വി.എസ് – കുട്ടനാട്ടിലുയർന്ന അരിവാൾ, കേരളത്തെ ഉഴുതുമറിച്ച കമ്മ്യൂണിസ്റ്റ്

സ്വതന്ത്ര്യപൂർവ കേരളത്തിൽ, കുട്ടനാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ – ജാതി വ്യവസ്ഥകളെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടത് നിരവധിയായ കർമപദ്ധതികളിലൂടെയായിരുന്നു. അതിൻ്റെയെല്ലാം അമരത്ത് പാർട്ടി നിയോഗിച്ചത് വി.എസ് അച്യുതാനന്ദൻ എന്ന നേതാവിനെയായിരുന്നു, മികച്ച സംഘാടകനെയായിരുന്നു. അത് കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് വലിയ വഴിത്തിരിവായി. കുട്ടനാട്ടിൽ നിന്ന് കമ്മ്യൂണിസ്റ്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ വി.എസിന് കേരളത്തിൻ്റെ സാമ്പത്തിക – സാമൂഹിക രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടായിരുന്നു. തികഞ്ഞ ബോൾഷെവിക് ബോധ്യം. വി.എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബോൾഷെവിക് ജീവിതത്തെയും ബോധ്യങ്ങളെയും വിലയിരുത്തുന്ന ലേഖനം.

ഹൈസ്‌കൂള്‍ കാലത്ത് വിഖ്യാത സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’ നോവല്‍ ആദ്യമായി വായിച്ചത് സജീവമായ ഒരോര്‍മയാണ് ഇന്നും. 1940കളില്‍ കുട്ടനാട്ടിലെ ദളിത് കർഷക തൊഴിലാളികളും മറ്റു ദരിദ്ര കര്‍ഷകരും അഭിമുഖീകരിച്ച സാമൂഹിക, സാമ്പത്തിക ചൂഷണങ്ങളാണ് നോവലിന്റെ പശ്ചാത്തലം. വൻകിട ജന്മിമാരും കായൽ രാജാക്കന്മാരും നിയന്ത്രിച്ചിരുന്ന കാർഷിക ബന്ധങ്ങളുടെ ക്രൂരതയും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വവിരുദ്ധ, ജന്മിവിരുദ്ധ, മുതലാളിത്ത വിരുദ്ധ പോരാട്ടവും ഈ നോവൽ ഒപ്പിയെടുക്കുന്നു.

തകഴിയും രണ്ടിടങ്ങഴിയും

രണ്ടിടങ്ങഴിയില്‍ വിശദമാക്കിയിട്ടുള്ള ജന്മിമാരുടെയും കായൽ രാജാക്കന്മാരുടെയും അങ്ങേയറ്റത്തെ ചൂഷണവും ഹിംസയും എന്റെ തലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഊഹിക്കാവുന്നതിനുമപ്പുറമായിരുന്നു. കര്‍ഷകത്തൊഴിലാളികളുള്‍പ്പെടുന്ന അടിസ്ഥാനവര്‍ഗം നിരന്തരം നേരിട്ടുപോന്ന, ഹൃദയഭേദകമായ എന്നാല്‍ സര്‍വസാധാരണമായിരുന്ന ലൈംഗികചൂഷണം ഇതിനൊരുദാഹരണമാണ്. 1999ല്‍ ഞാൻ ഈ പുസ്തകം വായിക്കുമ്പഴേക്കും കേരളത്തിലെ വർഗശക്തികൾ തമ്മിലുള്ള പാരസ്പര്യം / പരസ്പര ബന്ധം (correlation of class forces), പ്രസ്തുത നോവലിലെ വര്‍ണനകളെ ക്രൂരമായ ഒരു മുത്തശ്ശിക്കഥയിലേതെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന തരത്തില്‍ മാറിയിരുന്നു. സാമൂഹികബന്ധങ്ങളിലുണ്ടായ അടിസ്ഥാനപരമായ ഈ മാറ്റം കമ്മ്യൂണിസ്റ്റുകാര്‍ അഹോരാത്രം പണിയെടുത്ത് സാധ്യമാക്കിയ കാര്‍ഷിക വിപ്ലവത്തിന്റെ അനുരണനമായിരുന്നു.

ഡിസംബർ 5, 1922ല്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നാലാം കോണ്‍ഗ്രസില്‍ ദ കമ്മീഷന്‍ ഓണ്‍ ദ ഈസ്റ്റേണ്‍ ക്വസ്റ്റ്യന്‍ സുപ്രധാനമായ ഒരു പ്രേമേയം തയ്യാറാക്കി. ലെനിൻ രാഷ്ട്രീയ മേൽനോട്ടം വഹിച്ച് തയ്യാറാക്കിയ തീസിസ് ഓണ്‍ ദി ഈസ്റ്റേണ്‍ ക്വസ്റ്റ്യന്‍ എന്ന പ്രസ്തുത പ്രമേയത്തിന്റെ കാതൽ ഇതായിരുന്നു: “കൊളോണിയല്‍, അര്‍ദ്ധ-കൊളോണിയല്‍ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുന്നില്‍ ഇരട്ട ഉത്തരവാദിത്തങ്ങളാണുള്ളത്; രാഷ്ട്രീയ സ്വാതന്ത്ര്യം നേടുന്നതിന് ലക്ഷ്യമിട്ടുള്ള ബൂര്‍ഷ്വാ-ജനാധിപത്യ വിപ്ലവത്തിനു വേണ്ടി പോരാടുക, ഒപ്പം ദേശീയ ബൂര്‍ഷ്വാ ജനാധിപത്യ ക്യാമ്പിലെ എല്ലാ വൈരുധ്യങ്ങളും മുതലെടുത്തുകൊണ്ട് തൊഴിലാളി – കര്‍ഷക ജനവിഭാഗങ്ങളെ അവരുടെ പ്രത്യേക വര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ സംഘടിപ്പിക്കുകയും ചെയ്യുക.”

കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ മുന്നോട്ടു വച്ച മേല്‍പറഞ്ഞ ‘ഇരട്ട ഉത്തരവാദിത്തങ്ങള്‍’ നടപ്പിലാക്കുന്നതിന് 1940 ല്‍ ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന മുൻ നിര ബോള്‍ഷെവിക്കുകളില്‍ ഒരാളെയാണ് വി.എസിന്റെ വിയോഗത്തോടെ കേരളത്തിന്റെ തൊഴിലാളി വർഗ്ഗത്തിന് നഷ്ടമായത്. 1929-ലെ മഹാമാന്ദ്യത്തിന്റെ ദുരിതങ്ങള്‍ കണ്ടു വളര്‍ന്ന തന്റെ തലമുറയെ 1917-ലെ ബോള്‍ഷെവിക് വിപ്ലവവും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ പ്രവര്‍ത്തനങ്ങളും ആഴത്തില്‍ സ്വാധീനിച്ചുവെന്ന് വി.എസ് ആവര്‍ത്തിച്ചു പറയാറുണ്ട്.

ഇ.എം.എസിനും എ.കെ.ജിക്കുമൊപ്പം വി.എസ്

ഒരു പിന്നാക്കവിഭാഗ കുടുംബത്തില്‍ 1923-ല്‍ പിറന്നുവീണ വി.എസ് കൊളോണിയല്‍ ഭീകരതയും ജന്മി ചൂഷണവും ഒരുപോലെ നേരിട്ടാണ് വളര്‍ന്നത്. അവിടെ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐഎമ്മിന്റെ നേതാവായും വളര്‍ന്ന വി.എസ് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളിലും വിപ്ലവകരമായ പരിവര്‍ത്തനത്തിലുള്ള പ്രതിബദ്ധതയിലും 102 വര്‍ഷം നീണ്ട മനുഷ്യായുസ്സിലുടനീളം അചഞ്ചലനായി നിലകൊണ്ടു.

കുട്ടനാട്ടിലെ തീപ്പൊരി: കയര്‍ തൊഴിലാളികളില്‍ നിന്നും കാര്‍ഷിക വിപ്ലവത്തിലേക്ക്

രണ്ടിടങ്ങഴിയിൽ പ്രതിപാദിക്കുന്നത് പോലെയുള്ള കുട്ടനാട്ടിലെ ജന്മിമാരുടെ അക്രമം അവസാനിപ്പിക്കുന്നതില്‍ വി.എസ് വഹിച്ച പങ്ക് കമ്മ്യൂണിസ്റ്റുകാരനായ എന്റെ മുത്തച്ഛനില്‍ നിന്നാണ് ഞാന്‍ കേട്ടറിഞ്ഞത്. ബൂർഷ്വാ ഭൂപ്രഭു വർഗ്ഗ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിലയുറപ്പിച്ച മലയാളത്തിലെ മുൻനിര പത്രങ്ങളായ മലയാള മനോരമയും, മാതൃഭൂമിയും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രശ്‌നക്കാരനായാണ് വി.എസിനെ ചിത്രീകരിക്കാറുണ്ടായിരുന്നത് എന്ന് സ്‌കൂള്‍ കാലഘട്ടത്തില്‍ പത്രങ്ങള്‍ അരിച്ചുപെറുക്കി വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന ഞാന്‍ ഓര്‍ക്കുന്നു. തങ്ങളുടെ വർഗ്ഗ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുന്നോട്ട് വച്ച നവലിബറൽ വികസന പദ്ധതി നടപ്പിലാക്കുന്നതിന് തടസമായാണ് ബൂർഷ്വാ ഭൂപ്രഭു വർഗ്ഗങ്ങൾ വി.എസിനെ കണ്ടത്. എന്നാൽ കർഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും ജീവനോപാധി സംരക്ഷിക്കുന്നതിനോടൊപ്പം പാരിസ്ഥിതിക സന്തുലനം ഉറപ്പ് വരുത്തുന്നതുമായിരുന്നു നവലിബറൽ വികസന മോഡലിന്റെ കളിപ്പാവ ആവുന്നതിനേക്കാൾ വി.എസിന് പ്രധാനം.

മനോരമയും, മാതൃഭൂമിയും പ്രശ്‌നക്കാരനായാണ് വി.എസിനെ ചിത്രീകരിക്കാറുണ്ടായിരുന്നത്

വി.എസിനെ കുട്ടനാട്ടിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിക്കാനുള്ള കേരളത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി.കൃഷ്ണപ്പിള്ളയുടെ തീരുമാനം കേരളത്തിലെ കര്‍ഷകത്തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് ഒരു വഴിത്തിരിവായി. തുടക്കത്തില്‍ ആസ്പിന്‍വാള്‍ കമ്പനിയിലെ കയര്‍തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചുമതലയുണ്ടായിരുന്ന വി.എസ്. കര്‍ഷകത്തൊഴിലാളികളുടെ മനസ്സും ഹൃദയവും കവര്‍ന്നു. 1940-കളില്‍ അദ്ദേഹം കുട്ടനാട്ടിലെത്തുമ്പോള്‍ കാര്‍ഷിക രംഗത്തെ മുതലാളിത്ത നിക്ഷേപം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയായിരുന്നു. 1943ല്‍ വി.എസ്. കുട്ടനാട്ടിലെ കാവാലം, കുന്നമ്മല്‍ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജോസഫ് മുരിക്കന്‍, ചാലയില്‍ പണിക്കര്‍, മാങ്കൊമ്പ് സ്വാമി തുടങ്ങിയ വന്‍കിട ഭൂവുടമകൾ അടിമപ്പണിക്ക് തുല്യമായ ഫ്യൂഡല്‍ അടിച്ചമര്‍ത്തല്‍ രീതികള്‍ തുടര്‍ന്നുപോന്ന ‘അറ്റാച്ച്ഡ് ലേബര്‍‘ സമ്പ്രദായം അവിടെയാണ് നടപ്പാക്കിയിരുന്നത്.

ആസ്പിൻവാൾ കയർ കമ്പനി, ഒരു പഴയ ചിത്രം

അടിമത്തത്തിന്റെ മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകള്‍ക്കും ജാതിവ്യവസ്ഥ എന്ന പിന്തിരിപ്പന്‍ സമ്പ്രദായത്തിന് കാരണമായ ഫ്യൂഡല്‍ കെട്ടുപാടുകളെയും ദുര്‍ബലപ്പെടുത്തുന്നതിന് പകരം, പുതിയ മുതലാളിത്ത കൃഷി സമ്പ്രദായവും മൂലധന നിക്ഷേപവും അതിനെ അറുപിന്തിരിപ്പൻ അവസരവാദ സ്വഭാവത്തിൽ നിലനിര്‍ത്തിപ്പോന്നത് കടുത്ത നിഷേധാത്മക സ്വഭാവമുള്ള ഒരു സാമൂഹിക-രാഷ്ട്രീയ വിരോധാഭാസമായിരുന്നു. ബ്രിട്ടീഷ് തുണി വ്യവസായത്തിന്റെ വളര്‍ച്ച, വിലകുറഞ്ഞ പരുത്തി ഉറപ്പാക്കുന്നതിനായി അമേരിക്കന്‍ തെക്കന്‍ സംസ്ഥാനങ്ങളിലെ അടിമത്തത്തെ രൂക്ഷമാക്കിയതില്‍ കലാശിച്ച വിരോധാഭാസത്തിന് സമാനമായിരുന്നു ഇത്. വടക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ റെയില്‍വേ വികസനം ഉണ്ടായതിനെ തുടർന്നാണ് തെക്കന്‍ സംസ്ഥാനങ്ങളിലെ അടിമത്തം ഇല്ലാതാക്കിയ ആഭ്യന്തരയുദ്ധത്തിന് (Civil War) ആവശ്യമായ വസ്തുനിഷ്ഠമായ സാഹചര്യങ്ങള്‍ രൂപപ്പെട്ടത്.

അറ്റാച്ച്ഡ് ലേബര്‍മാര്‍ പ്രധാനമായും പുലയ, പറയ, ദളിത് ജാതികളില്‍ നിന്നുള്ളവരായിരുന്നു. അങ്ങേയറ്റം ചൂഷണാത്മകമായ ഈ സമ്പ്രദായം തുച്ഛമായ കൂലിക്ക് കഠിനാധ്വാനം ഉറപ്പാക്കി. അലക്‌സ് ജോര്‍ജ്ജ് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘നിര്‍ബന്ധിത സാമ്പത്തിക ആശ്രിതത്വം, വീട്ടുവളപ്പില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി, ശാരീരിക അതിക്രമങ്ങള്‍, ജാതീയമായ അടിച്ചമര്‍ത്തല്‍’ എന്നിവയായിരുന്നു അടിയാളപ്പണിക്കാരെ നിയന്ത്രിക്കാന്‍ ജന്മിമാര്‍ ഉപയോഗിച്ചിരുന്ന മാർഗങ്ങൾ.

അടിയാളപ്പണിക്കാരെ നിയന്ത്രിക്കാന്‍ ജന്മിമാര്‍ നിരവധി മാർഗങ്ങൾ കൈക്കൊണ്ടിരുന്നു

ശാരീരികമായ പീഢനവും, എന്തിനേറെ കൊലപാതകം പോലും ജന്മിമാരുടെ സ്വാഭാവിക അവകാശമാണെന്ന് വിശ്വസിച്ചിരുന്ന കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വി.എസ്. പില്‍ക്കാലത്ത് വിശദമാക്കിയിട്ടുണ്ട്. വി.എസ്. അവരെ ഉത്തേജിപ്പിക്കുകയും, അവരില്‍ വിജയകരമായി പോരാട്ടവീര്യം ആളിക്കത്തിക്കുകയും, തങ്ങളെ ചൂഷണം ചെയ്യാന്‍ ജന്മിമാര്‍ ഉപയോഗിക്കുന്ന ദുഷിച്ച രീതികളെക്കുറിച്ച് ക്ഷമയോടെ വിശദീകരിക്കുകയും ചെയ്തു. ഒടുവില്‍, കര്‍ഷക തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റം കുട്ടനാട്ടില്‍ രൂപപ്പെട്ടു. ഇത് പിന്നീട് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലേക്കും പിന്നീട് കേരളം മുഴുവനായും വ്യാപിക്കുകയും ചെയ്തു. ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരം കര്‍ഷകത്തൊഴിലാളികളുടെ വീരോചിതമായ പങ്കാളിത്തത്തിന്റെ ഒരു സാക്ഷ്യപത്രം കൂടിയായിരുന്നു.

അടിച്ചമര്‍ത്തലും പ്രതിരോധവും: ഭൂപരിഷ്‌കരണത്തിലേക്കുള്ള നീണ്ട സമരം

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതിന് തൊട്ടുപിന്നാലെ, ജന്മിമാർ ചേര്‍ന്ന് ആലപ്പുഴയില്‍ ഉണ്ടാക്കിയ “സന്നദ്ധ സേന’’ കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെയും കുടിയാന്മാര്‍ക്കു നേരെയും അക്രമം അഴിച്ചുവിട്ടു. വിവാഹം കഴിഞ്ഞെത്തുന്ന അടിസ്ഥാനവര്‍ഗ സ്ത്രീകള്‍ ‘കോച്ച’മാരെപ്പോലുള്ള ഭൂവുടമയ്‌ക്കൊപ്പം മൂന്ന് മാസം പൊറുക്കണം എന്നായിരുന്നു അന്നത്തെ സമ്പ്രദായം. അനീതിയും ചൂഷണവും മനസ്സിലാക്കിയ നാട്ടുംപുറത്തെ രാഷ്ട്രീയബോധമുള്ള അടിസ്ഥാനവര്‍ഗം ഇത്തരം നാട്ടുനടപ്പുകളെ ചെറുത്തു. ജന്മിമാരുടെ അതിക്രമങ്ങളെ ധീരമായി പ്രതിരോധിച്ച ഗോപാലനെന്ന കമ്മ്യൂണിസ്റ്റുകാരനായ കര്‍ഷകത്തൊഴിലാളി പ്രവർത്തകനെ പറ്റി എന്‍.കെ. കമലാസനന്‍ രേഖപ്പെടുത്തുന്നുണ്ട്.

എന്‍.കെ. കമലാസനന്‍

ജന്മിയായ കോച്ചയുടെ കാര്യസ്ഥനായ നാലുകെട്ടിങ്ങല്‍ രാമന്‍, പോലീസിന്റെയും ജന്മിമാരുടെ ഗുണ്ടകളുടെയും സഹായത്തോടെ ഗോപാലന്റെ കുടുംബത്തെ ലക്ഷ്യമിട്ടു. അവര്‍ ഗോപാലനെയും അമ്മയെയും നഗ്‌നരാക്കി മുഖാമുഖം കെട്ടിയിടുകയും, ഗോപാലന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതിന് പ്രതികാരമായി തൊഴിലാളികള്‍ രാമനെ കൊലപ്പെടുത്തി.

സ്ത്രീകളായ കര്‍ഷകരുടെയും തൊഴിലാളികളുടെയും നേരെയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കുന്നത് ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായിരുന്നു. കുട്ടനാട്ടിൽ കർഷകത്തൊഴിലാളി പ്രസ്ഥാനമാണ് ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതെങ്കിൽ ഉത്തര മലബാറിൽ ജന്മിമാരുടെ ലൈംഗിക അതിക്രമങ്ങളെ കായികമായി ചെറുത്തത് കർഷക സംഘം ആയിരുന്നു.

‘കല്‍ക്കട്ട തീസിസ്’ കാലഘട്ടത്തിലെ ക്രൂരമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആക്രമണങ്ങൾക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. കുട്ടനാട് കേന്ദ്രീകരിച്ച് വി.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കര്‍ഷകത്തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ (TKTU) 1946-ലെ പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന് തൊട്ടുപിന്നാലെ നിരോധിക്കപ്പെട്ടുവെങ്കിലും അത് രഹസ്യമായി പ്രവർത്തനം തുടരുകയും കൂടുതൽ മിലിട്ടന്റ് സ്വഭാവം കൈവരിക്കുകയുമുണ്ടായി. 1951 വരെ ഈ നിരോധനം നീണ്ടുനിന്നു. ആ വര്‍ഷം കാവാലത്ത് വെച്ച് നടന്ന കര്‍ഷകത്തൊഴിലാളികളുടെ ചരിത്രപരമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നതില്‍ വി.എസ് പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ കണ്‍വെന്‍ഷനില്‍ ഉരുത്തിരിഞ്ഞ സമഗ്രമായ അവകാശപത്രിക തൊഴില്‍ വകുപ്പിനെ ഒരു ത്രികക്ഷി സമ്മേളനവും കരാറും (tripartite agreement) ഉണ്ടാക്കാന്‍ നിര്‍ബന്ധിതമാക്കി. എന്നിരുന്നാലും, കൂലിയും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ വന്‍കിട ജന്മിമാരും കായൽ രാജാക്കന്മാരും ചെവികൊണ്ടില്ല. ഇത് പോരാട്ടവീര്യമുള്ള സമരനടപടികള്‍ക്ക് ആക്കം കൂട്ടി. 1950-നും 1957-നും ഇടയില്‍ കുട്ടനാട്ടില്‍ 4279 തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി എന്ന് വി.എസ്. രേഖപ്പെടുത്തുന്നു.

കര്‍ഷകത്തൊഴിലാളികളുടെ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നതില്‍ വി.എസ് പ്രധാന പങ്ക് വഹിച്ചിരുന്നു

ജോസഫ് മുരിക്കന്‍, കെ.എം. കോര തുടങ്ങിയ കായല്‍ രാജാക്കന്മാര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുത്തന്‍ സമരവീര്യം പ്രകടമായിരുന്നു. കെ.എം. കോര സ്ഥലത്തെ പ്രമാണിയും കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍-കൊച്ചി മന്ത്രിസഭയിലെ കൃഷി മന്ത്രിയുമൊക്കെയായിരുന്നു. സമരത്തിലായിരുന്ന തൊഴിലാളികളെ നേരിടാന്‍ കെ.എം. കോര പോലീസിനെയും ഗുണ്ടകളെയും ഇറക്കിയെങ്കിലും അത് വിജയിച്ചില്ല. ഒടുവില്‍ തൊഴിലാളികളുടെ വര്‍ഗബോധത്തിനു മുന്നില്‍ അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു. പിന്നീട്, കോര മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ പി.ടി. പുന്നൂസിനോട് ഇപ്രകാരം പരാതി പറയുകയുണ്ടായി: “കര്‍ഷകത്തൊഴിലാളികളുടെ കൂലി കൂട്ടുന്നതില്‍ ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല; പക്ഷേ, അവരുടെ അഹങ്കാരം ഞങ്ങള്‍ക്ക് അസഹനീയമാണ്. അവരെ നോക്കൂ—മീശ പിരിച്ച്, മുട്ടോളം മുണ്ട് മടക്കിക്കുത്തി, തോര്‍ത്ത് തലയില്‍ കെട്ടിയാണ് നടക്കുന്നത്.”

ഒരു സവിശേഷ തൊഴിലാളിവര്‍ഗ്ഗ പാത

ജീർണ്ണോന്മുഖ ജന്മിത്ത വ്യവസ്ഥയിൽ നിന്ന് കാർഷിക മുതലാളിത്തത്തിന്റെ പ്രാഗ് രൂപത്തിലേക്ക് ഒരു നികൃഷ്ട ഉഭയജീവിയെ പോലെ പുതിയ മുതലാളിത്ത സംരംഭം ഇഴഞ്ഞുകയറിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് കോരയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. പേപിടിച്ച ലാഭക്കൊതി മൂലം, ഈ പുതിയ മുതലാളിത്തം കൂലിച്ചെലവ് കുറയ്ക്കാനുള്ള അതിൻ്റെ ചോദനാപരമായ നയം അവസരവാദപരമായി പിൻപറ്റുകയും അങ്ങനെ ജന്മിത്തത്തിൻ്റെ മൃഗീയപ്രവൃത്തികളെ തീവ്രചൂഷണത്തിനും മനുഷ്യത്വരഹിതമായ അടിച്ചമർത്തലിനുമുള്ള ആയുധോപകരണങ്ങളാക്കി മാറ്റുകയും ചെയ്തു.

അതിനാൽ, പുതുതായി മുളപൊട്ടിയിരുന്ന കർഷകത്തൊഴിലാളി വർഗത്തിന്റെ “സ്വയമൊരു വർഗം” (class in itself) എന്ന നിലയിലുള്ള ഉത്ഭവ പ്രക്രിയ, “ബോധവൽകൃത വർഗം” (class for itself) എന്നുള്ള വളർച്ചാ വികാസം എന്നിവ രണ്ടും ഒന്നിച്ച് ഒറ്റയടിക്ക് നിർവ്വഹിക്കാനായി ഒരു വിപ്ലവ ഏജൻസി അത്യാവശ്യമായിത്തീർന്നു. വി.എസും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ തൊഴിലാളി വർഗത്തിന്റെ ഏറ്റവും രാഷ്ട്രീയ ബോധമുള്ള വിഭാഗങ്ങളിലൊന്നായിത്തീർന്ന ഈയൊരു വർഗത്തിന്റെ രൂപീകരണം സാധ്യമാക്കി. തൊഴിലാളി വർഗത്തിന്റെ വ്യവസായിക ശ്രേണിയിൽ നിന്ന് വ്യത്യസ്തമായിരുന്നെങ്കിലും അത്രതന്നെ സമര തീക്ഷ്ണ സ്വഭാവമാർജ്ജിച്ച വർഗമായിരുന്നു ഈ കർഷകത്തൊഴിലാളിവർഗം.

സമാനമായ കമ്യൂണിസ്റ്റ് അനുഭവങ്ങള്‍ തമിഴ്നാട്ടിലെ തഞ്ചാവൂരിലും, മഹാരാഷ്ട്രയിലെ വാര്‍ളിയിലും, ത്രിപുരയിലെ ആദിവാസി മേഖലകളിലും ഉണ്ടായിരുന്നെങ്കിലും, കുട്ടനാട്ടിലെ കാര്‍ഷികചൂഷണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ താരതമ്യങ്ങള്‍ക്കതീതമായിരുന്നു.

ഇ.എം.എസ്.

ഐക്യ കേരള സംസ്ഥാന രൂപീകരണത്തിലും, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957-ല്‍ അധികാരത്തില്‍ വരുന്നതിലും വി.എസിന്റെ നേതൃത്വത്തിലുള്ള കർഷകത്തൊഴിലാളി വര്‍ഗത്തിന്റെ മിലിട്ടന്റ് സ്വഭാവമുള്ള മുന്നേറ്റങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കുടികിടപ്പവകാശം നല്‍കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇ.എം.എസ്. സര്‍ക്കാര്‍ പാസ്സാക്കിയ ‘കാര്‍ഷിക ബന്ധ ബില്‍’ (Agrarian Relations Bill) കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ഘടനയില്‍ ഒരു പുത്തന്‍മാറ്റത്തിന് വഴി തുറന്നു. 1957-ല്‍ ആലപ്പുഴ ജില്ലയില്‍ തൊഴില്‍ ബന്ധ സമിതി (IRC) രൂപീകരിച്ചതിനു പുറമെ, ഇ.എം.എസ്. സര്‍ക്കാര്‍ 1958-ല്‍ Minimum Wages Act (India)1948 കാര്‍ഷിക മേഖലയിലും ബാധകമാക്കി. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസിന്റെ ഇടപെടല്‍ അപ്രസക്തമാക്കിക്കൊണ്ടുള്ള കമ്യൂണിസ്റ്റ് സർക്കാരിന്റെ പുതിയ പോലീസ് നയം കര്‍ഷകത്തൊഴിലാളികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

ജന്മിത്തം അവസാനിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവശ്രമങ്ങളെ തകര്‍ക്കാന്‍ ബൂർഷ്വാ ഭൂപ്രഭു വർഗം അമേരിക്കന്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഒരു പ്രതിവിപ്ലവ മുന്നേറ്റത്തിന് രൂപംനല്‍കി. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ.യുടെ കമ്മറ്റി ഫോര്‍ കള്‍ച്ചറല്‍ ഫ്രീഡവുമായി (CCF) സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന, കേരളം ആസ്ഥാനമായുള്ള ശക്തമായ ആന്റി-കമ്മ്യൂണിസ്റ്റ് ഫ്രണ്ട് (ACF) ഇതില്‍ സുപ്രധാനമായ പ്രത്യയശാസ്ത്രപരമായ പങ്ക് വഹിച്ചിരുന്നു. ജവഹർലാൽ നെഹ്‌റുവിനെ പോലെ ലോകം ആദരിച്ചിരുന്ന ഒരു ലിബറൽ നേതാവ് നയിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും (INC) ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്.എസും മറ്റ് ചില മത-ജാതി സംഘടനകളും ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിച്ചു.

ഇ.എം.എസ് മന്ത്രിസഭ

ഇ.എം.എസ്. മന്ത്രിസഭയ്ക്കെതിരായ കുപ്രസിദ്ധമായ വിമോചന സമരത്തില്‍ ദളിത് കര്‍ഷകത്തൊഴിലാളികളെ ലാക്കാക്കിയുള്ള ആക്രമണങ്ങളും ജാതീയ അധിക്ഷേപങ്ങളും സാധാരണയായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ‘മോസ്‌കോ മുക്കുകള്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന പ്രദേശങ്ങളിലെ തൊഴിലാളികളെയും കര്‍ഷകരെയും ഭയപ്പെടുത്തുന്നതിനായി ക്രിസ്റ്റഫര്‍ പോലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ സന്നദ്ധ സായുധ സംഘങ്ങളെയും സമാനമായ മറ്റ് സംഘടനകളെയും മുതലാളിമാരും ജന്മിമാരും വിന്യസിച്ചു. ഈ സംഘങ്ങൾ കര്‍ഷകത്തൊഴിലാളികളെ വഴിയില്‍ വെച്ച് കണ്ടാൽ തല്ലിച്ചതയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മധ്യ തിരുവിതാംകൂറിലെ ചില കേന്ദ്രങ്ങളിൽ ‘കറുത്ത നിറമുള്ള മനുഷ്യർ’ കീഴ്ജാതിക്കാരായ കമ്യൂണിസ്റ്റുകാർ ആണെന്നും അവരെ അക്രമിക്കണമെന്നും ഈ സന്നദ്ധ സായുധ സംഘങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉന്നത ക്രൈസ്തവ പൗരോഹിത്യം ഭരണവര്‍ഗവുമായി കൈകോര്‍ത്തത് ‘കുരിശുയുദ്ധ’ സമാനമായ സാഹചര്യം സൃഷ്ടിച്ചു. കുട്ടനാട്ടിലും മറ്റ് കാര്‍ഷിക മേഖലകളിലും സന്നദ്ധ സായുധ സംഘങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

‘തമ്പ്രാനെന്ന് വിളിപ്പിക്കും;
പാളേ കഞ്ഞി കുടിപ്പിക്കും;
ചാത്തന്‍ പൂട്ടാന്‍ പോകട്ടേ,
ചാക്കോ നാട് ഭരിക്കട്ടേ’

1959-ല്‍ ഇ.എം.എസ്. സര്‍ക്കാരിനെ ഭരണഘടനാ വിരുദ്ധമായി നെഹ്രുവിന്റെ നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാർ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് തൊഴിലാളി വര്‍ഗത്തിന് നേരെയുള്ള ആക്രമണങ്ങള്‍ കനത്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ ദളിത് കര്‍ഷകത്തൊഴിലാളികള്‍ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.

“കേരളത്തിലെ മർദ്ദിത ജാതികളിലും വർഗ്ഗങ്ങളിലും പെട്ടവർക്ക് തങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കാനും മനുഷ്യരെന്ന നിലയിൽ പൂർണ്ണ ആത്മാഭിമാനാവസ്ഥയിലേക്കുയരാനും കമ്യൂണിസ്റ്റ് മന്ത്രിസഭ അളവറ്റ് സഹായിച്ചുവെന്നും ആത്മാഭിമാനമുള്ള പൗരന്മാരായി മാറിയ കുടിയാന്മാരും ദളിത് കർഷകത്തൊഴിലാളികളും തോർത്ത് അരയിൽ കെട്ടി വരേണ്യർക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കാത്തത് വരേണ്യവർഗ്ഗക്കാരിൽ കോപം ജനിപ്പിച്ചുവെന്നും” 1957 ലെ ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടപ്പെട്ട ഉടനെ ഉന്നത കമ്യൂണിസ്റ്റ് നേതാവ് ബി.ടി. രണദിവെ സൈദ്ധാന്തികമായി വിശദീകരിക്കുകയുണ്ടായി

ബി.ടി രണദിവെ

1959-ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (AICC) നാഗ്പൂര്‍ പ്രമേയം കാര്‍ഷിക പരിഷ്‌കാരങ്ങളെ തത്വത്തില്‍ പിന്തുണച്ചപ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരള ഘടകം കാര്‍ഷിക പരിഷ്‌കരണത്തിനെതിരായ ഒരു പ്രതിവിപ്ലവ ശക്തിയായി സ്വയം സംഘടിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമായി വിമോചന സമരകാലത്ത് ശക്തിപ്പെട്ട ആർ എസ് എസ് – കോൺഗ്രസ് ബന്ധം ഒളിഞ്ഞും തെളിഞ്ഞും തുടർന്നു കൊണ്ടിരുന്നു.

ഒരു പുതിയ കാര്‍ഷിക വിപ്ലവപാത

വി.എസിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി വർഗത്തിനിടയിൽ നടത്തിയ സംഘടനാപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ 1967-ലെ രണ്ടാം ഇ.എം.എസ്. മന്ത്രിസഭാ രൂപീകരണത്തിനുള്ള സാഹചര്യം സൃഷ്ടിച്ചു. 1968-ൽ കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍ (KSKTU) രൂപീകരിക്കുന്നതില്‍ വി.എസ് ഒരു സുപ്രധാന പങ്കു വഹിച്ചു. കെ.എസ്.കെ.ടി.യു പിന്നീട് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയനുമായി (AIAWU) അഫിലിയേറ്റ് ചെയ്തു. 1969-ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ വീണതിനുശേഷം, കെ.എസ്.കെ.ടി.യുവും അഖിലേന്ത്യാ കിസാൻ സഭയും (AIKS) ചേര്‍ന്ന് അളവിലധികം ഭൂമിയുള്ളവരുടെ പക്കല്‍നിന്നും അത് കണ്ടെത്തി കൈവശപ്പെടുത്താനായി മിച്ചഭൂമി സമരത്തിന് തുടക്കമിട്ടു.

കെ.എസ്.കെ.ടി.യു, എ.ഐ.കെ.എസ്. വളണ്ടിയര്‍മാര്‍ ജന്മിമാരുടെ നിയന്ത്രണത്തിലുള്ള മിച്ചഭൂമികളിലേക്ക് ധീരമായി പ്രവേശിച്ചു. താഴെത്തട്ടില്‍ നിന്നുള്ള ഈ സമ്മര്‍ദ്ദം ഭൂപരിഷ്‌കരണ പ്രക്രിയയെ ത്വരിതപ്പെടുത്തി. ഈ പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനം 1969 ഡിസംബര്‍ 13-14 തീയതികളില്‍ ആലപ്പുഴയില്‍ വെച്ച് നടന്ന കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ചരിത്രപരമായ സംസ്ഥാനതല കണ്‍വെന്‍ഷനിലാണ് എടുത്തത്. അന്നത്തെ പശ്ചിമ ബംഗാൾ റവന്യൂ മന്ത്രിയും മുതിർന്ന അഖിലേന്ത്യാ കിസാൻ സഭാ നേതാവുമായിരുന്ന ഹരേ കൃഷ്ണ കോനാര്‍ ഉദ്ഘാടനം ചെയ്ത ഈ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതില്‍ വി.എസിന് പ്രധാന പങ്കുണ്ടായിരുന്നു.

1970 ജനുവരി 1-ന് പ്രക്ഷോഭം ഔദ്യോഗികമായി ആരംഭിച്ചു. കേരളത്തില്‍ നിന്ന് “ജന്മിത്തത്തെയും ഫ്യൂഡലിസത്തെയും പിഴുതെറിയുന്ന ദിവസം” എന്നാണ് അഖിലേന്ത്യാ കിസാൻ സഭയുടെ ഐതിഹാസിക നേതാവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റും ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവുമായ എ.കെ. ഗോപാലന്‍ ഈ ദിനത്തെ വിശേഷിപ്പിച്ചത്. ഈ ചരിത്രപരമായ സമരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ 1.5 ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് കുടികിടപ്പ് അവകാശം ഉറപ്പാക്കി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ വലതുപക്ഷ ഭരണകൂടം പ്രക്ഷോഭത്തെ അടിച്ചമർത്താൻ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിനെ (CRPF) കേരള പൊലീസിനൊപ്പം വിന്യസിച്ചു.

കര്‍ഷകത്തൊഴിലാളികളുടെ സഖ്യം കെട്ടിപ്പടുക്കുന്നതില്‍ വി.എസ്. വിജയിച്ചു

കടുത്ത ഭരണ കൂട ഭീകരതയാണ് പിന്നീട് കേരളം കണ്ടത്. ഇ.എം.എസ്സിനെയും എ.കെ. ഗോപാലനെയും പോലുള്ള മുതിർന്ന നേതാക്കളുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ദരിദ്ര-ഇടത്തരം കര്‍ഷകരുമായി കര്‍ഷകത്തൊഴിലാളികളുടെ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതില്‍ വി.എസ്. വിജയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സി പി ഐ എമ്മിന്റെ പ്രവർത്തകരും അനുഭാവികളുമായ കര്‍ഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരുടെയും ജന്മിമാരുടെയും സന്നദ്ധ സായുധ സംഘടനകളും ഏറ്റുമുട്ടി. കായിക പരിശീലനം ലഭിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പലപ്പോഴും ജന്മിമാരുടെ ഗുണ്ടകളായി പ്രവര്‍ത്തിച്ചു. 1950-കളില്‍ ഭൂപ്രഭുക്കൾ രൂപീകരിച്ച കുപ്രസിദ്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധ സന്നദ്ധ സായുധസംഘമായ നിരണം പട, ഭൂപ്രഭുവും വലതുപക്ഷ രാഷ്ട്രീയ നേതാവുമായ നിരണം ബേബിയുടെ നേതൃത്വത്തില്‍ വി.എസ്സിന്റെ തട്ടകമായ ആലപ്പുഴയില്‍ വെച്ച് കെ.എസ്.കെ.ടി.യു. പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. ജാതി അടിസ്ഥാനമാക്കിയുള്ള കൂലിയും (ജാതിക്കൂലി) മറ്റ് ചൂഷണ സമ്പ്രദായങ്ങളും തുടച്ചുനീക്കാനുള്ള കെ.എസ്.കെ.ടി.യുവിന്റെ പോരാട്ടം ഗ്രാമപ്രദേശങ്ങളിലെ വര്‍ഗ്ഗസമരത്തിന് ആക്കം കൂട്ടി. ആലപ്പുഴക്ക് പുറമെ, മറ്റൊരു പ്രധാന കാർഷിക മേഖലയായ പാലക്കാടും ജാതിക്കൂലി നിർത്തലാക്കാൻ കെ എസ് കെ ടി യു ശ്രദ്ധേയമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.

ഇ.എം.എസിനൊപ്പം വി.എസ്

അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച രാജ്യവ്യാപക ‘അടിയന്തരാവസ്ഥയുടെ’ (ജൂണ്‍ 1975 – മാര്‍ച്ച് 1977) ഇരുണ്ട ദിനങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആക്രമണങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ആക്കം കൂട്ടി. ട്രേഡ് യൂണിയന്‍ ഓഫീസുകളും തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളും വായനശാലകളും കൊള്ളയടിക്കുകയും ചിലയിടങ്ങളിൽ തീയിട്ട് ചാമ്പലാക്കുകയും ചെയ്തു. കെ.എസ്.കെ.ടി.യു.വിന്റെ തീവ്രമായ വര്‍ഗസമരത്തെ ഇല്ലാതാക്കാനുള്ള സവർണ ഹിന്ദു ജന്മിവർഗത്തിന്റെ ശ്രമങ്ങളായിരുന്നു അടിയന്തരാവസ്ഥയ്ക്ക് ശേഷം കുട്ടനാട്ടിലും മറ്റ് കാര്‍ഷിക മേഖലകളിലും കമ്മ്യൂണിസ്റ്റുകാരും ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍.എസ്.എസും തമ്മിലുള്ള കായിക ഏറ്റുമുട്ടലുകളുടെ കാതല്‍.

സംഘടിത തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ആര്‍.എസ്.എസ്. പരമ്പരാഗത ജന്മി സന്നദ്ധ സായുധ സംഘങ്ങള്‍ക്ക് പകരമാവുന്നത് വി.എസ് വേഗത്തില്‍ തിരിച്ചറിഞ്ഞു. ആർ എസ് എസിന്റെ ‘White terror’-നെ രാഷ്ട്രീയമായും കായികമായും പ്രതിരോധിക്കുന്നതിൽ വി.എസ് നിർണായകമായ സംഘടനാ ഇടപെടലുകൾ നടത്തി. 1970-കളിലെ ബൂർഷ്വാ ഭൂപ്രഭു ഭരണകൂട സംവിധാനങ്ങളുമായിട്ടും അവരുടെ സന്നദ്ധ സായുധ സംഘങ്ങളുമായിട്ടുമുള്ള ഈ രാഷ്ട്രീയ/തെരുവുപോരാട്ടം തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേട്ടങ്ങളെ ഏകീകരിക്കുകയും കർഷക-തൊഴിലാളി ഐക്യം ഊട്ടിയുറപ്പിക്കുകയും അതുവഴി കേരളത്തിന്റെ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ആഗോള ഫൈനാൻസ് മൂലധനത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും അത് കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന വി.എസ് അതിനെതിരെ നിരന്തരം എഴുതുകയും പോരാടുകയും ചെയ്തു.

നെല്ലും, തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ രേഖപ്പെടുത്തപ്പെട്ട പോരാട്ടങ്ങൾ തൊഴിലാളി വർഗ്ഗത്തിന്റെ താല്പര്യത്തിനും പരിസ്ഥിതിയുടെ ആരോഗ്യത്തിനും വേണ്ടി ഉള്ളതായിരുന്നു. കേരളത്തിന്റെ പ്രധാന നാണ്യവിളകളിൽ ഒന്നായ റബര്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിന് കർഷകരെയും തൊഴിലാളികളെയും നിർദയം ചൂഷണം ചെയ്യുന്ന MRF പോലുള്ള ടയർ കുത്തക കമ്പനികൾക്കെതിരെയും വി എസ് നിർണായക നിലപാടുകൾ എടുത്തു. ആഗോള ധനകാര്യ മൂലധനം അടിച്ചേല്‍പ്പിക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകളെയും അദ്ദേഹം ശക്തമായി വിമർശിച്ചു.

സീതാറാം യെച്ചൂരി

സാമ്രാജ്യത്വത്തിന്റെ ചൂഷകരീതികളെ ലളിതമായ ഭാഷയില്‍ കര്‍ഷകര്‍ക്കും തൊഴിലാളികൾക്കും വിശദീകരിച്ചു കൊടുക്കാനുള്ള അദ്ദേഹത്തിന്റെ ഭാഷാപരമായ കഴിവ് ശ്രദ്ധേയമായിരുന്നു. സജീവ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ‘ഭൂപരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടം’ എന്ന രാഷ്ട്രീയ പദ്ധതിയിൽ അദ്ദേഹം അടിയുറച്ചു വിശ്വസിച്ചിരുന്നതായി സഖാവ് സീതാറാം യെച്ചൂരി രേഖപ്പെടുത്തിയിട്ടുണ്ട്.

കാർഷിക വിപ്ലവത്തെ പൂർണ്ണ സാക്ഷാത്ക്കാരത്തിലേക്ക് നയിക്കാനുതകുന്ന ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തതും ഉയർന്ന രാഷ്ട്രീയ സമ്പദ്ഘടനാപരമായ ഉള്ളടക്കവും രൂപവുമാർജ്ജിച്ചതും വികസിച്ച തൊഴിലാളി-കർഷക സഖ്യത്തിൻ്റെ അടിത്തറയായി വർത്തിക്കുന്നതുമായ തൊഴിലാളികളുടെയും കർഷകരുടെയും ജീവസ്സുറ്റ ഉത്പാദനസഹകരണ സംഘങ്ങളും വിപണന സഹകരണ സംഘങ്ങളുമുൾക്കൊണ്ടു കൊണ്ട് ‘ഭൂപരിഷ്ക്കരണത്തിൻ്റെ അടുത്ത ഘട്ടം’ അവശ്യമാണെന്ന് തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലത്തോടടുത്ത് അദ്ദേഹം പൂർണ്ണമായും ബോധവാനായിരുന്നു. അതൊരു ബോൾഷെവിക് ബോധ്യമാണ്! ലാല്‍ സലാം, സഖാവ് വി.എസ്.

നിധീഷ് ജെ. വില്ലാട്ട്

നിധീഷ് ജെ. വില്ലാട്ട്

പി. സുന്ദരയ്യ മെമ്മോറിയൽ റിസർച്ച് ട്രസ്റ്റിൻ്റെ റിസേർച്ച് കോർഡിനേറ്റർ. സെൻട്രൽ കിസാൻ കമ്മിറ്റി അംഗം, AIKS

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *