ബുർക്കിന ഫാസോ തുടരുന്നു, സങ്കാര തെളിച്ച വഴിയിലൂടെ

സ്വാതന്ത്ര്യാനന്തര കാലത്തും പിന്നീടും ബുർക്കിന ഫാസോ നവകൊളോണിയൽ വികസനരാഹിത്യത്തിൻ്റെ കെണിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2022ൽ അധികാരത്തിലെത്തിയ ഇബ്രാഹിം ട്രോറെയുടെ സർക്കാരിന് തോമസ് സങ്കാരയുടെ വിപ്ലവ പാത പിന്തുടർന്ന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമോ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് പ്രഷാദ് എഴുതിയ ലേഖനത്തിന് നിതീഷ് നാരായണൻ തയ്യാറാക്കിയ പരിഭാഷ.

1987ൽ പ്രസിഡൻ്റ് തോമസ് സങ്കാര കൊല്ലപ്പെടുന്നതിനു കാരണമായ ബുർക്കിന ഫാസോയിലെ അട്ടിമറിയ്ക്ക് ശേഷമുള്ള മാസങ്ങളിൽ, തലസ്ഥാനമായ വാഗഡുഗുവിലെ പ്രിന്റർമാർ സങ്കാരയുടെ മുഖം അച്ചടിച്ച ടി-ഷർട്ടുകൾ വലിയ തോതിൽ നിർമ്മിക്കാൻ തുടങ്ങി. സങ്കാരയുടെ മുഖം അതിവേഗം രാജ്യമെമ്പാടും പ്രത്യക്ഷപ്പെട്ടു. സങ്കാരയുടെ കാലത്ത് നിയമ മന്ത്രിയായിരുന്ന ബ്ലെയ്‌സ് കോംപയോറെയാണ് പിന്നീട് 2014 വരെ രാജ്യം ഭരിച്ചത്. സങ്കാരയുടെ കൊലപാതകം ആസൂത്രണം ചെയ്തതിൽ കൊംപയോറെയുടെ പങ്ക് തുടക്കത്തിൽ തന്നെ സംശയിക്കപ്പെട്ടിരുന്നുവെങ്കിലും, 2021–2022ൽ മാത്രമാണ് ബുർക്കിന ഫാസോയിലെ കോടതികൾ അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. അപ്പോഴേക്കും അയാൾ ഐവറി കോസ്റ്റിലേക്ക് ഒളിച്ചു കടന്നിരുന്നു. ഇന്നും അവിടെ അഭയാർത്ഥിയായി തുടരുന്നു. അധികാരത്തിൽ കഴിയുന്ന കാലയളവിൽ മുഴുവനും, താൻ സങ്കാരയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പിന്തുടരുകയാണെന്ന് കോംപയോറെ അവകാശപ്പെട്ടിരുന്നു. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ അയാൾക്ക് സാധ്യമായിരുന്നില്ല.

ഇരുപതു വയസ്സിൽ സൈന്യത്തിൽ ചേർന്ന കോംപയോറെ, സങ്കാരയുടെ അടുത്ത കൂട്ടാളിയായി മാറുകയും 1983-ൽ സങ്കാരയെ അധികാരത്തിലെത്തിച്ച അട്ടിമറിയിൽ പങ്കാളിയാവുകയും ചെയ്തു. അയാൾ തന്നേക്കാൾ വെറും രണ്ട് വയസ് മൂത്ത മാർഗദർശിക്കെതിരെ തന്നെ തിരിയുമെന്ന്, അത്യന്തം ദരിദ്രമായ രാജ്യത്തിലെ സമ്പത്തിന്റെ ശക്തി തിരിച്ചറിയാത്തവർക്ക് പ്രവചിക്കാനായില്ല. രാജ്യത്തിലെ ഏറ്റവും ഉയർന്ന ദാരിദ്ര്യനിരക്കുള്ള ഉബ്രിറ്റൻഗ പ്രവിശ്യയിൽ നിന്നുള്ള ആളായിരുന്നു കോംപയോറെ.

രാജ്യത്തിൻ്റെ കൊളോണിയൽ പാരമ്പര്യത്തെ തുടച്ചുമാറ്റാനായിരുന്നു സങ്കാരയുടെ പ്രാഥമികമായ ശ്രമം. അതിനായി അദ്ദേഹം ആദ്യം ചെയ്തത് രാജ്യത്തിൻ്റെ പേര് റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ട എന്നതിൽ നിന്നും ബുർക്കിന ഫാസോ – “ഉന്നതശീർഷരായ മനുഷ്യരുടെ നാട്” – എന്നാക്കി മാറ്റുകയായിരുന്നു. ആ യാത്രയിൽ കൊംപയോറേയും പങ്കാളിയായിരുന്നു. പക്ഷേ വ്യക്തിപരമായ അഭിലാഷങ്ങളെ മനസ്സിലാക്കാൻ പലപ്പോഴും പ്രയാസമാണല്ലോ. വിദേശ രഹസ്യാന്വേഷണ ഏജൻസികൾ പലപ്പോഴും ആയുധമാക്കുന്നതും അതു തന്നെ.

ബുർക്കിന ഫാസോയുടെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ, 1966, 1974, 1980, 1982, 1983, 1987, 2014, 2022 എന്നിങ്ങനെ കൃത്യമായ ഇടവേളകളിൽ അട്ടിമറികൾ നടന്നിട്ടുണ്ട് എന്ന് കാണാം. എന്നാൽ ആ സമയക്രമത്തെ വിശദീകരിക്കാൻ മാത്രം പ്രത്യേകമായി ഒന്നുമില്ലതാനും. 1950 മുതൽ, 54 ആഫ്രിക്കൻ രാജ്യങ്ങളിൽ കുറഞ്ഞത് 40 എണ്ണത്തിലെങ്കിലും അട്ടിമറി നടന്നിട്ടുണ്ട്. 1952 ജൂലൈയിൽ ഗമാൽ അബ്ദെൽ നാസറിന്റെ നേതൃത്വത്തിലുള്ള ഫ്രീ ഓഫീസർമാർ ഈജിപ്തിലെ രാജഭരണത്തെ പുറത്താക്കിയത് മുതൽ 2023 ഓഗസ്റ്റിൽ ജനറൽ ബ്രിസ് ഒലിഗ്വി എൻഗുമാ നയിച്ച ഗാബോണിലെ അട്ടിമറിവരെ.

സങ്കാരയുടെ കൊലപാതകത്തിനു പിന്നിൽ ബ്ലെയ്സ് കൊംപയോറെയുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നുവെങ്കിലും, 2021–2022ൽ മാത്രമാണ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്

അട്ടിമറികൾ എന്നത് ബുർക്കിന ഫാസോ, ഗാബോൺ തുടങ്ങിയ രാജ്യങ്ങളിൽ നിലനിൽക്കുന്ന നവകൊളോണിയൽ ഘടനയുടെ ബാഹ്യപ്രകടനം മാത്രമാണ്. പ്രത്യേകിച്ചും ഫ്രഞ്ച് മാതൃകയിലെ കോളനിവൽക്കരണത്തിൻ്റെ. അതിനപ്പുറം ഭരണകൂടത്തിൻ്റെ മർദ്ദകോപാധികൾക്കപ്പുറത്തേക്ക് വികസിക്കാനോ പാശ്ചാത്യ മൂലധനത്തിൽ നിന്ന് സാമ്പത്തികമായും സാംസ്കാരികമായും സ്വതന്ത്രമായ ഒരു ദേശീയ ബൂർഷ്വാസിയെ വളർത്താനോ ഒന്നും അത് അനുവദിച്ചില്ല. വികസനോന്മുഖമായൊരു രാജ്യത്തിൻ്റെയും സ്വതന്ത്ര ബൂർഷ്വാസിയുടെയും അഭാവം, അത്തരം രാജ്യങ്ങളിലെ പ്രഭുക്കൾ “ഇടനിലക്കാരായി” പ്രവർത്തിക്കാൻ കാരണമായി. അവർ വിദേശ കമ്പനികൾക്ക് ദേശീയ സമ്പത്ത് കൊള്ളയടിക്കാൻ വഴിയൊരുക്കുകയും അതിനുള്ള ചെറിയ പ്രതിഫലം സ്വന്തമാക്കുകയും ചെയ്തു. ഒപ്പം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ഉത്പന്നമായ സമ്പദ്‌വ്യവസ്ഥയുടെ ജനാധിപത്യവൽക്കരണം ഉൾപ്പെടെ, യഥാർത്ഥ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയുടെ പ്രാരംഭത്തെ തന്നെ തടഞ്ഞു. ഇതാണ് നവകോളനിവൽക്കരണ കുരുക്ക്.

ഈ കെണിയിൽ അകപ്പെട്ട രാജ്യങ്ങൾക്ക് അവരുടെ ആന്തരിക വർഗ യാഥാർത്ഥ്യങ്ങളെയും വിദേശ മൂലധനവുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള പരമാധികാരത്തിൻ്റെ അഭാവത്തെയും എളുപ്പത്തിൽ മറികടക്കാനാകുന്ന രാഷ്ട്രീയ പരിസരമില്ല. ഉപജീവനമാർഗ്ഗങ്ങൾ കുറവായതിനാൽ തന്നെ ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി യുവാക്കൾ സൈന്യത്തിൽ ചേരുന്നു. സൈന്യത്തിലായിരിക്കുമ്പോഴാണ് അവർക്ക് അവരുടെ രാജ്യങ്ങളിലെ ദുരിതങ്ങൾ ചർച്ച ചെയ്യാനും പുരോഗമന ആശയങ്ങൾ അടയിരുന്ന് വിരിയിക്കാനുമാകുന്നത്. സങ്കാരയുടെ കാര്യത്തിൽ ഇതായിരുന്നു സംഭവിച്ചത്.

1983-ൽ തന്റെ രാജ്യത്തിന്റെ കൊളോണിയൽ ചരിത്രത്തിൽ സങ്കാരയുണ്ടാക്കിയ വിള്ളൽ ഈ ആശയങ്ങളിൽ പലതും നടപ്പിലാക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. ഭക്ഷ്യ പരമാധികാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഭൂമിയുടെ പുനർവിതരണം, വിദേശ കൊള്ളയെ ചെറുക്കുന്നതിന് വിഭവങ്ങളുടെ ദേശസാൽക്കരണം, സാമ്രാജ്യത്വ ഇടപെടലിനെ പ്രതിരോധിക്കുന്നതിനുള്ള പ്രാദേശിക സൈനിക വിന്യാസങ്ങൾ, ദേശീയ പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന വിദേശ സഹായം നിരസിക്കൽ, ദേശീയ ഐക്യത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും കാര്യത്തിലെ പുരോഗതി ഇങ്ങനെ നാലുവർഷക്കാലം അദ്ദേഹത്തിൻ്റെ സർക്കാർ പുരോഗമന അജണ്ട തുടർന്നു. അതും കടക്കെണിയിൽ പെടുത്തിയും ചെലവുചുരുക്കൽ നയങ്ങൾ നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തിയും വാഴുന്ന ഐ എം എഫിൻ്റെ ഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് സങ്കാര തൻ്റെ നയങ്ങൾ നടപ്പാക്കിയത്. പക്ഷേ പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടു.

ഇബ്രാഹിം ട്രോറെ

2014-ൽ ബ്ലെയ്‌സ് കോംപയോറെയെ പുറത്താക്കിയത് നോൺ-ലോട്ടിസ്‌മെന്റ്‌സ് (അനൗപചാരിക സെറ്റിൽമെൻ്റുകൾ), യുവജന പ്രസ്ഥാനങ്ങൾ, മറ്റ് പൗര ശക്തികൾ എന്നിവരുടെയെല്ലാം നേതൃത്വത്തിൽ നടന്ന ഒരു ജനകീയ പ്രക്ഷോഭത്തിലൂടെയാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. അതായിരുന്നു നാടിൻ്റെ മാനസികാവസ്ഥ. എന്നാൽ ആ പ്രക്ഷോഭത്തിന് അധികാരത്തിൻ്റെ ഏകീകരണത്തിലേക്കും അതിന്റെ നേട്ടങ്ങൾ ദുർബലമായ ഒരു സിവിലിയൻ ഗവൺമെന്റിനും, പോരടിക്കുന്ന സൈനിക ഗ്രൂപ്പുകൾക്കും, ഒടുവിൽ ബുർക്കിന ഫാസോയുടെ ചില ഭാഗങ്ങളിൽ അൽ-ഖ്വയ്ദ വിഭാഗങ്ങൾക്കും ലഭിച്ചു. 2011-ൽ ലിബിയയെ തകർത്ത നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ്റെ (നാറ്റോ) നശീകരണപ്രവർത്തനത്തിൻ്റെ ഉത്പന്നമെന്നോണമാണ് അൽ-ഖ്വയ്ദ ഈ മേഖലയിൽ ശക്തിപ്പെടുന്നത്. 2014-ലെ ജനകീയ പ്രതിഷേധങ്ങളുടെ ശാസനകളെ നിറവേറ്റുക എന്നതായിരുന്നു സങ്കാരയുടെ പാരമ്പര്യത്തോട് സമർപ്പിതമായിരുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ കൂട്ടമായ പേട്രിയോട്ടിക് മൂവ്‌മെന്റ് ഫോർ സേഫ്ഗാർഡ് ആൻഡ് റെസ്റ്റോറേഷൻ (Mouvement patriotique pour la sauvegarde et la restouration, MPSR) 2022 ജനുവരിയിൽ നടത്തിയ സൈനിക അട്ടിമറിയുടെ പ്രഖ്യാപിത ലക്ഷ്യം. MPSR ആദ്യം ലെഫ്റ്റനന്റ് കേണൽ പോൾ-ഹെൻറി ഡാമിബയും, 2022 സെപ്റ്റംബറിൽ അദ്ദേഹം പുറത്താക്കെപ്പെട്ടതിനു ശേഷം, ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെയും നയിച്ചു. സങ്കാരയുടെ ഉയിർത്തെഴുന്നേൽപ്പു പോലെയായിരുന്നു അത്.

ട്രൈകോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ നിന്ന് പ്രസിദ്ധീകരിച്ച ഞങ്ങളുടെ ഏറ്റവും പുതിയ ഡോസിയറാണ്, The Sahel Seeks Sovereignty (സഹേൽ പരമാധികാരം തേടുന്നു –August 2025). ഞങ്ങളുടെ പാൻ-ആഫ്രിക്ക ടീം ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണിത്. ബുർക്കിന ഫാസോയുടെ മാത്രമല്ല, മാലിയുടെയും നൈജറിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ചരിത്രപരമായ വിലയിരുത്തലാണ് അത് മുന്നോട്ട് വെക്കുന്നത്. ഈ രാജ്യങ്ങൾ ഇപ്പോൾ സഹേൽ രാജ്യങ്ങളുടെ സഖ്യം (എഇഎസ്) ആയി ഒന്നിച്ചിരിക്കുന്നു. തലക്കെട്ടിലെ ‘പരമാധികാരം’ എന്ന വാക്ക് ഞങ്ങളുടെ വാദത്തെ നിർവചിക്കുന്നു: ഈ രാജ്യങ്ങൾ മുൻകാലങ്ങളിൽ എന്ത് തിരഞ്ഞെടുപ്പുകൾ നടത്തിയാലും, അവർ അവരുടെ സമൂഹങ്ങളിലെ ജനാധിപത്യ സാധ്യതകളെ ആഴത്തിലാക്കുകയോ വിദേശ സ്വാധീനത്തിനെതിരെ അവരുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയോ ചെയ്തില്ല. മൂന്ന് എഇഎസ് സംസ്ഥാനങ്ങളും സ്വർണ്ണ ഖനികളാൽ സമ്പന്നമാണ്, പ്രത്യേകിച്ച് നൈജറിൽ ഉയർന്ന നിലവാരമുള്ള യെല്ലോകേക്ക് യുറേനിയം ഉണ്ട്. എന്നിട്ടും ആർക്കും അതിന്റെ വിഭവങ്ങളെയോ സാമ്പത്തിക സ്ഥാപനങ്ങളെയോ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല, അവ ഫ്രഞ്ച് നാണയ വ്യവസ്ഥയ്ക്കും പാശ്ചാത്യ കോർപ്പറേഷനുകൾക്കും കീഴ്പ്പെട്ടിരിക്കുന്നതാണെന്നതാണ് കാരണം. ബുർക്കിന ഫാസോ പോലുള്ള ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ശ്വാസംമുട്ടിക്കാൻ നിങ്ങൾക്ക് ഒരു തുറന്ന രാഷ്ട്രീയ സ്വേച്ഛാധിപത്യം ആവശ്യമില്ല. 1991 ൽ 100% വോട്ടും, 1998 ൽ 90% വോട്ടും, 2005 ലും 2010 ലും 80% വോട്ടും നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് കോംപെയോറെ. പക്ഷേ അവ തികച്ചും ജനാധിപത്യരഹിതമായ ഒരു പ്രക്രിയയുമായിരുന്നു. സങ്കരയുടെ അജണ്ടയും 2014 ലെ പ്രതിഷേധങ്ങളുടെ വികാരവും മുന്നോട്ട് കൊണ്ടുപോകുന്ന MPSR, കോംപെയോറെയെ തിരഞ്ഞെടുത്ത സംവിധാനത്തേക്കാൾ എത്രയോ ജനാധിപത്യപരമാണ്.

2014-ൽ ബുർക്കിന ഫാസോയിൽ ഉണ്ടായ പ്രക്ഷോഭം അനൗപചാരിക സെറ്റിൽമെൻ്റുകളിൽ നിന്ന് മാത്രമല്ല, നിശാക്ലബ്ബുകളിൽ നിന്നുമാണ് ഉയർന്നുവന്നത്. 2013-ൽ, റെഗ്ഗെ എന്ന നാടോടി സംഗീതപാരമ്പര്യത്തെ തൻ്റെ സംഗീതസപര്യയുമായി കൂട്ടിയിണക്കിയ കലാകാരൻ സാംസ്’കെ ലു ജാ (കരീം സമ), റാപ്പർ സ്മോക്കി (സെർജ് ബംബാര) എന്നിവർ ദി സിറ്റിസൺസ് ബ്രൂം അഥവാ പൗരരുടെ ചൂല് എന്ന് അർഥം വരുന്ന Le Balai Citoyen സ്ഥാപിച്ചു. സങ്കാരയുടെ ജനങ്ങളെ ചേർത്തുകൊണ്ടുള്ള തെരുവ് ശുചീകരണ യജ്ഞത്തെയും പഴയ വരേണ്യവർഗത്തെയും വിദേശ മൂലധനത്തെയും തുടച്ചുനീക്കാനുള്ള പ്രതിബദ്ധതയെയും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ഒരു ജനകീയ പ്രസ്ഥാനമാണിത്. കരിം സമ രാജ്യത്തുടനീളമുള്ള നിശാക്ലബ്ബുകളിൽ സങ്കാരയുടെ പൈതൃകം ഉയർത്തിപ്പിടിച്ചു:

സങ്കാര, സങ്കാര, സങ്കാര, എന്റെ പ്രസിഡന്റ്,

ബുർക്കിനയിൽ നിന്നുള്ള സങ്കാര, സങ്കാര, സങ്കാര

അന്തസുറ്റ ആഫ്രിക്കയെ കെട്ടിപ്പടുക്കാൻ ആർജവമുള്ള മനുഷ്യനായി അയാൾ വന്നു!

നിങ്ങളുടെ പരമമായ ത്യാഗത്തിലൂടെ, നിങ്ങൾ എന്റെ ജീവിതത്തിന് അർത്ഥം നൽകി!

അന്തസുറ്റ ആഫ്രിക്കയ്ക്കായുള്ള ഞങ്ങളുടെ പ്രതീക്ഷയെ

എക്കാലവും പോഷിപ്പിക്കുന്ന നീരാണ് നിങ്ങളുടെ രക്തം!

(ട്രൈക്കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ നിന്നുള്ള 2025 ലെ മുപ്പത്തി മൂന്നാമത്തെ ന്യൂസ് ലെറ്ററിൻ്റെ പരിഭാഷയാണിത്. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചരിത്രകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ വിജയ് പ്രഷാദ്)

വിജയ് പ്രഷാദ്

വിജയ് പ്രഷാദ്

ചരിത്രകാരൻ, എഡിറ്റർ, ജേണലിസ്റ്റ്, ട്രൈകോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *