വ്യാജമായ സുരക്ഷിത്വം എന്ന തോന്നലിൽ നിന്ന് പുറത്ത് കടന്ന് മതം പറഞ്ഞ് തുടങ്ങി എന്നതാണ് കാന്തപുരം കാണിച്ച ധൈര്യം. രാഷ്ട്രീയക്കാർക്ക് മേധാവിത്വമുള്ള മത ഇടങ്ങളിൽ നിന്ന് അവർ ഇറങ്ങണം എന്നായിരുന്നു നിലപാട്. അല്ലെങ്കിൽ സമൂഹത്തിലെ എല്ലാ പൊതുപ്രവർത്തകരോടും മതനേതൃത്വം ഒരേ സമീപനം സ്വീകരിക്കണം. പ്രത്യേകമായൊരു ‘സുരക്ഷിതത്വം’ വ്യാജമായി ഉണ്ടാക്കി ഒരു കൂട്ടർ മതത്തിലും രാഷ്ട്രീയത്തിലും വമ്പന്മാരാകേണ്ടതില്ല എന്ന് കാന്തപുരം നിലപാട് എടുത്തു.
കാന്തപുരം ; സാമുദായിക രാഷ്ട്രീയത്തിന്റെ അകത്തിരിക്കാതെ പൊതു ഇടങ്ങളിലേക്കിറങ്ങിവന്ന ഇന്ത്യൻ പൗരൻ

മത,ജാതി,വർഗ,ദേശ വ്യത്യാസങ്ങളില്ലാതെ വലിയ ആലോചനകളോ നിരീക്ഷണങ്ങളോ നിരൂപണങ്ങളോ ഇല്ലാതെ കാന്തപുരത്തിന് കിട്ടി കൊണ്ടിരിക്കുന്ന സല്യൂട്ടിന്റെ അടിസ്ഥാനമെന്താണ്? മതത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ഇല്ലാത്ത ഇസ്ലാമോഫോബിക് ആയൊരു സാഹചര്യത്തിൽ പൊതുമണ്ഡലത്തെ കാര്യമായി തൃപ്തിപ്പെടുത്തുന്നുണ്ട് എന്ന് തോന്നാത്ത വിധം സാമുദായിക വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന കാന്തപുരത്തിന് ലഭ്യമാവുന്ന സാമൂഹിക അംഗീകാരം എടുത്ത് പറയേണ്ടതാണ്. തെക്ക് നിന്നും വടക്ക് നിന്നും കാന്തപുരം ഉസ്താദിന് സ്നേഹം ലഭിക്കുന്നു. മുസ്ലിങ്ങൾക്ക് പുറത്തുള്ള ജനവിഭാഗങ്ങളിൽ നിന്ന് ഇഷ്ടവും ആദരവും ലഭിക്കുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

മുസ്ലിങ്ങൾക്ക് മതം പറയാനും പ്രചരിപ്പിക്കാനുമുള്ള സാഹചര്യങ്ങൾ ഒരിക്കലും കേരളത്തിന് അന്യമായിരുന്നില്ല. ഒറ്റക്കും കൂട്ടമായും അത് ചെയ്യാം. എവിടെയും ആരും അക്രമിക്കില്ല, പരിഹസിക്കപ്പെടില്ല. കേൾക്കുന്ന വിശ്വാസങ്ങളോട് എത്ര ആഴത്തിൽ വിമർശനമുണ്ടെങ്കിലും വേദിയുടെ അകലെ നിന്ന് കേട്ട്, വീട്ടിൽ പോകുന്ന അവിശ്വാസികളും വിശ്വാസികളും നിറഞ്ഞൊരു സമൂഹമായിരുന്നു കേരളത്തിന്റേത്. ശ്രീനാരായണഗുരു അതിന് കല്ലിട്ട മഹാനാണ്.

എന്നാൽ മുസ്ലിങ്ങൾ മതം പറഞ് തുടങ്ങിയപ്പോൾ, പള്ളികൾ ഉണ്ടാക്കിയപ്പോൾ, ദര്സും മദ്രസകളുമുണ്ടാക്കിയപ്പോൾ ഒരു രക്ഷിതാവ് ഉദയം ചെയ്തു. ഒരു അധികാര രാഷ്ട്രീയം രംഗപ്രവേശനം ചെയ്തു. അവരെ സംബന്ധിച്ച് ഇസ്ലാമും മുസ്ലിമും വോട്ട് ബാങ്ക് ആയിരുന്നു. ഈ പ്രദേശത്ത് എത്ര ആളുകൾക്ക് വോട്ട് ഉണ്ട് എന്നതായിരുന്നു അവരുടെ ചിന്ത. കേരളത്തിലെ മുസ്ലിം മതവിശ്വാസ ’സ്വന്തന്ത്ര്യത്തിന്’ വേണ്ടി ഒരു ആവശ്യമില്ലാതെ അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയകാർ നീട്ടിയ കുടയിൽ മതനേതൃത്വവും വിശ്വാസികളും കയറി. ഒരു ആത്മീയകുടുംബത്തെ വാങ്ങി രാഷ്ട്രീയക്കാർ ഒരു പദവിയിൽ വെച്ചു. പതുക്കെ പതുക്കെ മതവും രാഷ്ട്രീയവും ഇടകലർന്നും ഇടപഴകിയും മുന്നോട്ട് പോയി. തെരെഞ്ഞെടുപ്പ് വരുമ്പോൾ കുട ചൂടി കൊടുത്തവർക്ക് ഗുണം കിട്ടി. അല്ലാത്തപ്പോൾ കുടയിൽ കൂടിയവർക്ക് വ്യാജമായൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ഭരണഘടന ആ വ്യാജനിർമിതി കണ്ട് ചിരിച്ചു.

ആ വ്യാജമായ സുരക്ഷിത്വം എന്ന തോന്നലിൽ നിന്ന് പുറത്ത് കടന്ന് മതം പറഞ്ഞ് തുടങ്ങി എന്നതാണ് കാന്തപുരം കാണിച്ച ധൈര്യം. രാഷ്ട്രീയക്കാർക്ക് മേധാവിത്വമുള്ള മത ഇടങ്ങളിൽ നിന്ന് അവർ ഇറങ്ങണം എന്നായിരുന്നു നിലപാട്. അല്ലെങ്കിൽ സമൂഹത്തിലെ എല്ലാ പൊതുപ്രവർത്തകരോടും മതനേതൃത്വം ഒരേ സമീപനം സ്വീകരിക്കണം. പ്രത്യേകമായൊരു ‘സുരക്ഷിതത്വം’ വ്യാജമായി ഉണ്ടാക്കി ഒരു കൂട്ടർ മതത്തിലും രാഷ്ട്രീയത്തിലും വമ്പന്മാരാകേണ്ടതില്ല എന്ന് കാന്തപുരം നിലപാട് എടുത്തു.

പുറത്തിറങ്ങിയ കാന്തപുരത്തെ കേരളം കണ്ടത് സാമുദായിക രാഷ്ട്രീയ ചുവ ഇല്ലാതെയാണ്. കാന്തപുരം ഏത് തരം വിശ്വാസം പറഞ്ഞാലും അതിനൊരു രാഷ്ട്രീയരൂപമില്ല എന്ന നിരീക്ഷണത്തിലേക്ക് സമൂഹമെത്തി. അതൊരു മതവിഷയം മാത്രമായി ജനം കണ്ടു. സ്വാഭാവികമായി ഉണ്ടായ അക്രമത്തെ ചെറുക്കാൻ ഇടതുപക്ഷം സഹായിച്ചിട്ടുണ്ട്. അതൊരു നീണ്ട ചരിത്രമാണ്. എന്നാൽ അതൊരു കൊടുക്കൽ – വാങ്ങൽ പരിപാടിയല്ല. കാന്തപുരം മതം പറയും, പോകും. അത് പറയാനുള്ള ജനാധിപത്യ സാഹചര്യത്തെ ഇടതുപക്ഷം ഒരുക്കും. പിന്നീടുള്ള കാലത്ത് തെരഞ്ഞെടുപ്പുകളിൽ പരസ്പരം സഹകരിച്ചിട്ടുണ്ട്. എങ്കിലും രണ്ട് കൂട്ടരുടെ മേഖലയിലും കൂടികലർന്നൊരു അനാരോഗ്യപ്രവണത ഉണ്ടായിരുന്നില്ല.
കാന്തപുരം മതം പറയുന്ന ആൾ എന്നതിനപ്പുറം മതരാഷ്ട്രീയം പറയുന്ന ആൾ എന്ന രീതിയിലേക്ക് മാറിയില്ല. മുസ്ലിം ലീഗിനോട് നിലപാട് ഉണ്ടായിരുന്ന കാലത്തും മുസ്ലിം ലീഗ് വിരുദ്ധമായി നിന്ന ഒരൊറ്റ മുസ്ലിം സംഘടനകളിലും കാന്തപുരത്തെ കണ്ടിട്ടില്ല. ആ സംഘടനകളുടെ മതം എന്നും കാന്തപുരത്തിന് പ്രശ്നമായിരുന്നു.

ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ പോലും രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് കാന്തപുരം ഇറങ്ങിയില്ല. ഇത്രയും കാലത്തെ പ്രസംഗങ്ങൾക്ക് ഇടയിൽ, എഴുത്തുകൾക്ക് ഇടയിൽ സമൂഹത്തെ ബാധിക്കുന്ന നേരിട്ടോ അല്ലാതെയോ ഉള്ള വർഗീയത ധ്വനിയുള്ള വാക്കുകളില്ല. രാഷ്ട്രീയക്കാരെ വെല്ലുവിളിക്കുന്നത് കാണാം, എന്നാൽ അത് പലപ്പോഴും സ്വന്തം സമുദായത്തിൻ്റെ പാർട്ടിയെ ആയിരുന്നു. അവരുടെ അക്രമങ്ങൾക്ക് എതിരേയായിരുന്നു.

ആധുനികകാലത്തും കാന്തപുരം ‘ഇസ്ലാമോഫോബിക്കിന്’ പുറത്തായിരുന്നു. മീഡിയ വണ്ണിനെ നുള്ളിയാൽ വരെ ഇസ്ലാമോഫോബിക് ആരോപിക്കുന്ന സാഹചര്യത്തിൽ കാന്തപുരത്തെ എറിഞ്ഞ് കൊടുക്കാൻ ഒരു കൂട്ടരുണ്ടായിരുന്നു. ‘സമൂഹമേ- പള്ള് പറഞ്ഞോളൂ. ഒരു തലേകെട്ടുകാരൻ ഇതാ’ എന്ന് സമുദായ സംരക്ഷകരും രാഷ്ട്രീയക്കാരും പറഞ്ഞ് കൊണ്ടിരുന്നു. സമുദായത്തിനുള്ളിലെ കാന്തപുരം വെറുപ്പിൻ്റെ എല്ലാ സീമകളും മറികടന്ന് പൂർണത നേടിയിട്ടുണ്ട്. കാന്തപുരത്തെ മുസ്ലിം വിരോധികൾക്ക് കൈകാര്യം ചെയ്യാൻ എപ്പോഴും ഒരു കൂട്ടർ ഒരുക്കി വെച്ചു. നിമിഷ തിരിച്ച് വരരുതേ എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടരുടെ ചേതോവികാരം ചെന്ന് നിൽക്കുന്നത് മർകസ് വെറുപ്പിലാണ്. എന്നാൽ കാന്തപുരത്തെ പൊതുസമൂഹം വെറുതെ വിട്ടു. അവർക്ക് അറിയാം വിശ്വസിക്കുന്ന ഒരാശയം ഇവിടെ പറയാനുള്ള ജനാധിപത്യ സ്പേസിൽ ഇരുന്ന് കൊണ്ട് ഒരു മതരാഷ്ട്ര, സാമുദായിക സംരക്ഷണവും വാങ്ങാതെയും അനുസരിക്കാതെയും സംസാരിച്ച ആളാണ് കാന്തപുരം എന്ന്.

കേരളത്തിൽ അങ്ങനെ ദീർഘകാലം നിലനിന്ന ഒരൊറ്റ മതപുരോഹിതനെ ഉള്ളൂ. ഒരു മതത്തിലും അങ്ങനെ ഒരു ഉദാഹരണം ആധുനികകാലത്ത് ഇത്ര വലിയ രൂപത്തിൽ കാണാൻ കഴിയില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ അകത്തിരിക്കാതെ തുറസായ പൊതു ഇടങ്ങളിലേക്ക് വന്ന് ഇന്ത്യൻ പൗരൻ എന്ന നിലയിലുള്ള അവകാശങ്ങളെ മാത്രം ആശ്രയിച്ച് മതം പറഞ്ഞ ആളെ കേരളത്തിന് നന്നായി അറിയാം. കേരളം മതവിശ്വാസം മാത്രമേ അവിടെ നിന്ന് കേട്ടിട്ടുള്ളൂ. അതുകൊണ്ടാണ് ഈ സ്വീകാര്യത.