സർവകലാശാലകളിലെ അധ്യാപക ലോബിയുടെ, അഥവാ മാഫിയ സംഘങ്ങളുടെ ഇരയാണ് യഥാർത്ഥത്തിൽ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർത്ഥി. സർവകലാശാലകളിലെ ഗവേഷണ പ്രക്രിയകളെ നിരീക്ഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മുൻകൈയ്യിൽ ഒരു ഉന്നത സമിതിയെ നിയോഗിക്കുകയും വിദ്യാർത്ഥികളുടെ പ്രതിസന്ധികൾ പരിഹരിക്കപെടുകയും ചെയ്താൽ മാത്രമേ ഗവേഷണം എന്ന പ്രക്രിയയ്ക്ക് ജനാധിപത്യ സ്വഭാവം കൈവരികയുള്ളു. അല്ലാത്തപക്ഷം റിസർച്ച് ഗൈഡുമാരുടെയും ഡോക്ടറൽ കമ്മിറ്റി ചെയർമാൻമാരുടെയും ഡീൻമാരുടെയും ഏകാധിപത്യം നടപ്പാക്കാനുള്ള ഒരു പദ്ധതിയായി ഇത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ ഓഡിറ്റ് ചെയ്യപ്പെടാത്ത ഒരു വ്യവസ്ഥയിൽ ജാതി ആവർത്തിച്ചുകൊണ്ടേയിരിക്കും – ഡോ. പ്രഭാഹരൻ കെ. മൂന്നാർ എഴുതുന്നു
ഇനിയും ആവർത്തിക്കപ്പെടരുത് വിപിൻ വിജയൻമാർ

സർവകലാശാലകളിലെ അധ്യാപക ലോബിയുടെ, അഥവാ മാഫിയ സംഘങ്ങളുടെ ഇരയാണ് വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർത്ഥി. കേരള സർവ്വകലാശാലയിലെ ഗവേഷണ കാലഘട്ടത്തിലാണ് വിപിനെ പരിചയപ്പെടുന്നത്. നല്ല രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിത്വം. തിരുവനന്തപുരത്ത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു കുടുംബത്തിൽ നിന്നും എം.ഫിൽ പൂർത്തിയാക്കി ഗവേഷണത്തിനെത്തിയതായിരുന്നു വിപിൻ.
എന്നാൽ റിസർച്ച് ഗൈഡ് സി.എൻ വിജയകുമാരിയിൽ നിന്ന് നേരിട്ട ജാത്യാധിക്ഷേപം കാരണം, അഞ്ചുവർഷം അധ്വാനിച്ചിട്ടും അദ്ദേഹത്തിന് പി.എച്ച്.ഡി ലഭിച്ചില്ല എന്ന വാർത്ത ഇപ്പോൾ പുറത്തുന്നിരിക്കുന്നു.

••••
നമ്മുടെ സർവ്വകലാശാലകളിലെ റിസർച്ച് ഗൈഡുമാരിൽ ഭൂരിപക്ഷവും ഗവേഷണ രീതിശാസ്ത്രവും (Research Methodology) ഓപ്പൺ ഡിഫൻസും തമ്മിലുള്ള ബന്ധമറിയാത്തവരാണ്. ഇതു സംബന്ധിച്ച് ധാരണകൾ ഉണ്ടാക്കിയതിന് ശേഷം മാത്രം വിദ്യാർത്ഥികളെ ഗവേഷണത്തിലേക്ക് നയിക്കുന്ന അധ്യാപകർ വിരലിലെണ്ണാവുന്നവരേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

ഗവേഷണത്തിൽ ഏർപ്പെടുന്നവർ വ്യക്തി താൽപര്യങ്ങൾക്ക് വഴങ്ങാതെ ഒരു വിഷയത്തെ സമീപിക്കുകയും അതിൽ നിന്നും പ്രശ്നങ്ങൾ കണ്ടെത്തുകയും പൊതു സമൂഹത്തിന് അത് നിർദ്ദേശിക്കുകയും ചെയ്യണം എന്നാണ് റിസർച്ചിൻ്റെ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അതിൽ നിന്ന് വ്യതിചലിക്കുന്നവർ നല്ല ഗവേഷകരാകുന്നില്ല എന്നും പറയുന്നു. മേൽപ്പറഞ്ഞ രീതിശാസ്ത്രം ഉപയോഗിച്ചാണ് ഒരു ഗവേഷകനും അയാളുടെ മാർഗദർശിയായ ഗൈഡും ഗവേഷണത്തിൽ ഇടപെടേണ്ടത്. അത് തെറ്റുമ്പോൾ ഗവേഷകർ ഇതുപോലെ വേട്ടയാടപ്പെടുന്നു.
റിസർച്ച് ഗൈഡുകൾ തമ്മിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പലപ്പോഴും ഗവേഷകന്റെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് പതിവാണ്. ഇവിടെ ഗവേഷകൻ ഇരയാക്കപ്പെടുന്നു. അക്കാഡമീഷ്യൻസിൻ്റെ സമീപനം പലപ്പോഴും ഇങ്ങനെയാണ്. ഓപ്പൺ ഡിഫൻസ് എന്ന സംവിധാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ചിലയിടങ്ങളിലെങ്കിലും അത് നടത്തപ്പെടുന്നത്. ഓപ്പൺ ഡിഫൻസ് എന്ന പ്രക്രിയയ്ക്ക് പലപ്പോഴും അതിൻ്റെ ഗൗരവം നഷ്ടപ്പെടുന്ന കാഴ്ചയാണ് ചില പഠന വകുപ്പുകളിലെങ്കിലും കാണാൻ കഴിയുന്നത്.
വ്യക്തി വൈരാഗ്യം തീർക്കാനുള്ള ഒരു ചടങ്ങായി മാത്രം ഓപ്പൺ ഡിഫൻസ് ചുരുങ്ങുന്നു. ഗവേഷകർ വ്യക്തിഹത്യ ചെയ്യപ്പെടുന്നു. ഇത് സമൂഹത്തിനു മുന്നിലെത്തിക്കാൻ പലപ്പോഴും ഗവേഷകർക്ക് കഴിയുന്നുമില്ല. ബഹുഭൂരിപക്ഷം പേർക്കും ഗവേഷണത്തെക്കുറിച്ച് മതിയായ ധാരണ ഇല്ല എന്നതു തന്നെയാണ് കാരണം.

മൂന്ന് എക്സ്റ്റേണൽ എക്സാമിനർമാർ മൂല്യനിർണയം നടത്തിയതിനു ശേഷം ഒരു ഗവേഷണ പ്രബന്ധത്തിന് ലഭിക്കുന്ന അല്ലെങ്കിൽ അനുവദിക്കപ്പെടുന്ന, ഗവേഷക സമൂഹത്തിനോടുള്ള ചർച്ചയാണ് ഓപ്പൺ ഡിഫൻസ് എന്ന പ്രക്രിയ. അത് നിറവേറ്റുക എന്ന ഉത്തരവാദിത്തമാണ് Faculty Dean, Doctoral committee chairman, വകുപ്പ് മേധാവി തുടങ്ങിയവരെ സർവകലാശാല ഏൽപ്പിക്കുന്നത്. ഒരു ഗവേഷക പ്രബന്ധം പുറത്ത് നിന്ന് വിലയിരുത്തപ്പെട്ട് അംഗീകരിക്കപ്പെട്ട ശേഷമാണ് ഈ പൊതു ചർച്ചകൾ നടത്തപ്പെടുന്നത്. ഗവേഷണത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ, എക്സാമിനർമാരിൽ ആർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിൽ സർവകലാശാലയിലേക്ക് അയക്കുന്ന റിപ്പോർട്ടിൽ അതു സൂചിപ്പിക്കുന്നു. അതിൽ തിരുത്തൽ ആവശ്യപ്പെടുന്നു. അങ്ങനെ ഗവേഷണ പ്രബന്ധം വീണ്ടും ഒരിക്കൽ കൂടി സമർപ്പിക്കപ്പെടുന്നു. വിലയിരുത്തലുകൾക്ക് ശേഷം ഗവേഷണ പ്രബന്ധം വീണ്ടും പൊതു ചർച്ചകൾക്കായി ശുപാർശ ചെയ്യപ്പെടും. ഈ ചർച്ചകൾക്കുശേഷം മാത്രമേ എക്സ്റ്റേണൽ എക്സാമിനർ പ്രസ്തുത വ്യക്തിക്ക് ഡോക്ടറേറ്റ് നൽകാൻ ശുപാർശ ചെയ്യുന്നുള്ളൂ. ഈ പ്രക്രിയകൾക്കെല്ലാം ശേഷം പ്രസ്തുത വ്യക്തിക്ക് ഡോക്ടറേറ്റ് നൽകാമെന്ന തീരുമാനത്തിൽ ഇടപെടൽ നടത്താൻ സാധിക്കില്ല. വിയോജിപ്പുകളുണ്ടെങ്കിൽ എക്സാമിനർ മാത്രമാണ് അത് അറിയിക്കുക. ഇത്രയുമാണ് ഒരു ഓപ്പൺഡിഫൻസ് പ്രക്രിയ.
ഇനി വിപിൻ വിജയൻറെ കേസിലേക്ക് വരാം. അങ്ങേയറ്റം വ്യക്തിഹത്യയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് എന്ന കാര്യത്തിൽ തർക്കമില്ല. സംസ്കൃതം, തമിഴ്, അറബി തുടങ്ങിയ ന്യൂനപക്ഷ ഭാഷകളിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികൾ ഇത്തരത്തിൽ വേട്ടയാടപ്പെടുന്നത് ഇതാദ്യമായല്ല. തങ്ങളുടെ നിർദേശമുണ്ടെങ്കിൽ മാത്രമേ ഗവേഷകന് സ്വന്തം റിസർച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന മട്ടിൽ, മേൽപ്പറഞ്ഞ പണ്ഡിതന്മാർക്ക് സർവാധികാരവും നൽകുന്ന വിധത്തിലാണ് ഈ സിസ്റ്റം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് എന്നതു തന്നെ കാരണം.

പ്രശ്നത്തിന് പരിഹാരമുണ്ടാകാതെ ഇത്തരം സംഭവങ്ങൾ തടയാൻ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രശ്നത്തിൽ ഇടപെട്ടത് വളരെ ഗൗരവമായി തന്നെ കാണുന്നു. ഗവേഷക വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധം സമർപ്പിക്കുന്ന ഘട്ടത്തിൽ മാത്രമല്ല വേട്ടയാടപ്പെടുന്നത്. മറിച്ച്, എല്ലാ അക്കാദമിക് മേഖലകളിലും ഗവേഷകർ വേട്ടയാടപ്പെടുന്നുണ്ട്. പിഎസ്‌സി പരിക്ഷകളിൽ പോലും ഈ ജാതി ലോബികൾ വളരെ ശക്തമാണെന്ന് വിദ്യാർത്ഥി പക്ഷത്ത് നിലകൊള്ളുന്ന അധ്യാപകരിൽ മിക്കവരും സമ്മതിക്കുന്ന കാര്യവുമാണ്. എഴുത്തുകാരൻ ബെന്യാമിൻ സമാന വിഷയത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചതും ഓർക്കുന്നു.
റിസർച്ച് മേഖലയിൽ സ്വന്തം അധികാരവും ആധിപത്യവും ഉറപ്പിക്കുന്ന അധ്യാപകർ കുറവാണ്. എങ്കിലും അത്തരക്കാരെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥികളെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഇത്തരക്കാർ ജീവിതകാലം മുഴുവൻ വേട്ടയാടുന്നു. അതിൻറെ ഇരകളാണ് വാസ്തവത്തിൽ വിപിൻ വിജയനെപ്പോലുള്ള ഗവേഷകർ. പൊതുസമൂഹത്തിന് വലിയ പരിചയമില്ലാത്ത സംഗതിയാണിത്. കാരണം ആകെ 6% പേർ മാത്രമാണ് ഗവേഷകരായിട്ടുള്ളത്.

NIRF റാങ്കിംഗിൽ രാജ്യത്ത് തന്നെ മികച്ച അഞ്ചു സർവകലാശാലകളിൽ ഒന്നാണ് കേരള സർവകലാശാല. അക്കാദമിക പ്രവർത്തനത്തിലും കേരള സർവകലാശാല ഏറെ മുന്നിട്ടു നിൽക്കുന്നു. എന്നാൽ അവിടുത്തെ റിസർച്ച് സൂപ്പർവൈസിങ് വിഭാഗം എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? മിക്കവർക്കും ആധിപത്യ മനോഭാവമാണുള്ളത് എന്നാണ് യാഥാർത്ഥ്യം. വിദ്യാർത്ഥികൾക്ക് മാനസിക, ശാരീരീക, പീഡനങ്ങൾ നേരിടേണ്ടി വരുന്നു, തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു.
റിസർച്ച് പൂർത്തീകരിക്കണം എന്നുള്ളതുകൊണ്ട് ഭയംമൂലം, വിദ്യാർത്ഥികളിൽ പലരും ഈ പീഡനത്തിൻ്റെ വിവിരം പുറത്തുപറയാറില്ല. അവർക്ക് സിസ്റ്റത്തോട് സമരസപ്പെടേണ്ടി വരുന്നു.
ഗവേഷണ രീതിശാസ്ത്രം (Research Methodology) എന്നത് ഗവേഷകനും ഗൈഡും ഒരുപോലെ പിന്തുടരേണ്ട സംഗതിയാണ്. റിസർച്ച് (Re-Search) എന്ന വാക്കിൻ്റെ അർത്ഥം വീണ്ടും വീണ്ടും ഗവേഷണം നടത്തുക എന്നാണ്. അതൊരു ആജീവനാന്ത പ്രക്രിയയാണ്. സ്ഥിരോത്സാഹത്തോടെ ഏർപ്പെടേണ്ട ഇത്തരമൊരു മേഖലയിൽ നിന്നാണ് വിപിൻ വിജയൻ്റെയും സമാനമായ മറ്റ് ദുരനുഭവങ്ങളുടെയും വാർത്ത പുറത്തുവരുന്നത്.

അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട, പരിഹരിക്കേണ്ട വിഷയമാണിത്. സർവകലാശാലകളിലെ ഗവേഷണ പ്രക്രിയകളെ നിരീക്ഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മുൻകൈയ്യിൽ ഒരു ഉന്നത സമിതിയെ നിയോഗിക്കുകയും വിദ്യാർത്ഥികളുടെ പ്രതിസന്ധികൾ പരിഹരിക്കപെടുകയും ചെയ്താൽ മാത്രമേ ഗവേഷണം എന്ന പ്രക്രിയയ്ക്ക് ജനാധിപത്യ സ്വഭാവം കൈവരികയുള്ളു. അല്ലാത്തപക്ഷം റിസർച്ച് ഗൈഡുമാരുടെയും ഡോക്ടറൽ കമ്മിറ്റി ചെയർമാൻമാരുടെയും ഡീൻമാരുടെയും ഏകാധിപത്യം നടപ്പാക്കാനുള്ള ഒരു പദ്ധതിയായി ഇത് തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ ഓഡിറ്റ് ചെയ്യപ്പെടാത്ത ഒരു വ്യവസ്ഥയിൽ വിപിൻ വിജയന്മാർ ആവർത്തിച്ചുകൊണ്ടേയിരിക്കും.







