വിദഗ്ധരറിയാതെ അതിദാരിദ്ര്യ സർവേ മുന്നേറിയതിങ്ങനെ

ഇടതുപക്ഷത്തിന് ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് ഉപരിപ്ലവമായ ഒരു പദ്ധതിയല്ല. മറിച്ച് വർഗ്ഗ സമരത്തിന് ഉൽപ്രേരണമാവുന്ന ജനകീയ ഇടപെടലാണത്. പിണറായി വിജയൻ സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അങ്ങനെയാണ് ഒരു യഥാർത്ഥ ബദൽ ആവുന്നത്. അരശതമാനം മാത്രം ദരിദ്രരുള്ള കേരളത്തിൽ ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിൻ്റെ നയം. ജനകീയ പങ്കാളിത്തത്തോടെ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും ഗ്രാമസഭകളിലെ ചര്‍ച്ചകളിലൂടെയും തയ്യാറാക്കപ്പെട്ട വിവിധ പട്ടികകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് അതിദരിദ്രരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ഇങ്ങനെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അവരുടെ നിലവിലുള്ള ജീവിതാവസ്ഥയില്‍ നിന്നും കരകയറ്റാന്‍ ഉപകരിക്കുന്ന സൂക്ഷ്മതല പദ്ധതിയായ മൈക്രോ പ്ലാനും നടപ്പിലാക്കി. സേഫ്റ്റി നെറ്റ് പോലുള്ള “One size fits all” സൊലൂഷനുകൾക്ക് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒന്നാണ് ദരിദ്രാവസ്ഥ എന്നു മനസ്സിലാക്കി ആ വഴിയിൽ നിന്ന് മാറി നടക്കാനുള്ള പൊളിറ്റിക്കൽ ക്ലാരിറ്റി കേരളം ഈ ഘട്ടത്തിലും കാണിച്ചു – ഡോ. ജിതിൻ ഗോപാലകൃഷ്ണൻ എഴുതുന്നു.

ദാരിദ്ര്യ നിർമ്മാർജന പദ്ധതികൾ നിരവധിയുണ്ട്. ലോകബാങ്ക് ഉൾപ്പടെ ആസൂത്രണം ചെയ്തു പോരുന്ന, ബ്യൂറോക്രസിയിലൂടെ മാത്രം ചലിക്കുന്ന, ‘സോഷ്യൽ സേഫ്റ്റി നെറ്റ്സ്‘ എന്നൊക്കെ ഓമനപ്പേരിട്ടു വിളിക്കുന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതികളാണ് ഏറെയും. മുതലാളിത്ത വ്യവസ്ഥ ആരെയെങ്കിലും ബോധപൂർവ്വം വികസനത്തിൽ നിന്നും exclude ചെയ്യുന്നതല്ലെന്നും സിസ്റ്റത്തിനകത്തെ ഏതാനും inclusive policyകൾ കൊണ്ട് എളുപ്പം അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കാം എന്നുമാണ് നവലിബറൽ ഭാഷ്യം. സാമൂഹിക അസമത്വത്തിനു (inequality) കാരണമാകുന്ന ചൂഷണത്തെ (exploitation) അഭിസംബോധന ചെയ്യാതെയുള്ള ഉപരിപ്ലവമായ inclusion ആണ് ഇവരുടെ പരിഹാര മാർഗ്ഗം. അതായത്, മർമ്മത്തിൽ തൊടാതെ നടത്തുന്ന ചില പൊടിക്കൈകൾ. നവലിബറൽ സാമ്പത്തിക ശാസ്ത്രം പറയുന്നത് സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവരെ ലക്ഷ്യമിട്ട് പ്രത്യേകം വികസന പദ്ധതികളോ പരിപാടികളോ വേണ്ടതില്ല എന്നാണ്. മുഖ്യധാരാ വികസനത്തിന്റെ ഫലം അടിത്തട്ടിലേക്ക് കിനിഞ്ഞിറങ്ങിക്കോളുമെന്നാണ് ഈ ‘ട്രിക്കിൾ ഡൌൺ’ തിയറിയുടെ വക്താക്കൾ പറയുന്നത്. അതോടൊപ്പം നവലിബറൽ inclusive policyകൾ കൂടി ചേരുന്നതോടെ എല്ലാം ശുഭമായിക്കോളും എന്നാണ് ഇവരുടെ വാദം.

എന്നാൽ മുതലാളിത്ത വികസനഫലങ്ങൾ ഇങ്ങനെ അരിച്ചിറങ്ങില്ല എന്നാണ് ഇടതുപക്ഷത്തിന്റെ ബോധ്യം. വളർച്ചാ നിരക്കിന്റെ പെരുക്കം അടിസ്ഥാന വർഗ്ഗത്തിന്റെ വിശപ്പടക്കില്ലെന്നു ചുരുക്കം. അതിനാൽ തന്നെ ഏറ്റവും അടിത്തട്ടിലേക്ക് വികസനമെത്തിക്കാൻ ബോധപൂർവമായ ഇടപെടലാണ് കേരളത്തിൽ ഇടതുപക്ഷം വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. ജനാധിപത്യ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും അതോടൊപ്പം കുടുംബശ്രീ പോലുള്ള ജനകീയ മുൻകൈയിലുള്ള ഇടപെടലുകളും ഇതിന്റെ ഭാഗമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നവംബർ ഒന്നിനു നടന്ന അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം.

ജനകീയാസൂത്രണവും ഇടതുപക്ഷവും കേരള വികസനത്തിലെ ജനകീയ മുൻകൈ

അധികാര വികേന്ദ്രീകരണത്തിൽ പരസ്പരവിരുദ്ധങ്ങളായ രണ്ടു വീക്ഷണഗതികളുണ്ട് (school of thoughts). ഒന്ന് 1980-കൾ മുതൽ ലോകബാങ്ക് പ്രോത്സാഹിപ്പിക്കുന്നതും നവലിബറൽ യുക്തിയിൽ പ്രവർത്തിക്കുന്നതുമായ സോഷ്യൽ കാപ്പിറ്റൽ (social capital) സിദ്ധാന്തത്തിലൂന്നിയ അരാഷ്ട്രീയ വീകേന്ദ്രീകരണം. സ്വകാര്യവൽക്കരണം (privatization), തുറന്ന വിപണി (free market), കാര്യക്ഷമത (efficiency) തുടങ്ങിയ സംജ്ഞകളിലൂടെയാണ് ഈ മോഡൽ വിശദീകരിക്കപ്പെടുന്നത്. രണ്ടാമത്തേത് സ്വകാര്യവൽക്കരണത്തെയും മറ്റ് നവലിബറൽ നയങ്ങളെയും ചെറുക്കുന്ന, സോഷ്യൽ കാപ്പിറ്റൽ സിദ്ധാന്തത്തെ പാടേ തള്ളിക്കളയുന്ന, സ്റ്റേറ്റിന് ഇടപെടൽ ശേഷിയുള്ള, ജനകീയ മുൻകൈയെ (public action) അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ വികേന്ദ്രീകരണ പദ്ധതി. ബദൽ വികസന സങ്കല്പത്തിലൂന്നിയ ഈ അധികാര വികേന്ദ്രീകരണമാണ് ജനകീയാസൂത്രണത്തിലൂടെ കേരളത്തിൽ ഇടതുപക്ഷം നടപ്പിലാക്കിയത്.

കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നു

ലോകബാങ്ക് വികേന്ദ്രീകരണ ആസൂത്രണത്തിലേക്ക് തിരിയുന്നതിനും പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇഎംഎസ് മുഖ്യധാരാ വികസന സങ്കല്പങ്ങൾക്കുള്ള ബദലായി അധികാര വികേന്ദ്രീകരണത്തെ കണ്ടിരുന്നു. 1958 ൽ ഇഎംഎസ് അധ്യക്ഷനായ ഒന്നാം കേരള ഭരണ പരിഷ്കാര കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടി. പഞ്ചായത്ത്/മുനിസിപ്പാലിറ്റി, ജില്ലാ കൗണ്‍സിൽ എന്ന രണ്ടു തട്ടിലുള്ള സംവിധാനമാണ് ഒന്നാം ഭരണ പരിഷ്കാര കമ്മീഷൻ നിർദ്ദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ചുമതലകളിൽ പലതും ജില്ലാ കൗൺസിലിനു കൈമാറുന്നതുൾപ്പെടെ വിപ്ലവകരമായ പല നിർദ്ദേശങ്ങളും കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. 1958-ല്‍ തന്നെ ജില്ലാ കൗണ്‍സില്‍ സംബന്ധിച്ച ബില്ല് കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അതിനിടെ ഇഎംഎസ് സർക്കാരിനെ കേന്ദ്രം പിരിച്ചു വിടുകയായിരുന്നു.

പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകൾ ഈ ബദൽ നയങ്ങൾ കൂടുതൽ ശക്തമായ രീതിയിൽ തുടർന്നു. 1967-ലെ ഇഎംഎസ് സർക്കാർ ഒന്നാം ഭരണപരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ കേരള പഞ്ചായത്തി രാജ് ബില്ല് അവതരിപ്പിച്ചെങ്കിലും ആ സർക്കാരിന് കാലാവധി പൂർത്തിയാക്കാൻ കഴിയാഞ്ഞതിനാൽ അത് നിയമമായില്ല. 1978 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച അശോക് മെഹ്ത്ത കമ്മിറ്റിക്ക് ഇഎംഎസ് എഴുതിയ വിയോജനക്കുറിപ്പാണ് കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ അടിത്തറ പാകിയത്. പിന്നീട് 1987-ലെ നായനാർ സർക്കാർ ജില്ലാ കൗൺസിലുകൾ രൂപീകരിച്ചുകൊണ്ട് പ്രാദേശിക വികസനാസൂത്രണത്തിന് പുതിയ ദിശാബോധം നൽകി. ജനകീയ മുന്നേറ്റമായി മാറിയ സാക്ഷരത പ്രസ്ഥാനവും 87-91ലെ നായനാർ സർക്കാരിൻ്റെ കാലത്താണ് നടപ്പിലായത്.

ഇ.കെ നയനാർ

1996ലെ നായനാർ സർക്കാർ ജനകീയാസൂത്രണത്തിലൂടെ പ്രാദേശിക സർക്കാരുകൾക്ക് അധികാരവും സമ്പത്തും ജീവനക്കാരെയും കൈമാറി. സംസ്ഥാന ബജറ്റിന്റെ 40%ത്തോളം തുക പ്രാദേശിക ഭരണകൂടങ്ങളെ ഏൽപ്പിക്കുന്ന വിപ്ലവകരമായ തീരുമാനമാണ് കേരളത്തിന്റെ വികസനാസൂത്രണ പ്രക്രിയയെ ലോക ശ്രദ്ധയിൽ എത്തിച്ചത്. ഇടപെടൽ ശേഷിയുള്ള പ്രാദേശിക സർക്കാരുകൾ ജനകീയ മുൻകൈയിൽ നടപ്പിലാക്കിയ ജനാധിപത്യ അധികാരവികേന്ദ്രീകരണ പ്രക്രിയ അധികാരം ജനങ്ങളിലേക്കെത്തിച്ചു. സമ്പത്തിന്റെ താഴേക്കിടയിലുള്ള വിന്യാസവും ജനകീയാസൂത്രണം ഉറപ്പുവരുത്തി.

സ്റ്റേറ്റ് പിൻവാങ്ങൽ സ്വഭാവം കാഴ്ചവെക്കുന്ന (retreat of the state) നവലിബറൽ വികേന്ദ്രീകരണത്തിനു നേർവിപരീതമായി പ്രാദേശിക ഭരണ സംവിധാനങ്ങളുൾപ്പെടുന്ന സ്റ്റേറ്റിനെ ശക്തിപ്പെടുത്തി സാമൂഹിക മേഖലയിലെ വിനിയോഗം (spending) ത്വരിതപ്പെടുത്തുകയെന്ന ബദലാണ് അധികാര വികേന്ദ്രീകരണത്തിന്റെ മാർക്സിസ്റ്റ്‌ സ്കൂൾ ഓഫ് തോട്ടിൽ നിന്നുമുരുത്തിരിഞ്ഞ കേരളത്തിലെ ജനകീയാസൂത്രണ പ്രസ്‌ഥാനം പ്രാവർത്തികമാക്കിയത്. കുടുംബശ്രീ പ്രസ്ഥാനം ഈ വികസന മാതൃകയുടെ പതാകാവാഹകരായി. ജനകീയാസൂത്രണ പ്രസ്‌ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി (CDS) കളാണ് കുടുംബശ്രീയായി മാറിയത്. ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന കേവല ലക്ഷ്യത്തിലാരംഭിച്ച കുടുംബശ്രീ ഇന്ന് സംഘടിത സ്ത്രീ മുന്നേറ്റത്തിന്റെ മാതൃകയായി വളർന്നു പന്തലിച്ചിരിക്കുന്നു.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലെ ജനകീയ മുൻകൈ

ഇടതുപക്ഷത്തിന് ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് ഉപരിപ്ലവമായ ഇൻക്ലൂസീവ് പോളിസി കാട്ടിക്കൂട്ടലല്ല. മറിച്ച് വർഗ്ഗ സമരത്തിന് ഉൽപ്രേരണമാവുന്ന ജനകീയ ഇടപെടലിന്റെ കയ്യൊപ്പാണത്. പിണറായി വിജയൻ സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അങ്ങനെയാണ് ഒരു യഥാർത്ഥ ബദൽ ആവുന്നത്? ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജനസംഖ്യയുടെ അരശതമാനം മാത്രമാണ് ദരിദ്രർ. എന്നാൽ ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഇടതുപക്ഷ സര്‍ക്കാരിൻ്റെ നയം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ എടുത്ത ആദ്യ തീരുമാനവും അതുതന്നെയായിരുന്നു.

നായനാർ സർക്കാർ നടപ്പാക്കിയ അധികാര വികേന്ദ്രീകരണ- ജനകീയാസൂത്ര പ്രസ്ഥാനങ്ങളും അതിന്റെ ഭാഗമായി ശാക്തീകരിക്കപ്പെട്ട പ്രാദേശിക സർക്കാരുകളും ഒപ്പം കുടുംബശ്രീ പ്രസ്ഥാനവുമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ നട്ടെല്ലായി വർത്തിച്ചത്. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള വിപുലമായ സർവ്വേ കുടുംബശ്രീയുടെ മുൻകൈയ്യിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുമാണ് നടത്തിയത്. അതായത് സാക്ഷരതാ ജനകീയാസൂത്രണപ്രസ്ഥാനങ്ങളും ജനാധിപത്യ അധികാര വികേന്ദ്രീകരണവും നൽകിയ പബ്ലിക് ആക്ഷന്റെ ജനകീതയാണ് ഇവിടെ അതിദരിദ്രരെ കണ്ടെത്താൻ സഹായകമായത്.

ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചത്. പൈലറ്റ് സര്‍വ്വേ നടത്തിയശേഷം സംസ്ഥാന അടിസ്ഥാനത്തിലേക്ക് സർവ്വേ വ്യാപിപ്പിച്ചു. 2021 ജൂലൈ മുതല്‍ 2022 ഫെബ്രുവരി വരെ നീണ്ടു നിന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് അതി ബൃഹത്തായ സർവ്വേ പൂര്‍ത്തിയാക്കിയത്. കിലയുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ഏകദേശം നാല് ലക്ഷം പേര്‍ക്കാണ് പരിശീലനം നല്‍കിയത്. പതിമൂന്നു ലക്ഷത്തോളം പേർ സർവ്വേയിൽ ഭാഗഭാക്കായി.

ജനകീയ പങ്കാളിത്തത്തോടെ കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും ഗ്രാമസഭകളിലെ ചര്‍ച്ചകളിലൂടെയും തയ്യാറാക്കപ്പെട്ട വിവിധ പട്ടികകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് അതിദരിദ്രരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. സംസ്ഥാനത്താകെ 57,947 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളാണ് നടന്നത്. ഓരോ ഫോക്കസ് ഗ്രൂപ്പിലും ചുരുങ്ങിയത് 15 പേർ പങ്കെടുത്തു. അന്തിമ പട്ടികയിൽ ഉൾപ്പെട്ട 64,006 കുടുംബങ്ങളെ അതി ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവര്‍ക്ക് നിത്യവരുമാനം ഉറപ്പാക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ്. ഒപ്പം സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് ഓരോ കുടുംബത്തിനും എത്തിച്ചേരാനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുക കൂടിയായിരുന്നു സര്‍ക്കാരിൻ്റെ ലക്ഷ്യം.

അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അവരുടെ നിലവിലുള്ള ജീവിതാവസ്ഥയില്‍ നിന്നും കരകയറ്റാന്‍ ഉപകരിക്കുന്ന സൂക്ഷ്മതല പദ്ധതിയായ മൈക്രോ പ്ലാന്‍ നടപ്പിലാക്കുകയാണ് സർക്കാർ പിന്നീട് ചെയ്തത്. സേഫ്റ്റി നെറ്റ് പോലുള്ള “One size fits all” സൊലൂഷനുകൾക്ക് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒന്നാണ് ദരിദ്രാവസ്ഥ എന്നു മനസ്സിലാക്കി ആ വഴിയിൽ നിന്ന് മാറി നടക്കാനുള്ള പൊളിറ്റിക്കൽ ക്ലാരിറ്റി കേരളം ഈ ഘട്ടത്തിലും കാണിച്ചു. തങ്ങളുടെ അതിദാരിദ്ര്യാവസ്ഥ മറികടക്കുന്നതു സംബന്ധിച്ച് ഓരോ കുടുംബത്തിന്‍റെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് മൈക്രോ പ്ലാനുകള്‍ രൂപപ്പെടുത്തിയത്. അതായത് ഓരോ കുടുംബത്തിനും ഓരോന്ന് എന്ന രീതിയിൽ ആകെ 64006 മൈക്രോ പ്ലാനുകൾ തയ്യാറാക്കി. അങ്ങനെ 2021-ൽ തുടങ്ങിയ അതി വിപുലമായ ഈ ജനകീയ ഇടപെടൽ വഴി വിവിധ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ നാലു വർഷം കൊണ്ട് മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞിരിക്കുകയാണ്.

സാധാരണയുള്ള ദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞങ്ങൾ അടിമുടി ബ്യൂറോക്രാറ്റിക്കാണെങ്കിൽ കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ നട്ടെല്ല് ഉദ്യോഗസ്ഥവൃന്ദമായിരുന്നില്ല. മറിച്ച് ജനങ്ങളുടെ വമ്പിച്ച പങ്കാളിത്തമായിരുന്നു അതിന്റെ പ്രവേഗം വർദ്ധിപ്പിച്ചത്. മുകളിൽ നിന്നും താഴേക്കുള്ള (top to bottom) സമീപനത്തിനു പകരം താഴെ നിന്നും മുകളിലേക്ക് (bottom-up) കെട്ടിപ്പടുക്കുന്ന നിലയിലായിരുന്നു അതിദാരിദ്ര്യസർവ്വേ മുന്നേറിയത്. ആ ജനകീയ പങ്കാളിത്തത്തിന്റെ റിഗറാണ് സർവ്വേയും പിന്നീടുള്ള മൈ ക്രോ പ്ലാനുകളും ഏറ്റവും ഒടുവിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാകെയും വിജയിക്കാൻ കാരണമായതും.

ഡോ. ജിതിൻ ഗോപാലകൃഷ്ണൻ

ഡോ. ജിതിൻ ഗോപാലകൃഷ്ണൻ

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് എക്കണോമിക് ചേഞ്ച്‌ (ISEC) ബാംഗ്ലൂരിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ പിഎച്ഡി ബിരുദം

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *