ഓരോ സമയത്ത് തിരപോലെ വന്നുമൂടുന്ന രാഷ്ട്രീയ വൈരുധ്യങ്ങളുടെ നടുക്കുനിന്ന് പതറാതെ, കാലിടറാതെ, കണ്ണ് ചിമ്മാതെ ലക്ഷ്യം കണ്ടുപിടിക്കാനും ഭേദിക്കാനും കഴിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ശത്രുവിനെയും അയാളുടെ ശക്തിദൗർബല്യങ്ങളെയും പോലെത്തന്നെ സ്വന്തം ആയുധങ്ങളും അതിന്റെ ശക്തിയും തിരിച്ചറിയുമായിരുന്ന കമ്യൂണിസ്റ്റ്. മനുഷ്യരുടെ വിമോചനപ്പോരാട്ടത്തിൽ പാർട്ടി തന്റെ ഉപകരണമാണെന്നു മനസിലാക്കുന്നതു പോലെതന്നെ താനും താനുൾപ്പെടുന്ന പാർട്ടിയും എല്ലാ മനുഷ്യരുടേയും ഉപകരണങ്ങളാണെന്നു മനസിലാക്കാനുള്ള വിവേചന ശക്തിയുടെ ഉടമയായിരുന്നു എന്നതാണ് വി എസിനെ വേറിട്ടുനിർത്തുന്നത് – വി. എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെ, സ്വാതന്ത്ര്യമോഹിയെ അടയാളപ്പെടുത്തുന്നു കെ.ജെ ജേക്കബ്.
താനെന്തിനു കമ്യൂണിസ്റ്റായി ? ഉത്തരം വിഎസിന് അറിയാമായിരുന്നു

കേരള നവോത്ഥാന സമരം ഒരു ടേക്ക് ഓഫ് പോയിന്റിലെത്തിനിൽക്കുന്ന സമയത്താണ്, 1923-ൽ വി എസ് ജനിക്കുന്നത്. അപ്പോഴേക്കും ശ്രീനാരായണഗുരുവും അയ്യൻ കാളിയും പൊയ്കയിൽ അപ്പച്ചനും കുരിയാക്കോസ് ഏലിയാസച്ചനും നമ്പൂതിരി യോഗക്ഷേമസഭയും എൻഎസ്എസുമൊക്കെ കേരളത്തെ വിഭിന്നമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു തുടങ്ങിയിരുന്നു. വി എസ് ജനിച്ചു കൊല്ലം ഒന്നായപ്പോൾ “പട്ടിയ്ക്കും പൂച്ചയ്ക്കും നടക്കാവുന്ന” വൈക്കം മഹാദേവക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയിലൂടെ എല്ലാ “മനുഷ്യർക്കും” നടക്കാൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈക്കം സത്യാഗ്രഹം തുടങ്ങി. നമ്മളിൽ ചിലർ ഇപ്പോൾ ഇതെന്തു കൂത്ത് എന്ന് ആ ആവശ്യത്തെക്കുറിച്ചു അമ്പരക്കും.

അച്ഛനുമമ്മയും നഷ്ടമായി പട്ടിണി സഹിക്കവയ്യാതെ പതിനൊന്നാം വയസ്സിൽ വി എസ് പള്ളിക്കൂടത്തിൽ പോക്ക് നിർത്തിയിട്ട് ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞപ്പോഴാണ് എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ ദർശനത്തിനു അവകാശം നൽകുന്ന ക്ഷേത്ര പ്രവേശന വിളംബരം 1936-ൽ തിരുവിതാംകൂർ മഹാരാജാവ് പുറപ്പെടുവിക്കുന്നത്.

രണ്ടോ മൂന്നോ കൊല്ലം ചേട്ടൻ്റെ ജവുളിക്കടയിൽ സഹായിയായി നിന്നതിന് ശേഷമാണ്, അതുകൊണ്ടു ദാരിദ്ര്യം തീരുന്നില്ല എന്ന് കണ്ടപ്പോൾ, ആസ്പിൻവോൾ കമ്പനിയിൽ വി എസ് തൊഴിലാളിയാകുന്നതും പി. കൃഷ്ണപിളളയുടെ കണ്ണിൽപ്പെടുന്നതും. 1940-ൽ, 17-ആം വയസ്സിലാണ് വി എസ് “എന്റെ പാർട്ടി” എന്ന് പറഞ്ഞ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്.
മുതലാളിയെ തംബ്രാന്ന് വിളിപ്പിക്കുന്ന, കുഴികുത്തി അതിൽ പാളകൊണ്ടോ ഇലകൊണ്ടോ ഒരു കുമ്പിൾ കുത്തി തൊഴിലാളിയ്ക്കു കഞ്ഞി വീഴ്‌ത്തുന്ന പരിപാടി ഏറ്റക്കുറിച്ചിലോടെ ഇന്ത്യയിൽ പല ദിക്കിലും ഇന്നും തുടരുന്നുണ്ട് എന്നോർക്കുമ്പോൾ വൃദ്ധയായ ആ സ്ത്രീ വി എസിനെ ഓർത്തുപറഞ്ഞത് നമുക്ക് മെച്ചപ്പെട്ട രീതിയിൽ മനസിലാകും. എന്തായിരുന്നു കേരളത്തിന്റെ മാറ്റം, എന്തായിരുന്നു അതിൽ വി എസിൻ്റെ എളിയ പങ്കാളിത്തം എന്ന ചോദ്യത്തിനുത്തരം അതിലുണ്ട്: തംബ്രാനെന്നു വിളിപ്പിച്ചില്ല, പാളയിൽ കഞ്ഞി കുടിപ്പിച്ചില്ല. എന്തോ വലിയ കാര്യം എന്നാശ്ചര്യപ്പടുന്നവർ ഉണ്ടാകും. അതൊക്കെ മാറ്റമാണെന്നു അംഗീകരിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുന്നവരും.
തലമുറകൾ സമരം ചെയ്തു സ്വാതന്ത്ര്യം നേടിയ ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാഗമായി കേരളത്തെ എല്ലാകാലത്തേക്കും നിലനിർത്താനാവശ്യമായ രാഷ്ട്രീയാടിത്തറ തൊഴിലാളികൾ സ്വന്തം ശരീരവും രക്തവും കൊണ്ട് കെട്ടിയുറപ്പിച്ച, കേരളത്തെ കേരളമാക്കി മാറ്റുകയും അതിന്റെ രാഷ്ട്രീയസ്വഭാവത്തിന്റെ അതിരുകൾ എക്കാലത്തേക്കുമായി നിശ്ചയിക്കുകയും ചെയ്ത പുന്നപ്ര വയലാർ സമരത്തിന്റെ സംഘടകരിലൊരാളായി മാറുമ്പോൾ വി എസിൻ്റ പ്രായം 23. അതില്ലായിരുന്നെകിലും കേരളം ഇന്ത്യയുടെ ഭാഗമാകുമായിരുന്നില്ലേയെന്നു ചോദിക്കുന്നവരുണ്ടാകും.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മഴ തോർന്നിട്ടും പെയ്യാനാഗ്രഹിച്ച മരങ്ങൾ ഇന്ത്യയിലെമ്പാടും ഉണ്ടായിരുന്നു എന്നും അവയൊക്കെ പുന്നപ്ര-വയലാറിനേക്കാൾ വലിയ ദുരന്തമാണ് ആ നാട്ടിലെ മനുഷ്യർക്ക് സമ്മാനിച്ചത് എന്ന ചരിത്രമറിയുന്നവർക്കു തങ്ങൾക്കുവേണ്ടിയല്ലാതെ സ്വന്തം ചോരയൂറ്റികൊടുത്ത് വി എസിനെക്കാൾ മുൻപ് വലിയ ചുടുകാട്ടിലെത്തി അന്തിയുറങ്ങുന്ന വി എസിന്റെ പഴയ സഖാക്കളെ ഓർക്കാം. ഇതിലൊക്കെയെന്ത് എന്ന് പുച്ഛിക്കുന്നവർക്കു അതുമാകാം.

ഒരു നൂറ്റാണ്ടോളം നീണ്ട കേരള നവോത്ഥാന ചരിത്രത്തിന്റെ അതിഗംഭീര അധ്യായമായി മാറുകയും അതുണ്ടാക്കിയ മാറ്റങ്ങളെ മനുഷ്യരുടെ ജീവിതങ്ങളെ ഗുണപരമായി പരിവർത്തിപ്പിക്കാനാവശ്യമായ നയങ്ങളും പരിപാടികളുമായി പരിവർത്തിപ്പിക്കുകയും ചെയ്ത ഒരു സർക്കാരിനെ സൃഷ്‌ടിച്ച 1957-ലെ നിയമസഭാ തെരഞ്ഞെടുപ്പോർക്കുക. മുഴുവൻ കമ്യൂണിസ്റ്റുകളും സ്വപ്നം കാണുകയും സെക്രട്ടറിയായിരുന്ന സി അച്യുതമേനോൻ കൈകൊണ്ടു എഴുതിയുണ്ടാക്കുകയും ചെയ്ത രേഖപോലെ “ഐശ്വര്യപൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ” മനുഷ്യർ വരിനിന്ന് ഒരു കമ്യൂണിസ്റ്റ് സർക്കാരിനെ തെരഞ്ഞെടുത്തപ്പോൾ പാർട്ടിയ്ക്ക് കിട്ടിയ 63 സീറ്റിൽ ഒമ്പതെണ്ണം സംഭാവന ചെയ്ത ആലപ്പുഴയിലെ പാർട്ടിയുടെ അമരക്കാരനായിരുന്നു വി എസ്, വയസ്സ് 33. ആ സർക്കാരിനെ ഉറപ്പിച്ചുനിർത്തിയ ദേവികുളം ഉപതെരഞ്ഞെടുപ്പു ജയിപ്പിക്കാൻ പാർട്ടിയുടെ സംഘാടകനും.
കാർഷികബന്ധ-വിദ്യാഭ്യാസ ബില്ലുകളും, അന്നുവരെ കാണാത്ത ഭരണ നടപടികളും വഴി കേരളത്തിലെ മനുഷ്യരുടെ ജീവിതങ്ങളെ അടിമുടി മാറ്റാൻ അടിത്തറയിട്ട ആ സർക്കാരിനെപ്പറ്റി വിമോചനസമരത്തിന്റെ വിഷപ്പുകയേറ്റ തലച്ചോറുകൾക്കു “ഇതൊക്കെയെന്ത്” എന്ന് ഇന്നും ആശ്ചര്യപ്പെടാം. അതിന്റെ ഗുണഫലമനുഭവിച്ച കോടിക്കണക്കായ സാധാരണക്കാർക്കു പക്ഷെ അത് പറ്റില്ലല്ലോ.

അവിടെ നിന്നിങ്ങോട്ട് കേരളത്തെ മാറ്റിയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും മുൻനിരയിൽ വി എസുണ്ടായിരുന്നു. കാർക്കശ്യക്കാരനായ കമ്യൂണിസ്റ്റ് പാർട്ടി നേതാവായും പ്രവർത്തന രീതി പാടെ മാറ്റിയ പ്രതിപക്ഷ നേതാവായും ദീർഘ വീക്ഷണത്തോടെയുള്ള പരിപാടികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്ത മന്ത്രിസഭയുടെ തലവനായുമൊക്കെ.
ഹിന്ദുത്വ ശക്തികൾ ശ്രീനാരായണ പ്രസ്‌ഥാനത്തെ കൈക്കോടാലിയാക്കി കേരളത്തെയും ഇടതുമുന്നണിയേയും ഇല്ലാതാക്കാൻ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നടത്തിയ ശ്രമങ്ങളെ ഒരു മഹാമേരുവിനെപ്പോലെ ഉയർന്നു നിന്ന് പ്രതിരോധിക്കുക മാത്രമല്ല, ഇടതുപക്ഷത്തിന്റെ കൈയിൽ കേരളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകകൂടി ചെയ്‌തിട്ടു പോയി ചാരുകസേരയിലിരുന്നാണ് “എന്റെ കൂടി എളിയ പങ്കാളിത്തത്തിൽ മാറ്റിമറിക്കപ്പെട്ട കേരള സമൂഹ”ത്തെപ്പറ്റി വി എസ് എഴുതുന്നത്.

തനിക്കു ബാക്കിയുള്ള ഉത്തരവാദിത്തത്തെപ്പറ്റി നല്ല ധാരണയുണ്ടായിട്ടു തന്നെയാണ് ആ തെരഞ്ഞെടുപ്പിൽ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ വി എസ് ഒരു കൊടുങ്കാറ്റുപോലെ നാടുമുഴുവൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അപ്പോഴും, ദീർഘമായ ജീവിതത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങളിലൊന്നുമാത്രമായിരുന്നു അത്. കേവലമായ സ്വത്വം പോലും നിഷേധിക്കപ്പെട്ട മനുഷ്യരെ ഒരു കൊടിക്കും പ്രസ്‌ഥാനത്തിനും പിന്നിൽ അണിനിരത്തി അവരുടെ ജീവിതം ഇനിയോർക്കേണ്ടാത്തവിധം മാറ്റിത്തീർത്തിക്കാനാവശ്യമായ യുദ്ധം അതിനോടകം വി എസ് വിജയകരമായി നടത്തിക്കഴിഞ്ഞിരുന്നു; ഇളമുറക്കാർക്ക് ഇനി അത് പ്രതിരോധിക്കുകയെ വേണ്ടൂ. അതിനു ഒരു കൈ സഹായം.
“എന്റെ പാർട്ടി” എന്ന് വി എസ് പറയുന്ന പാർട്ടിയിൽ പല സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും വഹിച്ചിരുന്നപ്പോഴും തനിക്കുചുറ്റുമുള്ള മനുഷ്യരുടെ ജീവിതം മെച്ചപ്പെട്ടതാക്കിത്തീർക്കാനുള്ള ഉപകരണമായാണ് ഏതൊരു കമ്യൂണിസ്റ്റിനെപ്പോലെയും വി എസ് പാർട്ടിയെ കണ്ടത്. ആ പ്രക്രിയയ്ക്കിടയിൽ പലപ്പോഴും പാർട്ടിയുമായി അയാൾ കലഹിച്ചിട്ടുണ്ട്, എടുക്കാവുന്നതിന്റെ പരമാവധി സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്, ചിലപ്പോഴെങ്കിലും കോമ്രേഡ്ഷിപ്പ് മറന്നിട്ടുണ്ട്. അപ്പോഴും ഒരിക്കലും അയാൾ പാർട്ടിയെ എതിർത്തിട്ടില്ല. തള്ളിപ്പറഞ്ഞിട്ടില്ല. പറയില്ല. താനെന്തിനു കമ്യൂണിസ്റ്റായി എന്നയാൾക്കറിയാമായിരുന്നു.

ഓരോ സമയത്തു തിരപോലെ വന്നുമൂടുന്ന രാഷ്ട്രീയ വൈരുധ്യങ്ങളുടെ നടുക്കുനിന്നു പതറാതെ, കാലിടറാതെ, കണ്ണ് ചിമ്മാതെ ലക്ഷ്യം കണ്ടുപിടിക്കാനും ഭേദിക്കാനും കഴിഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ശത്രുവിനെയും അയാളുടെ ശക്തിദൗർബല്യങ്ങളെയും പോലെത്തന്നെ സ്വന്തം ആയുധങ്ങളും അതിന്റെ ശക്തിയും തിരിച്ചറിയുമായിരുന്ന കമ്യൂണിസ്റ്റ്. മനുഷ്യരുടെ വിമോചനപ്പോരാട്ടത്തിൽ പാർട്ടി തന്റെ ഉപകരണമാണെന്നു മനസിലാക്കുന്നതു പോലെതന്നെ താനും താനുൾപ്പെടുന്ന പാർട്ടിയും എല്ലാ മനുഷ്യരുടേയും ഉപകരണങ്ങളാണെന്നു മനസിലാക്കാനുള്ള വിവേചന ശക്തിയുടെ ഉടമയായിരുന്നു എന്നതാണ് വി എസിനെ വേറിട്ടുനിർത്തുന്നത്. അതുകൊണ്ടാണ് തന്റെയോ പാർട്ടിയുടേയോ സമൂഹത്തിന്റെയോ ലക്ഷ്യങ്ങളിൽനിന്നു വിഭിന്നമായ ലക്ഷ്യങ്ങളുള്ളവരെ വഴിയിലുപേക്ഷിക്കാൻ വി എസിന് കഴിഞ്ഞത്. ലക്ഷ്യത്തിലുറപ്പിച്ച മനസ്സും കരളുറച്ച പോരാട്ടവീര്യവുമായി നിൽക്കുന്നതുകൊണ്ടാണ് പരാജയം ഭക്ഷിച്ചു ജീവിക്കാനും കർമ്മഫലത്തെക്കുറിച്ചു ആധിപ്പെടാതെ കർമ്മത്തിൽ മുഴുകാനും അയാൾക്കായത്.

അവസാനം, വലിയ ചുടുകാട്ടിലെ പഴയ സമരസഖാക്കൾ എന്തിനുവേണ്ടി സ്വന്തം ചോരയൂറ്റിക്കളഞ്ഞുവോ അവർക്കുവേണ്ടിക്കൂടി ആ ലക്ഷ്യം നേടി വിജിഗീഷുവായി വി എസും അവിടെയെത്തി, വിശേഷങ്ങൾ പങ്കുവയ്ക്കാൻ. ജാതിവെറിയും മനുസ്‌മൃതിയും അവയുടെ അനന്തവൈകൃതങ്ങളും ഒഴുകിപ്പരന്നു ഭ്രാന്താലയമായിരുന്ന കേരളത്തെ ആ ചേറിൽനിന്ന് കുത്തിയെടുത്ത് മടകെട്ടി സംരക്ഷിച്ച് മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന നാടാക്കാൻ ജീവിതം മാറ്റിവച്ച മഹാമനുഷ്യരിൽ എല്ലുറപ്പും പേശിയുറപ്പും തലപ്പൊക്കവുമുള്ളയൊരാൾ കൂടി പണിയായുധങ്ങളെ, പാർട്ടിയെ കണ്ണും കരളും പകുത്തുനൽകാൻ തയ്യാറായി വന്ന ഇളമുറക്കാർക്ക് കൈമാറി മടങ്ങി.
ആ കാഴ്ച കണ്ട്, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്നവർ നിലവിളിക്കുന്നത് കേട്ട്, അയാൾ നടന്നുവന്ന വഴികളിലേക്കൊന്നെത്തിനോക്കുമ്പോൾ എനിക്കിവിടെ നിന്നു കാണാൻ ഈ കാഴ്ചയേയുള്ളൂ:
നിറയെ ചുവന്ന പൂക്കൾ, പാതയിൽ സമരങ്ങൾ തൻ മുദ്രകൾ. എന്റെയൊരു റോസാപ്പൂവുകൂടി.
വിട.