പി. കൃഷ്ണപിള്ള എന്ന സ്വയം നിർമിത കമ്മ്യൂണിസ്റ്റ്

തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷക സംഘത്തിൽ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടിപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ-ബഹുജനസംഘടനകളുടെ ശക്തമായ അടിത്തറ പാകിയത് – പി കൃഷ്ണപിള്ളയുടെ 50-ാം ചരമവാർഷികത്തിൽ മുൻ മുഖ്യമന്ത്രിയും പി.കൃഷ്ണപിള്ളയുടെ അവസാന കേഡറുമായിരുന്ന വി.എസ് അച്യുതാനന്ദൻ ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

രനൂറ്റാണ്ടുകഴിഞ്ഞിട്ടും ആ വ്യക്തിത്വവും അത് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാക്കിയ വിടവും സ്മ‌രണയിൽ ജീവൻതുടിച്ചു നിൽക്കുന്നു. സഖാവ് എന്ന ഓമനപ്പേരിൽ ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്ന കൃഷ്ണപിള്ളയുടെ അസാധാരണ വ്യക്തിത്വത്തെ ഇ.എം.എസ്, എ.കെ.ജി തുടങ്ങി മുതിർന്ന നേതാക്കൾ മുതൽ സാധാരണ അംഗങ്ങൾ വരെ അകമഴിഞ്ഞ് ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഘടനാ വൈഭവത്തെ എല്ലാവരും അംഗീകരിച്ചിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉറച്ച അടിത്തറ രാഷ്ട്രീയമായും സംഘടനാപരമായും സൃഷ്ടിക്കുന്നതിൽ കൃഷ്ണപിള്ളയുടെ സംഭാവന അളവറ്റതാണ്.

അക്കാലത്ത് രാഷ്ട്രീയ രംഗത്ത് ശോഭിച്ചത് ഉന്നതവിദ്യാഭ്യാസം നേടി അഭിഭാഷകരായും മറ്റും പ്രവർത്തിച്ച് സമൂഹത്തിൽ അംഗീകാരം നേടിയവരാണ്. സാധാരണക്കാരിൽനിന്നു രാഷ്ട്രീയത്തിലേക്ക് ആരെങ്കിലും കടന്നുചെല്ലുന്നതും അവർ അവിടെ അംഗീകരിക്കപ്പെടുന്നതും അപൂർവമായിരുന്നു. മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് എല്ലാവിഭാഗം ജനങ്ങളെയും അതിൽ പങ്കാളികളാക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യത്തിൽ ഒരു മാറ്റം അഖിലേന്ത്യാടിസ്ഥാനത്തിൽ അനുഭവപ്പെടാൻ തുടങ്ങിയത്.

മഹാത്മാഗാന്ധി

1920ൽ രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളെയും കൃഷിക്കാരെയും മറ്റും സംഘടിപ്പിക്കാൻ തുടങ്ങിയതോടെ ഈ പ്രവണത ശക്തിപ്പെട്ടു. കൃഷ്ണപിള്ള എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. വലിയ വിദ്യാഭ്യാസമൊന്നും നേടാൻ കഴിഞ്ഞില്ല. സ്വയം മുൻകൈയെടുത്താണ് വടക്കേ ഇന്ത്യയിൽ പോയി ഹിന്ദി പഠിച്ച് ഹിന്ദിപ്രചാരകനായി കേരളത്തിലേക്കു മടങ്ങിവന്നത്. അതിനിടെ അദ്ദേഹം സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും ബന്ധപ്പെട്ടിരുന്നു. കേരളത്തിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഹിന്ദി പഠിപ്പിക്കുന്നതിൽനിന്ന് കോൺഗ്രസ് പ്രവർത്തനത്തിലേക്ക് അതിവേഗം മാറി. തൊഴിലാളികളെയും കൃഷിക്കാരെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളെയും സ്വാതന്ത്യസമര പ്രസ്ഥാനത്തിലേക്കു കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രമുഖമായ പങ്കുവഹിച്ചു. അതോടെ കോൺഗ്രസിൻ്റെ ഉള്ളട ക്കത്തിലും അതിൻ്റെ നേതൃത്വത്തിലും മാറ്റം വന്നു. വലതുപക്ഷ കോൺഗ്രസുകാരെ തള്ളിനീക്കി അബ്‌ദുൾ റഹ്‌മാൻ സാഹിബിനെയും കൃഷ്ണ‌പിള്ളയെയും പോലെ സാധാരണക്കാരിൽ നിന്ന് ഉയർന്നുവന്നവർ കോൺഗ്രസ് നേതൃത്വത്തിലേക്കുയർന്നു.

ഇതിനിടെ കോൺഗ്രസിനുള്ളിലെ സോഷ്യലിസ്റ്റ് വിഭാഗം ഒരു പാർട്ടിയായി സംഘടിച്ചപ്പോൾ അതിലേക്കും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയി ലേക്കും കൃഷ്ണപിള്ള ഇ എം എസിനോടും മറ്റു പല പുരോഗമനാശയ ഗതിക്കാരോടുമൊപ്പം നീങ്ങി. ഇതൊക്കെ 1930കളിൽ അഞ്ചാറുവർഷങ്ങൾക്കകം സംഭവിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയഗതി തിരിച്ചുവിട്ട നാളുകളായിരുന്നു അവ. താനുമായി ബന്ധപ്പെടുന്ന ഏതൊരാളെയും വശീകരിക്കാനും ഉദ്ബുദ്ധരാക്കാനും കർമനിരതരാക്കാനും കൃഷ്‌ണപിള്ളയ്ക്കുണ്ടായിരുന്ന കഴിവ് അസാമാന്യമായിരുന്നു.

തിരുവിതാംകൂറിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും മലബാറിൽ കോഴിക്കോട്ടും കണ്ണൂരും മറ്റും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും കൃഷിക്കാരെ കർഷക സംഘത്തിൽ സംഘടിപ്പിക്കുന്നതിനും അധ്യാപകർ തുടങ്ങിയ മറ്റു വിഭാഗക്കാരെ സംഘടിപ്പിക്കുന്നതിനും കൃഷ്‌ണപിള്ള നൽകിയ നേതൃത്വമാണ് കേരളത്തിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള വർഗ-ബഹുജനസംഘടനകളുടെ ശക്തമായ അടിത്തറ പാകിയത്.

അക്കാര്യത്തിൽ അദ്ദേഹത്തിന്റെ നേതൃപാടവം അന്യാദൃശമായിരുന്നു. ആലപ്പുഴയിൽ കയർത്തൊഴിലാളികളെയും മറ്റും സംഘടിപ്പിക്കുന്നതിലും അവരുടെ പ്രക്ഷോഭസമരങ്ങൾ നയിക്കുന്നതിലും ഈ സിദ്ധി അദ്ദേഹം പ്രകടമാക്കി. 1938ലെ പ്രസിദ്ധമായ കയർത്തൊഴിലാളി പണിമുടക്ക് അഭൂതപൂർവമായ വിജയമായിരുന്നു. അതിൽ തൊഴിലാളികൾ വൻതോതിൽ പങ്കെടുത്തു. അവർ ആവേശ ഭരിതരായി. സമരത്തിന്റെ ശക്തി കണ്ട് മുതലാളിമാർ ഒത്തുതീർപ്പിനു തയ്യാറായി. ചില ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അവർ സമ്മതിച്ചു. എന്നാൽ ആവശ്യങ്ങൾ മുഴുവൻ അംഗീകരിച്ചേ സമരം പിൻവലിക്കാൻ പാടുള്ളൂ എന്നായി പ്രവർത്തകരിൽ ചിലർ. നേതൃത്വത്തിലെ ചിലരാവട്ടെ അവരുടെ സമ്മർദത്തിനും വഴങ്ങി.

ഈ ആവശ്യത്തോടും നിലപാടിനോടും പക്ഷെ, കൃഷ്ണപിള്ള യോജിച്ചില്ല. സാധാരണ തൊഴിലാളികളുടെ ആവശ്യം പാടെ നിഷേധിക്കാറുള്ള മുതലാളിമാർ ഒത്തുതീർപ്പിനു തയ്യാറായതുതന്നെ വലിയ നേട്ടമാണെന്നും അതുകൊണ്ട് സമരം പിൻവലിക്കുകയാണ് വേണ്ടതെന്നും കൃഷ്ണപിള്ള വാദിച്ചു.

ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ സംഘടന കുറേക്കൂടി ശക്തിപ്പെടുത്തി മറ്റാവശ്യങ്ങൾ നേടിയെടുക്കുന്നതിന് പിന്നീട് സമരം ചെയ്യാം – കൃഷ്‌ണപിള്ള പറഞ്ഞു. മാത്രമല്ല, സമരം തുടരണമെന്നു വാദിച്ചവരെ തൻ്റെ അഭിപ്രായം ബോധ്യപ്പെടുത്തുകയും ചെയ്തു. സമരം എപ്പോൾ തുടങ്ങണം, എപ്പോൾ എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ സഖാവിനുണ്ടായിരുന്ന അസാധാരണമായ ഉൾക്കാഴ്‌ച കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ പൈതൃകമാണ് ഇപ്പോഴും സി പി ഐ (എം)ന് തൊഴിലാളിരംഗത്തുള്ള കൈ മുതൽ.

കൃഷ്ണപിള്ളയ്ക്കും അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിക്കും പൊതുവിലും പല കാര്യങ്ങളും ദീർഘവീക്ഷണം ചെയ്യാൻ കഴിഞ്ഞിരുന്നു. മലബാറിൽ 1946ൽ മുനിസിപ്പൽ തിരഞ്ഞെടുപ്പുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കുമുമ്പിൽ വെച്ച പരിപാടിയിലെ പ്രധാന ഇനം തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന പക്ഷം പാർട്ടി ജനപങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റികളിലെ വികസനപ്രവർത്തനങ്ങൾ നടത്തുമെന്നായിരുന്നു. വാർഡു തോറും ജനകീയ കമ്മിറ്റികൾ സംഘടിപ്പിക്കുമെന്നും അവരുമായി ആലോചിച്ചാണ് വാർഡ് അംഗങ്ങൾ വാർഡ് വികസനപരി പാടി തയ്യാറാക്കുക എന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റിയുടെ പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കുക എന്നും കൃഷ്ണപിള്ള വിസ്തരിച്ചു പറഞ്ഞിട്ടുള്ളത് ‘സഖാക്കളേ മുന്നോട്ട്’ എന്ന അദ്ദേഹത്തിന്റെ ലേഖനസമാഹാരത്തിൽ കാണാം. ഇതേ അടിസ്ഥാനത്തിലാണ് ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ അക്കാലത്ത് പാർട്ടിക്ക് ഭരണനേതൃത്വം ലഭിച്ചപ്പോൾ വികസന പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയത്.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *