ചരിത്രത്തിലെവിടെയും ഇസ്രായേൽ ഉണ്ടായിരുന്നില്ല പക്ഷേ, പലസ്തീൻ ഉണ്ടായിരുന്നു

ഈ പ്രശ്നം ഉണ്ടാക്കിയത് ഹമാസ് അല്ല. നാളെ ഹമാസ് ഇല്ലാതായാലും ഈ പ്രശ്‍നം തീരില്ല. ഇസ്രായേൽ എന്ന ഇന്നത്തെ സയണിസ്റ്റ്, അപ്പാർത്തീഡ്, വംശീയ ഭരണകൂടം ഇല്ലാതാകണം. എല്ലാ പൗരന്മാർക്കും തുല്യ അവകാശമുള്ള ജനാധിപത്യ രാജ്യമാകണം. ഇല്ലെങ്കിൽ വീടും നാടും നഷ്ടപ്പെട്ട അവസാനത്തെ പലസ്തീനിയും ജീവിച്ചിരിക്കുന്നത് വരെ സയണിസ്റ്റുകൾ ആക്രമണം തുടർന്നുകൊണ്ടിരിക്കും – സജി മാർക്കോസ് എഴുതുന്നു

‘യുദ്ധം നിർത്തുന്നു, ഗാസയിൽ സമാധാനം’ എന്ന വാർത്താ കാർഡ് അയച്ചു തന്നിട്ട് ഒരാൾ രാവിലെ വാട്സ് ആപ്പിൽ ചോദിച്ചു, ” ഇതോടെ പ്രശ്‍നം തീരുമായിരിക്കും അല്ലെ?” ഇസ്രായേൽ – പലസ്തീൻ പ്രശ്‍നം എന്താണെന്നറിഞ്ഞാലല്ലേ തീരുമോ ഇല്ലയോ എന്നു പറയാൻ പറ്റൂ.

എന്താണ് പാസ്തീനികളുടെ ആവശ്യം? ഇത് 1948ൽ പലസ്തീനികൾ പറഞ്ഞതും ഇപ്പോഴും പറയുന്നതും Genral Assemby of United Nations resolution – 194 (1948) പാസാക്കിയിട്ടുള്ളതുമാണ്. അന്ന് ഹമാസ് ഇല്ല എന്ന് കൂടി എന്നോർക്കണം. ഹമാസ് ആണ് പ്രശ്‍നം, ഒക്ടോബർ ഏഴിനാണ് എല്ലാത്തിന്റെയും തുടക്കം, ബന്ദികളെ വിട്ടുകൊടുത്താൽ എല്ലാം തീരില്ലേ എന്നൊക്കെ ചോദിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ട്.

പാലസ്തീനികളുടെ പ്രധാന ആവശ്യം ഇതാണ് : “സ്വന്തം വീടുകളിലേക്ക് മടങ്ങാനും അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് എത്രയും വേഗം അതിനുള്ള അനുമതി നൽകണം. തിരിച്ചുവരാൻ ആഗ്രഹിക്കാത്തവരുടെ സ്വത്തിനും സ്വത്തിലുണ്ടായ നഷ്ടത്തിനും നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകണം” – ഏതെങ്കിലും സയണിസ്റ്റ് ഈ വിഷയം അഡ്രസ്സ് ചെയ്യുന്നത് നിങ്ങൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസ സിറ്റി

The Palestinian right of return, is the core issue in any future peace settlement – പക്ഷെ, അഭയാർത്ഥികൾ എങ്ങോട്ട് തിരിച്ചു പോകും ഗാസയിലേയ്ക്കും വെസ്റ്റ് ബാങ്കിലേയ്ക്കുമല്ല. അവരെ ഇറക്കി വിട്ട ഇന്നത്തെ ഇസ്രായേലിലേക്ക്. അവരെ അവിടെ നിന്നും ഭയപ്പെടുത്തി ഓടിച്ചു വിട്ടതാണ്. ഇത് പരിഹരിക്കാതെ ഇസ്രായേൽ – പലസ്തീൻ പ്രശ്നം തീരില്ല. രണ്ടു രാജ്യമായാലും മൂന്ന് രാജ്യമായാലും, ഒറ്റ രാജ്യമായാലും. നേർപകുതി പലസ്തീനികൾ മൂന്നു തലമുറയായി അഭയാർത്ഥി ക്യാമ്പിലാണ്. അവർക്ക് തിരികെ പോകണം, അവർ വിട്ടുപോന്ന നാട്ടിലേയ്ക്ക്, അവർ ഇറങ്ങിപ്പോന്ന വീടുകളിലേക്ക്. അങ്ങിനെ ചെന്നാൽ ഇന്നത്തെ സയണിസ്റ്റ് ഇസ്രായേൽ പിന്നെ ഒരു ജ്യൂവിഷ് സ്റ്റേറ്റ് ആയിരിക്കില്ല. പോകാൻ തയ്യാറല്ലാത്തവർക്ക് ഉചിതമായ നഷ്ടപരിഹാരവും കൊടുക്കേണ്ടതുണ്ട്.

പലസ്തീനികൾ മൂന്നു തലമുറയായി അഭയാർത്ഥി ക്യാമ്പിലാണ്

നഷ്ടപരിഹാരം എങ്ങിനെ കൊടുക്കണം എന്ന് ബ്രിട്ടന് അറിയില്ല. പത്തുമുന്നൂറ് കൊല്ലം ഇന്ത്യയുൾപ്പടെ കോളനികളെ കൊള്ളയടിച്ച ബ്രിട്ടൻ ആർക്കും ഒരു നഷ്ടപരിഹാരം കൊടുത്തിട്ടില്ല. (Britain has not paid reparations to its former colonies for the centuries of exploitation, slavery, and colonial violence)

പക്ഷെ, യഹൂദന്മാരുടെ കാര്യം അതല്ല. പത്ത് പതിനഞ്ചു കൊല്ലം കൊണ്ട് നാസികൾ കവർന്ന സ്വത്തിനും അവർ അനുഭവിച്ച പീഡനങ്ങൾക്കും ജർമ്മനിയോട് വിലപേശി മൂന്നു ബില്യൺ ‘ജർമ്മൻ മാർക്ക്’ നഷ്ടപരിഹാരം വാങ്ങിയവരാണ് അവർ. (Luxembourg Agreement- 1952) ഇന്നും ജർമ്മനി നഷ്ടപരിഹാരം കൊടുക്കുന്നുമുണ്ട്. 2011ൽ നഷ്ടപരിഹാരത്തുക ഉയർത്തണം എന്ന് ഇസ്രായേൽ ജർമ്മനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് കവർന്നെടുത്ത സ്വത്തുക്കൾക്ക് നഷ്ടപരിഹാരം കൊടുക്കണം എന്ന് അവർക്ക് നന്നായി അറിയാം.

Luxembourg Agreement ഒപ്പുവെക്കുന്ന ജെർമൻ ചാൻസലർ കോൺറാഡ് അഡീനോർ

നഷ്ടപരിഹാരം ആവശ്യമുള്ളവർക്ക് കൊടുക്കുകയോ, അല്ലാത്തവർക് മടങ്ങി പോകാനുള്ള അവസരം നൽകുകയോ ചെയ്യാതെ ഈ പ്രശ്‍നം തീരില്ല. ഇത് ഉണ്ടാക്കിയത് ഹമാസ് അല്ല. നാളെ ഹമാസ് ഇല്ലാതായാലും ഈ പ്രശ്‍നം തീരില്ല. ഇസ്രായേൽ എന്ന ഇന്നത്തെ സയണിസ്റ്റ്, അപ്പാർത്തീഡ്, വംശീയ ഭരണകൂടം ഇല്ലാതാകണം. എല്ലാ പൗരന്മാർക്കും തുല്യ അവകാശമുള്ള ജനാധിപത്യ രാജ്യമാകണം. ഇല്ലെങ്കിൽ വീടും നാടും നഷ്ടപ്പെട്ട അവസാനത്തെ പലസ്തീനിയും ജീവിച്ചിരിക്കുന്നത് വരെ സയണിസ്റ്റുകൾക്ക് സമാധാനം ഉണ്ടാകില്ല.

ചിലർക്ക് ഗാസയിലെ കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്നു തള്ളുന്ന കാര്യം പറയുമ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല – അവർക്ക് ഉടൻ നൈജീരിയയിലെ കുഞ്ഞുങ്ങളെ ഓർമ്മ വരും. എന്നാൽ എന്താണ് ഇസ്രായേൽ അധിനിവേശവും നൈജീരിയൻ കൊലയും തമ്മിലുള്ള വ്യത്യാസം ? എന്തുകൊണ്ടാണ് അന്തർദേശീയ സമൂഹം (ഭൂരി പക്ഷരാജ്യങ്ങളും) നൈജീരിയൻ കൂട്ടക്കൊലയെക്കാൾ ഇസ്രായേൽ കൂട്ടകുരുതിക്കെതിരെ കൂടുതൽ പ്രതികരിക്കുന്നത് ? കാരണമുണ്ട്.

ഇസ്രായേൽ കൂട്ടക്കുരുതിയിൽ International law ബാധകമാണ്. (Geneva Conventions, UN resolutions, International Criminal Court investigations). അതേസമയം നൈജീരിയൻ കൂട്ടക്കുരുതിയെ sovereign state’s internal conflict ആയിട്ടാണ് പരിഗണിക്കുന്നത്. Israel in Gaza: A state actor with advanced military power causing high civilian casualties — the killings are framed as state responsibility and attract accusations of war crimes. അതേസമയം In Nigeria: Many killings are by non-state actors (terror groups, militias). ഇസ്രായേൽ ഭരണകൂടം ഗാസയിലെ കൂട്ടക്കുരുതിയും അവിടെ നിന്ന് പാലസ്തീനികളെ ഒഴിപ്പിക്കുന്നതും രാജ്യ താല്പര്യമായി കാണുന്നു. എന്നാൽ നൈജീരിയയിൽ അതല്ല അവസ്ഥ.

കേരളത്തിലെ ചില സംഘടനകൾ ഗാസയിലേത് വംശഹത്യ അല്ല എന്ന തെളിയിക്കാൻ കൊടുമ്പിരി കൊള്ളുമ്പോൾ ഗാസയിലേത് വംശഹത്യ ആണെന്ന് മിക്ക രാജ്യങ്ങളും, അന്തർദേശീയ സംഘടനകളും പറയുന്നതും നൈജീരിയയിൽ നടക്കുന്നത് വംശഹത്യ ആയി പരിഗണിക്കാതിരിക്കുന്നതും ഇതുകൊണ്ടാണ്. ഇത്തരം “കൊടുമ്പിരിക്കൊള്ളൽ” സംഘടനകൾക്ക് നൈജീരിയയിലെ ജനങ്ങളോട് പ്രത്യേക സ്നേഹമുള്ളതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. നൈജീരിയയിലേത് വംശഹത്യ അല്ലെങ്കിൽ ഗാസയിലേതും വംശഹത്യ അല്ല എന്ന് സ്ഥാപിക്കണം. എങ്ങിനെയും കൊലയാളി സയണിസ്റ്റുകളെ രക്ഷിച്ചെടുക്കണം.

വംശഹത്യ എന്നത് നിർവചിക്കപ്പെട്ട ലീഗൽ ടേം ആണ്. വംശഹത്യ നടത്തിയെന്ന് ഒരു രാജ്യം ആംഗീകരിച്ചാൽ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. അതുകൊണ്ട്, ഇസ്രായേലോ, ഇസ്രായേൽ അനുകൂലികളോ ഗാസ വംശഹത്യ അംഗീകരിക്കും എന്ന് കരുതാനാവില്ല.

പലസ്തീൻ എന്നൊരു രാജ്യം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു വാദം. പലസ്തീൻ രാജ്യം (ദേശരാഷ്ട്രം) ഉണ്ടായിരുന്നു എന്ന് ആരും അവകാശപ്പെട്ടിട്ടില്ല. പക്ഷെ, പലസ്തീൻ എന്നൊരു പ്രദേശമുണ്ടായിരുന്നു. അവിടെ പാർത്തിരുന്ന യഹൂദർ ഉൾപ്പടെ അറിയപ്പെട്ടിരുന്നതും പലസ്തീനികൾ എന്നായിരുന്നു. 1948 വരെ ഇസ്രായേൽ എന്നൊരു രാജ്യം ഇല്ലായിരുന്നു – ഇതാണ് ചരിത്ര സത്യം. ഗർഷോൻ ആർഗോൺ എന്നൊരു യഹൂദൻ 1932ൽ ഒരു പത്രം തുടങ്ങി. ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര് Palestine Post എന്നായിരുന്നു എന്നോർക്കണം. കാരണം അന്ന് പലസ്തീനേ ഉണ്ടായിരുന്നുള്ളു – ഇസ്രായേൽ ഉണ്ടായിരുന്നില്ല. 1950 ൽ അതിന്റെ പേര് മാറ്റി ജെറുസലേം പോസ്റ്റ് എന്നാക്കുന്നതുവരെ ആ പത്രത്തിന്റെ പേര് Palestine Post എന്ന് തന്നെ തുടരുകയും ചെയ്തു.

Palestine Post എന്ന പത്രം ആരംഭിച്ചത് ഗർഷോൻ ആർഗോൺ എന്ന യഹൂദനായിരുന്നു. അന്ന് പലസ്തീനേ ഉണ്ടായിരുന്നുള്ളു. ഇസ്രായേൽ ഇല്ല.

UN ജനറൽ അസംബ്ലിയിൽ പാലസ്തീൻ വെട്ടിമുറിക്കുന്നതിനെ എതിർത്ത രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യൻ പ്രതിനിധികളായിരുന്ന കാവാലം മാധവ പണിക്കരുടെയും, ഗോപാലസ്വാമി അയ്യങ്കാരുടെയും ജനറൽ അസംബ്ലിയിലെ വാദങ്ങൾ ചരിത്ര പ്രസിദ്ധമാണ്. “പലസ്തീൻ വിഭജനത്തോടുള്ള ഇന്ത്യയുടെ എതിർപ്പ്, ഒരു രാജ്യത്തിന്റെ ഭാവി അവിടുത്തെ ജനങ്ങളുടെ ഇഷ്ടപ്രകാരം തീരുമാനിക്കപ്പെടണമെന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിർദ്ദിഷ്ട വിഭജനം പലസ്തീനിലെ ഭൂരിഭാഗം നിവാസികളുടെയും ആഗ്രഹങ്ങളെ അവഗണിക്കുന്നു” – ഇതായിരുന്നു 78 വർഷം മുൻപ് അവർ ഉന്നയിച്ച വാദം. ഇത് മനസിലാക്കാൻ അന്ന് ജനിച്ചിട്ടുപോലുമില്ലാത്തവർക്ക് കഴിയുന്നില്ല.

പലസ്തീനികൾ എന്ന ഒരു കൂട്ടം മനുഷ്യർ താമസിച്ചിരുന്ന സ്ഥലത്തേക്ക്, ചരിത്രപരമായും, നിയമപരമായും, സംസ്കാരികവുമായി ഒരു ബന്ധവുമില്ലാതിരുന്ന യൂറോപ്യൻ അഷ്കനാസി ജൂതന്മാർ വന്നു കയറി. ഒരു രാജ്യം സ്ഥാപിച്ച്, അവിടുത്തെ ഇൻ്റീജീനിയസ് ആയ ആളുകളെ ഓടിച്ച് മണ്ണ് കവരുന്ന ക്രൂര പ്രവർത്തിയാണ് കഴിഞ്ഞ നൂറിലധികം വർഷമായി പലസ്തീനിൽ നടക്കുന്നത്. പലസ്തീനികൾ നടത്തുന്നത് അതിനെതിരെയുള്ള ചെറുത്ത് നിൽപ്പാണ്.

എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും തെറ്റിച്ച നെതന്യാഹു എന്ന യുദ്ധക്കുറ്റവാളിയാണ്, ശിക്ഷിക്കപ്പെടേണ്ടയാളാണ്. ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണ്. അവർ മുന്നോട്ട് വയ്ക്കുന്ന ഒരു ഉപാധിയും ആത്മാർത്ഥതയുള്ളതല്ല – സയണിസ്റ്റുകൾ വിശ്വസിക്കാൻ കൊള്ളരുതാത്ത ക്രൂരന്മാരാണ് – അത് മലയാളി ആണെങ്കിലും യഹൂദൻ ആണെങ്കിലും!

സജി മാർക്കോസ്

സജി മാർക്കോസ്

എഴുത്തുകാരൻ, യാത്രികൻ, രാഷ്ട്രീയ നിരീക്ഷകൻ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *