കാതൽ എന്നൊരു സിനിമ ഉണ്ടായതുകൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകില്ല. അതിനൊരുപാട് ഘടകങ്ങളുണ്ട്. കാതൽ വന്നതിൻ്റെ കാരണം പോലും ഒറ്റദിവസം കൊണ്ട് സമൂഹത്തെ ആകെ മാറ്റിമറിക്കാം എന്നതല്ല. ക്വിയർ ആക്ടിവിസ്റ്റുകൾ, അവരുടെ ഇടപെടലുകൾ, രാഷ്ട്രീയ ബോധം അങ്ങനെ ഒരുപാടു മനുഷ്യരുടെ പ്രയത്നത്തിന്റെ ഫലമായാണ് കാതൽ എന്ന സിനിമയുടെ കഥ ഉണ്ടായത്. സാമൂഹ്യ മാറ്റത്തിൻ്റെ ഭാഗമായുണ്ടായ സിനിമയാണ് കാതൽ – സ്വവർഗ ബന്ധങ്ങളെയും അതിൻ്റെ സങ്കീർണതകളെയും തുറന്നുകാണിച്ച കാതൽ രണ്ടുവർഷം പിന്നിടുമ്പോൾ സംവിധായകൻ ജിയോ ബേബിയുമായി ഡോ. അഖില ശശിധരൻ നടത്തുന്ന അഭിമുഖം.
സ്വവർഗാനുരാഗം ഒരു മുഖ്യധാരാ സിനിമയാക്കുമ്പോൾ അതിന് സാമൂഹിക ബോധമുള്ള ഒരാൾ വേണമായിരുന്നു

കാതലിൽ ഏറ്റവും സങ്കടം അനുഭവിക്കുന്ന, ആരുമില്ലാത്ത മനുഷ്യൻ തങ്കനാണ് — ജിയോ ബേബി
2023 നവംബർ 23 മലയാള സിനിമ ചരിത്രത്തിൽ ഒരു പുതിയ വഴിത്തിരിവായിരുന്നു. മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആദർശ് സുകുമാരൻ – പോൾസൺ സ്കറിയ എന്നിവരുടെ തിരക്കഥയിൽ ജിയോ ബേബി സംവിധാനം ചെയ്ത്, മമ്മൂട്ടി കമ്പനി നിർമിച്ച കാതൽ ദി കോർ പുറത്തിറങ്ങിയ ദിവസം. രണ്ട് വർഷങ്ങൾക്കിപ്പുറം, കാതലിനെ കുറിച്ച് വീണ്ടും സംസാരിക്കുന്നത് അതിന്റെ കലാപരമായ മൂല്യങ്ങൾ കൊണ്ട് മാത്രമല്ല. മലയാള സിനിമയ്ക്ക് പുതിയൊരു രാഷ്രീയമാനം നലകിയതു കൊണ്ടുകൂടിയാണ്. സ്വവർഗാനുരാഗം പോലൊരു വിഷയത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന്, അതിനെ അത്രയും മാനവികതയോടു കൂടിയും പക്വതയോടു കൂടിയും അവതരിപ്പിക്കാൻ കാതലിനു കഴിഞ്ഞു. ചിത്രം ‘ലൗഡ്’ അല്ലെങ്കിൽ കൂടിയും, ഒരു ഗേ കഥാപാത്രമായി മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് വലിയൊരു സാമൂഹിക ഇടപെടലാണ്. അത്തരത്തിൽ കാതൽ ദി കോർ രണ്ട് വർഷങ്ങൾക്കിപ്പുറവും ഒരു നിശബ്ദ വിപ്ലവമാണ്.
ഡോ. അഖില ശശിധരൻ : കാതൽ ദി കോർ (Kaathal the core) എന്ന സിനിമ ചെയ്യണമെന്നുറപ്പിച്ച ‘ആ നിമിഷം’ എന്തായിരുന്നു? സ്വവർഗാനുരാഗം എന്ന വിഷയം ഒരു മുഖ്യധാരാ സിനിമയാക്കാൻ ഉള്ള ധൈര്യം എങ്ങനെയാണുണ്ടായത്?
ജിയോ ബേബി : സിനിമ ചെയ്യുന്നതിൽ ധൈര്യത്തിന്റെ ഒരു പ്രശ്നം എനിക്ക് തോന്നിയിട്ടില്ല. സിനിമ ചെയ്യാൻ ഇഷ്ടപ്പെടുക എന്നുള്ളതാണ് പ്രധാനം. കഥകൾ കേൾക്കുന്നതിന്റെ ഭാഗമായി സ്വവർഗാനുരാഗം പ്രമേയമാകുന്ന പല കഥകൾ പല എഴുത്തുകാരിൽ നിന്നായി ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അതിലൊന്നും ഇല്ലാത്ത, എന്നെ കണക്ട് (connect) ചെയ്യുന്ന എന്തോ ഒന്ന് കാതലിന്റെ തിരക്കഥയിൽ ഉണ്ടായിരുന്നു. ആദർശും പോൾസണും എന്നെ സമീപിച്ചപ്പോൾ ഈ കഥ കൊള്ളാമല്ലോ എന്ന് എനിക്ക് തോന്നി. ഈ കഥ പറയുന്നതിന്റെ ഭാഗമായാണ് ആദർശിനെയും പോൾസണിനെയും ഞാൻ പരിചയപ്പെടുന്നത് പോലും. കഥ കേട്ടപ്പോൾ ഇതിലെ മനുഷ്യരുടെ വേദനയെക്കുറിച്ചും അവരുടെ നിസ്സഹായക അവസ്ഥയെക്കുറിച്ചുമൊക്കെ ചിത്രീകരിക്കണമെന്നും അത് ജനങ്ങളിലേക്ക് എത്തിക്കണമെന്നും അത് അവർക്ക് മനസിലാകുമെന്നും തോന്നി. എനിക്ക് ഈ സിനിമ വളരെ നന്നായി മനസിലാകും, അതുപോലെ ബാക്കിയുള്ളവർക്കും മനസിലാകും എന്നൊരു ബോധ്യം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് കാതൽ ചെയ്യുന്നത്.
എങ്ങനെയാണ് മാത്യു ദേവസ്സിയെ മമ്മൂട്ടിയിൽ കണ്ടെത്തിയത്? ആ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഭാരം താങ്കൾക്ക് എത്രത്തോളം ബോധ്യമുണ്ടായിരുന്നു?
മാത്യു ദേവസ്സിയായി ആദ്യം തന്നെ മനസ്സിൽ വന്നത് മമ്മൂക്കയുടെ മുഖമാണ്. അതിന് പല കാരണങ്ങളുണ്ട്. ഒന്ന്, ഒരു നടനെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ. രണ്ട്, ഇങ്ങനെയൊരു കഥാപാത്രം എല്ലാവരും ചെയ്യുന്ന ഒന്നല്ല. സാമൂഹ്യ ബോധ്യമുള്ള ഒരു മനുഷ്യനെ കൂടി ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. അത് രണ്ടും മമ്മൂക്കയിൽ കൃത്യമായുണ്ടായിരുന്നു. അദ്ദേഹം ഇത് ചെയ്യുമായിരിക്കും എന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ അടുത്തേയ്ക്കു ഈ സിനിമ എത്തിയപ്പോഴും അദ്ദേഹം ഏറ്റവും സന്തോഷത്തോടെ അത് സ്വീകരിച്ചു എന്ന് മാത്രമല്ല, സിനിമ നിർമിക്കാൻ കൂടി മുന്നോട്ട് വന്നത് വലിയ കാര്യമാണ്.

ജ്യോതികയും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ തീർച്ചയായും അവിടെ ഒരു ‘സ്റ്റാർ ഇമേജ്’ രൂപപ്പെടും. ഒരു സംവിധായകൻ എന്ന നിലയിൽ അത് നരേറ്റീവിനെ ഓവർഷാഡോ ചെയ്യാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ ആണ് സ്വീകരിച്ചത്?
നമ്മൾ കഥാപാത്രങ്ങളിലൂടെ കഥ പറയുകയാണല്ലോ ചെയ്യുന്നത്. മമ്മൂക്കയും ജ്യോതികയും ഇതിലേക്ക് വന്നത് കൊണ്ടാണ് കാതൽ ഇത്ര സ്വീകരിക്കപ്പെട്ടത്. ആൾക്കാരെ തിയറ്ററിലേക്കുകൊണ്ടു വരാൻ ഇവർ രണ്ട് പേരും വലിയ ഘടകങ്ങളായിരുന്നു. എല്ലാ സിനിമകൾക്കും മാർക്കറ്റിംഗ് എന്നൊരു തലമുണ്ട്. സിനിമ നിർമിച്ചാൽ മാത്രം പോരാ, അത് ജനങ്ങളിലേക്ക് എത്തിക്കണം, അവരതറിയണം. കാതലിനെ സംബന്ധിച്ച് അതെനിക്ക് നിർബന്ധമായിരുന്നു – ഇത് അറിയപ്പെടാതെ പോകരുത്, സിനിമ കുടുംബങ്ങൾ കാണണം, കുട്ടികൾ കാണണം. അതിലൊക്കെ ഒരു പരിധി വരെ വിജയിക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. തിയറ്ററിൽ സിനിമ സ്വീകരിക്കപ്പെട്ടു. ഈ ഘടകങ്ങൾ ആണ് അതിൽ നിർണായകമായത്. അല്ലാതെ സിനിമയുടെ ഒരുഘട്ടത്തിലും അവരുടെ പ്രശസ്തി (stardum) സിനിമയെ ബാധിക്കുമെന്ന് എനിക്ക് തോന്നിയിട്ടില്ല.

ചിത്രത്തിൽ താങ്കളുടെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന കഥാപാത്രം ആരാണ്, മാത്യുവോ ഓമനയോ അതോ തങ്കനോ? എന്തുകൊണ്ട്?
എല്ലാ കഥാപാത്രങ്ങളും നമ്മുടെ ഹൃദയത്തോട് ചേർന്ന് നിന്നാൽ മാത്രമേ സിനിമ നന്നാകുവെന്ന് കരുതുന്നൊരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ഒരു പ്രത്യേക കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചിട്ടില്ല. ഈ സിനിമയുടെ ഡിസ്കഷൻ സ്റ്റേജിൽ ഞാനും ആദർശും പോൾസണും പരമാവധി എല്ലാ കഥാപാത്രങ്ങൾക്കും അവരുടെ ബാക് സ്റ്റോറി ഉണ്ടാക്കാനും കൂടുതൽ ഡെപ്ത് നൽകാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങൾക്ക് പിന്നിലും ഒരുപാട് ആലോചനകൾ ഉണ്ടായിട്ടുണ്ട്, പണിയെടുത്തിട്ടുണ്ട്. സിനിമയിൽ ചെറുതായി വന്നു പോകുന്ന കഥാപാത്രം വരെ അത്രയും പ്രിയപ്പെട്ടതാണ്. ഒരുപക്ഷെ ഇതിനകത്ത് ഏറ്റവും സങ്കടം അനുഭവിക്കുന്ന മനുഷ്യൻ, ആരുമില്ലാത്ത മനുഷ്യൻ എന്നൊക്കെ ചോദിച്ചാൽ, അത് തങ്കനാണ്. ബാക്കി എല്ലാവർക്കും പലരുമുണ്ട്. മാത്യുവിനു ഓമനയുണ്ട്, ഓമനയ്ക്കു മാത്യു ഉണ്ട്. അവർക്ക് ഒരു അച്ഛനുണ്ട്, ഒരു മകളുണ്ട്. തങ്കന് ആരുമില്ല.

ചിത്രത്തിന്റെ നിർമിതിയിലോ രാഷ്ട്രീയത്തിലോ, രണ്ട് വർഷത്തിന് ശേഷം ‘ഞാൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ’ എന്ന് തോന്നുന്ന ഭാഗങ്ങളുണ്ടോ?
എല്ലാ സിനിമകളും കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ അത് കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തന്നെയാണ് തോന്നാറുള്ളത്. കാതലിനെ പറ്റിയും അതെ നിലപാടാണുള്ളത്. സിനിമ ഇനിയും നന്നാക്കാമായിരുന്നു, ചില ഭാഗങ്ങളൊക്കെ വേറെ രീതിയിൽ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്.
‘കാതൽ’ നൽകിയ ധൈര്യം, ചോദ്യങ്ങൾ, വിമർശനങ്ങൾ- ഇവയെല്ലാം ഈ രണ്ട് വർഷത്തിനിടയിൽ, ജിയോ ബേബി എന്ന വ്യക്തിയിൽ, അഭിനേതാവിൽ, സംവിധായകനിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമാണ്?
ഫിലിം മേക്കിങ്ങിനെ ഒരു ‘ധൈര്യമായിട്ട് ‘ ഞാൻ ഒരിക്കലും കാണുന്നില്ല. നമുക്ക് പറയാൻ ഉള്ളൊരു വിഷയം നമുക്ക് പറയാൻ തോന്നുന്നു, നമ്മൾ പറയുന്നു എന്നുള്ളതേയുള്ളു. അല്ലാതെ ധൈര്യവും ഫിലിം മെയ്‌ക്കിങ്ങും തമ്മിൽ യാതൊരു ബന്ധവും ഞാൻ കാണുന്നില്ല. കാരണം, ഒന്നുമില്ലെങ്കിലും സിനിമയ്‌ക്കൊരു ബജറ്റ് ഉണ്ട്, കുറെയധികം ആൾക്കാരുണ്ട്. ഒരുപാടു പേർ നമ്മളെ സഹായിക്കാൻ നിൽക്കുന്ന സിസ്റ്റത്തിന് അകത്തു നിന്ന് സിനിമ ചെയുമ്പോൾ എവിടെയാണ് ധൈര്യത്തിന്റെ വിഷയം വരുന്നത്? ഇല്ല. ഇവിടെ കംഫർട് സോണിൽ ഇരുന്ന് സിനിമ ചെയ്യുമ്പോൾ ധൈര്യവുമായി ഒരു ബന്ധവുമില്ല. ധൈര്യം ഒരു ഘടകമായി വരുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.

കാതലുണ്ടാക്കിയിട്ടുള്ള വിമർശനങ്ങളും ചോദ്യങ്ങളും എല്ലാം എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം വിമർശനങ്ങളിലൂടെ നമ്മുക്ക് നന്നാകാൻ പറ്റും, നമ്മുടെ സിനിമ ചർച്ച ചെയ്യപ്പെടും. അല്ലാതെ ഞാൻ എന്ന വ്യക്തിയെ മാറ്റുന്ന നിലയിലേക്ക് കാതൽ എന്ന സിനിമയെ കുറിച്ചുണ്ടായ വിമർശനങ്ങളോ അഭിപ്രായങ്ങളോ സ്വാധീനിച്ചിട്ടില്ല. എന്നാൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ ചെയ്തപ്പോഴുണ്ടായ പല കാര്യങ്ങളും, വായനകളും ഞാൻ എന്ന മനുഷ്യനിൽ കുറച്ചെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, കാഴ്ചപാടുകൾ മാറ്റിയിട്ടുണ്ട്.
എന്താണ് കാതലിന്റെ വിജയ ഫോർമുലയായി താങ്കൾ കാണുന്നത്?
കാതലിന് അങ്ങനെയൊരു ഫോർമുല ഇല്ല. മനുഷ്യന്റെ മനസ്സിനെ സ്പർശിക്കാൻ പറ്റുക, എന്നൊരു ഫോർമുല ഉണ്ടെങ്കിൽ അങ്ങനെ പറയുന്നതായിരിക്കും നല്ലത്. എന്റെ ഹൃദയത്തോട് എനിക്ക് ഏറ്റവും ചേർന്ന് നിൽക്കുന്ന തരത്തിൽ സിനിമയുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്കിഷ്ടമുള്ളൊരു സിനിമ ഞാൻ സൃഷ്ടിച്ചു. എപ്പോഴും ഞാനൊരു പ്രേക്ഷകന്റെ ഭാഗത്തു നിന്നാണ് സിനിമയെ കാണുന്നത്. അങ്ങനെ കാണുമ്പോൾ ഈ സിനിമ എനിക്ക് വളരെ കണക്ട് ആകുന്ന ഒന്നായിരുന്നു. അത് പ്രേക്ഷകർക്കും കണക്ടായി.

മലയാളി പ്രേക്ഷകർ ഇത്ര സൂക്ഷ്മമായൊരു ക്വിയർ പ്രമേയം സ്വീകരിക്കുമെന്ന് താങ്കൾ പ്രതീക്ഷിച്ചിരുന്നോ? കാതലിലൂടെ ഇത്തരം വിഷയങ്ങളിൽ മലയാളികളുടെ മനോഭാവത്തിൽ സ്വാധീനം ചെലുത്താനായി എന്ന് കരുതുന്നുണ്ടോ?
ഞാൻ ഈ സിനിമ സ്വീകരിക്കപ്പെടുമെന്ന് തന്നെ കരുതിയിരുന്നു. പ്രതേകിച്ചും മമ്മൂക്ക ഈ സിനിമയിലേക്ക് വന്ന നിമിഷം മുതൽ ജനങ്ങൾ തിയറ്ററിൽ വരും, വന്നാൽ ഈ സിനിമ അവരെ ബാധിക്കും, അവർ പറഞ്ഞറിഞ്ഞു വീണ്ടും ആൾക്കാർ സിനിമ കാണും എന്നൊക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. അത് യാഥാർഥ്യമായി.
കാതൽ എന്ന ഒരു സിനിമ ഉണ്ടായതുകൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകില്ല. അങ്ങനെ മാറ്റം ഉണ്ടാക്കിയെന്ന് ഞാൻ പറയുകയുമില്ല. അതിനൊരുപാട് ഘടകങ്ങളുണ്ട്. കാതൽ വന്നതിന്റെ കാരണം പോലും ഒറ്റദിവസം കൊണ്ട് സമൂഹത്തെ ആകെ മാറ്റിമറിക്കാം എന്നതല്ല. ആദർശിന്റെയും പോൾസണിന്റെയും മനസ്സിൽ അങ്ങനെയൊരു കഥ വന്നത് തന്നെ സാമൂഹികമായൊരു മുന്നേറ്റത്തിന്റെ ഭാഗമായാണ്. എന്തുകൊണ്ട് പത്തു വർഷം മുൻപ് കാതൽ പോലൊരു സിനിമ ഉണ്ടായില്ല. കാരണം ഈ ഒരു വിഷയത്തിൽ നമ്മുടെ അറിവും ആഴവും അത്ര ചെറുതായിരുന്നു. ക്വിയർ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ആക്ടിവിസ്റ്റുകൾ, അവരുടെ ഇടപെടലുകൾ, രാഷ്ട്രീയ ബോധം അങ്ങനെ ഒരുപാടു മനുഷ്യരുടെ പ്രയത്നത്തിന്റെ ഫലമായാണ് കാതൽ എന്ന സിനിമയുടെ തിരക്കഥ ഉണ്ടായത്. അതുകൊണ്ടു കാതൽ അല്ല മാറ്റം ഉണ്ടാക്കുന്നത്. അതൊരു സാമൂഹികമായ മാറ്റമാണ്. അതിന്റെ ഭാഗമായുണ്ടായ സിനിമ മാത്രമാണ് കാതൽ. ഇനിയും ഈ മേഖലയിൽ ഒരുപാട് പുരോഗമനാത്മകമായ സിനിമകൾ ഉണ്ടാവും. അത് സിനിമയിൽ മാത്രമല്ല, എല്ലാ കലകളിലും സാമൂഹിക ജീവിതങ്ങളിലുമെല്ലാം മാറ്റം ഉണ്ടാകും. സിനിമ അതിൽ ഒന്ന് മാത്രമായാണ് ഞാൻ കാണുന്നത്.

ചിത്രത്തിന്റെ ഭാഗമായി താങ്കളെ ഏറെ സ്പർശിച്ച പ്രതികരണം? ഏത് വിഭാഗത്തിൽ നിന്ന് ?
ഏറെ സ്പർശിച്ച പ്രതികരണങ്ങളിൽ പലതും, കാതലിലെ പോലെ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്ന മനുഷ്യരുടേതാണ്. അതിൽ ദാമ്പത്യ ജീവിതം അങ്ങനെ തന്നെ കൊണ്ട് പോകുന്നവരുണ്ട്, ബന്ധം വേർപിരിഞ്ഞവർ ഉണ്ട്, സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരുടെ പ്രതികരണങ്ങളെല്ലാം തന്നെ ഹൃദയസ്പർശിയായിരുന്നു. അതുപോലെ, ക്വിയർ മേഖലയിലെ ഒരുപാടു പേർക്ക് സിനിമ ഇഷ്ടപ്പെട്ടു. എന്നാൽ സിനിമയ്ക്കുള്ളിലെ കാതലായ ചില പ്രശ്നങ്ങളെയും അവരിൽ ചിലർ വിമർശിച്ചിട്ടുണ്ട്. അതിനെയും ഞാൻ വളരെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും അതിലെ ശരികളെ ഉൾക്കൊള്ളുകയും ചെയ്യുന്നു.
അവസാനമായി 2024 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടനെ പറ്റി – ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ കുറിച്ച്
‘Right decision’. മമ്മൂക്ക എന്ന നടനെ എത്ര മാത്രം ബഹുമാനിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്. അദ്ദേഹത്തിന് കഥാപാത്രത്തോടുള്ള ഒരുതരം അഭിനിവേശമുണ്ട്. ആദ്യമായി ഒരു സിനിമ ചെയുന്നത് പോലെയാണ്, അദ്ദേഹം ഓരോ സിനിമയുടെയും ഭാഗമാകുന്നത്. കാതലിലെ മാത്യുവും അങ്ങനെയാണ്.

താൻ ഇതുവരെ അങ്ങനെയൊരു കഥാപാത്രം ചെയ്തിട്ടില്ല, അതുകൊണ്ട് തനിക്കതു ചെയ്യണം. ചെയ്യാത്ത കഥാപാത്രങ്ങളോട് അദ്ദേഹത്തിനൊരു കൊതിയുണ്ട്, ഒരു തരം ആർത്തി. അതുകൊണ്ട് തന്നെ മികച്ച നടൻ വീണ്ടും മമ്മൂക്ക ആയതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്, പ്രതേകിച്ചു അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഒരു സഹപ്രവർത്തകൻ എന്ന നിലയിലും മലയാളി എന്ന നിലയിലും.







