ഖത്തറും പലസ്തീൻ പോരാട്ടങ്ങളിലെ നയതന്ത്രങ്ങളും

ഖത്തർ പുലർത്തുന്ന പലസ്തീൻ നയം മറ്റ് മിഡിൽ ഈസ്റ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സകർമ്മകമായ നിലപാടുകളാണ് ഖത്തറിനുള്ളത്. നേർക്ക് നേരെ പലസ്തീൻ വിഷയങ്ങളിൽ അവർ ഇടപെടുന്നു. ഹമാസിനെ പിന്തുണക്കുക എന്നത് ഖത്തർ ഒരു പ്രത്യക്ഷ നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഹമാസിൻ്റെ ഏറ്റവും വലിയ ബാഹ്യ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ന് ഖത്തറാണ്. ഒരു ഭാഗത്ത് അമേരിക്കയുമായുള്ള ഊഷ്മളമായ നയതന്ത്രം വഴി അമേരിക്കയുടെ പിന്തുണ ഉറപ്പ് വരുത്തിക്കൊണ്ടാണ് ഖത്തർ ഇതൊക്കെ ചെയ്ത് കൊണ്ടിരുന്നത്. മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് പലസ്തീൻ വിഷയത്തിൽ ഖത്തറിനുള്ളത് പോലെ വ്യക്തവും ഉറച്ചതുമായ നിലപാടുകളില്ല എന്ന് കൂടി നാം കൂട്ടി വായിക്കണം – എം.എസ് ഷൈജു എഴുതുന്നു.

രൂക്ഷമായി തുടർന്ന് വന്ന ഇസ്രായേൽ – പലസ്തീൻ പോരാട്ടങ്ങൾക്ക് ഒരു താത്കാലിക അറുതി വന്നിരിക്കുന്നു. വെടി നിർത്തലിന് ഇസ്രായേൽ സമ്മതിക്കുകയും അതിനായി മുന്നോട്ട് വെക്കപ്പെട്ട ഉപാധികൾ രണ്ട് കൂട്ടരും അംഗീകരിക്കുകയും ചെയ്തതോടെയാണ് ഗാസയിൽ സമാധാനം പുലരുന്നത്. അതി രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ ഗാസക്ക് നേരെ നടത്തിക്കൊണ്ടിരുന്നത്. ഗാസയെ പൂർണമായും നശിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യവുമായാണ് ലോക രാജ്യങ്ങൾ നടത്തിയ സമ്മർദ്ദങ്ങളെ മുഴുവൻ അവഗണിച്ച് ഇസ്രായേൽ യുദ്ധം തുടർന്നത്.

പലസ്തീനെ മാത്രമല്ല, പലസ്തീന് പിന്തുണ നൽകുന്ന രാജ്യങ്ങളെയും ഇസ്രായേൽ വെറുതെ വിട്ടില്ല. ഒരു അന്തിമ യുദ്ധത്തിന് തയാറെടുത്തത് പോലെയുള്ള ഹാലിളക്കവും ആക്രമണ ത്വരയുമാണ് ഇസ്രായേൽ കാണിച്ചത്. അതിൻ്റെ ഭാഗമായാണ് ഇറാനെയും ഖത്തറിനെയും ആക്രമിക്കാൻ അവർ തയാറായത്. ഇറാനെ ഇസ്രായേൽ ആക്രമിച്ചത് വ്യക്തമായ ലക്ഷ്യങ്ങളുമായാണ്. അമേരിക്കയുടെ സഹായത്തോടെ, യാഥാസ്ഥിതിക മതരാഷ്ട്രമായ ഇറാനെ പൂർണമായും കീഴടക്കി അവിടെ ഒരു വിമത – പാവ സർക്കാറിനെ സ്ഥാപിക്കാനും അത് വഴി ഗൾഫ് തീരങ്ങളിലെ മറ്റ് രാജ്യങ്ങളെ മുഴുവൻ വരുതിയിൽ നിർത്താനും ലക്ഷ്യം വെച്ചായിരുന്നു ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. അവിടെ ഇസ്രായേലിൻ്റെ എല്ലാ കണക്ക് കൂട്ടലും പിഴച്ചു. അതിശക്തമായ പ്രതിരോധം മാത്രമല്ല, ഇസ്രായേൽ മുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള പ്രത്യാക്രമണങ്ങൾ കൂടി നടത്തിക്കൊണ്ട് ഇറാൻ അവരെ ഞെട്ടിച്ചു കളഞ്ഞു.

ഇസ്രായേലിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം

രണ്ടാമതായി ഇസ്രായേൽ ഉന്നം വെച്ചത് ഖത്തറിനെയായിരുന്നു. ഇന്നത്തെ മിഡിൽ ഈസ്റ്റ് രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇസ്രായേൽ ഏറ്റവും കൂടുതൽ ആശങ്ക പുലർത്തുന്നത് ഖത്തറിൻ്റെ പലസ്തീൻ നിലപാടുകളിലാണ്. അതിൻ്റെ കാരണം,
സമകാലിക പലസ്തീൻ വിമോചന പോരാട്ടങ്ങളിൽ ഖത്തർ എന്ന രാജ്യത്തിന് വലിയ പ്രാധാന്യമുണ്ട് എന്ന ഇസ്രായേലിൻ്റെ ബോധ്യമാണ്. പശ്ചിമേഷ്യൻ രാഷ്ട്രീയവും ആഗോള രാഷ്ട്രീയവും ഖത്തറിനെ ഉറ്റ് നോക്കുന്ന സാഹചര്യം ഇന്ന് ഖത്തറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഒരു ചെറിയ ഭൂപ്രദേശം മാത്രമാണ് ഖത്തർ. ഒരു കുപ്പിക്കഴുത്തോളം വീതിയിൽ സൗദിയോട് ഒട്ടി നിൽക്കുന്നു എന്നതൊഴിച്ചാൽ കടലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ചെറിയ മണൽ ദ്വീപ് മാത്രമാണ് ആ രാജ്യം.

ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണം

പക്ഷേ ഒരു ഭരണകൂടം എന്ന നിലയിൽ ആ രാജ്യം സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നയതന്ത്രജ്ഞത എടുത്ത് പറയേണ്ടത് തന്നെയാണ്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ തങ്ങൾ ഒട്ടും നിസാരരല്ല എന്ന് ഖത്തർ ലോകത്തിന് കാണിച്ച് കൊടുക്കുന്നത് സൗദി അറേബ്യയുമായുള്ള സംഘർഷ കാലഘട്ടത്തിലാണ്. നാല് പ്രധാന കാരണങ്ങൾ ഉയർത്തിയായിരുന്നു 2017ൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് ഖത്തറിനെ ഉപരോധിക്കാൻ തീരുമാനിക്കുന്നത്. യഥാർത്ഥത്തിൽ ഈ നാല് കാരണങ്ങൾ തന്നെയാണ് പലസ്തീൻ വിഷയത്തിൽ ഒരു നിർണായകമായ നിലപാട് സ്വീകരിച്ച് കൊണ്ട് ശ്രദ്ധേയമായി നിൽക്കാൻ ഇന്ന് ആ രാജ്യത്തെ പ്രാപ്തമാക്കിയതും. സൗദി അറേബ്യൻ സമ്പദ്ഘടനയെ കൂടുതൽ ആശ്രയിച്ച് നിൽക്കുന്ന ഖത്തറിൻ്റെ രാഷ്ട്രീയ ഭാവിയെ ഏറെ ആശങ്കയോടെയാണ് അന്ന് ലോകം നോക്കിക്കണ്ടത്.

അറബ് രാജ്യങ്ങൾ തുടർന്ന് വരുന്ന വിദേശ നയങ്ങൾക്ക് വിരുദ്ധമായി കൂടുതൽ സ്വതന്ത്ര സ്വഭാവത്തോടെ ഖത്തർ പുലർത്തുന്ന വിദേശ നയമായിരുന്നു ഉപരോധത്തിനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടിയത്. അതിലൂടെ അറബ് രാജ്യങ്ങളുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരെ ഖത്തർ നിൽക്കുന്നുവെന്നും അവർ വിലയിരുത്തി. ആഗോള തീവ്രവാദ സംഘടനയായി സൗദി അറേബ്യ വിലയിരുത്തുന്ന മുസ്‌ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനത്തിന് ഖത്തർ ഗവൺമെൻ്റ് അനധികൃതമായ നിലയിൽ സഹായങ്ങൾ ചെയ്യുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇറാനുമായി തുടർന്ന് വന്നിരുന്ന നയതന്ത്ര ബന്ധങ്ങളായിരുന്നു സൗദി ഉയർത്തിയ മൂന്നാമത്തെ കാരണം. തങ്ങളുടെ വൈരികളായി സൗദി കണക്കാക്കുന്ന ഇറാനുമായി സൗഹാർദ്ദം പുലർത്തുന്നതിൽ നിന്ന് ഖത്തർ പിന്മാറണമെന്നതായിരുന്നു സൗദിയുടെ മുഖ്യമായ ആവശ്യം. ഖത്തറിൽ നിന്നുള്ള അൽ ജസീറ ചാനൽ സ്വീകരിക്കുന്ന നയങ്ങളും നിലപാടുകളും മറ്റ് അറബ് രാഷ്ട്രങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണെന്നും ഖത്തറിൻ്റെ താത്പര്യങ്ങളാണ് അൽജസീറ പുലർത്തുന്നത് എന്നും ആരോപണമുയർന്നിരുന്നു. ഇതൊക്കെ മുൻ നിർത്തിയാണ് മറ്റ് അറബ് രാജ്യങ്ങൾ ഖത്തറിനെ ഉപരോധിച്ചത്.

ഖത്തർ ഇറാനുമായി തുടർന്നുവന്ന നയതന്ത്രബന്ധങ്ങളും സൗദിയെ ചൊടിപ്പിച്ചു

ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് കൊണ്ടും ഖത്തർ വിമാനങ്ങൾക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചും ഖത്തർ പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കിയും മറ്റ് അറബ് രാജ്യങ്ങൾ ഖത്തറിനെ വരിഞ്ഞ് മുറുക്കി. ആദ്യഘട്ടത്തിൽ രാജ്യത്ത് പടർന്ന അരക്ഷിത ബോധത്തെ നിരാശ്രയ ബോധത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും വഴികളിലേക്ക് തിരിച്ച് വിടാൻ ഖത്തറിന് സാധിച്ചുവെന്നതാണ് ഉപരോധം കൊണ്ട് അവർക്കുണ്ടായ ഏറ്റവും വലിയ ഗുണം. ആഭ്യന്തര ഉൽപാദനത്തിൽ രാജ്യം കൂടുതൽ ജാഗ്രതയോടെ ശ്രദ്ധ പുലർത്തി. ഉപരോധ കാലത്ത് രാജ്യത്തിൻ്റെ ജിഡിപി കുതിച്ചുയർന്നു. അവർ പുലർത്തിയ സ്വതന്ത്രമായ വിദേശ നയം അറബ് രാജ്യങ്ങളുടെ ഉപരോധത്തെ നേരിടാനുള്ള കരുത്ത് ഖത്തറിന് നേടിക്കൊടുത്തു. ഒരേ സമയം ഇറാനുമായും അമേരിക്കയുമായുള്ള അതിൻ്റെ നയതന്ത്ര വൈദഗ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഏറ്റവും നയതന്ത്ര ശേഷിയുള്ള രാജ്യം എന്ന മേൽവിലാസത്തിലാണ് ഇന്ന് ഖത്തർ ലോക രാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഖത്തർ പുലർത്തുന്ന പലസ്തീൻ നയം മറ്റ് മിഡിൽ ഈസ്റ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സകർമ്മകമായ നിലപാടുകളാണ് ഖത്തറിനുള്ളത്. നേർക്ക് നേരെ പലസ്തീൻ വിഷയങ്ങളിൽ രാജ്യം ഇടപെടുന്നു. അതുമായി ബന്ധപ്പെട്ട് അനേകം വിമർശനങ്ങളും അവർ നേരിടുന്നുണ്ട്. പലസ്തീനിൽ സമകാലികമായി സംഭവിക്കുന്ന രാഷ്ട്രീയ ചലനങ്ങളിൽ ഖത്തർ പുലർത്തുന്ന നിലപാടുകൾക്ക് വലിയ പങ്കുണ്ട്. 2007 മുതൽ ഖത്തർ പലസ്തീനിൽ പ്രത്യക്ഷമായി തന്നെ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. പലസ്തീൻ്റെ ബാഹ്യ സാമ്പത്തിക സ്രോതസ്സുകളിൽ ഖത്തർ മുൻപന്തിയിൽ തന്നെയാണ്. ഗാസ മുനമ്പിൽ പുനർ നിർമാണത്തിനും വിദ്യാഭ്യാസ പ്രവർത്തനത്തിനും മില്ല്യൻ കണക്കിന് റിയാലുകളാണ് ഖത്തർ സംഭാവനകളായി നൽകുന്നത്. ഗാസയിലെ സിവിലിയൻ വേതനങ്ങൾ നൽകുന്നതിനും ഖത്തർ ഫണ്ടുകൾ നൽകുന്നുണ്ട്. ഒരു ഭാഗത്ത് നിന്ന് ഇസ്രായേൽ ഞെരിച്ചമർത്തി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോഴും അതിനെ പ്രതിരോധിക്കാൻ ഗസക്ക് സാധിക്കുന്നതിന് ഖത്തർ നൽകുന്ന സാമ്പത്തിക പിന്തുണ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഗാസയിലേക്ക് ഖത്തർ അയക്കുന്ന സഹായം

ഹമാസിനെ പിന്തുണക്കുക എന്നത് ഖത്തർ ഒരു പ്രത്യക്ഷ നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. ഹമാസിൻ്റെ ഏറ്റവും വലിയ ബാഹ്യ സഖ്യവും സാമ്പത്തിക പിന്തുണയും ഇന്ന് ഖത്തറാണ്. 2012ൽ സിറിയയിൽ നിന്ന് സ്ഥിര താമസം മാറ്റിയത് മുതൽ ഹമാസിൻ്റെ നേതാക്കൾക്ക് ഖത്തറാണ് അഭയം നൽകുന്നത്. ഒരു ഭാഗത്ത് അമേരിക്കയുമായുള്ള ഊഷ്മളമായ നയതന്ത്രം വഴി അമേരിക്കയുടെ പിന്തുണ ഉറപ്പ് വരുത്തിക്കൊണ്ടാണ് ഖത്തർ ഇതൊക്കെ ചെയ്ത് കൊണ്ടിരുന്നത്. പ്രധാനമായും മൂന്ന് നിലപാടുകളിൽ നിന്ന് കൊണ്ടാണ് ഖത്തർ പലസ്തീൻ പോരാട്ടങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നത്.

അമേരിക്കയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടാണ് ഖത്തർ ഹമാസിനെ പിന്തുണക്കുന്നത്

ദ്വിരാഷ്ട്ര ഫോർമുലയെയാണ് ഇസ്രായേൽ – പലസ്തീൻ സംഘർഷങ്ങളുടെ ആത്യന്തികമായ പരിഹാരമായി ഖത്തർ കാണുന്നത്. 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കിയും കിഴക്കൻ ജെറുസലേം ആസ്ഥാനമാക്കിയും ഒരു സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി പലസ്തീൻ രൂപീകരിക്കണമെന്ന ഈ നിലപാട് അന്താരാഷ്ട്രാ വേദികളിൽ ഖത്തർ ശക്തമായി ഉയർത്തുന്നുണ്ട്. മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് പലസ്തീൻ വിഷയത്തിൽ ഖത്തറിനുള്ളത് പോലെ വ്യക്തവും ഉറച്ചതുമായ നിലപാടുകളില്ല എന്ന് കൂടി നാം കൂട്ടി വായിക്കണം. പലസ്തീൻ സംഘർഷങ്ങൾക്ക് പൂർണ്ണമായ ഒരു പരിഹാരം കാണാതെ ഇസ്രായേലുമായി പൂർണ്ണമായ നയതന്ത്രം സ്ഥാപിക്കില്ല എന്ന ഖത്തറിൻ്റെ നിലപാടും ഇസ്രായേലിന് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ് അറബ് രാജ്യങ്ങളുമായി സൗഹാർദ്ദവും നയതന്ത്രവും ആരംഭിക്കാൻ ഇസ്രായേൽ വലിയ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഖത്തറിൻ്റെ ഉറച്ച നിലപാടുകൾ ഒരേ സമയം ഇസ്രായേലിനും അവരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങൾക്കും വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ടായിരുന്നു.

മിഡിൽ ഈസ്റ്റിൽ സൗഹൃദമാരാംഭിക്കാൻ ഇസ്രായേലിന് തടസമാണ് ഖത്തറിൻ്റെ നിലപാടുകൾ

ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും ഹമാസുമായി ഇസ്രായേൽ നടത്തുന്ന ചർച്ചകൾക്ക് മധ്യസ്ഥനായി നിലകൊള്ളാനും ഖത്തറിന് സാധിക്കുണ്ടായിരുന്നു. ബന്ദികളുടെ മോചനം, വെടി നിർത്തൽ, ബന്ദികളുടെ കൈമാറ്റം എന്നീ വിഷയങ്ങളിൽ ഖത്തർ അനേകം തവണ മധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഒരേ സമയം ഹമാസിനും ഇസ്രായേലിനും വിശ്വസിക്കാവുന്ന ഒരു മൂന്നാം കക്ഷിയെന്ന ഖത്തറിൻ്റെ റോൾ അവർക്ക് മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ കൂടുതൽ സ്വാധീനം രൂപപ്പെടാൻ കാരണമായിട്ടുണ്ട്. അനിവാര്യമായ ഒരു മധ്യസ്ഥൻ എന്നാണ് ഖത്തറിനെ അമേരിക്ക അഭിസംബോധന ചെയ്തത്. ഗാസയിലെ വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ കഴിയുന്ന ലോകത്തിലെ ഏക രാജ്യമാണ് ഖത്തർ എന്ന് അമേരിക്ക പരസ്യമായി പ്രസ്താവിക്കുകയും ചെയ്തു. ഈ അന്താരാഷ്ട്ര അംഗീകാരം ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് വലിയ ശക്തി നൽകി. ഇങ്ങനെയൊക്കെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലാണ് ഖത്തറിൻ്റെ വ്യോമ മേഖലയിൽ അന്യായമായി കടന്ന് കയറാനും അവരെ ആക്രമിക്കാനും ഇസ്രായേൽ തയാറായത്.

ഇസ്രായേലിൻ്റെ ഏകപക്ഷീയമായ ആക്രമണത്തെ തികഞ്ഞ നയതന്ത്ര അവധാനതയോടെ കൈകാര്യം ചെയ്യാനും സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനും ഖത്തറിന് കഴിഞ്ഞുവെന്നത് ഇസ്രായേലിനെതിരെ ഒരു ആഗോള വിമർശനം രൂപപ്പെടാനും കൂടി കാരണമായി. ഇതെല്ലാം ഫലത്തിൽ പലസ്തീന് കൂടി ഗുണകരമാകുന്നുണ്ടായിരുന്നു. ഘട്ടം ഘട്ടമായാണ് ഖത്തർ തങ്ങൾക്കുള്ള പിന്തുണ സമാഹരിച്ചത്. ജിസിസി രാജ്യങ്ങളെ മുഴുവൻ അണി നിരത്തി ഇസ്രായേലിനെ അപലപിപ്പിക്കുന്നതിന് ഖത്തറിന് സാധിച്ചു.

ഇസ്രായേൽ ആക്രമണത്തിന് ശേഷം ഖത്തറിൻ്റെ നേതൃത്വത്തിൽ ചേർന്ന ഉച്ചകോടി

അന്താരാഷ്ട്രാ വേദികളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ ഖത്തറിന് കഴിഞ്ഞതും അതിന് വ്യാപകമായ പിന്തുണ ലഭിച്ചതും നേരത്തേ വിമർശന വിധേയമായ അവരുടെ സ്വതന്ത്രമായ വിദേശ നയവും നയതന്ത്ര സമീപനങ്ങളും കൊണ്ടായിരുന്നു. ഇസ്രായേൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതി പോലുള്ള നിയമവേദികളിൽ ഇസ്രായേലിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഖത്തർ നടത്തിയ നീക്കം വലിയ വിജയം കണ്ടു. ഐക്യരാഷ്ട്ര സഭയിലടക്കം ഈ നീക്കങ്ങൾക്ക് പ്രതിധ്വനികളുണ്ടായി. പൊതുവെ ഇസ്രയേലിനോട് അനുഭാവം തുടർന്ന് വന്നിരുന്ന രാജ്യങ്ങളെ പോലും മാറി ചിന്തിപ്പിക്കാനും അത് വഴി പലസ്തീനോട് ഐക്യദാർഢ്യം പുലർത്തുന്ന ഒരു പൊതു സമീപനം ലോക രാജ്യങ്ങളിൽ ഭൂരിപക്ഷത്തിനിടയിൽ ഉണ്ടാകുന്നതിനും ഖത്തറിൻ്റെ വിപുലമായ നയതന്ത്ര നീക്കങ്ങൾ വഴിയൊരുക്കി. ഖത്തർ വിഷയത്തിൽ അമേരിക്ക പോലും ഇസ്രായേലിനെ പിന്തുണച്ചില്ല. ചുരുക്കത്തിൽ സമ്പൂർണമായും പാളിപ്പോയ ഒരു നീക്കമാണ് ഖത്തറിനെ ആക്രമിക്കാൻ തുനിഞ്ഞ് കൊണ്ട് ഇസ്രായേൽ നടത്തിയത്.

ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണം

ആഗോള തലത്തിൽ പലസ്തീന് അനുകൂലമായ നിലയിൽ ഒരു അഭിപ്രായ രൂപീകരണം ഉണ്ടാക്കുന്നതിൽ ഖത്തറിൻ്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ വാർത്താ ശൃംഖല അനവഗണനീയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്രായേലിൻ്റെ സൈനിക നടപടികളുടെ വിശദാംശങ്ങളും പലസ്തീൻ ജനതയുടെ ദുരിതങ്ങളും ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അൽജസീറ വലിയ പങ്കുവഹിച്ചു. ഏക പക്ഷീയമായി ഇസ്രായേൽ ഭാഷ്യങ്ങൾ മാത്രം പ്രചരിപ്പിച്ചിരുന്ന മാധ്യമങ്ങളെ പോലും തിരുത്തിക്കാൻ അൽ ജസീറക്ക് കഴിഞ്ഞിട്ടുണ്ട്. ബി.ബി.സി അടക്കമുള്ള പാശ്ചാത്യൻ മാധ്യമങ്ങൾ അടക്കം പലസ്തീൻ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ ശ്രദ്ധേയമായതാണ്. പഴയ നിലപാടുകളിൽ നിന്ന് വലിയ മാറ്റം അവക്കൊക്കെ സംഭവിച്ചിട്ടുണ്ട്. ഗസയിലെ കരളലിയിപ്പിക്കുന്ന കാഴ്ചകൾ സത്യസന്ധമായി അൽജസീറ ലോകത്തിന് കാണിച്ച് കൊടുത്തു. അനീതിയുടെ ആഴം ബോധ്യപ്പെടുത്തുന്ന അനേകം റിപ്പോർട്ടുകൾ അവർ പ്രക്ഷേപണം ചെയ്തു. നീതി ബോധമുള്ള ഭരണകൂടങ്ങൾക്ക് പലസ്തീനെ പിന്തുണക്കാതിരിക്കാൻ കഴിയാത്ത വിധം വലിയ അഭിപ്രായ രൂപീകരണങ്ങൾ ലോക രാജ്യങ്ങളിൽ സംഭവിച്ചു. ഇതൊക്കെ പലസ്തീൻ വിഷയത്തിൽ ഗുണകരമായ ഒരു മാറ്റത്തിൻ്റെ കാറ്റ് പടരുന്നതിനും ഇസ്രായേലിന് മേൽ വലിയ സമ്മർദ്ദങ്ങൾ രൂപപ്പെടുന്നതിനും കാരണമായിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോൾ ഇസ്രായേൽ അംഗീകരിച്ചിട്ടുള്ള വെടി നിർത്തലിന് എത്ര നാളത്തെ ആയുസുണ്ടാകുമെന്ന് പറയാൻ കഴിയില്ല. കാരണം ഇതിന് മുമ്പും ധാരണകൾ ലംഘിച്ചും അന്യായമായും അക്രമണങ്ങളിലേക്ക് തന്നെ മടങ്ങിപ്പോയിട്ടുമുള്ള ഒരു രാജ്യമാണ് ഇസ്രായേൽ. നിലവിലെ ഇസ്രായേൽ ഭരണകൂടം നേരിടുന്ന ആഭ്യന്തരവും രാഷ്ട്രീയവുമായ ചില പ്രതിസന്ധികൾ കൂടി ഇപ്പോഴത്തെ ആക്രമണങ്ങൾ രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്. അത് മാത്രമല്ല, പലസ്തീൻ പ്രദേശം പൂർണമായും കൈപ്പിടിയിലൊതുക്കുക എന്നതാണ് ഇസ്രായേലിൻ്റെ ആത്യന്തിക ലക്ഷ്യം. ഇതൊക്കെ മുന്നിൽ വെച്ച് നോക്കുമ്പോൾ ശാശ്വതമായ പ്രശ്ന പരിഹാരത്തിന് നിർദേശിക്കപ്പെടുന്ന ദ്വിരാഷ്‌ട്ര ഫോർമുല എന്നൊരു പോംവഴിയിലേക്ക് ഇസ്രായേൽ എത്തുമെന്ന് കരുതാൻ ഒരു ന്യായവും കാണുന്നില്ല.

പലസ്തീൻ പൂർണമായും പിടിക എന്നതാണ് ഇസ്രായേലിൻ്റെ ലക്ഷ്യം

എങ്കിൽ പോലും ഇപ്പോൾ ലോക രാജ്യങ്ങൾ പലസ്തീൻ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന അനുകൂലമായ സമീപനം ഈ നിരാശകളെ ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. യാസർ അറഫാത്ത് പലസ്തീൻ അതോറിറ്റി പ്രഖ്യാപിച്ചതിന് ശേഷം ലോക രാജ്യങ്ങൾ പലസ്തീന് ഇത്ര മാത്രം പിന്തുണ നൽകുന്ന ഒരു ചരിത്ര സന്ദഭർഭമാണ് ഇപ്പോഴത്തേത്. അത്തരമൊരു സാഹചര്യം രൂപപ്പെടാൻ ഖത്തർ എന്ന രാജ്യം നടത്തിയ നയപരമായ പരിശ്രമങ്ങൾ അവഗണിച്ച് കൊണ്ട് ഈ സന്ദർഭത്തെ നമുക്ക് വിശകലനം ചെയ്യാൻ സാധിക്കില്ല. ഈ നീക്കങ്ങൾ കൂടുതൽ ഗുണപരമായി മുന്നോട്ട് പോകുമെന്ന് നമുക്ക് ആശിക്കാം.

എം.എസ് ഷൈജു

എം.എസ് ഷൈജു

എഴുത്തുകാരൻ, കോളമിസ്റ്റ്, വ്യവസായ സംരംഭകൻ. ശരീഅത്ത്; സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, ഫലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ ( ബാലസാഹിത്യം) എന്നിവ പുസ്തകങ്ങള്‍.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *