സ്വന്തമായി ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത, ഇസ്രായേലിന്റെ സൈനികഭരണകൂടം നൽകിയ റസിഡന്റ് കാർഡു മാത്രമുള്ള ജനതയോടാണ് ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ സമ്പൂർണ ആക്രമണം രണ്ടു വർഷത്തോടടുക്കുമ്പോൾ 20 ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർത്ത ഗാസയുടെ 80 ശതമാനം പൂർണമായും വാസയോഗ്യമല്ലാതായി. സമ്പൂർണ ഉപരോധത്തിൽ കുട്ടികളടക്കം 200-നടുത്ത് മനുഷ്യർ പട്ടിണി മരണത്തിനിരയായി. 60,000-ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആൾക്കാർക്ക് പരിക്കേറ്റു. എന്നിട്ടും ഗാസക്കാരെ അവിടെനിന്ന് ഓടിക്കാനോ ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്താനോ ഇസ്രായേലിനും അമേരിക്കയ്ക്കും സാധിച്ചിട്ടില്ല. ജയിച്ചത് ഇസ്രായേലോ ഹമാസോ എന്നു പറയാനാവില്ല. ഹമാസിന് രണ്ടു ദശകങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ അതിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഏതാണ്ട് പൂർണമായും നഷ്ടമായി. ഇസ്രായേലാണെങ്കിൽ യുദ്ധത്തിൽനിന്ന് തലയൂരാനാകാത്ത വിധം കുരുങ്ങിക്കിടപ്പുമാണ്. പാശ്ചാത്യരാജ്യങ്ങളുടെ, സെപ്തംബറോടെ സ്വതന്ത്രപലസ്തീൻ രാജ്യത്തെ അംഗീകരിക്കും എന്ന് പ്രഖ്യാപനത്തെ വിലയിരുത്തുന്ന ലേഖനം.
യൂറോപ്യൻ രാജ്യങ്ങൾ എന്തുകൊണ്ടാണ് ഇപ്പോൾ സ്വതന്ത്ര പലസ്തീൻ ആവശ്യം ഉയർത്തുന്നത് ?

ഫ്രാൻസ്, കാനഡ ഉൾപ്പെടെ ഏതാനും പാശ്ചാത്യ രാജ്യങ്ങൾ സെപ്തംബറോടെ സ്വതന്ത്ര പലസ്തീൻ രാജ്യത്തെ അംഗീകരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുള്ള ഉപാധികളിലൊന്നായി ഈ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നത് ഗാസയിലെ ഹമാസിന്റെ സമ്പൂർണ നിരായുധീകരണവും ഗാസയുടെ ഭരണത്തിൽ നിന്നുള്ള പിൻവാങ്ങലും ആണ്.

ഇസ്രായേലും അമേരിക്കയും ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. പലസ്തീൻ അതോറിറ്റിയടക്കം സമ്പൂർണമായ അധിനിവേശമാണ് ഇസ്രായേൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഗാസക്കാർ പൂർണമായും ജോർദ്ദാൻ, ഈജിപ്ത്, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കു ഓടിപ്പോകാനാണ് ട്രംപ് നിർദ്ദേശിക്കുന്നത്. ഈ വാർത്തകളൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. നിലവിൽ പലസ്തീൻ എന്നൊരു രാജ്യം ഇല്ലേ എന്നതാണ് ആ ചോദ്യം.
1948-ൽ പലസ്തീൻ നേതൃത്വത്തിന്റെ ആവശ്യമോ അംഗീകാരമോ ഇല്ലാതെ ബ്രിട്ടീഷ് മാന്റേറ്റായിരുന്ന പലസ്തീനെ ഇസ്രായേൽ എന്നും പലസ്തീൻ എന്നും രണ്ടു രാജ്യങ്ങളായി യു.എൻ. വിഭജിച്ചെങ്കിലും ഇത് നടപ്പിലാകുന്നതിനു മുമ്പു തന്നെ ഇസ്രായേൽ രാജ്യം പ്രഖ്യാപിക്കുകയും ചെറുത്തു നിന്ന അറബികളെ തോൽപിച്ച് പലസ്തീൻ മാന്റേറ്റിന്റെ ഭൂരിഭാഗവും സ്വന്തമാക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ മൗനാനുവാദത്തോടെയാണ് ഇതൊക്കെ നടന്നത്. പലസ്തീൻ പ്രദേശങ്ങളിൽനിന്ന് തുരത്തപ്പെടുന്ന അറബികൾക്ക് ആശ്രയം എന്ന നിലയിൽ പലസ്തീൻ മാന്റേറ്റിൽ പെടുന്ന കുറച്ചു ഭാഗം (ജോർദാൻ നദിയുടെ പടിഞ്ഞാറുഭാഗവും ജറുസലേമും) കൈവശം വയ്ക്കാൻ ജോർദ്ദാന് അനുവാദം നൽകിയിരുന്നു.

മറ്റു പ്രദേശങ്ങളിൽനിന്ന് അറബികൾക്ക് ഓടിപ്പോകേണ്ടി വന്നു. ഏതാണ്ട് എട്ടു ലക്ഷത്തോളം പേരാണ് ഇത്തരത്തിൽ അഭയാർത്ഥികളായത്. പ്രധാനമായും ജോർദ്ദാൻ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവർക്ക് ഓടിപ്പോകേണ്ടി വന്നത്. ഇസ്രായേൽ ആക്രമണങ്ങളെ ചെറുത്തോ സഹിച്ചോ പലസ്തീൻ പ്രദേശങ്ങളിൽ തന്നെ തുടർന്ന അറബികൾക്ക് ഇസ്രായേൽ പൗരത്വം കൊടുത്തു (നാഷനാലിറ്റി ഇല്ല, പൌരത്വം മാത്രം).
1967-ലെ യുദ്ധകാലത്ത് ജോർദ്ദാനിൽ നിന്ന് വെസ്റ്റ് ബാങ്കും ജറുസലേമും ഈജിപ്തിൽനിന്ന് ഗാസയും സിറിയയിൽനിന്ന് ഗോലാൻ കുന്നുകളും കൂടി ഇസ്രായേൽ പിടിച്ചെടുത്തു. ഈ പ്രദേശങ്ങളിലെ അറബികളും ഇതോടെ ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിനു കീഴിൽ ആഭ്യന്തര അഭയാർത്ഥികളായി മാറി.
1948-ൽ ഓടിപ്പോകേണ്ടി വന്ന അറബികളിൽ വലിയൊരു പങ്ക് ജോർദ്ദാൻ നിയന്ത്രിത വെസ്റ്റ് ബാങ്കിലും ജറുസലേമിലുമാണ് അഭയം തേടിയിരുന്നത്. ഇവർക്ക് 1950-കൾ മുതൽ ജോർദ്ദാൻ പൗരത്വം നൽകിയിരുന്നു. എന്നാൽ 1967-ൽ ഈ പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചടക്കുകയും സൈനിക ഭരണം നടപ്പിൽ വരുത്തുകയും ചെയ്തതോടെ അറബികൾ രണ്ടാമതും അഭയാർത്ഥികളായി.

1948-ൽ പലസ്തീനിയൻ പൗരത്വം നഷ്ടപ്പെട്ടവർക്ക് 1967-ൽ ജോർദ്ദാനിയൻ പൗരത്വവും നഷ്ടപ്പെട്ടു. (1988-ൽ ജോർദ്ദാൻ വെസ്റ്റ് ബാങ്കിനു മേലുള്ള അവകാശം ഉപേക്ഷിച്ചപ്പോൾ ആ ഭഗത്തെ മനുഷ്യരുടെ പൗരത്വമോഹം എന്നേക്കുമായി അവസാനിച്ചു). ഇസ്രായേൽ സൈനികഭരണം ഏർപ്പെടുത്തിയ ഈ പ്രദേശങ്ങളിലുള്ളവർക്ക് അവർ റസിഡൻസ് സ്റ്റാറ്റസ് മാത്രം നൽകി. അവരുടെ ഭൂമി, കൃഷിയിടങ്ങൾ, തൊഴിൽ, സഞ്ചാരം തുടങ്ങിയ കാര്യങ്ങളിൽ മാരകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവരുടെ ഭൂമിയിലേക്ക് ഇസ്രായേൽ ആസൂത്രിതമായ കുടിയേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു.
1948-മുതൽ പാലസ്തീൻ അഭയാർത്ഥികൾ തിങ്ങിപ്പാർത്ത ഈജിപ്ഷ്യൻ പ്രദേശമായിരുന്നു ഗാസ മുനമ്പ്. ഇവർക്ക് ഈജിപ്ത് ഒരു കാലത്തും പൌരത്വം നൽകിയിരുന്നില്ല. 1967-ലെ കരാറിനെ തുടർന്ന് ഈജിപ്ത് ഗാസയുടെ മേലുള്ള അവകാശം ഇസ്രായേലിനു കൊടുത്തു. അവർക്കും ഇസ്രായേൽ നിവാസി (Resident) പദവി മാത്രം കൊടുത്തു.

1993-ൽ ഓസ്‍ലോ കരാർ നിലവിൽ വന്നപ്പോൾ ഇസ്രായേലിന്റെ സൈനിക അധിനിവേശഭൂമിയിൽ കഴിയുന്ന പലസ്തീനികൾക്ക് ഭാഗികമായ സ്വയം ഭരണം കിട്ടിയെങ്കിലും പൂർണ പൌരത്വം അപ്പോഴും കിട്ടിയില്ല. ബെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പ്രദേശങ്ങളെ A-B-C എന്നു തിരിക്കുകയും (A പലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണം B പലസ്തീൻ അതോറിറ്റിയുടെയും ഇസ്രായേലിന്റെയും സംയുക്ത നിയന്ത്രണം C പൂർണ ഇസ്രായേൽ നിയന്ത്രണം. ഇതിൽ C ഭാഗം ആകെ പലസ്തീനിയൽ പ്രദേശത്തിന്റെ 60 ശതമാനം വരും) ഈ കരാറിന്റെ ഭാഗമായി ചെറിയൊരു ഭാഗം പ്രദേശത്ത് പൊതുഭരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ പലസ്തീൻ അതോറിറ്റിക്ക് ഭരണാധികാരം ലഭിച്ചു.
അഭയാർത്ഥികളുടെ മടങ്ങി വരവ് അടക്കമുള്ള കാര്യങ്ങൾ അന്തിമകരാറിൽ തീരുമാനമാകാമെന്നു വച്ചെങ്കിലും കരാറിനു നേതൃത്വം കൊടുത്ത ഇസ്രായേൽ പ്രധാനമന്ത്രി യിത്സ്ഹാക് റാബിൻ 1995-ൽ ജൂതതീവ്രവാദികളാൽ കൊല്ലപ്പെട്ടു. ഓസ്‍ലോ കരാർ പിന്നീട് ഒരടി മുന്നോട്ടു പോയില്ല. പസ്തീൻ നേതാവും അതോറിറ്റിയുടെ പ്രസിഡണ്ടുമായ യാസർ അറാഫത്തിനെ ഇസ്രായേൽ ദീർഘകാലം വീട്ടുതടങ്കലിലിട്ടു. തടവിൽത്തന്നെ അദ്ദേഹം മരിച്ചു.

പലസ്തീൻ അതോറിറ്റിയുടെ പരിമിത ഭരണം കിട്ടിയതോടെ PLO-യിലെ പ്രധാന സംഘടനായ ഫത്താ പാർടി അവരുടെ സായുധ പോരാട്ടം ഏതാണ്ട് അവസാനിപ്പിച്ചു. പലസ്തീൻ ഭരണത്തിന്റെ ഭാഗമായിരുന്നെങ്കിലും ഹമാസ് സ്വതന്ത്ര പലസ്തീൻ എന്ന അവകാശവാദം ഉപേക്ഷിച്ചിരുന്നില്ല. 2006-ൽ പലസ്തീൻ അതോറിറ്റിിയലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഫത്താ പാർടിയെ തോൽപിച്ച് ഭൂരിപക്ഷം നേടിയത് ഹമാസായിരുന്നു. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയെങ്കിലും ഇസ്രായേലും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ അംഗീകരിച്ചില്ല. 2007-ൽ ഫത്താ-ഹമാസ് വിഭാഗങ്ങൾ ഏറ്റുമുട്ടുകയും ഗാസയുടെ പൂർണ നിയന്ത്രണം ഹമാസ് ഏറ്റെടുക്കുകയും ചെയ്തു.
2006-നു ശേഷം പലസ്തീൻ അതോറിറ്റിയിലേക്ക് പിന്നെ തിരഞ്ഞെടുപ്പേ നടന്നില്ല. ഇതിനിടെ ഹമാസും ഇസ്രായേലുമായി നിരവധി തവണ ഏറ്റുമുട്ടി. പലതവണ ഇസ്രായേൽ ഗാസയിൽ ബോംബിട്ട് തരിപ്പണമാക്കി. ഗാസയെ മതിലുകെട്ടി വേർതിരിച്ച് ലോകത്തിലെ ഏറ്റവും വലിയ ജയിലാക്കി മാറ്റി. കടലിൽ നിത്യമായ ഉപരോധം ഏർപ്പെടുത്തി. എന്നിട്ടും ഓരോ യുദ്ധശേഷവും ദുർബലമായ കരാറുകളിലൂടെ ഇസ്രായേലും ഹമാസും സഹകരിച്ചുതന്നെ പോന്നു. ഗാസയ്ക്കു വേണ്ട വൈദ്യുതി, വെള്ളം എന്നിവ എത്തിച്ചിരുന്നത് ഇസ്രായേൽ തന്നെയായിരുന്നു.(വൈദ്യുതി Israel Electric Corporatio-നും വെള്ളം Mekorot-ഉം) ഇസ്രായേലിന്റെ തൊഴിൽ സേനയായി ഗാസൻജനയതയിൽ ഒരു വിഭാഗവും വർത്തിച്ചു.

2023 ഒക്ടോബറിലെ വൻ ഹമാസ് കടന്നു കയറ്റത്തോടെ ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1967-മുതൽ ഇസ്രായേൽ സൈനിക അധിനിവേശം നടത്തുന്ന ജനതക്കെതിരെയായിരുന്നു ഈ യുദ്ധപ്രഖ്യാപനം. സ്വന്തമായി ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത, ഇസ്രായേലിന്റെ സൈനികഭരണകൂടം നൽകിയ റസിഡന്റ് കാർഡു മാത്രമുള്ള ജനതയോടാണ് ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ സമ്പൂർണ ആക്രമണം രണ്ടു വർഷത്തോടടുക്കുമ്പോൾ 20 ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർത്ത ഗാസയുടെ 80 ശതമാനം പൂർണമായും വാസയോഗ്യമല്ലാതായി. സമ്പൂർണ ഉപരോധത്തിൽ കുട്ടികളടക്കം 200-നടുത്ത് മനുഷ്യർ പട്ടിണി മരണത്തിനിരയായി. 60,000-ത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആൾക്കാർക്ക് പരിക്കേറ്റു. എന്നിട്ടും ഗാസക്കാരെ അവിടെനിന്ന് ഓടിക്കാനോ ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്താനോ ഇസ്രായേലിനും അമേരിക്കയ്ക്കും സാധിച്ചിട്ടില്ല.
ഇസ്രായേൽ ഹമാസുമായി തുടരുന്ന യുദ്ധത്തിൽ തോറ്റത് ആരാണെന്ന് എളുപ്പം പറയാനാകും. അത് ഭൂരിഭാഗം ഗാസൻ ജനയതയും ഒരു വിഭാഗം ഇസ്രായേലി ജനതയും ആണ്. ജയിച്ചത് ഇസ്രായേലോ ഹമാസോ എന്നു പറയാനാവില്ല. ഹമാസിന് രണ്ടു ദശകങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ അതിന്റെ സൈനിക അടിസ്ഥാന സൌകര്യങ്ങൾ ഏതാണ്ട് പൂർണമായും നഷ്ടമായി. ഇസ്രായേലാണെങ്കിൽ യുദ്ധത്തിൽനിന്ന് തലയൂരാനാകാത്ത വിധം കുരുങ്ങിക്കിടപ്പുമാണ്.

ഇതാണ് സ്വതന്ത്ര പലസ്തീൽ രാഷ്ട്രത്തെ അംഗീകരിക്കും എന്ന പറച്ചിലുകളുടെ പശ്ചാത്തലം. 1948-മുതൽ പല തരത്തിൽ അഭയാർത്ഥികളായി കഴിയുന്ന ജനത തങ്ങൾക്കു മേലുള്ള സൈനിക അധിനിവേശത്തിനെതിരെ നടത്തുന്ന സൈനികവും അല്ലാത്തതുമായ പോരാട്ടങ്ങളാണ് നാം കാണുന്നത്. അതിന്റെ രീതിയും നീതിയുമെല്ലാം ഈ പശ്ചാത്തലത്തിൽ പരിശോധിച്ചാലേ ശരിയാകൂ. യൂറോപ്യൻ രാജ്യങ്ങൾ ഇക്കാലമത്രയും എന്തുകൊണ്ടാണ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്ന ആവശ്യത്തോട് പുറം തിരിഞ്ഞു നിന്നത് എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു.