ടിപി രാജീവൻ, കവിതയുടെ നീലക്കൊടുവേലി കൈവശമുണ്ടായിരുന്ന കവി

ടിപി രാജീവൻ്റെ കവിതകളിൽ സങ്കീര്‍ണ്ണതകളെല്ലാം മാറിനിൽക്കുന്നു. കവിതയിലും നോവലിലും ലേഖനങ്ങളിലും കോളങ്ങളിലും സഞ്ചാര സാഹിത്യത്തിലും വിവര്‍ത്തനത്തിലുമെല്ലാം രാജീവന്‍ പിന്തുടര്‍ന്ന വഴി. വായനക്കാരനെ ക്ലേശിപ്പിക്കുന്ന എഴുത്തുകാരനല്ല രാജീവന്‍. കൂടുതല്‍ സുതാര്യതയിലേക്ക് ഒരാളെ നയിക്കാന്‍ പ്രാപ്തിയുള്ള സര്‍ഗ ഭാവനയുടെ ഉടമയായിരുന്നു. അടിത്തട്ട് വരെ തെളിഞ്ഞു കാണുന്ന ‘ലഗൂണ്‍’ പാതകളെയാണ് ഈ എഴുത്തുകാരന്‍ തുടക്കം മുതലേ ആവിഷ്‌ക്കരിച്ചു പോന്നിട്ടുള്ളത് – വി. മുസഫർ അഹമ്മദ് എഴുതുന്നു.

ടി.പി.രാജീവന്‍ ഇപ്പോള്‍ നമുക്കൊപ്പമില്ല. അദ്ദേഹം ഈ ഭൂമി വിട്ടു പോയിട്ട് മൂന്നുവര്‍ഷമായിരിക്കുന്നു. രാജീവന്റെ അവസാന കവിതാ സമാഹാരമാണ് ‘നീലക്കൊടുവേലി’ (പ്രസാധനം: ഡി.സി ബുക്സ്. രാജീവന്റെ മരണാനന്തരമാണ് ഈ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടത്). ഭൂതത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും ഒരേ പോലെ സഞ്ചരിക്കുന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിക്കുമ്പോള്‍ ഭൂമി വിട്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നോ കവിയെന്ന് ഏതൊരു വായനക്കാരനും ഇന്ന് തീര്‍ച്ചയായും സംശയിക്കും. ഒപ്പം തൻ്റെ കവിതകള്‍ കൊണ്ട്, സര്‍ഗാത്മകത കൊണ്ട് രോഗങ്ങളുമായി പൊരുതി അതിജീവിക്കാനുള്ള ശ്രമവും ഈ കവി അവസാന നാളുകളില്‍ നടത്തിയതിനുള്ള തെളിവുകളും കണ്ടെത്തും. ഈ രണ്ട് ഭാവങ്ങളും ഒരേ പോലെ സമന്വയിച്ച കവിതകളാണ് ഈ താളുകളിലുള്ളത്.

ടിപി രാജീവൻ

‘ഞാന്‍ മരിച്ചിട്ടില്ല’

കരിയിലകള്‍ക്കിടയില്‍ നിന്ന്
ഒരു കൊച്ചുകിളിയുടെ നിഴല്‍
ചാടിച്ചാടി വന്നു.
തൊടിയിലെ ഉണങ്ങിയ മരങ്ങള്‍ തളിര്‍ത്തു
തോടുകള്‍, കുളങ്ങള്‍ നിറഞ്ഞു വന്നു

(ഒരു തെറ്റിൻ്റെ കവിത)

ഈ ജീവിത പ്രതീക്ഷ എക്കാലത്തും വെച്ചു പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു രാജീവന്‍. അവസാന നാളുകളിലും അതദ്ദേഹം അത് കൈവിട്ടില്ല. ‘ആരാധകന്‍’ എന്ന കവിത ഇങ്ങിനെ തുടങ്ങുന്നു.

ഇന്നലെ അയാള്‍
എന്നെ കാണാന്‍ വന്നു.
പകലായിരുന്നോ രാത്രിയായിരുന്നോ
ആരെങ്കിലും കൂടെയുണ്ടായിരുന്നോ
എന്നൊന്നും അറിയില്ല
ഇന്നലെ അയാള്‍ വന്നിരുന്നു
എന്നു മാത്രം അറിയാം.
അയാള്‍ ആരാണെന്നുള്ള എൻ്റെ
ജിജ്ഞാസ
ഇപ്പോഴേ നഷ്ടപ്പെടുത്തേണ്ടെന്നും
നേരിട്ടു കാണുമ്പോള്‍
എനിക്കൊരു ‘അദ്ഭുതമാകട്ടെ’യെന്നും
കരുതിയാവണം
ഒരടയാളവും അവശേഷിപ്പിക്കാതെ
അയാള്‍ തിരിച്ചു പോയത്:

ഒരു മനുഷ്യൻ്റെ ഭൗതികതയെ മരണം ഇല്ലാതാക്കുന്നു. എന്നാല്‍ അടയാളങ്ങള്‍ തീര്‍ച്ചയായും അവശേഷിക്കുന്നു. പക്ഷെ ഇടക്കിടെയുള്ള സന്ദര്‍ശനങ്ങളില്‍ മരണം അടയാളങ്ങളൊന്നും അവശേഷിക്കാതെ വഴുതുകയും ഒരു ദിവസം കൃത്യമായി വരികയും ചെയ്യുന്നു. മരണത്തിൻ്റെ സ്വഭാവമതാണല്ലോ. മനുഷ്യ ജീവിതത്തിൻ്റെ യഥാര്‍ഥ ആരാധകന്‍, എന്നേക്കുമായി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നയാള്‍ മരണമല്ലാതെ മറ്റാരുമല്ലെന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ വരികള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

‘നീലക്കൊടുവേലി’ എന്ന ശീര്‍ഷക കവിതയുടെ തുടക്കം ഇങ്ങിനെ:

എൻ്റെ മുത്തശ്ശൻ്റെ മുത്തശ്ശൻ്റെ മുത്തശ്ശൻ്റെ
അങ്ങിനെയൊരുപാടു മുത്തശ്ശന്‍മാര്‍ക്കപ്പുറമുള്ള
മുത്തശ്ശനെപ്പറ്റിയോര്‍ക്കുമ്പോള്‍ എൻ്റെ കണ്ണുനിറയും

കവിത ഇങ്ങിനെ അവസാനിക്കുന്നു:

എൻ്റെ പേരക്കുട്ടിയുടെ
പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ
എത്രാമെത്തേതെന്നറിയാത്ത
പേരക്കുട്ടിയെപ്പറ്റി ഓര്‍ക്കുമ്പോഴും
എൻ്റെ കണ്ണു നിറയും:
ജീവിച്ച വര്‍ഷങ്ങള്‍
വളയങ്ങളായ്
ഉടലിലണിഞ്ഞ്
മുറ്റത്തു നില്‍ക്കുന്ന
ഈന്തുമരത്തിൻ്റെ നെറുകയില്‍
ഒളിച്ചു പാര്‍ക്കുന്ന
ചെമ്പോത്തു യുവാവും യുവതിയും
കൂട്ടില്‍ രഹസ്യമായ് സൂക്ഷിക്കുന്ന
നീലക്കൊടുവേലി
ആ പേരക്കുട്ടിക്ക് കാണാന്‍
കഴിയില്ലല്ലോ എന്നോര്‍ത്ത്

നീലക്കൊടുവേലി ദിവ്യ ഔഷധമാണെന്നും അമരത്വം നല്‍കുമെന്നുമുള്ള നാടോടിക്കഥകളിലെ വിശ്വാസത്തെ ഉപജീവിച്ച് എഴുതപ്പെട്ട ഈ കവിത തനിക്ക് കാണാന്‍ കഴിയാതെപോയ പല തലമുറകള്‍ പിന്‍പുള്ള മുത്തച്ഛന്‍മാരുടെ പരമ്പരയിലേക്കും തനിക്കൊരിക്കലും കാണാന്‍ കഴിയാത്ത പേരക്കുട്ടികളുടെ പരമ്പരയിലേക്കും ഒരേ പോലെ നീങ്ങുന്നു. ജീവിതത്തിൻ്റെ രണ്ടറ്റങ്ങളെ അതിൻ്റെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന ഈ കവിത വായനക്കാരന് പക്ഷെ സുതാര്യമായ അനുഭവം പകരുന്നു. അവിടെ സങ്കീര്‍ണ്ണതകളെല്ലാം മാറി നില്‍ക്കുന്നു. ഇതു തന്നെയാണ് കവിതയിലും നോവലിലും ലേഖനങ്ങളിലും കോളങ്ങളിലും സഞ്ചാര സാഹിത്യത്തിലും വിവര്‍ത്തനത്തിലുമെല്ലാം രാജീവന്‍ പിന്തുടര്‍ന്ന വഴി. വായനക്കാരനെ ക്ലേശിപ്പിക്കുന്ന എഴുത്തുകാരനല്ല രാജീവന്‍. കൂടുതല്‍ സുതാര്യതയിലേക്ക് ഒരാളെ നയിക്കാന്‍ പ്രാപ്തിയുള്ള സര്‍ഗ ഭാവനയുടെ ഉടമയായിരുന്നു. അടിത്തട്ട് വരെ തെളിഞ്ഞു കാണുന്ന ‘ലഗൂണ്‍’ പാതകളെയാണ് ഈ എഴുത്തുകാരന്‍ തുടക്കം മുതലേ ആവിഷ്‌ക്കരിച്ചു പോന്നിട്ടുള്ളത്.

നീലക്കൊടുവേലിയെക്കുറിച്ച് പുസ്തകത്തിൻ്റെ അവതാരികയില്‍ പി. രാമന്‍ എഴുതുന്നു:
വീറിൻ്റെയും വിമതത്വത്തിൻ്റെയും ഒളിപ്പോരിൻ്റെയും മുന്‍കാല കളങ്ങളിലേക്കല്ല, വിഷാദച്ഛവി പുരണ്ട ജീവിതകാമനയുടെ കളങ്ങളിലേക്കാണ് ഈ പുതിയ കവിതകളില്‍ എല്ലാമെല്ലാം സാന്നിദ്ധ്യപ്പെടുന്നത്. ഒരേ സമയം പൗരാണികതയോടെയും നവീനതയോടെയും വെളിപ്പെടുന്ന ആ കാമനയും കൂടെക്കലര്‍ന്ന വിഷാദവും ഏറ്റവും സുന്ദരമായി ആവിഷ്‌ക്കരിക്കപ്പെട്ട കവിതയാണ് നീലക്കൊടുവേലി. നിറയുന്ന കണ്ണോടെയുള്ള ഒരു മുന്‍ നോട്ടവും പിന്‍ നോട്ടവുമാണാ കവിത.

പി. രാമൻ

നിറകണ്ണുകൊണ്ട് ഭൂതഭാവികളെ കൂട്ടിയിണക്കുന്ന കവിത. ഈ നിറകണ്‍ നോട്ടങ്ങള്‍ രാജീവ കവിതക്ക് പുതിയ അഴക് സമ്മാനിച്ചിരിക്കുന്നു. ജീവിതകാമനയുടെ പരമോന്നതിയാണ് നീലക്കൊടുവേലി, കേരളീയമായ ചിഹ്നം. പാതിരക്ക് നൂല്‍ബന്ധമില്ലാതെ ഇറങ്ങിച്ചെന്നാല്‍ മാത്രമേ അത് കൈവശമാക്കാന്‍ കഴിയൂ എന്നൊരു സങ്കല്പം കേട്ടിട്ടുണ്ട് (പുലാക്കാട്ടു രവീന്ദ്രന്‍ നീലക്കൊടുവേലി എന്ന കവിതയില്‍ ആ സങ്കല്പം ഉപയോഗപ്പെടുത്തിയിട്ടുണ്ട്).

ഇരുമ്പിനെ പൊന്നാക്കാന്‍ പോന്ന ജീവിതകാമനയുടെ നീലക്കൊടുവേലി ഒരിക്കലും കരഗതമാവില്ലെങ്കില്‍ പോലും, കവിതയുടെ നീലക്കൊടുവേലി കൈവശമാക്കാന്‍ പോന്ന വാക്കിൻ്റെ നഗ്നതയാല്‍ രാജീവൻ്റെ ഈ പുതിയ കവിതകള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു:

പുസ്‌കത്തില്‍ ഷിബു ഷണ്‍മുഖം എഴുതിയ പഠനത്തില്‍ രാജീവൻ്റെ കവിതകളെക്കുറിച്ചുള്ള നിരീക്ഷണം ഇങ്ങിനെയാണ്: ഈ കവിതകള്‍ ക്ഷിപ്രകാലത്തിൻ്റെ മുയലല്ല, ദീര്‍ഘകാലത്തിൻ്റെ ആമകള്‍ ആണ്: രാജീവൻ്റെ ഒരു കവിതാ സമാഹാരത്തിൻ്റെ തലക്കെട്ട് ദീര്‍ഘകാലം എന്നാണെന്നും ഇവിടെ ഓര്‍ക്കാം.

നിങ്ങളുടെ കൂടെ വരുന്ന ഓര്‍മ്മ
നിങ്ങളുടേതു മാത്രമാണെന്ന് കരുതണ്ട
അതു പോലെ ഒരു ഓര്‍മ്മ
നിങ്ങള്‍ക്കു മാത്രമേയുള്ളൂവെന്നും.
ഓരോ വളവ് തിരിയുമ്പോഴും
നിങ്ങളുടെ ഓര്‍മ്മക്ക്
അവകാശികള്‍ കൂടി വരും,
അത് പലരുടേയും ഓര്‍മ്മയാകും,
നിങ്ങളൊഴികെ.
(അനാഥം)

മനുഷ്യ ചരിത്രത്തിൻ്റെ തന്നെ വളവുകളും തിരിവുകളും ഈ വരികള്‍ നമുക്കു മുന്നില്‍ എളുപ്പത്തില്‍ സുതാര്യമാക്കുന്നു. ആ കവിത ഇങ്ങിനെ അവസാനിക്കുന്നു:

ഒടുവില്‍
തിരിച്ചു വീടെത്തുമ്പോള്‍
നിങ്ങളുടെ അതേ ഓര്‍മ്മയുമായി
ഒരാള്‍ക്കൂട്ടം
അവിടെ കാത്തു നില്‍ക്കുന്നുണ്ടാവും,
നിങ്ങളെ ചൂണ്ടി
അത് കൈമലര്‍ത്തും:
ഇയാളെ ഞങ്ങള്‍ക്കറിയില്ല!

ഇത്തരത്തില്‍ മനുഷ്യാനുഭവങ്ങളെ അഭിമുഖം നിര്‍ത്തി ചരിത്രത്തിൻ്റെ ചില ഏടുകള്‍ തന്നെ തുറക്കുന്നു കവി.
പി. രാമന്‍ അവതാരികയില്‍ ഇങ്ങിനെക്കൂടി എഴുതുന്നു:
ബൗദ്ധികവ്യായാമങ്ങള്‍ കൊണ്ടു ജടിലമായിക്കഴിഞ്ഞിരുന്ന മലയാള കവിതാഗദ്യത്തെ വൈകാരികതയുടെ ചോരയോട്ടം കൊണ്ടുണര്‍ത്തിയ കവിയാണ് ടി.പി. രാജീവന്‍. ആ വൈകാരികത അതിൻ്റെ പരമാവധിയില്‍ അനുഭവിക്കാന്‍ കഴിയുന്നു, ഈ പുതിയ കവിതകളില്‍. ഗദ്യത്തിൻ്റെ ബലിഷ്ഠതന്ത്രികളെ മീട്ടി വൈകാരികമാക്കുന്നതാണാ രീതി. കാല്പനികതയുടെ ചെടിപ്പുകള്‍ തീണ്ടാത്തതും ബൗദ്ധികമായ വിശകലനക്ഷമതയുള്ളതും അതേ സമയം വൈകാരികവുമായ, ദൃഢതയുള്ള ഗദ്യഭാഷയാണ് ഈ കവിയെ തൊണ്ണൂറുകളിലെ ഏറ്റവും പ്രധാന കവിയാക്കിയത്. പൗരൻ്റെ പ്രസംഗപീഠ ഭാഷക്കും അക്കാദമീഷ്യൻ്റെ പ്രബന്ധ ഭാഷക്കും പുറത്ത് ദൃഢവും അതേ സമയം വൈകാരികവുമായ കാവ്യഭാഷ സാദ്ധ്യമാണെന്ന് എന്നെപ്പോലുള്ള പിന്‍ കവികളെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ കവിയാണ് രാജീവന്‍. പൊതുവേ ആശയ കേന്ദ്രിതമായിരുന്ന ആധുനിക കാവ്യഭാഷയില്‍ നിന്നു മാറി അനുഭവകേന്ദ്രിതമായ പുതിയൊരു കാവ്യഭാഷ കൊണ്ടുവന്നു രാജീവന്‍. വൈയക്തികതയും സാമൂഹികതക്കു പ്രാധാന്യമുള്ള നമ്മുടെ കാവ്യഭാഷയും തമ്മിലെ അകലം വെട്ടിക്കുറക്കാന്‍ ഈ പുതുകാവ്യഭാഷക്കു കഴിഞ്ഞു: രാജീവൻ്റെ കവിതക്കും കാവ്യ ഭാഷക്കും ലഭിച്ച ഏറ്റവും വലിയ അഗീകരമാണ് ഈ വരികള്‍.

കവി പുസ്തകത്തിലെഴുതിയ കുറിപ്പില്‍ തനിക്ക് ഈ കവിതകള്‍ എന്താണെന്ന് വ്യക്തമാക്കുന്നു:
കഴിഞ്ഞ ആറുവര്‍ഷക്കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളുടെ സമാഹാരമാണ് നീലക്കൊടുവേലി. ജീവിതത്തെപ്പറ്റിയും കവിതയെപ്പറ്റിയുമുള്ള എൻ്റെ ധാരണകള്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്ന കാലയളവിലെ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ആ മാറ്റങ്ങള്‍ എന്തെന്ന് ഞാന്‍ പറയുന്നില്ല. അതിൻ്റെ വിലയിരുത്തല്‍ വായനക്കാര്‍ക്ക് വിടുന്നു. മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ ഞാന്‍ കവിതയെ ആശ്രയിച്ച ഒരു കാലമായിരുന്നു കടന്നു പോയതും, കടന്നു പൊയ്‌ക്കൊണ്ടിരുന്നതും. പരാജിതൻ്റെ, ഒറ്റപ്പെട്ടവൻ്റെ മാധ്യമമാണ് കവിത എന്ന് പാഠപുസ്തകത്തിലൂടെയല്ലാതെ, അനുഭവം കൊണ്ട് ബോധ്യപ്പെട്ട കാലം.

സാമൂഹ്യ ബലതന്ത്രത്തിന്റെ പൂര്‍വ്വപാഠങ്ങള്‍ മുഴുവന്‍ മാറ്റിയെഴുതപ്പെട്ട കാലം. അത് എഴുത്തിലായാലും വായനയിലായാലും പരിണാമക്കടലിലെ അടിത്തട്ടിലെ ഏകാകിയായ ഏകകോശജീവിയെപ്പോലെ മനുഷ്യന്‍ സ്വയം പിളരുന്ന അവസ്ഥ. അഭ്യസിച്ചതൊന്നും ഇക്കാലത്ത് സഹായകമായില്ല. ചുവടുകള്‍ തെറ്റാനുള്ളത് മാത്രമായി. ഈ ക്ലേശത്തില്‍, അവ്യക്തതയില്‍ കവിത അതിൻ്റെ സ്വപ്‌നജാലകങ്ങള്‍ തുറന്നു തന്നു. അതുവരെ കാണാത്ത പുറം കാഴ്ച്ചകള്‍ കാണിച്ചു തന്നു, അനുഭവിപ്പിച്ചു തന്നു. കവിതയുടെ ഭാഷ കുറച്ചെങ്കിലും മനസ്സിലായതിൻ്റെ ചിരിയോ കണ്ണീരോ ആണ് ഈ സമാഹാരം:
മരിക്കുന്നതിന് ഏതാനും മാസം മുമ്പെഴുതിയ ഈ കുറിപ്പില്‍ രാജീവന്റെ സര്‍ഗാത്മകമായ തിരിച്ചറിവുകള്‍ നമുക്ക് തൊട്ടറിയാന്‍ കഴിയുന്നു. തന്റെ ചിരിയും കണ്ണീരുമാണ് ഈ കവിതകള്‍ (പരിചയമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിരി ഒരിക്കലും മനസ്സില്‍ നിന്നും മായില്ല) എന്നദ്ദേഹം പറയുമ്പോള്‍ തന്റെ എഴുത്തു ജീവിതത്തിലേക്ക് മുഴുവനുമായും പടരുന്ന വെളിച്ചച്ചൂട്ടിനെയാണ് വായനക്കാരന്‍ അഭിമുഖീകരിക്കുന്നത്.

രാജീവന്‍ ഇങ്ങിനെ കൂടി ആ കുറിപ്പില്‍ എഴുതിയിട്ടുണ്ട്:
കലണ്ടര്‍ കാലത്തിന്റേയും ഘടികാര സമയത്തിന്റേയും ചതുരങ്ങളിലോ വൃത്തങ്ങളിലോ കവിതയുടെ രൂപപ്പെടല്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല. കവിതാരചന ഒരു തുടര്‍ പ്രക്രിയയാണ്. നിരന്തരം ഉറവു പൊട്ടുന്ന നദി. പ്രസിദ്ധീകരണത്തിനു ശേഷവും അതു ഗതിമാറി ഒഴുകിയേക്കാം. അങ്ങിനെ മാറിയൊഴുകിയ കവിതകളും ഈ സമാഹരത്തിലുണ്ട്. വായനക്കാരിലെത്തുമ്പോള്‍, അവരുടെ സര്‍ഗാത്മക ഭൂമിയില്‍ അതു പിന്നേയും പരിണാമങ്ങള്‍ക്ക് വിധേയമാകുകയും പുതിയ ഗതി സ്വീകരിക്കുകയും ചെയ്‌തേക്കാം. ഒരു നദി തന്നെ വിവിധ ഭൂപ്രദേശങ്ങളില്‍ വ്യത്യസ്തമായ സ്വത്വവും പേരും കൈവരിക്കുന്നതുപോലെ എഴുതപ്പെട്ടു കഴിഞ്ഞു, തീര്‍ന്നു എന്നു നാം വിശ്വസിക്കുന്ന കവിതയും സ്ഥലകാലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വ്യത്യസ്തമായിത്തീരാം. അച്ചടി രൂപത്തിലേക്കുള്ള പരിണാമം ഒരു കവിതയുടെ ജീവ ചരിത്രത്തില്‍ ചെറിയൊരു അടയാളം മാത്രം:

ഈ വാചകങ്ങളിലൂടെ കടന്നു പോയപ്പോള്‍ ഉയര്‍ന്ന ചോദ്യമാണ് ഈ പുസ്തകക്കുറിപ്പിന്റെ ശീര്‍ഷകം. അതിനോടുള്ള പ്രതികരണം ഇതാണ്. ഇരുമ്പിനെ സ്വര്‍ണ്ണമാക്കിക്കൊണ്ടിരുന്ന ടി.പി.രാജീവന്റെ എഴുത്തിന്റെ നീലക്കൊടുവേലിക്കാലം ഒരിക്കലും അവസാനിച്ചിട്ടില്ല. അത് തുടരുകയും പടരുകയും ഒഴുകുകയുമാണ്. ആ ഒഴുക്കിനെ കവി ‘കടന്തറപ്പുഴ’യില്‍ ഇങ്ങിനെ സംക്ഷിപ്തമാക്കി:

ഞാന്‍
തന്നെ ഇല്ലാതാകുന്നതിനു മുമ്പ്
നിന്നെ കണ്ട്
ഒരു തുള്ളി വെള്ളം തരാന്‍ വന്ന
പഴയ കൂട്ടുകാരിയാണ് ഞാന്‍,
കടന്തറപ്പുഴ.
നാവൊന്നു നീട്ടി
കൂലം കുത്തി ഒഴുകാനല്ല,
സ്‌നേഹത്തോടെ ഒന്നു തലോടാന്‍.

വി. മുസഫർ അഹമ്മദ്​

വി. മുസഫർ അഹമ്മദ്​

മാധ്യമപ്രവര്‍ത്തകന്‍. എഴുത്തുകാരന്‍. മരുമരങ്ങൾ, കുടിയേറ്റക്കാരന്റെ വീട്, മരുഭൂമിയുടെ ആത്മകഥ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ എന്നിവ പ്രധാന പുസ്തകങ്ങൾ.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *