സിനിമയിലെ സ്വവർഗാനുരാഗം, ലെസ്ബിയൻ ബന്ധത്തെ മനോഹരമാക്കിയ അഞ്ച് സിനിമകൾ

സ്വവർഗാനുരാഗത്തെ പലമട്ടിൽ ആവിഷ്കരിച്ച സിനിമകൾ മലയാളത്തിലുൾപ്പടെ ഉണ്ടായിട്ടുണ്ടെങ്കിലും, ആ ബന്ധങ്ങളെയെല്ലാം ദുരന്ത പര്യവസായിയായിട്ടാണ് സിനിമകൾ ചിത്രീകരിച്ചുകാണുന്നത്. കാലത്തോടും വ്യവസ്ഥയോടുമുള്ള പ്രതികരണമായും പ്രതികാരമായുമെല്ലാം അത്തരം സിനിമകൾ വായിക്കപ്പെട്ടിട്ടുമുണ്ട്. മലയാളത്തിൽ പദ്മരാജൻ്റെ ദേശാടനക്കിളി കരയാറില്ല മുതൽ ഇംഗ്ലീഷിൽ ബ്രിട്ടീഷ് ഡയറക്ടർ ഫ്രാൻസിസ് ലീയുടെ അമ്മോനൈറ്റ് വരെയുള്ള സിനിമകൾ സ്വവർഗ ബന്ധത്തെ അതിൻ്റെ എല്ലാ ഭംഗിയോടെയും അവതരിപ്പിച്ചിട്ടുണ്ട്. അത്തരം അഞ്ച് സിനിമകൾ കണ്ടെടുത്തെഴുതുന്നു സ്വാതി ലക്ഷ്മി വിക്രം.

സിനിമ ചരിത്രത്തിൽ സ്ത്രീകൾ തമ്മിലുള്ള സ്വവർഗാനുരാഗ ബന്ധങ്ങളെ പലപ്പോഴും കാണാൻ കഴിയുമെങ്കിലും, ആദ്യ കാലങ്ങളിൽ മിക്കതിനും ഒരേ ഭാഷ ആയിരുന്നു. തമ്മിൽ കൈ മാറുന്ന നോട്ടങ്ങളിലോ, അടക്കം പറയുന്ന സംഭാഷങ്ങളിലോ തുടങ്ങി ഒടുക്കം ട്രാജഡി മാത്രമായി അത് അവസാനിച്ചു കൊണ്ടിരുന്നു. റൊമാൻ്റിക് കോമഡി ഴോണറിൽ ഇറങ്ങിയ ഒരു ലെസ്ബിയൻ സിനിമ കണ്ട് പിടിക്കുക എന്നത് പ്രയാസമാണ്. എങ്കിലും സിനിമയുടെ സൗന്ദര്യാത്മകത കൊണ്ട് എല്ലാ കാലവും നില നിൽക്കുന്ന ചില സിനിമകളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

ബ്ലൂ ഈസ് ദി വാമെസ്റ്റ് കളർ (2013)

കാൻ ചലച്ചിത്ര മേളയിൽ പാം ദി യോർ പുരസ്കാരം നേടിയ, ഫ്രഞ്ച്-ടുനീഷ്യൻ സംവിധായകൻ അബ്ദെല്ലാത്തിഫ് കെഷിഷ് സംവിധാനം ചെയ്ത ഈ ചിത്രം ഹൈ സ്കൂൾ വിദ്യാർത്ഥിയായ ആദേലും എമ്മയും തമ്മിലുള്ള പ്രണയത്തെ ആവിഷ്കരിക്കുന്നു. ചിത്രത്തിലെ ഇൻ്റിമസി രംഗങ്ങൾ ഒരേ സമയം വിവാദവും പ്രശംസയും നേടി. ആൺ നോട്ടത്തിൻ്റെ ആവിഷ്കാരമായിയാണ് ചിത്രത്തിലെ രംഗങ്ങളെ പലരും വിമർശിക്കുന്നത്. എങ്കിലും പോലും സ്വവർഗാനുരാഗത്തെ അടയാളപ്പെടുത്തിയ ചിത്രങ്ങളിൽ ബ്ലൂ ഈസ് ദി വാമെസ്റ്റ് കളറിനെ ഒഴിവാക്കാൻ കഴിയില്ല. ജൂലി മറോയുടെ ഗ്രാഫിക് നോവലായ Le bleu est une couleur chaude ആണ് ചിത്രത്തിൻ്റെ അടിസ്ഥാനം.

റൂം ഇൻ റോം (2010)

ലവിംഗ് സ്ട്രെയിഞ്ചേഴ്സ് എന്ന ഗാനം മാത്രം മതി ഈ സിനിമയെ ഓർക്കാൻ. റോമിലെ ഒരു ഹോട്ടൽ മുറിയിൽ ഒരു രാത്രി മുഴുവൻ ഒരുമിച്ചു കഴിയുന്ന ആൽബയുടെയും നടാഷയുടെയും കഥയാണ് റൂം ഇൻ റോം. അവർ തമ്മിൽ പറയുന്ന കഥകളിലൂടെയും അവരുടെ ഓരോ ചലനത്തിലൂടെയും തങ്ങളുടെ ശരീരങ്ങളെ അവർ സ്വയം അറിയുന്നതിലൂടെയും ആ രാത്രി കടന്നുപോകുന്നു. ആ ഹോട്ടൽ മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ അവരുടെ ലോകം മുഴുവൻ ഉരുത്തിരിയുന്നുണ്ട്. പിറ്റേന്ന് രാവിലെ പുറത്തേക്ക് ഇറങ്ങുന്ന ആൽബയും നടാഷയും വീണ്ടും അപരിചിതരാവുകയാണ്. യൂറോപ്പ്യൻ മുഖ്യധാര സിനിമകളിൽ ഇത്രയധികം സ്ത്രീകളുടെ സ്വവർഗാനുരാഗത്തെ മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയില്ല. എന്നാൽ ആൺനോട്ട വിമർശനം സംവിധായകനായ ജൂലിയൻ മെഡത്തിനും കേൾക്കേണ്ടി വന്നിരുന്നു.

കാരോൾ (Carol, 2015)

അമേരിക്കൻ സംവിധായകൻ ടോഡ് ഹെയ്ന്സ് സംവിധാനം ചെയ്ത കരോൾ 1950-കളിലെ ന്യൂയോർക്കിൽ നടക്കുന്ന കഥയാണ്. സമ്പന്നയായ കാരോളും, യുവ ഫോട്ടോഗ്രാഫറായ തെരേസും തമ്മിലുള്ള പ്രണയം ശീതകാലത്തിന്റെ മൗനത്തിൽ ഒരു ഭംഗിയേറിയ കാഴ്ച തന്നെയാണ്. പ്രണയത്തിൻറെ വലിയ പ്രഖ്യാപനങ്ങളില്ല അവർക്കിടയിൽ മറിച്ച് ചില സൂചനകൾ മാത്രം. ചെറിയൊരു സംഭാഷണത്തിൽ തുടങ്ങി, അത് ക്രമേണ ആഴത്തിലുള്ള പ്രണയത്തിലേക്ക് വളരുന്നു. എന്നാൽ കാരോളിന്റെ കുടുംബ-സാമൂഹിക സമ്മർദ്ദങ്ങളും, നിയമപരമായ പോരാട്ടങ്ങളും അവരുടെ പ്രണയത്തെ തടഞ്ഞുനിർത്തുന്നു. പ്രശസ്ത എഴുത്തുകാരി പാട്രീഷ്യ ഹൈസ്മിത്തിന്റെ 1952-ലെ നോവൽ The Price of Salt ആണ് സിനിമയുടെ അടിസ്ഥാനം. ആ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു. ലെസ്ബിയൻ പ്രണയത്തിന് “സന്തോഷകരമായ” അവസാനം നൽകുന്ന ആദ്യകാല കൃതികളിലൊന്നായിരുന്നു അത്.

അമ്മോനൈറ്റ് (Ammonite, 2020)

ബ്രിട്ടീഷ് സംവിധായകൻ ഫ്രാൻസിസ് ലീ സംവിധാനം ചെയ്ത Ammonite 19-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ട് തീരപ്രദേശത്താണ് അരങ്ങേറുന്നത്. ഫോസിൽ ശാസ്ത്രജ്ഞയായ മേരി ആനിങ്ങും,(കെയ്റ്റ് വിൻസ്‌ലറ്റ്) കടൽ തീരത്ത് സമയം ചിലവഴിക്കാൻ എത്തുന്ന യുവതിയായ ഷാർലറ്റും തമ്മിലുള്ള ബന്ധമാണ് കഥയുടെ ഹൃദയം.മേരി ദിനംപ്രതി പാറകളിൽ നിന്നു ഫോസിലുകൾ കണ്ടെത്തി വിൽക്കുന്ന ജീവിതത്തിലാണ്. ലോകം അവളെ അവഗണിക്കുകയും, മേരി ഏകാന്തതയിൽ മുങ്ങിക്കിടക്കുകയും ചെയ്യുന്നു.ശാർലറ്റിന് മേരിയുമായുള്ള ആദ്യത്തെ അകലം ക്രമേണ അടുത്തറിയലായി മാറുന്നു. അവരുടെ ഇടയിൽ വിരിയുന്ന ബന്ധം ശരീരത്തിലും ആത്മാവിലും നിറഞ്ഞിരിക്കുന്നു. കരുത്തുറ്റ കടലും, പൊളിഞ്ഞുപോകുന്ന പാറകളും പശ്ചാത്തലമായി, അവർക്കിടയിൽ വിരിയുന്ന പ്രണയം ഭൂമിയുടെ ചരിത്രത്തോളം ഗഹനവും അപൂർവ്വവുമാണ്. ശരീരത്തിന്റെ സ്‌പർശനം തന്നെ ഒരു പുരാവസ്തു കണ്ടെത്തൽ പോലെ അപൂർവ്വവും.

പോട്രേറ്റ് ഓഫ് എ ലേഡി ഓൺ ഫയർ (Portrait of a lady on fire, 2019)

ഹേലൂയിസിന്റെ്റെയും മരിയയുടെയും പ്രണയമാണ് ഫീമെയിൽ ഗേസിന് പേര് കേട്ട, സെലീൻ സിയാമ സംവിധാനം ചെയ്ത, പോട്രേറ്റ് ഓഫ് എ ലേഡി ഓൺ ഫയർ എന്ന ചിത്രം. ക്യാമറക്ക് പിന്നിൽ പെൺ കണ്ണുകൾ വന്നപ്പോൾ ആ പ്രണയം കൂടുതൽ മനോഹരമായി. ചിത്രകാരിയായ മാരിയയും വിവാഹിതയാകാനിരിക്കുന്ന ഹെലൂയീസും തമ്മിലുള്ള ബന്ധം നോട്ടങ്ങളും മൗനങ്ങളും നിറഞ്ഞൊരു ക്യാൻവാസാണ്. ആർക്കും മുന്നിൽ ചിത്രം വരയ്ക്കാനായി ഇരുന്ന് കൊടുക്കാത്ത ഹെലൂയിസ്, മരിയയ്ക്ക് മുന്നിൽ പ്രണയം നിറഞ്ഞ കണ്ണുകളോടെ ഇരുന്നു കൊടുക്കുന്നു. ഓരോ നോട്ടവും, ഓരോ സംഭാഷണവും, ഓരോ ഫ്രെയിമും കവിതയാണ്. മരിയ വരയ്ക്കുന്ന ചിത്രങ്ങളിലും ആ കവിത കാണാം. സ്വവർഗാനുരാഗത്തെ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ചിത്രമുണ്ടോ എന്ന് സംശയമാണ്. ഓരോ സംഭാഷണങ്ങളും കവിത പോലെ മനോഹരം.

സ്വാതി ലക്ഷ്മി വിക്രം

സ്വാതി ലക്ഷ്മി വിക്രം

മാധ്യമപ്രവർത്തക. സിനിമ അനുബന്ധ വിഷയങ്ങളിൽ എഴുതുന്നു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *