കമ്മ്യൂണിസ്റ്റുകാർക്ക് മരണാനന്തര ജീവിതമുണ്ട് പക്ഷേ, അത് അയാൾ ഒറ്റക്കല്ല നയിക്കുന്നത്

കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓർമ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഊർജ്ജമായും പോരാട്ടങ്ങൾക്ക് കരുത്തായും അവർ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ. ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാൻ പോകുന്നു – എം.ബി രാജേഷ് എഴുതുന്നു

മ്മ്യൂണിസ്റ്റുകാർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരല്ല. പരലോക സ്വർഗത്തിനായി ജീവിക്കുന്നവരുമല്ല. ഇ.എം.എസിൻ്റെ വാക്കുകളിൽ പറഞ്ഞാൽ ഇഹലോകത്ത് ചൂഷണമുക്തമായ, സ്വർഗതുല്യമായ സമൂഹം നിർമ്മിക്കാൻ പ്രവർത്തിക്കുന്നവരാണവർ. എന്നാൽ കമ്മ്യൂണിസ്റ്റുകാർക്കും ഒരു മരണാനന്തര ജീവിതമില്ലേ?

ജനലക്ഷങ്ങൾ ഒഴുകിയെത്തിയ വി എസിൻ്റെ വിലാപയാത്രയാണ് ഒരു കമ്മ്യൂണിസ്റ്റിൻ്റെ മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ നാൽപത്തിയെട്ടുമണിക്കൂർ നേരം കോടിക്കണക്കിന് കണ്ഠങ്ങൾ ഏറ്റവും കൂടുതൽ ഉച്ചരിച്ചത് രണ്ടക്ഷരങ്ങൾ മാത്രമാണ്. കേരളത്തിൻ്റെ കണ്ണും കരളും ഈ മണിക്കൂറുകളിൽ കവർന്നതും ആ രണ്ടക്ഷരം തന്നെ. എല്ലാ ഊടുവഴികളിലൂടെയും മനുഷ്യരൊഴുകിയെത്തിയത് ആ ചുരുക്കെഴുത്തിനായി തങ്ങളുടെ നെഞ്ചിൽ കരുതിവെച്ച സ്നേഹത്തിൻ്റെ റോസാ പുഷ്പങ്ങൾ സമർപ്പിക്കാനാണ്.

എല്ലാ ഊടുവഴികളിലൂടെയും മനുഷ്യരൊഴുകിയെത്തിയത് ആ ചുരുക്കെഴുത്തിനായി തങ്ങളുടെ നെഞ്ചിൽ കരുതിവെച്ച സ്നേഹത്തിൻ്റെ റോസാ പുഷ്പങ്ങൾ സമർപ്പിക്കാനാണ്

അവർ വിളിച്ച മുദ്രാവാക്യം ശ്രദ്ധിച്ചോ? “ആരു പറഞ്ഞു മരിച്ചെന്ന്? ജീവിക്കുന്നു ഞങ്ങളിലൂടെ.” അവസാന കമ്യൂണിസ്റ്റ് ” എന്ന് വിശേഷിപ്പിച്ച് അനുശോചിച്ചതാണെന്ന വ്യാജേന വിഎസിനെയും അദ്ദേഹത്തിൻ്റെ പ്രസ്ഥാനത്തേയും ഈ മരണ വേളയിൽ പോലും നിന്ദിക്കാൻ ശ്രമിക്കുന്നവർക്കെല്ലാമുള്ള മറുപടിയാണ് പാതിരയും പെരുമഴയും കൂസാതെ തെരുവുകളിലൊഴുകിപ്പരന്ന ജനലക്ഷങ്ങൾ നൽകിയത്.

ജീവിക്കുന്നു ഞങ്ങളിലൂടെയെന്നാൽ വി എസ് ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രം ഞങ്ങളിലൂടെ ജീവിക്കുമെന്നാണവർ പറയുന്നത്. ആ പ്രത്യയശാസ്ത്രം വി എസിനൊപ്പം മരിക്കുമെന്നല്ല. ഇല്ല ഇല്ല മരിക്കില്ല എന്നാണ്. അവരിൽ ആരെല്ലാമുണ്ടെന്ന് നാം കണ്ടില്ലേ? സ്ത്രീകൾ, കുട്ടികൾ, യുവസഹസ്രങ്ങൾ, പാടത്ത് പണിയെടുക്കുകയും കയറുപിരിക്കുകയും തൊണ്ടുതല്ലുകയും ചുമടെടുക്കുകയും വാഹനമോടിക്കുകയും ഫാക്ടറിയിൽ പണിയുകയും ചെയ്യുന്നവർ മുതൽ സർക്കാരോഫീസുകളിലും ഐടി പാർക്കുകളിലും വരെ അദ്ധ്വാനിക്കുന്നവർ.

അവർ വിളിച്ച മുദ്രാവാക്യം ശ്രദ്ധിച്ചോ? “ആരു പറഞ്ഞു മരിച്ചെന്ന്? ജീവിക്കുന്നു ഞങ്ങളിലൂടെ” എന്നായിരുന്നു അത്

ആബാലവൃദ്ധം. വി എസിനെ അറിഞ്ഞവർ, പ്രസംഗം കേട്ടവർ, കണ്ടവർ, കണ്ടിട്ടേയില്ലാത്തവർ, കേട്ടറിഞ്ഞവർ എന്നിങ്ങനെ എല്ലാവരും. തലമുറകളുടെ അന്തരം എന്ന വാദത്തെ അപ്രസക്തമാക്കിയ ജീവിതം പോലെ വി എസിൻ്റെ മരണവും. ആറു വർഷമെങ്കിലുമായി കാണാനോ കേൾക്കാനോ കഴിഞ്ഞിട്ടില്ലാത്ത ഒരാൾ ഇത്രമേൽ മലയാളിയുടെ ഓർമ്മയിൽ ഇരമ്പിയെത്തിയതിന് കാരണം ഒന്നേയുള്ളു. ഒരു നൂറ്റാണ്ടു കവിഞ്ഞ ആ വിപ്ലവജീവിതത്തിനോടുള്ള അളവറ്റ ആദരവും അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള അഭിനിവേശവും.

അതെ, കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. പരലോകത്തല്ല. ഇവിടെ ഈ ലോകത്തുതന്നെ. മനുഷ്യരുടെ ഓർമ്മയിലും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഊർജ്ജമായും പോരാട്ടങ്ങൾക്ക് കരുത്തായും അവർ മരിക്കാതെ നമുക്കൊപ്പവും നമുക്കുശേഷവുമൊക്കെ ചരിത്രത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. തലമുറകളുടെ അന്തരമൊട്ടുമില്ലാതെ. ചെഗുവേരയുടെ മരണാനന്തര ജീവിതം പോലെ. കൃഷ്ണപിള്ളയും എകെജിയും ഇ എം എസും നായനാരും എന്ന പോലെ വി എസും മരണാനന്തരം ജീവിക്കാൻ പോകുന്നു.

ആബാലവൃദ്ധം. വി എസിനെ അറിഞ്ഞവർ, പ്രസംഗം കേട്ടവർ, തലമുറകളുടെ അന്തരം എന്ന വാദത്തെ അപ്രസക്തമാക്കിയ ജീവിതം പോലെ വി എസിൻ്റെ മരണവും

ജനലക്ഷങ്ങളെ വർഗ്ഗ രാഷ്ട്രീയത്തിൻ്റെ ത്യാഗസുരഭിലവും ധീരോദാത്തവുമായ ചരിത്രവും ‘നമ്മളെങ്ങനെ നമ്മളായെന്നും ഓർമ്മിപ്പിക്കുന്ന’ രാഷ്ട്രീയ വിദ്യാഭ്യാസ ജാഥയാക്കി മരണാനന്തര വിലാപയാത്രയെയും മാറ്റിയിട്ടാണ് വി എസ് വിടവാങ്ങുന്നത്. (ജ്യോതിബസുവിൻ്റെയും സീതാറാം യെച്ചൂരിയുടേയും ശരീരവും തലച്ചോറും വരെ മെഡിക്കൽ വിദ്യാർത്ഥികൾ പഠിക്കുന്നതും ഒരു മരണാനന്തര ജീവിതമാണ്. മരിച്ച കമ്യൂണിസ്റ്റുകാരുടെ ജീവിതവും ശരീരവുമെല്ലാം വരും തലമുറകൾക്ക് പാഠപുസ്തകമാകുന്നു. ജീവിതം കൊണ്ടെന്ന പോലെ മരണത്തിലും അവർ സമൂഹത്തിന് പ്രയോജനപ്പെടുന്നു) കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. അത് പക്ഷേ മരിച്ചവരൊറ്റക്കല്ല നയിക്കുക , ജനലക്ഷങ്ങളാണ്. വി എസ് ലയിച്ച ഈ വലിയ ചുടുകാട്ടിൽ അന്ത്യനിദ്ര കൊള്ളുന്ന രക്തസാക്ഷികളടക്കമുള്ള കമ്യൂണിസ്റ്റുകാരെല്ലാം മരണാനന്തരം ജീവിക്കുന്നവരാണ്.

കമ്മ്യൂണിസ്റ്റുകാർക്കും മരണാനന്തര ജീവിതമുണ്ട്. അത് പക്ഷേ മരിച്ചവരൊറ്റക്കല്ല നയിക്കുക , ജനലക്ഷങ്ങളാണ്

മാർക്സിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനുണ്ടായത് വെറും പതിനൊന്ന് പേർ മാത്രമായിരുന്നല്ലോ. അന്നും പലരും ആശ്വസിച്ചു കാണും മാർക്സിനോടൊപ്പം മാർക്സിസം അവസാനിക്കുമെന്ന്. എന്നാൽ അവസാനിക്കുകയല്ല മാർക്സിനുശേഷം ജനകോടികൾ ആ ദർശനം ഹൃദയത്തിലേറ്റ് വാങ്ങുകയായിരുന്നല്ലോ. ഓരോ കമ്മ്യൂണിസ്റ്റുകാരനെ കൊല്ലുമ്പോഴും അവൻ മരിക്കുമ്പോഴും ചിലർ ഇതവസാനത്തേതാണെന്ന് കരുതിയിട്ടുണ്ട്. പക്ഷേ ഓരോ തുള്ളി ചോരയിൽ നിന്നും ഓരോ ഓർമ്മച്ചിതയിൽ നിന്നും ഒരായിരം പേരുയർന്നതാണല്ലോ ചരിത്രം.

അതിനാൽ വി എസ് അവസാന കമ്യൂണിസ്റ്റല്ല. അവസാനിക്കാത്ത കമ്യൂണിസ്റ്റ് ചരിത്രത്തിൻ്റെ പതാകയേന്തുന്ന അണമുറിയാത്ത ജനസഞ്ചയത്തിൻ്റെ പ്രതീകമാണ്.

എം.ബി രാജേഷ്

എം.ബി രാജേഷ്

എക്സൈസ് വകുപ്പ് മന്ത്രി

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *