മൂന്നാറിന്റെ നഗരചരിത്രവും വികസന ചരിത്രവും ഈ പുസ്തകത്തിൻ്റെ വിഷയങ്ങളാണ്. താനുൾപ്പെടെയുള്ള മനുഷ്യരുടെ നൂറ്റാണ്ടിന്റെ അടിമത്ത സമാനമായ ജീവിതത്തിന് കാരണക്കാരായ യൂറോപ്യരായ തോട്ടമുടമകൾ സൃഷ്ടിച്ച പ്രതിസന്ധികളെ സ്ഥിരോത്സാഹം കൊണ്ട് മറികടക്കാൻ കഴിഞ്ഞതും കഴിവും ശാസ്ത്രീയ ചിന്താഗതിയും നുറുങ്ങു വെട്ടം പോലുള്ള നന്മകളും ഈ പുസ്തകം കാണാതെ പോകുന്നില്ല. അതേ സമയം തോട്ടങ്ങൾക്കുള്ളിൽ അതിർത്തി ദൈവങ്ങളെ പ്രതിഷ്ഠിച്ച് തൊഴിലാളികളെ ദൈവങ്ങളുടെ നിരീക്ഷണത്തിൽ നിലനിർത്തി അവർ രക്ഷപ്പെട്ടു പോകുന്നത് തടയാനുള്ള തോട്ടമുടമകളുടെ കുബുദ്ധിയും മലങ്കാട് പറഞ്ഞുപോകുന്നു – പ്രഭാഹരൻ കെ. മൂന്നാറിൻ്റെ ആത്മകഥ മലങ്കാടിൻ്റെ വ്യത്യസ്തമായ വായന, സോഷ്യൽ റിസർച്ചർ ഡോ. ഗീത സുരേന്ദ്രൻ എഴുതുന്നു.
ഇനിയും സ്വതന്ത്രരാവാത്ത തോട്ടം തൊഴിലാളികൾ; മലങ്കാട്, മൂന്നാറിന്റെ ആത്മകഥ

ചരിത്രങ്ങളിൽ ഏറ്റവും ആവേശോജ്ജ്വലമായത് തൊഴിലാളി വർഗ ചരിത്രമാണ്. പ്രഭാഹാരൻ കെ. മൂന്നാറിന്റെ ‘മലങ്കാട്: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആത്മകഥ’ വായിക്കാനെടുക്കുമ്പോൾ മൂന്നാറിലെ തൊഴിലാളികളുടെ സമര ചരിത്രമായിരിക്കും എന്നായിരുന്നു പ്രതീക്ഷ. മലങ്കാടിൽ തൊഴിലാളി സമര ചരിത്രമുണ്ട്, അതിലുപരി മൂന്നാറിൽ തോട്ടങ്ങൾ സ്ഥാപിക്കപ്പെട്ടത് മുതലുള്ള സാമൂഹ്യ ചരിത്രമുണ്ട്, വികസന ചരിത്രമുണ്ട്, ഉള്ളുപൊള്ളിക്കുന്ന ചൂഷണങ്ങളുടെയും മർദ്ദനങ്ങളുടെയും ദാരിദ്ര്യത്തിന്റെയും വിശദാംശങ്ങളുണ്ട്.

ഈ പുസ്തകത്തിന്റെ ഏകദേശ ഘടന ഒരു ഗവേഷണ പ്രബന്ധത്തിൻ്റേതിനു സമമാണ്. ഉപയോഗിച്ചിരിക്കുന്ന ഉപദാനങ്ങൾ അനവധിയാണ്. ആത്മകഥ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയത് കൊണ്ടാവാം ഉപദാനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളെല്ലാം വിവരണങ്ങൾക്കൊപ്പമാണ് നൽകിയിരിക്കുന്നത്. അടിക്കുറിപ്പുകളോ ഗ്രന്ഥ സൂചികയോ നൽകിയിട്ടില്ല. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, തോട്ടങ്ങളിൽ ജീവിക്കുന്നവർ എന്നിവരുടെ ഓർമ്മകളാണ് ഈ പുസ്തകത്തിന്റെ പ്രധാന സ്രോതസ്. കൊളോണിയൽ രേഖകൾ, തോട്ടങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഓഫിസ് രേഖകൾ, നോവലുകൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയും സ്രോസുകളായി ഉപയോഗിച്ചിരിക്കുന്നു. ദീർഘകാലത്തെ അക്ഷീണ പ്രയത്നം ഉപദാന ശേഖരണത്തിന് പിന്നിൽ ഉണ്ടായിരിക്കണം. ഒരേ കാര്യത്തെക്കുറിച്ചുള്ള വാമൊഴി തെളിവുകൾ പലരിൽ നിന്നുമായി ശേഖരിച്ച് വിശ്വാസ്യത ഉറപ്പു വരുത്തുകയും ചെയ്തിരിക്കുന്നു.
മൂന്നാറിലെ തോട്ടം തൊഴിലാളികൾ എവിടെ നിന്ന് വന്നു?
1833ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ അടിമ സമ്പ്രദായം നിർത്തലാക്കിയപ്പോൾ തൊഴിലാളികളെ ലഭിക്കാൻ ബ്രിട്ടീഷുകാർ കണ്ടെത്തിയ മാർഗമാണ് കരാർ സമ്പ്രദായം (indentured labour). ഒരു തുക മുൻകൂറായി നൽകി അഞ്ചോ പത്തോ വർഷത്തേക്ക് തൊഴിലാളികളുമായി കരാറിലേർപ്പെടുന്നു. അവരെ എസ്റ്റേറ്റുകളിൽ താമസിപ്പിച്ച് പണിയെടുപ്പിക്കുന്നു. നിശ്ചിത കാലാവധി കഴിഞ്ഞാലും അവർക്ക് പലപ്പോഴും തിരിച്ചു പോകാൻ കഴിയാറില്ല. മൂന്നാറിലും ഇന്ത്യയുടെ തന്നെ മറ്റു ഭാഗങ്ങളിലുള്ള തോട്ടങ്ങളിലേക്കും ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലേക്കും ബ്രിട്ടീഷുകാർ ഇന്ത്യൻ തൊഴിലാളികളെ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. പ്രവാസികളിൽ (Indian diaspora) നല്ലൊരു ശതമാനവും കരാർ തൊഴിലാളികളുടെ പിന്മുറക്കാരാണ്. പ്രധാനമായും തമിഴ് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഴയ തിരുവിതാംകൂറിൽ നിന്നും കരാർ തൊഴിലാളികളായി ബ്രിട്ടീഷുകാർ കൊണ്ടു വന്നവരാണ് മൂന്നാറിലെ ആദ്യകാല തോട്ടം തൊഴിലാളികൾ. വരൾച്ചയും ദാരിദ്രവും തൊഴിലില്ലായ്മയും അവരെ നാട് വിടാൻ പ്രേരിപ്പിച്ചു.

മർദനങ്ങളുടെയും ചൂഷണങ്ങളുടെയും തുടർക്കഥ അവിടെ തുടങ്ങുന്നു. 1890കളിൽ തനത് വിഭാഗക്കാർ മാത്രം ജീവിച്ചിരുന്ന ഹൈറേഞ്ച് മേഖല, തോട്ടങ്ങൾക്കുപയുക്തമാണെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. ആശയം അവരുടെതായിരുന്നു, പ്രവർത്തികമാക്കിയത് തൊഴിലാളികളും. ദീർഘദൂര സമുദ്രവ്യാപാരത്തിൽ നിന്നും വ്യവസായങ്ങളിൽ നിന്നും ലഭ്യമായ ലാഭം, ഓഹരി വഴിയുള്ള ധനസമാഹരണം, ബാങ്ക് വായ്പ എന്നിവ ഉപയോഗിച്ച് തോട്ടം മേഖലയിൽ വൻ മൂലധന നിക്ഷേപം നടത്തുകയായിരുന്നു തോട്ടമുടമകൾ.
ബ്രിട്ടീഷ് ഭരണകൂടവും ബ്രിട്ടീഷ് മേൽക്കോയ്‌മയ്ക്കു കീഴിലായിരുന്ന പഴയ തിരുവിതാംകൂർ ഭരണാധികാരികളും അവർക്കു വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തു. മൂന്നാറിലെ അനവധിയായ ചായത്തോട്ടങ്ങളും യൂറോപ്പിലേതിന് സമാനമായ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയത് തോട്ടമുടമകളുടെ സൂക്ഷ്മമായ ആസൂത്രണമികവുകൊണ്ടാണ്. അതിനു വേണ്ടി ചോര നീരാക്കിയത് നമ്മുടെ തൊഴിലാളികളും. കോളനിവത്കരണത്തെ ന്യായീകരിക്കാൻ, നാഗരിക ദൗത്യമാണ് (civilizing mission) തങ്ങൾ നിർവഹിക്കുന്നത് എന്ന് പ്രഘോഷിച്ച യൂറോപ്യന്മാർക്ക് ഹിംസാത്മകമായ മാർഗങ്ങൾ ഉപയോഗിച്ച് കരാർ തൊഴിലാളികളെ അടിച്ചമർത്താൻ മടിയുണ്ടായില്ല. അവർ തന്നെ സൃഷ്ടിച്ചെടുത്ത ഇടനിലക്കാരായ കങ്കാണിമാർ ഒട്ടും ദാക്ഷിണ്യമില്ലാതെ അടിച്ചമർത്തലിനു കൂട്ടുനിന്നു. യൂറോപ്പിൽ നിലനിന്നിരുന്ന നവീനാശയങ്ങളെയെല്ലാം സ്വംശീകരിച്ചവർ തന്നെയായിരുന്നു കടൽ കടന്നു വന്ന സംരംഭകരും. എന്നാൽ തുല്യ മനുഷ്യാവകാശങ്ങളുള്ള സമാന മനുഷ്യരായി തൊഴിലാളികളെ കാണാൻ അവർ തയ്യാറായില്ല. അവരുടെ തൊഴിൽ ശക്തിയെ അതിനീചമായി ചൂഷണം ചെയ്യാൻ അവർ മടിച്ചില്ല. ചരിത്രം അത് രേഖപ്പെടുത്തുക തന്നെ ചെയ്തു.

തോട്ടമുടമകളുടെയും തൊഴിലാളികളുടെയും ജീവിതസാഹചര്യങ്ങൾ തമ്മിലുള്ള അന്തരം അതിഭീമമായിരുന്നു. മലമ്പനിയും പട്ടിണിയും രോഗങ്ങളും ഇല്ലാതാക്കിയ തൊഴിലാളി കുടുംബങ്ങളുടെ കണക്കു പോലും ലഭ്യമല്ല. അങ്ങനെ തന്നെയാണ് 1924ലെ മൂന്നാർ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട സാധാരണക്കാരുടെയും എണ്ണം. തീർച്ചയായും സാധാരണക്കാരുടെയും വെള്ളക്കാരുടെയും ജീവന് ഒരേ വിലയുണ്ടെന്ന് അന്ന് ആരും കരുതിയിരുന്നില്ല.
എസ്റ്റേറ്റുകളിൽ വർഗാടിസ്ഥാനത്തിലുള്ള തൊഴിൽ സംഘടനകൾ രൂപമെടുക്കുന്നത് സ്വാതന്ത്ര്യാനന്തര കാലത്താണ്. ആദ്യകാല നേതാക്കൾ തൊഴിലാളികൾക്കിടയിൽ നിന്നുള്ളവരായിരുന്നില്ല. അവരെല്ലാം തമിഴ്‌നാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ വന്ന രാഷ്ട്രീയ പ്രവർത്തകരായിരുന്നു. അവരുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളും സമരവിജയങ്ങളും എസ്റ്റേറ്റ് തൊഴിലാളികളുടെ തൊഴിൽ ചരിത്രത്തിലെ നാഴികക്കല്ലുകൾ തന്നെയായിരുന്നു. പുള്ളക്കഞ്ചി സമരവും മുലപ്പാൽ സമരവും വേറിട്ട സമരങ്ങൾ തന്നെ. പൊമ്പിളൈ ഒരുമൈ സമരകാലത്താണ് സ്ത്രീ നേതൃത്വവും – റോസമ്മ പുന്നൂസ് ഒഴികെ – തൊഴിലെടുക്കുന്നവരുടെ ഇടയിൽ നിന്നുള്ള നേതൃത്വവും ഉരുത്തിരിഞ്ഞു വരുന്നത്. അരാഷ്ട്രീയമായ ഈ തൊഴിലാളി സമരത്തിന് പിന്നിൽ പ്രവർത്തിച്ചത് അവിടെ നിലനിൽക്കുന്ന തൊഴിലാളി യൂണിയനുകളുടെ ദിശാബോധമില്ലായ്മയും അതിലുപരി വർഗ വഞ്ചനയുമാണ്.

മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി എസ്റ്റേറ്റുകളിലെ പ്രത്യേക സാഹചര്യങ്ങൾ, തൊഴിലവകാശങ്ങൾ നേടിയെടുക്കുന്നതിന് മൂന്നാറിലെ തൊഴിലാളികളെ അപ്രാപ്യരാക്കി. 1890കളിൽ തുടങ്ങി 1950 വരെ കിട്ടിക്കൊണ്ടിരുന്ന ഒരണകൂലി ഒരു രൂപ പതിമൂന്നു പൈസയാകാൻ അത്രയേറെ കാലം വേണ്ടി വന്നതും അതു കൊണ്ടാവാം.
അഞ്ചു തലമുറകൾ കുടുംബത്തോടെ എസ്റ്റേറ്റ് ജോലി ചെയ്തിട്ടും ദാരിദ്ര്യം മാത്രമാണ് കൈമുതൽ എന്നതാണ് മൂന്നാറിലെ തൊഴിലാളി കുടുംബങ്ങളുടെ ഇന്നത്തെ സ്ഥിതി. പുറം ലോകത്തേക്ക് കടക്കാൻ ശ്രമിച്ചാൽ തന്നെ പേരും തമിഴ് ഭാഷ സംസാരിക്കുന്നവർ എന്ന പേരിൽ തൊഴിലാളികൾ അന്യവത്കരിക്കപ്പെടുന്നു. സാമൂഹ്യമായ കടമ്പകളും ഏറെ. മൂന്നാറിലെ തോട്ടം തൊഴിലാളി കുടുംബങ്ങളുടെ സവിശേഷമായ പ്രശ്നങ്ങൾ സർക്കാർ തലത്തിൽ പരിഹരിക്കപ്പെട്ട് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള, ആത്മാഭിമാനവും ആത്മ വിശ്വാസവും ഉള്ള ജനതയായി മുന്നാറിലെ മനുഷ്യർ മാറുന്നതെപ്പോഴാണ് ?

മൂന്നാറിന്റെ തൊഴിൽ ഘടനക്കും ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും അനുസൃതമായ ഭക്ഷണ രീതികളും സാംസ്കാരിക ജീവിതവും അവിടെ രൂപപ്പെട്ടു വരുന്നത് ഈ പുസ്തകത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്. തൊട്ടു കിടക്കുന്ന ലയങ്ങളിലെ ജീവിതവും ഒത്തുചേർന്നുള്ള ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം ദുരിതങ്ങൾക്കിടയിലും ജീവിതം അവർക്കു സഹ്യമാക്കി. എങ്കിലും കാലാനുസൃതമായി നവീകരിക്കപ്പെടാത്തതും ഉത്ഗ്രഥിക്കപ്പെടാത്തതുമായിരുന്നു ലയങ്ങളും ലയങ്ങളിലെ ജീവിതങ്ങളും.
ജാതി പരിഗണനകൾ അപ്രധാനമായ സമൂഹമാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ നിലനിൽക്കുന്നത് എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നിലനിൽക്കുന്ന ജാതിസമൂഹങ്ങളിൽ നിന്നും ഒരു പരിച്ഛേദത്തെ മുന്നാറിൽ പ്രതിഷ്ഠിക്കുകയല്ല ചെയ്തിരിക്കുന്നത്. ജാതി വൈവിധ്യം കുറവായ ഒരു കൂട്ടം മനുഷ്യരാണ് മല കയറിവന്നവർ. കാർഷിക സമൂഹത്തിൽ നിലനിന്നിരുന്ന ജാതിയടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനം ഇവിടെ ആവശ്യമില്ലായിരുന്നു. അത്തരം തൊഴിൽ വിഭജനത്തെ നിലനിർത്താനും പുനരുല്പാദിപ്പിക്കാനും ബദ്ധശ്രദ്ധരായിരുന്ന ‘ഉന്നത ജാതി’ക്കാരുടെ അഭാവവും ഈ ജാതി രഹിത സമൂഹങ്ങളുടെ ജനനത്തിനു കാരണമായി. യൂറോപ്യരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന തോട്ടങ്ങളിൽ ജാതി അപ്രസക്തമായിരുന്നു എന്നതും വസ്തുത.
തൊഴിലിലെ ലിംഗവത്കരണം തേയില തോട്ടങ്ങളിൽ സാധാരണമാണ്. ഏറ്റവും പ്രധാന തൊഴിൽ ആയ കൊളുന്തു നുള്ളൽ സ്ത്രീകളുടെ മാത്രം തൊഴിൽ ആയി കണക്കാക്കപ്പെടുന്നു. സ്ത്രീ തൊഴിലാളികൾ തോട്ടങ്ങളുടയും കുടുംബങ്ങളുടെയും നട്ടെല്ലായി പ്രവർത്തിക്കുന്നു.

വിമോചനത്തിനുള്ള മാർഗം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിവ് തോട്ടം തൊഴിലാളികൾക്ക് ഉണ്ടെങ്കിലും അത് അവർക്കു സാധ്യമല്ല. ഇതിനായുള്ള ശ്രമത്തിൽ ജാതി സർട്ടിഫിക്കറ്റ് പോലുള്ള കടമ്പകൾ താണ്ടണമെന്നതും കുട്ടികളെ ദൂരെ അയച്ച് പഠിപ്പിക്കുമ്പോൾ കടക്കാരാകേണ്ടി വന്നതും കടം തിരിച്ചു കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യേണ്ടി വന്നതും പുറംലോകം അറിയുന്നില്ല. ചായത്തോട്ടങ്ങളിലെ ജീവിതം വാർത്തയാകുന്നത് പെട്ടിമുടിയിലേതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ്.
മൂന്നാറിന്റെ ഭൂമിശാസ്ത്രം അത്ഭുതാവഹമാം വിധം ഗ്രന്ഥകാരന് ഹൃദിസ്ഥമാണ്. അതിനെ പഴംതമിഴ് പാട്ടുകളുടെ കാലത്തോളം കൂട്ടിക്കൊണ്ടു പോകാനും അദ്ദേഹത്തിന് കഴിയുന്നു. തോട്ടങ്ങളിൽ കാണപ്പെടുന്ന മഹാശിലാസ്മാരകങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് പുസ്തകത്തിൽ. ഈ സ്മാരകങ്ങൾക്കപ്പുറം പൂർണമായ വിശദാംശങ്ങൾ മഹാശിലാ കാലത്തെക്കുറിച്ചു ഇന്നും മറഞ്ഞു കിടക്കുകയാണ്. ചരിത്രപരമായ ധാരാളം പരാമർശങ്ങൾ സാഹിത്യകൃതികളിൽ നിന്നും പുരാവസ്തു ഗവേഷണങ്ങളെ ആസ്പദമാക്കിയും ഈ പുസ്തകത്തിൽ കാണാം. മൂന്നാറിനെ കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ സഞ്ചയമാണ് ‘മലങ്കാട്.

മൂന്നാറിന്റെ നഗരചരിത്രവും വികസന ചരിത്രവും ഈ പുസ്തകത്തിൻ്റെ വിഷയങ്ങളാണ്. താനുൾപ്പെടെയുള്ള മനുഷ്യരുടെ നൂറ്റാണ്ടിന്റെ അടിമത്ത സമാനമായ ജീവിതത്തിന് കാരണക്കാരായ യൂറോപ്യരായ തോട്ടമുടമകൾ സൃഷ്ടിച്ച പ്രതിസന്ധികളെ സ്ഥിരോത്സാഹം കൊണ്ട് മറികടക്കാൻ കഴിഞ്ഞതും കഴിവും ശാസ്ത്രീയ ചിന്താഗതിയും നുറുങ്ങു വെട്ടം പോലുള്ള നന്മകളും ഈ പുസ്തകം കാണാതെ പോകുന്നില്ല. അതേ സമയം തോട്ടങ്ങൾക്കുള്ളിൽ അതിർത്തി ദൈവങ്ങളെ പ്രതിഷ്ഠിച്ച് തൊഴിലാളികളെ ദൈവങ്ങളുടെ നിരീക്ഷണത്തിൽ നിലനിർത്തി അവർ രക്ഷപ്പെട്ടു പോകുന്നത് തടയാനുള്ള തോട്ടമുടമകളുടെ കുബുദ്ധിയും മലങ്കാട് പറഞ്ഞുപോകുന്നു.
ബൃഹത്തായ ഈ പ്രാദേശിക ചരിത്രം ഗ്രന്ഥകർത്താവ് താനുൾപ്പെട്ട ജനതയ്ക്കു സമർപ്പിക്കുന്ന വിലമതിക്കാനാവാത്ത സമ്മാനമാണ്. മൂന്നാറിലെ സാധാരണ മനുഷ്യരുടെ കണ്ണീരും വിയർപ്പും പുരണ്ട ചരിത്രം രചിക്കപ്പെട്ടിരിക്കുന്നു. സമഗ്രതയാണ് ഈ പുസ്തകത്തിൻ്റെ കാതലായ സ്വഭാവം. അതിനു പിന്നിലെ സമർപ്പണവും അക്ഷീണ പ്രയത്നവും ഓരോ അധ്യായവും പ്രതിഫലിപ്പിക്കുന്നു.