത്രമാണ് അവർ. ഇന്ത്യയിലെ തകർന്ന പൊതുജനാരോഗ്യ സംവിധാനം മെഡിക്കൽ വിദ്യാഭ്യാസത്തെ ക്രമേണ ലാഭാധിഷ്ഠിത സ്വകാര്യ ആരോഗ്യവ്യവസ്ഥയുടെ ആവശ്യങ്ങൾക്ക് വിധേയമാക്കുന്നു.

അതിനാൽ മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഘടന തന്നെ പൊതുജനാരോഗ്യ സേവകരെ സൃഷ്ടിക്കുന്നതിനേക്കാൾ, സ്വകാര്യ ചികിത്സാ വിപണിക്കായി പ്രവർത്തിക്കുന്ന പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന പ്രവണതയിലേക്കാണ് നീങ്ങുന്നത്, നീങ്ങിയത്. അതായത്, ഈ പരീക്ഷ എഴുതുന്ന നിമിഷം മുതൽ കുട്ടികൾ ഭാവിയിലെ petty bourgeois professional class ലേക്കുള്ള ഒരു സാമൂഹിക പാതയിലേക്ക് ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. പേപ്പർ ചോർച്ചകൾ ആ യാത്രയെ തടസ്സപ്പെടുത്തിയെന്നല്ലാതെ, അതിൻ്റെ അടിസ്ഥാന സാമൂഹിക ദിശയെ മാറ്റിയില്ല.

ആ വാഗ്ദാനം തകർന്നുവീഴുമ്പോൾ അവർ നിരാശരായ വിദ്യാർത്ഥികളാകുന്നില്ല. ഘടനാപരമായി proletarianizationലേക്ക് തള്ളിവിടപ്പെടുകയാണ്. സാമൂഹിക ഉയർച്ചയുടെ വഴി അടയുമ്പോൾ തൊഴിലാളി വർഗം ഉടനടി രൂപപ്പെടില്ലെങ്കിലും, ഭാവിയിലെ reserve army of labourൻ്റെ അസംസ്കൃത വസ്തുവിനെ അത് സൃഷ്ടിക്കുന്നു. ചെറുകിട-മധ്യവർഗ്ഗ സ്വപ്നങ്ങളിൽ നിന്ന് പൂർണമായി വേർപെടാത്തതും, തൊഴിലാളി വർഗ ബോധത്തിലേക്ക് ഇനിയും എത്തിച്ചേരാത്തതുമായ ഒരു ഇടക്കാല തലമുറയെയാണ് ഇവിടെ കാണുന്നത്.

ഇവിടെയാണ് NEET നിരോധിക്കണമെന്നത് ഒരു സാധാരണ വിദ്യാഭ്യാസ പരിഷ്കരണാവശ്യം എന്നതിനപ്പുറത്തേക്ക് ഒരു class question ആയി മാറുന്നത്. ആ ആവശ്യം മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പരീക്ഷാ-വിപണിയുടെയും കോച്ചിങ് മൂലധനത്തിൻ്റെയും സാമ്പത്തിക ശേഷിയുടെയും നിയന്ത്രണത്തിൽ നിന്ന് സാമൂഹിക നീതിയുടെയും പൊതുജനാരോഗ്യ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലേക്ക് മാറ്റണമെന്ന രാഷ്ട്രീയ വാദമാണ്. ചികിത്സ ഒരു ലാഭവിപണിയുടെ ഉപാധിയല്ല മറിച്ചൊരു സാമൂഹിക അവകാശമാണെങ്കിൽ, ഡോക്ടർമാരെ സൃഷ്ടിക്കുന്ന സംവിധാനവും പൊതുസമൂഹത്തിൻ്റെ ആവശ്യങ്ങളോട് ഉത്തരവാദിത്തമുള്ളതായിരിക്കണം എന്ന ആശയമാണ് ഈ ആവശ്യത്തിനുള്ളിലെ അടിസ്ഥാന വൈരുധ്യം.

Class എന്നതിന് മൂന്നാമത്തെ അർത്ഥം CJP യഥാർത്ഥത്തിൽ ഏത് class struggle ആണ് നടത്തിയത് എന്നിടത്താണ്. CJPയുടെ പോരാട്ടം മൂലധനത്തിനെതിരായ സമഗ്ര പോരാട്ടമായി കാണുന്നത് തെറ്റായിരിക്കും. ഇവിടെ ശത്രു കൂടുതൽ നിർദിഷ്ടമാണ്.
പ്രവേശനപരീക്ഷകളെ കോടിക്കണക്കിന് രൂപയുടെ സ്വകാര്യ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയ കോച്ചിങ്-ഇൻഡസ്ട്രി കോംപ്ലക്സ്, അതേ സംവിധാനത്തിലെ അഴിമതിയിൽ നിന്ന് ലാഭം കൊയ്യുന്ന ചോദ്യപേപ്പർ ചോർത്തുന്ന ശൃംഖലകൾ, അതിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട വിദ്യാഭ്യാസ മന്ത്രാലയം ഉൾപ്പെടുന്ന ബ്യൂറോക്രാറ്റിക്-രാഷ്ട്രീയ അധികാരകേന്ദ്രങ്ങൾ. ഇത് മുഴുവൻ ബൂർഷ്വാസിക്കുമെതിരായ ആക്രമണമല്ല. വിദ്യാഭ്യാസത്തെ ചരക്കാക്കി മാറ്റുകയും പിന്നീട് ആ ചരക്ക് പ്രവർത്തനക്ഷമമായി നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ചെയ്ത ഭരണവർഗ്ഗത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെതിരായ പോരാട്ടമാണ്.

ഇതൊന്നും CJPയെ ഒരു വിപ്ലവ സംഘടനയാക്കുന്നില്ല. അങ്ങനെ ചിത്രീകരിക്കുന്നതും സത്യസന്ധമല്ല. കാരണം ഉൽപ്പാദനബന്ധങ്ങളെ അത് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഭരണകൂട അധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ സംഘടനാശേഷിയും അതിന് ഇല്ല. ഒരു മന്ത്രിയുടെ രാജി, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ ഇന്നും ബൂർഷ്വാ ജനാധിപത്യ പരിഷ്കരണങ്ങളുടെ പരിധിക്കുള്ളിലാണ്. എന്നിരുന്നാലും അതിനെ അപ്രധാന സംഭവമായി തള്ളിക്കളയുന്നതും തെറ്റായിരിക്കും.

സ്വാഭാവിക ജനകീയ ഉയിർത്തെഴുന്നേൽപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോൾ ലെനിൻ ഉപയോഗിച്ച “school of war” എന്ന ആശയത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് CJPയും സൃഷ്ടിച്ചത്. സംഘടിക്കാനും, പൊതുസ്ഥലം കൈവശപ്പെടുത്താനും, ഭരണകൂടത്തെ അതിൻ്റെ പരാജയങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിക്കാനും വലിയൊരു ജനവിഭാഗം ആദ്യമായി പഠിക്കുന്ന രാഷ്ട്രീയാനുഭവം. ആ പാഠം ഒരു ആവശ്യത്തിൻ്റെ വിജയംകൊണ്ട് അവസാനിച്ചുപോകുന്നുമില്ല.

ഇനി എന്ത് സംഭവിക്കും എന്നത് ആ പാഠത്തെ ആരാണ് ഏറ്റെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഗ്രാംഷിയുടെ പറയുന്നതു പോലെ organic intellectual പ്രവർത്തനം നടത്താൻ ശേഷിയുള്ള സംഘടിത ഇടതുപക്ഷ ശക്തികൾക്ക് ഈ പ്രസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ പോരാട്ടങ്ങളുമായും ഇന്ത്യയിലെ പുതിയ തൊഴിൽനിയമങ്ങളുടെ പശ്ചാത്തലത്തിൽ CorroHealth, Talrop തുടങ്ങിയ സ്ഥാപനങ്ങളിലെ കൂട്ടപ്പിരിച്ചുവിടലുകളുമായും ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ CJPയുടെ സ്വാഭാവിക രോഷം യഥാർത്ഥ വർഗ ബോധത്തിലേക്ക് (class consciousness) വികസിച്ചേക്കാം.

ലെനിൻ

അപ്പോൾ പരീക്ഷാ-വ്യവസായ ശൃംഖലകളും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തൊഴിൽ നിയമങ്ങളും ഒരേ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയുടെ ലക്ഷണങ്ങളാണെന്ന് ഈ പ്രസ്ഥാനം തിരിച്ചറിയാൻ തുടങ്ങും. എന്നാൽ അത് സംഭവിക്കാതെ പോയാൽ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങൾക്ക് സാധാരണ സംഭവിക്കാറുള്ളതു പോലെ ഒരു മന്ത്രിയുടെ രാജി, ചില നഷ്ടപരിഹാരങ്ങൾ, പ്രതിസന്ധി സൃഷ്ടിച്ച സംവിധാനത്തെ നിലനിർത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഇളവുകൾ തുടങ്ങിയ കാര്യങ്ങളിൽ അത് അവസാനിക്കും. ഗ്രാംഷി വിശേഷിപ്പിച്ചതു പോലെ ഒരു Passive Revolution ആയി ഒടുങ്ങും

Join our Whatsapp Group

Get latest posts and updates

Leave a Reply

Your email address will not be published. Required fields are marked *