കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ രൂപപ്പെടുന്ന, യാഥാസ്ഥിതിക മത താത്പര്യങ്ങളെ സംരക്ഷിക്കാനായി സൃഷ്ടിക്കുന്ന, വിവാദങ്ങളുടെ ഘടന പരിശോധിച്ചാൽ അതിൽ നമുക്കൊരു പാറ്റേൺ കാണാൻ പറ്റും. ഓരോ തവണയും ഈ പാറ്റേൺ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. നേരത്തേ ജൻഡർ ന്യൂട്രൽ യൂണിഫോം, കരിക്കുലം പരിഷ്കരണം, സ്കൂൾ സമയ മാറ്റം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിഷ്കരണങ്ങളിലെല്ലാം ഈ അച്ചുതണ്ട് ഇതേ പാറ്റേണുകൾ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രക്രിയക്ക് മേൽ ഒരു മതാത്മക ആധിപത്യം നിലനിർത്താനുള്ള ശ്രമമാണ് ഈ വിവാദങ്ങളുടെയെല്ലാം അടിസ്ഥാന പ്രേരണ. സലഫി നേതാവ് ഇളക്കി വിട്ട മുസ്ലിം സംഘടനകൾ ഏറ്റെടുത്ത സൂംബ ഡാൻസ് വിവാദത്തിന് പിന്നിലെ അപകടകരമായ പ്രവണതകളെ തുറന്നു കാട്ടുന്ന ലേഖനം.
സലഫി നേതാവ് ഇളക്കിവിട്ട സൂംബ ഡാൻസിൽ വെളിവായതും പൊളിഞ്ഞു വീണതും

വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ ആരംഭിച്ച സൂംബ പരിശീലനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കേരളത്തിലെ പ്രധാന ചർച്ച വിഷയം. സൂംബക്കെതിരെ ഒരു വിഭാഗം യാഥാസ്ഥിക മുസ്ലിം സംഘടനകൾ ഉയർത്തി വിട്ട ചർച്ചകൾ ഒരു ബൂമറാങ് പോലെ അവരെ തന്നെ തിരിച്ചടിച്ച് കൊണ്ടിരിക്കുകയാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്കാരമെന്ന് ആരോപിച്ച് സൂംബ ഡാൻസിനെ എതിർത്ത് രംഗത്തെത്തിയ അധ്യാപകൻ കൂടിയായ മുജാഹിദ് നേതാവ് ടി.കെ അഷ്റഫ് മുതൽ പിന്നീട് സുന്നീ സംഘടനകളും കൂടി കൊഴുപ്പിച്ച വിഷയത്തിൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് സംഘപരിവാറാണ്. എന്നാൽ കേരളത്തിലെ വലിയൊരു വിഭാഗം മുസ്ലിം സമൂഹം സൂംബക്ക് പൂർണ പിന്തുണ നൽകിയിരിക്കുന്നു. മ്യൂസിക്കിനൊത്ത് സൂംബ താളം പിടിക്കുന്ന വിവിധ സ്കൂളുകളിൽ നിന്നുളള വീഡിയോ പങ്കുവെച്ച് കൊണ്ട് തന്നെ കേരളം ഒന്നടങ്കം ഈ മൗലികവാദത്തെ പ്രതിരോധച്ചു.

കേരളത്തിലെ പുരോഗമന മുസ്ലിം ബോധം ഈ സംഘടനകളുടെ തിട്ടൂരങ്ങൾക്കനുസരിച്ച് ചലിക്കുന്നതല്ല എന്ന് ബോധ്യപ്പെടുത്താൻ ഈ വിവാദം കാരണമായിട്ടുണ്ട്. ന്യായീകരിച്ചും വിശദീകരിച്ചും കാട് കയറി പോയ ചർച്ചകൾ കണ്ടപ്പോൾ ഓർമ വന്നത് ‘അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന പഴഞ്ചൊല്ലാണ്. അഞ്ജനവും മഞ്ഞളും തിരിച്ചറിയാത്ത വിദ്വാന്മാരെപ്പോലെ മുസ്ലിം സമൂഹത്തെയും പൊതു സമൂഹത്തെയും പറ്റി ഒരു കുന്തവുമറിയാത്ത കുറെ മൗലികവാദികളാണ് സൂംബക്കെതിരെ വിഷലിപ്തവും വർഗീയവുമായ കുപ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്നതെന്ന് കേരളത്തിൻ്റെ പൊതു സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സൂംബ മാത്രമല്ല, ഈയടുത്ത കാലത്ത് കേരളത്തിൽ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ പൊതുവെ പരിശോധിക്കുമ്പോൾ എത്ര മാത്രം പൊളളയും അർഥശൂന്യങ്ങളുമായ വാദഗതികൾക്ക് മുകളിലാണ് മലയാളികളുടെ സാമൂഹിക ബോധം കെട്ടിപ്പൊക്കി നിലനിർത്തിയിരിക്കുന്നതെന്ന് നാം അതിശയപ്പെട്ട് പോകും. വികലവും വ്യാജവുമായ സദാചാര സങ്കൽപങ്ങളെ ചുറ്റിപ്പറ്റിയാണ് ഇത്തരം വിവാദങ്ങളൊക്കെ രൂപപ്പെടുന്നതും ആളിക്കത്തുന്നതും.

ഏറ്റവും കുറഞ്ഞത് ആയിരം വർഷമെങ്കിലും കേരളത്തിൻ്റെ സാമൂഹിക ഘടനയുടെ ഭാഗമായി ഇവിടെ തന്നെയുണ്ടായിരുന്ന ഇസ്ലാം മതത്തിൻ്റെ പേരിലാണ് ആസൂത്രിതമെന്ന് തോന്നിപ്പിക്കുന്ന മട്ടിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്. ചില കുയുക്തിക്കാരായ യാഥാസ്ഥിതിക മത സംഘടനകളും വിവേകശൂന്യരായ മത പ്രഭാഷകരുമാണ് എപ്പോഴും ഇത്തരം വിവാദങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. ഈ സംഘടനകളൊന്നും പൂർവ്വ കാലങ്ങളിൽ ഇവിടെ ഇല്ലായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് തന്നെയാകണം ആയിരം വർഷം നാടിൻ്റെ പൊതു സാംസ്ക്കാരികതയുടെ ഭാഗമായി മുസ്ലിം സമൂഹത്തിന് സാംസ്കാരിക ബഹുത്വത്തോടെ ഇവിടെ നിലനിൽക്കാൻ സാധിച്ചത്.

ചീഞ്ഞ് വീർത്ത് പൊയ് പോയ ബോധങ്ങളെ മതമായ് കാണുകയും അതിനെ പരിഷ്കൃത സമൂഹത്തിൻ്റെ മുന്നിലേക്ക് കോമാളിത്തരം പോലെ നിക്ഷേപിക്കുകയും ചെയ്യുന്ന അതി യാഥാസ്ഥിതികതയുടെ മുരൾച്ചയാണ് ഓരോ വിവാദങ്ങളിലും നമുക്ക് കേൾക്കാൻ സാധിക്കുന്നത്. അതിൻ്റെയൊക്കെ ഇരയായി മാറുന്നതും കേരളത്തിലെ മുസ്ലിം പൊതുസമൂഹം തന്നെയാണ് എന്നതാണ് വിരോധാഭാസം. ഓരോ വിവാദങ്ങൾക്ക് ശേഷവും കൂടുതൽ കൂടുതൽ മലീമസപ്പെടുന്നതും പിന്തിരിപ്പനുമായ മതബോധങ്ങളുടെ തീക്കനലുകളാണ് വിവാദങ്ങളുടെ മറവിൽ ചില നിക്ഷിപ്ത കക്ഷികൾ നമ്മുടെ പൊതു സമൂഹത്തിലേക്ക് നിക്ഷേപിച്ച് കൊണ്ടിരിക്കുന്നത്. അത് ബാധിക്കുന്നതാകട്ടെ, ഒരു ജനതയുടെ മൊത്തത്തിലുള്ള നിലവാരത്തെ സാമാന്യമായും, ഒരു സമുദായം എന്ന നിലയിൽ മുസ്ലിം സമൂഹത്തിൻ്റെ അന്തസിനെ പ്രത്യേകമായുമാണ്.

ലോകത്തെ വലിയൊരു വിഭാഗം മനുഷ്യർ സ്വീകരിച്ച ഒരു കാർഡിയോ എക്സർസൈസും സ്ട്രെസ്സ് റിലീഫിംഗ് പ്രോഗ്രാമുമാണ് സൂംബ. ലോകത്തെ 180 രാജ്യങ്ങളിൽ എതാണ്ട് പതിനഞ്ച് മില്യണിലധികം മനുഷ്യർ ഈ വർക്കൗട്ട് ചെയ്യുന്നുണ്ട് എന്നാണ് ഈ മെത്തേഡിൻ്റെ ട്രേഡ് മാർക്കുള്ള സുംബ ഫിറ്റ്നസ് എൽഎൽസി എന്ന കമ്പനി അവരുടെ വെബ്സൈറ്റിൽ വിശദീകരിക്കുന്നത്. സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ താള നിബദ്ധമായി പ്രാക്ടീസ് ചെയ്യുന്ന സൂംബ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതാണെന്ന പഠന പിൻബലങ്ങളുള്ള ഒരു വ്യായമമുറയാണ്. അതൊക്കെ പരിഗണിച്ചാണ് സ്കൂൾ അന്തരീക്ഷത്തിൽ സൂംബ പരിശീലനം കൂടി ഉൾപ്പെടുത്തിയാൽ പുതിയ കാലഘട്ടത്തിൽ അതിന് പല ഗുണഫലങ്ങളും സൃഷ്ടിക്കാൻ സാധിക്കും എന്നൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തുന്നത്. ഗുണമല്ലാതെ ഒരു ദോഷവും ഇതുണ്ടാക്കുകയുമില്ല.

വിദ്യാർഥികൾ പല നിലക്കുമുള്ള സംഘർഷങ്ങളും സങ്കീർണതകളും വിദ്യാലയങ്ങളിൽ അനുഭവിക്കുന്നു എന്നൊരു തിരിച്ചറിവ് കൂടിയാണ് ഇത്തരം സ്ട്രെസ്സ് റിലീസിംഗ് എക്സൈസർസുകൾ ആരംഭിക്കുന്നതിന് കാരണമായത്. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനും ബാല്യ , കൗമാര കാലത്ത് ത്രസിച്ച് നിൽക്കുന്ന ഊർജത്തെ നിർമാണാത്മകമായി തിരിച്ച് വിടാനും ലഹരി പോലെയുള്ള സാമൂഹിക വിപത്തുക്കളെ പ്രതിരോധിക്കാനും ഉപകരിക്കുന്ന ഇത്തരം നീക്കങ്ങളെ പൊതുസമൂഹം രണ്ടും കയ്യുമടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്. ഇതിനെയാണ് ഏതാനും ചില മുസ്ലിം സംഘടനകൾ ചേർന്ന് ആസൂത്രിതമെന്ന് തോന്നിപ്പിക്കുന്ന മട്ടിൽ വഷളത്തരങ്ങൾ നിറഞ്ഞ മത തിട്ടൂരങ്ങളുമായി വന്ന് വെല്ലുവിളി മുഴക്കി സ്വയം വഷളായി നിൽക്കുന്നിടം വരെ എത്തിച്ചിരിക്കുന്നത്.

ആസൂത്രിതമായി വിവാദങ്ങൾ സൃഷ്ടിക്കാനും അതിൻ്റെ ഗുണം പറ്റാനുമായി ഏതാനും ചില പിന്തിരിപ്പൻ സംഘടനകളും വ്യക്തികളും ചേർന്ന ഒരു ശൃംഖല ഇവിടെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നുവെന്നത് വെറുമൊരു ആരോപണമല്ല, യാഥാർത്ഥ്യമാണ്. മതമൗലികവാദത്തിൻ്റെ പ്രഭവ കേന്ദ്രങ്ങളായാണ് ഇവരൊക്കെ മാറിക്കൊണ്ടിരിക്കുന്നത്. മുസ്ലിം പൊതു സമൂഹം ഒരു പരിഗണനയും നൽകാതെ അവഗണിച്ച് കളഞ്ഞ ഈ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ വലിയ പങ്ക് മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനുണ്ട്. മതവും രാഷ്ട്രീയവും ചേർന്ന ഒരു പ്രത്യയശാസ്ത്രമാണ് ഇവരെ നിയന്ത്രിക്കുന്നത്. മിക്കപ്പോഴും ഇത്തരം വിവാദങ്ങൾക്ക് തിരി കൊളുത്തപ്പെടുന്നത് ചില മത സംഘടനകൾ കേന്ദ്രീകരിച്ചും വിവാദങ്ങൾ മാത്രമുണ്ടാക്കുന്ന ചില മത പ്രഭാഷകരെ കേന്ദ്രീകരിച്ചുമാണ്. മുസ്ലിം സമൂഹത്തിലെ പി സി ജോർജുമാരായാണ് അവരിൽ പലരും വളർന്ന് കൊണ്ടിരിക്കുന്നത്.

പൊതു സമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യാൻ കഴിയാത്ത വിധമുള്ള അന്ധവിശ്വാസങ്ങളെയും, സ്ത്രീ വിരുദ്ധ, അറു പിന്തിരിപ്പൻ നിലപാടുകളെയും, ശാസ്ത്ര വിരുദ്ധവും പുരോഗമന വിരുദ്ധവുമായ നിലപാടുകളെയും വിശ്വാസവും ആദർശവുമായി സ്വീകരിച്ചവരാണ് ഇവരൊക്കെ. ഈ കക്ഷികളിൽ പ്രമുഖരായ രണ്ട് കൂട്ടർ, ജിന്ന് മുജാഹിദുകൾ എന്ന് മുസ്ലിം ആഭ്യന്തരങ്ങളിൽ വിളിപ്പേരുള്ളതും വിസ്ഡം മുജാഹിദുകൾ എന്ന് സ്വയം തങ്ങളെ വിളിക്കുന്നവരുമായ വിഭാഗവും സമസ്ത എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ട ഒറ്റപ്പെട്ട ചില പ്രഭാഷകരുമാണ്. വിശ്വാസപരമായി വലിയ അന്തരമുള്ളവരാണ് തങ്ങളെന്ന് രണ്ട് കൂട്ടരും പറയാറുണ്ടെങ്കിലും പുരോഗമന വിരുദ്ധത, സ്ത്രീ വിരുദ്ധത, യുക്തി വിരുദ്ധത, ആധുനിക നിരാസം എന്നീ വിഷയങ്ങളിൽ ഒരേ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നവരാണ് ഈ രണ്ട് കൂട്ടരും.
വിസ്ഡം വിഭാഗം മുജാഹിദുകളുടെ ജനറൽ സെക്രട്ടറിയാണ് സൂംബക്കെതിരെ വെടി പൊട്ടിച്ച് കൊണ്ട് ഇത്തവണ രംഗ പ്രവേശം ചെയ്ത ടി കെ അഷറഫ് എന്ന അധ്യാപകൻ. മതത്തിൻ്റെ ഏറ്റവും വൈകാരികമായ മർമ്മങ്ങളിൽ പിടിച്ച് കൊണ്ടാകും ഇവർ എപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുക. അതിനായി തെരഞ്ഞെടുക്കുന്ന ന്യായങ്ങളിൽ യാതൊരു സത്യസന്ധതയും പുലർത്താത്ത ഇവരൊക്കെ സ്വന്തം സംഘടനകളിൽ സത്യം, നീതി, സത്യസന്ധത എനിവയുടെയൊക്കെ ബ്രാൻഡ് അംബാസിഡർമാരായിരിക്കും. സൂംബ പരിശീലനം അൽപ വസ്ത്രം ധരിച്ചാകണമെന്നോ സ്ത്രീകളും പുരുഷന്മാരും കൂട്ടിക്കലർന്ന് തന്നെയാകണമെന്നോ എങ്ങും നിഷ്കർഷിച്ചിട്ടില്ല എന്ന് നന്നായി അറിയുന്നയാളാണ് ഈ അധ്യാപകൻ. സ്കൂളുകളിലാകട്ടെ, വീഡിയോകൾ കണ്ടിടത്തോളം സാധാരണ പി ടി എക്സർസൈസുകൾ ചെയ്യുന്നത് പോലെയാണ് കുട്ടികൾ അത് ചെയ്യുന്നത്. ഒരു താളവും സംഗീതവും കൂടെയുണ്ട് എന്ന് മാത്രം. കുട്ടികളും അധ്യാപകരും ആനന്ദിച്ചും ഉൽസാഹത്തോടെയുമാണ് ഇതിൽ പങ്കാളികളാകുന്നത്. എന്നിട്ടും ഒരു മനസാക്ഷിക്കുത്തുമില്ലാതെ അൽപ വസ്ത്രം എന്ന് പച്ചയായ നുണ പറഞ്ഞ് വിവാദത്തെ മതപരമായ വൈകാരികതയായി തിരിച്ച് വിടാൻ ശ്രമിച്ചതിന് പിന്നിൽ രണ്ട് കാരണങ്ങളാണ് കാണാൻ സാധിക്കുന്നത്.
ഒന്ന്, അടിസ്ഥാനപരമായി ഈ സംഘടന സംഗീതം, നൃത്തം എന്നീ കലാരൂപങ്ങളോട് ശത്രുതാപരമായ അകൽച്ച പുലർത്തുന്നവരാണ്. സംഗീതത്തെയും നൃത്തങ്ങളെയും ലോകത്തെ ഏറ്റവും വലിയ തിന്മകളായി കാണുന്ന ഈ വിഭാഗത്തെ സംബന്ധിച്ചേടത്തോളം സദാചാരബോധമെന്നാൽ സ്ത്രീ നഗ്നതയിൽ തുടങ്ങി സ്ത്രീ നഗ്നതയിൽ തന്നെ ഒടുങ്ങുന്ന വിധം സ്ത്രീ ശരീരത്തിൽ ഭ്രമണം ചെയ്യുന്ന ഒരു സുകുമാര കലയാണ്. ആട്ടവും പാട്ടുമെല്ലാം അവരെ സംബന്ധിച്ചേടത്തോളം സെക്സിൻ്റെ മുന്നുപാധികൾ മാത്രമാണ്. ഈ പശ്ചാത്തലത്തെ മുൻ നിർത്തി പരിശോധിക്കുമ്പോഴാണ് സൂംബാ ഡാൻസ് എന്ന വാക്ക് അത്തരമൊരു സംഘടനയുടെ നേതാവിനെ എത്രത്തോളം പ്രകോപിപ്പിച്ചിട്ടുണ്ടാകും എന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത്. സാധാരണ സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥികളും സാധാരണ വേഷത്തിൽ അധ്യാപകരും ചേർന്ന് ആനന്ദകരമായി ചെയ്യുന്ന ഒരു വ്യായാമ മുറയെ സെക്സ് ചുവയോടെ ആക്ഷേപിക്കാൻ ഇയാളെ പ്രേരിപ്പിച്ചത് തന്നെ മതമെന്ന പേരിൽ ഉള്ളിൽ കൊണ്ട് നടക്കുന്ന സാമൂഹിക വിരുദ്ധതകളാണ് എന്നത് വ്യക്തം.

രണ്ടാമത്തെ കാരണം, ഇവരൊരു ഇവാഞ്ചലിക് സ്വഭാവമുള്ള പ്രബോധക സംഘടനയാണ് എന്നതാണ്. പൊതു മുസ്ലിം സമൂഹത്തിൽ നിന്നുള്ള ആളുകളെയാണ് ഇവർ തങ്ങളുടെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. മുസ്ലിം സമൂഹത്തെ പരമാവധി മാതാത്മകമായി പ്രകോപിതരാക്കി തങ്ങളുടെ അജണ്ടക്ക് പിന്നിൽ നിർത്തിക്കാനുള്ള ഒരു ശ്രമം കൂടി ഇതിലുണ്ട്. നിലവിലെ വിവാദത്തെ ഒരു സദാചാര പ്രശ്നമാക്കി മാറ്റിയാൽ വാദങ്ങൾക്ക് ഒരു സ്വീകാര്യത ലഭിക്കും എന്ന കണക്ക് കൂട്ടൽ കൂടി ഇവർക്കുണ്ടാകാം. ഈയടുത്ത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ വെച്ച് നടന്ന ഒരു സമ്മേളനത്തിൽ, രാത്രിയിൽ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച് പരിപാടി നടത്തിയത് വിലക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ മതം മുൻ നിർത്തി പ്രതികാരം നടത്തിയതും ഇവർ തന്നെയായിരുന്നു. സോഷ്യൽ മീഡിയ ഉപയോഗിച്ച് അദ്ദേഹത്തെ വർഗീയവാദിയായി ചിത്രീകരിച്ച് കാമ്പയ്ൻ നടത്തി അയാൾക്കെതിരെ മതവികാരം ഇളക്കി വിട്ടിരുന്നു.

കേരളത്തിൻ്റെ സാമൂഹിക മുന്നേറ്റത്തിൻ്റെയും പുരോഗമനാത്മകതയുടെയും ഭാഗമായി ആവിഷ്കരിക്കപ്പെടുന്ന ഭരണകൂട പദ്ധതികളിൽ നിന്ന് മുസ്ലിം സമുദായത്തെ ഒഴിവാക്കണമെന്നും അവർക്കായുള്ള അജണ്ടകൾ നിശ്ചയിക്കാൻ അവകാശമുള്ളവർ തങ്ങളാണ് എന്നുമാണ് ഓരോ തവണയും വിവാദവുമായി വരുന്നവർ ഫലത്തിൽ വാദിച്ച് കൊണ്ടിരിക്കുന്നത്. അവരുമായി ആലോചിക്കാതെ നടത്തുന്ന ഒരു പരിപാടിയും അനുവദിക്കില്ല എന്ന് പറയാതെ പറയുകയാണ് ഈ വിവാദങ്ങളിലൂടെ ഇവരൊക്കെ ചെയ്ത് കൊണ്ടിരിക്കുന്നത്. ജനാധിപത്യ ഘടനയിൽ മത സംഘടനകൾക്ക് ഒരു പ്രത്യേകതയുമില്ല. ഭരണഘടന അങ്ങനെ കല്പിച്ച് നൽകുന്നില്ല. എന്നിട്ടും പല കാലത്തുമുള്ള സർക്കാരുകളും ചില രാഷ്ട്രീയ പാർട്ടികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ ഭാഗമായി നടത്തിയിട്ടുള്ള അനാവശ്യ പ്രീണനങ്ങളുടെ അനന്തര ഫലമാണ് ആവശ്യമുള്ളതും ഇല്ലാത്തതുമായ മുഴുവൻ കാര്യങ്ങളിലും തലയിടാനും ഏജൻസി ചമയാനുമുള്ള അഹന്തയിലേക്ക് പല മതസംഘടനകളെയും എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ രൂപപ്പെടുന്ന, യാഥാസ്ഥിതിക മത താത്പര്യങ്ങളെ സംരക്ഷിക്കാനായി സൃഷ്ടിക്കുന്ന, വിവാദങ്ങളുടെ ഘടന പരിശോധിച്ചാൽ അതിൽ നമുക്കൊരു പാറ്റേൺ കാണാൻ പറ്റും. ഓരോ തവണയും ഈ പാറ്റേൺ ശക്തിപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. നേരത്തേ ജൻഡർ ന്യൂട്രൽ യൂണിഫോം, കരിക്കുലം പരിഷ്കരണം, സ്കൂൾ സമയ മാറ്റം തുടങ്ങി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിഷ്കരണങ്ങളിലെല്ലാം ഈ അച്ചുതണ്ട് ഇതേ പാറ്റേണുകൾ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രക്രിയക്ക് മേൽ ഒരു മതാത്മക ആധിപത്യം നിലനിർത്താനുള്ള ശ്രമമാണ് ഈ വിവാദങ്ങളുടെയെല്ലാം അടിസ്ഥാന പ്രേരണ. അതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സൂക്ഷമമായി പരിശോധിക്കുമ്പോഴാണ് കേരളത്തിൻ്റെ പുരോഗമന ചിന്തയെയും സാമുദായിക സൗഹാർദ്ദത്തേയും അതെങ്ങനെയാണ് പരിക്കേൽപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന യാഥാർത്ഥ്യം കൂടി നമുക്ക് ബോധ്യമാകുന്നത്. പൊതുസമൂഹത്തിൻ്റെ ഉന്നമനം ലക്ഷ്യം വെച്ച് ആരംഭിക്കുന്ന ഏതെങ്കിലും ഒരു പരിപാടിയിൽ മുസ്ലിം വിഭാഗത്തിൻ്റെ പ്രതിഷേധം എന്ന നിലയിൽ ഒരു അഭിപ്രായം പൊട്ടി മുളക്കുകയാണ് വിവാദങ്ങളുടെ ആദ്യ പടി. തുടർന്ന്, അതിനെ പിന്തുടർന്ന് മതപ്രഭാഷകരായ രണ്ടോ മൂന്നോ ആളുകളുടെ അഭിപ്രായങ്ങൾ കൂടി ലൈം ലൈറ്റിലേക്ക് എത്തുന്നു. ഒരു വിവാദ സാധ്യത മുന്നിൽ കാണുന്നത് കൊണ്ടും ആസൂത്രിതമായ പി ആർ വർക്ക് നടക്കുന്നത് കൊണ്ടും ഇവയൊക്കെ മാധ്യമങ്ങൾ ചർച്ചക്ക് വെക്കുന്നു. തുടർന്ന് യൂത്ത് ലീഗ്, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകൾ ഇതിനെയൊരു മത വൈകാരിക പ്രശ്നമാക്കി വക്കാലത്ത് ഏറ്റെടുക്കുന്നു. അതോടെ വിഷയം കുളമാകും.

ഈ വിഷയത്തിൽ കൂടെ നിൽക്കാത്തവരെല്ലാം സമുദായ വിരോധികളാണെന്ന ഒരാഖ്യാനം മുൻ കൂട്ടി തന്നെ തയാറാക്കി വെച്ചിട്ടുണ്ടാകും. ഇത്തരം യാഥാസ്ഥിതിക നീക്കങ്ങളോട് മുസ്ലിം സമൂഹത്തിൽ നിന്നും ആഭ്യന്തരമായുണ്ടാകുന്ന വിമർശനങ്ങളെ മുഴുവൻ സമുദായ വിരോധികൾ എന്ന ചാപ്പ ചാർത്തി നിശബ്ദരാക്കും. ഒട്ടും താമസിയാതെ കോൺഗ്രസും യുഡിഎഫും വിവാദം സൃഷ്ടിക്കുന്നവർക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണ നൽകി വിഷയത്തെ രാഷ്ട്രീയമായി മാറ്റും. ഭരണ പക്ഷത്തെ ദുർബലപ്പെടുത്താനും മുസ്ലിം സമൂഹത്തെ കൂടെ നിർത്താനും പറ്റുന്ന ഒരവസരമായാകും അവരും വിഷയത്തെ കാണുക. ഈ രാഷ്ട്രീയ സമ്മർദ്ധങ്ങളിൽ പെട്ട് സർക്കാർ അല്പം പിന്നോട്ട് പോകാൻ നിർബന്ധിതരാകുന്നതോടെ സർക്കാറിനെ മുട്ട് കുത്തിച്ചെന്നും യൂ ടേൺ അടിപ്പിച്ചെന്നുമുള്ള ഒരു പ്രചാരണം ഇവരൊക്കെ ചേർന്ന് ശക്തമാക്കും. ഏതാനും ദിവസങ്ങൾ നിരന്തരമായി നടത്തുന്ന ചർച്ചകളിലൂടെ കേരളത്തിലെ മുസ്ലിം സമൂഹത്തെ സംബന്ധിച്ച് ഏറ്റവും മോശമായ ഒരു പ്രതിച്ഛായ പൊതു സമൂഹത്തിൽ സൃഷ്ടിച്ച് കേരളത്തിൻ്റെ സാമൂഹ്യന്തരീക്ഷത്തെ വർഗീയമായി വിഘടിപ്പിക്കാനുള്ള മുഴുവൻ പണിയും പൂർത്തിയാക്കി സ്വന്തം മാളങ്ങളിലേക്ക് ഇവരൊക്കെ മടങ്ങും. തിരിച്ചറിവും ബോധവുമുളള കേരളത്തിലെ മുസ്ലിം സമൂഹം പിന്തിരിപ്പന്മാരും അതി യാഥാസ്ഥിതികന്മാരുമായ കുറെ വിവാരദോഷികളാൽ നാണം കെടും. ഇതാണ് കുറച്ച് നാളുകളായി കേരളത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതിൻ്റെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോൾ നടന്ന സൂംബ വിവാദം.

യാഥാസ്ഥിതികതക്ക് നേരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന സംഘടനകൾ നേരത്തേ കേരളത്തിലുണ്ടായിരുന്നു. മോഡറേറ്റ് നിലപാടുകൾ പറയുകയും പുരോഗമന നീക്കങ്ങളെ പിന്തുണക്കുകയും ചെയ്തിരുന്ന അത്തരം സംഘടനകളുടെ പിൻവലിയലും നയം മാറ്റവും മത മൗലികവാദത്തിനും യാഥാസ്ഥിതികതയുടെ കടന്ന് കയറ്റത്തിനും വലിയ കാരണമായിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് രാജ്യം കീഴടങ്ങിയതോടെ മുസ്ലിം സമൂഹത്തിനുള്ളിലെ ആഭ്യന്തര വിമർശന ധാര ദുർബലപ്പെട്ട് പോയിരിക്കുന്നു. സംഘപരിവാർ എന്ന ബാഹ്യ ശത്രു ശക്തമായി വരുമ്പോൾ മുസ്ലിം ആഭ്യന്തര വിമർശനങ്ങൾ സമുദായത്തിന് ദോഷകരമാകും എന്ന ചിന്ത കൊണ്ടാണ് ആഭ്യന്തര വിമർശനവും നവീകരണ ശ്രമങ്ങളും ദുർബലപ്പെട്ടത്. സമുദായത്തെ കലുഷിതമാക്കി മാത്രമേ ഇവ രണ്ടും സാധ്യമാവുകയുള്ളൂ. ആ കാലുഷ്യം സമുദായത്തെ കൂടുതൽ ദുർബലമാക്കും എന്ന് ഭയപ്പെട്ട് അതവസാനിപ്പിച്ചപ്പോൾ സമുദായത്തിൽ തെഴുത്ത് വളർന്നത് മൗലികവാദവും യാഥാസ്ഥിതികതയുമാണ്. മോഡറേറ്റ് മുസ്ലിം വിഭാഗമായി അറിയപ്പെട്ട മർക്കസുദ്ദഅവ മുജാഹിദുകൾ പോലും എത്ര മാത്രം മൗലികവാദികളും യാഥാസ്ഥിതികരുമായി മാറിക്കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ് കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയാറെടുക്കുന്നത് പോലെ വിസ്ഡം സംഘടനയുടെ വാദത്തെ പിന്തുണച്ച് കൊണ്ട് സൂംബക്കെതിരെ ചാടിയിറങ്ങിയ അവരുടെ അപക്വ നീക്കം കാണിക്കുന്നത്. സമസ്തയുടെ ഇരു വിഭാഗങ്ങളുടെയും നേതൃത്വം മൗനം അവലംബിച്ചപ്പോൾ ഔദ്യോഗിക മുജാഹിദ് വിഭാഗം മാത്രമാണ് അല്പമെങ്കിലും പാകതയുള്ള ഒരു നിലപാട് ഈ വിഷയത്തിൽ സ്വീകരിച്ചത്.

പൊതു വിദ്യാഭ്യാസം ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണ്. ഭരണഘടന നിഷ്കർഷിക്കുന്ന ലക്ഷ്യങ്ങളെ സാധിച്ചെടുക്കാൻ ഓരോ കാലഘട്ടത്തിലേക്കും വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യേണ്ട ഉത്തരവാദിത്വമാണ് സർക്കാറിനുള്ളത്. ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാത്രമേ സർക്കാരിന് അത് ചെയ്യാൻ സാധിക്കൂ. സ്ത്രീ പുരുഷ തുല്യത, ലിംഗ സമത്വം എന്നിവയൊക്കെ ഭരണഘടനാ ധാർമികതകളാണ്. ഇതൊന്നും കരിക്കുലവുമായോ പഠന, പഠനേതര പ്രവർത്തനങ്ങളുമായോ ബന്ധപ്പെട്ട് അനുവദിക്കില്ല എന്ന് ശഠിക്കുന്നവർ കാരണമായി പറയുന്നത് സദാചാര പ്രശ്നങ്ങളാണ്. യഥാർത്ഥത്തിൽ അവരൊക്കെ സ്വന്തമായി നടത്തുന്ന മത പാഠശാലകളിൽ നടക്കുന്ന സദാചാര പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകയും പൊതു വിദ്യാഭ്യാസ പ്രക്രിയയുടെ ലക്ഷ്യങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു നിലപാടാണ് ഇവർക്കൊക്കെയുള്ളത്.

സാമൂഹിക ബോധവും തിരിച്ചറിവുമുള്ള കേരളീയ മുസ്ലിം പൊതുസമൂഹത്തിന് ഇപ്പോഴത്തെ വിവാദം ഒരു പാഠമാണ്. സംഘടനാവൽക്കരിക്കപ്പെട്ട് യാഥാസ്ഥിതികരും മൗലികവാദികളുമായി മാറിപ്പോയ മുസ്ലിം വിഭാഗങ്ങളെ തിരുത്തിയില്ലെങ്കിൽ അവർ പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ സാധ്യതയുള്ള അപകടങ്ങളുടെ ഒരു ടെസ്റ്റ് ഡോസാണ് സൂംബ വിവാദത്തിലൂടെ നാം കണ്ടത്. കേരളത്തിലെ മുസ്ലിംകളുടെ സാമൂഹിക പുരോഗതി കേരളീയ പൊതു സമൂഹത്തിൻ്റെയും പുരോഗമാനാത്മകമായ മുസ്ലിം മുന്നേറ്റങ്ങളുടെയും ആകെത്തുകയാണ്. ഈ മതസംഘടനകളും മതപ്രഭാഷകരും ചേർന്ന് തകർക്കുന്നത് ഒരു ജനതയുടെ ആത്മാഭിമാനത്തെയും പുരോഗമന ത്വരയെയുമാണ്. മതമെന്ന പേരിൽ വ്യാജമായി കൊണ്ട് നടക്കുന്ന കുറെ പിന്തിരിപ്പൻ സിദ്ധാന്തങ്ങളും സ്ത്രീവിരുദ്ധതയുമാണ് ഇക്കൂട്ടരുടെ ശരിയായ ആദർശം. തലമുറകളായി യാഥാസ്ഥിതികമായി മാത്രം നടന്ന ലോകത്തെ അനേകം മുസ്ലിം സമൂഹങ്ങൾ അവയൊക്കെ ഉപേക്ഷിച്ച് മുന്നോട്ട് കുതിക്കാൻ തുടങ്ങുന്ന കാലത്താണ് തലമുറകൾ കൊണ്ട് നാം നേടിയ ബോധങ്ങളെ മുഴുവൻ തല കുത്തനെ പിടിച്ച് ഒരു ജനതയെ മുഴുവൻ മൗലികവാദികളും പിന്തിരിപ്പന്മാരുമാക്കാനായി ചില സംഘടനകളും പ്രഭാഷകരും കേരളത്തിൽ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഓടിച്ച് വിട്ടത് പോലെ കേരളത്തിൻ്റെ പൊതു ഇടങ്ങളിൽ നിന്ന് ഇവരെയെല്ലാം പൂർണമായും ഇല്ലാതാക്കാൻ കേരളത്തിലെ മുസ്ലിം സമൂഹം ജാഗ്രതയോടെ നിലനിൽക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഏതാണ്ട് തൊണ്ണൂറ് ലക്ഷത്തോളം വരുന്ന കേരളത്തിലെ മുസ്ലിം സമുദായത്തെ അവിവേകികളായ ഈ സംഘടനകളും പ്രഭാഷകരും ചേർന്ന് നൂറ്റാണ്ടുകൾ പുറകിലേക്ക് തള്ളിയിടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
