ഒടുവിൽ എർഎസ്എൻ്റെ ആ ചതി ‘ഇന്ത്യ’ തിരിച്ചറിഞ്ഞിരിക്കുന്നു

എന്താണ് ഈ ഭരണഘടനാ ഭേദഗതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്? ഓരോ സെൻസസിനു ശേഷവും വേണം മണ്ഡലങ്ങൾ പുനർ നിർണ്ണയിക്കാൻ എന്ന ഭരണഘടനാ തത്വത്തെയാണ് ബിജെപി ആദ്യമായി ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീ സംവരണം കൊണ്ട് വന്നു എന്ന കാര്യം ഉയർത്തി കാട്ടി വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ടുകൾ കഴിയുന്നത്ര പെട്ടിയിൽ ആക്കുക എന്നതാണ് ബിജെപി മുന്നിൽ കാണുന്ന ആദ്യത്തെ അജണ്ട – സംഗീത് കെ എഴുതുന്നു

ന്ത്യയിലെ കർഷകരെ ഒന്നാകെ സംരക്ഷിക്കാനും അവരുടെ വരുമാനം വർദ്ധിപ്പിക്കാനും എന്ന പേരിലാണ് കൃഷിയുടെ സമ്പൂർണമായ കോർപറേറ്റ്-വൽകരണത്തിലേക്കും കർഷകരുടെ തൊഴിലും ഭൂമിയും അവകാശങ്ങളും എന്നേന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്കും നയിക്കുന്ന ഒരു കർഷക നിയമം ബിജെപി സർക്കാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഒരു ദശാബ്ദം പിന്നോട്ട് നടത്തിയ, സാധാരണക്കാരന്റെ ജീവിതത്തെ ഇനിയും അവസാനിച്ചിട്ടില്ലാത്ത ദുരിതങ്ങളിലേക്ക് തള്ളിവിട്ട നോട്ട് നിരോധനമെന്ന പമ്പര വിഡ്ഢിത്തത്തെ മോദി സർക്കാർ അവതരിപ്പിച്ചത് കള്ളപ്പണത്തിനും, കള്ളനോട്ടിനും, തീവ്രവാദത്തിനും എതിരെയുള്ള സന്ധിയില്ലാ പോരാട്ടം എന്ന പേരിലായിരുന്നു.

സ്വന്തം പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ സർക്കാരിനെ പര്യാപ്തമാക്കുന്ന ആധാർ എന്ന ഏകീകൃത തിരിച്ചറിയൽ രേഖയെപ്പറ്റിയുള്ള ചർച്ചയിൽ നിന്നും ഗൗരവതരമായ എല്ലാ തലങ്ങളെയും ഒപ്പം രാജ്യസഭയേയും മാറ്റി നിർത്താൻ അതിനെ സർക്കാർ സബ്‌സിഡികൾ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കാൻ ആവശ്യമായ ഒരു മുന്നുപാധി എന്ന പേരിൽ ഒരു ധനബില്ല് (ധന ബില്ലിൽ രാജ്യ സഭയ്ക്ക് അഭിപ്രായ സ്വാതന്ത്രമോ വോട്ട് അവകാശമോ ഇല്ല) ആയിട്ടാണ് മോദി സർക്കാർ അവതരിപ്പിച്ചത്. അയൽ നാടുകളിലെ പീഡിത ന്യൂനപക്ഷങ്ങളെയും അഭയാർത്ഥികളയും എത്രയും പെട്ടന്ന് പൗരത്വം നൽകി സുരക്ഷിതരാക്കാൻ എന്ന പേരിലാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വർഗീയമായ ഉള്ളടക്കം പേറുന്ന ഒരു പൗരത്വ ഭേദഗതി നിയമം സംഘപരിവാർ ഈ രാജ്യത്ത് നടപ്പാക്കിയത്.

അങ്ങേയറ്റം ദുരുദ്ദേശപരവും തങ്ങളുടെ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രം ഉദ്ദേശിച്ചിട്ടുള്ളതുമായ നിയമങ്ങളും, ഭരണഘടനാ ഭേദഗതികളും ജനക്ഷേമത്തിന്റെയും രാജ്യസുരക്ഷയുടെയുമൊക്കെ മനോഹരമായ പുറംതോട് അണിയിച്ച് പുറത്തിറക്കുന്ന ഹീനതന്ത്രം സംഘപരിവാർ ആദ്യമായിട്ടല്ല ഇന്ത്യൻ ജനതയുടെ മുന്നിൽ അവതരിപ്പിക്കുന്നത് എന്ന് ചുരുക്കം. ഈ ശ്രേണിയിലേക്കുള്ള ഏറ്റവും പുതിയ സംരംഭമാണ് വനിതാ സംവരണത്തിൽ പൊതിഞ്ഞ മണ്ഡല പുനർനിർണയ നീക്കം. ചരിത്രത്തിൽ ഒരിക്കലും സംഘപരിവാർ നീതി കാണിച്ചിട്ടില്ലാത്ത ഇന്ത്യൻ സ്ത്രീത്വത്തെയാണ് ഇക്കുറി തങ്ങളുടെ ഒളിച്ചു കടത്തൽ പരിപാടിക്കുള്ള പുകമറയായി സംഘപരിവാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. വരാനിരിക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിനു മുൻപ് തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള തിടുക്കത്തിൽ 2023-ൽ തന്നെ പാസായ നിയമത്തെ വീണ്ടും പൊടിതട്ടി എടുക്കാൻ മാത്രമായി ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം തന്നെ മോദി സർക്കാർ സംഘടിപ്പിച്ചു. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ നമുക്ക് നിസംശയം പറയാൻ കഴിയുന്ന ഒരു കാര്യമേയുള്ളൂ, ഈ ഭേദഗതിയിലൂടെ മോദിയും കൂട്ടരും എഴുതാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ സ്ത്രീ വിമോചന ചരിത്രത്തിന്റെ ആമുഖമല്ല മറിച്ച് ഇന്ത്യൻ ഫെഡറലിസത്തിന്റെ ചരമ കുറിപ്പാണ്.

ജനക്ഷേമത്തിന്റെയും രാജ്യസുരക്ഷയുടെയും പുറംതോട് അണിയിച്ച് അങ്ങേയറ്റം ദുരുദ്ദേശത്തോടെ കേന്ദ്രം നിയമങ്ങളും, ഭേദഗതികളും പുറത്തിറക്കുന്നത് ആദ്യമായിട്ടല്ല. ഈ ശ്രേണിയിലേക്കുള്ള പുതിയ സംരംഭമാണ് വനിതാ സംവരണത്തിൽ പൊതിഞ്ഞ മണ്ഡല പുനർനിർണയം.

ഭരണപക്ഷത്തോടൊപ്പം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ കൂടി ചേർന്ന് 2023-ൽ തന്നെ നടപ്പാക്കി രാഷ്ട്രപതി ഒപ്പിട്ടു നിയമമാക്കി കഴിഞ്ഞതാണ് വനിതാ സംവരണ ബിൽ. അതിന് ഇപ്പോൾ അവതരിപ്പിച്ച, മണ്ഡല പുനർനിർണയത്തിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടവും പ്രാദേശിക പ്രാതിനിത്യ സമവാക്യങ്ങളും എന്നെന്നേക്കുമായി മാറ്റി മറിക്കാൻ ഉദ്ദേശിച്ചുള്ള ഈ ഗൂഡ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല എന്ന് ആദ്യമേ പറയട്ടെ. അതിനാൽ തന്നെ അത്തരം ചർച്ചകളിലേക്ക് കടക്കുന്ന യാതൊന്നും ഇവിടെ പറയാൻ ഉദ്ദേശിക്കുന്നുമില്ല. അങ്ങനെ പറഞ്ഞാൽ സംഘപരിവാർ വിരിച്ച വലയിലേക്ക് നേരെ കടന്ന് ചെല്ലുന്നതിനു തുല്യമായ മൗഢ്യമായി മാത്രമേ അതിനെ കാണാൻ കഴിയൂ. വനിതാ സംവരണത്തെ പ്രതിപക്ഷം തോൽപ്പിച്ചു എന്ന കള്ളം, നമ്മുടെ നികുതി പണം ഉപയോഗിച്ച് നമ്മളോട് പറഞ്ഞ പ്രധാനമന്ത്രിയെ വിശ്വസിച്ചു നിങ്ങൾ തെരുവിലിറങ്ങാനോ സംഘപരിവാറിനൊപ്പം ചേരാനോ തീരുമാനിക്കും മുൻപ് ഇതു മാത്രം മനസ്സിലാക്കുക.

വനിതാ സംവരണം നടപ്പാക്കുന്നതിന് മുന്നിലുള്ള ഒരേ ഒരു തടസ്സം ആ ബില്ലിനെ 2023-ൽ തന്നെ ഐക്യകണ്ഠമായി പാസ്സാക്കാൻ പിന്തുണ നൽകിയ പ്രതിപക്ഷമല്ല മറിച്ചു ഉപാധിരഹിതമായി അത് നടപ്പാക്കാനുള്ള ആത്മാർത്ഥത ഇന്ത്യയിലെ സ്ത്രീ സമൂഹത്തോട് ഒരിക്കലും കാണിക്കാൻ തയ്യാറാവാത്ത ബിജെപി സർക്കാരാണ്. ഈ വിഷയത്തിലെ സംഘപരിവാറിന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കാൻ പാർലമെന്റ് വരെ പോകണം എന്നില്ല. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മാതൃസംഘടനയായ ആർ എസ് എസിൽ അംഗമാകാനുള്ള അടിസ്ഥാന യോഗ്യത എന്താണ് എന്ന് മാത്രം അന്വേഷിച്ചാൽ മതിയാകും. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തെ കാൽ ഭാഗം പൂർത്തിയാകുന്ന ഈ കാലത്തും നിങ്ങളൊരു ‘പുരുഷൻ’ ആയാൽ മാത്രമേ നിങ്ങൾക്ക് ആർ എസ് എസിൽ അംഗമാകാൻ കഴിയൂ. അങ്ങിനെ ഒരു ഉപാധി ആ സംഘടന മുന്നോട്ട് വയ്ക്കാനുള്ള കാരണവും ലളിതമാണ്, ഭരണഘടനാ ധാർമികതയല്ല മനുസ്‌മൃതിയാണ് അന്നും ഇന്നും അവരെ മുന്നോട്ട് നയിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ബില്ലുകളിൽ ഏറ്റവും അപകടകരമായി മാറാൻ ഇടയുള്ള ബില്ലാണ് മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ‘The Delimitation Bill -2026’. ഈ ബില്ല് ഇന്ത്യൻ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ജനാധിപത്യ സങ്കൽപ്പത്തിലും, ഫെഡറൽ തത്വങ്ങളിലും ഉണ്ടാക്കുമായിരുന്ന ഗുരുതരമായ വിടവുകളെയാണ് സത്യത്തിൽ നമ്മുടെ പ്രതിപക്ഷം എതിർത്തു തോൽപ്പിച്ചത്. ‘വനിതാ സംവരണത്തെ തോൽപ്പിച്ച കാപാലികർ’ എന്ന് സംഘപരിവാറും, ഗോദി മാധ്യമപരിവാറും തങ്ങളെ മുദ്ര കുത്തും എന്ന അടിയന്തര രാഷ്ട്രീയ പ്രതിസന്ധി മുന്നിൽ നിൽക്കുമ്പോഴും മണ്ഡല പുനർനിർണ്ണയ ബില്ലിന് പ്രതികൂലമായ നിലപാട് സ്വീകരിക്കാൻ ആർജ്ജവം കാണിച്ചു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശരികളിൽ ഒന്നായി പിൽകാലം വിലയിരുത്തപ്പെടും എന്നത് നിസ്തർക്കമാണ്.

സ്വാതന്ത്ര സമരം പോലെ തന്നെ സംഘപരിവാറിനെ സംബന്ധിച്ച് യാതൊരു ബന്ധവും അവർക്ക് അവകാശപ്പെടാനില്ലാത്ത മേഖലയാണ് സ്ത്രീ ശാക്തീകരണവും. (ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള സംഘപരിവാറിന്റെ ഏറ്റവും വലിയ വിമർശനം ‘ന സ്ത്രീ സ്വാതന്ത്രമർഹതീ ‘ തുടങ്ങിയ മഹത്തായ ആദർശങ്ങൾ അടങ്ങിയ മനുസ്മൃതിയെ അംബേദ്കറും സംഘവും പാടേ തള്ളിക്കളഞ്ഞു എന്നുള്ളതാണ്).

അംബേദ്കർ

മണ്ഡല പുനർ നിർണ്ണയം നടപ്പിലായാൽ അതിന്റെ സ്വാഭാവിക ഫലങ്ങൾ എന്ന നിലയിൽ എന്തൊക്കെ ഈ രാജ്യത്ത് സംഭവിക്കാനിടയുണ്ട് എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ മാത്രമേ ആ വിഷയത്തിൽ ഒരു അഭിപ്രായ രൂപീകരണം സാധ്യമാകൂ.ഈ ബില്ലിലൂടെ ബിജെപി പ്രാഥമികമായി ലക്ഷ്യം വയ്ക്കുന്നത് ഭരണഘടനയുടെ 81,82 എന്നീ അനുഛേദങ്ങളെയാണ്. 81ആം അനുഛേദമാണ് ലോക്സഭയുടെ പരമാവധി അംഗസംഖ്യയെ സംസ്ഥാനങ്ങളിൽ നിന്ന് 530 എന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 20 എന്നും അങ്ങനെ ആകെ 550 എന്നും നിജപ്പെടുത്തിയിരിക്കുന്നത്. 82 ആം അനുഛേദം ഓരോ സെൻസസ് പൂർത്തിയാകുമ്പോഴും ജനസംഖ്യയിൽ ഉണ്ടാകുന്ന വ്യതിയാനം കണക്കിലെടുത്ത് സംസ്ഥാനങ്ങളുടെ ലോക് സഭയിലെ അംഗസംഖ്യ പുനർനിർണ്ണയിക്കാനും സംസ്ഥാനത്തിനകത്തെ നിയോജകമണ്ഡലങ്ങളുടെ അതിർത്തികളിൽ ആവശ്യമായ മാറ്റം വരുത്താനും പാർലമെന്റിനെ അധികാരപ്പെടുത്തുന്നു. ഈ പ്രക്രിയയെ ഡിലിമിറ്റേഷൻ അഥവാ മണ്ഡല പുനർനിർണ്ണയം എന്ന് വിളിക്കുന്നു.

ഇന്ത്യ പോലെ ഒരു ദരിദ്ര രാജ്യത്തിനു താങ്ങാൻ കഴിയാത്ത വിധത്തിലുള്ള ജനസംഖ്യാ വിസ്ഫോടനമുണ്ടായ 1970കളിലാണ് രാജ്യം കുടുംബാസൂത്രണ നയം നടപ്പാക്കിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെയും ജീവിത നിലവാരത്തിന്റെയും പിൻബലത്തിൽ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കുകയും തൽഫലമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനസംഖ്യ ഗണ്യമായി കുറയുകയും ചെയ്തു.

ജനസംഖ്യാനുപാതികമായി ലോക് സഭയിലെയും നിയമ സഭയിലെയും സീറ്റുകൾ വർദ്ധിപ്പിക്കുന്ന ഭരണഘടനാ തത്വമനുസരിച്ചു മുന്നോട്ട് പോയാൽ രാഷ്ട്ര താല്പര്യം മുൻനിർത്തി ഒരു ദേശീയ നയം കാര്യക്ഷമമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിത്യവും, വിലപേശൽ ശേഷിയും അവർക്ക് നഷ്ടമാകും. ദക്ഷിണേന്ത്യയോടുള്ള ഈ അനീതി തടയുക എന്ന ഉദ്ദേശത്തോട് കൂടിയാണ് 1976-ലെ 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനർനിർണ്ണയവും സീറ്റുകളുടെ എണ്ണവും വരുന്ന 25 വർഷത്തേക്ക് 1971 സെൻസസിന്റെ അടിസ്ഥാനത്തിൽ തന്നെ തുടരണം എന്ന് തീരുമാനിച്ചത്. പിന്നീട് 2001ലെ 81ആം ഭരണഘടനാ ഭേദഗതിയിലൂടെ 25 വർഷത്തേക്ക് കൂടി 1971 ലെ സെൻസസ് മണ്ഡല പുനർ നിർണ്ണയത്തിന്റെ അടിസ്ഥാനമായി ഉപയോഗിക്കാൻ തീരുമാനം ആയത്.

2003 – ൽ 87 ആം ഭരണഘടനാ ഭേദഗതിയിലൂടെ സീറ്റുകളുടെ ആകെ എണ്ണത്തിലോ, സംസ്ഥാനങ്ങളുടെ വിഹിതത്തിലോ മാറ്റം വരുത്താതെ 2001 സെൻസസിലെ ജനസംഖ്യ അനുസരിച്ചു മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ വിന്യസിക്കുകയാണ് ചെയ്തത്. ഭരണഘടനാനുസൃതമായി അടുത്ത മണ്ഡല പുനർനിർണ്ണയം നടത്തേണ്ടത് 2026-ലാണ്. അതിനായി 2021-ലെ സെൻസസ് വിവരങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിൽ സെൻസസ് പ്രക്രിയ നടത്തിയിട്ടില്ല.

ഓരോ സെൻസസിനും ശേഷമായിരിക്കണം മണ്ഡല പുനർനിർണ്ണയം എന്ന ഭരണഘടനാ തത്വത്തെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്

കോവിഡിന്റെ പേരിലാണ് 2021-ലെ സെൻസസ് നീട്ടിവെച്ചതെങ്കിലും കോവിഡ് കാലം കഴിഞ്ഞു വർഷങ്ങൾ പലതു കഴിഞ്ഞിട്ടും സെൻസസിനെ സംബന്ധിച്ച് സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണ്. സമ്പദ് വ്യവസ്ഥ, ദാരിദ്ര നിർമ്മാർജ്ജനം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ അവകാശ വാദങ്ങളുടെ നിജസ്ഥിതി പുറത്തു വരുമോ എന്ന ഭയവും, ജാതി സെൻസസ് കൂടി ഇതോടൊപ്പം നടത്തുന്നതിൽ ബിജെപിയ്ക്കുള്ളിൽ തന്നെയുള്ള എതിർപ്പും മൂലം സെൻസസ് നടത്താൻ സർക്കാർ ബോധപൂർവം വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

131 ആം ഭരണഘടനാ ഭേദഗതി നടപ്പാക്കി ലോകസഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം 550 ഇൽ നിന്നും വർദ്ധിപ്പിച്ചു 850 ആക്കി മാറ്റണം എന്നതാണ് മോദി സർക്കാർ മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന ലക്ഷ്യം. ഈ വർദ്ധനവിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കാൻ കഴിയൂ എന്ന ബി ജെ പി വാദത്തിൽ യുക്തിയുടെ കണിക പോലും കാണാൻ കഴിയില്ല എന്നതാണ് വസ്തുത.

എന്താണ് ഈ ഭരണഘടനാ ഭേദഗതിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്? ഓരോ സെൻസസിനു ശേഷവും വേണം മണ്ഡലങ്ങൾ പുനർ നിർണ്ണയിക്കാൻ എന്ന ഭരണഘടനാ തത്വത്തെയാണ് ബിജെപി ആദ്യമായി ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീ സംവരണം കൊണ്ട് വന്നു എന്ന കാര്യം ഉയർത്തി കാട്ടി വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ടുകൾ കഴിയുന്നത്ര പെട്ടിയിൽ ആക്കുക എന്നതാണ് ബിജെപി മുന്നിൽ കാണുന്ന ആദ്യത്തെ അജണ്ട.

വനിതാ സംവരണത്തിന് ഉപാധിയായി വച്ചിരിക്കുന്ന ഭരണഘടനാ ഭേദഗതികളുടെ പേരിൽ പ്രതിപക്ഷം ഇതിനെ സ്വാഭാവികമായും എതിർക്കും. അങ്ങനെ എതിർത്താൽ അവരെ സ്ത്രീവിരുദ്ധരായി ചിത്രീകരിക്കുകയും അതിന്റെ പേരിൽ സ്ത്രീകളെ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്ക് എതിരാക്കുകയും ചെയ്യാം എന്നും ബിജെപി കണക്ക് കൂട്ടുന്നു. രണ്ടായാലും തങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ഇത്‌ കൊണ്ട് നേട്ടം ഉണ്ടാക്കാം എന്നതാണ് ഇതിനു പിന്നിലെ കുബുദ്ധി. മാത്രമല്ല തങ്ങൾക്ക് എന്നും ബാലി കേറാമലയായി തുടരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കൂടാതെ പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ കൂടിയാണ് ഈ ഭേദഗതിയിലൂടെ മോദിയും കൂട്ടരും ലക്ഷ്യമിടുന്നത്.

50% സീറ്റുകൾ രാജ്യത്താകെ വർദ്ധിക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായ വർദ്ധനവ് ഉണ്ടാകും എന്ന വാദം ബിജെപി പാർലമെന്റിൽ ഉയർത്തുന്നുണ്ട് എങ്കിലും അത്തരത്തിൽ യാതൊരുറപ്പും പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി നിയമത്തിന്റെ ഭാഗമായി എഴുതി ചേർത്തിട്ടില്ല. വ്യക്തമായി എഴുതി ചേർക്കാത്ത പക്ഷം അവയെല്ലാം കേവലം അവകാശ വാദങ്ങൾ മാത്രമായി അവശേഷിക്കും. 2011 ലെ സെൻസസ് അനുസരിച്ചു മണ്ഡല പുനർ നിർണ്ണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിത്യം കുറയും എന്നത് ഉറപ്പാണ്. ഉദാഹരണത്തിനു കേരളത്തിന്റെ നിലവിലെ 20 സീറ്റുകൾ 2011- ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ പുനർനിർണ്ണയിച്ചാൽ 15 ആയി കുറയും. പുനർനിർണ്ണയത്തിന് ശേഷം 50% വർദ്ധനവ് നടപ്പാക്കിയാലും കേരളത്തിന്റെ സീറ്റുകൾ 22 മാത്രമേ ആകുന്നുള്ളു.

അതേ സമയം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്തർ പ്രദേശിനെ ഉദാഹരണമായി എടുത്താൽ 2011-ലെ സെൻസസ് അനുസരിച്ചു പുനർനിർണ്ണയം നടത്തിയാൽ ഉത്തർ പ്രദേശിന്റെ ലോകസഭാ സീറ്റുകളിൽ 9 സീറ്റുകളുടെ വർദ്ധനവ് ഉണ്ടാകും. അങ്ങനെ അത് 80 -ൽ നിന്നും 89 ആയി ഉയരും. അതോടൊപ്പം 50% സീറ്റ് വർദ്ധനവ് കൂടി ആകുമ്പോൾ അത് 133 സീറ്റുകൾ ആയി വർദ്ധിക്കും. ഇതല്ലാത്ത ഒരു സാഹചര്യം നിലവിൽ വരണമെങ്കിൽ 1971 ലെ ജനസംഖ്യ അനുസരിച്ചു പുനർനിർണ്ണയം തുടരാനും ആകെ സീറ്റുകളുടെ എണ്ണം മാത്രം എല്ലാ സംസ്ഥാനങ്ങളിലും 50% വെച്ച് പൊതുവിൽ വർദ്ധിപ്പിക്കുകയും ചെയ്യണം. എന്നാൽ നിലവിലെ ഭേദഗതി ഇത്തരത്തിലല്ല എഴുതപ്പെട്ടിരിക്കുന്നത്. മറിച്ച് ഈ കാര്യങ്ങൾ എല്ലാം തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിന് ഏകപക്ഷീയമായി നൽകുന്നു. ഒരിക്കൽ ഈ ഭേദഗതി പാസ്സായാൽ പിന്നെ മണ്ഡല പുനർനിർണ്ണയം നടത്തേണ്ടത് കേന്ദ്ര സർക്കാർ നിയമിക്കുന്ന ഡെലിമിറ്റേഷൻ കമ്മീഷൻ ആണ്. അതിനായി സർക്കാർ തീരുമാനിക്കുന്ന വർഷത്തെ സെൻസസ് വിവരങ്ങൾ ഉപയോഗിക്കാം.

കമ്മീഷനിൽ ചെയർമാൻ (വിരമിച്ച/നിലവിലെ സുപ്രീം കോടതി ജഡ്ജി), ചീഫ് ഇലക്ഷൻ കമ്മീഷണർ, അതാത് സംസ്ഥാനങ്ങളുടെ ഇലക്ഷൻ കമ്മീഷണർമാർ എന്നിവരാണ് സ്ഥിരാംഗങ്ങൾ. ഇവരെ കൂടാതെ സംസ്ഥാനത്തെ എം പി മാരിൽ നിന്നും ലോക് സഭാ സ്പീക്കർ തിരഞ്ഞെടുക്കുന്ന 5 അംഗങ്ങൾ, സംസ്ഥാന നിയമസഭയിൽ നിന്നും നിയമസഭാ സ്പീക്കർ തിരഞ്ഞെടുക്കുന്ന 5 അംഗങ്ങൾ ഇവർ കൂടി ചേരുന്നതാണ് ഡീലിമിറ്റേഷൻ കമ്മീഷൻ. തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾക്കും വോട്ട് അവകാശമില്ല എന്നതും, ഒരിക്കൽ തീരുമാനം ആയി ഗസറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞ കമ്മീഷൻ തീരുമാനങ്ങൾ ഇന്ത്യയിലെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് കൂടി മനസ്സിലാക്കിയാലേ വരാൻ സാധ്യതയുള്ള അപകടത്തിന്റെ തോത് മനസ്സിലാക്കാൻ കഴിയൂ.

ഇത്‌ മാത്രമല്ല ലോക് സഭയുടെ അംഗസംഖ്യ മാത്രം 50% വർദ്ധിപ്പിക്കുകയും സംസ്ഥാനങ്ങളുടെ ശബ്ദം ആകേണ്ട രാജ്യ സഭയെ പഴയ നിലയിൽ നിലനിർത്തുകയും ചെയ്യുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. രാജ്യ സഭയിൽ മൂന്നിൽ രണ്ട് പേരുടെ എതിർപ്പ്‌ മൂലം നടപ്പാക്കാതെ പോയ ഒരു ബില്ല് പാസാക്കാൻ പിന്നെ സർക്കാരിന് ആകെ ആവശ്യമായി വരുന്നത് ലോക്സഭയിലെ 56% പേരുടെ പിന്തുണ മാത്രമാണ്.ഈ രാജ്യത്തിന്റെ വൈവിധ്യത്തെയും സംസ്ഥാനങ്ങളുടെ താല്പര്യങ്ങളയും പ്രതിനിധീകരിക്കാൻ നമ്മൾ സൃഷ്ടിച്ചെടുത്തതും , ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതുമായ ഒരു നിയമനിർമ്മാണ സംവിധാനത്തെയാണ് അധികാരമോഹത്തെ മാത്രം മുൻനിർത്തി സംഘപരിവാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

അഞ്ചു വർഷത്തിൽ ഒരിക്കൽ വോട്ട് ചെയ്യാൻ ലഭിക്കുന്ന അവസരം മാത്രമല്ല ജനാധിപത്യത്തെ നിർവചിക്കുന്നത്. നിയമ നിർമ്മാണ സഭകൾക്ക് അകത്തും പുറത്തും നടക്കുന്ന നിലവാരമുള്ള സംവാദങ്ങളാണ് (quality deliberations)ജനാധിപത്യത്തെ ആഴമുള്ളതും അർത്ഥപൂർണവുമായി നിലനിർത്തുന്നത്. 120 – 135 ദിവസങ്ങൾ ശരാശരി സമ്മേളിച്ചിരുന്ന, എല്ലാ ബില്ലുകൾക്ക് മേലും സജീവമായ ചർച്ചകൾ നടന്നിരുന്ന ജനാധിപത്യ തുറസ്സുകളായിരുന്നു നെഹ്‌റുവിയൻ കാലഘട്ടത്തിലെ ഇന്ത്യൻ പാർലമെന്റ്. അത് മോദിയുടെ കാലഘട്ടത്തിൽ എത്തിയപ്പോൾ സമ്മേളനങ്ങളുടെ എണ്ണം ശരാശരി 55 മുതൽ – 70 വരെയായി ചുരുങ്ങി. കർഷക നിയമം പോലുള്ള സുപ്രധാന നിയമങ്ങൾ പോലും വിശദമായ ചർച്ചകൾക്കായി കമ്മറ്റി ഘട്ടങ്ങളിലേക്ക് പോകാതെ നിയമമായി മാറുന്ന സ്ഥിതി വിശേഷമുണ്ടായി. അതായത് നിലവിലുള്ള എം പി മാർക്ക് പോലും സംസാരിക്കാനോ ചർച്ചകളിൽ പങ്കെടുക്കാനോ മതിയായ അവസരം ലഭിക്കാത്ത നിലവിലെ ലോക്സഭയുടെ അംഗ സംഖ്യ 50% വർദ്ധിപ്പിച്ചാൽ എം പിമാരുടെ പങ്കാളിത്തത്തിന്റെ നിലവാരം വീണ്ടും മോശമാക്കാൻ മാത്രമായിരിക്കും അത് ഉപകരിക്കുക.

2003-ൽ പാർലമെന്റ് പാസ്സാക്കിയ 91 ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് മന്ത്രിസഭയുടെ പരമാവധി അംഗസംഖ്യ പാർലമെന്റ് അംഗങ്ങളുടെ എണ്ണത്തിന്റ 15% ആയി നിജപ്പെടുത്തിയത്. അതനുസരിച്ച് 850 പാർലമെന്റ് അംഗങ്ങളുണ്ടെങ്കിൽ മന്ത്രിസഭയിൽ 122 അംഗങ്ങൾ വരെ ആകാം. മന്ത്രാലയങ്ങളുടെ പരസ്പര സഹകരണം ഈ കാലഘട്ടത്തിൽ കാര്യക്ഷമമായ ഭരണനിർവഹണത്തിന് അനിവാര്യമാണ് എന്നിരിക്കെ അതിന്റെ എണ്ണം അശാസ്ത്രീയമായി വർദ്ധിപ്പിക്കുന്നത് ഭരണ നിർവ്വഹണം കൂടുതൽ ചിലവേറിയതും ദുഷ്കരവുമാക്കി മാറ്റാൻ മാത്രമേ ഉപകരിക്കൂ.ഉദാഹരണത്തിന് കൽക്കരി, പെട്രോളിയം, ഊർജ്ജം ഇവയെല്ലാം വ്യത്യസ്ത മന്ത്രാലയങ്ങൾക്ക് കീഴിൽ വരുന്നത് രാജ്യത്തിന് ഏകീകൃതവും, സമഗ്രവുമായ ഒരു ഊർജ്ജ നയം നിർമ്മിക്കുന്നതിനെ തുരങ്കം വയ്ക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം വിവിധ ഘടകകക്ഷി മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകാനും ഇടയുണ്ട്.

ഏതൊരു നിയമ നിർമ്മാണവും ഭരണഘടനാ ഭേദഗതിയും അടിസ്ഥാനപരമായി ലക്ഷ്യം വയ്ക്കേണ്ടത് നിലവിലെ വ്യവസ്ഥിതിയെയും പൗരൻമാരുടെ ജീവിതത്തെയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ്. അത്തരത്തിൽ യാതൊരു ലക്ഷ്യവും കൈവരിക്കാൻ വിദൂര സാധ്യത പോലും ഇല്ലാത്ത, രാജ്യത്തിന്റെ നിലനിൽപ്പിനു ആധാരമായ ജനാധിപത്യ സങ്കല്പത്തെ, ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്താനും മാത്രം പര്യാപ്തമായ ഈ ഭേദഗതി കൊണ്ട് സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നത് ഈ രാജ്യം നിരന്തരമായി ഭരിക്കാനുള്ള മാർഗം തേടൽ മാത്രമാണ്. അതിനായി തങ്ങളുടെ ഹിന്ദു രാജ്യ സങ്കല്പത്തിന് എക്കാലത്തും വിലങ്ങു തടിയായ ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ശക്തിയെ അപ്രസക്തമാക്കുക എന്നതാണ്. അപരമത വിദ്വേഷം മാത്രം രാഷ്ട്രീയ മൂലധനമാക്കി തങ്ങൾക്ക് ഒപ്പം നിർത്താൻ കഴിയും എന്ന് അവർക്ക് ഉറച്ച ബോധ്യമുള്ള ഇടങ്ങൾക്ക് മാത്രം ശക്തി പകരലാണ്. ഇന്ത്യയെന്ന മതേതര റിപബ്ലിക്കിനെ അകമേ നിന്ന് ദുർബലപ്പെടുത്താൻ കഴിയും വിധം അതിന്റെ സംരക്ഷണ കവചമായ ഭരണഘടനയെ എന്നെന്നേക്കുമായി തകർക്കലാണ്.

ചുരുക്കി പറഞ്ഞാൽ മണ്ഡല പുനർ നിർണ്ണയമോ, നിലവിലെ സീറ്റുകളിലെ 50% വർദ്ധനവോ, അതിനു ശേഷം നടത്താൻ ഇരിക്കുന്ന വനിതാ സംവരണമോ അല്ല നമ്മുടെ യഥാർത്ഥ പ്രശ്നം. അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം എങ്ങനെയാണ് സംഘപരിവാർ മാറ്റി വരയ്ക്കാൻ പോകുന്നത് എന്നതാണ്, ഏത് മാനദണ്ഡം അനുസരിച്ചാണ് അവർ സീറ്റുകൾ പങ്കു വയ്ക്കാൻ
പോകുന്നത് എന്നതാണ്, അതിലൂടെ എന്താണ് അവർ ലക്ഷ്യമിടുന്നത് എന്ന കാര്യങ്ങളിലെ വ്യക്തതയാണ്. ഈ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും വ്യക്തത വരുത്താൻ ഇതേ ഭരണഘടനാ ഭേദഗതി ബില്ലിലൂടെ തന്നെ കഴിയും എന്നിരിക്കെ എല്ലാ അധികാരങ്ങളും കേവല ഭൂരിപക്ഷം കൈവശമുളള സർക്കാരിന്റെ കാൽകീഴിൽ സമർപ്പിച്ച്, ഒരിക്കലും ഉണ്ടാകാൻ ഇടയില്ലാത്ത സംഘപരിവാറിന്റെ ഔദാര്യബുദ്ധിയെ വിശ്വസിച്ചു ജീവിക്കേണ്ട ഗതികേടിലേക്ക് നമ്മൾ സ്വയം കാലെടുത്തു വെച്ചില്ല എന്നതിൽ നമുക്ക് അഭിമാനിക്കാം. വൈകാരികമായ പ്രചരണങ്ങളിൽ വീണു പോകാതെ, ശക്തമായ ഒരു പ്രതിപക്ഷത്തെ കൂടി ലോക് സഭയിലേക്ക് പറഞ്ഞയക്കാൻ മനസ്സു കാണിച്ച അവശേഷിക്കുന്ന നമ്മുടെ ജനാധിപത്യ ബോധത്തിന് നല്ല നമസ്കാരം.

സംഗീത് കെ

സംഗീത് കെ

ഭരണഘടനാ വിദഗ്ധൻ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *