ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന് ഊർജ്ജം പകർന്ന, സംഘപരിവാർ ഭയക്കുന്ന ലെനിൻ

“ലെനിനെപ്പോലുള്ള മഹാത്മാക്കളുടെ ത്യാഗങ്ങൾകൊണ്ട് പവിത്രീകരിക്കപ്പെട്ട ഒരാശയം നിഷ്‌ഫലമാവുകയില്ല. അവരുടെ ത്യാഗത്തിന്റെ ശ്രേഷ്ഠമായ മാതൃകകൊണ്ട് അത് എന്നും ഉജ്ജ്വലമായിതന്നെ നിലകൊള്ളും. കാലം കഴിയുന്തോറും ഈ ആശയത്തിന് വേഗതയും പരിശുദ്ധിയും ഏറുകയും ചെയ്യും” – ഗാന്ധിജി, 1928 നവംബർ 15
“സൈബീരിയയിലെ മൈനുകൾക്ക് റഷ്യൻ വിപ്ലവത്തിന്റെ ജ്വാലയെ കെടുത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കല്പനകൾക്കും മർദ്ദനങ്ങൾക്കും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ജ്വാലകളെയും കുത്തിക്കെടുത്താനാവില്ല” – ഭഗത് സിംഗ്, 1929
“ഈ ഭൂഗോളത്തിന്റെ എല്ലാ മൂലയിലും ലെനിന്റെ കാലൊച്ച കേൾക്കുന്നു… ലെനിൻ ഇന്ന് എന്റെ രക്തമാണ്. ഞാനിന്ന് അശക്തനല്ല. എൻ്റെ ഹൃദയത്തിൽ കലാപം തുടികൊട്ടുന്നു. ഞാൻ തന്നെ ലെനിനാണെന്ന് എനിക്ക് തോന്നിപ്പോകുന്നു” – സുകാന്ത ഭട്ടാചാര്യ, 1943
ഒന്ന്
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അടിമുടി വിറപ്പിച്ചുകൊണ്ട്, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ എക്കാലത്തെയും കത്തിജ്വലിക്കുന്ന പ്രതീകമായ ഭഗത്‌സിംഗ് കഴുമരത്തിലേക്ക് നടന്നുനീങ്ങിയത്, പ്രാർത്ഥിച്ചുകൊണ്ടായിരുന്നില്ല; വിപ്ലവത്തിന്റെ തീനാളമായ വ്ലാഡിമിർ ഇല്ലിച്ച് ലെനിന്റെ “വിപ്ലവവും ഭരണകൂടവും” എന്ന പുസ്‌തകം വായിച്ചുകൊണ്ടായിരുന്നു. സാമ്രാജ്യത്വത്തിന്റെ കൊലക്കയറും പ്രതീക്ഷിച്ച് ജയിലറകളിൽ കഴിയുമ്പോഴും ഭഗത്‌സിംഗ് എന്ന വിപ്ലവകാരിയുടെ മനസു നിറയെ സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവവും അതിന് നേതൃത്വം കൊടുത്ത മഹാവിപ്ലവകാരിയായ ലെനിനുമായിരുന്നു. ഇന്ത്യയിലും സോവിയറ്റ് രീതിയിലുള്ള ഒരു മഹാവിപ്ലവം കത്തിപ്പടരുന്നതിനെക്കുറിച്ചായിരുന്നു ഭഗത്‌സിംഗും കൂട്ടുകാരും സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്‌നത്തിൻ്റെ തീക്കനലുകളിൽ അമർന്നുകത്തുകയായിരുന്നു ഭഗത്‌സിംഗും സഖാക്കളും. മാർക്സിന്റെയും എംഗൽസിന്റെയും ലെനിൻ്റെയും കിട്ടിയ പുസ്‌തകങ്ങളെല്ലാം അവർ ആവേശത്തോടെ അകത്താക്കുമായിരുന്നു. സാമ്രാജ്യത്വത്തിൻ്റെ പതനം അനിവാര്യമാണെന്ന ലെനിൻ്റെ ആശയപരിസരം ഭഗത് സിംഗിനെയും ആവേശഭരിതനാക്കിയിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവൻകൊടുത്ത് പൊരുതാൻ ഭഗത്‌സിംഗിനും കൂട്ടുകാർക്കും സൈദ്ധാന്തികമായ ഉൾക്കരുത്ത് നൽകിയതും ലെനിൻ്റെ ആശയപ്രപഞ്ചമായിരുന്നു. ലെനിൻ്റെ ചരമദിനമായിരുന്ന 1930 ജനുവരി 21ന് ഭഗത്‌സിംഗും സഖാക്കളും ചുവന്ന ഉറുമാൽ കഴുത്തിൽ കെട്ടിക്കൊണ്ടാണ് സാമ്രാജ്യത്വ കോടതിയ്ക്കുമുന്നിൽ ഹാജരായത്. പ്രതിക്കൂട്ടിൽ കയറിയ ഉടനെ “ഞങ്ങളുടെ ഹൃദയങ്ങൾ നിറയെ ഞങ്ങളുടെ ശിരസ്സുകൾ വിൽക്കാനുള്ള അഭിലാഷമാണ് നിറഞ്ഞൊഴുകുന്നത്” എന്ന പ്രസിദ്ധമായ കവിത അവർ കൂട്ടത്തോടെ ഏറ്റുപാടി. തുടർന്ന് മൂന്നാം കമ്മ്യൂണിസ്റ്റ് ഇൻ്റർനാഷണലിന് അയയ്ക്കാൻ വേണ്ടി തങ്ങൾ തയ്യാറാക്കിവച്ചിരുന്ന കമ്പിസന്ദേശം അവർ ഉച്ചത്തിൽ വായിച്ചു: “മഹാനായ ലെനിൻ്റെ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ പൊരുതുന്ന ഏവർക്കും ഈ ലെനിൻ ദിനത്തിൽ ഞങ്ങളുടെ ഹൃദയത്തിൽതൊട്ട അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾക്ക് ഞങ്ങൾ വിജയമാശംസിക്കുന്നു. ഞങ്ങൾ സാർവ്വദേശീയ തൊഴിലാളി വർഗ്ഗത്തോടൊപ്പം ഞങ്ങളുടെ ശബ്ദവും ഉച്ചത്തിൽ ഉയർത്തുന്നു. തൊഴിലാളിവർഗ്ഗം വിജയിക്കട്ടെ.. മുതലാളിത്തം തകരട്ടെ..സാമ്രാജ്യത്വം തുലയട്ടെ..”
1931 മാർച്ച് 23-ാം തീയതി ഭഗത് സിംഗിനെയും സഖാക്കളെയും സാമ്രാജ്യത്വം തൂക്കിലേറ്റി. സോവിയറ്റ് യൂണിയനും ലെനിനും നൽകിയ ആ ഉൾക്കരുത്ത് മരണംവരെ ഭഗത് സിംഗിൽ കത്തിജ്ജ്വലിച്ചുതന്നെനിന്നു. ഭഗത് സിംഗിൻ്റെ അവസാനനിമിഷങ്ങളെ ജയിൽ വാർഡന്മാരിൽ ഒരാൾ പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി : ഭഗത് സിംഗിന് മാറ്റിവെയ്ക്കാൻ സമയമുണ്ടായിരുന്നില്ല….ഭഗത് സിംഗ് തൻ്റെ ഏറ്റവും വലിയ സുഹൃത്തിനെ കാണുകയായിരുന്നു…തനിക്ക് കിട്ടിയ ലെനിൻ്റെ പുസ്‌തകം വായിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് തടവറയുടെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. അദ്ദേഹം ഏതാനും പേജുകളേ വായിച്ചുതീർന്നിരുന്നുള്ളൂ. ജയിലുദ്യോഗസ്ഥൻ അലക്കിത്തേച്ച വേഷത്തിൽ ഭഗത്‌സിംഗിനുമുന്നിൽ വന്നുനിന്നു. “സർദാർജി, താങ്കളെ തൂക്കിക്കൊല്ലാനുള്ള കൽപന വന്നുകഴിഞ്ഞു. പെട്ടെന്ന് തയ്യാറായിക്കൊള്ളൂ.” ഭഗത്‌സിംഗിൻ്റെ വലത്തേക്കൈയ്യിലായിരുന്നു ലെനിൻ്റെ പുസ്‌തകം. പുസ്‌തകത്തിൽനിന്നും കണ്ണെടുക്കാതെ തന്റെ ഇടത്തേക്കൈ നീട്ടിക്കൊണ്ട് ഭഗത്സിംഗ് പറഞ്ഞു : “ഒരു വിപ്ലവകാരി മറ്റൊരു വിപ്ലവകാരിയെ കണ്ടു കൊണ്ടിരിക്കുകയാണ്!” ഏതാനും വരികൾകൂടി വായിച്ചതിനുശേഷം ഭഗത്സിംഗ് തുടർന്നു : “ഇനി പോകാം”

ലെനിനും സോവിയറ്റ് യൂണിയനും എത്ര അഗാധമായ നിലകളിലാണ് ഇന്ത്യൻ സ്വാതന്ത്യസമരസേനാനികളെ സ്വാധീനിച്ചിരുന്നതെന്ന് ഭഗത് സിംഗിന്റെ വായനയിൽ നിന്നും വ്യക്തമാണ്. മതരാഷ്ട്രവാദികളെയൊഴിച്ച് മറ്റെല്ലാവരെയും ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തും തുടർന്നും റഷ്യൻ വിപ്ലവവും ലെനിനും സോവിയറ്റ് യൂണിയനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആവേശ ഭരിതരാക്കിയിരുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനമുള്ള സ്വാതന്ത്ര്യപോരാളികൾ റഷ്യൻ വിപ്ലവത്തെയും ലെനിനെയും വാരിപ്പുണർന്നിരുന്നു.
രണ്ട്
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിമുതൽ ലോകത്താകമാനം പടർന്നുപിടിക്കാനാരംഭിച്ച മാർക്സിസത്തിന്റെയും സോഷ്യലിസത്തിൻ്റെയും ആശയപരിസരങ്ങൾ ഇന്ത്യൻ ജനജീവിതത്തെയും ഇളക്കിമറിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ ഇന്ത്യൻ ജനജീവിതത്തിനുള്ളിലേക്ക് മാർക്സിന്റെയും എംഗൽസിന്റെയും ആശയലോകങ്ങൾ കടന്നുവരാൻ തുടങ്ങിയിരുന്നു. ഇന്ത്യയിലെ ആദ്യകാല സ്വാതന്ത്ര്യ സമരപോരാളിയായിരുന്ന ലാലാ ഹർദയാൽ “ആധുനികയുഗത്തിലെ ഋഷി” എന്നാണ് കാൾ മാർക്‌സിനെ വിശേഷിപ്പിച്ചത്. “ഞാനൊരു സോഷ്യലിസ്റ്റാണ്” എന്ന് 1902ന് മുമ്പുതന്നെ സ്വാമി വിവേകാനന്ദൻ പ്രഖ്യാപിച്ചിരുന്നു (I am a socialist not because I think it is a perfect system, but half a loaf is better than no bread). റഷ്യയിൽ ലെനിനും സഖാക്കളും നടത്തിക്കൊണ്ടിരുന്ന തീപാറുന്ന പോരാട്ടങ്ങളെക്കുറിച്ചും വിവേകാനന്ദനറിയാമായിരുന്നു. അത്തരമൊരു ആശയക്കരുത്തിൽ നിന്നുകൊണ്ടാണ് ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ്ഗവിപ്ലവം റഷ്യയിലോ ചൈനയിലോ ആയിരിക്കും ആദ്യം അരങ്ങേറുന്നതെന്ന് സ്വാമി വിവേകാനന്ദൻ പ്രഖ്യാപിച്ചത്. ആദ്യം റഷ്യയിലും പിന്നീട് ചൈനയിലും തൊഴിലാളിവർഗ്ഗവിപ്ലവം അരങ്ങേറിയതും വിജയക്കൊടി പാറിപ്പിച്ചതും സ്വാമി വിവേകാനന്ദൻ്റെ നിരീക്ഷണപാടവത്തെ സമാനതകളില്ലാത്തവിധം സാധൂകരിക്കുന്നുണ്ട്.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ബാലഗംഗാധരതിലകന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ സ്വദേശിപ്രസ്ഥാനം ഇന്ത്യയിൽ ശക്തമായിരുന്നു. ബോംബെയിലെ തൊഴിലാളിവർഗ്ഗം ഒന്നടങ്കം അടങ്ങാത്ത ആവേശത്തോടെയായിരുന്നു ഈ പ്രസ്ഥാനത്തിൽ അണിചേർന്നിരുന്നത്. സ്വാഭാവികമായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ നോട്ടപ്പുള്ളിയായി തിലകൻ മാറി. ഇന്ത്യൻ സ്വാതന്ത്യസമരചരിത്രത്തിലെ ആവേശം ജ്വലിക്കുന്ന സാനിധ്യമായിരുന്നു ഖുദിറാം ബോസ് എന്ന ബംഗാളി യുവാവ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ഖുദിറാം ബോസ് തൂക്കിലേറ്റപ്പെട്ടു. തിലകനും അദ്ദേഹത്തിൻ്റെ പത്രവും ഖുദിറാം ബോസിനും വിപ്ലവകാരികൾക്കുമൊപ്പം അണിചേർന്നു.

തിലകനെതിരെ ബ്രിട്ടീഷുകാർ രാജ്യദ്രോഹക്കുറ്റം ചുമത്തി. തുടർന്ന് തിലകന് ബർമ്മയിലേയ്ക്ക് പാലായനം ചെയ്യേണ്ടിവന്നു. തിലകന്റെ വിമോചനത്തിനായി ബോംബയിലെ തൊഴിലാളിവർഗ്ഗം തെരുവോരങ്ങളിൽ ശക്തിയായ പ്രക്ഷോഭങ്ങൾ കെട്ടഴിച്ചുവിട്ടു. ഇങ്ങനെ, ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ കത്തിപ്പടർന്നുകൊണ്ടിരുന്ന കൊളോണിയൽ വിരുദ്ധപോരാട്ടങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് 1908-ൽ ലെനിൻ ഇങ്ങനെ എഴുതി : അവസാനമില്ലാത്ത ഹിംസകളുടെയും കൊള്ളകളുടെയും പര്യായമാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം. റഷ്യയിലൊഴികെ ലോകത്തിൻ്റെ മറ്റൊരിടത്തും ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന തരത്തിലുള്ള അത്യഗാധമായ പട്ടിണിയും വിശപ്പും നിങ്ങൾക്ക് കാണാനാവില്ല…തിലകനുൾപ്പെടെയുള്ള ഇന്ത്യൻ ജനാധിപത്യവാദികൾക്കെതിരെയുള്ള ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ കുപ്രസിദ്ധമായ ശിഷാനടപടികൾക്കെതിരെ ഇന്ത്യൻ തെരുവോരങ്ങൾ ഉണർന്നെഴുന്നേൽക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷം വരുന്ന മനുഷ്യർ രാഷ്ട്രീയബോധ്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ അരങ്ങുവാഴുന്ന അതികിരാതമായ ഈ ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു (Inflammable Material in World Politics, August 1908)

1917-ൽ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ അരങ്ങേറിയ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം ഇന്ത്യൻ രാഷ്ട്രീയഭാവനയെ അഗാധതലങ്ങളിൽ സ്വാധീനിക്കുകയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടപരിസരങ്ങളെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിടുകയും ചെയ്‌തു. ജവഹർലാൽ നെഹ്റു പിന്നീട് ഇങ്ങനെ എഴുതി : മഹാനായ ലെനിൻ്റെ നേതൃത്വത്തിൽ (the great Lenin) ഒക്ടോബർ വിപ്ലവം നടക്കുമ്പോൾ, നമ്മൾ ഇന്ത്യയിൽ, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ പുതിയൊരു ദശാസന്ധിയിലേക്ക് കടക്കുകയായിരുന്നു. ധീരതയോടെ ത്യാഗസന്നദ്ധരായി നമ്മുടെ ജനത അനേകവർഷങ്ങളായി ആ പോരാട്ടം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നമ്മൾ മറ്റൊരു മാർഗ്ഗമാണ് തിരഞ്ഞെടുത്തതെങ്കിലും, ലെനിന്റെ മാതൃക ഞങ്ങളെ സ്വാധീനിച്ചുകൊണ്ടേയിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം റഷ്യൻ വിപ്ലവത്തിന്റെ മാതൃകയിലേക്ക് വളരുമെന്ന് ഭയന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം, റഷ്യൻ വിപ്ലവത്തിനും ലെനിനും എതിരെ അവരുടെ മാധ്യമസന്നാഹങ്ങളെ അണിനിരത്തിക്കൊണ്ട് കള്ളക്കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വവും തുടർന്ന് ശീതയുദ്ധകാലത്ത് അമേരിക്കൻ സാമ്രാജ്യത്വവും പ്രചരിപ്പിച്ച കള്ളക്കഥകളിലൂടെയാണ് സംഘപരിവാറുൾപ്പെടെയുള്ള സർവ്വവിധ പ്രതിവിപ്ലവശക്തികളും ഇന്നും ലെനിനെ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചാരന്മാരായും ഇന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത ദാസന്മാരായും രംഗം കൊഴുപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ പ്രതിവിപ്ലവകാരികൾക്ക് ലെനിനും കമ്മ്യൂണിസ്റ്റുകളും വെറുക്കപ്പെടേണ്ടവരും കൊന്നുതള്ളേണ്ടവരും വിദേശികളുമായിത്തീരുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം സാമ്രാജ്യത്വദാസ്യവും സാമ്രാജ്യത്വവിരുദ്ധതയും ചരിത്രത്തിൻ്റെ രണ്ട് ധ്രുവങ്ങളാണ്. അതിനൊരിക്കലും സൈദ്ധാന്തികമായും പ്രായോഗികമായും സന്ധിയിലേർപ്പെടാനാവില്ല.
മൂന്ന്
1917-ലെ സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നു ഇരുപതാം നൂറ്റാണ്ടിൻ്റെ ഗതിവേഗത്തെ ആകമാനം മാറ്റിമറിച്ചത്. ലോകത്താകമാനമുള്ള അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിമോചന സ്വപ്നങ്ങൾക്ക് തീകൊടുത്ത സൈദ്ധാന്തികവും പ്രായോഗികവുമായ വിപ്ലവാവിഷ്കാരമായിരുന്നു അത്. അതുകൊണ്ടുതന്നെ, സോവിയറ്റ് യൂണിയൻ്റെ ഉദയം സാമ്രാജ്യത്വചേരിയെ ഞെട്ടിപ്പിച്ചുകളഞ്ഞു. യഥാർത്ഥത്തിൽ, ഇന്ത്യയുൾപ്പെടെയുള്ള മൂന്നാംലോക രാജ്യങ്ങൾക്ക് സാമ്രാജ്യത്വാധിനിവേശത്തിൽ നിന്ന് സ്വാതന്ത്ര്യം കിട്ടുന്നതിനുള്ള മുഖ്യ രാസത്വരകമായി പ്രവർത്തിച്ചത് റഷ്യൻവിപ്ലവവും സോവിയറ്റ് യൂണിയനുമായിരുന്നു. അത് അന്നുവരെ നിലവിലുണ്ടായിരുന്ന ലോകവ്യവസ്ഥിതിയുടെ ബലതന്ത്രങ്ങളെയാകമാനം പുരോഗമനാത്മകമായി അഴിച്ചുപണിയുകയായിരുന്നു. ഒരുപക്ഷേ, റഷ്യൻവിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ചരിത്രത്തിന്റെ സമൂർത്തതകളിലേക്ക് ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിന് കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ആധുനിക ചരിത്രബലതന്ത്രത്തിൻ്റെ ഈയൊരു ബാലപാഠം പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്നും ലെനിന്റെ ഓർമ്മകളെപ്പോലും ബുൾഡോസർവെച്ച് ഇടിച്ചുനിരത്താൻ ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

മുതലാളിത്തവും സാമ്രാജ്യത്വവും അതിന്റെ കൂട്ടുകക്ഷികളായ സംഘപരിവാറുൾപ്പെടെയുള്ള മതരാഷ്ട്രവാദപ്രസ്ഥാനങ്ങളുമാണ് ലോകത്താകമാനം റഷ്യൻ വിപ്ലവത്തിന്റെയും ലെനിന്റെയും ഓർമ്മകളെ ഭയന്നുകൊണ്ടിരിക്കുന്നത്. കാരണം ആ ഓർമ്മകൾ ലോകത്താകമാനമുള്ള തൊഴിലെടുക്കുന്ന മനുഷ്യരുടെ വിമോചനത്തിൻ്റെ ഓർമ്മകളാണ്. സമത്വത്തിനും സ്വാതന്ത്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഒടുങ്ങാത്ത പോരാട്ടങ്ങളുടെ തളരാത്ത ശക്തിസ്രോതസുകളാണ് ആ ഓർമ്മകളിൽനിന്നും നിരന്തരം ചിറകടിച്ചു പറന്നുകൊണ്ടിരിക്കുന്നത്. ആ ഓർമ്മകൾ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും സർവ്വവിധ മതമൗലികവാദങ്ങൾക്കും എതിരെ നിരന്തരം മുഷ്ടിചുരുട്ടിക്കൊണ്ടിരിക്കും. ആ ഓർമ്മകൾ മതനിരപേക്ഷതയുടെ ഒരിക്കലും അണയാത്ത കണ്ണുകളെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കും. കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്കെതിരെയും മുതലാളിത്തത്തിൻ്റെ രക്തപങ്കിലമായ ചൂഷണങ്ങൾക്കെതിരെയും ആ ഓർമ്മകൾ തലതല്ലി സമരം ചെയ്യും. പുതിയൊരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷാനിർഭരമായ പുതുസങ്കൽപ്പനങ്ങളെ ആ ഓർമ്മകൾ പണിയെടുക്കുന്ന മുഴുവൻ മനുഷ്യരുടെയും ചോരയിലും കണ്ണീരിലും വിയർപ്പിലും നിരന്തരം തുന്നിച്ചേർത്തുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, മനുഷ്യരെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്ന മനുഷ്യവിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിൽ അധിഷ്‌ഠിതമായ സംഘപരിവാർ ഫാസിസ്റ്റുകൾക്ക് ലെനിനെയും റഷ്യൻവിപ്ലവത്തെയും പൊറുക്കാനാവില്ല.
അതുകൊണ്ടാണവർക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ കാലുനക്കികളായി കമഴ്ന്നു കിടക്കേണ്ടിവന്നത്. അതുകൊണ്ടാണ് അവർക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിൽ മാപ്പുസാക്ഷികളായി വിലസാനായത്. അതുകൊണ്ടാണ്, ഭഗത് സിംഗും കൂട്ടരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിപ്ലവകാരികൾ സ്വന്തം പ്രാണൻ പറിച്ചെറിഞ്ഞ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയപ്പോൾ, ഒരൊറ്റ സംഘപരിവാറുകാരനെയും ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രത്തിൽ കാണാതെ പോയത്. ആ പഴയ സാമ്രാജ്യത്വസേവയുടെ പുതുരൂപങ്ങൾക്കു വേണ്ടിയാണ് ഇന്ത്യയിൽ നിന്നും ചുവപ്പിനെ നിഷ്കാസനം ചെയ്യുമെന്ന് അവരിപ്പോഴും അലറിക്കൊണ്ടിരിക്കുന്നത്. മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലുനക്കികളായിട്ടാണ് കാലം കഴിച്ചുകൂട്ടിയതെങ്കിൽ, ഇപ്പോൾ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രായേൽ സയണിസത്തിൻ്റെയും വാലാട്ടികളായിട്ടാണവർ വാഴുന്നത്.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രായേൽ സയണിസത്തിന്റെയും കോർപ്പറേറ്റ് പരവതാനി, ഒരെതിർപ്പും കൂടാതെ, ഇന്ത്യയിൽ വിരിക്കുന്നതിനുള്ള ഭൗതികപരിസരം ഒരുക്കുന്നതിനു വേണ്ടിയാണ് ഇന്ത്യയിൽനിന്നും ചുവപ്പന്മാരെ നിഷ്കാസനം ചെയ്യേണ്ടത് സംഘപരിവാറിന് അനിവാര്യമായിത്തീരുന്നത്. എന്നാൽ എത്രതന്നെ തുടച്ചുനീക്കാൻ നോക്കിയാലും ചൂഷണവും അസമത്വവും നിലനിൽക്കുന്നിടത്തോളം കാലം, മുതലാളിത്തവും സാമ്രാജ്യത്വവും അതിൻ്റെ സഖ്യകക്ഷികളും നിലനിൽക്കുന്നിടത്തോളം കാലം, ചുവപ്പിനും നിലനിന്നേ പറ്റൂ എന്ന ചരിത്ര യാഥാർത്ഥ്യം ചരിത്രം തന്നെ സംഘപരിവാറിനെ ബോധ്യപ്പെടുത്തിക്കൊള്ളും. ആ ചരിത്രയാഥാർത്ഥ്യത്തെയാണ്, കണ്ണീരൊലിക്കുന്ന കൈകളോടെ, പൊട്ടിയൊലിക്കുന്ന കാലുകളോടെ, ഇന്ത്യയിലെ കർഷകരും ഇപ്പോൾ നോയിഡയിലെ തൊഴിലാളികളും വീണ്ടും കാട്ടിത്തന്നത്. 1940-കളിൽ കവി സുകാന്ത ഭട്ടാചാര്യ, സ്വന്തം ജീവരക്തംകൊണ്ട് കുറിച്ചിട്ട ആ വരികൾ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്:
“ഇന്ത്യയിലന്ധകാരമാണ്,
തെരുവുകളിൽ മൃതദേഹങ്ങൾ
പട്ടിണി ഞെളിഞ്ഞു നടക്കുന്നു!
രാജ്യത്തിൽ അനൈക്യം,
ആവശ്യമില്ലാത്ത സംശയം,
രാത്രികൾ ആലസ്യമാണ്ടതാണ്,
നമ്മുടെ ശരീരങ്ങളിൽ അടിമച്ചങ്ങല,
ഇവിടെയും മൂകനായും ശാന്തനായും
ലെനിൻ അരങ്ങൊരുക്കുന്നുണ്ട്”







