ഇന്ത്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ (ട്രെയിൻ ഡ്രൈവർമാർ) ജോലി സാഹചര്യങ്ങൾ, ശമ്പളം, വിശ്രമ സമയം, മറ്റ് അവകാശങ്ങൾ എന്നിവ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാൻ തുടങ്ങിയിട്ട് നാളേറയായി. ലക്ഷക്കണക്കിന് മനുഷ്യർ നിത്യ ജീവിതത്തിൽ ആശ്രയിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന ഗതാഗത മാർഗമായ ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പെെലറ്റുമാർക്ക് വിശ്രമം നിഷേധിക്കുന്നതിലൂടെ വലിയ ദുരന്തങ്ങളാണ് ഇന്ത്യൻ റയിൽ വരുത്തിവെക്കുന്നത്. അടുത്തകാലത്തുണ്ടായ ട്രെയിൻ ദുരന്തങ്ങളിൽ ലോക്കോ പെെലറ്റുമാരെ പ്രതികൂട്ടിൽ നിർത്തുന്ന ഭരണകൂടം പക്ഷെ ആ ദുരന്തത്തിന്റെ യഥാർത്ഥ കാരണം മറച്ചു വെക്കുകയാണ്. എല്ലാ തൊഴിലവകാശങ്ങളും ലംഘിച്ച്, അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിച്ച് ഒഴിവുകളൊന്നും നികത്താതെ ഒരേ സമയം ലോക്കോ പെെലറ്റുമാരോടും ട്രെയിൻ യാത്രാ മാർഗമായി കാണുന്ന ലക്ഷക്കണക്കിന് മനുഷ്യരോടും ഇന്ത്യൻ റയിൽവേ കാണിക്കുന്ന അത്യന്തം അപകടകരവും മനുഷ്യത്വ വിരുദ്ധവുമായ മനോഭാവത്തെ തുറന്നുകാണിക്കുകയാണിവിടെ.