വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിൻ്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി. വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമ്മയാവുകയാണ് – നിതീഷ് നാരായണൻ എഴുതുന്നു
സഖാവ് കൃഷ്ണപിള്ളയുടെ അവസാനത്തെ കേഡറും യാത്രയാകുന്നു

ഈ ചിത്രമാണ് മനസ്സിൽ ഏറ്റവുമുടക്കിയത്. ഓർത്തത് സഖാവ് പി കൃഷ്ണപിള്ളയെക്കുറിച്ചാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ സ്വത്തായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശിൽപിയായി ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടാമെങ്കിൽ നിസംശ്ശയം അത് പി കൃഷ്ണപിള്ളയാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ ജീവിച്ച്, അതിലേറെയും ഒളിവിലും ജയിലിലും കഴിഞ്ഞ്, 42 വയസ്സിൽ – ഇന്ത്യ സ്വതന്ത്ര്യമായതിൻ്റെ അടുത്ത വർഷം – മരിച്ചു പോയ ആ കമ്യൂണിസ്റ്റാണ് കേരളത്തിലെ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏക വ്യക്തിയാര് എന്ന ചോദ്യത്തിൻ്റെ ഉത്തരം. കേരളത്തിൻ്റെ ലെനിൻ ആയിരുന്നു സഖാവ് പി കൃഷ്ണപിള്ള.

കോൺഗ്രസ്സിൽ നിന്ന് ഇടതു ചായ്‌വ് ഉള്ള സംഘത്തെ ഉണ്ടാക്കി അത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയാക്കുക, ആ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ഇന്ത്യയിൽ മറ്റെങ്ങുമില്ലാത്തവിധം – വലത് കോൺഗ്രസിനെ വെല്ലുന്ന വിധം – കേരളത്തിൽ സംഘടിപ്പിക്കുക, കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ മുതൽ ബാലസംഘം വരെയുള്ള വർഗ്ഗ-ബഹുജന സംഘടനകൾക്ക് അടിത്തറ പാകുക, പത്രം ആരംഭിക്കുക, ഇതിനെയെല്ലാം ഭാവന ചെയ്ത് അത് നടപ്പിലാക്കാൻ നേതൃത്വം നൽകിയ ആദ്യത്തെ ആൾ കൃഷ്ണപിളളയാണ്.

ഇവയ്ക്കെല്ലാമൊപ്പമോ അതിനു മുകളിലോ സുപ്രധാനമായി പരിഗണിച്ച് കൃഷ്ണപിള്ള ശ്രദ്ധയൂന്നിയ മറ്റൊരു സംഘടനാ പ്രവർത്തനമുണ്ട്. അത് കഴിവും പ്രാപ്തിയുമുള്ള കേഡർമാരെ കണ്ടുപിടിച്ച് അവരെ വിപ്ലവ പ്രവർത്തനത്തിൽ സ്വയം സമർപ്പിക്കുന്നവരാക്കി മാറ്റുകയെന്നതാണ്.
ഒരു കേഡറെ കണ്ടെത്തിയാൽ അയാളിൽ കൃഷ്ണപിള്ള ചെലുത്തുന്ന ശ്രദ്ധയും ആ സഖാവിനെ രാകിമിനുക്കിയെടുക്കാൻ നടത്തുന്ന ഇടപെടലുകളും സമാനതകളില്ലാത്തതാണെന്ന് പലരും സാക്ഷ്യപ്പടുത്തിയിട്ടുണ്ട്. ഒരു വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ കേഡർമാർക്കുള്ള പങ്ക് കൃഷ്ണപിള്ളയ്ക്ക് നിശ്ചയമുണ്ടായിരുന്നു. ആ ജാഗ്രതയുടെ അടിത്തറയിലാണ് 1937 ൽ നാലുപേർ ചേർന്ന് രഹസ്യമായി രൂപീകരിച്ച ഒരു പാർട്ടി പത്തൊൻപത് വർഷത്തിനപ്പുറം കേരളത്തിൽ അധികാരമേറുന്ന പാർട്ടിയായി മാറുന്നത്. മറ്റൊരു പ്രസ്ഥാനത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്തത്രയും വെല്ലുവിളികളെയും അടിച്ചമർത്തലുകളെയും വേട്ടയാടലുകളെയും അതിജീവിച്ച് പാർട്ടിയെ കെട്ടിപ്പടുക്കാൻ പ്രാപ്തിയുള്ള ഒരു നിര നേതാക്കൾ ഉയർന്നു വന്നതിൻ്റെ ഫലം കൂടിയാണത്.
ആ കൃഷ്ണപിള്ളയുടെ കേഡറാണ് സഖാവ് വി എസ് അച്യുതാനന്ദൻ. പ്രായപൂർത്തിയാകും മുൻപ് കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയ വിപ്ലവകാരി. കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ള പരിശീലിപ്പിച്ച പ്രവർത്തകൻ. സഖാവ് കൃഷ്ണപിള്ളയുടെ അവസാനത്തെ കേഡർ.

ഒരർത്ഥത്തിൽ വി എസിലൂടെ കൃഷ്ണപിള്ള കൂടി വാഴുകയായിരുന്നു. 1948 ൽ മരിച്ചിട്ടും കൃഷ്ണപിള്ളയുടെ സംഘടനാപരമായ ഇടപെടലിൻ്റെ നേരിട്ടുള്ള പ്രതിഫലനം 2025 വരെ കേരളത്തിന് കാണാനായി. വി എസ് മടങ്ങുമ്പോൾ കേരളത്തിലെ തൊഴിലാളിവർഗത്തിൻ്റെ ജീവിതത്തിൽ കൃഷ്ണപിള്ളയുടെ നേരിട്ടുള്ള സ്പർശം കൂടിയാണ് മാഞ്ഞുപോകുന്നത്. ആ വിപ്ലവകാരിയാൽ സ്വാധീനിക്കപ്പെട്ട് പാർട്ടി കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട മറ്റൊരാൾ ഇനി നമുക്കിടയിലില്ല. കൃഷ്ണപിള്ളയെന്ന കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഓർമ്മയാവുകയാണ്.

സഖാവ് വി എസ്, ഇന്നലെ വരെ നിങ്ങളിലൂടെ ഞങ്ങൾ സഖാവ് കൃഷ്ണപിള്ളയെ കൂടി കണ്ടു, ആധുനിക ജനാധിപത്യ കേരളത്തിൻ്റെ ഇന്നോളമുള്ള യാത്രകൾ കണ്ടു, സ്വാതന്ത്ര്യത്തെ സ്വജീവനുമേൽ പ്രതിഷ്ഠിച്ച തലമുറയുടെ ജീവിതത്തിൻ്റെ ആഴത്തെ കണ്ടു.

വിട പറയുന്നില്ല. വി എസിൻ്റെ കേഡർമാർ ഈ പാർട്ടിയെ നയിക്കുന്നുണ്ട്. അവരുള്ളത്രയും കാലം വി എസും നേരിട്ട് തന്നെ ഈ പാർട്ടിയിലുണ്ട്. എങ്കിലും, ഒരു ശൂന്യത വന്ന് പൊതിയുന്നുണ്ട്. ബ്രിട്ടീഷുകാരുടെ തീതുപ്പുന്ന തോക്കിന് തങ്ങൾ കത്തിക്കുന്ന മുറിബീഡിയുടെ ബലമില്ലെന്ന്, സർ സി പിയുടെ പട്ടാളത്തെ നേരിടാൻ വാരിക്കുന്തം മതിയെന്ന് ദൃഢപ്രത്യയമുണ്ടായിരുന്ന കൂട്ടത്തിലെ എല്ലാവരും പോയിരിക്കുന്നു. വി എസിനൊപ്പം വിടവാങ്ങിയത് ഒരു തലമുറയാണ്. മരിച്ചത് സഖാവ് പി കൃഷ്ണപിള്ളയാണ്. ഇന്നു മുതൽ ആ ശൂന്യതയെ ഞങ്ങൾ അനുഭവിച്ചുതുടങ്ങുന്നു.