മൂന്നാം ലോകരാജ്യങ്ങളുടെ വിഭവങ്ങൾ അന്നാട്ടുകാരുടെ തന്നെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന, ഭൂരിഭാഗം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരുകൾ നിലവിൽ വരുന്നത് സാമ്രാജ്യത്വത്തിന് ദോഷകരമാണ്. അത്തരം സർക്കാരുകൾ എവിടെ നിലവിൽ വന്നാലും അവയെ അട്ടിമറിക്കാൻ യു.എസ്. ശ്രമിക്കും. ഇറാനിൽ 1953-ലും ഗ്വാട്ടിമാലയിൽ 1954-ലും ചിലിയിൽ 1973-ൽ സംഭവിച്ചതും അതാണ്. അതാണിപ്പോൾ വെനസ്വേലയിലും സംഭവിച്ചിരിക്കുന്നത് – സുബിൻ ഡെന്നീസ് എഴുതുന്നു.
വെനസ്വേലയിൽ എന്തു സംഭവിച്ചാലും നമുക്കെന്താണ് ?

വെനെസ്വേലയിൽ എന്തു സംഭവിച്ചാലും നമുക്കെന്താണ്? ചിലരുടെ ചോദ്യമാണ്.
ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലുള്ള മനുഷ്യരോട് നമുക്ക് സ്നേഹവും സഹാനുഭൂതിയും ഒക്കെയാകാം, അവർക്കും നീതി ലഭിക്കണം എന്ന ചിന്ത നമ്മെ പ്രചോദിപ്പിക്കാം എന്നതൊക്കെ തൽക്കാലം മാറ്റിവയ്ക്കാം. ഇത്തരം ചിന്തകളൊന്നുമില്ലെങ്കിലും ശ്രദ്ധിക്കേണ്ട ഒരു വിഷയമുണ്ട് – സാമ്രാജ്യത്വം. ഇത് കേൾക്കുമ്പോൾ ചിലർ അതിനെ നിസ്സാരമായിക്കാണും. ചിലർ കരുതുന്നത് അങ്ങനെയൊന്ന് ഇല്ലെന്നാണ്. മറ്റു ചിലർ കരുതുന്നത് സാമ്രാജ്യത്വം എന്നത് ദൂരെയെങ്ങോ ഉള്ളതും രൂപമില്ലാത്തതുമായ എന്തോ ഒരു സാധനമാണ് എന്നാണ്. അങ്ങനെയൊന്ന് ഉണ്ടെങ്കിലും അത് നമ്മളെ ബാധിക്കുന്നില്ല എന്ന് അവർ കരുതുന്നു.
എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. യു.എസിൻ്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികൾ മൂന്നാം ലോകരാജ്യങ്ങൾക്കു നേരെ നടത്തുന്ന യുദ്ധങ്ങൾ എന്ന പരിമിതമായ അർത്ഥത്തിൽപ്പോലും സാമ്രാജ്യത്വം നിലനിൽക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. 2025-ൽ യു.എസ് മാത്രം ഏഴു രാജ്യങ്ങളിലെങ്കിലും ബോംബാക്രമണം നടത്തിയിട്ടുണ്ട്. കൂടുതൽ വിശാലമായ അർത്ഥത്തിൽ, സാമ്രാജ്യത്വം പ്രവർത്തിക്കുന്നത് പാശ്ചാത്യ സാമ്രാജ്യത്വ ചേരിയുടെ ആധിപത്യം നിലനിർത്താൻ വേണ്ടിയാണ്. അതിനായി അവർ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, മൂന്നാം ലോക രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതനിലവാരം താഴ്ത്തി നിർത്തുക എന്നതാണ്.

മൂന്നാം ലോകരാജ്യങ്ങളുടെ വിഭവങ്ങളും ഉത്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് പാശ്ചാത്യരാജ്യങ്ങളിൽ ലഭ്യമാക്കുക, മൂന്നാം ലോകരാജ്യങ്ങളുടെ വിപണികൾ പാശ്ചാത്യലോകത്തെ ഉത്പാദകർക്ക് ലഭ്യമാക്കുക എന്നത് അവരുടെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നതനുസരിച്ച് അവിടങ്ങളിലെ ഉത്പന്നങ്ങൾ ആ നാട്ടുകാർ തന്നെ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങും. അങ്ങനെ വരുമ്പോൾ കുറഞ്ഞ വിലയ്ക്ക് ആ ഉത്പന്നങ്ങൾ പാശ്ചാത്യലോകത്ത് ലഭ്യമാക്കാൻ ബുദ്ധിമുട്ടാകും. മൂന്നാം ലോക രാജ്യങ്ങളിൽ ഉത്പാദനം ശക്തിപ്പെട്ടാൽ ആ വിപണികൾ പിടിച്ചെടുക്കാൻ പാശ്ചാത്യരാജ്യങ്ങളിലെ ഉത്പാദകർക്ക് കൂടുതൽ ബുദ്ധിമുട്ടാവുകയും ചെയ്യും. അതുകൊണ്ട് മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം വേഗത്തിൽ ഉയരുന്നത് തടയണം. ആ രാജ്യങ്ങളിൽ വ്യാവസായിക ഉത്പാദനം ശക്തിപ്പെടുന്നത് മന്ദഗതിയിലാക്കണം. ഇതാണ് സാമ്രാജ്യത്വശക്തികളുടെ ഉന്നം.
അതുകൊണ്ടുതന്നെ, സാമ്രാജ്യത്വം ശക്തിപ്പെടുന്നത് നമ്മുടെ രാജ്യമുൾപ്പെടെയുള്ള വികസ്വരരാജ്യങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. ഉദാഹരണത്തിന്, നമ്മുടെ കർഷകർക്ക് സർക്കാർ താങ്ങുവില ഉറപ്പുവരുത്തരുത് എന്ന് യു.എസും യൂറോപ്യൻ രാജ്യങ്ങളും ശഠിക്കുന്നു. സാമ്രാജ്യത്വം ശക്തിപ്പെടുമ്പോൾ ഈ ശാഠ്യത്തെ ചെറുക്കാൻ നമുക്ക് ബുദ്ധിമുട്ടാകും. അതേസമയം, പാശ്ചാത്യ രാജ്യങ്ങൾ അവരുടെ കർഷകർക്ക് വലിയ സബ്സിഡി കൊടുത്ത് കുറഞ്ഞ വിലയ്ക്ക് ഇവിടെ സാധനങ്ങൾ വിൽക്കാൻ അവരെ പ്രാപ്തരാക്കുന്നു. അതുവഴി നമ്മുടെ കാർഷികരംഗം പ്രതിസന്ധിയിലാകുന്നു.

നമ്മുടെ ഉത്പന്നങ്ങൾക്ക് യു.എസ്. ഉയർന്ന ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്നത് മറ്റൊരു ഉദാഹരണം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ തോതിൽ വർദ്ധിപ്പിച്ച ഇറക്കുമതിച്ചുങ്കം കുറയ്ക്കില്ല എന്നാണ് യു.എസ്. പറയുന്നത്. സാമ്രാജ്യത്വം ശക്തിപ്പെടുമ്പോൾ ഇത്തരം ഭീഷണികളെ അതിജീവിക്കാനുള്ള ശേഷി നമുക്ക് കുറയും. അതുവഴി നമ്മുടെ വ്യവസായരംഗവും കാർഷികരംഗവും തിരിച്ചടി നേരിടും. നമുക്ക് ഏറ്റവും ലാഭകരമായ സ്രോതസ്സുകളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ പറ്റില്ല എന്നുവരുമ്പോൾ ഇവിടെ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂടും. അത് ജീവിതച്ചെലവ് വർദ്ധിപ്പിക്കും.
സാമ്രാജ്യത്വം ശക്തിപ്പെടുക എന്നത് നമ്മുടെ താത്പര്യങ്ങൾക്ക് വളരെ ദോഷകരമായ ഒന്നാണ് എന്നത് മേൽപ്പറഞ്ഞ ഉദാഹരണങ്ങളിൽ നിന്നു തന്നെ വ്യക്തം. നേരെമറിച്ച്, മൂന്നാം ലോകരാജ്യങ്ങളുടെ വിഭവങ്ങൾ അന്നാട്ടുകാരുടെ തന്നെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന, ഭൂരിഭാഗം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരുകൾ നിലവിൽ വരുന്നത് സാമ്രാജ്യത്വത്തിന് ദോഷകരമാണ് എന്നതും വ്യക്തമാണ്. അത്തരം സർക്കാരുകൾ എവിടെ നിലവിൽ വന്നാലും അവയെ അട്ടിമറിക്കാൻ യു.എസ്. ശ്രമിക്കും. ഇറാനിൽ 1953-ലും ഗ്വാട്ടിമാലയിൽ 1954-ലും ചിലിയിൽ 1973-ൽ സംഭവിച്ചതും അതാണ്. യു.എസിൻ്റെ ചൊൽപ്പടിക്ക് നിൽക്കാൻ വിസമ്മതിക്കുന്ന സർക്കാരുകളുള്ള രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും. അത്തരം രാജ്യങ്ങളുമായി വ്യാപാരം ചെയ്യുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തും. അങ്ങനെ പല രാജ്യങ്ങളും അത്തരം രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിന്ന് പിന്തിരിയും. അതോടെ അത്തരം രാജ്യങ്ങൾ, പ്രത്യേകിച്ച് അവ ചെറിയ രാജ്യങ്ങളാണെങ്കിൽ, സാമ്പത്തിക ക്ലേശത്തിലാകും. അതിൻ്റെ ഫലമായി ആ സർക്കാരുകൾക്ക് ജനപിന്തുണ കുറയുമെന്നും ജനങ്ങൾ തന്നെ ആ സർക്കാരുകളെ താഴെയിറക്കും എന്നും യു.എസ്. കണക്കുകൂട്ടുന്നു. ഇതും ജനവിരുദ്ധ ശക്തികളെ പണം കൊടുത്ത് വളർത്തുന്നത് ഉൾപ്പെടെയുള്ള തന്ത്രങ്ങളും പയറ്റിനോക്കിയിട്ടും മേൽപ്പറഞ്ഞ ലക്ഷ്യം നേടാൻ പറ്റാതെ വരുമ്പോൾ ഒടുവിൽ യു.എസ്. നേരിട്ടുള്ള ആക്രമണം നടത്തും. അതാണിപ്പോൾ വെനെസ്വേലയിൽ നടന്നത്.

ലോകത്ത് ഏറ്റവുമധികം പെട്രോളിയം എണ്ണശേഖരമുള്ള രാജ്യമായ വെനെസ്വേലയിൽ ബൊളിവാറിയൻ വിപ്ലവം അട്ടിമറിക്കപ്പെടുന്നത് യു.എസ്. സാമ്രാജ്യത്വത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അതുമൂലം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സ്വന്തം ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകും. അതുകൊണ്ട് വെനെസ്വേലയിൽ സംഭവിക്കുന്നത് നമ്മളെയും ബാധിക്കുന്ന വിഷയം തന്നെയാണ്.
വെനെസ്വേലയിൽ 1998-ലാണ് ഊഗോ ചാവേസ് അധികാരത്തിൽ വന്നത്. ചാവേസിൻ്റെ നേതൃത്വത്തിൽ 1999-ൽത്തന്നെ ഒരു ഭരണഘടനാ നിർമാണ സഭ (Constituent Assembly) വിളിച്ചുചേർത്ത് പുതിയൊരു ഭരണഘടന രൂപപ്പെടുത്തുകയും രാജ്യവ്യാപകമായി എല്ലാ വോട്ടർമാർക്കും പങ്കെടുക്കാവുന്ന ഒരു റെഫറണ്ടം നടത്തി പാസ്സാക്കുകയും ചെയ്തു. സൗജന്യ വിദ്യാഭ്യാസവും സൗജന്യമായ ആരോഗ്യരക്ഷയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ഉൾപ്പെടെയുള്ളവ അവകാശങ്ങളായി സ്ഥാപിക്കുന്ന വകുപ്പുകൾ അടങ്ങുന്നതായിരുന്നു ഈ ഭരണഘടന.

2013 മാർച്ച് അഞ്ചിന് അന്ത്യശ്വാസം വലിക്കുന്നതു വരെ പതിന്നാലു വർഷം പ്രസിഡൻ്റായിരുന്ന ചാവേസിൻ്റെ കാലത്ത് വെനെസ്വേല വലിയ മുന്നേറ്റം നടത്തി. ദാരിദ്ര്യവും സാമ്പത്തിക അസമത്വവും വലിയ തോതിൽ കുറച്ചുകൊണ്ടുവരാൻ ചാവേസിൻ്റെ നയങ്ങൾ വഴി സാധിച്ചു. പ്രീസ്കൂൾ മുതൽ ഡോക്ടറേറ്റ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. ആരോഗ്യരക്ഷ സൗജന്യവും സാർവ്വത്രികവുമാക്കി. എണ്ണസമ്പത്തിനു മേലുള്ള സാമൂഹ്യനിയന്ത്രണം ചാവേസിൻ്റെ ഭരണകാലത്ത് ശക്തിപ്പെടുത്തുകയും എണ്ണയിൽ നിന്നുള്ള വരുമാനം വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ രംഗങ്ങളിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തു.
മാത്രവുമല്ല, വെനെസ്വേല മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കൊപ്പം ചേർന്ന് യു.എസിൻ്റെ സർവാധിപത്യത്തിൽ നിന്നും മോചനം നേടാൻ വിവിധ പ്രാദേശിക സംഘടനകളുണ്ടാക്കി. വെനെസ്വേലയിൽ ചാവേസ് നേതൃത്വം നൽകിയ സാമൂഹ്യമാറ്റ പ്രക്രിയയെ അദ്ദേഹം ബൊളിവാറിയൻ വിപ്ലവം എന്നാണ് വിളിച്ചത്. ഇന്നത്തെ വെനെസ്വേല, കൊളൊംബിയ, എക്വദോർ, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളെ സ്പാനിഷ് കൊളോണിയൽ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കാനായി പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന പോരാട്ടത്തിനു നേതൃത്വം കൊടുത്ത സിമോൺ ബൊളീവാറിൽ നിന്നും ഉൾക്കൊള്ളുന്ന പ്രചോദനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വെനെസ്വേലയിൽ അതിസമ്പന്ന വിഭാഗങ്ങൾ രാഷ്ട്രീയ അധികാരം കയ്യാളിയിരുന്ന കാലം മാറി, വലിയ തോതിൽ അധികാരം സാധാരണ ജനങ്ങളിലേയ്ക്ക് എത്തിയ കാലമാണ് ബൊളിവാറിയൻ വിപ്ലവത്തിൻ്റെ കാലം.

അത്തരമൊരു വിപ്ലവം യു.എസിനെ ചൊടിപ്പിക്കുന്നത് സ്വാഭാവികം. ചാവേസിനെ അട്ടിമറിക്കാൻ തുടക്കം മുതൽ തന്നെ യു.എസ്. കരുക്കൾ നീക്കി. 2002-ൽ ഒരു പട്ടാള അട്ടിമറി ശ്രമം തന്നെ നടന്നു. സൈന്യത്തിൻ്റെ ഒരു വിഭാഗം ചാവേസിനെ അറസ്റ്റ് ചെയ്തു. എന്നാൽ വെനെസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സാധാരണക്കാർ വലിയ സംഖ്യയിൽ സംഘടിച്ച് പ്രസിഡൻ്റിൻ്റെ വസതി വളയുകയും ടെലിവിഷൻ സ്റ്റേഷനുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ അട്ടിമറിക്കാർ വിരണ്ടു. സൈന്യത്തിൽ ചാവേസിനോട് കൂറുള്ള വിഭാഗം അദ്ദേഹത്തെ തിരികെ എത്തിച്ചതോടെ അട്ടിമറിശ്രമത്തിൻ്റെ പരാജയം പൂർത്തിയായി. ചാവേസിൻ്റെ മരണശേഷം ചാവേസിൻ്റെ പാർട്ടിക്കാരൻ തന്നെയായ നിക്കൊളാസ് മദൂറോ പ്രസിഡൻ്റായി. കനത്ത ഉപരോധം ഏർപ്പെടുത്തി വെനെസ്വേലയുടെ സമ്പദ്വ്യവസ്ഥയെ ശ്വാസം മുട്ടിക്കുകയാണ് യു.എസ്. വർഷങ്ങളായി ചെയ്തുപോരുന്നത്. എന്തിന്, വെനെസ്വേലയിൽ നിന്നും മറ്റു രാജ്യങ്ങളിലേയ്ക്ക് എണ്ണ കൊണ്ടുപോകുന്ന ടാങ്കറുകൾ പോലും ബലമായി പിടിച്ചെടുക്കുകയാണ് യു.എസ്. ചെയ്തത്.
ബൊളിവാറിയൻ വിപ്ലവത്തെ അട്ടിമറിക്കാൻ ദീർഘകാലമായി യു.എസ്. നടത്തുന്ന ശ്രമത്തിൻ്റെ ഏറ്റവും പുതിയ ഘട്ടമാണ് മദൂറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. എന്നാൽ അതുകൊണ്ടുമാത്രം ബൊളിവാറിയൻ വിപ്ലവം അവസാനിച്ചിട്ടില്ല എന്ന സൂചനയാണ് അവിടെനിന്നും ലഭിക്കുന്നത്. വിപ്ലവത്തെ സംരക്ഷിക്കാൻ ജനങ്ങൾ സംഘടിതരായി തെരുവിലുണ്ട്.







