ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ മിന്നലാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഏകീകൃത നിലപാട് രൂപപ്പെടുത്താൻ അറബ്, ഇസ്ലാമിക് ഉച്ചകോടി നടക്കുന്നു. ഈ ഉച്ചകോടിയിൽ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കും എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗള്‍ഫ് അറബ് രാജ്യങ്ങള്‍ തങ്ങളുടെ യു.എസ് സൈനിക കേന്ദ്രങ്ങളോട് എന്തു നിലപാടെടുക്കും? യു.എസ്-ഇസ്രായേല്‍ ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും നില നിര്‍ത്തിക്കൊണ്ട് തങ്ങളുടെ പരമാധികാരത്തിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്ക് ഉയരാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കുമോ? ഉച്ചകോടിക്കു ശേഷവും ഈ ചോദ്യം തുടരാന്‍ തന്നെയാണ് സാധ്യത – വി. മുസഫർ അഹമ്മദ് എഴുതുന്നു.
ഗാസയിലെ രക്തം, മഹാ പാപത്തിൽ പങ്കുചേരുന്ന ഗൾഫ് അറബ് രാജ്യങ്ങൾ

അമേരിക്കന്‍ ‘ഷോക്ക്’ ഇപ്പോള്‍ നടപ്പാക്കുന്നത് ഇസ്രായേല്‍ ആണ്. ഒരു രാജ്യത്ത് അതിന്റെ പരമാധികാരത്തെ ഒരു നിലക്കും വക വെച്ചു കൊടുക്കാതെ ആക്രമിക്കുന്ന അമേരിക്കന്‍ രീതിയാണ് ഷോക്ക്. ഖത്തര്‍ ഇത്തരത്തിലൊരു ഷോക്ക് ലഭിച്ചതിന്റെ അന്ധാളിപ്പിലാണ്. ലോകത്തെ വിവിധ രാജ്യങ്ങള്‍ ആക്രമിക്കുകയും അധിനിവേശങ്ങള്‍ നടത്തുകയും ചെയ്ത അമേരിക്കയുടെ ഷോക്ക് സിദ്ധാന്തത്തിന് പിറകില്‍ പ്രവര്‍ത്തിച്ചിരുന്നത് ഇസ്രായേല്‍-സയണിസ്റ്റ് ബുദ്ധിയും യുക്തിയുമായിരുന്നു. ഇതിനുള്ള നിരവധി തെളിവുകള്‍ ഇന്ന് ലഭ്യമാണ്. ഇപ്പോള്‍ പലസ്തീന്റെ പേരില്‍ ഇതേ ഷോക്ക് സിദ്ധാന്തം നടപ്പിലാക്കുകയാണ് ഇസ്രായേല്‍. ഗാസ, ഇറാന്‍, യമന്‍, ലെബനോണ്‍, സിറിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ 17 മാസത്തിനിടെ ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തി. ഇത്തരം ആക്രമണങ്ങളാണ് ലോകക്രമം എന്ന നിലപാടെടുത്ത അമേരിക്കയുടെ അതേ വഴികളിലൂടെ ഇസ്രായേല്‍ അതിന്റെ സഞ്ചാരം തുടരുന്നു.

ഇപ്പോള്‍ ഖത്തര്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഐക്യത്തോടെ ഒന്നിച്ചു നില്‍ക്കും എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അങ്ങേയറ്റം മൗലികമായ ചോദ്യം അപ്പോഴും അവശേഷിക്കുന്നു. ഗള്‍ഫ് അറബ് രാജ്യങ്ങള്‍ തങ്ങളുടെ യു.എസ് സൈനിക കേന്ദ്രങ്ങളോട് എന്തു നിലപാടെടുക്കും? അമേരിക്കയുടെ ആയുധക്കച്ചവടത്തിന്റെ വിപണിയാണ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍. ഖത്തറടക്കമുള്ള രാജ്യങ്ങള്‍ വാങ്ങിക്കൂട്ടിയ ആയുധങ്ങളാണ് അമേരിക്കന്‍-ഇസ്രായേല്‍ കൊടും ഭീകരതയെ കൊഴുപ്പിച്ചത് എന്ന യാഥാര്‍ഥ്യം ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് വിസ്മരിക്കാനാകില്ല. അമേരിക്കന്‍ സൈനിക ബേസുകളില്‍ ഒരു തീരുമാനമെടുക്കാന്‍ ഇന്നത്തെ ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വങ്ങള്‍ക്ക് കഴിയുമോ? യു.എസ്-ഇസ്രായേല്‍ ആയുധങ്ങളും സൈനിക കേന്ദ്രങ്ങളും നില നിര്‍ത്തിക്കൊണ്ട് തങ്ങളുടെ പരമാധികാരത്തിന്റെ യഥാര്‍ഥ അര്‍ഥത്തിലേക്ക് ഉയരാന്‍ ഈ രാജ്യങ്ങള്‍ക്ക് സാധിക്കുമോ? ഉച്ചകോടിക്കു ശേഷവും ഈ ചോദ്യം തുടരാന്‍ തന്നെയാണ് സാധ്യത.

ഖത്തറിനെ കുറച്ചുനാള്‍ മുമ്പ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ഉപരോധത്തിലാക്കിയിരുന്നു. കാരണമായി പറഞ്ഞത് തീവ്ര-ഭീകര വാദികള്‍ക്ക് അഭയം കൊടുത്തു എന്നതാണ്. ഇസ്ലാമിക്ക് ബ്രദര്‍ ഹുഡ് നേതാക്കള്‍ക്ക് അഭയം കൊടുത്തു എന്നതായിരുന്നു പ്രധാന ആരോപണം. ബ്രദര്‍ ഹുഡ്, ഹമാസ്, താലിബാന്‍ നേതാക്കള്‍ക്ക് ഖത്തർ അഭയം കൊടുത്തിരുന്നു. ഇവര്‍ക്ക് ഔദ്യോഗികമായി ഓഫീസുകള്‍ തുറക്കാനും അനുമതി നല്‍കി. സൗദി ഉന്നയിച്ച ഉപരോധ കാരണം തന്നെയാണ് ഇസ്രായേല്‍ ഖത്തര്‍ ആക്രമണത്തിൻ്റെ കാരണമായി പറഞ്ഞത്. ഖത്തറിന്റെ സംരക്ഷണയിലെ ഹമാസ് നേതാക്കളെ ഒന്നുകില്‍ തങ്ങള്‍ക്ക് കൈമാറുക, അല്ലെങ്കില്‍ അവരെ ആക്രമിക്കും. അതിന്റെ ഭാഗമായി ഖത്തറിനേയും ആക്രമിക്കും- ഇതാണ് ഇസ്രായേലെടുത്ത നിലപാട്.

ഗാസയില്‍ ഒരാള്‍ പോലും അവശേഷിക്കാത്ത വിധത്തില്‍ വംശീയ ഉന്‍മൂലനം നടക്കുമ്പോള്‍ സൗദി അറേബ്യ അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ മൗനത്തിലായിരുന്നു. എന്നു മാത്രമല്ല സൗദി കപ്പലില്‍ ഇറ്റലിയില്‍ നിന്നും ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൊണ്ടു വരാനുള്ള നീക്കവും ഉണ്ടായി. കപ്പലില്‍ ആയുധങ്ങള്‍ കയറ്റിയ തുറമുഖത്തെ 41 തൊഴിലാളികള്‍ ആയുധം കൊണ്ടു പോകാനുള്ള നീക്കത്തെ തടയുകയായിരുന്നു (ഈ സംഭവം സൗദി അറേബ്യ സമ്പൂര്‍ണ്ണമായും നിഷേധിച്ചിട്ടുണ്ട്). ഖത്തര്‍ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമീപ കാലത്ത് വലിയ തോതിലുള്ള ഇസ്രായേല്‍ അനുകൂല നിലപാടാണ് ഉള്ളതെന്ന് മനസ്സിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ല.
ഇത്തരത്തിലുള്ള ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്ക് തങ്ങളുടെ പരമാധികാരം എങ്ങിനെ സംരക്ഷിക്കാന്‍ കഴിയും എന്ന ചോദ്യം ഉയരുന്നു. ഇസ്രായിലിന്റെ സായുധ വേട്ടയോട് പ്രതികരിച്ചത് ഇറാനാണ്. യമനിലെ ഹൂത്തികളും ഇസ്രായേലിനെ നേരിടാന്‍ ശ്രമിച്ചു. ഹൂത്തികളുടെ ശ്രമം ദുര്‍ബലമായിരുന്നു. എങ്കിലും ഹോര്‍മുസ് കടലിടുക്ക് തടഞ്ഞ് ഇസ്രായേലിന് തടസ്സം സൃഷ്ടിക്കാന്‍ അവര്‍ക്കായി. പക്ഷെ അമേരിക്കന്‍ സഹായത്തോടെ ഇതിനെയെല്ലാം മറികടക്കാന്‍ ഇസ്രായിലിന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നടക്കുന്ന ഉച്ച കോടിയുടെ രാഷ്ട്രീയ പ്രാധാന്യം എത്രത്തോളമായിരിക്കും? ഈ ചോദ്യത്തിന് കുറച്ച് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേയുള്ളൂ.

ഇസ്രായേല്‍ നടപ്പാക്കുന്ന അമേരിക്കന്‍ ഷോക്കിനെ രാഷ്ട്രീയ ഉള്ളടക്കങ്ങളോടെ മാത്രമേ നേരിടാനാകൂ. ആ കളത്തില്‍ ആയുധങ്ങള്‍ മാത്രം മതിയാകില്ല. ആശയങ്ങളും വേണം. അമേരിക്കയില്‍ നിന്നും കടം കൊണ്ട ഗ്രേറ്റര്‍ അമേരിക്ക എന്ന സങ്കല്‍പ്പം പോലെ ഗ്രേറ്റര്‍ ഇസ്രായേല്‍ എന്ന സങ്കല്‍പ്പമാണ് നെതന്യാഹുവിനുള്ളത്. അമേരിക്കയുടെ ഇറാഖ് അധിനിവേശം എടുക്കുക. ആ രാജ്യം പിന്നീട് ഒരു അമേരിക്കന്‍ പ്രവിശ്യ പോലെയാണ് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചത്. അതു പോലെ തന്നെയാണ് ഇസ്രായേലിന്റേയും ശ്രമം. തങ്ങള്‍ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്യുന്ന രാജ്യങ്ങള്‍ തങ്ങളുടെ പ്രവിശ്യയാണെന്ന തോന്നലിലാണ് ഇസ്രായേല്‍. തങ്ങളുടെ ‘പ്രവിശ്യ’യായ ഖത്തറില്‍ ഹമാസ് നേതാക്കളുണ്ടെങ്കില്‍ അവര്‍ ഇരിക്കുന്നിടത്ത് ബോംബിടും – ഇതാണ് നെതന്യാഹുവിന്റെ രീതി.

ഈ രാഷ്ട്രീയ നീക്കത്തിന്റെ ആഴം, ഗ്രേറ്റര്‍ ഇസ്രായില്‍ സാക്ഷാത്കരിക്കാനുള്ള ഇസ്രായേല്‍ നീക്കം, അതിനായി ഗാസയിലെ അവസാന മനുഷ്യനേയും കൊല്ലാനുള്ള തീരുമാനം – ഈ നിലയില്‍ കാര്യങ്ങളെ നോക്കിക്കാണാന്‍ അറബ് ഉച്ചകോടിക്ക് സാധിക്കുമോ? ഇസ്രായേലിനോടുള്ള ഇരട്ടത്താപ്പ് ലോക രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ ബിന്‍ ജാസിം അല്‍താനി ഉച്ചകോടിക്ക് മുമ്പായി മാധ്യമങ്ങളോട് പറഞ്ഞു. ഇരട്ടത്താപ്പുകളുടെ വേരുകള്‍ ഗള്‍ഫ്-അറബ് രാജ്യങ്ങളിലും ഉണ്ടെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. അതു കൊണ്ടു തന്നെ ദോഹയില്‍ നടക്കുന്ന ഉച്ചകോടിക്ക് പ്രാധാന്യമുണ്ട് എന്നതില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ ‘ഗ്രേറ്റര്‍ ഇസ്രായിലി’നെ നേരിടണമെങ്കില്‍ ഇരട്ടത്താപ്പുകള്‍ ഒഴിവാക്കാന്‍ ഗള്‍ഫ്- അറബ് രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇതൊരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. കുറിപ്പ്- ദോഹയില്‍ നടക്കുന്ന ഉച്ചകോടിയുടെ വാര്‍ത്തകള്‍ പുറത്തു വരുന്നതിന് മുമ്പെഴുതിയതാണിത്.

വി. മുസഫർ അഹമ്മദ്
മാധ്യമപ്രവര്‍ത്തകന്‍. എഴുത്തുകാരന്‍. മരുമരങ്ങൾ, കുടിയേറ്റക്കാരന്റെ വീട്, മരുഭൂമിയുടെ ആത്മകഥ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ എന്നിവ പ്രധാന പുസ്തകങ്ങൾ.