തൊഴിൽ മേഖല മാറുമ്പോൾ കാഴ്ച്ചക്കാരായി മാറി നിൽക്കുകയല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. കൃത്യമായ റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇന്ത്യൻ തൊഴിൽ രംഗത്ത് ഉടനെ വരേണ്ടൊരു മാറ്റം, ജോലി സ്ഥലത്ത് നിന്ന് ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്നതാണ് – മാറേണ്ട ഇന്ത്യൻ തൊഴിൽ നിയമങ്ങളെക്കുറിച്ചും തൊഴിലാളി ജീവിതങ്ങളെക്കുറിച്ചും എഴുതുന്നു സുദീപ് സുധാകരൻ
തൊഴിലിടത്തില്‍ നിന്ന് വിട്ടുനല്‍കാനും വേണം തൊഴിലാളിക്ക് അവകാശം

ഇ.വൈ (EY) എന്ന അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽ സമ്മർദം മൂലം മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യൻ മരണപ്പെട്ട സംഭവം വലിയ ചർച്ചകള്‍ക്ക് കാരണമായിരുന്നു. വൈറ്റ് കോളർ രംഗത്തെ തൊഴിലാളികൾ നേരിടേണ്ടി വരുന്ന ജോലി സമ്മർദത്തിന്റെ നേർചിത്രമായിരുന്നു അന്ന സെബാസ്റ്റ്യൻ്റെ മരണം. ഇന്ത്യൻ ബിസിനസ് രംഗം അന്നയുടെ മരണത്തെ ഒരു മുന്നറിയിപ്പായി കാണുമെന്നും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുമാണ് പലരും കരുതിയത്. പക്ഷേ ഒന്നും സംഭവിച്ചില്ല. എന്നുമാത്രമല്ല തികച്ചും വിരുദ്ധമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. അടുത്ത കാലത്തായി ഇന്ത്യൻ തൊഴിൽ മേഖല വലിയ വിവാദങ്ങളിലൂടെ കടന്നുപോവുകയുമാണ്. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം, ബിസിനസ് രംഗത്തെ ടോപ്പ് ലീഡർമാരിൽ ചിലരുടെ അഭിപ്രായ പ്രകടനങ്ങളാണെന്ന് പറയാതെ വയ്യ.

ഇൻഫോസിസ് മേധാവിയായിരുന്ന നാരായണ മൂർത്തി അടുത്തിടെ അഭിപ്രായപ്പെട്ടത് ‘തൊഴിലാളികള്‍ ആഴ്ച്ചയിൽ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണം’ എന്നായിരുന്നു. രാജ്യത്തിന്റെ ഭാവിക്ക് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളിൽ ശനിയാഴ്ച്ച അവധി ദിവസമായതിലുള്ള തന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചു. പ്രസ്‍താവനകൾ വിവാദമുണ്ടാക്കിയെങ്കിലും അഭിപ്രായത്തിൽ അഭിമാനത്തോടെ ഉറച്ചു നിൽക്കുന്നു എന്നാണ് അദ്ദേഹം പിന്നീടും അഭിപ്രായപ്പെട്ടത്.

കൺസ്ട്രക്ഷൻ രംഗത്തെ ഭീമൻമാരായ ലാർസൺ ആൻഡ് ടർബോയുടെ ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യമാണ് സമാന രീതിയിൽ പ്രസ്താവനയിറക്കിയ മറ്റൊരാള്‍. ഞായറാഴ്ച്ച ഉള്‍പ്പടെ പ്രവർത്തി ദിവസമാക്കണമെന്നായിരുന്നു എസ്.എൻ സുബ്രഹ്മണ്യത്തിൻ്റെ അഭിപ്രായം. എത്ര സമയം വീട്ടിൽ ഭാര്യയെ തന്നെ നോക്കിയിരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിൽ മാത്രമല്ല ലോകത്തിൻ്റെ പലഭാഗങ്ങളിലും വർഷങ്ങള്‍ നീണ്ട സമരങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത എട്ടു മണിക്കൂർ തൊഴിൽ ദിനം പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇന്ന് വെല്ലുവിളി നേരിടുകയാണ്. ഗൂഗിളിലേതു പോലെ വർക്ക് ലൈഫ് ബാലൻസിനു പേരുകേട്ട ഒരു കമ്പനിയുടെ കോ ഫൗണ്ടറായ സെർജി ബ്രിൻ (Sergey Brin) ആഴ്ചയിൽ അറുപത് മണിക്കൂറെങ്കിലും ജോലി ചെയ്യണം എന്ന വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു.
ചരിത്രം പരിശോധിച്ചാൽ, തൊഴിൽ സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനായി തൊഴിലാളികള്‍ സംഘടിപ്പിച്ച സമരങ്ങള്‍ കാണാം. ദീർഘകാലത്തെ പോരാട്ടങ്ങളുടെ ചരിത്രമാണത്. വ്യവസായ വിപ്ലവാനന്തര യൂറോപ്പിൽ ദിവസേന പതിനാറും പെതിനെട്ടും മണിക്കൂറുകള്‍ തൊഴിലെടുക്കേണ്ടി വരുന്ന തൊഴിലാളികള്‍ സ്ഥിരം കാഴ്ച്ചയായിരുന്നു. സംഘടനകളും തൊഴിലാളി സമരങ്ങളും നിരോധിക്കപ്പെട്ട കാലമായിരുന്നു അത്. ഇവിടുന്നാണ് എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിശ്രമം എട്ടു മണിക്കൂർ വിനോദം എന്ന അടിസ്ഥാന അവകാശം തൊഴിലാളികള്‍ നേടിയെടുക്കുന്നത്.
എന്നാൽ ആധുനിക ടെക്നോളജികളുടെ വ്യാപനം തൊഴിലുമായി ബന്ധപ്പെട്ട അടിസ്ഥാന സങ്കൽപ്പങ്ങളിൽ വലിയ മാറ്റം സൃഷ്ടിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട മാറ്റം തൊഴിലെടുക്കാൻ തൊഴിൽ സ്ഥാപനത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തൊഴിലാളി വരേണ്ടതില്ല എന്നതാണ്. ഒരുപാട് തൊഴിൽ മേഖലകളിൽ വീട്ടിൽ നിന്നോ മറ്റു സ്ഥലങ്ങളിൽ നിന്നോ കമ്മ്യൂണിക്കേഷൻ സാങ്കേതിത വിദ്യങ്ങളുടെ സഹായത്തോടെ തൊഴിലെടുക്കാൻ കഴിയുന്ന സാഹചര്യം ഇന്നുണ്ട്. ബാംഗ്ലൂരിലെ ട്രാഫിക്കിൽ സ്‌കൂട്ടറിന്റെ പിന്നിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നൊരു ടെക്കിയുടെ ചിത്രം ഈയിടെ വൈറലായത് ഓർക്കുക.

സാധ്യതകളോടൊപ്പം തന്നെ വലിയ വെല്ലുവിളികളും ഈ പുതിയ തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, തൊഴിലിടത്തിൽ നിന്നും തൊഴിലാളിക്ക് ഒരു എക്സിറ്റ് ലഭിക്കുന്നില്ല എന്നതാണ്. അതായത് നിലവിൽ നിങ്ങൾ ഒൻപത് മുതൽ അഞ്ചു മണിവരെ തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്ന് കരുതുക. എന്നാൽ അഞ്ചു മണിക്കു ശേഷം പഞ്ച് ചെയ്ത് പുറത്തിറങ്ങിയാലും പല രീതിയിൽ തൊഴിൽ ഇടവുമായി നിങ്ങൾ കണക്റ്റഡാണ്. അത് ജോലിയുമായി ബന്ധപ്പെട്ട WhatsApp ഗ്രൂപ്പിന്റെ രൂപത്തിലാകാം, ഇൻബോക്സിലേക്ക് വരുന്നൊരു മെയിലിന്റെ രൂപത്തിലാകാം അല്ലെങ്കിൽ പെട്ടെന്ന് തീരുമാനിക്കപ്പെട്ട ഒരു വീഡിയോ കോളിന്റെ രൂപത്തിലുമാകാം. ഇത്തരത്തിൽ ജോലിയിൽ നിന്നും പുറത്തു കടക്കാൻ കഴിയാത്ത തരത്തിൽ അതുമായി എപ്പോഴും കണക്റ്റഡാണ് മിക്ക ആധുനിക തൊഴിൽ ഇടങ്ങളും.

ഒരു ഇരുപത് വർഷം മുന്നേ പോലും ഇത് ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഐടി പോലുള്ള തൊഴിൽ മേഖലകളിൽ മാത്രമല്ല ഏതൊരു ജോലിയിലും കമ്മ്യൂണിക്കേഷൻ വഴിയുള്ള തൊഴിലിടവുമായിട്ടുള്ള നിരന്തരമായ കണക്ഷൻ ഇന്ന് സാധ്യമാണ്. ഈ യാഥാർഥ്യത്തെ ഏറെ പ്രാധാന്യത്തോടെ ഉൾക്കൊള്ളേണ്ടതുണ്ട്. കാരണം, ടെക്നോളജി ഇല്ലാത്ത ഒരു കാലഘട്ടത്തിലേക്ക് പോവുക സാധ്യമല്ല. ഈ കമ്മ്യൂണിക്കേഷൻ ടെക്നോളജികളെ തൊഴിൽ ഇടത്തുനിന്നും മാറ്റിവെക്കുക എന്നതും നടക്കുന്ന കാര്യമല്ല.
ഈ മാറിയ തൊഴിൽ സാഹചര്യം വലിയ മാനസിക ശാരീരിക പ്രശനങ്ങൾ തൊഴിലാളികളിൽ സൃഷ്ടിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. തങ്ങൾക്ക് മാത്രമായോ അല്ലെങ്കിൽ കുടുംബത്തിനൊപ്പമോ ചെലവഴിക്കേണ്ട സമയമാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്. ജോലിക്ക് പുറത്തുള്ള ജീവിതം പലപ്പോഴും ഉറങ്ങുന്ന സമയത്തേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നു. പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും തമ്മിലുള്ള അതിർവരമ്പ് നേർത്ത് നേർത്ത് ഇല്ലാതെയായി എന്ന് പറയുന്നതാകും ശരി. ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഇരകളായി മാറുന്നത് സ്ത്രീ തൊഴിലാളികളാണ്. ഓഫീസ് സമയവും അതിനു ശേഷമുള്ള വീട്ടിലെ ജോലികളും വിശ്രമമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു.
ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രൊഫ. കല്യാങ്കർ മഹാദേവ്, പ്രൊഫ. സി ടി അനിത എന്നിവർ നേതൃത്വം നൽകുന്ന ഗവേഷക സംഘം, ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ ഹെപ്പറ്റോളജിസ്റ്റ് ഡോ. പി എൻ റാവുവുമായി ചേർന്ന് നടത്തിയ ഒരു പഠനത്തിൽ പറയുന്നത് 84% ഐടി ജീവനക്കാരും MAFLD (മെറ്റാബോളിക് അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ്) ബാധിതരാണെന്നാണ്. ഐ.ടി മേഖലയിൽ ജോലിചെയ്യുന്നവരുടെ നീണ്ട സമയത്തെ ഇരുന്നുള്ള ജോലി, വ്യായാമ രഹിതമായ ജീവിതശൈലി, മാനസിക സമ്മർദം, ഉറക്കമില്ലായ്മ, ഷിഫ്റ്റ് ജോലി, ആഹാരശീലങ്ങളിലെ ക്രമക്കേട് തുടങ്ങിയവയാണ് ജീവിതശൈലി രോഗമായ ഫാറ്റി ലിവറിന്റെ സാധ്യത വർധിപ്പിക്കുന്നതെന്ന് ഈ പഠനം പറയുന്നു.
ഇന്ത്യയിൽ നിലവിലുള്ള തൊഴിൽ നിയമത്തിൽ ഈ സാഹചര്യത്തെ നേരിടാനുള്ള കൃത്യമായൊരു പ്രൊവിഷൻ ഇല്ലെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. പുതിയ ലേബർ കോഡുകളിലും ഇത്തരം സാഹചര്യങ്ങളെ കൃത്യമായി അഡ്രസ് ചെയ്യുന്ന നിയമങ്ങളില്ല. ബാംഗ്ലൂർ ഉൾപ്പെടെയുള്ള ഐടി ഹബ്ബുകളിൽ വലിയ സമരങ്ങളുമായി തൊഴിലാളികൾ മുന്നോട്ട് വന്നത് ഇതുകൊണ്ടാണ്. തൊഴിൽ മേഖല മാറുമ്പോൾ കാഴ്ച്ചക്കാരായി മാറി നിൽക്കുകയല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. കൃത്യമായ റെഗുലേറ്ററി മെക്കാനിസം കൊണ്ടുവരാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ഇന്ത്യൻ തൊഴിൽ രംഗത്ത് ഉടനെ വരേണ്ടൊരു മാറ്റം, ജോലി സ്ഥലത്ത് നിന്ന് ഡിസ്കണക്റ്റ് ചെയ്യാനുള്ള അവകാശം നിയമപരമായി തന്നെ തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്നതാണ്. അതായത് നിശ്ചിത ജോലി സമയത്തിന് ശേഷം കോളിന്റെയോ വീഡിയോ ചാറ്റിൻ്റെയോ മെയിലിന്റെയോ രൂപത്തിൽ വരുന്ന ജോലിയുടെ വിവിധ ആവശ്യങ്ങളോട് ‘നോ’ പറയാനുള്ള അവകാശം തൊഴിലാളികള്‍ ലഭിക്കണം.

ജോലിക്ക് പുറത്തുള്ള ജീവിതം പലപ്പോഴും ഉറങ്ങുന്ന സമയത്തേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ പുതിയതായിതായിരിക്കാമെങ്കിലും, നിലവിൽ നിരവധി രാജ്യങ്ങള്‍ ഇത്തരം നിയമനിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മുഴുവൻ സമയവും തൊഴിലിടവുമായി ബന്ധപ്പെടേണ്ടി വരുന്ന സാഹചര്യത്തെ മറികടക്കാൻ 2021ൽ പോർച്ചുഗൽ തൊഴിൽ നിയമത്തിൽ അടിയന്തിര മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. പുതുക്കിയ നിയമമനുസരിച്ച്, ജോലി സമയത്തിന് പുറമേയുള്ള നേരങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ കോളുകളോ അയക്കാൻ തൊഴിലുടമക്ക് അനുമതിയില്ല. ചില അടിയന്തര സാഹച്യങ്ങളിൽ മാത്രമാണ് ഇതിനു ഇളവ് അനുവദിച്ചിട്ടുള്ളത്. ഈ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ഉള്‍പ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും.
മറ്റൊരു കാലത്ത് എഴുതപ്പെട്ടത് ആണെങ്കിലും സമാനമായൊരു നിയമം ഇന്ത്യൻ ഫാക്ടറി ആക്റ്റിലുണ്ട് (Indian factory act 1948). ഉദാഹരണത്തിന് ഈ നിയമത്തിൻ്റെ സെക്ഷൻ 56ൽ പറയുന്ന സ്‌പ്രെഡ് ഓവർ എന്ന പ്രൊവിഷൻ നോക്കുക. ഇത് പ്രകാരം, ഒരു തൊഴിലാളിയുടെ ജോലി സമയം (ഇടവേളകൾ ഉൾപ്പെടെ) ഒരു ദിവസത്തിൽ 10.5 മണിക്കൂറിൽ കൂടരുത് എന്നുണ്ട്. അതായത് ഇവിടെ ഫാക്ടറി ഗേറ്റിനകത്ത് പ്രവേശിച്ചാൽ ഒരു തൊഴിലാളി അവിടെ ചെവലഴിക്കേണ്ടുന്ന മാക്സിസം സമയത്തെ നിയമം വഴി നിയന്ത്രിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു തൊഴിലാളിയുടെ ഷിഫ്റ്റ് 8 മണിക്കൂറും, ലഞ്ച് ബ്രേക്ക് 1 മണിക്കൂറും, ടീ ബ്രേക്ക് 15 മിനിറ്റും ആണെങ്കിൽ, സ്പ്രെഡ് ഓവർ 9.5 മണിക്കൂർ ആയി കണക്കാക്കും. സ്പ്രെഡ് ഓവർ പരിധി ലംഘിക്കുന്ന ഫാക്ടറികൾക്ക് ഫാക്ടറി ആക്ട് സെക്ഷൻ 92 പ്രകാരം പിഴയോ നിയമനടപടികളോ നേരിടേണ്ടി വരും. പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാർ അനുവദിച്ചാൽ, ഈ സ്പ്രെഡ് ഓവർ 12 മണിക്കൂർ വരെ നീട്ടാം.

തൊഴിൽ സാഹചര്യങ്ങൾ വളരെ മോശമായിരുന്ന വ്യാവസായിക വിപ്ലവാനന്തര ബ്രിട്ടനിൽ തൊഴിൽ സമരങ്ങളുടെ ഭാഗമായി തൊഴിൽ സമയം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമമാണ് ഇത്. പുതിയ കാലത്ത് ഇത്തരം നിയമങ്ങളുടെ പുതിയ രൂപങ്ങൾ ഇന്നത്തെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.








