SIR – ഇന്ത്യ എന്ന ആശയത്തിൻ്റെ അടിവേരിളക്കുന്നത് എങ്ങനെ ?

ആരാണ് ഈ പുതിയ നിയമത്തിന്റെ ആദ്യത്തെ ഇരകളാകാൻ പോകുന്നത്? നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്ന കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ. വിവാഹത്തോടെ സ്വന്തം പേരും മേൽവിലാസവും ചരിത്രത്തിന്റെ ഭാഗമാകുന്ന സാധാരണക്കാരായ സ്ത്രീകൾ. തല ചായ്ക്കാൻ സ്വന്തമായി മണ്ണില്ലാത്തതിനാൽ സ്ഥിരമായൊരു രേഖ പോലുമില്ലാത്തവർ. ഇവരുടെയെല്ലാം ജീവിതം ഒരു ‘ഡാറ്റാ പിശക്’ കൊണ്ട് റദ്ദ് ചെയ്യപ്പെടാം. ബീഹാറും തെലങ്കാനയും അസമും നമുക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ‘”ഞാൻ ഈ നാടിന്റെ ഭാഗമാണ്” എന്ന് നെഞ്ചുവിരിച്ച് പറയാനുള്ള പൗരന്റെ അവകാശത്തെ റദ്ദ് ചെയ്ത്, ഒരു കുറ്റവാളിയെപ്പോലെ നിരപരാധിത്വം തെളിയിക്കേണ്ട ഭാരം അവന്റെ ചുമലിലേക്ക് വെച്ചുകൊടുക്കുന്നു – അനിവർ അരവിന്ദ് എഴുതുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘SIR’ എന്ന ശുദ്ധീകരണ പ്രക്രിയ ഇന്ത്യയുടെ സ്ഥാപക തത്വങ്ങളെ എങ്ങനെയാണ് റദ്ദ് ചെയ്യുന്നത്? കേരളം ഉൾപ്പെടെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിക്കുന്ന ‘പ്രത്യേക തീവ്രയത്ന പുനഃപരിശോധന’ (SIR) ഒറ്റനോട്ടത്തിൽ ഒരു സാധാരണ ഭരണപരമായ നടപടിക്രമം മാത്രമായി തോന്നാം. വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകളും പിഴവുകളും തിരുത്തി ശുദ്ധീകരിക്കുന്നു. ഇതിലെന്താണ് ഇത്ര അപകടം?

ലളിതമായ ഒരു ഭരണനിർവഹണ പ്രക്രിയ എന്ന മുഖംമൂടിയണിഞ്ഞാണ് പലപ്പോഴും വലിയ ജനാധിപത്യ ധ്വംസനങ്ങൾ സംഭവിക്കാറുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ‘പ്രത്യേക തീവ്രയത്ന പുനഃപരിശോധന’ (SIR) അത്തരമൊന്നാണ്. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നു എന്ന പേരിൽ SIR നിഷ്കളങ്കമായി അവതരിപ്പിക്കപ്പെടുമ്പോൾ, ഇന്ത്യ എന്ന ആശയത്തിന്റെ അടിവേരിളക്കുന്ന താത്വികമായ ഒരു ഭൂകമ്പമാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഇന്ത്യൻ പൗരൻ എന്ന നിർവചനത്തെ തന്നെ നിശ്ശബ്ദമായി അട്ടിമറിക്കുന്ന ഒരു താത്വികമായ യുദ്ധപ്രഖ്യാപനമാണത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനേൽക്കുന്ന മുറിവാണിത്. കേവലം പേരുകൾ വെട്ടിമാറ്റലല്ല, പൗരൻ എന്ന നിർവചനത്തെത്തന്നെ നിശ്ശബ്ദമായി തിരുത്തിയെഴുതലാണ്.

സ്ഥാപക തത്വങ്ങളുടെ റദ്ദാക്കൽ വിശ്വാസത്തിൽ നിന്ന് സംശയത്തിലേക്ക്

ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയതെങ്ങനെ എന്ന് ചരിത്രകാരിയായ ഓർണിറ്റ് ഷാനി തന്റെ ‘How India Became Democratic’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. 1947-നും 1950-നും ഇടയിൽ, ഇന്ത്യയ്ക്ക് ഒരു പൗരത്വ നിയമം പോലും നിലവിൽ വരുന്നതിന് മുൻപാണ് നമ്മുടെ രാഷ്ട്രശിൽപികൾ ആദ്യത്തെ വോട്ടർ പട്ടിക തയ്യാറാക്കിയത്. അതൊരു വിപ്ലവകരമായ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു: “ഈ മണ്ണിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും, മറിച്ചൊന്ന് തെളിയിക്കപ്പെടാത്തിടത്തോളം, ഈ പുതിയ റിപ്പബ്ലിക്കിൽ പൂർണ്ണമായ പങ്കാളിത്തമുണ്ട്.”

ഹൗ ഇന്ത്യ ബികം ഡെമോക്രാറ്റിക്‌

അത് ഭരണകൂടം ജനങ്ങളിൽ അർപ്പിച്ച അടിസ്ഥാന വിശ്വാസമായിരുന്നു. സ്വാഭാവികമായ അംഗത്വം’ (default belonging) ആയിരുന്നു ആ പട്ടികയുടെ ആധാരം; അല്ലാതെ രേഖകൾ ഹാജരാക്കി നേടേണ്ട ‘തെളിയിക്കപ്പെട്ട പൗരത്വം’ (proven citizenship) ആയിരുന്നില്ല. എന്നാൽ, പുതിയ ‘SIR’ ഈ സ്ഥാപക യുക്തിയെ തലകീഴായി നിർത്തുന്നു. അതിന്റെ അടിസ്ഥാന തത്വം വിശ്വാസമല്ല, സംശയമാണ്. ഉൾക്കൊള്ളലല്ല, ഓരോ പൗരനെയും അവിശ്വാസത്തോടെ കാണുന്ന പരിശോധനയാണ് അതിന്റെ രീതിശാസ്ത്രം. ‘ഞാൻ ഈ നാടിന്റെ ഭാഗമാണ്‘ എന്ന് നെഞ്ചുവിരിച്ച് പറയാനുള്ള പൗരന്റെ അവകാശത്തെ റദ്ദ് ചെയ്ത്, ഒരു കുറ്റവാളിയെപ്പോലെ നിരപരാധിത്വം തെളിയിക്കേണ്ട ഭാരം അവന്റെ ചുമലിലേക്ക് വെച്ചുകൊടുക്കുന്നു.

അധികാരപരിധിയുടെ ലംഘനം കളിനിയന്ത്രിക്കേണ്ടയാൾ കവാടം കാക്കുമ്പോൾ

തിരഞ്ഞെടുപ്പ് നടത്തുക എന്ന പവിത്രമായ ചുമതലയാണ് ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്നത്. പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം പാർലമെന്റിനാണ്. എപ്പോഴാണ് ഒരു പേര് വോട്ടർ പട്ടികയിൽ നിലനിൽക്കാൻ യോഗ്യമല്ലാതാകുന്നത് എന്ന് പുനർനിർവചിക്കുന്നതിലൂടെ, കമ്മീഷൻ അതിന്റെ ലക്ഷ്മണരേഖ മായ്ച്ചുകളയുന്നു. അനുച്ഛേദം 324 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തുക എന്നതാണ്. അല്ലാതെ, ആരാണ് ഈ രാജ്യത്തെ പൗരൻ എന്ന് നിർണ്ണയിക്കലല്ല. ആ അധികാരം പാർലമെന്റിൽ മാത്രം നിക്ഷിപ്തമാണ്.

പൗരത്വം നിർണയിക്കുന്നതല്ല, തിരഞ്ഞെടുപ്പ് നടത്തുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല

കളിക്കളത്തിലെ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ട നിഷ്പക്ഷനായ അമ്പയർ, കളിസ്ഥലത്തിന്റെ ഗേറ്റ് അടച്ചുപൂട്ടി ആര് അകത്ത് കയറണം, ആര് പുറത്തുനിൽക്കണം എന്ന് തീരുമാനിക്കുന്ന അധികാര കേന്ദ്രമായി മാറുന്നു. ഇത് ഭരണഘടന നൽകുന്ന അധികാര സന്തുലിതാവസ്ഥയുടെ നഗ്നമായ ലംഘനമാണ്.

സാങ്കേതികവിദ്യയുടെ ഇരുണ്ടമുഖം ഇരകൾ അതിരുകളിൽ ജീവിക്കുന്നവർ

ആരാണ് ഈ പുതിയ നിയമത്തിന്റെ ആദ്യത്തെ ഇരകളാകാൻ പോകുന്നത്? നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജീവിതം പറിച്ചുനടുന്ന കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ. വിവാഹത്തോടെ സ്വന്തം പേരും മേൽവിലാസവും ചരിത്രത്തിന്റെ ഭാഗമാകുന്ന സാധാരണക്കാരായ സ്ത്രീകൾ. തല ചായ്ക്കാൻ സ്വന്തമായി മണ്ണില്ലാത്തതിനാൽ സ്ഥിരമായൊരു രേഖ പോലുമില്ലാത്തവർ. ഇവരുടെയെല്ലാം ജീവിതം ഒരു ‘ഡാറ്റാ പിശക്’ കൊണ്ട് റദ്ദ് ചെയ്യപ്പെട്ടേക്കാം. ബീഹാറും തെലങ്കാനയും അസമും നമുക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു.

സാങ്കേതികവിദ്യ ഈ അപകടത്തെ ലഘൂകരിക്കുന്നില്ല. മറിച്ച് അതിനെ ഭയാനകമാക്കുന്നു. തെലങ്കാനയിൽ വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിച്ചപ്പോൾ ലക്ഷക്കണക്കിന് ന്യൂനപക്ഷ, ദളിത് വോട്ടർമാരുടെ പേരുകളാണ് അപ്രത്യക്ഷമായത്. അസമിലെ NRC പ്രക്രിയയുടെ മുറിവുകൾ നമ്മുടെ ഓർമ്മയിലുണ്ട്. ബിഹാർ SIR അനുഭവവുമതേ. പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ജീവിച്ചവർക്ക് പോലും സ്വന്തം അസ്തിത്വം തെളിയിക്കാൻ കഴിയാതെ പോയത് നാം കണ്ടതാണ്.

അസമിലെ NRC പ്രക്രിയയുടെ മുറിവുകൾ നമ്മുടെ ഓർമ്മയിലുണ്ട്

സാങ്കേതികവിദ്യയുടെ വരവോടെ വോട്ടർ പട്ടിക ഒരു കാലത്ത് എല്ലാവരെയും ചേർത്തുപിടിച്ച കണ്ണാടിയായിരുന്നെങ്കിൽ, ഇന്നത് സംശയത്തിന്റെ കുന്തമുനയായി മാറിയിരിക്കുന്നു. പേരുകൾ ചേർക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയുന്ന ഒരു ഒഴിവാക്കൽ ആയുധം (a weapon of exclusion).

ചോദ്യം ഡാറ്റയുടേതല്ല ഇന്ത്യയുടേതാണ്

ഒരുകാലത്ത്, വോട്ടർ പട്ടിക ഇന്ത്യയുടെ ആദ്യത്തെ ജനാധിപത്യ ഡാറ്റാബേസ് ആയിരുന്നു—എല്ലാവരെയും ചേർത്തുപിടിക്കാനുള്ള ഒരു ഉപകരണം. ഇന്നത്, ‘ഡാറ്റാ പിശക്’, ‘അൽഗോരിതാധിഷ്ഠിത സംശയം’ എന്നിവയിൽ പടുത്തുയർത്തിയ ഒരു ഒഴിവാക്കൽ സംവിധാനമായി മാറിയിരിക്കുന്നു. ഇവിടെ അപകടത്തിലാകുന്നത് കുറച്ച് പേരുകളോ, ഒരു ഡാറ്റാബേസിന്റെ കൃത്യതയോ അല്ല. അപകടത്തിലാകുന്നത് ഇന്ത്യൻ ജനാധിപത്യം പടുത്തുയർത്തിയ ആ അടിസ്ഥാന ശിലയാണ്. ഭരണകൂടം ജനങ്ങളെ സംശയത്തോടെയല്ല, വിശ്വാസത്തോടെ സമീപിക്കണം എന്ന തത്വം.

SIR അപകടത്തിലാക്കുന്നത് ഒരു ഡാറ്റാബേസിന്റെ കൃത്യത മാത്രമല്ല, ജനാധിപത്യത്തെ കൂടിയാണ്

അതുകൊണ്ട്, ഈ ‘ശുദ്ധീകരണം’ ലക്ഷ്യം വെക്കുന്നത് ഡാറ്റയെയല്ല, ജനാധിപത്യത്തെത്തന്നെയാണ്. വോട്ടർ പട്ടിക എന്നത് ഭരണകൂടത്തോട് കൂറ് പുലർത്തുന്നവരുടെ കണക്കെടുപ്പല്ല. അതീ മണ്ണിന്റെ ഭാഗമായ ഓരോ മനുഷ്യന്റെയും അസ്തിത്വത്തിന്റെ സാക്ഷ്യപത്രമാണ്. SIRലൂടെ സംഭവിക്കുന്നത് ഒരു ഡാറ്റാ ശുദ്ധീകരണമല്ല, മറിച്ച് ഇന്ത്യൻ പൗരൻ എന്ന ആശയത്തിന്റെ ആധാരശിലയിളക്കലാണ്.

അനിവർ അരവിന്ദ്

അനിവർ അരവിന്ദ്

ഐടി വിദഗ്ധൻ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *