സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണ് അമേരിക്കയെന്ന വാദം അടിസ്ഥാനരഹിതമാണ്. അഫ്ഗാനിസ്ഥാനിലോ സിറിയയിലോ അവര്‍ അങ്ങനെ ആയിരുന്നില്ല. സിറിയയില്‍ അങ്ങനെ ചെയ്തവരെ അവര്‍ ഒറ്റിക്കൊടുത്തു. അമേരിക്ക ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, ഇസ്രായേലും അങ്ങനെ തന്നെ. തങ്ങളുടെ വഴിക്ക് കാര്യങ്ങള്‍ നടത്താന്‍, ഒരു രാജ്യത്തെ നിയന്ത്രിക്കാന്‍, അതിന്റെ പരമാധികാരം ഇല്ലാതാക്കാന്‍ അവരെന്തും ചെയ്യും – ഇറാനിലേക്കുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും കടന്നുകയറ്റം തുടങ്ങുന്നതിനും മൂന്നാഴ്ച്ച മുൻപ് ഇന്ത്യന്‍ ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ വിജയ് പ്രഷാദ് ബ്രസീലിയന്‍ മാധ്യമം opera mundiക്ക് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.
ബോംബുകൾ കൊണ്ട് ഇറാനെ ഒരു ഫെമിനിസ്റ്റ് സ്വർഗമാക്കാൻ കഴിയില്ല

ബ്രെനോ ആള്‍ട്മാന്‍: ഖമനേയിയെ കൊല്ലുന്നത് യു.എസിന്റെയും ഇസ്രയേലിന്റെയും അജണ്ടയിലുണ്ടാകുമോ?
വിജയ് പ്രഷാദ്: അതെ, പക്ഷേ അദ്ദേഹത്തെ കൊലപ്പെടുത്തുന്നതോ തട്ടിക്കൊണ്ടുപോകുന്നതോ ഇറാനില്‍ വ്യാപകമായ തിരിച്ചടികള്‍ക്ക് കാരണമാകും. ഇറാനിലേത് അസാധാരണമാം വിധം ദേശസ്‌നേഹമുള്ള ഒരു സമൂഹമാണ്. അതിനെ നമുക്കു കുറച്ചുകാണാന്‍ കഴിയില്ല. ആയത്തുള്ള ഖമനേയി ദീര്‍ഘകാലമായി ഇറാന്റെ പരമോന്നത പദവിയിലുള്ളയാളാണ്. അദ്ദേഹo വയോധികനാണ്, എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ അദ്ദേഹം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആദ്യത്തെ ആയത്തുള്ളയായ റുഹാള്ള ഖമനേയിയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. ഇത് പതിവുള്ളതല്ല, അപൂര്‍വമാണ്. അതിലൂടെ പ്രധാനപ്പെട്ട സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

ഞാനെന്റെ സുഹൃത്തുക്കളോട് ഇതേക്കുറിച്ചു ചോദിച്ചു, എന്തായിരിക്കും ഇറാനിലെ ജനങ്ങള്‍ക്ക് ഖമനേയി അതിലൂടെ നല്‍കിയ സന്ദേശം എന്ന്. ഒരുപക്ഷെ അതിങ്ങനെയായിരിക്കാം, ‘പ്രിയപ്പെട്ട ആയത്തുള്ളാ, ഞാന്‍ ഉടന്‍ നിങ്ങളെ കാണാന്‍ വരുന്നു. എന്റെ അന്ത്യം അടുത്തിരിക്കുന്നു. ഒന്നുകില്‍ സ്വാഭാവിക മരണം, അല്ലെങ്കില്‍ അമേരിക്കയുടെ കൈകൊണ്ടുള്ള രക്തസാക്ഷിത്വം.’
ഇതൊരു രക്തസാക്ഷിത്വത്തിനുള്ള മുന്നൊരുക്കമാണ്. ഇറാനിലെ പ്രബലമായ ഷിയാ വിശ്വാസത്തില്‍ രക്തസാക്ഷിത്വത്തിന് അസാധാരണമാം വിധം പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക സവിശേഷതയാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. കാരണം, അവരുടേത് കര്‍ബലയുടേയും മുഹറത്തിന്റെയും ചരിത്രമാണ്. ഷിയാ ജനതയുടെ പ്രധാനപ്പെട്ട അനുസ്മരണ ദിനങ്ങളാണല്ലോ അത്. അങ്ങനെ സംഭവിച്ചാല്‍ ഇറാനില്‍ കാര്യങ്ങള്‍ അവര്‍ വിചാരിക്കുന്നത് പോലെ എളുപ്പമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അത് പ്രശനങ്ങളെ കൂടുതല്‍ തീവ്രമാക്കാനാണ് സഹായിക്കുക.
ബ്രെനോ ആള്‍ട്മാന്‍: സ്ത്രീകളുടെയും സ്വവര്‍ഗ്ഗാനുരാഗികളുടെയും അവകാശങ്ങളെ ബഹുമാനിക്കാത്തതിനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും വിമര്‍ശിക്കപ്പെടുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഒരു വശത്ത്. മറുവശത്ത്, നിലവിലെ ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കയും ഇസ്രായേലും. ഈ പോരാട്ടത്തില്‍ ഏത് പക്ഷമാണ് ശരി?
വിജയ് പ്രഷാദ്: ഒന്നാമതായി, ഒരു ഭരണകൂടത്തെ അട്ടിമറിച്ച് സ്ത്രീകളെയും സ്വവര്‍ഗ്ഗാനുരാഗികളെയും ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ അധികാരം സ്ഥാപിക്കുന്നത് അമേരിക്കയുടെ അജണ്ടയിലുള്ള കാര്യമല്ല. അടുത്തിടെ സിറിയയില്‍ മുന്‍ അല്‍-ഖ്വയ്ദ തലവനായിരുന്ന അഹ്മദ് അല്‍- ഷെറാ അധികാരത്തില്‍ എത്തിക്കാന്‍ ചരടുവലികള്‍ നടത്തിയത് ഇതേ അമേരിക്കയും ഇസ്രായേലുമാണ്. ഷെറാ ഒരിക്കലും സിറിയയില്‍ ഒരു ‘പ്രൈഡ് മാര്‍ച്ച്’ ആഘോഷിക്കാന്‍ പോകുന്നില്ല, ഫെമിനിസം കൊണ്ടുവരാനും പോകുന്നില്ല. അമേരിക്ക പിന്തുണയ്ക്കുന്ന ആളുകളുടെ രാഷ്ട്രീയം ഇതല്ല. സ്ത്രീകളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ഒക്കെ അംഗീകരിച്ചിരുന്ന സിറിയന്‍ സമൂഹത്തിലെ ഏറ്റവും പുരോഗമനപരമായ ഒരു വിഭാഗമായിരുന്നല്ലോ വടക്കന്‍ സിറിയയിലെ സിറിയന്‍ കുര്‍ദുകള്‍. അവരെ അമേരിക്ക ഒറ്റിയത് നമ്മള്‍ കണ്ടതാണ്.

അതുകൊണ്ട് സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണ് അമേരിക്കയെന്ന വാദം അടിസ്ഥാനരഹിതമാണ്. അഫ്ഗാനിസ്ഥാനിലോ സിറിയയിലോ അവര്‍ അങ്ങനെ ആയിരുന്നില്ല. സിറിയയില്‍ അങ്ങനെ ചെയ്തവരെ അവര്‍ ഒറ്റിക്കൊടുത്തു. അമേരിക്ക ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, ഇസ്രായേലും അങ്ങനെ തന്നെ. തങ്ങളുടെ വഴിക്ക് കാര്യങ്ങള്‍ നടത്താന്‍, ഒരു രാജ്യത്തെ നിയന്ത്രിക്കാന്‍, അതിന്റെ പരമാധികാരം ഇല്ലാതാക്കാന്‍ അവരെന്തും ചെയ്യും.
എല്ലാ രാജ്യങ്ങളെയും പോലെ ഇറാനും വിവിധ തരത്തിലുള്ള വിമോചനങ്ങളിലേക്കുള്ള പാത സ്വയം നടന്നുതീര്‍ക്കേണ്ട ഒന്നാണ്. ഇറാനിയന്‍ വിപ്ലവം നടന്നപ്പോള്‍, ഷായ്ക്കെതിരെ എല്ലാവരും ഒന്നിച്ച് ചേര്‍ന്നു, പക്ഷേ കമ്മ്യൂണിസ്റ്റുകള്‍ക്കോ ലിബറലുകള്‍ക്കോ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ആയത്തുള്ള ഖമനേയി ഫ്രാന്‍സില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് ടെഹ്റാനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. തുടക്കത്തില്‍ ആയത്തുള്ളമാര്‍ ലിബറലുകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് അബുല്‍ഹസന്‍ ബാനിസദര്‍ ഇറാന്റെ പ്രധാനമന്ത്രിയായത്. പിന്നീട് ലിബറലുകള്‍ ശല്യമാണെന്ന് കണ്ടപ്പോള്‍ അവരെ മാറ്റിനിര്‍ത്തി.
ഇറാന് അതിന്റേതായ പ്രക്രിയയുണ്ട്, അതിന്റേതായ ചരിത്രമുണ്ട്. ബോംബിട്ട് ഈ ഗവണ്‍മെന്റിനെ മാറ്റി ഇറാനെ ഒരു ഫെമിനിസ്റ്റ് സ്വര്‍ഗ്ഗമാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അത് അങ്ങനെ സംഭവിക്കുന്ന ഒന്നല്ല. ഇത് ഇറാനിയന്‍ ജനതയുടെ പോരാട്ടമാണ്. അവരുടെ സാംസ്‌കാരിക പരിമിതികളും പോരായ്മകളും അവര്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ മികച്ച ഒരു ഇറാന്‍ കെട്ടിപ്പടുക്കാനുള്ള ആത്മാര്‍ത്ഥത എന്തായാലും ഇസ്രായേലിനും അമേരിക്കയ്ക്കും ഇല്ല.

വ്യക്തിപരമായി ഒരു മതഭരണകൂടത്തിന് കീഴില്‍ ജീവിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്. ഞാന്‍ ഇറാനിലാണ് ജീവിക്കുന്നതെങ്കില്‍, ഒരേസമയം എന്റെ ഗവണ്‍മെന്റിനെ സംരക്ഷിക്കുകയും അതേസമയം അതിനോട് പോരാടുകയും ചെയ്യും. ഉദാഹരണത്തിന്, ഇന്ന് ബിജെപി ഭരണത്തിന് കീഴിലുള്ള ഇന്ത്യയെ അമേരിക്ക ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, ഞാന്‍ മോദി ഗവണ്‍മെന്റിനെ അമേരിക്കന്‍ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കും, ഒപ്പം ഇന്ത്യയില്‍ ഒരു പുതിയ ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ‘ഇതിനേക്കാള്‍ നല്ലൊരു ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ നമ്മള്‍ പോരാടണം’ എന്ന് ഞാന്‍ പറയും. നമുക്ക് ബ്രസീലിന്റെ കാര്യമെടുക്കാം. ബോള്‍സനാരോ വീണ്ടും ബ്രസീലില്‍ പ്രസിഡന്റായി വരികയും അമേരിക്ക മറ്റൊരു ‘ഓപ്പറേഷന്‍ ബ്രദര്‍ സാം’ നടത്താന്‍ തീരുമാനിക്കുകയും ചെയ്താല്‍, സാവോ പോളോയിലെ തെരുവുകളില്‍ ബ്രെനോ ആള്‍ട്ട്മാന്‍ മെഗാഫോണിലൂടെ ‘യാങ്കി സാമ്രാജ്യത്വം തുലയട്ടെ’ എന്ന് വിളിച്ചുപറയുന്നത് എനിക്ക് കാണാന്‍ കഴിയും. ബോള്‍സനാരോയോട് നമുക്ക് പിന്നീട് പോരാടാം.
ബ്രെനോ ആള്‍ട്മാന്‍: ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയത്തെ നിങ്ങള്‍ എങ്ങനെ വിശേഷിപ്പിക്കുന്നു? ഇത് പരമ്പരാഗത യുഎസ് സാമ്രാജ്യത്വത്തിന്റെ തുടര്‍ച്ച മാത്രമാണോ അതോ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടോ?
വിജയ് പ്രഷാദ്: ട്രംപിന്റെ ചെയ്തികള്‍ തീര്‍ച്ചയായും യുഎസ് സാമ്രാജ്യത്വത്തിന്റെ തുടര്‍ച്ച തന്നെയാണ്. വിദേശനയത്തിന്റെ വിശാലലക്ഷ്യങ്ങള്‍ മാറിയിട്ടില്ല. ഒബാമയും യുഎസ് സാമ്രാജ്യത്വത്തിന്റെ പവിത്രതയില്‍ വിശ്വസിച്ചിരുന്നു. വെനസ്വേലയ്ക്കെതിരെ ഉപരോധം കടുപ്പിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പിട്ടത് ലിബറലായ ബരാക് ഒബാമയായിരുന്നു.
എന്നാല്‍ 1970-കള്‍ക്ക് ശേഷമുള്ള, കൃത്യമായി പറഞ്ഞാൽ സോവിയറ്റ് യൂണിയന്‍ തകര്‍ന്ന 1991-ന് ശേഷമുള്ള മറ്റ് യു.എസ്. ഗവണ്‍മെന്റുകളെ അപേക്ഷിച്ച് ട്രംപ് ഭരണകൂടത്തിന് അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം യുഎസ് വിദേശനയം ഒരുതരം ‘ആദര്‍ശവാദത്തില്‍’ (Idealism) അധിഷ്ഠിതമായിരുന്നു. ലോകം മുഴുവന്‍ അമേരിക്കയെപ്പോലൈ ആക്കിമാറ്റാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു. അമേരിക്കയുടെ അധികാരമുപയോഗിച്ച് ലോകത്തെ മാറ്റാമെന്ന് അവര്‍ കരുതി.

അതിന് വേണ്ടി അവര്‍ പലതും ചെയ്തു. ബോംബു കൊണ്ട് ഇറാഖില്‍ ഒരു നവലിബറല്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുക. അല്ലെങ്കില്‍ പനാമയെപ്പോലുള്ള ഒരു ചെറിയ രാജ്യത്തെ ഞെരുക്കി, അതിനെ അമേരിക്കയെപ്പോലെയാക്കാന്‍ അവരുടെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോവുക. എല്ലായിടത്തും സ്വതന്ത്ര വിപണിയുടെ സ്വര്‍ഗ്ഗമാക്കുക. ഇതൊക്കെയായിരുന്നു അമേരിക്കയുടെ ഇത് വരെ പ്രബലമായിരുന്ന ആദര്‍ശപരമായ വിദേശനയത്തിന്റെ കാട്ടിക്കൂട്ടലുകള്‍. മിലിട്ടറി ടാങ്കുകളും, ബാങ്കുകളും അതല്ലെങ്കില്‍ മറ്റെന്തും ഉപയോഗിച്ചും ലോകത്തെ ഒരും ‘മഹത്തായ അമേരിക്ക’ ആക്കിമാറ്റുക എന്നതായിരുന്നു ലക്ഷ്യം.
എന്നാല്‍ ട്രംപിന്റേത് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ്. അദ്ദേഹത്തിന്റെ ഉപദേശകര്‍ ആദര്‍ശവാദികളല്ല, മറിച്ച് വിദേശനയത്തിലെ ‘യാഥാര്‍ത്ഥ്യവാദികളാണ്’ (Realists). അമേരിക്ക ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു, പക്ഷേ ഒരു രാജ്യത്ത് ബോംബ് ഇട്ട് അതിനെ അമേരിക്കയാക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. കാരണം, ഈ ‘കിരാതന്മാര്‍’ (savages) ഒരിക്കലും അമേരിക്കയെപ്പോലെയാകില്ലെന്ന് ട്രംപ് വിശ്വസിക്കുന്നു. സോമാലിയയും വെനസ്വേലയുമൊക്കെ ഒരിക്കലും അമേരിക്കയെപ്പോലെ ആകില്ല. അവര്‍ക്ക് മറ്റുരാജ്യങ്ങള്‍ പിടിച്ചെടുത്ത് അവിടെ മനോഹരമായ ട്രംപ് ഹോട്ടലുകള്‍ പണിഞ്ഞ് അതിന് ചുറ്റും ഒരു മിനി അമേരിക്ക സ്ഥാപിക്കാമെന്നവര്‍ വിശ്വസിക്കുന്നു, അല്ലാതെ അവിടുത്തെ ആളുകള്‍ക്ക് അമേരിക്കന്‍ മൂല്യങ്ങള്‍ കൈവരുമെന്ന് അവര്‍ കരുതുന്നില്ല.

ഇത്തരം അധിനിവേശ സ്വാധീനമേഖലകളെ നിര്‍വചിക്കാനും നിയന്ത്രിക്കാനും അവിടങ്ങളിലെ പ്രദേശവാസികള്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് തടയാനും അവര്‍ക്ക് അധികാരം വേണം. മൊഗാദിഷുവിലോ ഗാസയിലോ ഉള്ള അമേരിക്കന്‍ ഹോട്ടലുകളില്‍ താമസിക്കാന്‍ വരുന്നവരെ ശല്യം ചെയ്യാതിരിക്കാന്‍ ഈ ജനതയെ വിശാലമായ ‘കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍’ അടച്ചിടണം. ട്രംപിന്റെ സുഹൃത്തായ ജെഫ്രി എപ്സ്റ്റീന്റെ ദ്വീപു പോലെ, അവിടെ വരുന്ന മനോഹരമായ മനുഷ്യരെ ശല്യം ചെയ്യാന്‍ ഇവരെ അനുവദിക്കരുത്. നിയമങ്ങള്‍ക്കതീതമായി അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങള്‍.
ഇറാനില്‍ ബോംബ് ഇട്ട് അതൊരു നവലിബറല്‍ സ്വര്‍ഗ്ഗമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. പകരം അമേരിക്കന്‍ അധികാരം ഉപയോഗിച്ച് ഇറാനിലെ ഒരു നിശ്ചിത ഭാഗത്തെ മാത്രം അമേരിക്കയുടെ സ്വര്‍ഗ്ഗമാക്കുക. അവിടുത്തെ സമ്പത്ത് മുഴുവന്‍ കൈക്കലാക്കാന്‍ അവിടെയുള്ളവരെ അനുവദിക്കുക, ബാക്കിയുള്ള ഇറാനികളെ ഗേറ്റിന് പുറത്താക്കുക. അവര്‍ക്ക് ജനാധിപത്യം വേണമെന്നോ അങ്ങനെയുള്ള വിഡ്ഢിസ്വപ്‌നങ്ങളൊന്നും ട്രംപിനില്ല. ഇത് 1991-ന് ശേഷമുള്ള ആദര്‍ശപരമായ വിദേശനയത്തില്‍ നിന്നുള്ള മാറ്റമാണ്, പക്ഷേ സാമ്രാജ്യത്വ ലക്ഷ്യങ്ങളില്‍ മാറ്റമില്ല. അവ ഏതാണ്ട് സമാനമാണ്.
പരിഭാഷ – മുഹമ്മദ് ഫാസിൽ







